Sunday, March 02, 2008

രക്താതിസമ്മര്‍ദ്ദം എങ്ങനെ ചെറുക്കാം?

രക്താതിസമ്മര്‍ദ്ദം എന്താണെന്നും അതുകൊണ്ട് സംഭവിച്ചേക്കാവുന്നതെന്താണെന്നും അറിയാന്‍ ഡോ. സൂരജിന്റെ പോസ്റ്റ് നോക്കുക. ഒട്ടുമിക്കവരിലും അത് ലക്ഷണങ്ങളൊന്നും കാണിക്കില്ല എന്നതിനാല്‍ വീട്ടില്‍ ഒരു സ്ഫിഗ്മോമാനോമീറ്റര്‍ ഹോം എഡിഷന്‍ വാങ്ങി വയ്ക്കുന്നതും ഇടയ്ക്കൊക്കെ വീട്ടിലുള്ളവരുടെ രക്തസമ്മര്‍ദ്ദം ഒന്നു പരിശോധിക്കുന്നത് നല്ലതാണെന്നും എന്റെ അഭിപ്രായം. ഒരു നല്ല മോഡല്‍ മൊബൈല്‍ ഫോണിന്റെ നാലിലൊന്നു വിലയേ ഇതിനുള്ളു.

രക്താതിസമ്മര്‍ദ്ദത്തിന്റെ ചികിത്സ എന്തെന്ന് സൂരജിന്റെ വരും പോസ്റ്റില്‍ വിശദീകരിക്കുമെന്ന് കാണുന്നു. ആയുര്വ്വേദത്തിലും ചികിത്സകളുണ്ടെന്ന് കാണുന്നു. എങ്കില്‍ പിന്നെ പ്രകൃതിജീവനം (എപ്പോഴും എഴുതുന്ന മുന്നറിയിപ്പ്, പ്രകൃതിജീവനം എന്നാല്‍ ഒരു ചികിത്സാ സമ്പ്രദായമല്ല, സ്വയം ചികിത്സയോ ചികിത്സവേണ്ടുമ്പോള്‍ ചെയ്യാതിരിക്കലോ അല്ല. പ്രകൃതിജീവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാളിനു വൈദ്യസഹായം വേണ്ടിവന്നാല്‍ തേടുക തന്നെ വേണം) എന്ന മാര്‍ഗ്ഗത്തില്‍ വെറുതേ സമയം കളയേണ്ടതുണ്ടോ എന്ന് നിങ്ങള്‍ ചോദിക്കാന്‍ പോവുകയല്ലേ?

തീര്‍ച്ചയായും വേണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനു മരുന്നുകള്‍ കഴിച്ചാല്‍ അവ താഴ്ന്നു വരും. പക്ഷാഘാതത്തില്‍ നിന്നും നല്ലൊരളവും രക്തസമ്മര്‍ദ്ദജന്യഹൃദ്രോഗത്തില്‍ നിന്നും ചെറിയൊരളവും അത് നിങ്ങള്‍ക്ക് സം‌രക്ഷണവും തരും. എന്നാല്‍ സ്വാഭാവികമായി രക്തസമ്മര്‍ദ്ദം അനുയോജ്യമായി നില്‍ക്കുന്ന ഒരുവനോളം സം‌രക്ഷണം നിങ്ങള്‍ക്ക് തരാന്‍ മരുന്നുകളാലെ അതിനെ താഴ്ത്തിയാല്‍ കഴിയുമോ? തീര്‍ച്ചയായും ഇല്ല എന്നാണ്‌ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്.

സനാതനരോഗമായതിനാല്‍ ദീര്‍ഘകാലം, ചിലപ്പോല്‍ ശിഷ്ടജീവിതം മുഴുവന്‍ മരുന്നു കഴിക്കേണ്ടിവരുമെന്നും മരുന്നുകളൊന്നും തന്നെ പൂര്‍ണ്ണമായും പാര്‍ശ്വഫലവിമുക്തമല്ലെന്നും ഞാന്‍ പറയേണ്ടതില്ലല്ലോ. ശരീരത്തിനു ഭേദമാക്കാന്‍ കഴിയാതെ വരുന്ന പിഴവുകള്‍ക്കാണ്‌ മരുന്നുകളെ ആശ്രയിക്കേണ്ടിവരുന്നത്.

രക്തസമ്മര്‍ദ്ദം ഉയര്‍ന്നാല്‍ അതു താഴ്ത്തുന്നതെങ്ങനെ എന്നു പറയും മുന്നേ, അതിന്റെ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാകാതിരിക്കാന്‍ എന്തു ചെയ്യണം? ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രക്തക്കുഴലുകള്‍ പൊട്ടിയോ അടഞ്ഞോ പക്ഷാഘാതമുണ്ടാവാന്‍ കാരണമായേക്കാം എന്ന് സൂരജിന്റെ പോസ്റ്റില്‍ വായിച്ചല്ലോ. നമ്മുടെ ഒന്നാമത്തെ പ്രശ്നം അവിടെക്കിടക്കുന്നു. ഐസോമെട്രിക്സ് (ഭാരോദ്വഹനം പഞ്ചഗുസ്തി തുടങ്ങിയവ) ചെയ്യുമ്പോള്‍ കായികതാരത്തിന്റെ രക്തസമ്മര്‍ദ്ദം 500/400 വരെയൊക്കെ ദിവസേന ഉയരാറുണ്ട്. കുഞ്ചലറാണിക്കും ക്രിസ് ലീറോക്സിനും വരാത്ത പക്ഷാഘാതം സിസ്റ്റോളില്‍ മെര്‍ക്കുറി നൂറ്റമ്പതു വരെ പൊക്കുന്നതല്ലാതെ ജീവിതത്തില്‍ ഇന്നുവരെ ഒരു വെയിറ്റും പൊക്കാത്ത പാവം മത്തായിച്ചനെങ്ങനെ വരുന്നു? ആരോഗ്യമുള്ള രക്തക്കുഴലുകള്‍ വലിയ സമ്മര്‍ദ്ദം താങ്ങും, ഇലാസ്തികത കുറഞ്ഞവയും ഫാറ്റ് പാച്ച് വീണവയും വേഗം പൊട്ടുകയും അടയുകയും ചെയ്യും.

റൂള്‍ നമ്പര്‍ വണ്‍- രോഗിവര്യന്‍ നാഥന്‍ പ്രിട്ടിക്കിന്‍ പണ്ടേ പറഞ്ഞതുപോലെ "ഹാവ് ബേബി-ഫ്രെഷ് ആര്‍ട്ടറീസ് !


ഇനി രക്തസമ്മര്‍ദ്ദത്തിന്റെ കാരണങ്ങളിലേക്ക് പോകാം. ബാരോറിസപ്റ്ററുകള്‍ ഉയര്‍ന്ന സമ്മര്‍ദ്ദത്തെ സാധാരണയെന്ന് അംഗീകരിക്കുക, അഡ്രിനല്‍ ഗ്രന്ഥി തെറ്റായ അളവ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുക, വൃക്കകള്‍ വാട്ടര്‍ റിട്ടന്‍ഷനും മറ്റും നടത്തി രക്തത്തിന്റെ അളവു തെറ്റിക്കുക എന്നിവയാണ്‌ മുഖ്യകാരണങ്ങളഅയി വരുന്നതെന്ന് സൂരജിന്റെ പോസ്റ്റും കമന്റുകളുമായി കണ്ടല്ലോ. ഇത് മൂന്നും എന്തുകൊണ്ട് സംഭവിക്കുന്നു എന്നു കണ്ടെത്തി പരിഹാരം കാണുകയാണ്‌ നമ്മുടെ ലക്ഷ്യം.

ഓരോന്നായി എടുക്കാം: എന്തുകൊണ്ട് ബാരോറിസപ്റ്ററുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്‌ അനുവദിക്കുന്നു?
ഒന്നുകില്‍ ശരീരത്തിനു സാധാരണ തോതില്‍ രക്തസമ്മര്‍ദ്ദം കൊണ്ട് രക്തത്തിന്റെ ചുമതലകള്‍ നിര്വ്വഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ അല്ലെങ്കില്‍ ബയോറിസപ്റ്ററുകള്‍ക്ക് കണക്കു പിഴച്ചിട്ട്. രക്തം സിരകളിലോടുന്നത് മുഖ്യമായും ഓക്സിജനും മറ്റ് ഇന്ധനങ്ങളും പേശികള്‍ക്ക് നല്‍കുവാനും കാര്‍ബണ്‍ ഡയോക്സൈഡും മറ്റു ചപ്പു ചവറുകളും നീക്കം ചെയ്യാനുനും ശരീരതാപനില ആവശ്യമുള്ളതുപോലെ നിലനിര്‍ത്താനും യുദ്ധോപകരണങ്ങള്‍ പട്രോള്‍ ചെയ്യിക്കാനും ആണ്‌(വിശദമായി ആരുടെയോ ബ്ലോഗില്‍ എഴുതിയെന്ന് ഓര്‍മ്മ) . ശരീരത്തിന്‌ ആവശ്യമുള്ള ഓക്സിജന്‍ കിട്ടാനായി അത് രക്തസമ്മര്‍ദ്ദം ഉയര്‍ത്തും. (സാധാരണഗതിയില്‍ പമ്പിങ്ങ് റേറ്റ് കൂട്ടി) വ്യായാമം ചെയ്യുമ്പോള്‍ ബി പി ഉയരുന്നതിന്റെ (വെയി ലിഫ്റ്റ് ചെയ്യുമ്പോള്‍ അഞ്ചാറിരട്ടിയാകുന്നതിന്റെയും) കാരണം ഇതാണ്‌. ടെന്‍ഷന്‍ അടിച്ചാല്‍ ബി പി കൂടുന്നത് എന്തിനെന്നും ഇപ്പോള്‍ ഊഹിക്കാമല്ലോ. രക്തക്കുഴലുകള്‍ക്ക് ഇലാസ്തികത കുറഞ്ഞാല്‍ ഉയര്‍ന്ന വാസ്കുലര്‍ റെസിസ്റ്റന്‍സ് ആവശ്യമായി വരുന്നു. രക്തത്തിനു കട്ടി കൂടുതലാണെങ്കിലും അങ്ങനെ തന്നെ (Poiseiulle's law) . പരിഹാരം? ഒന്നാമത്തേത് പറഞ്ഞുകഴിഞ്ഞു, ഹാവ് ബേബി ഫ്രഷ് ബ്ലഡ് വെസല്‍സ്. പിന്നെ? രക്തം ഒട്ടല്‍ കൂടിയത് ആക്കാതെയിരിക്കുക.

ഇത്തരത്തിലുള്ള രക്തസമ്മര്‍ദ്ദത്തെ മരുന്നുകൊണ്ട് കുറച്ചാല്‍ അടിസ്ഥാന പ്രശ്നം പരിഹരിക്കുന്നതിനു പകരം സ്വാഭാവിക പരിഹാരത്തെയാണ്‌ ഇല്ലാതെയാക്കുന്നത്.

ബാരോറിസ്പ്റ്ററുകള്‍ക്ക് കണക്കു തെറ്റി നൂറ്ററുപതിനെ നൂറെന്ന് വായിക്കുകയാണെങ്കിലോ? ആരോഗ്യമുള്ള ശരീരത്തില്‍ കൊള്ളാവുന്ന ടിഷ്യൂകള്‍ കാണും എന്ന് സമാധാനിക്കാം. തെറ്റിയവയ്ക്ക് മരുന്നു തന്നെ വേണ്ടിവരും. നല്ല ഇലാസ്തിക ധമനിയ്ക്കും അയവുള്ള രക്തത്തിനും പരിഹരിക്കാനാവാത്ത ബാരോ-സിമ്പതി ആണെങ്കില്‍ ആശുപത്രി ചലോ. മരുന്ന് ഖാവോ. (നിസ്സാരന്യൂനപക്ഷത്തിനേ ഈ കഷ്ടകാലം ഉണ്ടാവൂ)

ഇയാള്‍ കുറേ നേരമായി ഫ്രഷ് ബ്ലഡ്‌വെസ്സല്‍ എന്നു പറയുന്നല്ലോ ഇതെങ്ങനെ ഉണ്ടാക്കും എന്നല്ലേ? ആദ്യമായി, പുക വലിക്കരുത്. പുകവലി രക്തക്കുഴലുകളെ കട്ടിയുള്ളതാക്കും, രക്തത്തെ ഒട്ടല്‍ കൂടിയതും. പുകവലി രക്തത്തിലെ ഓക്സിജന്‍ അളവു കുറയ്ക്കും, ശ്വാസകോശത്തിന്റെ കപ്പാസിറ്റി കുറച്ച് ഓക്സിജന്‍ സ്വീകരണത്തോടും കുറയ്ക്കും. ഒരു ബി പി മോണിറ്റര്‍ കെട്ടിക്കൊണ്ട് പുകവലിച്ചാല്‍ തോത് ക്ഷണം പത്തിരുപത് പോയിന്റ് ഉയരുന്നത് കാണാം.

അടുത്തത് വ്യായാമം. ഏറോബിക്ക് എക്സര്‍സൈസ് (എങ്ങനെ എന്നതിന്‌ പഴയ വ്യായാമം എന്ന പോസ്റ്റ് നോക്കുക) ശ്വാസകോശത്തിന്റെയും ഹൃദയപേശികളുടെയും ധമനികളുടെയും ആരോഗ്യം സ്ഥിരവ്യായാമം മൂലം കൂട്ടുന്നു, ഹാര്‍ട്ട് റേറ്റ് കുറച്ച് ആര്‍ട്ടറിയല്‍ റെസിസ്റ്റന്‍സ് താഴ്ത്തുന്നു. വ്യായാമം തുടങ്ങും മുന്നേ സമൂലം ചെക്ക് അപ്പ് നടത്തി എന്തൊക്കെ ചെയ്യാന്‍ പോകുന്നു എന്ന് ഡോക്ടറോട് ചര്‍ച്ച ചെയ്യുക. ഒറ്റ ദിവസം കൊണ്ട് എടുത്തു ചാടരുത്, പുകവലിയുണ്ടെങ്കില്‍ ഏറോബിക്സ് അരുത്, തുടങ്ങിയാല്‍ കുറഞ്ഞത് ആഴ്ച്ചയില്‍ അഞ്ചു ദിവസം ചെയ്യാന്‍ കഴിയണം. വ്യായാമം തുടങ്ങി രണ്ടുമാസം കൊണ്ട് പ്രകടമായും രക്തസമ്മര്‍ദ്ദ തോതില്‍ നോര്‍മലിലേക്കുള്ള യാത്ര പത്തു മുതല്‍ ഇരുപത് ശതമാനം വരെ കുറഞ്ഞു കണ്ടാല്‍ വര്‍ക്കൗട്ട് ഫലിക്കുന്നുണ്ട്. മൂന്നു നാലു വര്‍ഷം കൊണ്ട് സമ്മര്‍ദ്ദത്തിനെ ഒതുക്കാന്‍ കഴിയേണ്ടതാണ്‌.

ഇനിയും വഴികളുണ്ട്. ലളിതമയൊരു പ്രാണായാമം വഴി ശ്വാസകോശത്തെയും ധമനികളെയും എക്സര്‍സൈസ് ചെയ്യിക്കാം. കൈവിരല്‍ കൊണ്ട് ഒരു മൂക്ക് അടച്ചു പിടിച്ച് ശ്വാസം വലിക്കാവുന്നതിന്റെ പരമാവധി അകത്തേക്ക് വലിക്കുക. എന്നിട്ട് രണ്ടുമൂക്കും അടയ്ക്കുക. വിഷമതകളൊന്നുമില്ലാതെ ശ്വാസം ഉള്ളില്‍ നിര്‍ത്താവുന്നതിന്റെ പരമാവധി നിര്‍ത്തിയശേഷം മറു മൂക്ക് വഴി തുറന്നു വിടുക. ക്ലീവ്ലന്‍ഡ് ബ്രിഡ്ജ് ആശുപത്രി ഇതിനായി മാര്‍ക്കറ്റ് ചെയ്യുന്ന യന്ത്രം ഉപയോഗിക്കാവുന്നതാണ്‌ (ഞാനിത് കണ്ടിട്ടുപോലുമില്ല, വായിച്ചതേയുള്ളു. പ്രാണായാമത്തിനു യന്ത്രത്തിന്റെ അത്യാവശ്യമൊന്നുമില്ല) . തായ്-ചി ആയോധനം പരിശീലിച്ചാലും പ്രാണായാമത്തോട് അടുത്തു നില്‍ക്കുന്ന ഫലം സിദ്ധിക്കുമെന്ന് അമേരിക്കന്‍ പഠനങ്ങള്‍ കാണിക്കുന്നു.

(സമയപരിമിതി മൂലം ബാക്കി ഭാഗങ്ങള്‍ അടുത്ത ലക്കത്തിലാക്കുന്നു. വരാന്‍ പോകുന്നത് റെനല്‍/ അഡ്രിനല്‍ ഹൈപ്പര്‍ടെന്‍ഷനുകള്‍ക്ക് പ്രകൃതിജീവനം കൊണ്ട് എന്തു ചെയ്യാനാകും, ഭക്ഷണത്തില്‍ എന്തെങ്കിലും ഉള്‍പ്പെടുത്തുന്നത് രക്താതിസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമോ എന്നീ കാര്യങ്ങള്‍)

10 comments:

ദേവന്‍ said...

ഈ വിഷയത്തില്‍ എന്തെങ്കിലും എഴുതണമെന്ന് രണ്ടാഴ്ച്ചയായി വിചാരിച്ചിട്ട് ഇതുവരെ നടന്നില്ല. കിട്ടിയ സമയത്തിനു ധൃതിയില്‍ ഉണ്ടാക്കിയതാണ്‌, അക്ഷര/വ്യാകരണ/ആശയത്തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടിത്തരുമല്ലോ.

ലിങ്കുകളും സമയപരിമിതി മൂലം കൊടുക്കാന്‍ പറ്റിയില്ല

vadavosky said...

വളരെ നന്നായി.
യോഗ ചെയ്യുന്നത്‌ ബി.പി. കുറയ്കുമോ, ഭക്ഷണരീതികള്‍ എന്തൊക്കെ എന്നത്‌ കൂടി ഉള്‍പ്പെടുത്തുമല്ലൊ.

മായാവി.. said...

ഉപകാരപ്രദമായപോസ്റ്റ്, ഇനിയുംപ്രതീക്ഷിക്കുന്നു. കമന്റ് കുറഞ്ഞതിനാല്‍ നിര്‍ത്തല്ലെ. കള്ള്കുടിയെപ്പറ്റി ഒരു പോസ്റ്റെഴുതുകയോ, കാക്കയുടെയുംപൂച്ചയുടെയും ചിത്രം പൊസ്റ്റുകയോ ചെയ്തിരുന്നെങ്കിലിപ്പൊ കമന്റ് കൊണ്ട് നിറഞേനെ,(ഇല്ലെപ്പിന്നെ ഒരു പെണ്ണിന്റെ പേരില്‍ പോസ്റ്റിയാലും മതി);-)
കല്ലെടുത്തുകീച്ചരുതേ നാട്ടാരെ....

പരാജിതന്‍ said...

“പുക വലിക്കരുത്!“ എന്നു വായിച്ചപ്പോള്‍ എന്റെ ബി പി കൂടി. :) അടുത്തത് വേഗം വരട്ടെ.

ദിലീപ് വിശ്വനാഥ് said...

ദേവേട്ടാ വളരെ ഉപകാരപ്രദമായ പോസ്റ്റ്. നല്ല ആഹാരശീലങ്ങള്‍ തന്നെയാണ് ബി.പി. കുറയ്ക്കനുള്ള ഏറ്റവും നല്ല വഴി അല്ലേ?

അതുല്യ said...

ദയവായിട്ട് ഇനി ഒന്നും എഴുതണ്ട. ആ ഡോ. സൂരജ് എഴുതിയതൊക്കെ തന്നേയും വായിച്ച് ഞാന്‍ അങ്കലാപ്പിലായി ഇരിയ്ക്ക്കുമ്പോ ദേവനും കൂടീ എഴുതി പേടിപ്പിയ്ക്കല്ലേ ഞങ്ങളേ. ഇതൊക്കെ വായിയ്ക്കുമ്പോ ഞാന്‍ കരുതും, ഇന്ന് മുതല്‍, ഉള്ളി ചമ്മന്തി അരുത്, എന്നും നടത്തം, ഒരു നേരം സാലഡ്, ഒരു നേരം ബോയില്‍ഡ് വെജ്, ആഴ്ച്ചയിലൊരിയ്ക്കല്‍ ഫ്രൂട്ട് ഫാസ്റ്റിങ്ന്ന് ഒക്കെ. പാര്‍ക്കിങില്‍ വണ്ടിയിട്ട് തിരിയുമ്പോ, മദീനയിലെ ചെക്കന്‍ പറയും, ചേച്ചീ പുതിയ കൂര്‍ക്ക വന്നു, കപ്പ വന്നു, ഇതൊക്കേനും മറന്ന്, കപ്പയും ഉള്ളി ചമ്മന്തീം ഉണ്ടാക്കുമ്മ്.

മായാവിയ്ക്ക്.. ദേവന്‍ ഇത് വരെ 3 കൊല്ലമാ‍യിട്ട് എഴുതുന്നത്, കമന്റ് നോക്കീ റ്രിഫ്രഷാക്കി എണ്ണം കൂ‍ടുന്നത് കണ്ട് ആര്‍മാദിച്ചല്ലാട്ടോ. പിന്നെ വായിച്ചവരും, ഇത് മനസ്സില്ലാക്കീയവരും, പിന്നീട് കമന്റിയവരും തമ്മില്‍ ഒരു പ്രൊപോഷനുമില്ലന്നേ. കല്ലൊന്നും എടുത്തില്ല ഞാന്‍, തിരിഞു നടന്നു, പെണ്ണ് പെണ്ണ് പെണ്ണ് ന്ന് മനുഷ്യരു പറഞത് കേട്ട് ഞാന്‍ മടുത്തു. എല്ലാത്തിനുമെന്തിനു ഈ പെണ്ണിനെ പഴിയ്ക്കണത്? പെണ്ണായി പോയതല്ലേ ചിലരു? മൈ ഫൂട്ട്!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നല്ല ലേഖനം. രക്തക്കുഴലുകള്‍ക്ക് ഇലാസ്തികത കുറഞ്ഞാല്‍ ഉയര്‍ന്ന വാസ്കുലര്‍ റെസിസ്റ്റന്‍സ് ആവശ്യമായി വരുന്നു. If elasticity is reduced there is already increased vascular resistance.
ഇവിടെ ഒരു അവ്യക്തത. ഇലാസ്തികത കുറയുമ്പോള്‍ അതിനെ അതിജീവിക്കുവാന്‍ ഹൃദയത്തിന്‌ കൂടുതല്‍ ശക്തി ഉപയോഗിക്കേണ്ടി വരുന്നു.
Pl continue

Radheyan said...

നന്ദി ദേവേട്ടാ, പൊണ്ടാട്ടിക്ക് പേറ് കഴിഞേ പ്പിന്നെ സമ്മര്‍ദ്ദം കുറയുന്നില്ല.still under medication.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വാല്‌മീകിജീ, നല്ല ആഹാരശീലം മാത്രം പോരാ- ക്രമമായ വ്യായാമവും വേണം , വ്യായാമമാണ്‌ കൂടുതല്‍ പ്രധാനം എന്നും പറയാം

ബയാന്‍ said...

"ഡോ. സൂരജിന്റെ പോസ്റ്റ് നോക്കുക" എന്നിടത്തു ഒരു കൊളുത്തിട്ടാല്‍ നന്നായിരിക്കും ദേവാ.

പിന്നെ ഒരു സംശയം: ഈ ഭൂമി, ചന്ദ്രന്‍, കറക്കം, വേലിയേറ്റം, കാന്തികതരംഗം, നൈറ്റ് ഷിഫ്റ്റ്; നേരോം കാലോംന്നുമില്ലാത്ത ഉറക്കം.. ഈ കാര്യങ്ങക്ക് രക്തസമ്മര്‍ദ്ദം കൂട്ടുന്നുണ്ടോ..ഉച്ചയ്ക്കു കര്‍ട്ടനിട്ടു ഇരുട്ടാക്കിയുറങ്ങുന്ന ഗ്രോസറി മുതലാളി ണീറ്റു മുഖം തിരുമ്മി വന്നു തക്കാളിയെറിഞ്ഞു പയ്യന്മാരിയിട്ടുഓടിക്കുന്നതു കണ്ടതു കൊണ്ടു ചോദിച്ചുപോയതാ..