Tuesday, January 10, 2006

ഗ്രൂമിങ്ങ് ഗ്രൂമിങ്ങ്

പേര്‌ : മിസ്റ്റർ കെ കെ , ഉം അൽ കുവൈൻ (ആളെ നിങ്ങളറിയുമോ എന്നു ചോദിച്ചാൽ.....)
വയസ്സ്‌ : ചോദിക്കല്ലേ, പ്ലീസ്‌
‍പ്രശ്നം : തടി കൂടുന്നു
പ്രശ്നകാരണം : തീറ്റ കൂടുന്നു
പ്രശ്ന നിവാരണം : തീറ്റ കുറക്കലൊഴിച്ച്‌ എന്തും സമ്മതം

ഞാൻ വിധിച്ച ചികിത്സ:
പഥ്യമാണല്ലോ അത്യാവശ്യം വേണ്ടത്‌. പഥ്യമുണ്ടെങ്കില്‍ മരുന്നെന്തിന്‌, പഥ്യമില്ലെങ്കില്‍ മരുന്നെന്തിന്‌ എന്നു കേശവീയം (ഒക്കെ തികഞ്ഞ കെ സി ക്ക്‌ കോമഡിയും തികഞ്ഞിരുന്നു)ശരി. തീറ്റ കുറക്കണ്ടാ. കോംമ്പോസിഷന്‍ മാറ്റാമല്ലോ. കാളയിറച്ചി കഴിച്ചേ തീരുവെങ്കില്‍ കറിയായി ഭക്ഷിക്കൂ. നിര്‍ബ്ബന്ധമില്ലെങ്കില്‍ ഇക്ഷിതിയില്‍ പല കുക്കുടമുണ്ടതു ഭക്ഷിച്ചാലും. സോസേജ്‌ എന്ന കുടലിന്നുള്ളില്‍പ്പുട്ട്‌, ബര്‍ഗര്‍ ചീസ്‌, ബട്ടര്‍ ഒക്കെ നിര്‍ത്താമെങ്കില്‍ കൊള്ളാം.ബട്ടര്‍, നെയ്യ്‌, സ്കിം ചെയ്യാത്ത പാല്‍- ഒട്ടും പാടില്ല (പാല്‍ ഇറച്ചിയെക്കാളും ചീത്തയാണെന്നാണെന്റെ പക്ഷം. ഒരു ഗ്ലാസ്‌ കുമ്പളങ്ങാ നീര്‌ (ചാരത്തിലെ പീച്ചിങ്ങാ എന്നു സായിപ്പ്‌) രാവിലെ അത്ര തന്നെ പച്ചവെള്ളവും ചെര്‍ത്ത്‌ എഴുന്നേറ്റാലുടനേ ഒരൊറ്റ വലി അങ്ങടു വലിക്ക്‌. എന്നിട്ടു ഒരു മണിക്കൂര്‍ നേരം കഴിഞ്ഞേ ചായ/കാപ്പി/ഭക്ഷണാദികള്‍ പാടുള്ളൂ. ദുര്‍മ്മേദസ്സ്‌ പോകും. ഓട്ടം നടത്താദികള്‍ പതിവുണ്ടെങ്കില്‍ ഗംഭീരമായി.ഒരുമാസം മുടങ്ങാതെ കുമ്പളങ്ങായടിച്ച്‌ തടി 10 കിലോ കുറഞ്ഞാല്‍ എനിക്കു ഒരു എം ഡി കണ്‍ഫര്‍ ചെയ്തു തരാന്‍ ശുപാര്‍ശ ചെയ്യുക. അസിഡിറ്റി, കൊളസ്റ്റ്രോള്‍ എന്നിവയുണ്ടെങ്കിലും നല്ല കുറവു കുമ്പളങ്ങാനീരു തരും(സഖാവിനു ലോ ബ്ലഡ്‌ പ്രഷര്‍ ഇല്ലെന്നു കരുതുന്നു. കുമ്പളങ്ങ പ്രഷര്‍ ഇത്തിരി കുറക്കുമെന്നാണ്‌ വയ്പ്പ്‌)

കൂട്ടുകാരേ, ഈ ഉരുപ്പടിയെ കതിർ പരുവലാക്കിയിട്ടുവേണം നമുക്ക് കതിർമണ്ഡപത്തിലോട്ട് കയറ്റിവിടാൻ, ഒറ്റമൂലികളോ ഇരട്ടമൂലികളോ വശമുള്ളവർ ഒരു കൈ സഹായിക്കണേ, കൊച്ചൻ പുരനിറഞ്ഞു നിൽക്കുകയാ!!!!

Monday, January 09, 2006

ഹൃദയം, ധമനികൾ 2a- ഒരുമുഴം മുന്നേയറിയൽ എന്നാലെന്ത്?

ഓരോ ഹൃദയയാഘാതവും പലയളവില്‍ ഇന്‍ഫ്രാര്‍ക്ഷന്‍ അഥവ പേശീനാശം ഉണ്ടാക്കുന്നവയാണെന്ന് കണ്ടല്ലോ. മയോകാര്‍ഡിയമെന്ന ഹൃദയഭിത്തി നശിക്കുംതോറും ഹൃദയത്തിനു സങ്കോചിക്കാനുള്ള ശക്തി ക്ഷയിച്ചു വരുന്നു അങ്ങനെ ബലഹീനമാകുംതോറും ഹൃദയം കൂടുതല്‍ ദുര്‍ബ്ബലമായിക്കോണ്ടെയിരിക്കുന്നു. അങ്ങനെ നശിച്ചുകൊണ്ടിരിക്കുന്ന ഹൃദയം പെട്ടെന്ന് ഇലക്രിക്കല്‍ സിസ്റ്റോള്‍ നിലച്ചോ തെറ്റിയോ സ്തംഭിച്ചേക്കാം. ഇതാണ്‌ സഡന്‍ കാര്‍ഡിയക്‌ ഡെത്ത്‌ അഥവാ ഹൃദയ സ്തംഭനം. സ്പാര്‍ക്ക്‌ പ്ലഗ്ഗ്‌ നിലച്ച ഒരു കാര്‍ നിന്നുപോകുമ്പോലെ ഇലക്റ്റ്രിക്കല്‍ സിസ്റ്റോള്‍ ഇല്ലാത ഹൃദയം നിലക്കുന്നു. ഹൃദയസ്തംഭനം ഒരിക്കലുണ്ടായാല്‍ രക്ഷപ്പെടുന്നത്‌ പ്രയാസമാണെന്നും പറയേണ്ടതില്ലല്ലോ.

സ്റ്റ്ട്രെസ്സ്‌ ടെസ്റ്റ്‌
ഹൃദയാഘാതമോ നെഞ്ചുവേദന (ആഞ്ജിന പെക്റ്റോറിസ്‌) അനുഭവിക്കുന്നവരിലുള്ള ഈ സീ ജി വ്യതിയാനവും രക്തത്തിലെ എന്‍സൈമുകളും നോക്കിയാല്‍ ഹൃദ്രോഗമെന്ന് തിരിച്ചറിയാം, പക്ഷേ ഇന്‍ഫാര്‍ക്ഷനുണ്ടായ പേശികള്‍ പുനര്‍ നിര്‍മ്മിക്കാനാവില്ലല്ലോ. ആ നിലക്ക്‌ ഒരു അറ്റാക്കോ നെഞ്ചുവേദനയോ ഉണ്ടാകും മുന്നേ തന്നെ രോഗം തിരിച്ചറിയുക എന്നതാണ്‌ ഏറ്റവും വലിയ ആവശ്യം എന്ന തിരിച്ചറിയല്‍ ഇത്ര രൂക്ഷമാകും മുന്നേതന്നെ ഹൃദയം ശാരീരികായാസ സമയത്ത്‌ ഈ സീ ജി വ്യതിയാനങ്ങള്‍ കാണിക്കുമെന്നും അതു തിരിച്ചറിയാന്‍ പറ്റിയാല്‍ ഒരു മുഴം മുന്നേ ഹൃദ്രോഗത്തെയറിഞ്ഞ്‌ ഒഴിവാക്കാമെന്നും കണ്ടെത്തലായി. 60കലൂറ്റെ മദ്ധ്യകാലത്ത്‌ റോബര്‍ട്ട്‌ ആര്‍തര്‍ ബ്രൂസ്‌ എന്ന ഹൃദ്രോഗ വിദഗ്ദ്ധന്‍ ഈ സീ ജി ഘടിപ്പിച്ച രോഗിയെ എക്സര്‍സൈസ്‌ ട്രെഡ്മില്ലില്‍ (ജിമ്നേഷ്യങ്ങളിലും മറ്റും കാണുന്ന ഓടാനുള്ള യന്ത്രം) നടത്തി ഹൃദ്രോഗത്തെ തിരിച്ചറിയുന്ന സംവിധാനം കണ്ടെത്തി. രോഗിയെ ആയാസപ്പെടുത്തലെന്നത്‌ അപകടമുള്ള കാര്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കക്ഷത്തിരിക്കുന്നത്‌ വീഴാതെ ഉത്തരത്തിലേതെടുക്കാനുള്ള പെരുമാറ്റ ചട്ടം -എത്ര നേരം ആര്‍ എങ്ങനെ ട്രെഡ്‌ മില്ലില്‍ നടക്കാമെന്നത്‌- ബ്രൂസ്‌ കണ്ടുപിടിച്ചതാകയാല്‍ ബ്രൂസ്‌ പ്രോട്ട്കോള്‍ എന്നു പേര്‍ വിളിക്കുന്നു.

ടി എം ടി – ഡോക്റ്റർ പറയാൻ ഇടയില്ലാത്തതും രോഗി അറിയേണ്ടതുമായ കാര്യങ്ങൾ
ബ്രൂസ്‌ കണ്ടുപിടിച്ച ട്രെഡ്‌ മില്ല് ടെസ്റ്റിനു ഭൂരിപക്ഷം രോഗികളിലേയും 80 ശതമാനത്തിനും പുറത്തുള്ള ബ്ലോക്കുകളെ തിരിച്ചറിയാനാവും. 10 ശതമാനം മുതല്‍ 20 ശതമാനം വരെ രോഗ്ഗികള്‍ല്‍ അതു ബ്ലോക്കുകള്‍ ഉണ്ടെന്ന് വ്യാജമായി സൂചിപ്പിച്ചേക്കാം. ഇതിലെല്ലാമുപരിയായി 80 ശതമാനത്തില്‍ താഴെയുള്ള ബ്ലോക്കുകള്‍ ഏതാണ്ട്‌ മുഴുവനായും ഈ ടെസ്റ്റില്‍ വിട്ടുപോകും, 80 ശതമാനത്തില്‍ കൂടുതലുള്ള ബ്ലോക്കുകളില്‍ നല്ലൊരു ശതമാനത്തിനെയും ഈ ടെസ്റ്റിനു കണ്ടെത്താനാവില്ല. ട്രെഡ്‌ മില്ലില്‍ നിന്നിറങ്ങിവരുന്ന നിങ്ങളോട്‌ "നിങ്ങളൊരു കുതിരയപ്പോലെ കരുത്തന്‍" എന്നോ മറ്റോ ഡോക്റ്റര്‍ പറയുമ്പ്പോള്‍ ടെസ്റ്റിന്റെ പരിമിതികള്‍ അറിയുക – 80 ശതമാനത്തിൽ മുകളിൽ നിങ്ങൾക്ക് ബ്ലോക്ക് ഉണ്ടാകാൻ സാദ്ധ്യത കുറവെന്നു മാത്രമേ അതിനർത്ഥമുള്ളു. 90 ശതമാനം അടഞ്ഞ ധമനിയുള്ള വ്യക്തിക്കും 10 ശതമാനം അടഞ്ഞ ധമനിയുള്ള വ്യക്തിക്കും ഹൃദയാഘാതമുണ്ടാവാനുള്ള സാധ്യതയിൽ വലിയ വത്യാസമില്ല.

സ്റ്റ്ട്രെസ്സ് താലിയം ടെസ്റ്റ്
ഈ സീ ജീ വ്യതിയാനങ്ങള്‍ കൃത്യമായി ഒന്നിനെയും സമർത്ഥിക്കാൻ കഴിവില്ലാത്തവയാണെന്നതിനാല്‍ ടി എം ടി പരിശോധന വളരെ ശാസ്ത്രീയമല്ലെന്ന അസംതൃപ്തി സ്റ്റ്രെസ്സ്‌ താലിയം ടെസ്റ്റിനു കാരണമായി. ട്രെഡ്‌ മില്ലില്‍ മുകളില്‍ പറഞ്ഞതുപോലെ നടത്തുന്ന വ്യായാമത്തിന്റെ പരമകോടിയില്‍ രോഗിക്ക്‌ താലിയ ഡൈ കുത്തിവച്ച്‌ ഹൃദയത്തിന്റെ 64 സ്ലൈസ്‌ സ്കാന്‍ ചിത്രമെടുപ്പു നടത്തുകയാണ്‌ താലിയം ടെസ്റ്റില്‍ ചെയ്യുന്നത്‌.ഉജ്ജ്വല വര്‍ണ്ണത്തില്‍ താലിയം ഡൈ ഓടിയെത്താത്ത സ്ഥലങ്ങള്‍ സ്കാനില്‍ ഇരുണ്ട ഭാഗ്ങ്ങ്നളായി കാണുകയും അവയെ രക്തമെത്തായിടങ്ങള്‍ (ഇസ്കിമിക്‌ കോള്‍ഡ്‌ സ്പോട്ട്‌) എന്നു തിരിച്ചറിയുകയും താലിയം സ്കാന്‍ കൊണ്ട്‌ കഴിയും. ഇസ്കീമിയ രക്തലഭ്യതയുടെ കുറവ്‌ വളരെ ഗുരുതരമായ ബ്ലോക്കുകള്‍ കൊണ്ടേ ഉണ്ടാവൂ എന്നത്‌ ഈ ടെസ്റ്റിനും നേരത്തേ ഈറ്റപേടാണുള്ള കഴിവിനെ ബാധിക്കുന്നു, എന്നാല്‍ ഇസ്കീമിയ ഉണ്ടാക്കാന്‍ വ്യായാമത്തിനു കഴിയുന്നുണ്ടെങ്കിലത്‌ ധമനീരോഗത്തിലേക്ക്‌ നിസ്സംശയം വിര്‍ല്‍ ചൂണ്ടുന്നെന്ന് പറയാന്‍ കഴിയും.

സ്റ്റ്രെസ്സ്‌ താലിയം ടെസ്റ്റ്‌- ഡോക്റ്റര്‍ പറയാനിടയില്ലാത്ത എന്നാൽ രോഗി അറിയേണ്ട കാര്യങ്ങൾ.
പ്രശസ്ത ഡോക്റ്റര്‍ വില്യം ഡേവിസിന്റെ അഭിപ്രായത്തില്‍ ഇതറോമാറ്റ ഒരു വര്‍ഷം 33 ശതമാനം വരെ വളരാം. ആ നിലക്ക്‌ കോള്‍ഡ്‌ സ്പോട്ടുകള്‍ ഇല്ലായെന്നതിനും പ്രത്യേകിച്ച്‌ അര്‍ത്ഥമൊന്നും ഇല്ല. സാധാരണ ഗതിയില്‍ വെറുതേയൊരു രോഗിക്ക്‌ സ്റ്റ്രെസ്സ്‌ താലിയം എന്ന ചിലവു കൂടിയ ടെസ്റ്റ്‌ പറയാറുമില്ല. സാധാരണ ടി എം ടി ക്ക്‌ ഉള്ള പരിമിതികളെല്ലാം ബാധകമാണ്‌- ഇസ്കീമിയയെ കൃത്യമായി കാണാമെന്നതൊഴിച്ചാല്‍.ശതമാനത്തിനു മുകളിലുല്ല ബ്ലോക്കുകളല്ല മറിച്ച്‌ ചെറു തടസ്സങ്ങള്‍ പൊട്ടിയൊഴുകിയാണ്‌ ഹൃദയാഘാതം സാധാരണ ഉണ്ടാവുകയെന്നും.
ട്രെഡ്മില്ല് ടെസ്റ്റ്‌ വളരെയൊന്നും പ്രയോജനം ചെയ്യുന്നില്ല എന്നറിഞ്ഞല്ലോ. ബൈപ്പാസ്‌, ആഞ്ജിയോപ്ലാസ്റ്റി തുടങ്ങിയവക്കു പാകമായ രോഗികളെ തിരിച്ചറിയല്‍ മാത്രമാണു ട്രെഡ്‌ മില്ല് ടെസ്റ്റ്‌ ചെയ്യുന്നത്‌. അല്ലാതെ ഒരു തരം രോഗനിര്‍ണ്ണയത്തിനും അത്‌ അളവുകോള്‍ ആകുന്നില്ല.ട്രെഡ്‌ മില്ല് ടെസ്റ്റ്‌ കൊടുക്കാൻ തീരുമാനിച്ചാൽ അടിയന്തിരഘട്ടങ്ങളിൽ ബൈപ്പാസ്‌ നടത്താന്‍ സംവിധാനമുള്ളയിടങ്ങളിൽ (ഉദാഹരണം തിരുവനന്തപുരം ശ്രീ ചിത്രാ) മാത്രമെ അതു ചെയ്യാവൂ, നമ്മല്‍ പ്രതീക്ഷിക്കുന്നതിനെക്കാള്‍ ദുര്‍ബ്ബലമാണ്‌ ഹൃദയമെങ്കില്‍ ടെസ്റ്റിനിടയില്‍ ഹൃദയാഘാതമുണ്ടായേക്കാമെന്നതാണു കാരണം. അങ്ങനെ സംഭവിക്കുന്നത്‌ അപൂർവ്വമൊന്നുമല്ല.

ട്രെഡ്മിൽ‍ ടെസ്റ്റിൽ തെളിയുക പ്രൊവോക്കബിൾ ഇസ്കീമിയ അഥവാ ആയാസത്താലുണർത്താവുന്ന രക്തയോട്ട ദൌർലഭ്യമാണ്. അതിനാൽ തന്നെ, ടി എം ടി പോസിറ്റീവ് റിസൽറ്റ് കാണിച്ച രോഗിയെ ഡോക്റ്റർ സാധാരണയായി ആന്ഞിയോപ്ലാസ്റ്റി എന്ന അതിക്രമിച്ചു കടന്ന് പരിശോധനക്ക് (invasive investigation) വിധേയനാക്കാൻ ശ്രമിക്കുന്നു

അടുത്തത് – ഹൃധയം, ധമനികൾ 2bആഞ്ജിയോഗ്രാം, ആഞ്ജിയോപ്ലാസ്റ്റി

Monday, January 02, 2006

ഹൃദയം, ധമനികൾ - അനുബന്ധം 1,ഹൃദ്യമായ പാചകം

ഈ ഒരനുബന്ധമുണ്ടാകാൻ ബ്ലോഗ്ഗർമാരുടെ സഹായമഭ്യർത്ഥിക്കുന്നു, പാചകം എനിക്കു ഒട്ടും വശമില്ലാത്ത പണിയാണ്. പൈപ്പുകളിൽ ചപ്പ് ചവറ് എന്നിവയില്ലാതിരിക്കാൻ ചപ്പും ചവറും കഴിക്കുന്നതും ഒഴിവാക്കുക എന്നതാണു ഈ പരിപാടിയുടെ ഗുട്ടൻബെർഗ്.

ഹ്രൃദ്സൌഹ്രൃദപാചകത്തിന്റെ പ്രാഥമിക തത്വങ്ങൾ ഇവയാണ്.
1. പരമാവധി അനുവദനീയ ഫാറ്റ് തോത് 10 ശതമാനമാണ്. എന്നു വച്ചാൽ ഫാറ്റ് ഫ്രീ മിൽക്ക്, മുട്ടയുടെ വെള്ള എന്നിവയൊഴിച്ചാൽ ജന്തുക്കളുമായി പുലബന്ധമുള്ള യാതൊന്നും ദൈനം ദിന ഭക്ഷണത്തിൽ വരാൻ പാടില്ല

2. എല്ലാ തരം എണ്ണയും ദ്രവരൂപത്തിലെ കൊഴുപ്പാണെന്നതിനാൽ മാംസത്തെക്കാളും വർജ്ജ്യം

3. പ്രോസസ്സ്ഡ് ഫൂഡ് അതായത് അസ്വാഭാവിക ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗം പരമാവധി കുറക്കുക. ഇതേ കാരണത്താൾ പഞ്ചസാര, മൈദാ, ഇൻസ്റ്റന്റ്/ക്യാൻഡ്/ ബോക്സ്ഡ് ഭക്ഷണങ്ങൾ MSG തുടങ്ങിയവ ഒഴിവാക്കുക . (തള്ളവിരലിന്റെ നിയമം - ബ്രാൻഡ് പേരുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളതെല്ലാം വർജ്ജ്യം അമ്മിഞ്ഞപ്പാലും പുഴയിലെ മീനിനുമൊന്നും മാക് ഡോണാൾഡ് പോലെ M ഇല്ല, പതിനായിരക്കണക്കിനു വർഷമായി അതു മനുഷ്യനിൽ പരീക്ഷിച്ചു വിജയിച്ചവയാണ്. ഫാസ്റ്റ് ഫൂഡ് ഉപയോഗം, എണ്ണ ഉപയോഗം, വറുക്കൽ എന്നിവക്കു ആനുപാതികമായി ഹൃദ്രോഗം ജനങ്ങളിൽ കാണപ്പെടുകയും ചെയ്യുന്നു)

നേരിട്ടും ഫോണിലും മറ്റും കിട്ടിയ സംഭാവനകൾ താഴെക്കൊടുക്കുന്നു:

1. അൾട്രാ ലോ ഫാറ്റ് രീതിയിൽ ഒട്ടുമിക്ക കറികളുമുണ്ടാക്കാം.
എണ്ണയിൽ വഴറ്റുന്നതിനു പകരം പച്ചക്കറികളെല്ലാംതന്നെ ആവിയിൽ വേവിച്ചെടുക്കാം (ഇഡ്ഡലിത്തട്ടിൽ ചെയ്യാവുന്നതേയ്യുള്ളേൻകിലും ആവിയിൽ വേവിക്കാനുള്ള നോൺ സ്റ്റിക് പാത്രങ്ങളാണ് കൂടുതൽ സൌകര്യം. കടുകുവറുക്കുന്നതിനു പകരം ഒരു ചെറിയ ചട്ടിയിൽട്ട് ചൂടാക്കി പാത്രം കൊണ്ടടച്ച് പൊട്ടിച്ചെടുക്കാവുന്നതേയുള്ളു. തേങ്ങക്കു പകരം പുട്ടിലും ഇടിയപ്പത്തിലും ക്യാബേജ്, കാരറ്റ് എന്നിവ ഉപയോഗിക്കാം. നോൺ സ്റ്റിക്ക് തവയിൽ ദോശ അപ്പം മുതലായവ ഒട്ടും എണ്ണയില്ലാതെ ചുട്ടെടുക്കാം.
കടപ്പാട് : എന്റെ ഭാര്യ


2. ദാൽ ബാത്ത്
തലേന്നേ കുതിർത്ത മുതിര ഒരു കപ്പ് കഴുകിയത്
ചോറ് (മോട്ട ചാവൽ) ഒരു കപ്പ്

ഉപ്പ് ആവശ്യത്തിനിട്ട വെള്ളത്തിൽ മുതിര 40 മിനുട്ട് വേവിക്കുക. വെള്ളം വറ്റി മുതിര മൃദുവാകും. കടുകും ജീരകവും ഒരു നോൺ സ്റ്റിക്ക് പാത്രത്തിലിട്ട് പൊട്ടിക്കുക്ക (എണ്ണയൊഴിക്കാതെ കടുകുവറുക്കുകയാണു നമ്മൾ) കുറച്ച് വെള്ളമൊഴിച്ച് വെളുത്തുള്ളി തക്കാളി എന്നുവ വഴറ്റി, മുതിരയുടെ കൂടെ ഇട്ട് രണ്ടു മിനുട്ട് ഇളക്കി വേകിക്കുക. ചോറിനു മീതേ വിളമ്പാം- പുതിനച്ചട്ട്ണിക്കൊപ്പം.
കലോറി 268 കൊഴുപ്പ് 5% പ്രോട്ടീൻ 14%
കടപ്പാട് : ഡോ. നീൽ പിൻകിനി, ഹൃദ്രോഗപ്രതിരോധവിദഗ്ദ്ധൻ, ഹവായി ദ്വീപ്.

3. ചന്നാബാത്ത്
ഗോതമ്പ് ഒരു കപ്പ് വേവിച്ചത്
ചന്ന (കാബൂളിയോ നാടനോ) വേവിച്ചത് ഒരു കപ്പ്
വെളുത്തുള്ളി 3 അല്ലി
മഞ്ഞൾ ഒരു റ്റീസ്പൂൺ
തക്കാളി ചെറുതായി നുറുക്കിയത് ഒന്ന്
മല്ലിയില, കടുക്, ജീരകം
ഉപ്പ് ആവശ്യത്തിനിട്ട കുറച്ചു വെള്ളത്തിൽ ഗോതമ്പും കടലയും ഒന്നിച്ചിട്ട് വേവിക്കുക

മുകളിലെപ്പോലെ കടുക്-ഇഞ്ചി തക്കാളി എന്നിവ ചട്ടിയിൽ റോസ്റ്റ് ചെയ്ത് ക്രീം നിറമാകുംപ്പോൾ മുളകുപൊടി (കുരുമുളകുമാകാം) ചേർത്ത് ധാന്യങ്ങൾ പുഴുങ്ങിയതിൽ ഇട്ട് ഇളക്കിയെടുക്കുക. കടലക്കു പകരം പുഴുങ്ങിയ കൂസാ (അറബിക് പച്ചക്ക്കറി ഉപയഓഗിക്കാം)
കടപ്പാട് : അതുല്യ, മലയാളം ബ്ലോഗ്ഗർ, ദുബായി.