Sunday, April 23, 2006

രോഗങ്ങളുടെ സാമ്പത്തികശാസ്ത്രം

അയ്യായിരം വര്‍ഷം മുന്നേ ദന്തക്ഷയമില്ലായിരുന്നു. ആയിരം വര്‍ഷം മുന്നേ ചിലപ്പോള്‍ രക്താതിസമ്മര്‍ദ്ദവും ഇല്ലാതെ ഇരുന്നിരിക്കണം. ഇരുനൂറു കൊല്ലത്തോളം മുന്‍പു വരെ ഹൃദ്രോഗം ഈ ഭൂമുഖത്തില്ലായിരുന്നു. ഇതൊക്കെ എവിടെനിന്നും വന്നെന്നു ചിന്തിച്ചാല്‍ പുരോഗതിയില്‍ നിന്നും എന്ന ഒരുത്തരത്തിലെത്തിച്ചേരുന്നു നാം.

പാലിയോലിത്തിക്‌ മനുഷ്യനു മിക്കവാറും അസുഖങ്ങളൊന്നുമില്ലായിരുന്നു. (ഈ പാപി ഇടിവെട്ടിയും പാമ്പു കടിച്ചും അയലോക്കക്കാരന്‍ പാറക്കിടിച്ചുമൊക്കെ ആയുസ്സാകാതെ മരിക്കുകയായിരുന്നു പതിവത്രേ) പ്രകൃതിയില്‍ നിന്നും കിട്ടുന്നതൊക്കെ വേട്ടയാടിയും ശേഖരിച്ചും ഭക്ഷിച്ചിരുന്ന നായാടികള്‍ (hunter-gatherers) ഒരിടത്തു താമസിച്ചു കൃഷി തുടങ്ങിയതോടെ ആദ്യ രോഗലക്ഷണങ്ങള്‍ കണ്ടെന്നും കാലിവളര്‍ത്തല്‍, കച്ചവടം, ഭക്ഷ്യസംസ്കരണം, രാസവസ്തു നിര്‍മ്മാണം എന്നിങ്ങനെ പുരോഗതിയുടെ ഓരോപാതയിലും അസുഖങ്ങള്‍ ഓരോന്നായി രൂപം മാറിയെന്നുമാണ്‌ിന്‍ഫ്ലമേഷന്‍ വാദം അനുസരിച്ചുള്ള താത്വിക വ്യാഖ്യാനം. ഇതില്‍ ഏറെ ശരിയുണ്ടെന്ന് താഴത്തെ ചിത്രത്തില്‍ നിന്നും മനസ്സിലാക്കാം.



(വെള്ളെഴുത്തുള്ളവര്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക)

ആഫ്രിക്കന്‍ മസായി വര്‍ഗ്ഗക്കാരിലും മറ്റും പ്രമേഹം രക്ത സമ്മര്‍ദ്ദം ഹൃദ്രോഗം എന്നിവ കേള്‍ക്കാനേയില്ല. എന്നാല്‍
പലതരം പകര്‍ച്ചവ്യാധികളും മരുന്നുകള്‍ മുതലായവയുടെ ദൌര്‍ലഭ്യവും പരിഷ്കൃതലോകത്തില്‍ നിന്നും വളരെക്കൂടുതലാണ്‌. ഇംഗ്ലണ്ടിനെ ഒരുകാലത്ത്‌ ഭയപ്പെടുത്തിയിരുന്നത്‌ സ്കര്‍വി പോലെയുള്ള രോഗങ്ങളാനെന്നും പകര്‍ച്ചവ്യാധികളും അണുബാധകളും മൂലമാണ്‌ ഒരു കാലത്ത്‌ മിക്ക പാശ്ചാത്യരും മരിച്ചിരുന്നതെന്നും വ്യവസായിക വിപ്ലവത്തോടെ അതു നേരെ തിരിഞ്ഞ്‌ ഒന്നാം നമ്പര്‍ മരണ കാരണം ഹൃദ്രോഗം ഒന്നാം നമ്പര്‍ മരണകാരണവും ക്യാന്‍സറാദികള്‍ തൊട്ടടുത്ത്ത കാരണങ്ങളായെന്നതും ഈ വാദത്തിനെ അടിവരയിയിട്ട്‌ ഉറപ്പിക്കുന്നു. വിഖ്യാതമായ ചൈനാ സ്റ്റഡിയില്‍ കണ്ടെത്തിയ ഒന്ന് ക്ലോറിന്‍ കലര്‍ന്ന വെള്ളവും ഫ്രിഡ്ജും മൈക്രോവേവിക്കലും കീടനാശിനിയുമില്ലാത്തവനു ആകെ ജീവിതത്തില്‍ അല്‍പ്പം വ്യായാമം കൂടെ മാത്രം മതിയെന്നാണ്‌. ഭക്ഷണ ക്രമീകരണമെന്നത്‌ ഗ്രാമീണ ചീനനു കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായിരുന്നു പക്ഷേ അവന്‍ ആടിനെ വാങ്ങി വീട്ടില്‍ വെട്ടി അപ്പോ തന്നെ കറി വച്ചു. ബക്കറ്റില്‍ വെള്ളവുമായി പോയി മീനിനെ കടക്കാരന്റെ ടാങ്കില്‍ നിന്നും വെള്ളത്തിലാക്കി വീട്ടില്‍ കൊണ്ടു പോരുന്നു ഫാമില്‍ പോയി.. ഈ കുല വെട്ടു ആ മത്തങ്ങ അറുത്തു തരൂ എന്നാണു പച്ചക്കറി വാങ്ങല്‍. ഐസിലിട്ട മീനെന്നു കേട്ടപ്പോ ഒരു കിഴവന്‍ "പട്ടിക്കു കൊടുക്കാനാണോ മക്കളേ എന്ന് ചോദിച്ചത്രേ." എണ്ണയില്‍
വറുക്കുന്ന പരിപാടിയേയില്ല അവര്‍ക്ക്‌. ഫലം - ശരാശരി ജീവിതത്തിനു നീളം 92 വയസ്സ്‌ (നമ്മുടെ ഒന്നര ഇരട്ടി) എന്നു മത്രമല്ല ഈ വയസ്സുകാലത്തു കുങ്ങ്‌ ഫൂ കുമിന്താങ്ങ്ഫൂ ഫൂ പോ ഒക്കെ വിനോദമാക്കി വയസ്സരു വിലസുന്നു അവിടെ. ഈ പാപികളില്‍ ബീജിങ്ങിലും ന്യൂ യോര്‍ക്കിലും ലണ്ടനിലുമൊക്കെ ചേക്കേറുന്ന പഹയരുടെ ജീവിത ദൈര്‍ഘ്യം 65 ഒക്കെയാകുകയും ചെയ്യുന്നു.

പറഞ്ഞുവരുന്നത്‌ ഇരു ലോകങ്ങളിലേയും നല്ലത്‌ സ്വീകരിച്ച്‌ നടുമുറ്റത്ത്‌ ഇരിക്കുന്നതാണു ബുദ്ധി എന്നാണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ? നന്ദി.

2 comments:

കണ്ണൂസ്‌ said...

ദേവൈദ്യാ,

നമ്മുടെ ഏരിയയില്‍ സുലഭമായി കാണുന്ന rainbow, luna തുടങ്ങിയ ചായപ്പാലുകള്‍, ഈ കൊളസ്റ്റ്രോണെ കൂട്ടാന്‍ എത്ര ദ്രോഹം ചെയ്യും എന്ന് വല്ല പിടിയുമുണ്ടോ? ഒരു മാതിരി ദുസ്വഭാവം ഒക്കെ നിര്‍ത്തിയിട്ടും, ഇതു കാരണം ഇപ്പോഴും divorce ഭീഷണി അഭിമുഖീകരിക്കുന്നതു കൊണ്ടാണേ ചോദിക്കുന്നത്‌.

പതിനേഴിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സുന്ദരി കണ്ട പൌര്‍ണ്ണമി ചന്ദ്രന്മാരുടെ അത്രയും കൊളസ്റ്റ്രോണുമായി നില്‍ക്കുന്ന ഈ പാവത്തിന്റെ
നീറുന്ന പ്രശ്നത്തിന്‌ ഒരു പരിഹാരം നിര്‍ദ്ദേശിക്കില്ലേ???

ദേവന്‍ said...

കണ്ണൂസേ,
ആന്ത്യന്തികമായി ഞാന്‍ പാല്‍, പന്നിയിറച്ചി, മുട്ട, മാട്ടിറച്ചി വിരോധിയാണ്‌. എങ്കിലും യദുകുലം മനസ്സിലും ലാലുകുലം പത്രത്തിലുമുള്ളയിടത്തോളം കാലം ബീഫും പന്നിയും ഹറാമും പാല്‍ അമൃതുമാണല്ലോ..

അത്യുത്തമം സോയാ. ഉത്തമം നോണ്‍ ഡയറി വൈറ്റെനര്‍. പാലു കുടിച്ചേ അടങ്ങ്നൂവെങ്കില്‍ ഫ്രഷ്‌ ആയി കുപ്പിയില്‍ വരുന്ന സ്കിംഡ്‌ പാല്‍ കഴിക്കുക. ദേവന്റെ വോട്ട്‌ മര്‍മ്മം ഡയറിക്ക്‌ (മ്മടെ സര്‍ക്കാരിന്റെ പാലാ).

പാല്‍ക്കാരി, മഴവില്ല്, ചന്ദ്രന്‍ ആദി എവാപ്പൊറേറ്റഡ്‌ പാലില്‍ ആകെ കൊഴപ്പം ആണു. 85 ശതമാനത്തോളം ഫാറ്റ്‌. (എതാണ്ട്‌ വെണ്ണയുടെ അത്രയും) ഇവാപ്പൊറേറ്റിംഗ്‌ നടത്തിയതു കാരണം മലിനമാകല്‍ തീയറി അനുസരിച്ചും ചീത്ത. പ്രോസസ്സ്‌ ചെയ്തതാകയാല്‍ ഇന്‍ഫ്ലമേഷന്‍ തീയറി അനുസരിച്ചും ചീത്ത. എതു കണ്ണിലൂടെ നോക്കിയാലും റെയിന്‍ബോവാദി പാട്ടപ്പാലുകള്‍ വിഷമാണെന്ന് എനിക്കു തോന്നുന്നു.

ഞാന്‍ പാലുപയോഗിക്കുന്നില്ല. വീട്ടില്‍ വരുന്നവരോറ്റ്‌ അതു പറഞ്ഞാന്‍ ക്യാന്‍സറാണോ ഹാര്‍ട്ടറ്റാക്കാണോ ഷുഗറാണോ എന്നു ചോദിക്കുന്നതു കാരണം ഞാന്‍ നെസ്ലേ KLIM സീറോ ഫാറ്റ്‌ പാല്‍ പൊടി വാങ്ങി വയ്ക്കുന്നു.

(കൊളസ്റ്റ്രോ‍ള്‍ നിയന്ത്രണം ഒരു പോസ്റ്റ് ആയി വരുന്നുണ്ട്..)