Monday, April 24, 2006

മദ്യസാരം

Image hosting by Photobucket
ഛീ മദ്യമോ? എന്നു ചോദിക്കാനാണാദ്യം തോന്നുന്നതല്ലേ? മലയാളി പുരുഷന്മാരില്‍ 60 ശതമാനത്തോളം [സ്ത്രീകളുടെ കണക്കുകള്‍ ശരിയാവില്ല!]‍മദ്യപിക്കുന്ന നാടാണു നമ്മുടേത്‌. മദ്യത്തെക്കുറിച്ച്‌ മിണ്ടരുത്‌ എന്നാല്‍ ആരും കാണാതെ വീശാം എന്നൊരു ട്രെന്‍ഡ്‌ ആപല്‍ക്കരമല്ലേ, ഞാന്‍ തന്നെ വിളിച്ചു കൂകാം മലയാളിരാജന്‍ ഉടുമുണ്ടില്ലാതെ ഓടയില്‍ ഇഴയുന്നേ എന്ന്‌.

വേദകാലം മുതല്‍ക്ക്‌ ബ്രാഹ്മണര്‍ ജൈന-ബുദ്ധ അചാരങ്ങളെ അനുകരിക്കുംവരെ സുരസോമാദികള്‍ വളരെ ആദരണീയമായ പാനീയങ്ങളായിരുന്നു. സാത്വികമല്ലാത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കിയ കൂട്ടത്തില്‍ നമുക്കു മദ്യപാനവും അധ:കൃതരുടെയും രാജാക്കന്മാരെപ്പോലെ സുഖലോലുപരുടെയും മാത്രം വിനോദമായി.കുറച്ചെങ്കിലും ഇതുമാറ്റാനായത്‌ വെള്ളയീച്ചരന്‍ മഞ്ഞുനാട്ടില്‍ നിന്നും എത്തിയപ്പോഴാണ്‌. (ഇപ്പോഴും സുഖം നമുക്കു പാപം തന്നെ. ഇതു രണ്ടും കൂടെ കൂടിക്കുഴഞ്ഞ്‌ രതിലീലയും പീഡിപ്പിക്കലും ഒന്നാണെന്നും കുടിച്ചാല്‍ മോഷണവും ആകാമെന്നും വരെയായിത്തുടങ്ങി)

കൃശസ്ഥൂലഹിതം രൂക്ഷം സൂക്ഷ്മം സ്രോതോവിശോധനം
വാതശ്ലേഴ്മഹരം യുക്ത്യാപീതം വിഷവദന്യഥാ (അഷ്ടാംഗഹൃദയം 5-68)

അഷ്ടാംഗഹൃദയത്തിന്‍പടി വിധിയാംവിധം പാനം ചെയ്താല്‍ മദ്യം എല്ലാവര്‍ക്കും നല്ലതാണ്‌. പക്ഷേ ചിട്ട തെറ്റിച്ചാല്‍ ആരോഗ്യനാശകാരിയും. എന്താണീ നല്ലതെന്നു വച്ചാല്‍?
1. മദ്യത്തിനു ഒരു റിലാക്സേഷന്‍ ഇഫക്റ്റ്‌ ഉണ്ടെന്നതിനു രണ്ടു പക്ഷമില്ല.
ഇതിനെ പലയിടത്തും പഴയ താടികള്‍ രാസമൂര്‍ച്ഛ chemical orgasm എന്നു വരെ വിശേഷിപ്പിച്ചിട്ടുണ്ട്‌ .
2. മദ്യത്തിനു എല്‍ ഡി എല്‍ കുറക്കാന്‍ കഴിയും. എച്ച്‌ ഡി എല്‍ കൂട്ടാന്‍ കഴിയുന്ന അപൂര്‍വ്വം വസ്തുക്കളില്‍ ഒന്നാണ്‌ മദ്യം. രക്തം നേര്‍പ്പിക്കാനും മദ്യത്തിനു കഴിയും. അങ്ങനെ മദ്യം ഹൃദയ-പക്ഷാഘാതങ്ങള്‍, ഡയബെറ്റിസ്‌ എന്നിവയില്‍ നിന്നും കുറെയൊക്കെ സംരക്ഷണം തരുന്നു.
3.ആര്‍ത്തവവിരാമമായ സ്ത്രീകളില്‍ മദ്യത്തിനു ഈസ്റ്റ്രജന്‍ നിരക്കു കൂട്ടാനും രക്തം കട്ടിപിടിക്കുന്നത്‌ തടയാനും സഹായകരമാണ്‌.
ഒന്നു മുതല്‍ രണ്ടു വരെ ഡ്രിങ്ക്‌ (എന്നു വച്ചാല്‍ രണ്ടു ഗ്ലാസ്‌ വിസ്കി ആണോ എന്നു ഒരു റ്റീം പണ്ട്‌ ചോദിച്ചു!)കഴിക്കുന്നവര്‍ മദ്യപിക്കാത്തവരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നു.

എന്നാല്‍ പിന്നെ ഡോക്റ്റര്‍മാരെല്ലാം നമ്മളോട്‌ പോയി അടിക്കടേ വെള്ളം എന്നു പറയാത്തതെന്തേ?

1. മദ്യാസക്തി മൂന്നു തരത്തില്‍ നമ്മളെ തട്ടിക്കളയും- ഒട്ടുമിക്ക ആന്തരികാവയവങ്ങളെയും നാഡീവ്യൂഹത്തേയും പേശികളേയും തകര്‍ക്കും. അപകടത്തില്‍ പെടുത്തും. ജീവിതത്തില്‍ നമ്മളെ ആരുമല്ലാതെയും ആക്കും.

2. 14 മില്ല്യണ്‍ അമേരിക്കക്കാര്‍ മദ്യപാനാസക്തിയെന്ന രോഗത്തിനടിമകളാണ്‌. പ്രതിവര്‍ഷം 100 ബില്ല്യണ്‍ ഡോളര്‍ മദ്യവുമായി ബന്ധപ്പെട്ട ചികിത്സക്ക്‌ അമേരിക്ക ചിലവിടുന്നു. 60% കൊലപാതകം, പീഡനം, മറ്റു കുറ്റകൃത്യങ്ങല്‍ എന്നിവ മദ്യലഹരിയില്‍ സംഭവിക്കുന്നു

മദ്യം ചെറു സുഖവും ചെറിയതോതില്‍ ആരോഗ്യപുഷ്ടിയും തരുന്നെങ്കിലും മദ്യത്തില്‍ പിഴച്ചാല്‍ ജീവിതം കുട്ടിച്ചോറാകുമെന്ന് ചുരുക്കം.

ഇതെല്ലാം അറിയുമെങ്കിലും മദ്യപിക്കാം കുഴപ്പമില്ല എന്ന ധൈര്യം തോന്നുന്നു എങ്കില്‍:
1. ഒരു ദിവസം രണ്ട്‌ ഡ്രിങ്കില്‍ കൂടുതല്‍ കഴിക്കാതെയിരിക്കുക (ഒരു കാരണവശാലും ബിഞ്ജ്‌ അഥവാ കുന്തം മറിയല്‍ എന്ന രീതിയില്‍(സാധാരണ ഗതിയില്‍ 4+ എണ്ണം) കഴിക്കാതെ ഇരിക്കുക

2. വ്യാജ മദ്യം സൂക്ഷിക്കുക. നമ്മൂറ്റെ തൊലിക്കകത്തുള്ളതെല്ലാം തകര്‍ക്കുന്ന വ്യാജന്‍ സിവില്‍ സപ്പ്ലൈസില്‍ വരെ സുലഭം-ഇതില്‍ മീഥെയില്‍ ആല്‍ക്കഹോള്‍ മുതല്‍ Govt India banned drug No. 43 under Section 26A of the Drugs & Cosmetics Act 1940 ആയ ആനമയക്കി അഥവാ ക്ലോറല്‍ ഹൈഡ്രേറ്റ്‌ വരെ ഉണ്ട്‌. ചെത്തുന്നതിന്റെ ഇരട്ടി കള്ള്‌ വില്‍ക്കുന്ന നാടാണു കേരളം!!
(ഞാന്‍ നാട്ടില്‍ ആണെങ്കില്‍ വൈനോ ക്യാനില്‍ കിട്ടുന്ന കിംഗ്‌ ഫിഷര്‍ ബീറോ മാത്രമേ കഴിക്കാറുള്ളു. അതൊന്നും പോരെങ്കില്‍ വിശ്വസ്ഥനായ ഒരു മിലിട്ടറിയെ കണ്ടു പിടിക്കുക (നമ്മുടെ അതുല്യ വരെ മായം ചേര്‍ത്തിട്ടുണ്ടത്രേ!!)

3. ഒരുകാരണവശാലും കുടിച്ച്‌ വാഹനം തൊടരുത്‌. മൊത്തം വാഹനാപകടങ്ങളുടെ പകുതിയിലും ഒരാള്‍ മദ്യപിച്ചിരുന്നതായി കാണുന്നുവെന്ന് കേരളത്തിലെ ഒരു പത്രവാര്‍ത്ത കണ്ടിരുന്നു.
മിക്കവാറും എല്ലാ രാജ്യത്തും വലിയ കുറ്റമാണിത്‌
4. വളരെ സാവധാനം കുടിക്കുക.
5. നിര്‍ബ്ബന്ധത്തിനു വഴങ്ങി കുടിക്കാതെയിരിക്കുക
6.മദ്യാസക്തിയിലെ പാരമ്പര്യത്തിന്റെ പങ്ക്‌ മാനസികമോ ശാരീരികമോ ആയ എന്തെങ്കിലും വിശേഷമാണോ എന്ന് വ്യക്തമായി അറിവില്ല എങ്കിലും കുടുംബത്തില്‍ മുതിര്‍ന്ന മദ്യപരുണ്ടെങ്കില്‍ നിങ്ങള്‍ വളരെയധികം സൂക്ഷിക്കുക.
7. പല മരുന്നുകള്‍ക്കൊപ്പവും [ഉദാ. ആന്റിബയോട്ടിക്കുകള്‍] മദ്യം അപകടകരം ആണ്‌. എന്തു മരുന്നു കഴിക്കുമ്പോഴും കുടിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഡോക്റ്ററോട്‌ അനുവാദം വാങ്ങുക. ആ മരുന്നുകമ്പനിയുടെ സൈറ്റിലും ഒന്നു കയറി നോക്കുക. കരള്‍ വൃക്ക ആമാശയ-കുടല്‍ നാഡീ ഹൃദ്‌ രോഗങ്ങളുള്ളവര്‍ പലതവണ ചോദിച്ച്‌ ഉറപ്പു വരുത്തിയശേഷം മാത്രം മദ്യപിക്കുക . ചില മരുന്നിനോടൊപ്പവും മദ്യം അകത്തു ചെന്നാല്‍ ക്ഷിപ്ര മരണമാണു ഫലം.
8. പലപ്പോഴും നമ്മള്‍ മദ്യത്തോറ്റൊപ്പം അപകടകരമായ ഭക്ഷണം കഴിക്കുന്നു. വറുത്ത കപ്പലണ്ടി, ഇറച്ചി എണ്ണയില്‍ വറുത്തത്‌, "ആറ്‌ മിച്ചര്‍".. മദ്യത്തോളം ദോഷം ഈ ഭക്ഷണവും ചെയ്യുന്നു.

അപായ സൂചനകള്‍:
1.മദ്യം വീട്ടില്‍ ഒരു തര്‍ക്ക വിഷയമാകുന്നെങ്കില്‍
2. മദ്യപിക്കാനായി നിങ്ങള്‍ സാമൂഹ്യമോ മറ്റേതെങ്കിലുമോ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയുന്നെങ്കില്‍
3. മദ്യത്തെക്കുറിച്ച്‌-എണ്ണത്തെയോ തവണകളെയോ
കുറിച്ച്‌ ഭാര്യയോടോ മക്കളോടോ നുണ പറയേണ്ടി വരുന്നെങ്കില്‍
4. മദ്യപാനത്തോത്‌ കൂടുതല്‍ എന്നു നിങ്ങള്‍ക്ക്‌ തോന്നാറുണ്ടെങ്കില്‍
5. സ്വഭാവ വൈകല്യങ്ങള്‍ ഒഴിവാക്കാന്‍ മദ്യം വേണ്ടി വന്നാല്‍
6. സങ്കടം മറക്കാന്‍ കുടിക്കണമെങ്കില്‍
7. എന്നും കുടിക്കാന്‍ തോന്നുന്നെങ്കില്‍
8. കുടി കാരണം വഴക്കുകൂടലോ വാഹനാപകടമോ കുട്ടികളെ തല്ലലോ ഉണ്ടാകുന്നെങ്കില്‍
9. അസുഖമെന്തെങ്കിലും മദ്യം കൊണ്ടുണ്ടായാല്‍
10. മദ്യപിക്കരുതെന്ന് ഡോക്റ്റര്‍ പറഞ്ഞിട്ടും കുടിച്ചാല്‍:
മദ്യപാനാസക്തിയുടെ പടിവാതിലില്‍ ആയിരിക്കാം താങ്കള്‍. നിറുത്തുക മദ്യപാനം. കഴിയുന്നില്ലെങ്കില്‍ ഉടന്‍ വൈദ്യ സഹായം ആവശ്യപ്പെടാന്‍ മടിക്കേണ്ട. നാട്ടില്‍ എമ്പാടും നല്ല ലഹരി വിമോചന ചികിത്സയുണ്ട്‌. മടിയും നാണവും മരണകാരണമാകാം. cheers!

8 comments:

Sapna Anu B.George said...

തകര്‍ത്തു ചേട്ടാ, എ‍ന്തും അതിരുകടന്നാല്‍ വിഷമാണ്. പക്ഷെ ഈ അതിര് ആരു തീരുമാനിക്കും????.
എന്തായാലും നന്നായിരിക്കുന്നു ദേവരാഗമെ.

ദാവീദ് said...

ദേവ്,

നന്നായിരിക്കുന്നു ഫോട്ടോ. ഒരു കുറവു മാത്രം. കൂട്ടത്തില്‍, റമ്മിന്റെ കുപ്പി ഒന്നും കണ്ടില്ല. ഓ. സി. ആര്‍. കിട്ടാന്‍ ഇല്ലെങ്കില്‍ ഒരു ബക്കാര്‍ഡി എങ്കിലും..... (ബക്കാര്‍ഡി എന്നു കേട്ടിട്ടു തെറ്റിദ്ധരിക്കേണ്ട. ജാഡ അല്ല, കേട്ടോ.... വിസ്കി ഇഷ്ടപ്പെടാത്തതു ഒരു കുറ്റമാണോ ? ആണോ ? ആണോന്ന് ?)

രാജ് said...

ദേവാ, മദ്യാസക്തിയുടെ മൂന്നാമത്തെ ലക്ഷണം ഒരു അബദ്ധധാരണയല്ലേ? നുണയും (മദ്യപിച്ചു എന്ന വസ്തുതയെ കുറിച്ചുള്ള നുണ) ആസക്തിയും എല്ലായ്പ്പോഴും ചേര്‍ന്നുപോകണം എന്നില്ലല്ലോ [നുണ എന്റെ ഒരു വീക്ക്‍നെസ്സ് ആണു് ;)]

ദേവന്‍ said...

സപ്നാ,
നന്ദി (ലിമിറ്റ്‌ എന്താണെന്ന് എന്നോട്‌ ചോദിച്ചാല്‍ കള്ളുകുടി ആരോഗ്യപരമോ മാനസികമോ സാമൂഹ്യമോ ആയ ഒരു ഭാരം ആകുന്ന നിമിഷം നമ്മള്‍ ലിമിറ്റ്‌ എന്ന ലക്ഷ്മണരേഖ കടന്നുവെന്ന്ന് ഞാന്‍ പറയും.

ചിന്ന രാജാവേ,
റം വരുത്താം ഇവിടെ ഓ സീ ആറും ഓസീ എഴും വരെ കിട്ടും (ആഫ്രിക്കന്‍ മരുള മരത്തിന്റെ ജ്യൂസും ശ്രീലങ്കന്‍ പനങ്കള്ളും വരെ കിട്ടും പിന്നല്ലേ) ആയുര്‍വേദോപദേശേഷു മാള്‍ട്ട്‌ വാതത്തിനൊഴികെ എല്ലാത്തിനും ചീത്തയാണ്‌ വിസ്കി പ്രത്യേകിച്ച്‌ സിംഗില്‍ മാള്‍ട്ടുകള്‍ ഇഷ്ടപ്പെടാത്തതാണു നല്ലത്‌. മാര്‍ദ്വീകമെന്നോ മറ്റോ ആണു റമ്മിന്റെ -ചുവപ്പന്‍ മൊളാസസ്‌ റമ്മിന്റെ പേരു. അതു വിസ്കിയിലും നല്ലതാത്രേ. (കഥകളിയുടെ കാര്‍ന്നോര്‍ കോട്ടയം തമ്പുരാന്റെ ആരെങ്കിലും?)

പെരിങ്ങോടോ
മദ്യപിച്ചെന്ന് പറയാനേ പാടില്ലെന്നാണു പഞ്ച പ കളില്‍ ഒന്ന്. മദ്യപിച്ചില്ലാ എന്നോ എണ്ണം കുറവെന്നോ പലപ്പോഴും അച്ഛനമ്മമാരോടും കൂട്ടുകാരോടും നാട്ടുകാരോറ്റും പറയേണ്ടി വരും (പോലീസുകാരോറ്റും!!) മൂന്നാം വാണിംഗ്‌ ഭാര്യയോടും മക്കളോടും പറയേണ്ടി വരുന്നതിനെക്കുറിച്ചു മാത്രമാണ്‌. എന്റെ ഒരു വീക്ഷണത്തില്‍ ഭാര്യയോട്‌ കുടിച്ചില്ല എന്നു പറയേണ്ടി വരുന്നത്‌ മദ്യം നിങ്ങളെ ഭീരുത്വമുള്ള മനുഷ്യനാക്കിയെന്നും മക്കളോട്‌ കുടിച്ചില്ല എന്നു പറയുന്നത്‌ മദ്യം നിങ്ങളെ ആത്മവഞ്ചകന്‍ ആക്കിയിട്ടാനെന്നും ഞാന്‍ പറയും - ഇതു
രണ്ടും വൈറ്റ്‌ ലൈ എന്നു വിളിക്കുന്ന നിര്‍ദ്ദോഷ നുണയെന്നു തോന്നിയില്ല. സ്റ്റാഡ്ദാര്‍ദ്‌ ബന്ധങ്ങളുടെ തോതിലാണ്‌ പറഞ്ഞത്‌. വല്ലപ്പോഴും ഒരു ബീര്‍ അടിക്കുന്നതിന്റെ പേരില്‍ ചട്ടീം കലോം പൊട്ടിക്കുന്ന ഭാര്യയോട്‌ നുണ പറയുന്നത്‌ മദ്യാസക്തിയുടെ ലക്ഷണമായിരിക്കില്ല പക്ഷേ ഒരു ദാമ്പത്യപരാജയത്തിന്റെ ലക്ഷണമാണ്‌!! പിടക്കൊത്തു കലശലാവുന്ന ലക്ഷണമല്ലേയതെന്ന് വര്‍ണ്ണ്യത്തിലാശങ്ക..

Kalesh Kumar said...

ഗുരോ, ഈ കുപ്പികളൊക്കെ കണ്ടിട്ട് നല്ല പരിചയം. അന്ത രാത്തിരി വാങ്ങിയതല്ലേ?

സംശയം നമ്പ്ര് 1 : ഈ ഒരു ഡ്രിങ്കെന്നു വച്ചാല്‍ അതിന്റെ അളവെത്രയാ? ഒരു പെഗ്ഗ്? അതൂടൊന്ന് വിശദമാ‍ക്കൂ.

സംശയം നമ്പ്ര് 2 : മദ്യപാനം കുടിക്കുന്നത് നിര്‍ത്തിയ എന്റെ ഒരു സുഹൃത്തിന്റെ തടി നന്നായി കുറഞ്ഞു. വെള്ളമടിയും തടിയും തമ്മിലുള്ള ബന്ധം ഒന്ന് വിശദീകരിക്കാമോ?

ദേവന്‍ said...

കലേഷേ,
സംശയം ലവലേശം വേണ്ടാ, അന്ത ഈസ്റ്റര്‍ നൊയമ്പു തുറ ദിവസം..പാതിരാത്രി. നീണ്ട ഡ്രൈവ്‌...

ഒന്ന്: ഒരു ഡ്രിങ്ക്‌ എന്നാല്‍ ഒന്നര ഔണ്‍സ്‌ (45 മില്ലി - ഇന്ത്യന്‍ കണക്കില്‍ സിംഗിള്‍ ലാര്‍ജ്‌) മദ്യം അല്ലെങ്കില്‍ 5 ഔണ്‍സ്‌ (150 മില്ലിലിറ്റര്‍) വൈന്‍ അല്ലെങ്കില്‍ ഒരു ക്യാന്‍ -12 ഔണ്‍സ്‌ (360 മില്ലി) ബീയര്‍. 2 ഡ്രിങ്ക്‌ -അതായത്‌ രണ്ട്‌ ക്യാന്‍ ബീര്‍, ഒരു പയിന്റ്‌ വൈന്‍ അല്ലേല്‍ രണ്ടു സിംഗിള്‍ ലാര്‍ജ്‌ ആണു സേഫ്‌ ലിമിറ്റ്‌- നാലു ഡ്രിങ്കേല്‍ പോയാല്‍ ബിഞ്ജ്‌ (കൊളിപ്പരുവം എന്ന് ഷാപ്പു ഭാഷ) എന്റെ അയലോക്കക്കാരന്‍ ഒരു ബ്ലോഗര്‍ ഈ വീകെന്‍ഡില്‍ ഒന്നു ബിഞ്ജി..

രണ്ട്‌: മുക്കുടിയന്‍ അഥവാ ഡൈ ഹാര്‍ഡ്‌ ആല്‍ക്കഹോളിക്ക്‌- ചങ്കും കൂമ്പും ബൈസെപ്സും റ്റ്രൈസെപ്സും കാഫും വിങ്ങും കീലും (ബാക്കി മസിലുകളുടെ ജിം പേര്‍ ഫയല്വാന്‍ വിശാലന്‍ ആശാന്‍ പറയും) തുടങ്ങി സര്‍വ്വ മസിലും തകര്‍ന്ന് മൊത്തത്തില്‍ മെലിഞ്ഞു തൂങ്ങി ഇരിക്കും. ഉദാ കുണ്ടറ വരദനാശാന്‍, നെടുമങ്ങാട്‌ കോവി. അത്രയും ഗുരുതരമല്ലെങ്കിലും അമിതമദ്യപാനം ഉള്ളയാള്‍ - നമ്മുടെ കൈതാകോടി പാപ്പന്‍ എന്‍ എല്‍ ബാലകൃഷ്ണന്‍ മാതിരി കക്ഷികള്‍ ആല്‍ക്കഹോള്‍ നല്‍കുന്ന empty calories, പിന്നെ മൊത്തത്തില്‍ താളം തെറ്റിയ ഭക്ഷണവും മദ്യം നല്‍കുന്ന ഉത്തേജിത മെറ്റബോളിസവും, വൈകുന്നേരം ഷാപ്പു നിരങ്ങലാല്‍ വ്യായാമമില്ലതിരിക്കലും ഒക്കെ കൂടി പൊണ്ണത്തടിയന്മാര്‍ ആയിട്ടാണ്‌ കാണപ്പെട്ടു വരുന്നത്‌. കുടി നിറുത്തിയാല്‍
ഇത്തരക്കാര്‍ക്ക്‌ തടി കുറയും, ഉറപ്പ്‌.

വഴിപോക്കാ,
ഡീഹൈഡ്രേഷനെക്കുറിച്ച്‌ പറയാന്‍ വിട്ടു, ഓര്‍മ്മിപ്പിച്ചത്‌ നന്നായി. താങ്കളൂടെ സംഭാവന ഈ പോസ്റ്റിനു നല്ല ഗുണം ചെയ്തു, നന്ദി.

മദ്യം ഈതൈല്‍ എത്തനോള്‍ ആണെന്ന് പറയേണ്ടതില്ലല്ലോ. എതനോള്‍ ദഹനക്രിയയിലൂടെ കടക്കുമ്പോള്‍ എത്തനല്‍ എന്ന വിഷവസ്തു നിര്‍മ്മിക്കപ്പെടുകയും ഇതിനെ പുറന്തള്ളാന്‍ കിഡ്‌ണിക്കു വലിയ തോതില്‍ വെള്ളം ചിലവാക്കേണ്ടിയും വരുന്നു-ഡീഹൈഡ്രേഷന്‍ ഇങ്ങനെ ഉണ്ടാകുന്നു, ഫലം ഹാങ്ങോവര്‍ മുതല്‍ മൂത്രത്തില്‍ കല്ല്, രക്തത്തില്‍ അഴുക്കുകള്‍ എന്നു വേണ്ടാ. കുടി കഴിഞ്ഞ്‌ അടുത്ത ദിവസം മൂത്രം നിറം മാറാതിരിക്കുന്നയത്ര വെള്ളം അത്യാവശ്യം കുടിക്കുക. ( സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും മദ്യം വാറ്റലിന്റെ ഗുണനിലവാരവും ഹാങ്ങ്‌ ഓവറും വിപരീത ദിശയില്‍ ബന്ധമുള്ള കാര്യങ്ങളെന്ന് പൊതുവില്‍ വിശസിക്കപ്പെടുന്നു. കാശുപോയാലും വെട്ടിരുമ്പും സത്സായും ടാസ്കറും അടിച്ച്‌ കിഡ്‌ണി , കരള്‍ എന്നുവ കളയല്ലേ. ഒരു കിഡ്ണിക്കൊക്കെ ഒരു ലോഡ്‌ സ്കോച്ചിന്റെ വിലയാ, കിട്ടിയാല്‍.

ഹാങ്ങോവറിനു ഏറ്റവും നല്ലത്‌ രാവിലേ കാപ്പി/ചായക്കു പകരം ജ്യൂസ്‌ കഴിക്കുക എന്നതാണ്‌. വലിയ ഡീഹൈഡ്രേഷന്‍ ആണെങ്കില്‍ അരസ്പൂണ്‍ തരി ഉപ്പും പഞ്ചരസാരയും ഇട്ട ജ്യൂസ്‌. സ്വാഭാവിക പരിരക്ഷയില്‍ വിശാസമില്ലാത്ത കെമിക്കല്‍ പുലികള്‍ ORL പൌഡര്‍ ഇട്ടു ജ്യൂസ്‌
കുടിച്ചോ.

കനല്‍ said...

ദേവാ

ഡയബറ്റീസ് കാര്‍ക്ക് അനുയോജ്യമായ മദ്യം ഏതാണ്.
അതായത്, വിസ്കി, ബ്രാന്‍ഡി,റം ,ബിയറ് ഇവയില്‍ ....

പിന്നെ അളവ് ആ പറഞ്ഞത് തന്നെയോ അതില്‍ കുറവോ കൂടുതലോ? (കൂടുതലാവാന്‍ വഴിയില്ല എങ്കിലും)

anushka said...

മരുന്നു കമ്പനികളുടെ സൈറ്റില്‍ നോക്കാനുള്ള താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല.അത് പലപ്പോഴും തെറ്റായ വിവരങ്ങളങ്ങിയതാണ്‌.