Wednesday, April 19, 2006

കൊളസ്റ്റ്രോള്‍ എന്നാലെന്ത്‌?

വക്കാരി എന്റെ ഫോട്ടോയുടെ താഴെ കമന്റി "ഇത്ര മെലിഞ്ഞ കൊളത്തില്‍ എങ്ങനെ സ്റ്റ്രോള്‍ ഉണ്ടായി?"

എന്നെ കൊലക്കു കൊടുത്ത ഒരന്ധവിശ്വാസമായിരുന്നു മെലിഞ്ഞിരുന്നാല്‍ വ്യാധികളൊന്നും ഇല്ലെന്ന്. പലപ്പോഴും ഡോക്റ്റര്‍മാരും പറഞ്ഞിട്ടുമുണ്ട്‌- എന്തൊരു ഭാഗ്യം തടിയില്ലല്ലോ, എന്തും കഴിക്കാം. ഈ ഭാഗ്യം ഞാന്‍ അനുഭവിച്ചു കുറേ.. തടി കൂട്ടാന്‍ വേണ്ടി ബട്ടറും മുട്ടയും തീറ്റി ഓരോരുത്തര്‍. ജീവിതത്തിലാദ്യമായി ഒരു ബ്ല്ഡ്‌ ടെസ്റ്റ്‌ കൊടുത്തത്‌ 35 വയസ്സില്‍ . അന്നത്തെ മൊത്തം സ്കോര്‍ 311. ഒരു പത്തു വര്‍ഷമെങ്കില്‍ ഈ ലെവെല്‍ ആയിരുന്നു കാണണം. ഫ്യൂസ്‌ അടിച്ചു പോകാഞ്ഞത്‌ ഭാഗ്യം.

എന്താണീ കൊളസ്റ്റ്രോള്‍?
കൊളസ്റ്റ്രോള്‍ രക്തത്തിലെ ലിപ്പിഡ്‌ എന്ന ഒരു തരം കൊഴുപ്പാണ്‌ വെണ്ണക്കട്ടി പോലെ ഒരു മെഴുമെഴുപ്പന്‍ സാധനം. സ്റ്റീറോള്‍ എന്ന വിഭാഗത്തില്‍ വരുന്ന ഇവനില്‍ നിന്നുമാണ്‌ ശരീരം സ്റ്റീറോയിഡ്‌ ഉണ്ടാക്കുന്നത്‌. ഇവന്‍ രക്തത്തില്‍ കലര്‍ന്ന് സഞ്ചരിക്കേണ്ട വസ്തുവാണെന്ന് അറിയുമല്ലോ. കൊളസ്റ്റ്രോള്‍ ഒരു തരം സ്നേഹ ദ്രവ്യയും രക്തം ജലത്തിന്റെ മിശ്രിതവും ആകയാല്‍ ഇതു രണ്ടും കൂടിക്കലരില്ല -ജലത്തില്‍ മെഴുകുരുകി വീണപോലെ തെളിയുകയേയുള്ളു. അതിനാലെ കൊളസ്റ്റ്രോളിനെ നമ്മുടെ കരള്‍ ട്രൈ ഗ്ലിസറൈഡ്‌ (3 തരം ഫാറ്റും ഗ്ലൈസറോള്‍ എന്ന മദ്യവും ചേര്‍ന്ന ഒരു വസ്തു) വില്‍ കുഴച്ച്‌ ഒരു പ്രോട്ടീന്‍ പൊതിയിലടച്ച്‌ രക്തത്തില്‍ ഒഴുക്കി വിടുന്നു. ഈ പ്രോട്ടീന്‍ -അപ്പോലിപ്പോപ്പ്രോട്ടീന്‍ പൊതിഞ്ഞ കൊളസ്റ്റ്രോള്‍-ട്രിഗ്‌ പൊതികള്‍ (കീമയും ഉള്ളിയും ചേര്‍ത്തു മാവില്‍ പൊതിഞ്ഞ്‌ സമോസയാക്കുന്നതുപോലെ) ലിപ്പോ പ്രോട്ടീന്‍ എന്നറിയപ്പെടുന്നു.

രണ്ടു തരം ലിപ്പോപ്രോട്ടീന്
‍ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍- LDL എന്നാല്‍ ഒരുപാടു കൊഴുപ്പും കുറച്ചു പ്രോട്ടീനും ചേര്‍ന്ന പൊതി. ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍- HDL നേരെ വിപരീതമായി കുറച്ചു ഫാറ്റും കൂടുതല്‍ പ്രോട്ടീനും ചേര്‍ന്ന പൊതി. മിക്കവരിലും എല്‍ ഡി എല്‍ എന്ന അഴുക്കു പൊതി കൂടിയും എച്‌ ഡി എല്‍ എന്ന നല്ല പാക്കറ്റ്‌ കുറഞ്ഞും കാണുന്നു.

എന്തിനാണു ലിപ്പിഡ്‌?
ഇതങ്ങു രക്തത്തില്‍ നിന്നു പോയാല്‍ മനോ നിമ്മിതിയായേനെ എന്നു തോന്നാറുണ്ടോ? ലിപ്പിഡ്‌ പൂജ്യത്തിലേക്കടുത്താല്‍ മരണം നിശ്ചയം; ലിപ്പോ പ്രോട്ടീന്‍ ആണു ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നത്‌.

ലിപ്പിഡ്‌ കെണി
എങ്ങനെ ലിപ്പിഡ്‌ ചതിക്കും എന്നറിയാന്‍ എങ്ങനെ ഹൃദയധമനീരോഗവും (Coronary Artery Disease )വിദൂര ധമനീ രോഗവും peripheral artery disease ഊണ്ടാകുന്നെന്നറിയണം.
സ്റ്റെപ്പ്‌ 1
രക്തക്കുഴലുകള്‍ക്കുള്ളില്‍ ഒരവരി സെല്ലുകള്‍കൊണ്ട്‌ ഒരു മിനുത്ത പാളിയുണ്ട്‌ എതാണ്ട്‌ തെര്‍മോക്കോള്‍ കപ്പിനകത്തെ മെഴുകു ലൈനിംഗ്‌ പോലെ. ഈ മിനുസമുള്ള പാളിക്ക്‌ എന്തെനെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍- കൊഴുപ്പുകൊണ്ടോ ചീത്ത രാസവസ്തുക്കള്‍ കൊണ്ടോ പുകവലി എണ്ണ മുതലായവ ഉണ്ടാക്കുന്ന ഓക്സിഡേഷന്‍ കൊണ്ടോ മറ്റോ ഈ ഗട്ടറുണ്ടാകല്‍ സംഭവിക്കാം- മാക്രോഫാഗസ്‌ എന്ന ഇമ്യൂണ്‍ സെല്ലുകള്‍ അവിടെ ഓടിയെത്തി ഈ വിള്ളല്‍കാത്തു സൂക്ഷിക്കുന്നു.

സ്റ്റെപ്പ്‌ 2
ഈ കുഴിയിലേക്ക്‌ ഒഴുകിയെത്തുന്ന എല്‍ ഡി ഏല്‍ പാര്‍ട്ടിക്കിളിനെ മാക്രോഫാഗസ്‌ പിടിച്ചെടുത്ത്‌ ധമനീഭിത്തിക്കുള്ളിലൂടെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നു. എല്‍ ഡി എല്‍ ഒഴുകി വരവ്‌ വളരെ കൂടുതല്‍ ആണെങ്കില്‍ മാക്രോഫാഗസിനു പിടിച്ച എല്‍ ഡി എലും മറ്റു മൃതകോശങ്ങളും എല്ലാം ചേര്‍ന്ന് ഇതറോമ എന്ന അഴുക്കു കൂമ്പാരം ധമനിക്കുള്ളില്‍ വരുന്നു. മൃദുവും കുഴമ്പു പരുവവുമായ ഇതിന്റെ ധമനികള്‍ ഒരു കട്ടിയുള്ള ആവരണം കൊണ്ട്‌ പൊതിഞ്ഞു മുട്ട പോലെ അകത്ത്‌ ദ്രവവും പുറത്ത്‌ തോടുമുള്ള കട്ടിയുള്ള പ്ലാക്‌ രൂപത്തെടുത്തുന്നു

സ്റ്റെപ്പ്‌ 3
പ്ലാക്കിനകത്തെ ലിപ്പിഡ്‌ കുളം പൊട്ടി രക്തത്തിലേക്കൊഴുകിയാല്‍ രക്തം കട്ടപിടിച്ച്‌ ധമനി മൊത്തമായി അടഞ്ഞു പോകുന്നു. ഇത്‌ ഹൃദയ ധമനികളിലാണെങ്കില്‍ ഹൃദയാഘാതവും മസ്തിഷ്ക ധമനികളിലാണെങ്കില്‍ സ്റ്റ്രോക്കും (പക്ഷാഘാതം) ഉണ്ടാക്കുന്നു.അപ്പോ HDL എന്താ ചെയ്യുന്നത്‌? ധമനികളില്‍ കുടുങ്ങുന്ന LDL കണികകളെ ഊരി പുറത്തു കളയുന്ന മുള്ളൂകുത്തികളാണു HDL എന്നാണു പരക്കെ വിശ്വാസം. എതായാലും LDL ചെയ്യുന്ന ദ്രോഹങ്ങളില്‍ നിന്നും നമുക്കു സംരക്ഷണം തരുന്നത്‌ HDL ആണെന്നു തെളിഞ്ഞിട്ടുണ്ട്‌.


(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക)

എങ്ങനെ കൊളസ്റ്റ്രോള്‍ കൂടുന്നു?കോളസ്റ്റ്രോള്‍ എങ്ങനെ ചിലരില്‍ കൂടുന്നു എന്നതിനു അടുത്ത സമയം വരെ ഫാറ്റ്‌ ഇന്‍ ഫാറ്റ്‌ ഔട്ട്‌ അഥവാ ഭക്ഷണത്തിലെ കൊഴുപ്പ്‌ രക്തത്തിലടിയുന്നു എന്ന ഒരു സിദ്ധാന്തമായിരുന്നു വൈദ്യശാസ്ത്രം കൈക്കൊണ്ടു പോന്നത്‌. അങ്ങനെയെങ്കില്‍ കടല്‍പ്പന്നിയുടെ കൊഴുപ്പ്‌ കട്ടയായി തിന്നുന്ന എസ്കിമോകള്‍ക്കും പന്നിയേയും സീഫൂഡും തിന്നുന്ന ഗ്രാമീണ ചീനര്‍ക്കും കോളസ്റ്റ്രോല്‍ വളരെ താണ്‌ ഹൃദ്രോഗമേ ഇല്ലാത്തതെന്താണെന്ന ചോദ്യത്തിനു ജനിതകമായ കാരണങ്ങളാണെന്ന ഉത്തരവും നിരത്തി. ഇതേ ചീനരും എസ്കിമോകളും നഗരങ്ങളിലേക്ക്‌ മാറുമ്പോള്‍ വളരെ വേഗം ഹൃദ്രോഗികള്‍ ആകുന്നതെന്താണെന്ന ചോദ്യത്തിനു മുന്നില്‍ മൌനവും ആയിരുന്നു മറുപടി. എന്നാല്‍ ഇന്ന് കൊഴുപ്പുദീനത്തെക്കുറിച്ച്‌ കൂടുതല്‍ വ്യക്തമായ ധാരണകള്‍ ഉണ്ട്‌.നിലവില്‍ നാലു തരം തീയറികള്‍ കൊളസ്റ്റ്രോളിനുണ്ട്‌.ഫാറ്റ്‌ തീയറിഓക്സിഡേഷന്‍ തീയറിനുട്രീഷന്‍ തീയറിപൊല്ല്യൂഷന്‍ തീയറി.തീയറി നാലെങ്കിലും പ്രാക്റ്റികല്‍ ഒന്നേയുള്ളൂ എന്നതാണ്‌ എറ്റവും രസകരം.

വക്കാരി ചോദിച്ച ചോദ്യത്തിലേക്ക്‌ മടങ്ങാം. ലണ്ടനിലെ ബ്രുണല്‍ യൂണിവാഴ്സിറ്റി ഡോ. ഗാരി ഓഡോണോവന്‍ എന്ന വ്യായാമ വിശാരദന്റെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വ്യായാമം ചെയ്യുന്ന മെലിഞ്ഞവര്‍ തടിയുള്ളവരെക്കാല്‍ കൊളസ്റ്റ്രോള്‍ നിരക്കിലും ഹൃദയരോഗത്തിലും വളരെ താഴെയാണെന്നാലും വ്യായാമമില്ലാത്ത മെലിഞ്ഞവരും വ്യായാമമില്ലാത്ത തടിച്ചവരും തമ്മില്‍ കൊളസ്ട്രോള്‍ നിരക്കിലോ ഹൃദ്രോഗനിരക്കിലോ വത്യാസമൊന്നുമില്ലെന്ന് കണ്ടെത്തുകയുണ്ടായി.
ഡോണോവന്‍ പഠനത്തിനു കടപ്പാട്‌
http://www.manchesteronline.co.uk/healthandbeauty/news/s/
207/207194_cholesterol_warning_for_complacent_nonexercisers.html എന്ന ലേഖനത്തോട്‌


അടുത്ത അദ്ധ്യായം കൊളസ്റ്റ്രോള്‍ തീയറികളെക്കുറിച്ച്‌. നന്ദി.

11 comments:

രാജീവ് സാക്ഷി | Rajeev Sakshi said...

ദേവാ, നന്ദി.
അപ്പോള്‍ എനിക്കു പറ്റിയത് വ്യായാമമില്ലാത്തതാണല്ലേ.
ഇനീപ്പോ എന്താ ഒരു പോംവഴി.

ഞാന്‍, മോഹന്‍ലാല്‍ ചെയ്തതുപോലെ ചിക്കന്‍റെ രണ്ടുകാലും രണ്ടു വശത്തേക്കാക്കി കഴുത്ത് ചുറ്റിച്ചോണ്ട് നില്ക്കാ. അടുത്ത ഭാഗം ഉടനെയുണ്ടാവില്ലേ.

ദേവന്‍ said...

ആരോഗ്യമെന്നാല്‍ ശുചിത്വം, വ്യായാമം, പോഷണം, വിശ്രമം, ചികിത്സ, മനോസുഖം, അപകടങ്ങളില്‍ നിന്നും വിഷ-മാലിന്യങ്ങളില്‍ നിന്നും സംരക്ഷണം, പാരമ്പര്യം എന്നിവയുടെ ആകെത്തുകയാണെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഇതില്‍ പാരമ്പര്യമൊഴിച്ച്‌ ബാക്കിയെല്ലാം നമുക്കു ശരിയാക്കാവുന്ന കാര്യങ്ങളേയുള്ളൂ.

വ്യായാമമെന്ന അദ്ധ്യായം ഉടനേ എഴുതാം. വ്യായാമമെന്നാല്‍ ഒരു ജിമ്നേഷ്യത്തില്‍ പോയി ഇരുവശത്തും ഇരുമ്പുകട്ടി തൂക്കിയ കട്ടപ്പാര എടുത്തു പൊക്കലാണെന്ന് ഞാന്‍ ധരിച്ചിരുന്നു ഒരുകാലത്ത്‌. ഇപ്പോഴത്തെ കുട്ടികള്‍ക്ക്‌ കുറച്ചു കൂടെ വെളിവുണ്ടാകും!!

ഉമേഷ്::Umesh said...

ദേവാ, മനോസുഖം തെറ്റു്, മനസ്സുഖം ശരി.

ദേവന്‍ said...

മനസ്സിലുണ്ടാകുന്ന ദു:ഖം മനോദു:ഖം & മനസ്സിന്റെ സുഖം മനസ്സുഖം (മനസ്സില്‍ ഉണ്ടാകുന്ന സുഖം അല്ല, മനസ്സിന്റെ.) എന്ന് അല്ലേ? ഹെന്റമ്മോ മലയാളമെഴുതണേല്‍ 101 തവണ ആലോചിക്കണമല്ലേ..നന്ദി ഗുരുക്കളേ.

myexperimentsandme said...

ദേവേട്ടാ കുളം സ്ട്രോളിനെപ്പറ്റി വായിച്ചുകൊണ്ടിരിക്കുന്നു. നിര്‍ത്തി നിര്‍ത്തി വായിക്കൂ കുട്ടീ, എന്നാലല്ലേ വല്ലതും മനസ്സിലാകൂ എന്നല്ലേ സര്‍ഗ്ഗം സിനിമയില്‍ മുടിനെടുവേണുവണ്ണന്‍ പറഞ്ഞത്. അതുകൊണ്ട് സമയം പിടിക്കും.

പക്ഷേ ഉമേഷ്‌ജി വ്യായാമക്രിയകള്‍ എത്രയും പെട്ടന്ന് ഊര്‍ജ്ജിതപ്പെടുത്തണമെന്നാണല്ലോ തോന്നുന്നത്. ഫോട്ടങ്ങളില്‍‍ ഒരൊന്നന്നര വയറുണ്ടല്ലോ. ബെല്‍റ്റിന്റെ ബലത്തിലാ ഇപ്പോള്‍ അണ്ണന്‍ അങ്ങ് ഷര്‍ട്ടും പൊളിച്ച് ചാടാത്തതെന്ന് തോന്നും, സംഗതി കണ്ടാല്‍. ഉമേഷ്‌ജീ, ലാറ്ററല്‍ തൈ ട്രെയിനര്‍, ആഞ്ഞുപിടിച്ചാല്‍ വയറകത്തോട്ട് ട്രെയിനര്‍, മസിലുവര്‍ദ്ധിനി, റബേക്കയുടെ പുത്തന്‍ രണ്ട് ഷൂസ് (ജ്യോഗ്ഗിംഗിനായിട്ട് വാങ്ങിച്ചതാ... അയലോക്കത്തെ പട്ടിയും എന്റെ കൂടെ ഓടാന്‍ തുടങ്ങുകയും ഒന്നുരണ്ടുപേര്‍ ലെവനെവിടുന്ന് വരുന്നവനെടേ ന്ന മട്ടില്‍ നോക്കിയെന്ന് തോന്നുകയും ചെയ്തപ്പോള്‍ സംഗതി പൂട്ടി പെട്ടിയില്‍)ഇവയൊക്കെ പൊടിആഗിരണസംഹിതികളായി ഇവിടെ വെറുതേ ഇരിക്കുന്നു. ഒരു കാല്‍ നോക്കുന്നോ?

മനസ്സുഖ മനോസ്സുഖ മനമോസ്സുക... ബീപ്പീ കൂടുമോ അവസാനം കുളസ്ട്രോള്‍ വായിച്ച് :)

Unknown said...

ദേവാ,

ഈ വിഷയത്തെക്കുറിച്ച് ധാരാളം വായിച്ച് പഠിച്ചെന്നു തോന്നുന്നല്ലോ. നല്ല ലളിതവും കാര്യമാത്രപ്രസക്തവുമായ ശൈലിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. സത്യത്തില്‍ ഇതിന്റെ സങ്കീര്‍ണ്ണമായ നൂലാമാലകളെല്ലാം മുന്‍പ് പഠിച്ചതാണെങ്കിലും, ഇതുപോലെ ലളിതമായി ആര്‍ക്കെങ്കിലും പറഞ്ഞു കൊടുക്കാന്‍ എനിക്കിപ്പൊഴും കഴിയുമെന്ന് തോന്നുന്നില്ല.
ഈ നല്ല സംരഭം തുടര്‍ന്നാലും..

ദേവന്‍ said...

അവനവന്റെ റിപ്പയര്‍ & മെയിന്റനന്‍സ്‌ അല്ലേ ആദ്യം പഠിക്കേണ്ട വിദ്യ എന്ന് തോന്നിയതാ എനിക്ക്‌ യാത്രാമൊഴിയേ.

(മടിപിടിച്ച്‌ കുത്രിക്കാണ്ടെ എന്തെരേലും എഴുതിന്‍, ഇപ്പോ ഹൃദയത്തില്‍ കോശം പാകി കിളിര്‍പ്പിച്ച്‌ ചത്ത മാംസം ജീവിപ്പിക്കുന്ന കാലമല്യോ, രണ്ടു വാക്ക്‌ പറയാനെന്തെല്ലാം കിടക്കുന്നു. ഇങ്ങക്കാന്നോ എയിതാന്‍ ടോപ്പിക്ക്‌ പഞ്ഞം)

ഉമേഷ്::Umesh said...

വക്കാരീ,

എല്ലുന്തി, ശോഷിച്ചു് മൃതപ്രായമായ ശരീരത്തോടെ ജീവിച്ചിരുന്ന എനിക്കു പണ്ടു ബോംബെയില്‍ ഭക്ഷണത്തിനു സബ്‌സിഡി ഉള്ള കാന്റീനുള്ള ഒരു കമ്പനിയില്‍ ജോലി കിട്ടിയതാണു് ഈ വയറിനു കാരണം. എന്തു ചെയ്തിട്ടും അതു പോകുന്നില്ല. വ്യായാമം കുറച്ചൊക്കെ ചെയ്യാറുണ്ടു്. ഭക്ഷണത്തിന്റെ കാര്യം തീരെ കുഴപ്പമില്ല. വീട്ടില്‍ എണ്ണയില്ലാതെയാണു ഭൂരിഭാഗം സാധനങ്ങളും. എണ്ണയില്ലാതെ ദോശ, തൈരു കുഴച്ചു ചമ്മന്തിപ്പൊടി, ഫാറ്റില്ലാത്ത പാല്‍ (ദേവന്റെ ലേഖനങ്ങള്‍ വായിച്ചു് ഞാന്‍ പാലുകുടിയും നിര്‍ത്തി), Nutrition facts നോക്കി മാത്രം വാങ്ങുന്ന ഓര്‍ഗാനിക് ഭക്ഷണം അങ്ങനെയങ്ങനെ. ഓഫീസിലൊരു ജിമ്മും അതിനോടു ചേര്‍ന്നു കുളിക്കാനുള്ള സൌകര്യവുമുണ്ടു്. (തോര്‍ത്തും സോപ്പുമൊക്കെ അവര്‍ തരും.) അവിടെ ട്രെഡ്‌മില്‍ മാത്രം ഉപയോഗിക്കും - TVയില്‍ ഇഷ്ടമുള്ള പരിപാടി ഇട്ടിട്ടു ചെയ്താല്‍ സമയം പോകുന്നതേ അറിയില്ല. കൊല്ലത്തില്‍ രണ്ടുമൂന്നു മാസമൊഴികെ മഴമൂലം പുറത്തിറങ്ങാന്‍ പറ്റില്ല. പറ്റുന്ന സമയത്തു് വോളീബാള്‍, ഓട്ടം, ടെന്നീസ് തുടങ്ങിയവ ചെയ്യണമെന്നു് എന്നും ആഗ്രഹിക്കാറുണ്ടു്.

ദേവാ, വളരെ നന്നാകുന്നുണ്ടു്. ഒരുപക്ഷേ, ബ്ലോഗുലകത്തിലെ ഏറ്റവും പ്രയോജനകരമായ ബ്ലോഗ്. നന്ദി.

ദേവന്‍ said...

പാലും എണ്ണയും കുടി നിര്‍ത്തിയതിന്റെ പ്രയോജനം ഫീല്‍ ചെയ്യുന്നുണ്ടോ? (പുകവലി ഇല്ലെന്നു കരുതുന്നു അതുണ്ടേല്‍ പാല്‍ അല്ല വിഷം കുടിച്ചാലും ഒന്നുമറിയില്ല)

റ്റീവീയോട്ടം പാടിയോട്ടത്തെപ്പോലെ അസ്സല്‍ ഐഡിയ. (കൊല്ലത്ത്‌ ഊട്ടി ഫാമിലെ ഓര്‍ഗാനിക്‌ പച്ചക്കറിൊ കിട്ടും ദുബായില്‍ ഒക്കെ വിഷം ചേര്‍ന്നാണു വരുന്നതെന്നു തോന്നുന്നു എന്റെ ശരീരം പകുതിയും വിഷമാവും :( )

വയറിനു നമുക്ക്‌ ജോയിന്റ്‌ ആയി ഒരു പരിഹാരം കണ്ടെത്താം
(കുഞ്ഞുണ്ണി മാസ്റ്റര്‍ടെ തമാശ . ഒരു താടിമീശ വളര്‍ത്തിയ നമ്പൂരിയെക്കണ്ട്‌ രാമന്‍ നമ്പൂതിരി
"ശബരിമലക്ക്യാ?"
"ഹേയ്‌ അല്ല, ഇത്‌ ആറാമ്മാസമാ"
"ശിവ ശിവ കൊടവയറാന്നാ ഞാന്‍ നിരീച്ചെ, കലികാലം!!"

ദേവന്‍ said...

അയ്യോ.
കോമഡീല്‍ ഭീകരമായ തെറ്റ്‌. ഒരു താടിമീശ വളര്‍ത്തിയ നമ്പൂതിരി എന്നത്‌ താടിമീശ വളര്‍ത്തിയ ഒരു നമ്പൂതിരി എന്നു തിരുത്തി വായിക്കാനപേക്ഷ

ഉമേഷ്::Umesh said...

അവസാനം പുകവലിച്ചതു 16 കൊല്ലം മുമ്പു്. അതിനു മുമ്പും കാര്യമായി വലിച്ചിട്ടില്ല.

അച്ചാര്‍, എണ്ണയില്‍ വല്ലാതെ വറുത്തതു്, കെന്റക്കി ഫ്രൈ തുടങ്ങിയവ വെറുതേ കിട്ടിയാലും പണ്ടേ കഴിക്കാറില്ല. മധുരവും വലിയ ഇഷ്ടമില്ലാത്തതുകൊണ്ടു് കാര്യമായി കഴിക്കാറില്ല. കുറേക്കാലമായി മനഃപൂര്‍വ്വം ഉപ്പു കുറയ്ക്കുന്നുണ്ടു്. അച്ഛനു രക്തസമ്മര്‍ദ്ദവും, ഹൃദയ-വൃക്ക-തകരാറുകളും ഉണ്ടായിരുന്നു. അമ്മയ്ക്കു് കൊളസ്റ്ററോളും. എനിക്കു വല്ലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകാറുണ്ടു്. (145/95 എന്നിങ്ങനെ) ടെന്‍ഷന്‍ കൂടുമ്പോള്‍. (യൂണിക്കോഡുകാര്‍ ചില്ലു വേണ്ടാന്നു വെച്ചെന്നു കേട്ടപ്പോഴാണു കഴിഞ്ഞ തവണ വന്നതു് :-) ) വേറേ പ്രശ്നങ്ങളൊന്നുമില്ല ഇതുവരെ.

ടീവി കണ്ടു് ഓടുന്നതു് വളരെ എഫ്ഫക്ടീവാണു്. ടീവിയില്ലെങ്കില്‍ 15 മിനിട്ടില്‍ കൂടുതല്‍ ഓടാന്‍ വിഷമം. ടീവി കണ്ടുകൊണ്ടാണെങ്കില്‍ ഞാന്‍ രണ്ടര മണിക്കൂറൊക്കെ ഓടിക്കളയും. ടീവിയില്‍ പരസ്യം കാണിക്കുമ്പോള്‍ റെസ്റ്റെടുക്കുകയും ചെയ്യും. വൈകുന്നേരം Seinfield, Friends, Raymond തുടങ്ങിയവ കാണിക്കുമ്പോഴാണു് അഭ്യാസം. വീട്ടിലും ഒരു ട്രെദ്‌മില്ലും ടീവിയും കൂടി വാങ്ങിയാലോ എന്നു് ആലോചനയുണ്ടു്. എവിടെ ഇടും എന്നാണു പ്രശ്നം.