പാളിപ്പോയ ലൈഫ് സ്റ്റൈല്‍ റീഹാബിലിറ്റേറ്റ് ചെയ്യുന്നത് പൂര്‍ത്തിയാക്കി ഒരു മാസം തികച്ചേ ഇനി ആരോഗ്യം ബ്ലോഗ്ഗിലേക്കുള്ളൂ എന്ന് തീരുമാനിച്ചിരുന്നതാണ്.
"യോഗഃ ചിത്തവൃത്തിനിരോധഃ"
എന്ന യോഗസാരം ജ്യോതിടീച്ചര്‍ പറഞ്ഞു കേട്ടപ്പോള്‍ എന്റെ മനസ്സിനു ഇതെഴുതാനുള്ള പ്രലോഭനം സഹിക്കുന്നില്ല.
"മനസ്സ് നപുംസകമാണെന്ന് അമര്‍സിങ്ങിന്റെ കോശത്തില്‍ വായിച്ച് ഞാന്‍ അതിനെ അഴിച്ചു വിട്ടു. അതൊരു പെണ്ണിന്റെ പിറകേ പോയി, ഞാന്‍ കുടുക്കില്‍ പെട്ടു" എന്ന് അര്‍ത്ഥം വരുന്ന ഒരു ശ്ലോകമില്ലേ? അത് കോമഡി ആണെങ്കിലും റ്റീച്ചര്‍ പറഞ്ഞതുപോലെ മനസ്സിനെ അഴിച്ചു വിട്ടാല്‍ ചിന്തകള്‍ ഒരോന്നായി മനസ്സില്‍ ഉറുമ്പരിക്കാന്‍ തുടങ്ങും എന്നും അതില്‍ തന്നെയുണ്ട്! ചിന്തകള്‍ക്ക് രാഗദ്വേഷ വ്യസനാദികള്‍ മാത്രമേ തരാന്‍ കഴിയൂ. സന്തോഷം തരാന്‍ ഒരു ചിന്തക്കു കഴിയും എന്നാല്‍ ആനന്ദം തരാന്‍ കഴിയുകയുമില്ല. (ആനന്ദം എന്നാല്‍ ബ്രഹ്മ: ഗുണത്രയങ്ങളായ സച്ചിദാന്ദത്തിന്റെ ആനന്ദം)
ചിന്തകള്‍ ഇല്ലാത്ത അവസ്ഥയില്‍ അഹം മൂലാധാരത്തില്‍ മൂന്നര ചുരുളില്‍ ഉറങ്ങുന്ന കുണ്ഡലിനിയെ ഉണര്‍ത്തുന്നു എന്നതാണ് യോഗയുടെ ആധാരശില . ചാക്രിക പഥങ്ങളോന്നും രോഗാതുരപീഢകളില്‍ കുഴങ്ങുന്നില്ലെങ്കില്‍ അതുയര്‍ന്ന് പ്രപഞ്ച ചൈതന്യത്തോട് സംഗമിച്ചോളും. ഈ യോഗം- കൂടിച്ചേരലാണ് യോഗ. യോഗാസങ്ങളെല്ലാം തന്നെ ശരീരത്തിന്റെ ഏഴു പ്രവര്‍ത്തിചൈതന്യ ചക്രങ്ങളെ പീഡിതാവസ്ഥയില്‍ നിന്നും മോചിപ്പിച്ച് യോഗം സുഗമമാക്കാനുള്ള സ്റ്റെപ്പുകള്‍ മാത്രമെന്ന നിലക്ക് യോഗാസനം പഠിപ്പിക്കുന്നവരെല്ലാം ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയവരാണ്. അതില്‍ തെറ്റൊന്നുമില്ല, അവര്‍ക്ക് പൂര്‍ണ്ണഗുണം നല്‍കാന്‍ ആവുന്നില്ലെന്നു മാത്രം . ആരോ രവിശങ്കര്‍ ഒരു ഭാഗം അടര്‍ത്തി മാറ്റി എന്നാരോപിച്ചതുകൊണ്ട് പറഞ്ഞെന്നേയുള്ളു, മിക്കവരും അതു തന്നെയാണ് ചെയ്യുന്നതെന്ന്.
ചിന്തകള്‍ ഇല്ലാത്ത അവസ്ഥയിലെത്തുക തീരെ എളുപ്പമല്ല. എത്തിപ്പെട്ടിട്ട് അതില്‍ നിന്നും മാറാതെ മൂന്നോ അഞ്ചോ മിനുട്ട് ഇരിക്കുന്നത് അതിലും വിഷമവും സ്വസ്ഥമായി ഒരിടത്തിരുന്ന് കഴിയുമെങ്കില്‍ നട്ടെല്ലു നിവര്‍ന്ന് സുഖമായി ശ്വാസം പിടിക്കാവുന്ന ഒരു പൊസിഷനിലിരുന്ന് എന്തിനെങ്കിലും ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മനസ്സിലുള്ള ചിന്താ ഷാന്‍ഡ്ലിയറിനെ ഓരോ ബള്‍ബുകളായി ഓഫ് ചെയ്യുക. എന്തു ചിന്ത നിറുത്താന്‍ പറ്റുന്നില്ലെന്നു തോന്നിയാലും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വസ്തുവില്‍ (കഴിവതും വിളക്കിലും മെഴുകുതിരിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കരുത്, വെളിച്ചത്തിലേക്ക് അധികനേരം കണ്ണു വേദനിക്കാതെ നോക്കാന്‍ കഴിയില്ല) ചിന്തകള്‍ ഓരോന്നായി അണഞ്ഞണഞ്ഞ് അവസാനം നമ്മളുടെ ശ്രദ്ധ പറ്റി നില്‍ക്കുന്ന വസ്തു മാത്രമായി മാറും മനസ്സില്‍.
ഇനിയത്തെ പരിപാടി അല്‍പ്പം വിഷമമാണ് ആദ്യമൊക്കെ, പരീക്ഷിക്കും തോറും കൂടുതല്‍ എളുപ്പമാകും.
ഒറ്റ ചിന്ത മാത്രമായി മനസ്സില്‍ നില്‍ക്കുകയാണല്ലോ, മെല്ലെ കണ്ണടച്ച് നമ്മള്‍ നോക്കുന്ന വസ്തുവിനേയും മറക്കുക. ചിന്തയില്ലാത്ത അവസ്ഥ എത്തി. ഇവിടെ വരുമ്പോള്‍ സാധാരണ പറ്റാറുള്ള പറ്റാണ് ഒറ്റയാനെ മറക്കുമ്പോള്‍ അണഞ്ഞ ലൈറ്റുകളെല്ലാം ഒറ്റയടിക്ക് തെളിഞ്ഞു വരിക എന്നത്. അതു സംഭവിച്ചാല്‍ സാരമാക്കണ്ട, സുല്ലിട്ട് ഒന്നുകൂടെ തുടങ്ങുക, ആദ്യം എടുത്ത സമയം ഇത്തവണ വേണ്ടി വരില്ല.
ഈ യോഗാവസ്ഥയില്‍ ഏതു മനസ്സും പ്രപഞ്ച ശക്തിയില്‍ - ടീച്ചര്‍ പറയുന്ന വലിയ ഞാനോട് -കൈകോര്‍ത്തു നില്‍ക്കുന്നു. ചുരുളഴിച്ച് മെല്ലെ കുണ്ഡലിനീ ചക്രങ്ങളേഴും താണ്ടി വിശ്വം നിറയുന്ന അതിന്റെ സ്വത്വത്തിലേക്ക് ലയിക്കുന്നു. യോഗം വരിച്ചസമയമത്രയും മനസ്സിലൊന്നുമില്ല. മാനസികമായ എന്തു വൈഷ്യമവും ഈ ഒരു ബ്രേക്ക് സമയത്ത് മിന്നല്‍ വേഗത്തില്‍ മനസ്സ് അറ്റകുറ്റപ്പണി തീര്‍ത്തുകൊള്ളും. കുറ്റമറ്റ മനസ്സിന് ശരീരത്തെയും, ശരീരം തിരിച്ചു മനസ്സിന്റെയും കേടു തീര്‍ക്കുന്നു. അങ്ങനെ യോഗാസനങ്ങള്‍ മനസ്സിനെയും യോഗാവസ്ഥ (thoughtless awareness എന്ന് ശ്രീമാതാജി നിര്‍മ്മല ദേവിയുടെ പരിഭാഷ) ശരീരത്തെയും കൂടി സംരക്ഷിക്കുന്നു.
മേമ്പൊടി: ( പ്രയോഗത്തിനു കട: പണ്ട് കഷായം എന്ന തുടരന്‍ എഴുതിയിരുന്ന സുകുമാറിന്)
ദൈവം ആരാണ്, ദൈവമുണ്ടോ ഇല്ലയോ, എതു രൂപമാണ് ദൈവം എന്നൊക്കെ വാദിക്കാന്‍ എത്തുന്ന വിശ്വാസികളില്‍ നിന്നും യുക്തിയില്ലാവാദികളില്‍ നിന്നും ഞാന്‍ ഊരിപ്പോകുകയേയുള്ളു, ഇതെല്ലാം ഒരുതരം വിശ്വാസം മാത്രമല്ലേ, എന്തു
ശരി എന്തു തെറ്റ് അതില്‍. എന്നാല്‍ ചിലര്‍ വിടാതെ പിന്നാലേ കൂടും, അങ്ങനെ ഒരു ഉഗ്ര ദൈവരഹിതന്‍ നടത്തിയ വാദം
"ദേവനു തോന്നുന്നുണ്ടോ എനിക്ക് നല്ലതു വരണേ എന്നു പ്രാര്‍ത്ഥിച്ചാല്‍ ദൈവം എന്ന ആള്‍ ഉടന്‍ നല്ലത് വരാന്‍ ഉത്തരവിറക്കുമെന്ന്?"
"തോന്നുന്നില്ല"
"അപ്പോള്‍ ദിവസവും കിടന്ന് അലച്ചു പ്രാര്‍ത്ഥിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ ചിരി വരാറില്ലേ?"
"ഓരോ പ്രാര്‍ത്ഥനയും ചെറു ധ്യാനങ്ങളാണ്. ഓരോ പ്രാര്‍ത്ഥനയും ചെറു യോഗങ്ങളും. പ്രാര്‍ത്ഥിക്കുന്നവന്റെ മനസ്സ് ഒന്നില്‍ മാത്രം കേന്ദ്രീകരിക്കുന്നു. അത് എന്നും ചെയ്യുന്നവന്റെ അഹം പരത്തിലേക്ക് നേരിയ തോതിലെങ്കിലും ചലിക്കുന്നു. പരീക്ഷയില്‍ എന്നെ ജയിപ്പിക്കണേ എന്ന് മുട്ടുകാലില്‍ നിന്നോ ഭജന ചൊല്ലിയോ റമദാന്‍ വ്രതമെടുത്തോ ഒക്കെ പ്രാര്‍ത്ഥിക്കുന്ന കുട്ടി ഉണര്‍ന്ന സ്വവും ദൈവം രക്ഷിക്കുമെന്ന പ്രതീക്ഷയും നല്‍കുന്ന ആത്മവിശ്വാസം കൊണ്ട് പരീക്ഷ ജയിക്കുന്നു,. അങ്ങനെ അവനെ ദൈവം രക്ഷിക്കുകയും ചെയ്യുന്നു."
"കാര്യം ചോദിക്കുമ്പോള്‍ ഉരുണ്ടു കളിക്കുന്നത് നിങ്ങളുടെ സ്ഥിരം പരിപാടിയാണ്."
"കാര്യം പറയുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാക്കാനുള്ള ക്ഷമയോ ബോധമോ ഇല്ല. ഞാനെന്തു ചെയ്യാന്‍."
Thursday, November 30, 2006
Subscribe to:
Posts (Atom)