Saturday, March 15, 2008

രക്താതിസമ്മര്‍ദ്ദം എങ്ങനെ ചെറുക്കാം- 4

സിരകളും അഡ്രിനല്‍ ഗ്രന്ഥിയും കഴിഞ്ഞു. രക്തസമ്മര്‍ദ്ദത്തെ നേരിട്ടു സ്വാധീനിക്കുന്ന വൃക്കകളിലേക്ക് കടക്കാം. സാങ്കേതിക സങ്കീര്‍ണ്ണതകളിലേക്ക് പോയാല്‍ ലേഖനം നീളുകയും വിരസമാകുകയും ചെയ്യുമെന്നതിനാല്‍ കഴിയുന്നതും ലളിതമാക്കുകയാണ്‌.

ഒരു ജോഡി വൃക്കകള്‍ നമ്മള്‍ക്കുണ്ട്. അവയിലെ ദശലക്ഷക്കണക്കിനു ചെറു നെഫ്രോണുകള്‍ രക്തം അരിച്ച് അനാവശ്യവസ്തുക്കള്‍ പുറന്തള്ളിക്കൊണ്ടേയിരിക്കുന്നു. ചെറിയ ജോലിയൊന്നുമല്ല, ഒരു ദിവസം വെള്ളം കോരുന്ന തൊട്ടിയില്‍ ഇരുപത് അളക്കാവുന്നയത്ര രക്തം അരിച്ച് ഇവ മാലിന്യങ്ങള്‍ എടുത്തു കളയുന്നു. പ്രധാനമായും വെള്ളം, ഭക്ഷണത്തിലെ അനാവശ്യവസ്തുക്കള്‍, മൃതകോശങ്ങള്‍ എന്നിവയാണ്‌ അവ അരിച്ചു മാറ്റുന്നത് (വൃക്ക മാത്രമല്ല കരളും ചര്‍മ്മവും മറ്റും പാഴ്വസ്തുക്കള്‍ കളയുന്നുണ്ട്). പുറമേ അവ ശരീരത്തിന്റെ പി എച്ച് ബാലന്‍സും വെള്ളം എത്രവേണമെന്നും രക്തസമ്മര്‍ദ്ദത്തോതും നിയന്ത്രിക്കുന്നുണ്ട്. വൃക്ക പോയാല്‍ ആളു പോയി.

അത്രയും ശാസ്ത്രം. ഇനി നമുക്ക് കണ്ടുപിടിക്കാം (പ്രയോഗത്തിനു ക്രെഡിറ്റ് റാംജി പാലിയത്തിന്‌). നല്ല പ്രോട്ടീന്‍ റിച്ച് ആയ ഭക്ഷണം (ബീഫ് ഫ്രൈ, മട്ടണ്‍ ബിരിയാണി) കഴിച്ചിട്ട് മുള്ളുമ്പോള്‍ മണം വത്യാസവും മൂത്രം കൂടുതല്‍ പതയുന്നതും ശ്രദ്ധിച്ചിട്ടുണ്ടോ? ശരീരത്തിനാവശ്യമായതില്‍ വളരെയധികം പ്രൊട്ടീനുകളെ വൃക്കകള്‍ പുറന്തള്ളുകയാണപ്പോള്‍ (മണം അസ്പരാജെന്‍ എന്ന പ്രോട്ടീനിന്റേതാവും സാധാരണ) അന്തരീക്ഷത്തിലെ പൊടി എത്രയുണ്ടെന്നനുസരിച്ച് ഏസി ഫില്‍ട്ടറുകള്‍ ചീത്തയാകുന്നതിന്റെ വേഗവും മാറും. അതെടുത്തു കഴുകി വയ്ക്കാം, പക്ഷേ വൃക്കയെ എന്തു ചെയ്യും? ആവശ്യമുള്ളതിലും വളരെയധികം നെഫ്രോണുകള്‍ ഉണ്ടായതുകൊണ്ട് പ്രോഗ്രസീവ് ആയി അവ നശിച്ചാലുംനമുക്ക് കുഴപ്പമില്ല. (സാധാരണ ഒരായുഷ്കാലത്തില്‍ വൃക്കയിലെ പത്തുമുപ്പതു ശതമാനം ഗ്ലോമെരുളി നശിക്കുന്നു, ഒരു ചുക്കും അതുകൊണ്ട് സംഭവിക്കാത്തത്ര സമൃദ്ധി വൃക്കയിലുണ്ട്) . എന്നാല്‍ പാഴ്വസ്തുക്കള്‍ അധികമാവുമ്പോള്‍ നെഫ്രോണുകള്‍ അവയുടെ ഉള്ളിലെ രക്തസമ്മര്‍ദ്ദം വല്ലാതെ ഉയര്‍ത്തിഅധിക ജോലിക്കു സന്നദ്ധരാകുന്നു. സ്ഥിരമായി ഇങ്ങനെ സമ്മര്‍ദ്ദത്തിലാണെങ്കില്‍ വൃക്കയിലെ കോശങ്ങള്‍ വളരെ വേഗം നശിക്കുകയോ ശരിയായല്ലാതെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയോ ചെയ്യുന്നു (Baldwin D. Chronic Glomerulonephritis) . ഫലം വൃക്കരോഗമാകാം, തെറ്റായി ഹോര്‍മോണുകള്‍ ഉണ്ടാക്കലാകാം, ഹൃദ്രോഗമാകാം, പക്ഷാഘാതമാകാം. വൃക്കകള്‍ തകരാറിലായാല്‍ അവസാനം വരെ ലക്ഷണം കാണിക്കാറില്ല, മാറ്റിവയ്ക്കലോ അതുപോലെ അത്യന്തം ഗൗരവമുള്ള നടപടികളോ ഒക്കെയേ ശരണമുള്ളു. അവ റെനിന്‍ ആഞ്ജിയോടെന്‍സിന്‍ തെറ്റിച്ചാല്‍ ACE ഇ‌ഹിബിറ്റര്‍ കൊണ്ട് തടുക്കാന്‍ ഡോക്റ്റര്‍ ശ്രമിക്കും.

"ഡയറ്റ് സൂക്ഷിക്കാന്‍ പറ്റുന്നില്ല എന്ന് ആരെങ്കിലും ദയനീയമായി പറഞ്ഞാല്‍ ഞാന്‍ അവരെ എന്റെ ഡയാലിസിസ് വാര്‍ഡ് ചുറ്റിക്കാണിക്കുകയാണ്‌ ചെയ്യുക" ഡോ. മാക്‌ഡോഗള്‍ പറയുന്നു. അത്ര ഭീതിദമാണ്‌ വൃക്കരോഗിയുടെ ഗുരുതരാവസ്ഥ. ഒരു മനുഷ്യന്റെ ഭക്ഷണത്തിലെ അഞ്ചു ശതമാനം വരെ പ്രോട്ടീനേ ശരീരത്തിനതിന്റെ കോശനിര്‍മ്മാണത്തിനു പരമാവധി ആവശ്യം വരൂ. ഭക്ഷണം അളവില്‍ നിയന്ത്രിക്കുന്നത് പ്രായോജികമോ ആശാസ്യമോ അല്ല. ട്രഡീഷണല്‍ ഏഷ്യന്‍ ഡയറ്റില്‍ പത്തു ശതമാനവും ട്രഡീഷണല്‍ അമേരിക്കന്‍ ഡയറ്റില്‍ മുപ്പതു ശതമാനവും ഫാസ്റ്റ് ഫുഡുകളില്‍ അതിലൊക്കെയേറെയും പ്രൊട്ടീനുകളാണ്‌. ഈ മാരകമായ ഓവര്‍ഡോസിനെയും പോരാഞ്ഞ് പ്രോട്ടീനെന്നാല്‍ നല്ലതാണ്‌ അതുകൊണ്ട് എത്രയും അധികം പ്രോട്ടീന്‍ കഴിക്കുന്നോ അത്രയും നല്ലത് എന്ന രീതിയില്‍ മനുഷ്യനെ വിഢിയാക്കുന്ന ഹെല്‍ത്ത് ഡ്രിങ്കുകളും (അതേ, ഹോര്‍‌ളിക്സ് ശക്തി തരും, കോം‌പ്ലാന്‍ പരീക്ഷയില്‍ ജയിപ്പിക്കും, ബൂസ്റ്റ് ക്രിക്കലിറ്റില്‍‍ സെഞ്ച്വറി അടിപ്പിച്ചേ അടങ്ങൂ) കൂടിയാകുമ്പോള്‍ ദൈനം ദിനം ഇന്റ്റാ ഗ്ലോമെറുലര്‍ ഹൈപ്പര്‍ടെന്‍ഷന്‍ അനുഭവിക്കുകയാണ്‌ സാധാരണ രക്തസമ്മര്‍ദ്ദമുള്ള ആരോഗ്യവാനും. ആര്‍ട്ടെറിയല്‍ സ്ക്ലീറോസിസ് ഡോക്റ്റര്‍ക്ക് ആഞ്ജിയോഗ്രാം ചെയ്തെങ്കിലും കാണാം ഗ്ലോമെറുലര്‍ സ്ക്ലീറോസിസ് അറിയാനുമാവില്ല, പരിഹരിക്കാന്‍ അദ്ദേഹത്തിനു മാജിക്കുമില്ല.


ഭക്ഷണത്തില്‍ പ്രോട്ടീനുകളില്ലെങ്കില്‍ കോശങ്ങള്‍ നാശകോശമാവും, പക്ഷേ അളവിലെത്രകൂട്ടിയാലും നല്ലതെന്ന ബോധം എങ്ങനെയോ ആളുകള്‍ക്കുണ്ടായി, പരസ്യങ്ങള്‍ അവയെ മുതലുമെടുക്കുന്നു. ഭക്ഷണത്തിലെന്തുവേണം എന്തു വേണ്ട എന്ന് അടുത്ത അദ്ധ്യായത്തില്‍ നോക്കാം.

(നല്ലൊരു ശതമാനം ഗവേഷണ വിവരങ്ങള്‍ക്കും (റെഫറന്‍സ് ആവശ്യപ്പെട്ടാല്‍ ഇടാം) ഡോ. മാക് ഡോഗളിന്റെ പുസ്തകങ്ങളോട് കടപ്പാട് )

7 comments:

ദിലീപ് വിശ്വനാഥ് said...

ദേവേട്ടാ,നാലാം ഭാഗവും നന്നായി. ഈ ഉദ്യമം അഭിനന്ദനം അര്‍ഹിക്കുന്നു.
റഫറന്‍സ് ഗ്രന്ഥങ്ങളുടെ പേരുകള്‍ കൊടുക്കുന്നത് നന്നായിരിക്കും.

Preetha George Manimuriyil said...

അമിതമായാല്‍ അമ്രുതും വിഷം.

Suraj said...

ദേവേട്ടാ, ചെറിയ ചില കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് കീ-ബോഡ് തരിക്കുന്നു. തോക്കില്‍ കയറി വെടിവയ്ക്കുന്നില്ല. അടുത്ത ഭാഗം കൂടി കഴിഞ്ഞിട്ടാവാം. ചിലപ്പോള്‍ അതില്‍ ദേവേട്ടന്‍ പറയാന്‍ പോകുന്നതാണെങ്കിലോ:)

തുടരൂ...

ബയാന്‍ said...

ദേവന്‍: വളരെ പ്രാധാന്യത്തോടെ വായിക്കുന്നു, നല്ല പരിശ്രമം. നല്ല മനസ്സിനു നന്ദി, തുടരുക തന്നെ വേണം.

Anonymous said...

Anu referred your site to me, which I find informative and interesting. However, you seem to have a low opinion about alternative medicine, probably because you havent experienced the power of it yet.

Sometime back, I had a problem with high cholestrol which is now below limit just by taking a completely natural supplement, instead of medicines. I am not naming the product here since it, not to sound like a marketing agent . I think your site should also look into the possibilities of herbal supplements.

Best wishes,
M

അതുല്യ said...

വായിപ്പിച്ച് ബി പി കൂട്ടി കൊന്നേ അടങ്ങൂ ഇങ്ങേരു. വൈകിയ വേളയിലെങ്കിലും ഞാന്‍ എന്തൊക്കെയോ‍ ആരോഗ്യ പരിരക്ഷയുമായിട്ട് ജീവിയ്ക്കാനൊരുങുന്നു. ദേവന്‍ കീ ജയ്.
ഇനി മതി. എഴുതണ്ട പ്ലീസ്. പേടിയാവുന്നു വായിച്ചിട്ട്. പരസ്യമാണു കാരണം എല്ലാത്തിനു. അങ്ങനെ പറഞാല്‍ കുമാറ് എന്നെ കൊല്ലും. അതൊണ്ട് അതും പറയില്ല ഞാന്‍. വണ്ണം വക്കാന്‍ പരസ്യങ്ങള്‍ കണ്ട്, 15 കുപ്പിയോളം അയണ്‍ സിറപ്പുകള്‍ ഞാനും കുടിച്ചിട്ടുണ്ട് :)

മൂര്‍ത്തി said...

നാലുഭാഗവും കൂടി ഇന്നാണ് വായിച്ചത്..നന്ദി..