Friday, October 13, 2006

വാള്‍നട്ടും ചിക്കുന്‍ഗുന്യയും

പെരിങ്ങോടന്റെ ചിക്കണും ചിക്കുന്‍ഗുന്യയും എന്ന ലേഖനവുമായി ഇതിനൊരു ബന്ധവുമില്ല. ഈ പോസ്റ്റ്‌ ചിക്കുന്‍ഗുന്യയെക്കുറിച്ചുമല്ല. തൊട്ടുമുന്നേയുള്ള പോസ്റ്റില്‍ ഇഞ്ചിപ്പെണ്ണ് ചോദിച്ചു:
“ഞാന്‍ ഇയിടെ ഇവിടത്തെ പല മാഗസിനുകളിലും (മെഡിക്കല്‍ അല്ല) വായിക്കുന്നുണ്ട് .... പണ്ട് മുട്ട, അണ്ടിപരിപ്പ് ഇതൊക്കെ കൊളസ്റ്റ്രോള്‍ കാര്‍ക്ക് നിഷിദ്ധമായിരുന്നല്ലോ? പക്ഷെ ഈയിടെയായി, അതിലൊക്കെ വൈറ്റമിന്‍ ഋ, ലു ഇതൊക്ക്യുണ്ട്, അതുകൊണ്ട് സാരമില്ല,അതൊക്കെ നെറ്യേ കഴിച്ചാല്‍ നല്ല കൊളസ്ട്രോള്‍ കൂടും എന്നൊക്കെ. (ഓട്ട്സ് -നെ ക്കുറിച്ചും ഉണ്ട്). പണ്ട് വൈറ്റമിന്‍ ഗുളിക കഴിക്കണമെന്നായിരുന്നു. പക്ഷെ ഇപ്പൊ വൈറ്റമിന്‍ ഗുളിക കഴിച്ചോണ്ട് കാര്യമില്ല...?”


പത്രവാര്‍ത്തകള്‍:
ഏതെങ്കിലും ഒരു കണ്‍ക്ലൂഷന്റെ പേരില്‍ പത്രങ്ങള്‍ പലപ്പോഴും വലിക കോലാഹലം സൃഷ്ടിക്കാറുണ്ട്‌. കച്ചവടക്കാര്‍ അതിന്റെ ലാഭവും കൊയ്യാറുണ്ട്‌. ഒരുദാഹരണത്തിന്‌, ആരോഗ്യമുള്ള മനുഷ്യ ഹൃദയത്തില്‍ കോ എന്‍സൈം ക്യു പത്ത് (CoQ10) എന്നൊരു എന്‍സൈം കൂടുതല്‍ ഉണ്ടെന്നും രോഗാതുരമായ ഹൃദയത്തില്‍ ഇതു കുറവാണെന്നും കണ്ടെത്തിയതും പത്രന്‍ വെണ്ടക്കാ നിരത്തി. തൊട്ടു പിറകേ ഈ എന്‍സൈം ഗുളികയായി വിപണിയില്‍ എത്തി. ഹാര്‍ട്ടിന്റെ കാര്യമല്ലേ, ഇന്ന് ഏത്‌ പട്ടിക്കാട്ടിലെ മെഡിക്കല്‍ സ്റ്റോറില്‍ ചെന്നാലും ഇത്‌ വില്‍ക്കാന്‍ വച്ചിരിക്കുന്നത്‌ കാണാം. ഇതു ഭക്ഷണമായി കഴിച്ചാല്‍ ഹൃദയത്തില്‍ ഇതിന്റെ അളവു കൂടുമെന്ന് തെളിയിക്കാന്‍ നടത്തിയ പരീക്ഷണമൊന്നും വിജയിച്ചിട്ടില്ല, ഇനി ഹൃദയത്തിനു രോഗം വരുമ്പോള്‍ സംരക്ഷണത്തിനായി ശരീരം തനിയേ ഇതു കുറച്ചു കളയുന്നതാണോന്നും അറിയില്ല. ആളുകള്‍ വാങ്ങുന്നു തിന്നുന്നു. അതാണ്‌ പത്രപ്പണി.

കൊളസ്റ്റ്രോള്‍ കുറക്കുന്ന എന്തും തിന്നേണ്ട കാര്യവുമില്ല:
DDT മനുഷ്യ ശരീരത്തില്‍ LDL കൂടാതെ HDL കൂട്ടാന്‍ കഴിവുള്ള അപൂര്‍വ്വം വസ്തുക്കളില്‍ ഒന്നാണ്‌. എന്നുവച്ച്‌ ആരെങ്കിലും ഡി ഡി ടി കഴിക്കുമോ? ഒരു മുട്ടയില്‍ 300+ എം ജി കൊളസ്റ്റ്രോള്‍(ഫാറ്റും കൊളസ്റ്റ്രോളും രണ്ടാണേ, previous പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്‌) അടങ്ങിയിട്ടുണ്ട്‌. ഞങ്ങള്‍ മാക്ക്‌ ഡോഗള്‍ പക്ഷക്കാരുടെ കണക്കനുസരിച്ച്‌ അഭിലഷണീയമായ കൊളസ്റ്റ്രോള്‍ അകത്താക്കല്‍ പൂജ്യം എം ജിയും, ശത്രുപക്ഷമായ FDA കണക്കനുസരിച്ച്‌ അഭിലഷണീയമായ പരമാവധി 200 എം ജിയും ആണ്‌. രണ്ടു കണക്കില്‍ തൂക്കിയാലും ഒരൊറ്റ മുട്ട തന്നെ ഒരു ദിവസത്തില്‍ കഴിക്കാവുന്നതിന്റെ അപ്പുറമാണ്‌. വല്ലപ്പോഴും സ്മാള്‍ അടിക്കും എന്നു പറയുന്നത് പോലെ വല്ലപ്പോഴും ആരോഗ്യത്തിനു ഒരു തകരാറുമില്ലാത്തവന്‍ ഒരു മുട്ട കഴിച്ചോട്ടെ. പക്ഷേ ആശാസ്യ ഭക്ഷണമായി ഞാനതിനെ കൂട്ടുന്നില്ല.

ഇനി വൈറ്റമിനിലേക്കു വരാം
ഇഞ്ചി പറഞ്ഞപോലെ കൊളസ്റ്റ്രോള്‍ കുറക്കാന്‍ കഴിവുള്ള ഒരൊറ്റ വൈറ്റമിനേയുള്ളു, നയസിന്‍ അഥവാ vitamin b3. അതു തന്നെ വളരെ വലിയ തോതില്‍ കഴിച്ചാലേ [3000mg വരെയൊക്കെ വേണം]പ്രയോജനമുള്ളു എന്നതിനാല്‍ ഒരു പ്രായോഗിക മാര്‍ഗ്ഗമായി കൂട്ടുന്നില്ല.

മുട്ടകഴിക്കൂ, മീന്‍ കഴിക്കൂ അണ്ടിപ്പരിപ്പു കഴിക്കൂ എന്നു പറയുന്നത്‌ വൈറ്റമിനു വേണ്ടിയല്ല പ്രധാനമായും. വിശദീകരിക്കാം:

EFA അഥവാ എസ്സെന്‍ഷ്യന്‍ ഫാറ്റി ആസിഡുകള്‍:
നൂറുകണക്കിനു ധാതുക്കളും ലവണങ്ങളും അന്നജവും കൊഴുപ്പും വൈറ്റമിനുകളും മറ്റു പലതും (പറഞ്ഞാല്‍ തീരില്ല) ശരീരത്തിനാവശ്യമുണ്ട്‌. അതിലൊരുവക ആണ്‌ ഫാറ്റി ആസിഡുകള്‍(പഴയ എണ്ണ പോസ്റ്റില്‍ അതെന്താണു സാധനമെന്ന് പറഞ്ഞിട്ടുണ്ട്‌). ഫാറ്റി ആസിഡുകള്‍ തന്നെ രണ്ടു തരമുണ്ട്‌, ജന്തുക്കള്‍ സൃഷ്ടിക്കുന്നവയും സസ്യങ്ങള്‍ സൃഷ്ടിക്കുന്നവയും. രണ്ടും നമുക്കു അത്യാവശ്യമാണ്‌. ഇതില്‍ ജന്തുജന്യമായവ നമ്മള്‍ തന്നെ ഉണ്ടാക്കിക്കോളും. സസ്യങ്ങളില്‍ ഉണ്ടാക്കുന്നവ ഭക്ഷണത്തിലൂടെ നമ്മള്‍ അകത്തു വിടണം. ഇവയില്‍ പ്രധാനം ഒമേഗ 3, ഒമേഗ 6 എന്ന രണ്ടു ഫാറ്റി ആസിഡുകളാണ്‌. ഇതു കഴിക്കേണ്ടത്‌ അവശ്യമാകയാല്‍ ഇതിനെ എസ്സെന്‍ഷ്യല്‍ ഫാറ്റി ആസിഡെന്ന് പറയുന്നു.

EFA എന്തിന്‌?
1. ഇതില്ലെങ്കില്‍ cell membrane നിര്‍മ്മിക്കാന്‍ ശരീരം ബുദ്ധിമുട്ടും.

2. ഇതില്ലെങ്കില്‍ ശരീരത്തിലെ കൊളസ്റ്റ്രോള്‍ ഓക്സിഡൈസ്‌ ചെയ്യാനും പുറന്തള്ളാനുമുള്ള കഴിവു കുറഞ്ഞ്‌ കൊളസ്റ്റ്രോള്‍ കൂടും.

3. ഇതില്ലെങ്കില്‍ ഐക്കസനോയിഡ്‌ എന്ന കുലത്തിലെ ഹോര്‍മോണുകള്‍ക്ക്‌ സഞ്ചരിക്കാനാവാതെ ശരീരം തോന്ന്യാസം കാട്ടും.

ഒമേഗ 3 എന്നു കേള്‍ക്കുന്നതും നമുക്ക്‌ മുട്ടയുടെയും മീനിന്റെയും പരസ്യവും പത്രവാര്‍ത്തയും മനസ്സില്‍ വരും അല്ലേ? അതാണു പത്രന്റെയും പൌള്‍ട്രിക്കാരന്റെയും വിജയം.

ഇത്‌ സസ്യജന്യമാണ്‌. കോഴി വിത്തുകളും മറ്റും തിന്നും മീന്‍ പ്ലാങ്ക്ടന്‍ തിന്നുമാണ്‌ ഉണ്ടാക്കുന്നത്‌. ആരെങ്കിലും ഇട്ട ചെരുപ്പ്‌ വാങ്ങിയിടുന്നതിനെക്കാള്‍ നല്ലത്‌ ചെരുപ്പുകടയില്‍ നിന്നും വാങ്ങുന്നതല്ലേ. നമ്മള്‍ ഇത്‌ ചെടിയില്‍ നിന്നും തന്നെ വാങ്ങുന്നതാണു ബുദ്ധി. ഏറ്റവും കൂടുതല്‍ EFA അടങ്ങുന്ന സസ്യഭക്ഷണം അണ്ടിവര്‍ഗ്ഗങ്ങളാണ്‌. ഫ്ലാക്സ്‌ സീഡും ഏറ്റവും നല്ല ഈ എഫ്‌ ഏ സ്രോതസ്സാണ്‌. സെക്കന്‍ഡ്‌ ആയി ഇലക്കറികളും.

പക്ഷേ അണ്ടിവര്‍ഗ്ഗങ്ങള്‍ 70%+ ഫാറ്റുമാണ്‌ . ഇവ അകത്തു പോകുന്നത്‌ വര്‍ദ്ധിച്ചാല്‍ എന്തു രോഗം ഒഴിവാക്കാന്‍ ഈ എഫ്‌ ഏ കഴിച്ചോ അതെല്ലാം വീണ്ടും വരും (താഴെ വിവരിച്ചിട്ടുണ്ട്‌). അതിനാല്‍ നല്ല ആരോഗ്യമുള്ളയാള്‍ ഒരു സ്പൂണ്‍ ഫ്ലാക്സ്‌ സീഡൊ 1/8 കപ്പോളം (പ്രിഫറന്‍ഷ്യല്‍ ഓര്‍ഡറില്‍)വാള്‍നട്ട്‌, സോയ, പെക്കന്‍ നട്ട്‌, ബദാം എന്നിവയില്‍ എന്തെങ്കിലും ഒന്നോ അല്ലെങ്കില്‍ മിശ്രിതമോ (മൊത്തം 1/8 cup) കഴിക്കാം.

യൂറിക്ക്‌ ആസിഡ്‌, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം തുടങ്ങി എന്തെങ്കിലും ഉള്ളവര്‍ ഒട്ടും കഴിക്കേണ്ട. പകരം നല്ല ഇലക്കറികളോ, മത്തങ്ങയോ കുമ്പളങ്ങയോ വെള്ളരിക്കയോ കഴിച്ചാലും EFA കിട്ടും. ഇതൊന്നും തിന്നു ശീലമില്ലാത്ത സായ്പ്പ്‌ അവന്റെ വാള്‍നട്ടു തിന്നോട്ടെ.

EFA കുറഞ്ഞാല്‍ :
ചര്‍മ്മരോഗങ്ങള്‍, ധമനീരോഗങ്ങള്‍, വൈറസ്‌, ബാക്റ്റീരിയ തുടങ്ങി കോശ ഭിത്തീല്‍ കേറി പിടിക്കുന്ന മോന്‍ മാരെ ചെറുക്കാനുള്ള കഴിവു കുറയല്‍ ( ചിക്കുന്‍ ഗുനിയ മുതല്‍ എയിഡ്‌സ്‌ വരെ മത്തങ്ങയും ബദാമുമായി ബന്ധ്പ്പെടുത്തി!) വൃക്കരോഗം എന്നു വേണ്ട, സര്‍വ്വതും കിട്ടും

EFA കൂടിയാല്‍:
ഓക്സിഡേഷന്‍ ഇവന്റെ പണിയാണെന്ന് പറഞ്ഞല്ലോ, ഫ്രീ റാഡിക്കല്‍ (സ്നേഹോപദേശം എന്ന പോസ്റ്റ്‌ നോക്കുക) കൂടി ഹൃദയ ധമനീരോഗം വന്നേക്കാം, പൊണ്ണത്തടി വന്നേക്കാം,
അണ്ടിപ്പരിപ്പുകള്‍ ആണു കൂടുതലായി കഴിക്കുന്നതെങ്കില്‍ യൂറിക്ക്‌ ആസിഡ്‌ ഉയര്‍ന്ന് കിഡ്‌ണിക്കുവരെ ഭീഷണിയാകാം, ഗൌട്ടും വരാം.

EFA എത്ര?
കഴിക്കുന്ന കലോറികളുടെ 0.1 % മുതല്‍ 0.5% വരെ എന്നു ഡോ. ജീന്‍ മാക്‌ ഡോഗള്‍ ഉപദേശിക്കുന്നു. ഒരുമാതിരി തീറ്റ തിന്നുന്ന ഒരാളിന്റെ ഭക്ഷണക്കണക്കിലാണ്‌ 1/8 കപ്പ്‌ അണ്ടിപ്പരിപ്പെന്നു മേലേ കൂട്ടുന്നത്‌. മത്ത-കുമ്പള-ചീര-മുരിങ്ങ ഫാന്‍സിനു ഇതും ആവശ്യമില്ല.

ഓട്ട്‌സിന്റെ തന്ത്രം!
ഓട്ട്‌സ്‌ സോള്യുബിള്‍ ഫൈബര്‍ കൂടുതല്‍ ഉള്ളതിനാല്‍ 5% വരെ ഒക്കെ കൊളസ്റ്റ്രോള്‍ കുറക്കുന്നുണ്ട്‌. അതും ഇതുമായി ബന്ധമില്ല ഇഞ്ചി. സോള്യുബിള്‍ ഫൈബറിനു ഓട്ട്സ്‌ തന്നെ വേണമെന്നില്ല. തണ്ണിമത്തനോ ആപ്പിളോ റൈ ബ്രെഡോ, മാങ്ങായോ എന്തായാലും മതിയല്ലോ. ഈ ക്വാക്കറു കമ്പനി നമ്മളെ ജോക്കറാക്കുന്നതല്ലേ ഓട്ട്ശ്‌ കഴിച്ചാല്‍ സോള്യുബില്‍ ഫൈബര്‍ കിട്ടുമെന്ന് പറയുമ്പോ നമ്മളറിയാതെ വേറൊന്നിലും ഇതില്ലെന്ന് ധരിച്ചു പോകും

[ഇതിലെ പലവിവരങ്ങള്‍ക്കും പല മെഡിക്കല്‍ ജേണലുകളെ ഉദ്ധരിച്ച്‌ ഡോ.‍ മാക്‌ഡോഗള്‍ എഴുതിയ ലേഖനനങളോട് കടപ്പെട്ടിരിക്കുന്നു. ലിങ്ക് കൊടുക്കാവുന്നതിലും കൂടുതലെണ്ണമുണ്ട്.]

Wednesday, October 11, 2006

ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക്‌, ഖേദപൂര്‍വ്വം.

തിരക്കിലും ബ്ലോഗിലും പെട്ട ശേഷം ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നത്‌ ഏറെക്കുറെ നിലച്ചു. എന്നാലും ഡോ. ഇക്ബാല്‍ മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതുന്ന പംക്തി മുടക്കാറില്ല; ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെ വാണിജ്യവശത്തിന്റെ ഉള്ളുകള്ളികളെക്കുറിച്ച്‌ ഇതുപോലെ ആധികാരിമായ നിരീക്ഷണങ്ങള്‍ ആരും എഴുതാറില്ലാത്തതുകാരണം. ഈ ഒരൊറ്റ കോളം വായിക്കാന്‍ വേണ്ടി മാസിക വാങ്ങാറുമില്ല, ആരോടെങ്കിലും കടം വാങ്ങി വായിച്ച്‌ തിരികെ നല്‍കാറേയുള്ളു. എന്നാല്‍ ഇത്തവണത്തെ ആരോഗ്യമാസികയില്‍ "ഭാര്യമാര്‍ക്കുകൂടി അറിയാത്ത രഹസ്യം" എന്ന തലവാചകത്തോടെ ഡോക്റ്റര്‍ പുനത്തില്‍ കുഞ്ഞബ്‌ദുള്ള എഴുതിയ ഒരു ലേഖനം കണ്ട്‌, ഒരു ജിജ്ഞാസ തോന്നി മാസിക വാങ്ങിക്കൊണ്ടു വന്നു.

നിരവധി തെറ്റുകള്‍ അടങ്ങുന്ന ഡോ. പുനത്തിലിന്റെ ലേഖനം അപകടകാരിയായ നിര്‍ദ്ദേശങ്ങളും വായനക്കാരനു തരുന്നു എന്നതിനാല്‍ പ്രതികരിക്കാതിരിക്കാനാവുന്നില്ല .

വസ്തുതാപരമായ തെറ്റുകള്‍
(അക്കമിട്ടു നിരത്തിയ വാചകങ്ങള്‍ ലേഖനത്തിലേത്‌)

1. “ബി കോമ്പ്ലക്സും ആന്റി ഓക്സിഡന്റുകളും ഫലവത്താണോ എന്ന് ഇതുവരെ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല“

തീര്‍ച്ചയായും ഓക്സിഡേറ്റീവ്‌ സ്റ്റ്രെസ്സ്‌ ഗവേഷണത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ആന്റി ഓക്സിഡന്റുകള്‍ ഗുളിക രൂപത്തില്‍ തന്നെ ഫലം ചെയ്യുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഹെല്‍സിങ്കി പഠനത്തില്‍ നിന്നും തുടങ്ങി സ്റ്റീനര്‍ റിപ്പോര്‍ട്ട്‌ വരെ ഇരുപത്തഞ്ചെണ്ണമെങ്കിലും അംഗീകരിക്കപ്പെട്ട നിര്‍ണ്ണയങ്ങളില്‍ എനിക്കറിവായുന്നവയായി ഉണ്ട്‌. വിസ്താരഭയത്താല്‍ പട്ടിക ഇവിടെ ചേര്‍ത്തിട്ടില്ല.

2. "രണ്ടു കാരറ്റും രണ്ടു കോവക്കയും രണ്ടു വെണ്ടക്കയും നന്നായി കഴുകി ശുദ്ധിയാക്കി വെറുതേ കടിച്ചു തിന്നാല്‍ മതി, ആന്റി ഓക്സിഡന്റ്‌ കിട്ടും"
കിട്ടില്ലല്ലോ. ശരിയായ ഭക്ഷണം കഴിക്കുന്നവര്‍ക്ക്‌ സപ്പ്ലിമന്റുകള്‍ ആവശ്യമില്ല.
പച്ചക്കറി പാചകം ചെയ്യാതെ തിന്നുന്നതിനു വളരേ ഗുണങ്ങളുണ്ട്‌, പക്ഷേ ഡോക്റ്റര്‍ പറയുന്നതുപോലെ രണ്ടു വീതം മൂന്നു പച്ചക്കറി ഏറെയൊന്നും സഹായിക്കില്ല. "ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റ്‌" - ബീറ്റകരോട്ടിനാണ്‌ പ്രധാന ആന്റി ഓക്സിഡന്റ്‌ എന്നു കരുതിയതില്‍ വന്ന തെറ്റായ തീരുമാനമാണ്‌ ഇത്‌.

ഓക്സിഡേറ്റീവ്‌ സ്റ്റ്രെസ്സ്‌ കുറക്കാന്‍ വിറ്റാമിന്‍ E, വിറ്റമിന്‍ A, ഫ്ലാവനോയിഡുകള്‍, എന്നിവക്കാണ് പ്രാദ്ധാന്യം ബീറ്റാ കരോട്ടിന്‍, ആല്‍ഫാ കരോട്ടിന്‍ എന്നിവയെക്കാള്‍.

ഇപ്പറഞ്ഞ പച്ചക്കറികള്‍ കഴിക്കുന്നത്‌ ആരോഗ്യത്തിനു നന്നെങ്കിലും ഇവ കഴിച്ചാല്‍ ബാക്കി എന്തും ചെയ്യാം എന്നര്‍ത്ഥമില്ല. മാത്രമല്ല ഡോക്റ്റര്‍ വിറ്റാമിന്‍ ബി കോമ്പ്ലക്സിനു പകരമായികൂടിയാണ്‌ നിര്‍ദ്ദേശിക്കുന്നതെന്നോര്‍ക്കണം, ഇവയില്‍ ബി വര്‍ഗ്ഗങ്ങള്‍ തുലോം നിസ്സാരമായേ അടങ്ങിയിട്ടുള്ളു. എത്ര പച്ചക്കറി കഴിച്ചിട്ടും വിറ്റാമിന്‍ ബി 12 കിട്ടുകയുമില്ല. അത്‌ ജന്തുജന്യമായ വസ്തുക്കളില്‍ മാത്രമടങ്ങിയിരിക്കുന്നു.

മുഖ്യ ഓക്സിഡന്റുകളെ - വിഷ വസ്തുക്കള്‍, മാലിന്യങ്ങള്‍ എന്നിവയെ കണ്ടെത്തി ഒഴിവാക്കല്‍ ഭക്ഷണത്തോളം വലിയ ആന്റി ഓക്സിഡേഷന്‍ പ്രക്രിയയുമാണ്‌.

3. "ബ്ലഡ്‌ പ്രഷര്‍ 120/80 യില്‍ കൂടാന്‍ പാടില്ലെന്ന് വൈദ്യശാസ്ത്രം ശഠിച്ചു പറഞ്ഞു.. ഇപ്പോള്‍ പറയുന്നു 100/70 ഇല്‍ കൂടാന്‍ പാടില്ലെന്ന്"

ആരുപറയുന്നു? എവിടെപ്പറയുന്നു? അംഗീകൃത വൈദ്യശാസ്ത്രപ്രകാരം 120/80 ഇന്നും നോര്‍മല്‍ ബ്ലഡ്‌ പ്രഷര്‍ തന്നെ. 115/75 നോര്‍മല്‍ ആണെന്ന് ചില ഡോക്റ്റര്‍മാര്‍ സ്വന്തം നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അഞ്ചു മില്ലിമീറ്റര്‍ മെര്‍ക്കുറി താഴാന്‍ ആരും മരുന്നു കൊടുത്തതായി കേട്ടിട്ടില്ല, വായിച്ചിട്ടുമില്ല. വളരെ താഴ്ന്ന രക്തസമ്മര്‍ദ്ദം അനോരോഗ്യമുള്ള ഹൃദയത്തിന്റെ വരെ ലക്ഷണമായേക്കാം.

4. ‘നല്ല കൊളസ്റ്റ്രോളും (HDL) ചീത്ത കൊളസ്റ്റ്രോളുമുണ്ട്‌ (LDL). ബദാമിലും അണ്ടിപ്പരിപ്പിലും ആപ്രിക്കോട്ടിലും നല്ല കൊളസ്റ്റ്രോളാണുള്ളത്‌.“

ഒന്നാമതായി, ഒരു മനുഷ്യന്‍ കൊളസ്റ്റ്രോള്‍ എടുത്തു കഴിച്ച്‌ അത്‌ രക്തത്തില്‍ കലരുകയല്ല ചെയ്യുന്നത്‌. അയാളുടെ കരള്‍ ശരീരത്തിനാവശ്യമുള്ള കൊളസ്റ്റ്രോളിനെ ഉല്‍പ്പാദിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ ഉല്‍പ്പാദനം കൂടുമ്പോഴാണ്‌ കൊളസ്റ്റ്രോള്‍ നിരക്ക്‌ അപകടകരമായി ഉയരുന്നത്‌. ഫാറ്റുകള്‍ കഴിക്കുന്നത്‌ കൊളസ്റ്റ്രോള്‍ ഉല്‍പ്പാദനത്തെ കൂട്ടുന്നു. കൊളസ്റ്റ്രോള്‍ ഉല്‍പ്പാദനം കൂടുമ്പോഴെല്ലാം LDL & HDL ഉയരുന്നത്‌ ഒരേ തോതില്‍ അല്ല. മോണോ-പോള്യ്‌ അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റുകള്‍ (LDL-HDL)അനുപാതം കൂട്ടുന്നത്‌ സാച്ച്ചുറേറ്റഡ്‌ ഫാറ്റുകളെക്കാല്‍ ആശാസ്യമായ രീതികളിലാണെന്ന് വാദം ഉണ്ട്‌. സത്യത്തില്‍ ഒട്ടും ഫാറ്റ്‌ കഴിക്കാതെ തന്നെ ഒരാള്‍ക്കു വേണ്ട കൊളസ്റ്റ്രോള്‍ ഉണ്ടാക്കാന്‍ അയാളുടെ കരളിനു കഴിയും,എന്നാല്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന മിക്ക ഭക്ഷണത്തിലുംഫാറ്റ്‌ അംശം ഉള്ളതിനാല്‍ മൊത്തത്തില്‍ ഫാറ്റിനെ ഒഴിവാക്കാനാവുന്നില്ല.

കൊളസ്റ്റ്രോള്‍ ജന്തുക്കളുടെ കരളിന്റെ ഉല്‍പ്പന്നം ആണെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ കരളില്ലാത്ത കശുമാവിനും ബദാം മരത്തിനും കൊളസ്റ്റ്രോള്‍ നിര്‍മ്മിച്ച്‌ വിത്തുകളില്‍ കൊണ്ടുവയ്ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ നല്ലതോ ചീത്തയോ ആയ ഒരു കൊളസ്റ്റ്രോളും ഇക്കണ്ട സാധനത്തിലൊന്നും ഇല്ലെന്നും മനസ്സിലാവും. ജന്തുജന്യഭക്ഷണങ്ങളില്‍ മാത്രമേ കൊളസ്റ്റ്രോള്‍ ഉള്ളു.
HDL-LDL എന്നു രണ്ടു തരം കൊളസ്റ്റ്രോള്‍ മാത്രമല്ല ട്രൈഗ്ലിസറൈഡ്‌ എന്ന ന്യൂട്രല്‍ ഫാറ്റും LDLന്റെ തന്നെ ഭാഗമായ LP(a), VLDL എന്നിവയൊക്കെ കണക്കിലെടുത്താണ്‌ ഒരാളിന്റെ ലിപ്പിഡ്‌ മാനേജുമന്റ്‌ നടത്തേണ്ടത്‌.

ദാര്‍ശനികമായ തെറ്റ്‌
പണ്ട്‌ കൊളസ്റ്റ്രോള്‍ 180-250 ഇല്‍ നിര്‍ത്തണമെന്നായിരുന്നുനിയമം, പിന്നീടത്‌ 150-200 ആയി. ഇപ്പോള്‍ പറയുന്നു 150-180 ഇല്‍ കൂടാന്‍ പാടില്ല എന്ന്..... സ്റ്റാറ്റിന്‍ ഗുളികകളുടെ വില്‍പ്പന താഴുന്നതനുസരിച്ച്‌ ഗവേഷണങ്ങ്ഫലങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരിക്കും.
മിക്ക വൈദ്യ ഗവേഷണവും മരുന്നു കമ്പനിക്കാരുടെ അനുഗ്രഹദാങ്ങളോടെയാണ്‌. ഡോ. മാക്‌ഡോഗള്‍ നിരീക്ഷിച്ചതുപോലെ "ആദായം തരാത്ത സത്യത്തിനോട്‌ ആര്‍ക്കും താല്‍പ്പര്യമില്ല എന്നതാണ്‌ കഷ്ടം"

എന്നാല്‍ കൊളസ്റ്റ്രോള്‍ പഠനം തെറ്റില്‍ നിന്നും‌ ശരിയിലേക്ക്‌ നീങ്ങുന്നത്‌ ഇങ്ങനെ ആയിരുന്നു. ശരാശരി അമേരിക്കന്‍ TC ലെവല്‍ ആണ്‌ നോര്‍മല്‍ എന്നു ധരിച്ച കാലത്ത്‌ 200+ നോര്‍മലെന്ന് ഡോക്റ്റര്‍മാര്‍ കരുതി. കാലക്രമേണ അതു മൊത്തില്‍ കൊളസ്റ്റ്രോള്‍ 150 ഇല്‍ താഴെയുള്ളവര്‍ക്ക്‌ മറ്റു പ്രശ്നമൊന്നൊമില്ലെങ്കില്‍ ഹൃദയധമനീരോഗം വരാന്‍ സാദ്ധ്യത വളരെ വളരെ കുറവാണെന്ന തിരിച്ചറിവിലേക്ക്‌ നീങ്ങി.

കൊല്ലുന്ന നിര്‍ദ്ദേശം!
ബദാമിലും അണ്ടിപ്പരിപ്പിലും അത്രൂട്ടിലും ആപ്രിക്കോട്ടിലും
നല്ല കൊളസ്റ്റ്രോളാണുള്ളത്‌. അതു വാരിവലിച്ചു തിന്നുക. അത്‌ ചീത്ത കൊളസ്റ്റ്രോളിനെ താഴ്ത്തിക്കൊണ്ടുവരുമത്രേ.
[ബദാമിലും അണ്ടിപ്പരിപ്പിലും... പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റ്‌ എന്നു വായിക്കുന്നു, സസ്യജന്യമായ ഒന്നിലും കൊളസ്ട്രോളില്ല എന്നത്‌ വിശദീകരിച്ചു കഴിഞ്ഞതാണ്‌]
പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റുകളും ഒമേഗ3 എണ്ണകളും എച്ച്‌ ഡി എല്‍ കൂട്ടുമോ എന്നത്‌ പ്രാരഭ ദിശകളില്‍ ചുറ്റി തിരിയുന്ന ഗവേഷണമാണ്‌. എന്നാല്‍ ആ കണക്കില്‍ പോലും വളരെ പരിമിതമായ രീതിയില്‍ അല്ലാതെ വാരിവലിച്ചു തിന്നുന്ന അണ്ടിവര്‍ഗ്ഗങ്ങള്‍ അപകടമേ ചെയ്യൂ. വ്യായാമമാണ്‌ HDL കൂടാനേറ്റവും ആശാസ്യമായ വഴി.

പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റുകള്‍ സാച്ചുറേറ്റഡ്‌ ഫാറ്റിന്റെ ചീത്തത്തരങ്ങളെ ചെറുക്കുമെന്ന വാദം ഉന്നയിക്കുന്നവര്‍ സാധാരണയായി പരമാവധി കാല്‍ കപ്പ്‌ അണ്ടിപ്പരിപ്പുകള്‍ കഴിയുമെങ്കില്‍ വാള്‍നട്ട്‌ മാത്രം കഴിക്കാനാണ്‌ നിര്‍ദ്ദേശിക്കാറ്‌.

കൂടുതലായി അണ്ടിവര്‍ഗ്ഗങ്ങള്‍ പ്രത്യേകിച്ച്‌ അണ്ടിപ്പരിപ്പ്‌, ബദാം, നിലക്കടല, മക്കാഡെമിയ നട്ട്‌ തുടങ്ങിയാ കഴിക്കുന്നത്‌ ശരീരത്തില്‍ യൂറിക്ക്‌ ആസിഡ്‌ വല്ലാതെ കൂട്ടി "ഗൌട്ട്‌" എന്ന വേദനാജനകമായ അസുഖം വരാനുള്ള സാദ്ധ്യത പരശ്ശതം മടങ്ങ്‌ വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന യൂറിക്ക്‌ ആസിഡിനു കിഡ്ണികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കാന്നും കഴിവുണ്ട്‌.

അണ്ടിപ്പരിപ്പുകള്‍ "വാരി വലിച്ചു തിന്നുന്നവര്‍" പുകവലിക്കാരെപ്പോലെ,‍ ഫാസ്റ്റ്‌ ഫൂഡ്‌ പ്രേമിയെപ്പോലെ‍ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു.

സന്ദേശത്തിലെ പാളിച്ച
ഡോ. പുനത്തില്‍ ലേഖനത്തിന്റെ പര്യവസാനത്തില്‍ മാത്രം വെളിപ്പെടുത്തുന്ന ആ രഹസ്യം ഇങ്ങനെ " രോഗങ്ങളില്‍ മിക്കതും തനിയെ ഭേദമാകുന്നു". തൊട്ടുമുന്നിലുള്ള എല്ലാ കാര്യങ്ങളും മരുന്നുകളുടെ അനാവശ്യകതയെക്കുറിച്ചാണ്‌.

രോഗങ്ങള്‍ മിക്കതും തനിയേ ഭേദമാകും, അല്ലാത്തവയെ ഭേദമാക്കാന്‍ മാത്രമേ ശരീരത്തിനു മരുന്നിന്റെ സഹായവും ആവശ്യമുള്ളു. അതൊരു പുതിയ അറിവുമല്ല. [ഇക്കാരണത്താലാണ് വ്യാജഡോക്റ്റര്‍മാര്‍ വിശ്വാസ്യത നേടുന്നതെന്ന് എം പി നാരായണപിള്ള പണ്ടൊരു ലേഖനത്തില്‍ പറഞ്ഞിരുന്നു] പക്ഷേ, ഒരു ഡോക്റ്റര്‍ മെഡിക്കല്‍ മാഗസീനിലെഴുതി ഇതു വായിക്കുന്ന ഒരു സാധാരണക്കാരന്‍ ചികിത്സകളെല്ലാം അനാവശ്യമാണും അസുഖത്തിന്‌ കഴിവതുണ്ടെങ്കില്‍ ആശുപത്രികളില്‍ പോകരുതെന്നും അനുമാനിക്കുകയാണ്‌ ചെയ്യാന്‍ സാദ്ധ്യത.

വൈദ്യം, വ്യോമയാനം, സൈന്യം തുടങ്ങി അപകടം പിടിച്ച മേഖലകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അറിയാവുന്നത്‌ പറഞ്ഞുകൊടുക്കാനുള്ള ബാദ്ധ്യതെയെക്കാള്‍ പലമടങ്ങ്‌ വലുതാണ്‌ അറിയില്ലാത്ത കാര്യങ്ങളെക്കുറിച്ച്‌ പറയാതിരിക്കുക എന്നത്‌. വൈദ്യന്റെ തെറ്റായ നിരീക്ഷണം രോഗിക്ക്‌ ദോഷം ചെയ്യും. അത്‌ പ്രസിദ്ധീകൃതമാണെങ്കിലോ, ആയിരക്കണക്കിന്‌ ആള്‍ക്കാരെ ബാധിക്കും.രണ്ടു പേജില്‍ ഇത്രയും അബദ്ധങ്ങളടക്കി അലക്ഷ്യമായെഴുതിയ ഈ ലേഖനം വായിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു.