Wednesday, January 03, 2007

പള്‍സ്‌ പോളിയോ പദ്ധതി ഫലപ്രദമോ?

കുട്ടിക്കാലത്ത്‌ ഓറല്‍ പോളിയോ വാക്സിനേഷന്‍ മൂലം പോളിയോബാധിതനായ കോര്‍ട്ടിസ്‌ സ്ട്രോങ്ങ്‌ എന്ന യുവാവിന്‌ കോടതി എമ്പത്തഞ്ചു ലക്ഷം ഡോളര്‍ നഷ്ടപരിഹാരം സെന്റ്‌ ലൂയിസ്‌ കോടതി വിധിച്ചിട്ട്‌ ഒരു വര്‍ഷം തികയുന്ന സമയത്താണ്‌ ലോകാരോഗ്യ സംഘടനയുടെ പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ത്യയിലെ മറ്റൊരു സ്റ്റേജ്‌ രണ്ടായിരത്തി ആറ്‌ മേയ്‌ ഇരുപത്തൊന്നിനു പൂര്‍ത്തിയാക്കുന്നെന്ന വാര്‍ത്ത കാണാനിടയായത്‌.

പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ എന്തുകൊണ്ട്‌ പഠനവിധേയമാക്കേണ്ടതുണ്ട്‌?
മുന്നൂറു കോടി ഡോളര്‍ ചിലവില്‍ ഇരുപതു കോടി കുട്ടികള്‍ക്ക്‌ ഓറല്‍ പോളിയോ വാക്സിന്‍ നല്‍കി ലോകത്തെ മൂന്നുവര്‍ഷം കൊണ്ട്‌ പോളിയോ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടില്‍ ലോകാരോഗ്യ സംഘടന പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിനു തുടക്കം കുറിച്ചു. രണ്ടായിരത്തിയാറിലും ഈ പ്രോജക്റ്റിനു അറുതിയായില്ല എന്നത്‌ പദ്ധതി നടത്തിപ്പില്‍ പൊതുവിലുള്ള കെടുകാര്യസ്ഥത എന്നോ ഇത്ര വലിയ ഒരു സംരംഭമാകയാല്‍ സ്വാഭാവികമായി വരുന്ന കുഴപ്പങ്ങളാണെന്നോ എഴുതി തള്ളാനാവുന്നില്ല. രണ്ടായിരത്തി ഒന്നാമാണ്ടോടെ പോളിയോ ലോകത്തു നിന്നും തുടച്ചു മാറ്റുമെന്ന് അവകാശപ്പെട്ട ലോകാരോഗ്യ സംഘടനയുടെ വക്താവ്‌ ഡോക്ടര്‍ ഡേവിഡ്‌ ഹെയ്മന്‍ രണ്ടായിരത്തി നാലില്‍ പറഞ്ഞത്‌ " പോളിയോ എന്ന മാരകരോഗം അടുത്തകാലത്തുണ്ടായതില്‍ എറ്റവും വന്‍ തോതില്‍ ഇപ്പോള്‍ വര്‍ദ്ധിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇമ്മ്യൂണൈസേഷനില്‍ കാണിക്കുന്ന അലംഭാവം ആകും കാരണം" എന്നാണ്‌ [1] .ഇതിനാല്‍ പള്‍സ്‌ പോളിയോ എന്ന പ്രോജക്റ്റ്‌ ഫലപ്രദമായ ഒരു പരിപാടിയാണോ എന്ന ചോദ്യം ഉന്നയിക്കേണ്ടി വരുന്നു.
“പ്രതിരോധ കുത്തിവയ്പ്പുകള്‍- നൂറുവര്‍ഷത്തെ ഗവേഷണം” എന്ന തന്റെ പുസ്തകത്തിന്റെ ബ്രോഷറില്‍ (എനിക്ക്‌ ഈ പുസ്തകം ഇനിയും വായിക്കാനായിട്ടില്ല)ആസ്ത്രേലിയയിലെ ശാസ്ത്ര-ഗവേഷണ വിഭാഗം മേധാവിയായിരുന്ന ഡോ. ഷീബ്‌നര്‍ [2] പറയുന്നു " പോളിയോ ഒരിക്കലും തനിയേ പൊട്ടിപ്പുറപ്പെടുന്നില്ല, മനുഷ്യന്‍ പലതരം വാക്സിനേഷനുകളും മറ്റും കൊണ്ട്‌ അതിനെ പ്രകോപിച്ച്‌ ഉയിര്‍ത്തുമ്പോള്‍ മാത്രം അതുണ്ടാവുന്നു.” ഗവേഷകരുടെ ഇത്തരം അഭിപ്രായങ്ങള്‍ പള്‍സ്‌ പോളിയോ പരിപാടിയുടെ ആവശ്യകതയെപ്പറ്റി ചിന്തിക്കാന്‍ പ്രചോദനം ആകുന്നു.
രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും കൊടുക്കുന്ന മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചോ അത്യാഹിതമുണ്ടാകാനുള്ള സാദ്ധ്യതയെക്കുറിച്ചോ സര്‍ക്കാര്‍ പ്രചരണങ്ങളില്‍ ഒന്നും കാണാനാവാത്തത്‌ ഈ പദ്ധതിക്ക്‌ ആവശ്യമായ സുതാര്യത നിലവിലുണ്ടോ എന്നും അന്വേഷിക്കുന്നതിനു പ്രേരിപ്പിക്കുന്നു.

എന്താണ്‌ പോളിയോ?
Photobucket - Video and Image Hosting
പോളിയോമിയെലിറ്റിസ്‌ (ചുരുക്കത്തില്‍ പോളിയോ ) എന്ന പിള്ളവാതം (infantile paralysis) പോളിയോവൈറസ്‌ എന്ന തരം RNA വൈറസിനാല്‍ ഉണ്ടാകുന്നു. ഈ സൂക്ഷ്മാണു മനുഷ്യനിലെ ഏ റ്റൈപ്പ്‌ മഞ്ഞപ്പിത്തത്തിനും കന്നുകാലികളിലെ കുളമ്പു ദീനത്തിനും കോഴിവസന്തക്കും കാരണമാകുന്ന പിക്കോണാവിരിഡേ കുലത്തില്‍ പ്പെട്ടവയാകയാല്‍ പോളിയോ രോഗദാതാവിന്റെ മലത്തില്‍ നിന്നും രോഗം ബാധിക്കുന്നയാളിന്റെ വായിലേക്ക്‌ കടന്നെത്തുന്ന തരം പകര്‍ച്ചവ്യാധിയാണ്‌

വിസര്‍ജ്ജ്യങ്ങളും മാലിന്യങ്ങളും കുടിവെള്ളത്തില്‍ കലരുമ്പോഴും, അതിനെക്കാളുപരി കീടനാശിനികളാലും മറ്റും പരിസരം വിഷലിപ്തമാകുമ്പോഴും പോളിയോ പൊട്ടിപ്പുറപ്പെടുന്നെന്നാണ്‌ കാണാന്‍ കഴിയുന്നത്‌. എന്നാല്‍ വസൂരി, പ്ലേഗ്‌ എന്നിവപോലെ വന്‍തോതിലോ മുഖ്യമായൊരു മരണകാരിയായോ പോളിയോ ഒരുകാലത്തും മനുഷ്യന്റെ നിലനില്‍പ്പിനു നേരേ ഭീഷണി ഉയര്‍ത്തിയിട്ടില്ല വായിലൂടെ കടന്ന് കുടലിനേയും രക്തത്തിലെ R N A യെയും ബാധിക്കുന്ന പോളിയോവൈറസ്‌, അവിടെനിന്നും നാഡീവ്യൂഹത്തെ തളര്‍ത്തുകയും അതുവഴി പേശികളുടെ ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു. പലരിലും ഈ തളര്‍ച്ച പല തോതില്‍ ബാധിക്കുന്നു. ഹൃദയത്തെയോ ശ്വാസകോശത്തെയോ പേശീനാശം ബാധിച്ചാല്‍ രോഗി മരിക്കുന്നു. മൂന്നു തരം പോളിയോവൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

പോളിയോ ചരിത്രമുണ്ടായ കാലത്തേയുണ്ടായിരുന്നുവെന്ന് ഗുഹാചിത്രങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ പൊതുവേ വിശ്വസിക്കപ്പെടുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ മാത്രമാണ്‌ ഇതൊരു പരക്കെ പ്രത്യക്ഷമാകുന്ന അസുഖമായി നിരീക്ഷിക്കപ്പെടാന്‍ തുടങ്ങിയത്‌. ലോകത്തെല്ലായിടത്തും ഡി ഡി റ്റി ഉപയോഗത്തിനു ആനുപാതികമായി പോളിയോ പടരുന്നത്‌ കൂടുകയും കുറയുകയും ചെയ്തിട്ടുണ്ടെന്നത്‌ കോശങ്ങള്‍ക്ക്‌ ഡി ഡി റ്റി സംഭരിക്കാനുള്ള കഴിവുമായി ചേര്‍ത്ത്‌ പലതരം ഗവേഷണങ്ങള്‍ നടന്നുവന്നെങ്കിലും ഡി ഡി റ്റി നിരോധിച്ചതിനെ തുടര്‍ന്ന് അതിനു പ്രസക്തി നഷ്ടമാവുകയാണുണ്ടായത്‌.(അമേരിക്കയിലെ ഡി ഡി റ്റി ഉപയോഗവും പോളിയോ പൊട്ടിപ്പുറപ്പെടലും കൃത്യമായ അനുപാതത്തിലാണെന്ന് പലരും കണക്കുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നു.)

ചികിത്സയും പ്രതിരോധവും
പോളിയോയും മറ്റു വൈറസ്‌ ബാധകളെപ്പോലെ ചികിത്സിച്ചു മാറ്റാന്‍ ഇന്നത്തെ വൈദ്യശാസ്ത്രത്തിനു കഴിവില്ല. എന്നാല്‍ ഒരിക്കല്‍ പോളിയോവൈറസിനെ നേരിടേണ്ടിവരുന്ന ശരീരം ആയുസ്സോളം നീളുന്ന പ്രതിരോധശേഷി നേടുമെന്ന തിരിച്ചറിവ്‌ പോളിയോയെ തടുക്കാനുള്ള ശ്രമം വാക്സിന്‍ കണ്ടെത്താനുള്ള അന്വേഷണം മാത്രമായി ചുരുക്കി.

ആയിരത്തി തൊള്ളായിരത്തി അന്‍പത്തഞ്ച്‌ മദ്ധ്യത്തോടെ ഡോ. സാള്‍ക്ക്‌ എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ മൃതരൂപിയായ വൈറസുകളെ കുത്തി വച്ച്‌ പോളിയോയെ ചെറുക്കുന്ന സാള്‍ക്ക്‌ വാക്സിന്‍ കണ്ടെത്തി. ലോകരക്ഷകന്‍ അവതരിച്ചെന്ന മട്ടില്‍ പള്ളികള്‍ കൂട്ടമണിയടിച്ചും ആളുകള്‍ കൂട്ടത്തോടെ പ്രാര്‍ത്ഥിച്ചും അതുവരെ ആഘോഷിച്ചിട്ടില്ലാത്ത വിധത്തിലുള്ള കോലാഹലങ്ങളോടെ സാള്‍ക്‌ വാക്സിനെ സ്വീകരിച്ചു. തുടര്‍ന്ന് അമേരിക്ക മുഴുവന്‍ പോളിയോ വാക്സിനേഷന്‍ നടത്താന്‍ തുടങ്ങി. എന്നാല്‍ അന്‍പത്തിരണ്ടില്‍ അനിയന്ത്രിതമായി പൊട്ടിപ്പുറപ്പെട്ട പോളിയോ പകര്‍ച്ചവ്യാധി ഏതാണ്ട്‌ ഒടുങ്ങുന്നതിന്റെ അവസാന ഘട്ടത്തിലാണ്‌ സാള്‍ക്ക്‌ മരുന്ന് ഇറങ്ങുന്നതെന്ന കാര്യം പലപ്പോഴും മറികടന്ന് 52-ലെ കണക്കില്‍ നിന്നും 60 -ലെ കണക്കിലേക്കുള്ള കുറവ്‌ പോളിയോ വാക്സിനേഷന്റെ ഫലമായിട്ടാണ്‌ വ്യാഖ്യാനിച്ചു കാണുന്നത്‌. ഈ പദ്ധതിക്കു മദ്ധ്യേ കട്ടര്‍ ലാബറട്ടറിയില്‍ ജൈവരൂപത്തിലുള്ള പോളിയോ വൈറസ്‌ കയ്യബദ്ധം മൂലം വാക്സിനില്‍ കടന്ന് പതിനായിരക്കണക്കിന്‌ ആളുകളെ (പലയിടത്ത്‌ കണക്കുകളില്‍ നാല്‍പ്പതിനായിരം മുതല്‍ രണ്ടു ലക്ഷം പേര്‍ വരെ കട്ടര്‍ അത്യാഹിതത്താല്‍ അണുബാധിതരായെന്ന് കാണുന്നു) രോഗബാധിതരാക്കി ലോകത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തങ്ങളില്‍ ഒന്നായി അമേരിക്കന്‍ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതിയെ മാറ്റുകയും ചെയ്തു.

നൂറ്റാണ്ടുകള്‍ക്കു മുന്നേ ഡോ. ജെന്നര്‍ വസൂരി നിര്‍മ്മര്‍ജ്ജനത്തിനായി കണ്ടുപിടിച്ച ഗോവസൂരി പ്രയോഗത്തിന്റെ അതേ തത്വം പിന്തുടര്‍ന്ന സാള്‍ക്കിന്റെ തന്ത്രത്തില്‍ നിന്നും വത്യസ്തമായി ക്ഷീണിത ജൈവ രൂപിയായ പോളിയോ വൈറസിനെ തുള്ളിമരുന്നാക്കി കൊടുത്ത്‌ പ്രതിരോധ ശേഷി നേടിക്കൊടുക്കുന്ന പുതിയ രീതി ആയിരത്തി തൊള്ളായിരത്തി അറുപതില്‍ ഡോ. ആല്‍ബര്‍ട്ട്‌ സാബിന്‍, കണ്ടുപിടിച്ചതിനെ തുടര്‍ന്ന് വന്‍ തോതിലുള്ള പ്രതിരോധ നടപടികള്‍ ലോകമെങ്ങും തുടങ്ങി. രസകരമായ കാര്യം സാള്‍ക്ക്‌ സാബിന്റെ കണ്ടുപിടിത്തത്തേയും സാബിന്‍ മറിച്ചും ഒരിക്കലും അംഗീകരിച്ചില്ല എന്നതാണ്‌. ഇരുവരും പരസ്പരം "അടുക്കള ശാസ്ത്രജ്ഞന്‍, സ്വന്തമായി ഐഡിയ കൂടി ഇല്ലാത്തയാള്‍" എന്നൊക്കെ വിശേഷിപ്പിച്ച്‌ പ്രസ്താവന ഇറക്കുക പതിവായിരുന്നു.

വാക്സിന്‍ജന്യ പോളിയോ
ഇന്ന് അമേരിക്കയില്‍ വൈല്‍ഡ്‌ പോളിയോ കഴിഞ്ഞ പതിനേഴു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തിയിട്ടില്ല, എന്നാല്‍ വാക്സിനാന്‍ സംജാതമാവുന്ന പോളിയോ ഉണ്ടുതാനും. രണ്ടര മില്ല്യണില്‍ ഒരാളെന്ന തോതില്‍ ആളുകള്‍ മാത്രമേ മരുന്നിനാലെ പോളിയോ പിടിപ്പെട്ട്‌ തളര്‍ന്നു വീഴുന്നുള്ളു എന്നാണ്‌ ഓറല്‍ വാക്സിന്‍ നിര്‍മ്മാതാക്കളുടെ വാദം. എന്നാല്‍ ആരോഗ്യ സംഘടനകള്‍ പ്രസിദ്ധപ്പെടുത്തുന്ന കണക്കുകളില്‍ എല്ലാം പ്രതിരോധമരുന്നിലൂടെയല്ലാതെ സംജാതമാവുന്ന "വന്യ" പോളിയോ മാത്രമേ രേഖപ്പെടുത്താറുള്ളു എന്നത്‌ പഠനങ്ങള്‍ ദുഷ്കരമാക്കുന്നു .

വാക്സിന്‍ നിര്‍മ്മാണവും പുതിയ രോഗനങ്ങളുടെ ജനനവും
ലോകത്തിലെ ഒട്ടുമിക്ക കുട്ടികള്‍ക്കും പോളിയോ പ്രതിരോധ മരുന്നു കൊടുക്കുന്നതിനാല്‍ വളരെ വലിയ തോതില്‍ പോളിയോ വൈറസുകളെ വളര്‍ത്തേണ്ടതുണ്ട്‌. ഡോ. സാള്‍ക്കും ഡോ. സാബിനും റീസസ്‌ കുരങ്ങുകളൂടെ വൃക്ക ഉപയോഗിച്ചായിരുന്നു വാക്സിന്‍ നിര്‍മ്മാണത്തിനുള്ള വൈറസുകളെ കൃഷി ചെയ്തിരുന്നത്‌. ക്യാന്‍സറിനു ഹേതുവാകുന്ന സിമിയന്‍ വൈറസ്‌ 40 എന്ന ഭയാനകമാം വിധം അപകടകാരിയായ കുരങ്ങു വൈറസ്‌ പോളിയോ വാക്സിന്‍ വഴി മനുഷ്യനിലേക്കും പടര്‍ന്നു കയറാന്‍ പോളിയോ വാക്സിന്‍ അങ്ങനെ ഹേതുവായെന്ന കണ്ടെത്തല്‍ 1997 ജനുവരി 27നു FDA വിളിച്ചു ചേര്‍ത്ത 30 ശാസ്ത്രജ്ഞന്മാരുടെ യോഗം വഴി അമേരിക്ക ഔദ്യോഗികമായി അംഗീകരിച്ചു. [3] പോളിയോ വാക്സിന്‍ സിമിയന്‍ 40-നു കാരണമായെന്ന് അംഗീകരിക്കപ്പെട്ടതിനെതുടര്‍ന്ന് എയിഡ്‌സിനു ഹേതുവാകുന്ന എച്ച്‌ ഐ വി യും ഇങ്ങനെ സൃഷ്ടമായതാണെന്നും അല്ലെന്നും പലതരം വാദങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്‌.

പോളിയോ ഇന്ത്യയില്‍ എത്രമാത്രം മാരകം?
സെന്‍സസ്‌ കണക്കുകള്‍ അനുസരിച്ച്‌ ഇന്ത്യയില്‍ ആറുവയസ്സിനു താഴെയുള്ള പതിനാറുകോടി മുപ്പത്തെട്ടു ലക്ഷം ആണ്‌. ആയിരത്തിന്‌ അറുപത്തിരണ്ടു മരണം എന്ന കണക്കില്‍ ഇതു പെരുക്കിയാല്‍ ഇന്ത്യയില്‍ ശരാശരി പ്രതിവര്‍ഷം രണ്ടുകോടി തൊണ്ണൂറു ലക്ഷം കുട്ടികള്‍ ജനിക്കുന്നു, പതിനേഴു ലക്ഷത്തി തൊണ്ണൂറ്റേഴായിരം കുട്ടികള്‍ പ്രതിവര്‍ഷം മരിക്കുകയും ചെയ്യുന്നു. ജീവകാരുണ്യ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ എന്‍ ജി ഓ അവരുടെ വെബ്‌ പേജില്‍ കൊടുത്തിരിക്കുന്ന മരണകാരണത്തെ [4] വിഭജിച്ചാല്‍ ശരാശരി രണ്ടര ലക്ഷം കുട്ടികള്‍ ന്യുമോണിയ ബാധിച്ചും അന്‍പത്തിരണ്ടായിരം കുട്ടികള്‍ വിളര്‍ച്ച മൂലവും മുപ്പത്തിനാലായിരം കുട്ടികള്‍ റ്റെറ്റനസ്‌ രോഗത്താലെയും അന്‍പത്തിരണ്ടായിരത്തോളം അതിസാരം ബാധിച്ചും അത്രയും തന്നെ പ്രസവത്തിലും പതിനെണ്ണായിരം കുട്ടികള്‍ അവശ്യം ആഹാരമില്ലാതെയും മരിക്കുന്നു.
മാരകമായ തോതിലോ അല്ലാതെയോ പ്രതിവര്‍ഷം പോളിയോ ബാധിക്കുന്നവര്‍ രണ്ടായിരത്തില്‍ താഴെയാണ്‌. ഇന്ത്യയില്‍ കൊല്ലം തോറും മരിക്കുന്ന പതിനെട്ടു ലക്ഷത്തോളം കുട്ടികളില്‍ പട്ടിണിമരണത്തിനിരയാകുന്ന കുഞ്ഞുങ്ങളോട്‌ തട്ടിച്ചാല്‍ പോലും ഇത്‌ വളരെ ചെറിയ ഒരു സംഖ്യയാണ്‌. മുഖ്യമായ ശിശുമരണഹേതുക്കളില്‍ മിക്കതും ചികിത്സിക്കാനോ പ്രതിരോധിക്കാനോ പോളിയോയുടെയത്ര ബുദ്ധിമുട്ടോ ചെലവോ ഇല്ലയെന്നത്‌ മറ്റുരാജ്യങ്ങളുടേതിനെക്കാള്‍ വത്യസ്തമായ നമ്മുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതിയെ പുനരവലോകനം ചെയ്യാന്‍ പ്രേരകമാകുന്നു.

പള്‍സ്‌ പോളിയോ തുടരേണ്ടതുണ്ടോ?
എല്ലാ കുട്ടികള്‍ക്കും നിരന്തരം വാക്സിന്‍ കൊടുക്കാന്‍ മാത്രം അപകടകരമായ തോതില്‍ പോളിയോ നിലവിലുണ്ടോ? പള്‍സ്‌ പോളിയോ പദ്ധതി പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനു ഉപകരിക്കുന്നുണ്ടോ? ബ്രിട്ടനില്‍ ശാസ്ത്രജ്ഞര്‍ അനുമാനിച്ചതുപോലെ ഇന്ത്യയിലും വാക്സിനേഷന്‍ കൊണ്ട്‌ ഉണ്ടാകുന്ന പോളിയോ, വന്യ പോളിയോ ബാധയെക്കാള്‍ കൂടുതല്‍ ഉണ്ടോ? അമേരിക്കന്‍ കോടതി നിര്‍ദ്ദേശിച്ചതുപോലെ വാക്സിനേഷന്‍ കൊണ്ട്‌ കുട്ടിക്കുണ്ടായേക്കാവുന്ന അപകടങ്ങളെപറ്റി മാതാപിതാക്കളെ ആരോഗ്യപ്രവര്‍ത്തകര്‍ ബോധവാന്മാരാക്കുന്നുണ്ടോ? ഇഞ്ചക്ഷന്‍ വാക്സിനും തുള്ളിമരുന്നും തമ്മിലുള്ള വ്യത്യാസങ്ങളറിഞ്ഞ്‌ അവര്‍ വിവേകപൂര്‍വ്വമായ ഒരു തീരുമാനം ആണോ എടുക്കുക്കാറ്‌? ഇത്രയും ഭീമമായ തോതില്‍ വാക്സിനേഷന്‍ നടക്കുന്ന സമയത്ത്‌ കട്ടര്‍ ലാബ്‌ പോലെ ഒരു അത്യാഹിതമുണ്ടാവുകയാണെങ്കില്‍ അത്‌ ഒരു വന്‍ ദുരന്തത്തിലേക്ക്‌ നയിക്കും. മുഖ്യമായും വാക്സിന്‍ ഇന്തോനേഷ്യയില്‍ നിര്‍മ്മിച്ച്‌ ഇന്ത്യയില്‍ ഉപയോഗത്തിനു തയ്യാറാക്കുകയാണ്‌ ചെയ്യുന്നത്‌. അണുബാധയുണ്ടാകാനുള്ള സാദ്ധ്യതകള്‍ പരിശോധിക്കപ്പെടുന്നുണ്ടോ? അവ എത്രമാത്രം സുരക്ഷിതമാണ്‌? സിമിയന്‍ വൈറസ്‌ പോലെ മരണഹേതുവാകാന്‍ കെല്‍പുള്ള വൈറസുകള്‍, തുള്ളിമരുന്ന് കുട്ടികളിലേക്ക്‌ ഇപ്പോഴും പകരുന്നുണ്ടോ?വാക്സിന്‍ജന്യ പോളിയോയുടെയും മറ്റു മാരകമായ അസുഖങ്ങളുടേയും തോത്‌ ശരിയായ രീതിയില്‍ പഠിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ടോ? തുള്ളിമരുന്നിന്റെ അപകടസാദ്ധ്യത കണക്കിലെടുത്ത്‌ അമേരിക്കയും മറ്റു പല രാജ്യങ്ങളും സാള്‍ക്ക്‌ ഐ പി വി എന്ന കുത്തിവയ്പ്പു സംവിധാനത്തിലേക്ക്‌ തിരികെ പോയതുപോലെ ഇന്ത്യയും പോകേണ്ടതില്ലേ?

പള്‍സ്‌ പോളിയോ പദ്ധതിക്കു നേരേ ഉയരേണ്ട ചോദ്യങ്ങള്‍ പലതാണ്‌. സങ്കീര്‍ണ്ണമായ ഈ പ്രശ്നങ്ങള്‍ക്ക്‌ കൃത്യമായ ഉത്തരങ്ങള്‍ പലതും ആരുടേയും പക്കലില്ല താനും. ദില്ലിയിലെ മൌലാനാ ആസാദ്‌ മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗത്തലവന്‍ ഡോ മിത്തല്‍ ഇന്ത്യന്‍ ജേണല്‍ ഒഫ്‌ പീഡിയാട്രിക്സില്‍ ഇങ്ങനെ എഴുതി " ഇന്ത്യയില്‍ ഓറല്‍ പോളിയോ വാക്സിന്‍ മൂലം എത്രപേര്‍ക്ക്‌ പോളിയോ ബാധിക്കുന്നുണ്ടെന്നതിനെക്കുറിച്ച്‌ ഗൌരവമായ പഠനമൊന്നും നടന്നിട്ടില്ല. നാഷണല്‍ പോളിയോ സര്‍വെയിലന്‍സ്‌ പ്രോജക്ട് കണക്കുകളില്‍ കാണുന്ന സംഖ്യകള്‍ അവിശ്വസനീയമാം വിധം കുറവാണ്‌ - മരുന്നെന്ന പേരില്‍ നിര്‍വീര്യവും ഉപയോഗശൂന്യവുമായ എന്തെങ്കിലുമല്ല കുട്ടികള്‍ക്ക്‌ കൊടുക്കുന്നതെങ്കില്‍.” [5]
-------------------------------------------------------------------------------

1. ഇന്ത്യന്‍ ജേണല്‍ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌, വോളിയം 58, ഇഷ്യൂ 6, പേജ്‌ 266
2. http://www.whale.to/vaccines/scheibner.html
3. http://www.fda.gov/cber/minutes/sv40012797-1.htm
4. http://www.indianngos.com/issue/health/statistics/infantandchilddeaths.htm
5. ഇന്ത്യന്‍ ജേണല്‍ ഓഫ്‌ പീഡിയാട്രിക്സ് 2003 വോള്യം 70, ഇഷ്യൂ 7, പേജ്‌ 573.
[തര്‍ജ്ജനി ജൂണ്‍ 2006 ലക്കത്തില്‍ പ്രസിദ്ധീകരിച്ച എന്റെ ലേഖനം]