Thursday, November 30, 2006

യോഗ: ചിത്തവൃത്തിനിരോധ:

പാളിപ്പോയ ലൈഫ്‌ സ്റ്റൈല്‍ റീഹാബിലിറ്റേറ്റ്‌ ചെയ്യുന്നത്‌ പൂര്‍ത്തിയാക്കി ഒരു മാസം തികച്ചേ ഇനി ആരോഗ്യം ബ്ലോഗ്ഗിലേക്കുള്ളൂ എന്ന് തീരുമാനിച്ചിരുന്നതാണ്‌.
"യോഗഃ ചിത്തവൃത്തിനിരോധഃ"
എന്ന യോഗസാരം ജ്യോതിടീച്ചര്‍ പറഞ്ഞു കേട്ടപ്പോള്‍ എന്റെ മനസ്സിനു ഇതെഴുതാനുള്ള പ്രലോഭനം സഹിക്കുന്നില്ല.

"മനസ്സ്‌ നപുംസകമാണെന്ന് അമര്‍സിങ്ങിന്റെ കോശത്തില്‍ വായിച്ച്‌ ഞാന്‍ അതിനെ അഴിച്ചു വിട്ടു. അതൊരു പെണ്ണിന്റെ പിറകേ പോയി, ഞാന്‍ കുടുക്കില്‍ പെട്ടു" എന്ന് അര്‍ത്ഥം വരുന്ന ഒരു ശ്ലോകമില്ലേ? അത്‌ കോമഡി ആണെങ്കിലും റ്റീച്ചര്‍ പറഞ്ഞതുപോലെ മനസ്സിനെ അഴിച്ചു വിട്ടാല്‍ ചിന്തകള്‍ ഒരോന്നായി മനസ്സില്‍ ഉറുമ്പരിക്കാന്‍ തുടങ്ങും എന്നും അതില്‍ തന്നെയുണ്ട്‌! ചിന്തകള്‍ക്ക്‌ രാഗദ്വേഷ വ്യസനാദികള്‍ മാത്രമേ തരാന്‍ കഴിയൂ. സന്തോഷം തരാന്‍ ഒരു ചിന്തക്കു കഴിയും എന്നാല്‍ ആനന്ദം തരാന്‍ കഴിയുകയുമില്ല. (ആനന്ദം എന്നാല്‍ ബ്രഹ്മ: ഗുണത്രയങ്ങളായ സച്ചിദാന്ദത്തിന്റെ ആനന്ദം)

ചിന്തകള്‍ ഇല്ലാത്ത അവസ്ഥയില്‍ അഹം മൂലാധാരത്തില്‍ മൂന്നര ചുരുളില്‍ ഉറങ്ങുന്ന കുണ്ഡലിനിയെ ഉണര്‍ത്തുന്നു എന്നതാണ്‌ യോഗയുടെ ആധാരശില . ചാക്രിക പഥങ്ങളോന്നും രോഗാതുരപീഢകളില്‍ കുഴങ്ങുന്നില്ലെങ്കില്‍ അതുയര്‍ന്ന് പ്രപഞ്ച ചൈതന്യത്തോട്‌ സംഗമിച്ചോളും. ഈ യോഗം- കൂടിച്ചേരലാണ്‌ യോഗ. യോഗാസങ്ങളെല്ലാം തന്നെ ശരീരത്തിന്റെ ഏഴു പ്രവര്‍ത്തിചൈതന്യ ചക്രങ്ങളെ പീഡിതാവസ്ഥയില്‍ നിന്നും മോചിപ്പിച്ച്‌ യോഗം സുഗമമാക്കാനുള്ള സ്റ്റെപ്പുകള്‍ മാത്രമെന്ന നിലക്ക്‌ യോഗാസനം പഠിപ്പിക്കുന്നവരെല്ലാം ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയവരാണ്‌. അതില്‍ തെറ്റൊന്നുമില്ല, അവര്‍ക്ക്‌ പൂര്‍ണ്ണഗുണം നല്‍കാന്‍ ആവുന്നില്ലെന്നു മാത്രം . ആരോ രവിശങ്കര്‍ ഒരു ഭാഗം അടര്‍ത്തി മാറ്റി എന്നാരോപിച്ചതുകൊണ്ട്‌ പറഞ്ഞെന്നേയുള്ളു, മിക്കവരും അതു തന്നെയാണ്‌ ചെയ്യുന്നതെന്ന്.

ചിന്തകള്‍ ഇല്ലാത്ത അവസ്ഥയിലെത്തുക തീരെ എളുപ്പമല്ല. എത്തിപ്പെട്ടിട്ട്‌ അതില്‍ നിന്നും മാറാതെ മൂന്നോ അഞ്ചോ മിനുട്ട്‌ ഇരിക്കുന്നത്‌ അതിലും വിഷമവും സ്വസ്ഥമായി ഒരിടത്തിരുന്ന് കഴിയുമെങ്കില്‍ നട്ടെല്ലു നിവര്‍ന്ന് സുഖമായി ശ്വാസം പിടിക്കാവുന്ന ഒരു പൊസിഷനിലിരുന്ന് എന്തിനെങ്കിലും ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ മനസ്സിലുള്ള ചിന്താ ഷാന്‍ഡ്ലിയറിനെ ഓരോ ബള്‍ബുകളായി ഓഫ്‌ ചെയ്യുക. എന്തു ചിന്ത നിറുത്താന്‍ പറ്റുന്നില്ലെന്നു തോന്നിയാലും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വസ്തുവില്‍ (കഴിവതും വിളക്കിലും മെഴുകുതിരിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കരുത്‌, വെളിച്ചത്തിലേക്ക്‌ അധികനേരം കണ്ണു വേദനിക്കാതെ നോക്കാന്‍ കഴിയില്ല) ചിന്തകള്‍ ഓരോന്നായി അണഞ്ഞണഞ്ഞ്‌ അവസാനം നമ്മളുടെ ശ്രദ്ധ പറ്റി നില്‍ക്കുന്ന വസ്തു മാത്രമായി മാറും മനസ്സില്‍.

ഇനിയത്തെ പരിപാടി അല്‍പ്പം വിഷമമാണ്‌ ആദ്യമൊക്കെ, പരീക്ഷിക്കും തോറും കൂടുതല്‍ എളുപ്പമാകും.

ഒറ്റ ചിന്ത മാത്രമായി മനസ്സില്‍ നില്‍ക്കുകയാണല്ലോ, മെല്ലെ കണ്ണടച്ച്‌ നമ്മള്‍ നോക്കുന്ന വസ്തുവിനേയും മറക്കുക. ചിന്തയില്ലാത്ത അവസ്ഥ എത്തി. ഇവിടെ വരുമ്പോള്‍ സാധാരണ പറ്റാറുള്ള പറ്റാണ്‌ ഒറ്റയാനെ മറക്കുമ്പോള്‍ അണഞ്ഞ ലൈറ്റുകളെല്ലാം ഒറ്റയടിക്ക്‌ തെളിഞ്ഞു വരിക എന്നത്‌. അതു സംഭവിച്ചാല്‍ സാരമാക്കണ്ട, സുല്ലിട്ട്‌ ഒന്നുകൂടെ തുടങ്ങുക, ആദ്യം എടുത്ത സമയം ഇത്തവണ വേണ്ടി വരില്ല.

ഈ യോഗാവസ്ഥയില്‍ ഏതു മനസ്സും പ്രപഞ്ച ശക്തിയില്‍ - ടീച്ചര്‍ പറയുന്ന വലിയ ഞാനോട്‌ -കൈകോര്‍ത്തു നില്‍ക്കുന്നു. ചുരുളഴിച്ച്‌ മെല്ലെ കുണ്ഡലിനീ ചക്രങ്ങളേഴും താണ്ടി വിശ്വം നിറയുന്ന അതിന്റെ സ്വത്വത്തിലേക്ക്‌ ലയിക്കുന്നു. യോഗം വരിച്ചസമയമത്രയും മനസ്സിലൊന്നുമില്ല. മാനസികമായ എന്തു വൈഷ്യമവും ഈ ഒരു ബ്രേക്ക്‌ സമയത്ത്‌ മിന്നല്‍ വേഗത്തില്‍ മനസ്സ്‌ അറ്റകുറ്റപ്പണി തീര്‍ത്തുകൊള്ളും. കുറ്റമറ്റ മനസ്സിന്‌ ശരീരത്തെയും, ശരീരം തിരിച്ചു മനസ്സിന്റെയും കേടു തീര്‍ക്കുന്നു. അങ്ങനെ യോഗാസനങ്ങള്‍ മനസ്സിനെയും യോഗാവസ്ഥ (thoughtless awareness എന്ന് ശ്രീമാതാജി നിര്‍മ്മല ദേവിയുടെ പരിഭാഷ) ശരീരത്തെയും കൂടി സംരക്ഷിക്കുന്നു.

മേമ്പൊടി: ( പ്രയോഗത്തിനു കട: പണ്ട്‌ കഷായം എന്ന തുടരന്‍ എഴുതിയിരുന്ന സുകുമാറിന്‌)
ദൈവം ആരാണ്‌, ദൈവമുണ്ടോ ഇല്ലയോ, എതു രൂപമാണ്‌ ദൈവം എന്നൊക്കെ വാദിക്കാന്‍ എത്തുന്ന വിശ്വാസികളില്‍ നിന്നും യുക്തിയില്ലാവാദികളില്‍ നിന്നും ഞാന്‍ ഊരിപ്പോകുകയേയുള്ളു, ഇതെല്ലാം ഒരുതരം വിശ്വാസം മാത്രമല്ലേ, എന്തു
ശരി എന്തു തെറ്റ്‌ അതില്‍. എന്നാല്‍ ചിലര്‍ വിടാതെ പിന്നാലേ കൂടും, അങ്ങനെ ഒരു ഉഗ്ര ദൈവരഹിതന്‍ നടത്തിയ വാദം
"ദേവനു തോന്നുന്നുണ്ടോ എനിക്ക്‌ നല്ലതു വരണേ എന്നു പ്രാര്‍ത്ഥിച്ചാല്‍ ദൈവം എന്ന ആള്‍ ഉടന്‍ നല്ലത്‌ വരാന്‍ ഉത്തരവിറക്കുമെന്ന്?"
"തോന്നുന്നില്ല"
"അപ്പോള്‍ ദിവസവും കിടന്ന് അലച്ചു പ്രാര്‍ത്ഥിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ ചിരി വരാറില്ലേ?"
"ഓരോ പ്രാര്‍ത്ഥനയും ചെറു ധ്യാനങ്ങളാണ്‌. ഓരോ പ്രാര്‍ത്ഥനയും ചെറു യോഗങ്ങളും. പ്രാര്‍ത്ഥിക്കുന്നവന്റെ മനസ്സ്‌ ഒന്നില്‍ മാത്രം കേന്ദ്രീകരിക്കുന്നു. അത്‌ എന്നും ചെയ്യുന്നവന്റെ അഹം പരത്തിലേക്ക്‌ നേരിയ തോതിലെങ്കിലും ചലിക്കുന്നു. പരീക്ഷയില്‍ എന്നെ ജയിപ്പിക്കണേ എന്ന് മുട്ടുകാലില്‍ നിന്നോ ഭജന ചൊല്ലിയോ റമദാന്‍ വ്രതമെടുത്തോ ഒക്കെ പ്രാര്‍ത്ഥിക്കുന്ന കുട്ടി ഉണര്‍ന്ന സ്വവും ദൈവം രക്ഷിക്കുമെന്ന പ്രതീക്ഷയും നല്‍കുന്ന ആത്മവിശ്വാസം കൊണ്ട്‌ പരീക്ഷ ജയിക്കുന്നു,. അങ്ങനെ അവനെ ദൈവം രക്ഷിക്കുകയും ചെയ്യുന്നു."
"കാര്യം ചോദിക്കുമ്പോള്‍ ഉരുണ്ടു കളിക്കുന്നത്‌ നിങ്ങളുടെ സ്ഥിരം പരിപാടിയാണ്‌."
"കാര്യം പറയുമ്പോള്‍ നിങ്ങള്‍ക്ക്‌ അത്‌ മനസ്സിലാക്കാനുള്ള ക്ഷമയോ ബോധമോ ഇല്ല. ഞാനെന്തു ചെയ്യാന്‍."

Friday, October 13, 2006

വാള്‍നട്ടും ചിക്കുന്‍ഗുന്യയും

പെരിങ്ങോടന്റെ ചിക്കണും ചിക്കുന്‍ഗുന്യയും എന്ന ലേഖനവുമായി ഇതിനൊരു ബന്ധവുമില്ല. ഈ പോസ്റ്റ്‌ ചിക്കുന്‍ഗുന്യയെക്കുറിച്ചുമല്ല. തൊട്ടുമുന്നേയുള്ള പോസ്റ്റില്‍ ഇഞ്ചിപ്പെണ്ണ് ചോദിച്ചു:
“ഞാന്‍ ഇയിടെ ഇവിടത്തെ പല മാഗസിനുകളിലും (മെഡിക്കല്‍ അല്ല) വായിക്കുന്നുണ്ട് .... പണ്ട് മുട്ട, അണ്ടിപരിപ്പ് ഇതൊക്കെ കൊളസ്റ്റ്രോള്‍ കാര്‍ക്ക് നിഷിദ്ധമായിരുന്നല്ലോ? പക്ഷെ ഈയിടെയായി, അതിലൊക്കെ വൈറ്റമിന്‍ ഋ, ലു ഇതൊക്ക്യുണ്ട്, അതുകൊണ്ട് സാരമില്ല,അതൊക്കെ നെറ്യേ കഴിച്ചാല്‍ നല്ല കൊളസ്ട്രോള്‍ കൂടും എന്നൊക്കെ. (ഓട്ട്സ് -നെ ക്കുറിച്ചും ഉണ്ട്). പണ്ട് വൈറ്റമിന്‍ ഗുളിക കഴിക്കണമെന്നായിരുന്നു. പക്ഷെ ഇപ്പൊ വൈറ്റമിന്‍ ഗുളിക കഴിച്ചോണ്ട് കാര്യമില്ല...?”


പത്രവാര്‍ത്തകള്‍:
ഏതെങ്കിലും ഒരു കണ്‍ക്ലൂഷന്റെ പേരില്‍ പത്രങ്ങള്‍ പലപ്പോഴും വലിക കോലാഹലം സൃഷ്ടിക്കാറുണ്ട്‌. കച്ചവടക്കാര്‍ അതിന്റെ ലാഭവും കൊയ്യാറുണ്ട്‌. ഒരുദാഹരണത്തിന്‌, ആരോഗ്യമുള്ള മനുഷ്യ ഹൃദയത്തില്‍ കോ എന്‍സൈം ക്യു പത്ത് (CoQ10) എന്നൊരു എന്‍സൈം കൂടുതല്‍ ഉണ്ടെന്നും രോഗാതുരമായ ഹൃദയത്തില്‍ ഇതു കുറവാണെന്നും കണ്ടെത്തിയതും പത്രന്‍ വെണ്ടക്കാ നിരത്തി. തൊട്ടു പിറകേ ഈ എന്‍സൈം ഗുളികയായി വിപണിയില്‍ എത്തി. ഹാര്‍ട്ടിന്റെ കാര്യമല്ലേ, ഇന്ന് ഏത്‌ പട്ടിക്കാട്ടിലെ മെഡിക്കല്‍ സ്റ്റോറില്‍ ചെന്നാലും ഇത്‌ വില്‍ക്കാന്‍ വച്ചിരിക്കുന്നത്‌ കാണാം. ഇതു ഭക്ഷണമായി കഴിച്ചാല്‍ ഹൃദയത്തില്‍ ഇതിന്റെ അളവു കൂടുമെന്ന് തെളിയിക്കാന്‍ നടത്തിയ പരീക്ഷണമൊന്നും വിജയിച്ചിട്ടില്ല, ഇനി ഹൃദയത്തിനു രോഗം വരുമ്പോള്‍ സംരക്ഷണത്തിനായി ശരീരം തനിയേ ഇതു കുറച്ചു കളയുന്നതാണോന്നും അറിയില്ല. ആളുകള്‍ വാങ്ങുന്നു തിന്നുന്നു. അതാണ്‌ പത്രപ്പണി.

കൊളസ്റ്റ്രോള്‍ കുറക്കുന്ന എന്തും തിന്നേണ്ട കാര്യവുമില്ല:
DDT മനുഷ്യ ശരീരത്തില്‍ LDL കൂടാതെ HDL കൂട്ടാന്‍ കഴിവുള്ള അപൂര്‍വ്വം വസ്തുക്കളില്‍ ഒന്നാണ്‌. എന്നുവച്ച്‌ ആരെങ്കിലും ഡി ഡി ടി കഴിക്കുമോ? ഒരു മുട്ടയില്‍ 300+ എം ജി കൊളസ്റ്റ്രോള്‍(ഫാറ്റും കൊളസ്റ്റ്രോളും രണ്ടാണേ, previous പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്‌) അടങ്ങിയിട്ടുണ്ട്‌. ഞങ്ങള്‍ മാക്ക്‌ ഡോഗള്‍ പക്ഷക്കാരുടെ കണക്കനുസരിച്ച്‌ അഭിലഷണീയമായ കൊളസ്റ്റ്രോള്‍ അകത്താക്കല്‍ പൂജ്യം എം ജിയും, ശത്രുപക്ഷമായ FDA കണക്കനുസരിച്ച്‌ അഭിലഷണീയമായ പരമാവധി 200 എം ജിയും ആണ്‌. രണ്ടു കണക്കില്‍ തൂക്കിയാലും ഒരൊറ്റ മുട്ട തന്നെ ഒരു ദിവസത്തില്‍ കഴിക്കാവുന്നതിന്റെ അപ്പുറമാണ്‌. വല്ലപ്പോഴും സ്മാള്‍ അടിക്കും എന്നു പറയുന്നത് പോലെ വല്ലപ്പോഴും ആരോഗ്യത്തിനു ഒരു തകരാറുമില്ലാത്തവന്‍ ഒരു മുട്ട കഴിച്ചോട്ടെ. പക്ഷേ ആശാസ്യ ഭക്ഷണമായി ഞാനതിനെ കൂട്ടുന്നില്ല.

ഇനി വൈറ്റമിനിലേക്കു വരാം
ഇഞ്ചി പറഞ്ഞപോലെ കൊളസ്റ്റ്രോള്‍ കുറക്കാന്‍ കഴിവുള്ള ഒരൊറ്റ വൈറ്റമിനേയുള്ളു, നയസിന്‍ അഥവാ vitamin b3. അതു തന്നെ വളരെ വലിയ തോതില്‍ കഴിച്ചാലേ [3000mg വരെയൊക്കെ വേണം]പ്രയോജനമുള്ളു എന്നതിനാല്‍ ഒരു പ്രായോഗിക മാര്‍ഗ്ഗമായി കൂട്ടുന്നില്ല.

മുട്ടകഴിക്കൂ, മീന്‍ കഴിക്കൂ അണ്ടിപ്പരിപ്പു കഴിക്കൂ എന്നു പറയുന്നത്‌ വൈറ്റമിനു വേണ്ടിയല്ല പ്രധാനമായും. വിശദീകരിക്കാം:

EFA അഥവാ എസ്സെന്‍ഷ്യന്‍ ഫാറ്റി ആസിഡുകള്‍:
നൂറുകണക്കിനു ധാതുക്കളും ലവണങ്ങളും അന്നജവും കൊഴുപ്പും വൈറ്റമിനുകളും മറ്റു പലതും (പറഞ്ഞാല്‍ തീരില്ല) ശരീരത്തിനാവശ്യമുണ്ട്‌. അതിലൊരുവക ആണ്‌ ഫാറ്റി ആസിഡുകള്‍(പഴയ എണ്ണ പോസ്റ്റില്‍ അതെന്താണു സാധനമെന്ന് പറഞ്ഞിട്ടുണ്ട്‌). ഫാറ്റി ആസിഡുകള്‍ തന്നെ രണ്ടു തരമുണ്ട്‌, ജന്തുക്കള്‍ സൃഷ്ടിക്കുന്നവയും സസ്യങ്ങള്‍ സൃഷ്ടിക്കുന്നവയും. രണ്ടും നമുക്കു അത്യാവശ്യമാണ്‌. ഇതില്‍ ജന്തുജന്യമായവ നമ്മള്‍ തന്നെ ഉണ്ടാക്കിക്കോളും. സസ്യങ്ങളില്‍ ഉണ്ടാക്കുന്നവ ഭക്ഷണത്തിലൂടെ നമ്മള്‍ അകത്തു വിടണം. ഇവയില്‍ പ്രധാനം ഒമേഗ 3, ഒമേഗ 6 എന്ന രണ്ടു ഫാറ്റി ആസിഡുകളാണ്‌. ഇതു കഴിക്കേണ്ടത്‌ അവശ്യമാകയാല്‍ ഇതിനെ എസ്സെന്‍ഷ്യല്‍ ഫാറ്റി ആസിഡെന്ന് പറയുന്നു.

EFA എന്തിന്‌?
1. ഇതില്ലെങ്കില്‍ cell membrane നിര്‍മ്മിക്കാന്‍ ശരീരം ബുദ്ധിമുട്ടും.

2. ഇതില്ലെങ്കില്‍ ശരീരത്തിലെ കൊളസ്റ്റ്രോള്‍ ഓക്സിഡൈസ്‌ ചെയ്യാനും പുറന്തള്ളാനുമുള്ള കഴിവു കുറഞ്ഞ്‌ കൊളസ്റ്റ്രോള്‍ കൂടും.

3. ഇതില്ലെങ്കില്‍ ഐക്കസനോയിഡ്‌ എന്ന കുലത്തിലെ ഹോര്‍മോണുകള്‍ക്ക്‌ സഞ്ചരിക്കാനാവാതെ ശരീരം തോന്ന്യാസം കാട്ടും.

ഒമേഗ 3 എന്നു കേള്‍ക്കുന്നതും നമുക്ക്‌ മുട്ടയുടെയും മീനിന്റെയും പരസ്യവും പത്രവാര്‍ത്തയും മനസ്സില്‍ വരും അല്ലേ? അതാണു പത്രന്റെയും പൌള്‍ട്രിക്കാരന്റെയും വിജയം.

ഇത്‌ സസ്യജന്യമാണ്‌. കോഴി വിത്തുകളും മറ്റും തിന്നും മീന്‍ പ്ലാങ്ക്ടന്‍ തിന്നുമാണ്‌ ഉണ്ടാക്കുന്നത്‌. ആരെങ്കിലും ഇട്ട ചെരുപ്പ്‌ വാങ്ങിയിടുന്നതിനെക്കാള്‍ നല്ലത്‌ ചെരുപ്പുകടയില്‍ നിന്നും വാങ്ങുന്നതല്ലേ. നമ്മള്‍ ഇത്‌ ചെടിയില്‍ നിന്നും തന്നെ വാങ്ങുന്നതാണു ബുദ്ധി. ഏറ്റവും കൂടുതല്‍ EFA അടങ്ങുന്ന സസ്യഭക്ഷണം അണ്ടിവര്‍ഗ്ഗങ്ങളാണ്‌. ഫ്ലാക്സ്‌ സീഡും ഏറ്റവും നല്ല ഈ എഫ്‌ ഏ സ്രോതസ്സാണ്‌. സെക്കന്‍ഡ്‌ ആയി ഇലക്കറികളും.

പക്ഷേ അണ്ടിവര്‍ഗ്ഗങ്ങള്‍ 70%+ ഫാറ്റുമാണ്‌ . ഇവ അകത്തു പോകുന്നത്‌ വര്‍ദ്ധിച്ചാല്‍ എന്തു രോഗം ഒഴിവാക്കാന്‍ ഈ എഫ്‌ ഏ കഴിച്ചോ അതെല്ലാം വീണ്ടും വരും (താഴെ വിവരിച്ചിട്ടുണ്ട്‌). അതിനാല്‍ നല്ല ആരോഗ്യമുള്ളയാള്‍ ഒരു സ്പൂണ്‍ ഫ്ലാക്സ്‌ സീഡൊ 1/8 കപ്പോളം (പ്രിഫറന്‍ഷ്യല്‍ ഓര്‍ഡറില്‍)വാള്‍നട്ട്‌, സോയ, പെക്കന്‍ നട്ട്‌, ബദാം എന്നിവയില്‍ എന്തെങ്കിലും ഒന്നോ അല്ലെങ്കില്‍ മിശ്രിതമോ (മൊത്തം 1/8 cup) കഴിക്കാം.

യൂറിക്ക്‌ ആസിഡ്‌, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം തുടങ്ങി എന്തെങ്കിലും ഉള്ളവര്‍ ഒട്ടും കഴിക്കേണ്ട. പകരം നല്ല ഇലക്കറികളോ, മത്തങ്ങയോ കുമ്പളങ്ങയോ വെള്ളരിക്കയോ കഴിച്ചാലും EFA കിട്ടും. ഇതൊന്നും തിന്നു ശീലമില്ലാത്ത സായ്പ്പ്‌ അവന്റെ വാള്‍നട്ടു തിന്നോട്ടെ.

EFA കുറഞ്ഞാല്‍ :
ചര്‍മ്മരോഗങ്ങള്‍, ധമനീരോഗങ്ങള്‍, വൈറസ്‌, ബാക്റ്റീരിയ തുടങ്ങി കോശ ഭിത്തീല്‍ കേറി പിടിക്കുന്ന മോന്‍ മാരെ ചെറുക്കാനുള്ള കഴിവു കുറയല്‍ ( ചിക്കുന്‍ ഗുനിയ മുതല്‍ എയിഡ്‌സ്‌ വരെ മത്തങ്ങയും ബദാമുമായി ബന്ധ്പ്പെടുത്തി!) വൃക്കരോഗം എന്നു വേണ്ട, സര്‍വ്വതും കിട്ടും

EFA കൂടിയാല്‍:
ഓക്സിഡേഷന്‍ ഇവന്റെ പണിയാണെന്ന് പറഞ്ഞല്ലോ, ഫ്രീ റാഡിക്കല്‍ (സ്നേഹോപദേശം എന്ന പോസ്റ്റ്‌ നോക്കുക) കൂടി ഹൃദയ ധമനീരോഗം വന്നേക്കാം, പൊണ്ണത്തടി വന്നേക്കാം,
അണ്ടിപ്പരിപ്പുകള്‍ ആണു കൂടുതലായി കഴിക്കുന്നതെങ്കില്‍ യൂറിക്ക്‌ ആസിഡ്‌ ഉയര്‍ന്ന് കിഡ്‌ണിക്കുവരെ ഭീഷണിയാകാം, ഗൌട്ടും വരാം.

EFA എത്ര?
കഴിക്കുന്ന കലോറികളുടെ 0.1 % മുതല്‍ 0.5% വരെ എന്നു ഡോ. ജീന്‍ മാക്‌ ഡോഗള്‍ ഉപദേശിക്കുന്നു. ഒരുമാതിരി തീറ്റ തിന്നുന്ന ഒരാളിന്റെ ഭക്ഷണക്കണക്കിലാണ്‌ 1/8 കപ്പ്‌ അണ്ടിപ്പരിപ്പെന്നു മേലേ കൂട്ടുന്നത്‌. മത്ത-കുമ്പള-ചീര-മുരിങ്ങ ഫാന്‍സിനു ഇതും ആവശ്യമില്ല.

ഓട്ട്‌സിന്റെ തന്ത്രം!
ഓട്ട്‌സ്‌ സോള്യുബിള്‍ ഫൈബര്‍ കൂടുതല്‍ ഉള്ളതിനാല്‍ 5% വരെ ഒക്കെ കൊളസ്റ്റ്രോള്‍ കുറക്കുന്നുണ്ട്‌. അതും ഇതുമായി ബന്ധമില്ല ഇഞ്ചി. സോള്യുബിള്‍ ഫൈബറിനു ഓട്ട്സ്‌ തന്നെ വേണമെന്നില്ല. തണ്ണിമത്തനോ ആപ്പിളോ റൈ ബ്രെഡോ, മാങ്ങായോ എന്തായാലും മതിയല്ലോ. ഈ ക്വാക്കറു കമ്പനി നമ്മളെ ജോക്കറാക്കുന്നതല്ലേ ഓട്ട്ശ്‌ കഴിച്ചാല്‍ സോള്യുബില്‍ ഫൈബര്‍ കിട്ടുമെന്ന് പറയുമ്പോ നമ്മളറിയാതെ വേറൊന്നിലും ഇതില്ലെന്ന് ധരിച്ചു പോകും

[ഇതിലെ പലവിവരങ്ങള്‍ക്കും പല മെഡിക്കല്‍ ജേണലുകളെ ഉദ്ധരിച്ച്‌ ഡോ.‍ മാക്‌ഡോഗള്‍ എഴുതിയ ലേഖനനങളോട് കടപ്പെട്ടിരിക്കുന്നു. ലിങ്ക് കൊടുക്കാവുന്നതിലും കൂടുതലെണ്ണമുണ്ട്.]

Wednesday, October 11, 2006

ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക്‌, ഖേദപൂര്‍വ്വം.

തിരക്കിലും ബ്ലോഗിലും പെട്ട ശേഷം ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നത്‌ ഏറെക്കുറെ നിലച്ചു. എന്നാലും ഡോ. ഇക്ബാല്‍ മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതുന്ന പംക്തി മുടക്കാറില്ല; ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെ വാണിജ്യവശത്തിന്റെ ഉള്ളുകള്ളികളെക്കുറിച്ച്‌ ഇതുപോലെ ആധികാരിമായ നിരീക്ഷണങ്ങള്‍ ആരും എഴുതാറില്ലാത്തതുകാരണം. ഈ ഒരൊറ്റ കോളം വായിക്കാന്‍ വേണ്ടി മാസിക വാങ്ങാറുമില്ല, ആരോടെങ്കിലും കടം വാങ്ങി വായിച്ച്‌ തിരികെ നല്‍കാറേയുള്ളു. എന്നാല്‍ ഇത്തവണത്തെ ആരോഗ്യമാസികയില്‍ "ഭാര്യമാര്‍ക്കുകൂടി അറിയാത്ത രഹസ്യം" എന്ന തലവാചകത്തോടെ ഡോക്റ്റര്‍ പുനത്തില്‍ കുഞ്ഞബ്‌ദുള്ള എഴുതിയ ഒരു ലേഖനം കണ്ട്‌, ഒരു ജിജ്ഞാസ തോന്നി മാസിക വാങ്ങിക്കൊണ്ടു വന്നു.

നിരവധി തെറ്റുകള്‍ അടങ്ങുന്ന ഡോ. പുനത്തിലിന്റെ ലേഖനം അപകടകാരിയായ നിര്‍ദ്ദേശങ്ങളും വായനക്കാരനു തരുന്നു എന്നതിനാല്‍ പ്രതികരിക്കാതിരിക്കാനാവുന്നില്ല .

വസ്തുതാപരമായ തെറ്റുകള്‍
(അക്കമിട്ടു നിരത്തിയ വാചകങ്ങള്‍ ലേഖനത്തിലേത്‌)

1. “ബി കോമ്പ്ലക്സും ആന്റി ഓക്സിഡന്റുകളും ഫലവത്താണോ എന്ന് ഇതുവരെ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല“

തീര്‍ച്ചയായും ഓക്സിഡേറ്റീവ്‌ സ്റ്റ്രെസ്സ്‌ ഗവേഷണത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ആന്റി ഓക്സിഡന്റുകള്‍ ഗുളിക രൂപത്തില്‍ തന്നെ ഫലം ചെയ്യുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഹെല്‍സിങ്കി പഠനത്തില്‍ നിന്നും തുടങ്ങി സ്റ്റീനര്‍ റിപ്പോര്‍ട്ട്‌ വരെ ഇരുപത്തഞ്ചെണ്ണമെങ്കിലും അംഗീകരിക്കപ്പെട്ട നിര്‍ണ്ണയങ്ങളില്‍ എനിക്കറിവായുന്നവയായി ഉണ്ട്‌. വിസ്താരഭയത്താല്‍ പട്ടിക ഇവിടെ ചേര്‍ത്തിട്ടില്ല.

2. "രണ്ടു കാരറ്റും രണ്ടു കോവക്കയും രണ്ടു വെണ്ടക്കയും നന്നായി കഴുകി ശുദ്ധിയാക്കി വെറുതേ കടിച്ചു തിന്നാല്‍ മതി, ആന്റി ഓക്സിഡന്റ്‌ കിട്ടും"
കിട്ടില്ലല്ലോ. ശരിയായ ഭക്ഷണം കഴിക്കുന്നവര്‍ക്ക്‌ സപ്പ്ലിമന്റുകള്‍ ആവശ്യമില്ല.
പച്ചക്കറി പാചകം ചെയ്യാതെ തിന്നുന്നതിനു വളരേ ഗുണങ്ങളുണ്ട്‌, പക്ഷേ ഡോക്റ്റര്‍ പറയുന്നതുപോലെ രണ്ടു വീതം മൂന്നു പച്ചക്കറി ഏറെയൊന്നും സഹായിക്കില്ല. "ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റ്‌" - ബീറ്റകരോട്ടിനാണ്‌ പ്രധാന ആന്റി ഓക്സിഡന്റ്‌ എന്നു കരുതിയതില്‍ വന്ന തെറ്റായ തീരുമാനമാണ്‌ ഇത്‌.

ഓക്സിഡേറ്റീവ്‌ സ്റ്റ്രെസ്സ്‌ കുറക്കാന്‍ വിറ്റാമിന്‍ E, വിറ്റമിന്‍ A, ഫ്ലാവനോയിഡുകള്‍, എന്നിവക്കാണ് പ്രാദ്ധാന്യം ബീറ്റാ കരോട്ടിന്‍, ആല്‍ഫാ കരോട്ടിന്‍ എന്നിവയെക്കാള്‍.

ഇപ്പറഞ്ഞ പച്ചക്കറികള്‍ കഴിക്കുന്നത്‌ ആരോഗ്യത്തിനു നന്നെങ്കിലും ഇവ കഴിച്ചാല്‍ ബാക്കി എന്തും ചെയ്യാം എന്നര്‍ത്ഥമില്ല. മാത്രമല്ല ഡോക്റ്റര്‍ വിറ്റാമിന്‍ ബി കോമ്പ്ലക്സിനു പകരമായികൂടിയാണ്‌ നിര്‍ദ്ദേശിക്കുന്നതെന്നോര്‍ക്കണം, ഇവയില്‍ ബി വര്‍ഗ്ഗങ്ങള്‍ തുലോം നിസ്സാരമായേ അടങ്ങിയിട്ടുള്ളു. എത്ര പച്ചക്കറി കഴിച്ചിട്ടും വിറ്റാമിന്‍ ബി 12 കിട്ടുകയുമില്ല. അത്‌ ജന്തുജന്യമായ വസ്തുക്കളില്‍ മാത്രമടങ്ങിയിരിക്കുന്നു.

മുഖ്യ ഓക്സിഡന്റുകളെ - വിഷ വസ്തുക്കള്‍, മാലിന്യങ്ങള്‍ എന്നിവയെ കണ്ടെത്തി ഒഴിവാക്കല്‍ ഭക്ഷണത്തോളം വലിയ ആന്റി ഓക്സിഡേഷന്‍ പ്രക്രിയയുമാണ്‌.

3. "ബ്ലഡ്‌ പ്രഷര്‍ 120/80 യില്‍ കൂടാന്‍ പാടില്ലെന്ന് വൈദ്യശാസ്ത്രം ശഠിച്ചു പറഞ്ഞു.. ഇപ്പോള്‍ പറയുന്നു 100/70 ഇല്‍ കൂടാന്‍ പാടില്ലെന്ന്"

ആരുപറയുന്നു? എവിടെപ്പറയുന്നു? അംഗീകൃത വൈദ്യശാസ്ത്രപ്രകാരം 120/80 ഇന്നും നോര്‍മല്‍ ബ്ലഡ്‌ പ്രഷര്‍ തന്നെ. 115/75 നോര്‍മല്‍ ആണെന്ന് ചില ഡോക്റ്റര്‍മാര്‍ സ്വന്തം നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അഞ്ചു മില്ലിമീറ്റര്‍ മെര്‍ക്കുറി താഴാന്‍ ആരും മരുന്നു കൊടുത്തതായി കേട്ടിട്ടില്ല, വായിച്ചിട്ടുമില്ല. വളരെ താഴ്ന്ന രക്തസമ്മര്‍ദ്ദം അനോരോഗ്യമുള്ള ഹൃദയത്തിന്റെ വരെ ലക്ഷണമായേക്കാം.

4. ‘നല്ല കൊളസ്റ്റ്രോളും (HDL) ചീത്ത കൊളസ്റ്റ്രോളുമുണ്ട്‌ (LDL). ബദാമിലും അണ്ടിപ്പരിപ്പിലും ആപ്രിക്കോട്ടിലും നല്ല കൊളസ്റ്റ്രോളാണുള്ളത്‌.“

ഒന്നാമതായി, ഒരു മനുഷ്യന്‍ കൊളസ്റ്റ്രോള്‍ എടുത്തു കഴിച്ച്‌ അത്‌ രക്തത്തില്‍ കലരുകയല്ല ചെയ്യുന്നത്‌. അയാളുടെ കരള്‍ ശരീരത്തിനാവശ്യമുള്ള കൊളസ്റ്റ്രോളിനെ ഉല്‍പ്പാദിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ ഉല്‍പ്പാദനം കൂടുമ്പോഴാണ്‌ കൊളസ്റ്റ്രോള്‍ നിരക്ക്‌ അപകടകരമായി ഉയരുന്നത്‌. ഫാറ്റുകള്‍ കഴിക്കുന്നത്‌ കൊളസ്റ്റ്രോള്‍ ഉല്‍പ്പാദനത്തെ കൂട്ടുന്നു. കൊളസ്റ്റ്രോള്‍ ഉല്‍പ്പാദനം കൂടുമ്പോഴെല്ലാം LDL & HDL ഉയരുന്നത്‌ ഒരേ തോതില്‍ അല്ല. മോണോ-പോള്യ്‌ അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റുകള്‍ (LDL-HDL)അനുപാതം കൂട്ടുന്നത്‌ സാച്ച്ചുറേറ്റഡ്‌ ഫാറ്റുകളെക്കാല്‍ ആശാസ്യമായ രീതികളിലാണെന്ന് വാദം ഉണ്ട്‌. സത്യത്തില്‍ ഒട്ടും ഫാറ്റ്‌ കഴിക്കാതെ തന്നെ ഒരാള്‍ക്കു വേണ്ട കൊളസ്റ്റ്രോള്‍ ഉണ്ടാക്കാന്‍ അയാളുടെ കരളിനു കഴിയും,എന്നാല്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന മിക്ക ഭക്ഷണത്തിലുംഫാറ്റ്‌ അംശം ഉള്ളതിനാല്‍ മൊത്തത്തില്‍ ഫാറ്റിനെ ഒഴിവാക്കാനാവുന്നില്ല.

കൊളസ്റ്റ്രോള്‍ ജന്തുക്കളുടെ കരളിന്റെ ഉല്‍പ്പന്നം ആണെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ കരളില്ലാത്ത കശുമാവിനും ബദാം മരത്തിനും കൊളസ്റ്റ്രോള്‍ നിര്‍മ്മിച്ച്‌ വിത്തുകളില്‍ കൊണ്ടുവയ്ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ നല്ലതോ ചീത്തയോ ആയ ഒരു കൊളസ്റ്റ്രോളും ഇക്കണ്ട സാധനത്തിലൊന്നും ഇല്ലെന്നും മനസ്സിലാവും. ജന്തുജന്യഭക്ഷണങ്ങളില്‍ മാത്രമേ കൊളസ്റ്റ്രോള്‍ ഉള്ളു.
HDL-LDL എന്നു രണ്ടു തരം കൊളസ്റ്റ്രോള്‍ മാത്രമല്ല ട്രൈഗ്ലിസറൈഡ്‌ എന്ന ന്യൂട്രല്‍ ഫാറ്റും LDLന്റെ തന്നെ ഭാഗമായ LP(a), VLDL എന്നിവയൊക്കെ കണക്കിലെടുത്താണ്‌ ഒരാളിന്റെ ലിപ്പിഡ്‌ മാനേജുമന്റ്‌ നടത്തേണ്ടത്‌.

ദാര്‍ശനികമായ തെറ്റ്‌
പണ്ട്‌ കൊളസ്റ്റ്രോള്‍ 180-250 ഇല്‍ നിര്‍ത്തണമെന്നായിരുന്നുനിയമം, പിന്നീടത്‌ 150-200 ആയി. ഇപ്പോള്‍ പറയുന്നു 150-180 ഇല്‍ കൂടാന്‍ പാടില്ല എന്ന്..... സ്റ്റാറ്റിന്‍ ഗുളികകളുടെ വില്‍പ്പന താഴുന്നതനുസരിച്ച്‌ ഗവേഷണങ്ങ്ഫലങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരിക്കും.
മിക്ക വൈദ്യ ഗവേഷണവും മരുന്നു കമ്പനിക്കാരുടെ അനുഗ്രഹദാങ്ങളോടെയാണ്‌. ഡോ. മാക്‌ഡോഗള്‍ നിരീക്ഷിച്ചതുപോലെ "ആദായം തരാത്ത സത്യത്തിനോട്‌ ആര്‍ക്കും താല്‍പ്പര്യമില്ല എന്നതാണ്‌ കഷ്ടം"

എന്നാല്‍ കൊളസ്റ്റ്രോള്‍ പഠനം തെറ്റില്‍ നിന്നും‌ ശരിയിലേക്ക്‌ നീങ്ങുന്നത്‌ ഇങ്ങനെ ആയിരുന്നു. ശരാശരി അമേരിക്കന്‍ TC ലെവല്‍ ആണ്‌ നോര്‍മല്‍ എന്നു ധരിച്ച കാലത്ത്‌ 200+ നോര്‍മലെന്ന് ഡോക്റ്റര്‍മാര്‍ കരുതി. കാലക്രമേണ അതു മൊത്തില്‍ കൊളസ്റ്റ്രോള്‍ 150 ഇല്‍ താഴെയുള്ളവര്‍ക്ക്‌ മറ്റു പ്രശ്നമൊന്നൊമില്ലെങ്കില്‍ ഹൃദയധമനീരോഗം വരാന്‍ സാദ്ധ്യത വളരെ വളരെ കുറവാണെന്ന തിരിച്ചറിവിലേക്ക്‌ നീങ്ങി.

കൊല്ലുന്ന നിര്‍ദ്ദേശം!
ബദാമിലും അണ്ടിപ്പരിപ്പിലും അത്രൂട്ടിലും ആപ്രിക്കോട്ടിലും
നല്ല കൊളസ്റ്റ്രോളാണുള്ളത്‌. അതു വാരിവലിച്ചു തിന്നുക. അത്‌ ചീത്ത കൊളസ്റ്റ്രോളിനെ താഴ്ത്തിക്കൊണ്ടുവരുമത്രേ.
[ബദാമിലും അണ്ടിപ്പരിപ്പിലും... പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റ്‌ എന്നു വായിക്കുന്നു, സസ്യജന്യമായ ഒന്നിലും കൊളസ്ട്രോളില്ല എന്നത്‌ വിശദീകരിച്ചു കഴിഞ്ഞതാണ്‌]
പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റുകളും ഒമേഗ3 എണ്ണകളും എച്ച്‌ ഡി എല്‍ കൂട്ടുമോ എന്നത്‌ പ്രാരഭ ദിശകളില്‍ ചുറ്റി തിരിയുന്ന ഗവേഷണമാണ്‌. എന്നാല്‍ ആ കണക്കില്‍ പോലും വളരെ പരിമിതമായ രീതിയില്‍ അല്ലാതെ വാരിവലിച്ചു തിന്നുന്ന അണ്ടിവര്‍ഗ്ഗങ്ങള്‍ അപകടമേ ചെയ്യൂ. വ്യായാമമാണ്‌ HDL കൂടാനേറ്റവും ആശാസ്യമായ വഴി.

പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റുകള്‍ സാച്ചുറേറ്റഡ്‌ ഫാറ്റിന്റെ ചീത്തത്തരങ്ങളെ ചെറുക്കുമെന്ന വാദം ഉന്നയിക്കുന്നവര്‍ സാധാരണയായി പരമാവധി കാല്‍ കപ്പ്‌ അണ്ടിപ്പരിപ്പുകള്‍ കഴിയുമെങ്കില്‍ വാള്‍നട്ട്‌ മാത്രം കഴിക്കാനാണ്‌ നിര്‍ദ്ദേശിക്കാറ്‌.

കൂടുതലായി അണ്ടിവര്‍ഗ്ഗങ്ങള്‍ പ്രത്യേകിച്ച്‌ അണ്ടിപ്പരിപ്പ്‌, ബദാം, നിലക്കടല, മക്കാഡെമിയ നട്ട്‌ തുടങ്ങിയാ കഴിക്കുന്നത്‌ ശരീരത്തില്‍ യൂറിക്ക്‌ ആസിഡ്‌ വല്ലാതെ കൂട്ടി "ഗൌട്ട്‌" എന്ന വേദനാജനകമായ അസുഖം വരാനുള്ള സാദ്ധ്യത പരശ്ശതം മടങ്ങ്‌ വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന യൂറിക്ക്‌ ആസിഡിനു കിഡ്ണികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കാന്നും കഴിവുണ്ട്‌.

അണ്ടിപ്പരിപ്പുകള്‍ "വാരി വലിച്ചു തിന്നുന്നവര്‍" പുകവലിക്കാരെപ്പോലെ,‍ ഫാസ്റ്റ്‌ ഫൂഡ്‌ പ്രേമിയെപ്പോലെ‍ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു.

സന്ദേശത്തിലെ പാളിച്ച
ഡോ. പുനത്തില്‍ ലേഖനത്തിന്റെ പര്യവസാനത്തില്‍ മാത്രം വെളിപ്പെടുത്തുന്ന ആ രഹസ്യം ഇങ്ങനെ " രോഗങ്ങളില്‍ മിക്കതും തനിയെ ഭേദമാകുന്നു". തൊട്ടുമുന്നിലുള്ള എല്ലാ കാര്യങ്ങളും മരുന്നുകളുടെ അനാവശ്യകതയെക്കുറിച്ചാണ്‌.

രോഗങ്ങള്‍ മിക്കതും തനിയേ ഭേദമാകും, അല്ലാത്തവയെ ഭേദമാക്കാന്‍ മാത്രമേ ശരീരത്തിനു മരുന്നിന്റെ സഹായവും ആവശ്യമുള്ളു. അതൊരു പുതിയ അറിവുമല്ല. [ഇക്കാരണത്താലാണ് വ്യാജഡോക്റ്റര്‍മാര്‍ വിശ്വാസ്യത നേടുന്നതെന്ന് എം പി നാരായണപിള്ള പണ്ടൊരു ലേഖനത്തില്‍ പറഞ്ഞിരുന്നു] പക്ഷേ, ഒരു ഡോക്റ്റര്‍ മെഡിക്കല്‍ മാഗസീനിലെഴുതി ഇതു വായിക്കുന്ന ഒരു സാധാരണക്കാരന്‍ ചികിത്സകളെല്ലാം അനാവശ്യമാണും അസുഖത്തിന്‌ കഴിവതുണ്ടെങ്കില്‍ ആശുപത്രികളില്‍ പോകരുതെന്നും അനുമാനിക്കുകയാണ്‌ ചെയ്യാന്‍ സാദ്ധ്യത.

വൈദ്യം, വ്യോമയാനം, സൈന്യം തുടങ്ങി അപകടം പിടിച്ച മേഖലകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അറിയാവുന്നത്‌ പറഞ്ഞുകൊടുക്കാനുള്ള ബാദ്ധ്യതെയെക്കാള്‍ പലമടങ്ങ്‌ വലുതാണ്‌ അറിയില്ലാത്ത കാര്യങ്ങളെക്കുറിച്ച്‌ പറയാതിരിക്കുക എന്നത്‌. വൈദ്യന്റെ തെറ്റായ നിരീക്ഷണം രോഗിക്ക്‌ ദോഷം ചെയ്യും. അത്‌ പ്രസിദ്ധീകൃതമാണെങ്കിലോ, ആയിരക്കണക്കിന്‌ ആള്‍ക്കാരെ ബാധിക്കും.രണ്ടു പേജില്‍ ഇത്രയും അബദ്ധങ്ങളടക്കി അലക്ഷ്യമായെഴുതിയ ഈ ലേഖനം വായിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു.

Friday, September 01, 2006

ചികിത്സാദേവത നിങ്ങളെ മാടി മാടി വിളിക്കുന്നു*

"സ്റ്റാട്ട്യൂട്ടറി ആഡിറ്റ്‌, ഇന്റേര്‍ണല്‍ ആഡിറ്റ്‌, ബാങ്ക്‌ ആഡിറ്റ്‌, ഇന്‍വെസ്റ്റിഗേഷന്‍, ടാക്സേഷന്‍ തുടങ്ങി എല്ലാ വിധ കണ്‍സള്‍ട്ടന്‍സിയും ഉത്തരവാദിത്തത്തോടെ സ്തുത്യര്‍ഹമായ രീതിയില്‍ ചെയ്തു കൊടുക്കപ്പെടുക്കും. സമീപിക്കുക ധര്‍മ്മജന്‍ പട്ടേരി ആന്‍ഡ്‌ കോ, ചാര്‍ട്ടേര്‍ഡ്‌ അക്കൌണ്ടന്റ്സ്‌".. ഇങ്ങനെ ഒരു ബോര്‍ഡ്‌ വച്ചാല്‍ എന്താ സംഭവിക്കുക? കൂടുതലൊന്നുമില്ല, പട്ടേരിച്ചന്റെ ലൈസന്‍സ്‌ നാളെ കാണില്ല. ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചാര്‍ട്ടെര്‍ഡ്‌ അക്കൌണ്ടന്റ്സിന്റെ കോഡ്‌ ഓഫ്‌ കോണ്‍ഡക്റ്റ്‌ ഇമ്മാതിരി ചെറ്റവീമ്പിളക്കല്‍ കര്‍ശ്ശനമായും നിരോധിച്ചിരിക്കുന്നു. ഇല്ലെങ്കില്‍ ആ തൊഴിലിനു പിന്നെ മാന്യതയും വിശ്വാസ്യതയും ഇല്ലാതെ പോകും. "കൊള്ള, കൊല ബലാത്സംഗം എന്തും ധൈര്യമായി നടത്തിക്കോ, മജമാടണ്ണാ ഞങ്ങളില്ലേ" എന്നൊക്കെ വക്കീലന്മാര്‍ പത്രത്തേല്‍ കൊടുത്താലോ. അയ്യയ്യോ. നല്ല നിറമുള്ള ഒരു ബോര്‍ഡ്‌ വയ്ക്കുന്നതു പോലും തെറ്റാണവര്‍ക്ക്‌.

ഈയടുത്ത സമയത്ത്‌ പത്രത്തിലും റ്റീവിയിലുമൊക്കെ മുസ്‌ലി പവര്‍ എന്നൊരു മരുന്നിന്റെ പരസ്യം ധാരാളമായി വരുന്നു "ദി ഇന്ത്യന്‍ വയാഗ്ര" "ഡ്രഗ്‌ കണ്ട്രോളര്‍ അംഗീകരിച്ചത്‌" പരിപൂര്‍ണ്ണ സുരക്ഷിതം".. ഇതൊക്കെ കണ്ടാല്‍ എന്തോ മഹാകാര്യം കണ്ടു പിടിച്ചെന്നും മാനവരാശി രക്ഷപ്പെട്ടെന്നും ആര്‍ക്കെങ്കിലും തോന്നുന്നുണ്ടാവുമോ എന്തോ, "എതായാലും ഇതും കൂടി കഴിച്ചു നോക്കാം" എന്ന രീതിയില്‍ നല്ല കച്ചവടം നടക്കുമെന്ന് ഉറപ്പ്‌.

മുസ്‌ലി ഒരു യുനാനി മരുന്നാണ്‌ ചേരുവ:- ശതാവരിയുടെ വേര്‌ ഉണക്കി പൊടിച്ചത്‌. ആയിരക്കണക്കിനു വര്‍ഷങ്ങളായി യുനാനി വൈദ്യന്മാര്‍ വാജീകരണത്തിന്‌ ശതാവരി വേര്‌ ഉപയോഗിച്ചു വരുന്നു. ഡ്രഗ്‌ കണ്ട്രോളറുടെ അംഗീകാരത്തിന്റെ കളിയൊക്കെ അത്രേയുള്ളൂ. ആവശ്യമുള്ളവനു സ്വയം അങ്ങാടിക്കടയില്‍ നിന്നും വാങ്ങി ഉപയോഗിക്കാം, കൊള്ളവില കൊടുക്കാതെ.

ഈ നാട്ടുമരുന്നു വില്‍പ്പനക്കാരുടെ ഒരു കാര്യം, പണ്ട്‌ പവര്‍ മാള്‍ട്ടെന്നൊക്കെ പറഞ്ഞു വെറും മാള്‍ട്ട്‌ വിറ്റിരുന്നു എന്നൊക്കെ ആലോചിച്ച്‌ റേഡിയോ വച്ചു . എപ്പോഴത്തെയും പോലെ പരസ്യം തന്നെ

"എന്താ ചേട്ടാ നാട്ടില്‍ പോകാന്‍ സമയമായിട്ടും ഒരു സന്തോഷം ഇല്ലാത്തത്‌?"

" എന്തു പറയാനാ, കുടുംബ ജീവിതം എനിക്കു ഭയമാണളിയാ.."

"ചേട്ടനൊരു കാര്യം ചെയ്യു, അബുദാബിയിലെ ..... ആശുപത്രിയില്‍ ഇന്നു തന്നെ ചെന്ന് യൂറോളജിസ്റ്റ്‌ ഡോക്റ്റര്‍...... നെ കാണൂ. കേരളത്തിലെ ... മെഡിക്കല്‍ കോളേജില്‍ ദീര്‍ഘകാലം യൂറോളജി വിഭാഗം
തലവനായിരുന്ന അദ്ദേഹം .... , ....,.... എന്നീ ചികിത്സയിലും മറ്റും പ്രഗത്ഭനാണ്‌, മൂന്നു ചക്ക മുള്ളോടെ വിഴുങ്ങിയ കേമനാണ്‌. അവിടത്തെ ചികിത്സ കഴിഞ്ഞ്‌ സന്തോഷമായി നാട്ടില്‍ പോയിക്കോളൂ.."

ഹരിശ്രീ അശോകന്റെ തുടക്ക സമയത്തെ സ്ഥിരം നമ്പര്‍ ആയിരുന്നു വഴിയോര വൈദ്യം, പക്ഷേ ഇത്‌ അതിനെയും കടത്തി വെട്ടിയല്ലോ ഈശ്വരാ.

വിളിക്കാതെ ഇങ്ങോട്ടു വന്നു ചികിത്സിക്കാമെന്ന് പറയുന്നവന്‍ സാക്ഷാല്‍ അശ്വിനീ ദേവകളെക്കാള്‍ കേമനായാലും ആട്ടിപ്പായിക്കണം എന്നാണ്‌ അഷ്ടാംഗ ഹൃദയം പറയുന്നത്‌. നമ്മള്‍ വൈദ്യന്റെ കീര്‍ത്തി കേട്ടറിഞ്ഞ്‌ അവിടെയെത്തുന്നത്‌ മാത്രമേ അദ്ദേഹത്തിനു പരസ്യമാകാവൂ..

ആശുപത്രികളെയും ഡോക്റ്റര്‍മാരെയും മെഡിക്കല്‍ കൌണ്‍സില്‍ നേര്‍ വഴിക്ക്‌ നടത്തിയില്ലെങ്കില്‍ നമുക്ക്‌ ഗ്രേഡിംഗ്‌ നടത്തേണ്ടി വരും. ഒരു പായ പേപ്പറെടുത്ത്‌, ഓരോ കോളമായി അറിവ്‌, പ്രവൃത്തി പരിചയം, സൌമ്യമായ പെരുമാറ്റം, ആര്‍ത്തിയില്ലാതെയിരിക്കല്‍, പരസ്യങ്ങളലില്ലാതിരിക്കല്‍, രോഗിയില്‍ ശ്രദ്ധ, പരിചയക്കാരുടെ അനുഭവം, നമുക്ക്‌ നേരിട്ടുള്ള പരിചയം എന്നൊക്കെ കുറേ കോളമിട്ട്‌ അറിയാവുന്ന ഡോക്റ്റര്‍മാരെയെല്ലാം ഓരോ വരിയായി എഴുതി ഒന്നു മുതല്‍ പത്തു വരെ മാര്‍ക്ക്‌ ഓരോ കോളത്തിലുമിട്ട്‌ എഴുതി കൂട്ടാം? ഇതിലെ മാര്‍ക്ക്‌ കൂടിയവര്‍ ആവണം അറിയുന്ന ഡോക്റ്റര്‍. എന്തറിയാവുന്ന ഡോക്റ്റര്‍? രോഗത്തെ അറിയുന്ന, രോഗിയെ അറിയുന്ന, ചികിത്സയറിയുന്ന, പെരുമാറാന്‍ അറിയുന്ന, സദാചാര്യമെന്തെന്നറിയുന്ന ഡോക്റ്റര്‍.

*ഭാഗ്യദേവത നിങ്ങളെ മാടി മാടി വിളിക്കുന്നു എന്ന സി . വിദ്യാധരന്‍ മഞ്ജുള ലോട്ടറീസിന്റെ പരസ്യത്തോട്‌ കടപ്പാട്‌.

Wednesday, August 23, 2006

മൂലക്കുരുവിനൊരു കോഴി ചികിത്സ

മൂലക്കുരുവിനൊരു കോഴി ചികിത്സ എന്ന പോസ്റ്റില്‍ സഹയാത്രികന്‍ അത്ഭുതകരമായ ഒരു നാട്ടു ചികിത്സയെപറ്റി പറഞ്ഞിട്ടുണ്ട്‌. സ്വന്തം അനുഭവത്തില്‍ നിന്നും അദ്ദേഹം പറയുന്നതല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ അവിശ്വസിച്ചുപോയേനെ, അത്രക്ക്‌ അതിശയകരമായൊരു നാട്ടു ചികിത്സ.

അതു വന്നു കഴിഞ്ഞിട്ടുള്ള കാര്യം. വരാതിരിക്കാനോ?

"മലമാണു ബലം" എന്ന് കളരിപ്പയറ്റുകാര്‍ പറയും. വിശദ വിവരങ്ങള്‍ ഒരിക്കല്‍ സ്വാര്‍ത്ഥന്‍ എവിടെയോ ഇട്ടിരുന്നു, ലിങ്ക്‌ കൊടുക്കാന്‍ തപ്പിയിട്ടു കാണാനില്ല. കിറു കൃത്യ സമയത്ത്‌ തടസ്സങ്ങളില്ലാതെ മലം പോകുന്നവര്‍ക്ക്‌ പൈല്‍സ്‌ എന്നല്ല ഒരുമാതിരി അസുഖങ്ങളൊന്നും വരില്ല എന്നാണ്‌ മലാബലക്കണക്ക്‌. സ്വാഭാവിക ഭക്ഷണം, ഫൈബര്‍ കൂടുതലുള്ള ഭക്ഷണം, ഇന്ത്യന്‍ രീതിയിലുള്ള ക്ലോസറ്റ്‌ പരമാവധി ഉപയോഗിക്കാതിരിക്കല്‍, ഇഷ്ടം പോലെ എച്ച്‌ 2 ഓ, പഴങ്ങള്‍, വ്യായാമം.

മൂലം മൂലം ആര്‍ക്കും വ്യസനമുണ്ടാകാതിരിക്കട്ടെ!

Saturday, August 19, 2006

ഗര്‍ഭരക്ഷ: പാഠം ഒന്ന്

I. ഗര്‍ഭിണിക്ക്‌ നിഷിദ്ധമായവ
തീരെ പാടില്ലാത്തത്‌ - പുകവലി, മദ്യപാനം, ഡോക്റ്റര്‍ പറയാത്ത മരുന്നുകളുടെ ഉപയോഗം, കുതിരസ്സവാരി പോലെയുള്ള കഠിനമായ ആയാസം.

1. പപ്പായ (പൈനാപ്പിള്‍, ഏത്തപ്പഴം എന്നിവയെപറ്റി പലതരം വാദങ്ങളുണ്ട്‌. ഡോക്റ്ററോട്‌ ചോദിക്കുക്ക)
2. സീ ഫൂഡ്‌ - കണവ, കൊഞ്ച്‌, ലോബ്സ്റ്റര്‍, നീരാളി ആദിയായവ.
3. മെര്‍ക്കുറി കലരാവുന്ന തരം മീനുകള്‍ . വലിയ അയല, ചൂര, സ്രാവ്‌, വളരെ വലിപ്പമുള്ള മീനുകള്‍ (മീനുകള്‍ ചെറുതും, ഫ്രഷ്‌ ആയതും തെരെഞ്ഞെടുക്കുക)
4. ഫ്രീസറില്‍ വച്ചു വില്‍ക്കുന്ന ബര്‍ഗര്‍ പാറ്റി, ഹോട്ട്‌ ഡോഗ്‌, ലഞ്ചിയോണ്‍ മീറ്റ്‌
5. സോഫ്റ്റ്‌ ചീസ്‌, പച്ച പാല്‍, പച്ച മുട്ട.
6. കൈ കഴുകാതെ ഭക്ഷണം അരുത്‌.
7. രാസവസ്തുക്കള്‍ കര്‍ശ്ശനമായും എടുത്തു പെരുമാറരുത്‌ ( ഭ്രൂണാവസ്തയില്‍ എറ്റവും വലിയ ഭീഷണി വിഷം തീണ്ടലാണ്‌)
8. ക്രീമുകള്‍ ലിപ്സ്റ്റിക്‌ ആദിയാവയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക (മുകളിലെ കാരണം തന്നെ)
9. കഫീന്‍, സാക്കറിന്‍, അജിനോമോട്ടോ (MSG)എന്നിവയും കഴിവതും ഒഴിവാക്കുക.

II. വ്യായാമം, സുരക്ഷ
1. വീഴ്ച, പ്രത്യേകിച്ച്‌ കുളിമുറിയിലും കോണിപ്പടികളിലും പ്രത്യേകം സൂക്ഷിക്കുക
2. ചൂടു വെള്ളത്തില്‍ കുളി, റ്റര്‍ക്കിഷ്‌ ബാത്ത്‌ എന്നിവ ഗര്‍ഭസ്ഥ ശിശുവിനു ഭീഷണിയായേക്കാം.
3. പൂച്ചകളുമായി സമ്പര്‍ക്കമോ പൂച്ചക്കൂടുകള്‍ വൃത്തിയാക്കലോ അരുത്‌. പൂച്ചയില്‍ നിന്നും മാരകമായ രോഗങ്ങള്‍ ഗര്‍ഭിണിക്ക്‌ പകര്‍ന്നേക്കാം. അതുപോലെ തന്നെ എലിശല്യം ഉള്ള വീടും ഗര്‍ഭിണിക്ക്‌ നന്നല്ല.
4. ഡോക്ടര്‍ പറയുന്ന എക്സര്‍സൈസുകള്‍ മാത്രം ചെയ്യുക. ഇരട്ടകളെ ഗര്‍ഭം ധരിച്ചവര്‍, ഗര്‍ഭം അലസിയ മുന്‍ ചരിത്രമുള്ളവര്‍, ഹൃദ്രോഗം, ശ്വാസകോശരോഗം എന്നിവയുള്ളവര്‍ ആദിയായ സ്ത്രീകള്‍ക്ക്‌ വ്യായാമമേ പാടില്ല.
5. ഒരു വശം ചരിഞ്ഞു കിടക്കുക, കഴിഴ്ന്നു കിടന്ന് ഉറങ്ങാന്‍ തീരെ പാടില്ല (ആദ്യ ഘട്ടം കഴിഞ്ഞാല്‍ ഇതു ശ്രമിച്ചാലും കഴിയുകയുമില്ല!)
6. ഡോക്റ്റര്‍ പറയുന്ന മരുന്നുകള്‍ അല്ലാതെ ഒന്നും കഴിക്കരുത്‌- വൈറ്റമിന്‍ സപ്ലിമന്റ്‌ പോലും. അക്യൂട്ടെന്‍, തലോമിഡ്‌ ടെഗിസണ്‍ തുടങ്ങിയ മരുന്നുകള്‍ ക്ഷണം ഗര്‍ഭശ്ചിദ്രം വരുത്തിയേക്കാം. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളും ഹൃദ്രോഗത്തിന്റെ മരുന്നുകളും ഉണ്ടെങ്കില്‍ സാധാരണ അവ നിര്‍ത്തി വയ്ക്കേണ്ടതായി വരും - ഡോക്റ്ററോട്‌ ചോദിച്ച്‌ മനസ്സിലാക്കുക.

III. വേദനകള്‍
ഗര്‍ഭത്തിന്റെ ആദ്യ കാലത്ത്‌ ആര്‍ത്തവസമയം പോലെ കുത്തിക്കുത്തി വേദന സര്‍വ്വസാധാരണമാണ്‌ -ഇത്‌ ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിക്കുന്നതുമൂലമാണ്‌. മൂന്നു മാസത്തിനു ശേഷം ഗര്‍ഭപാത്രം വികസിക്കുന്നതിനാല്‍ പേശികള്‍ വലിയുന്നതു പോലത്തെ വേദനയും പ്രസവമടുത്ത സമയത്ത്‌ പ്രസവവേദനപോലെയുള്ള വ്യാജവേദനയും കണ്ടുവരുന്നു, എന്നാല്‍ ഇതല്ലാതെയോ വളരെ തീവ്രമായോ മണിക്കൂറുകള്‍ നീളുന്നതായോ ഉള്ള എന്തു വേദനയും ഡോക്റ്ററോട്‌ പറയുക. പ്രത്യേകിച്ച്‌ രക്തസ്രാവങ്ങളോടൊപ്പമുള്ള വേദനകള്‍ അപകടകരമാണ്‌.

IV. ഭക്ഷണം
ഗര്‍ഭിണിയുടെ ഭക്ഷണം ധാതുലവണങ്ങളും വൈറ്റമിനുകളും ചേര്‍ന്ന് സമ്പൂര്‍ണ്ണവും സമ്പുഷ്ടവും ആയിരിക്കണം. പ്രതിദിനം അത്യാവശ്യമുള്ളവ
(ഓരോ ദിവസവും ഉള്‍പ്പെടുത്തേണ്ടത്‌)
1. പ്രോട്ടീന് 25 ഗ്രാം
2. കാത്സ്യം 1000 മില്ലിഗ്രം
3. ഇരുമ്പ് ~
4. ഫോളേറ്റ് - 5 മില്ലിഗ്രാം
5. വിറ്റാമിന് എ 0.8 മില്ലിഗ്രാം
6. വിറ്റാമിന് ഡി
7. വിറ്റാമിന് സി
8. കാര്ബോ ഹൈഡ്രേറ്റ് 4-6 കപ്പ്‌ ചോറിനു തുല്യം.
ഫോളിക്ക്‌ ആസിഡ്‌ അത്യാവശ്യം വേണ്ടതിനാല്‍ ഡോക്റ്റര്‍ കുറിച്ചു തരുകയാണ്‌ പതിവ്‌. ഡോക്റ്റര്‍ വിട്ടുപോയെങ്കില്‍ ഫോളിക്ക്‌ ആസിഡ്‌ കഴിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചു മനസ്സിലാക്കുക.

ആകെ കണ്‍ഫ്യൂഷനായെന്ന് തോന്നുന്നോ?
ഒരുപാട്‌ പച്ചയിലക്കറികള്‍ (ചീര-പാലക്ക്‌, ,മുരിങ്ങയില,ചേമ്പിന്‍ താള്‍) കാരറ്റ്‌, ബീറ്റ്‌
നോണ്‍ വെജന്‍ ആണെങ്കില്‍ ലോ ഫാറ്റ്‌ പാല്‍, തൈര്‌. ഫുള്‍ വെജന്‍ ആണെങ്കില്‍ ഫോര്‍ട്ടിഫൈഡ്‌ കോണ്‍ഫ്ലേക്സ്‌ അല്ലെങ്കില്‍ സോയ്‌
ഓറഞ്ച്‌/ നാരങ്ങാ/ മുസംബി/ തക്കാളി
ഉരുളക്കിഴങ്ങ്‌/ ചെറുപയര്‍/വന്‍പയര്‍/കടല

കഠിന നോണ്‍ വെജി ആണെങ്കില്‍ ഇത്രേം ഒക്കെ കൂട്ടി വല്ലപ്പോഴും ചാളയോ പൊടിമീനോ കൂട്ടി, നിറയേ ചോറുണ്ടോ ഗര്‍ഭിണീ, അസ്‌ സിമ്പിള്‍ അസ്‌ ദാറ്റ്‌!
(പച്ചമാങ്ങാ, നെല്ലിക്കാ, ഒന്നും മറക്കണ്ടാ.)

V. ജലം
ശിശുവിന്റെ ജീവനിലും ആരോഗ്യത്തിലും ജലം ഒരു വലിയ പങ്കു വഹിക്കുന്നു. ഗര്‍ഭിണിക്ക്‌ മലബന്ധം, വായുകോപം, എഡീമ, രക്തസമ്മര്‍ദ്ദാധിക്യം. താല്‍ക്കാലിക പ്രമേഹം, യൂറിക്ക്‌ ആസിഡ്‌ കൂടല്‍ എന്നിവ മാറാനും സുഖപ്രസവസാദ്ധ്യത്തിനും ഗര്‍ഭകാലം മുഴുവന്‍ ആവശ്യത്തിനു ജലം കുടിക്കേണ്ടതുണ്ട്‌.ആവശ്യത്തിനു (5 ഗ്ലാസ്സിലധികം) ശുദ്ധ ജലം കുടിക്കുക. ഓരോ ദിവസവും. എന്നും കുളിക്കുക, വലിയ തണുപ്പുള്ള നാട്ടിലല്ലെങ്കില്‍.

Saturday, August 12, 2006

രോഗിവര്യന്‍

ആരാണ്‌ ഒരാശുപത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്നാലോചിച്ചിട്ടുണ്ടോ? ആരാണ്‌ ആശുപത്രി നടത്താനും ഡോക്റ്റര്‍ക്കും നഴ്സിനും ക്ലീനര്‍ക്കും റിസപ്ഷനിസ്റ്റിനും സെക്യൂരിറ്റി ഗാര്‍ഡിനും അനസ്തൈറ്റിസ്റ്റിനും റേഡിയോളജിസ്റ്റിനും ക്യാന്റീന്‍ കുക്കിനും കെമിസ്റ്റിനും ഇലക്ട്രീഷ്യനും തൊഴിലും ശമ്പളവും കൊടുക്കുന്ന മഹദ്‌ വ്യക്തി? രോഗി. ജീവനും പണവും സമയവും വിശ്വാസവും ആശുപത്രിയെന്ന സ്ഥാപനത്തെ വിശ്വസിച്ചേല്‍പ്പിക്കുന്ന ആ സുപ്രധാനിയെക്കുറിച്ച്‌ വളരെയൊന്നും പുസ്തകങ്ങളുണ്ടെന്ന് തോന്നുന്നില്ല.

അഷ്ടാംഗഹൃദയപ്രകാരം ലക്ഷണമൊത്ത രോഗി ധീരനും ജീവിക്കാനുള്ള ത്വര നിറഞ്ഞു നില്‍ക്കുന്നവനും ആരോഗ്യത്തിന്റെ വിലയറിയുന്നവനും ആത്മവിശ്വാസമുള്ളവനും സ്വന്തം രോഗത്തെക്കുറിച്ച്‌ അറിയുന്നവനും ചികിത്സക്കു മുടക്കാന്‍ പണം മുടക്കാന്‍ ത്രാണിയുള്ളവനും സ്വന്തം അസുഖവും ലക്ഷണങ്ങളും വൈദ്യനെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിവുള്ളവനുമാകണം.

രോഗീപരിചരണം കര്‍മ്മയോഗവും തപ:ശ്ചര്യയും ആയിരുന്ന വാഗ്ഭടാചാര്യരുടെ കാലത്തുനിന്നും പരസഹസ്രകോടി വരുമാനമുള്ള ലക്ഷക്കണക്കിനാളുകള്‍ക്ക്‌ തൊഴിലും ഉപജീവനമര്‍ഗ്ഗവുമെന്ന നിലക്ക്‌ വൈദ്യശാസ്ത്രം മാറിയ ഇക്കാലത്ത്‌ ഒരു രോഗിയുടെ ഉത്തരവാദിത്വങ്ങളും അവകാശവും മേല്‍പ്പറഞ്ഞതില്‍ നിന്നും ആശയപരമായി വത്യസ്തമല്ലെങ്കില്‍ കൂടി പതിന്മടങ്ങ്‌
സങ്കീര്‍ണ്ണമാണ്‌.

രോഗികള്‍ നിന്ദ്യരോ?
" മരുന്നു ചോദിക്കെന്നൊക്കെ കുഞ്ഞിനു എളുപ്പം പറയാം, അത്‌ പ്രൈവറ്റു ക്ലിനിക്കല്ല, ഈ എസ്‌ ഐ ആശുപത്രിയാ, ' നിന്റച്ചന്റെ കാശാണോടീ ഇവിടെ മുടക്കുന്നത്‌' എന്നാ എന്റെ മോള്‍ടെ പ്രായമുള്ള സിസ്റ്റര്‍ എന്നോട്‌ ചോദിച്ചത്‌" . ഒരു കശുവണ്ടി തൊഴിലാളി എന്നോട്‌ ഒരിക്കല്‍ പറഞ്ഞതാണ്‌.

എത്ര ദയനീയമായ അവസ്ഥ. ഇയവരുടെ ചെറിയ ശമ്പളത്തില്‍ നിന്നും തിരിച്ചുപിടിക്കുന്ന തുകയും ഇവരുടെ തൊഴില്‍ ശാല ഉടമയായ വ്യക്തി നിയമവിധേയമായി ഒടുക്കുന്ന തുകയും ചേര്‍ന്ന ഇന്‍ഷ്വറന്‍സ്‌ പ്രീമിയം കൊണ്ട്‌ നടത്തുന്ന സ്കീം ആണ്‌ ഈ എസ്‌ ഐ. ഇങ്ങനെ ഒരു സംവിധാനമില്ലായിരുന്നെങ്കില്‍ തൊഴിലോ കാശോ മറ്റെവിടെങ്കിലും കണ്ടെത്തേണ്ടിയിരുന്ന ഒരു സ്ത്രീ അതിനു പണം മുടക്കിയ കസ്റ്റമറോട്‌ ചോദിക്കുന്നു ആരുടെ അപ്പന്റെ കാശെന്ന്!

അപ്പന്റെ കാശ്‌ മനോഭാവം വളരെ കൂടിയ തോതില്‍ സര്‍ക്കാര്‍ ആശുപത്രിയിലാണെങ്കിലും മറ്റു പലയിടങ്ങളിലും പലപ്പോഴും കാണാവുന്നതേയുള്ളു. ഒരു സംശയം ചോദിച്ചാല്‍ മുഖം ചുളിയുന്ന ഡോക്റ്ററില്‍, ബില്ലിലെ പട്ടികയില്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ചു തരാന്‍ പറഞ്ഞാല്‍ മടിക്കുന്ന നഴ്സില്‍, എത്ര തരം ചികിത്സ രോഗിയുടെ അസുഖത്തിന്‌ നിലവില്‍ ഉണ്ടെന്നും, അതില്‍ ഏത്‌ എന്തുകൊണ്ട്‌ തിരഞ്ഞെടുത്തെന്ന് പറഞ്ഞു തരാന്‍ മടിക്കുന്ന വിദഗ്ദ്ധനില്‍, മറ്റൊരു ഡോക്റ്ററുടെ ഉപദേശം കൂടി കേട്ടിട്ടു മടങ്ങിയെത്താമെന്ന് പറഞ്ഞാല്‍ ഹാലിളകുന്ന ആശുപത്രി റെജിസ്റ്റ്രാറില്‍- എല്ലാവരിലും "വേണേല്‍ തിന്നിട്ട്‌ എഴുന്നേറ്റുപോടാ" എന്ന സര്‍വ്വാണിസ്സദ്യ വിളമ്പുകാരനെ കാണാം. പലപ്പോഴും വളരെ ചിലവേറിയതും പുകഴ്പെറ്റതുമായ ആശുപത്രികളില്‍പ്പോലും.

ഉബേരിമേ ഫീഡി
Uberrimae feidi എന്ന ലത്തീന്‍ വാക്ക്‌ ചിലതരം കരാറുകാര്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രത്യേകബന്ധത്തിനുള്ള നിമയത്തിന്റെ ജാര്‍ഗണ്‍ ആണ്‌ . "പരിപൂര്‍ണ്ണവും പരിപാവനവുമായ പരസ്പരവിശ്വാസം" എന്നാണ്‌ ഈ പ്രയോഗത്തിന്റെ അര്‍ത്ഥം.

ഭാര്യയും ഭര്‍ത്താവും തമ്മില്‍, ബിസിനസ്സ്‌ പാര്‍ട്‌ണര്‍മാര്‍ തങ്ങളില്‍, ഇന്‍ഷ്വററും ഇന്‍ഷ്വേഡും തമ്മില്‍, വക്കീലും കക്ഷിയും തമ്മില്‍ ഒക്കെ ഉബേരിമേ ഫീഡി കരാറുകള്‍ ആണ്‌ ഉള്ളത്‌. അതായത്‌, ഇവര്‍ തമ്മിലുള്ള പരിപാവനമായ ബന്ധം മാത്രം മതി അവര്‍ തങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെന്നും, പറയേണ്ട കാര്യങ്ങളെല്ലാം വള്ളിപുള്ളി വിടാതെ കള്ളമില്ലാതെ പരസ്പരം പറയുന്നുണ്ടെന്നും പരസ്പരമുള്ള ബാദ്ധ്യതകള്‍ ഒന്നൊഴിയാതെ നിറവേറ്റുന്നുണ്ടെന്നും നിയമം അനുമാനിക്കുന്നു. ഇതിനു തെളിവുകളോ, വിശദീകരണങ്ങളോ മറ്റൊന്നും ബോധിപ്പിക്കേണ്ടതില്ല.

അതേ കാരണം കൊണ്ട്‌ തന്നെ ഉബേരിമേ ഫീഡി ലംഘിക്കപ്പെട്ടു എന്ന് തെളിഞ്ഞാല്‍ അത്‌ അതിഗുരുതരമായ വഞ്ചനയായി കണക്കാക്കപ്പെടും. ഡോകറ്ററും രോഗിയും തങ്ങളിലെ കരാറും
ഉബേരിമേ ഫീഡി ആയതിനാലാണ്‌ ഇത്രയും പറഞ്ഞതെന്ന് പറയേണ്ടതില്ലല്ലോ. നിങ്ങളുടെ മുതുകിലെ വരട്ടുചൊറിക്ക്‌ മരുന്നു കുറിക്കുന്ന ഡോക്റ്ററും നിങ്ങളും ഒരു കരാര്‍ ഒപ്പിടേണ്ടാത്തത്‌ എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ തത്വമാണതിനു പിന്നില്‍. നിങ്ങള്‍ രോഗിയായി അദ്ദേഹത്തെ കണ്ടു എന്നത്‌ മതി കരാര്‍. ബാക്കിയൊന്നിനും തെളിവ്‌ നിയമത്തിന്‌ ആവശ്യമില്ല, എല്ലാ കാര്യങ്ങളും നിങ്ങള്‍ ചര്‍ച്ച ചെയ്തെന്നും, പരസ്പരം പരിപൂര്‍ണ്ണമായി മനസ്സിലാക്കിയെന്നും, സ്വന്തം ശരീരത്തിനു ഡോക്ടര്‍ കൊടുക്കുന്ന അതേ ശ്രദ്ധയോടെ നിങ്ങളുടെ ശരീരത്തെയും പരിചരിച്ചെന്നും കോടതിക്ക്‌ അനുമാനിക്കാന്‍.

ഈ തത്വത്തെ തര്‍ജ്ജിമ ചെയ്താല്‍ "ഡോക്റ്ററും രോഗിയും വക്കീലും കക്ഷിയും അന്യോന്യം കള്ളം പറയുകയോ കര്‍ത്തവ്യബോധത്തോടെ പെരുമാറാതിരിക്കുകയോ ചെയ്യരുത്‌" എന്നോ മറ്റോ ആയി വരും. ഇതിന്റെ കടമ കൂടിയ ഭാഗത്തെ വെട്ടി നീക്കി "വക്കീലിനോടും ഡോക്റ്ററോറ്റും കള്ളം പറയരുത്‌" എന്നാക്കിയ മഹാന്‍ ആരാണാവോ? വക്കീലോ ഡോക്റ്ററോ?


രോഗിയുടെ അവകാശവും കടമകളും
1. ചികിത്സ എന്നത്‌ കണ്‍സള്‍ട്ടന്‍സി കോണ്ട്രാക്റ്റാണ്‌. നിങ്ങളെ സ്വയം ചികിത്സിക്കാനുള്ള അറിവും യന്ത്രസാമഗ്രികളും കൈവശമില്ലാത്തതുകൊണ്ട്‌, അതുള്ള വ്യക്തിയേയോ പ്രസ്ഥാനത്തിനേയോ നിങ്ങള്‍ കണ്‍സള്‍ട്ടന്റ്‌ ആയി നിയമിക്കുന്നു. ചികിസ്ല ഇന്‍ഷ്വറന്‍സ്‌ വഴി ആണെങ്കിലും
വത്യാസമില്ല, നിങ്ങളുടെ കണ്‍സള്‍ട്ടന്‍സി കൂലി ബാദ്ധ്യതയെ നിങ്ങള്‍ പണമടച്ച്‌ ഇന്‍ഷ്വര്‍ ചെയ്യുന്നെന്നു മാത്രം.

ഇതേ കാരണം കൊണ്ട്‌ തന്നെ നിങ്ങള്‍ക്ക്‌ പരിപൂര്‍ണ്‍ന ബോദ്ധ്യവും വിശ്വാസവും വരാത്ത ഡോക്റ്റരെ പിരിച്ചുവിട്ട്‌ അടുത്തയാളിനെ നിയമിക്കാന്‍ അവകാശം നിങ്ങള്‍ക്കുണ്ടെന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നതു തന്നെയാവും ബുദ്ധി.

2. നിങ്ങള്‍ക്കറിയാത്ത ഒരു ഉടമ്പടിയും ഒപ്പുവയ്ക്കരുത്‌, ഇന്‍ഷ്വറന്‍സ്‌ പേപ്പറുകള്‍ പോലും.

3. നിങ്ങളുടെ ചികിത്സാസംബന്ധിയായ എല്ലാ റിപ്പോര്‍ട്ടുകളുടെയും പകര്‍പ്പ്‌ കിട്ടാന്‍ അവകാശമുണ്ട്‌ (രഘുനാഥ്‌ രഹേജ vs മഹാരാഷ്ട്രാ മെഡിക്കല്‍ കൌണ്‍സില്‍)
4. മരുന്നു ഗവേഷണമോ പരീക്ഷണമോ ആണ്‌ നിങ്ങളുടെ മേല്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത്‌ അറിയാനും തടയാനുമുള്ള അവകാശം (ഇതിനെക്കുറിച്ച്‌ മുന്‍പൊരു പോസ്റ്റില്‍ വിശദമായി എഴുതിക്കഴിഞ്ഞു)
5. ചികിത്സാ രീതികളും, ചികിത്സകന്റെ പേരുവിവരങ്ങളും മരുന്നുകളും അതുപയോഗിക്കേണ്ട വിധവും, പാര്‍ശ്വഫലങ്ങളും അറിയാനുള്ള അവകാശം
6. ആശുപത്രി നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ ചിത്രങ്ങളോ പ്രസിദ്ധീകരിക്കുകയോ മറ്റൊരാള്‍ക്ക്‌ കൈമാറുകയോ ചെയ്യുന്നത്‌ തടയാനുള്ള അവകാശം

7. ആശുപത്രി നിയമങ്ങള്‍ അറിയാനും അനുസരിക്കാനുമുള്ള കടമ
8. രോഗത്തെ സംബന്ധിക്കുന്ന തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ഡോക്റ്ററോട്‌
പറയാനുള്ള കടമ
9. എല്ലാരോഗങ്ങള്‍ക്കും ചികിത്സയും ശാന്തിയും ഇല്ലെന്നും ഡോക്റ്റര്‍ക്കും പിഴവുകള്‍ ന്യായമായി സംഭവിച്ചേക്കാമെന്നും അറിയാനുള്ള കടമ


കടമകള്‍ നിറവേറ്റാതിരുന്നാല്‍ നിങ്ങള്‍ക്കെതിരേയും അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക്‌ ആശുപത്രിക്കെതിരേയും നിയമനടപടികള്‍ സ്വീകരിക്കാം. മെഡിക്കല്‍ കൌണ്‍സില്‍, കണ്‍സ്യൂമര്‍- സിവില്‍ ക്രിമിനല്‍ കോടതികള്‍ എന്നിവയില്‍ അന്യായം ബോധിപ്പിക്കുകയും നാഷ്ടപരിഹാരവും ശിക്ഷകളുമടക്കം പരിഹാരങ്ങളും രോഗിക്കും ഡോക്റ്റര്‍ക്കും തേടാവുന്നതുമാണ്‌.

ലംഘിക്കപ്പെടാത്ത ഒരവകാശവുമില്ല എന്ന ഒറ്റക്കാരണം മതി അവകാശങ്ങളെക്കുറിച്ച്‌ അറിയാന്‍. വൈദ്യത്തിന്റെ ഉപഭോക്താവാകാത്ത പരിഷ്കൃത മനുഷ്യനില്ല. അതിനാല്‍ വൈദ്യത്തെയും വൈദ്യനേയും ചികിത്സാരീതികളെക്കുറിച്ചും രോഗാവസ്ഥകളെക്കുറിച്ചും അറിയാന്‍ നാം ബാദ്ധ്യസ്തരാണ്‌.

Monday, August 07, 2006

ഗര്‍ഭരക്ഷ: സെര്‍ക്ലേജിംഗ്‌

അത്യാഹിതം സംഭവിച്ചശേഷം ചികിത്സിക്കല്‍ എന്നതില്‍ നിന്നും രോഗവും അപായവും ഒഴിവാക്കല്‍ ചികിത്സയിലേക്കുള്ള അലോപ്പതി സമ്പ്രദായത്തിന്റെ ആശാസ്യമായ മാറ്റത്തിന്റെ ഭാഗമാണ്‌ സെര്‍ക്ലേജിംഗ്‌ പോലെയുള്ള ഗര്‍ഭരക്ഷാനടപടികള്‍. cervical cerclage എന്നാല്‍ ഗര്‍ഭപാത്രത്തിന്റെ മുഖം (cervix) ചരടിട്ട്‌ മുറുക്കിക്കെട്ടല്‍ (cerclaging) എന്നാണ്‌ വാഗര്‍ത്ഥം.

1. സെര്‍ക്ലേജ്‌ എന്തിന്‌?
സ്വന്തം വളര്‍ച്ചക്കനുസരിച്ച്‌ ഭ്രൂണം ഗര്‍ഭപാത്രത്തിന്റെ ചുവരുകളില്‍ പുറത്തേക്ക്‌ മര്‍ദ്ദം ചെലുത്തുന്നു. ഈ മര്‍ദ്ദം മൂലം ശേഷി കുറഞ്ഞ ഗര്‍ഭപാത്രമുഖം (incompetent cervix) ഉള്ളവരില്‍ ഗര്‍ഭാശയം വളരെ നേരത്തേ തുറക്കുകയും 4 മുതല്‍ 7 വരെ മാസം ഗര്‍ഭിണീയായിരിക്കെ പൂര്‍ണ്ണവര്‍ച്ചയെത്താതെ പ്രസവിക്കുകയോ ഗര്‍ഭം അലസി പ്രസവിക്കുകയോ ചെയ്യാന്‍ സാദ്ധ്യത വളരെകൂടുതലാണ്‌. 100 ഗര്‍ഭങ്ങളില്‍ ഏകദേശം രണ്ടെണ്ണത്തില്‍ അ ഗര്‍ഭാശയ മുഖത്തിന്‌ ഇങ്ങനെ കണ്ടു വരുന്നു.

പ്രഥാനമായും നാലു കാരണങ്ങളാല്‍ ഗര്‍ഭാശയമുഖ ബലക്ഷയം സംഭവിക്കാം :
i. മുന്‍ പ്രസവങ്ങളില്‍ സംഭവിച്ച കേടുപാടുകള്‍
ii. ജന്മനാ ഉള്ള ഗര്‍ഭാശയ കേടുപാടുകള്‍
iii. നേരത്തേ നടത്തിയിട്ടുള്ള സേര്‍വിക്കല്‍ ശസ്ത്രക്രിയകള്‍ (ഉദാ: ഡി & സി അഥവാ ഡയലേഷന്‍ & ക്യൂററ്റേജ്‌)
iv. രണ്ടാം ലോക മഹായുദ്ധക്കാലത്ത്‌ ജനിച്ചയാളാണ്‌ ഗര്‍ഭിണിയെങ്കില്‍ അവര്‍ക്കു ചെറുപ്പത്തില്‍ ഉണ്ടായ ചില രാസവസ്തൂ സമ്പര്‍ക്കങ്ങള്‍ (ഇന്ത്യയില്‍ ഇത്‌ ഇല്ല)

ബലക്ഷയമുള്ള ഗര്‍ഭപാത്രങ്ങളെ സാധാരണ ഗതിയില്‍ തിരിച്ചറിയുക എളുപ്പമല്ല എങ്കിലും മൂന്നാം മാസത്തോടടുപ്പിച്ചുള്ള അള്‍ട്രാ സൌണ്ട്‌ സ്കാനില്‍ ഗര്‍ഭാശയത്തിന്റെ മുഖത്തിന്‌ നീളക്കൂടുതല്‍ ഉണ്ടോ എന്നളന്ന് ഏകദേശ കൃത്യതയോടെ അറിയാനാവും. മൂന്നു മാസം വളര്‍ച്ച കഴിഞ്ഞ ഭ്രൂണങ്ങളില്‍ 25% അപകടഛിദ്രങ്ങളും ബലക്ഷയമുള്ള സേര്‍വിക്സിനാലെ ഉണ്ടാകുന്നതാണെന്നതിനാല്‍ അതിനെ തിരിച്ചറിയലും ചികിത്സിക്കുന്നതും ഗര്‍ഭരക്ഷയില്‍ വളരെ വലിയ ഒരു പങ്ക്‌ വഹിക്കുന്നുണ്ട്‌. ഇന്ന് നിലവില്‍ ഉള്ളതില്‍ പ്രദ്ധാന ചികിത്സ സെര്‍വിക്കല്‍ സെര്‍ക്ലേജ്‌- (ലളിതമായ ഭാഷയില്‍) ഗര്‍ഭാശയമുഖം തുന്നിക്കെട്ടല്‍ -തന്നെയാണ്‌

2. സെര്‍ക്ലേജ്‌ ആര്‍ക്ക്‌, എപ്പോള്‍?
12 മുതല്‍ 15 ആഴ്ച്ച വരെയുള്ള ഗര്‍ഭകാലമാണ്‌ സെര്‍ക്ലേജിനു സാധാരണ തിരഞ്ഞെടുക്കാറ്‌. എന്നാല്‍ ഇതിനു ശേഷമുള്ള കാലത്ത്‌ ഗര്‍ഭാശയം തുറക്കുന്നതായി സംശയം തോന്നിയാലും അടിയന്തിര സെര്‍ക്ലേജ്‌ ചെയ്യാറുണ്ട്‌.

90 ശതമാനം ബലക്ഷയജന്യമായ അപകടങ്ങളും ഇല്ലാതാക്കാന്‍ സെര്‍ക്ലേജിനു സാധിക്കും. എന്നാല്‍ താഴെപ്പറയുന്നവരില്‍ സെര്‍ക്ലേജ്‌ നടത്താറില്ല.
i. 4 സെന്റിമീറ്ററില്‍ കൂടുതല്‍ ഗര്‍ഭാശയമുഖം തുറന്നു കഴിഞ്ഞവര്‍
ii. ഗര്‍ഭാശയമുഖത്ത്‌ ഇന്‍ഫ്കഷനുകളോ മറ്റ്‌ ക്ഷതങ്ങളോ സംഭവിച്ച്‌ ഇരിക്കുന്നവരില്‍
iii. ഗര്‍ഭം വളരെയേറെ പുരോഗമിച്ചു കഴിഞ്ഞശേഷം ബലക്ഷയം സംഭവിക്കുന്നവരില്‍
ഇങ്ങനെയുള്ളവര്‍ക്ക്‌ മുഴുനീള പരിപൂര്‍ണ്ണ വിശ്രമം മാത്രമേ നിവൃത്തിയുള്ളു.

3. പലതരം സെര്‍ക്ലേജുകള്‍
അഞ്ചുതരം സെക്ലേജുകള്‍ നിലവിലുണ്ട്‌. അതില്‍ പ്രധാനമായും മാക്‌ ഡൊണാള്‍ഡ്‌ സെര്‍ക്ലേജും ശിരോദ്കര്‍ സെര്‍ക്ലേജുമാണ്‌. മാക്‌ ഡൊണാല്‍ഡും ശിരോദ്കറും തമ്മിലുള്ള പ്രധാന വത്യാസം മാക്ക്‌ 37 ആഴ്ചയിലോ അല്ലെങ്കില്‍ പ്രസവലക്ഷണം തുടങ്ങുമ്പോഴോ ഊരി മാറ്റുകയും ശേഷം സാധാരണ ഗര്‍ഭമായി കണക്കാക്കുകയും ശിരോദ്കര്‍ രീതിയില്‍ തുന്നല്‍ ആജീവനാന്തം നിലനില്‍ക്കുകയും പ്രസവം സിസേറിയന്‍ വഴി മാത്രം സാദ്ധ്യമാവുകയും ചെയ്യുന്നു എന്നുള്ളതാണ്‌. മോഡിഫൈഡ്‌ ശിരോദ്കര്‍ എന്ന പുതിയ രീതിയിലും സ്റ്റിച്ചുകള്‍ ഗര്‍ഭാവസാനം ഊരിക്കളയാന്‍ സാദ്ധ്യമാണ്‌

പെര്‍മനെന്റ്‌ സ്റ്റിച്ച്‌ ആണോ താല്‍ക്കാലിക സ്റ്റിച്ച്‌ ആണോ എന്ന് ഡോക്റ്ററോട്‌ ചോദിച്ച്‌ മനസ്സിലാക്ക്കേണ്ടതുണ്ട്‌.

മൂന്നാമത്തെ രീതി ഹെഫ്നര്‍ മെതേഡ്‌ പ്രത്യേക തരം സ്റ്റിച്ചിനാലെ ഏറ്റവും കുറവ്‌ ബലക്ഷയമുള്ളവര്‍ക്ക്‌ ഏറ്റവും കുറഞ്ഞ തുന്നല്‍ നടത്താന്‍ ഉപയോഗിക്കുന്ന്നു

നാലാമത്തെ രീതിയായ യൂട്രോ കനാല്‍ ചികിത്സ മറ്റു രീതികള്‍ പരാജയപ്പെട്ടവര്‍ക്ക്‌ മിക്കവാറും ലാപ്പെറോസ്കോപ്പിക്ക്‌ ചികിത്സയായി നടത്തുന്നതും സിസേറിയന്‍ വഴി മാത്രം പ്രസവിക്കാനാകുന്നതുമാണ്‌.

അഞ്ചാം തരം സെര്‍ക്ലേജ്‌ - ലാഷ്‌ രീതി- ജന്മനാ സെര്‍വിക്സിനു തകരാറുള്ളവര്‍ക്ക്‌ മാത്രം ചെയ്യുന്നതാണ്‌.

4. ആശുപത്രിക്ക്‌ പോകാന്‍ തയ്യാറെടുപ്പ്‌
സ്റ്റിച്ചുകള്‍ ഇടുന്നതിനു തലേന്ന്
പാതിരാത്രിക്ക്‌ ശേഷം ഒന്നും കഴിക്കാന്‍ പാടില്ല, മിക്കവാറും വെള്ളം കുടിക്കാനും പാടില്ലെന്ന് നിര്‍ദ്ദേശമുണ്ടാവും.
ഡോക്റ്റര്‍ വജൈനല്‍ അള്‍ട്രാസ്കാന്‍ അടക്കം
പലതരം പരിശോധനകളും നടത്തും.

5. സെര്‍ക്ലേജ്‌ ചെയ്യുമ്പോള്‍
രാവിലെ മുതല്‍ IV ഡ്രിപ്പ്‌ കൊടുക്കാറുണ്ട്‌.

ഗര്‍ഭിണിയുടെ ആരോഗ്യവും സ്റ്റിച്ചിന്റെ രീതിയും മറ്റും കണക്കിലെടുത്ത്‌ ലോക്കലോ ജനറലോ അനസ്തീഷ്യ നല്‍കുന്നു
സ്റ്റിച്ച്‌ ഇടാന്‍ 15 മുതല്‍ 30 മിനുട്ട്‌ വേണ്ടിവരാറുണ്ട്‌
അതിനു ശേഷം 4 മുതല്‍ 12 മണിക്കൂര്‍ വരെ ആശുപത്രിയില്‍ കിടത്തുകയും സാധാരണമാണ്‌.
ചെറിയ ബ്ലീഡിങ്ങും ക്രാംപ്‌ അഥവാ കൊളുത്തിപ്പിടിക്കുനതുപോലെയുള്ള വേദനയും സാധാരണയാണെങ്കിലും ഡോക്റ്ററേ അറിയിക്കേണ്ടതുണ്ട്‌
ഡിസ്ച്ചാര്‍ജ്‌ ചെയ്തു കഴിഞ്ഞിട്ട്‌ കുറച്ചു ദിവസം പരിപൂര്‍ണ്ണ ബെഡ്‌ റെസ്റ്റും അതിനുശേഷം ഭാഗിക ബെഡ്‌ റെസ്റ്റും പറയുകയാണ്‌ ചെയ്യാറ്‌.

6. പ്രതിസന്ധികള്‍
അപൂര്‍വമായേ പ്രതിസന്ധികള്‍ ഉണ്ടാവാറുള്ളു. എങ്കിലും
i. കോണ്ട്രാക്ഷന്‍ അതായത്‌ പ്രസവം പോലെയുള്ള വേദന
ii. ഡോക്റ്റര്‍ പ്രതീക്ഷിക്കാന്‍ പറഞ്ഞതിലും കൂടുതല്‍ രക്തം പോക്ക്‌
iii. 100 ഡിഗ്രീയിലും കൂടുതല്‍ പനി
iv. ദുര്‍ഗന്ധമുള്ള വെള്ളപോക്ക്‌
v. ഗര്‍ഭസ്രാവങ്ങള്‍ ഒലിക്കല്‍
എന്നിവയുണ്ടായാല്‍ അടിയന്തിരമായി ഡോക്റ്റര്‍ക്ക്‌ ഫോണ്‍ ചെയ്യുക

സെര്‍ക്ലേജ്‌ നടത്തിയിട്ടുള്ള കാര്യം ഗര്‍ഭകാലം മുഴുവന്‍ ഓര്‍മ്മിക്കുകയും അഴിച്ചു
മാറ്റേണ്ട സമയത്ത്‌ കൃത്യമായി ആശുപത്രിയില്‍ എത്തുകയും അവശ്യം വേണ്ടതാണ്‌.

സ്റ്റിച്ച്‌ എടുക്കാന്‍ നിസ്സാരമായ സമയം മതി. എന്നാല്‍ എടുക്കാതെ പ്രസവത്തിലേക്ക്‌ നീങ്ങിപ്പോയാല്‍ ഗര്‍ഭപാത്രത്തിന്‌ കേടുപാടുകള്‍ സംഭവിച്ചേക്കാം എന്നതിനാല്‍ എല്ലാ ഡോക്റ്ററോടും ഓരോതവണയും സെര്‍ക്ലേജ്‌ ഉള്ള കാര്യം ഓരോ സന്ദര്‍ശനത്തിലും ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്‌.

7. ശേഷം ഗര്‍ഭകാലം
ഭാരം ഉയര്‍ത്താതെയും വളരെ ആയാസപ്പെടാതെയും നോക്കേണ്ടതുണ്ട്‌

ഡോക്റ്റര്‍ പറഞ്ഞ സമയത്തെല്ലാം ചെക്ക്‌ അപ്പ്‌ നടത്തേണ്ടതുണ്ട്‌
ചിലപ്പോള്‍ മരുന്നുകളും കഴിക്കാന്‍ പറഞ്ഞേക്കാം.

ലൈംഗികബന്ധം ഒഴിവാക്കാന്‍ സാധാരണ പറയാറുണ്ട്‌.

8. പ്രസവശേഷം
മിക്കവാറും ഒരിക്കല്‍ സെര്‍ക്ലേജ്‌ നടത്തിക്കഴിഞ്ഞാല്‍ ശേഷമുള്ള ഗര്‍ഭത്തില്‍ വീണ്ടും വേണ്ടിവരുന്നതായാണ്‌ കാണുന്നത്‌ .

Sunday, June 11, 2006

ഗിനിപ്പന്നികളാകാതിരിക്കാന്‍

പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും, കേരളാ യൂണിവാഴ്സിറ്റി മുന്‍ വൈസ്‌ ചാന്‍സലറും ന്യൂറോസര്‍ജ്ജനുമായ ഡോ. ഇക്‌ബാല്‍ ഇത്തവണത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ വളരെ ആശങ്കാകുലനായി ലോകത്തിലെ എറ്റവും വലിയ പേഷ്യന്റ്‌ ഔട്ട്‌ സോഴ്സിംഗ്‌ കേന്ദ്രമായി ഇന്ത്യ മാറുന്നതിനെക്കുറിച്ച്‌ എഴുതിയിരുന്നു.

പൊളിച്ചെഴുത്തിലൂടെ കൂടുതല്‍ ദുര്‍ബ്ബലമാക്കപ്പെട്ട മരുന്നു നിയമം അനുശാസിക്കുന്ന സംരക്ഷണം പോലും ഇല്ലാതെയും "അറിഞ്ഞുകൊണ്ടുള്ള സമ്മതം" informed consent" എന്ന കരാര്‍ നിയമത്തിന്റെ അടിസ്ഥാന തത്വം പോലും ലംഘിക്കപ്പെട്ടും ആണ്‌ ഇന്ത്യക്കാരനെ ഗിനിപ്പന്നിയാക്കി പരീക്ഷണങ്ങള്‍ നടത്തുന്നതെന്നുമുള്ള വേദനാജനകമായ സത്യം ഡോ. ഇക്ബാല്‍ വെളിപ്പെടുത്തുമ്പോള്‍ ഒരു പുതിയ ആരിവാകുന്നില്ലെങ്കില്‍പ്പോലും പുനര്‍വിചിന്തനങ്ങള്‍ക്കു പ്രചോദനമാകുന്നു.

പരീക്ഷണത്തോത്‌ എത്രത്തോളം?
2010 ആണ്ടോടെ രണ്ടു മില്ല്യണ്‍ രോഗികളെങ്കിലും പരീഷണവിധേയരായി ഇന്ത്യയില്‍ ഉണ്ടാവുമെന്ന് ബി ബി സി വാര്‍ത്തയില്‍ പറയുന്നു. ഇതെന്താണെന്നു മനസ്സിലാക്കി സമ്മതമോ വിസമ്മതമോ പ്രകടിപ്പിക്കാനുള്ള അറിവും പരിജ്ഞാനവുമില്ല ഇന്ത്യയില്‍ രോഗികള്‍ക്കെന്നതും ഇതെന്തെന്നു മനസ്സിലാക്കിക്കൊടുക്കാനുള്ള ഉദ്ദേശം ആശുപത്രികള്‍ക്കില്ലാ എന്നതും പോകട്ടെ , എന്തു സംഭവിക്കുന്നെന്ന് ഡോക്റ്റര്‍മാര്‍ക്കു പോലും കൃത്യമായി അറിവില്ല (ഡോ
ഇക്ബാലിന്റെ ലേഖനപ്രകാരം ഇന്ത്യയില്‍ വൈദ്യവൃത്തി ചെയ്യുന്ന അഞ്ചു ലക്ഷം അലോപതി ഡോക്റ്റര്‍മാരില്‍ ഒരു ശതമാനം മാത്രമേ മരുന്നു ഗവേഷണ പരിശീലനം കിട്ടിയവര്‍ ഉള്ളൂ)

പരീക്ഷണം- നിയമവും സാമാന്യ നീതിയും മറികടന്ന്
മൃഗങ്ങളില്‍ പോലും പരീക്ഷിച്ചിട്ടില്ലാത്ത M4N ഇഞ്ജക്ഷന്‍ അസംഖ്യം മലയാളികളുടെ മ്മേല്‍ പ്രയോഗിച്ചത്‌ ഒരു സര്‍ക്കാര്‍ hospital ആയിരുന്നു (as told by Dr, NV Bhattathiri to BBC) അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നവജാത ശിശുക്കളില്‍ വയാഗ്ര പരീക്ഷിച്ചതും (ഇന്‍സ്റ്റിറ്റ്യൂട്ട്‌ വെബ്‌ സൈറ്റില്‍ തന്നെ ഉണ്ട്‌ ഈ വിവരം) പ്രസ്തുത ശിശുക്കളുടെ ഇന്‍ഫോംഡ്‌ കണ്‍സന്റോടെ ആയിരിക്കില്ലല്ലോ . ബീബീസി ഇന്റര്‍വ്യൂവുകളില്‍ ഒരൊറ്റ രോഗി പോലും താന്‍ പരീക്ഷണവസ്തുവാണെന്ന് അറിയാം എന്നു പറഞ്ഞില്ലയത്രേ.

Alden March Bioethics Institute ഡയറക്ടര്‍ ഗ്ലെന്‍ മാക്‌ ഗീ, സൈന്റിസ്റ്റ്‌ മാസികയില്‍ ഇങ്ങനെ എഴുതി " ഇന്നു മോഹന്‍ ദാസ്‌ ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം സ്ഥാപിച്ച സേവാശ്രം അടച്ചു പൂട്ടാന്‍ ജാഥകള്‍ സംഘടിപ്പിക്കുമായിരുന്നു" (ദയാരഹിതമായ വഞ്ചനകളാണ്ട്‌ നിരക്ഷരരായ പാവങ്ങളുടെ മേല്‍ ഗവേഷണമെന്നു പോലും അറിയിക്കാതെ മരുന്നുകള്‍ നല്‍കി സേവാശ്രമില്‍ ഇന്നു നടത്തുന്നതെന്നാണ്‌ ഈ ലേഖനത്തിന്റെ രത്നച്ചുരുക്കം)

എങ്ങനെ സ്വയമറിയാതെ ഗിനിപ്പന്നിയാകുന്നതിനെ തടുക്കാം?
1.ഒരാശുപത്രിയിലും മുഴുവനായി വായിച്ചു നോക്കാതെ ഒന്നും ഒപ്പിട്ടു നല്‍കരുത്‌ . മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ പേപ്പര്‍ പോലും.

2. ആശുപത്രിയില്‍ നിന്നും തരുന്ന മരുന്നുകള്‍, പ്രത്യേകിച്ച്‌ ലേബലുകള്‍ ഇല്ലാത്തവ, നമ്മള്‍ സ്വീകരിക്കാതിരിക്കുക.

3. എന്തു തരം മരുന്നു തന്നാലും അതിന്റെ ജെനറിക്ക്‌ നെയിം അതായത്‌ അതിലടങ്ങുന്ന രാസവസ്തുവിന്റെ പേര്‍ (ഉദാ. ബ്രൂഫന്‍ എന്ന മരുന്നിന്റെ ഗെനെരിക്‌ നെയിം ആണു ഐബുപ്രൂഫന്‍ - കവറില്‍ തന്നെ കാണാം, അതുപോല്‍ പ്ലാവിക്സ്‌ ആണ്‌ ക്ലോപ്പിഡോഗ്രല്‍ എന്നും കാണാം, ക്രെസ്റ്റര്‍ എന്ന മരുന്ന് റോസുവാസ്റ്റിന്‍ എന്ന രാസവസ്തുവാണ്‌) ഇന്റര്‍നെറ്റില്‍ ഒന്നു സേര്‍ച്ച്‌ ചെയ്യുക (ഗൂഗ്ഗിള്‍ സാധാരണയായി ഈ മരുന്നുകളുടെ വിശദമായ അനാലിസിസ്‌ തരും. കാണാത്തതെന്തും സംശയാസ്പദമായ മരുന്നാണ്‌, ഉദാഹരണത്തിന്‌ M4N എന്നു അന്വേഷിച്ചാല്‍ ഡ്രഗ്‌ ട്രയല്‍ റിപ്പോര്‍ട്ട്‌ മാത്രമേ കാണൂ, ഇതില്‍ നിന്നും മരുന്ന് പൊതു വിപണിയില്‍ വില്‍ക്കാന്‍ തുടങ്ങിയിട്ടില്ലെന്ന് മനസ്സിലാക്കാം. drugs.com എന്ന സൈറ്റ്‌ മിക്ക മരുന്നുകളെക്കുറിച്ചും ആധികാരികമായ വിവരങ്ങള്‍ തരും.

ബംഗാളില്‍ നിരോധിത മരുന്ന് വന്ധ്യംകരണത്തിന്‌ ഉപയോഗിക്കുന്നുണ്ടത്രേ. ആ സാധു സ്ത്രീകള്‍ക്ക്‌ quinacrine എന്ന് ഇന്റര്‍നെറ്റ്‌ സേര്‍ച്ച്‌ ചെയ്യാനാവുമായിരുന്നെങ്കില്‍ ഈ പാതകത്തിന്‌ ഒരു ഡോക്ടറും ധൈര്യപ്പെടുമായിരുന്നില്ല.


4. ഓരോ മരുന്നുകളും ശരീരത്തില്‍ രാസമാറ്റങ്ങള്‍ വരുത്തുന്നു എന്നതിനാല്‍ ഉറപ്പില്ലാതെ ഒന്നും കഴിക്കാനേ പാടില്ല. വഴിയില്‍ കിടക്കുന്ന ആകര്‍ഷകമായ ഒരു വസ്തു എടുത്തു തിന്നാന്‍ ഒരിക്കലും ധൈര്യപ്പെടാത്ത നമ്മള്‍ നേഴ്‌സ്‌ വായിലിട്ടു തരൂന്ന ഊരും പേരുമില്ലാത്ത ഗുളിക ധൈര്യ പൂര്‍വ്വം വിഴുങ്ങുന്നത്‌ വൈദ്യശാസ്ത്രത്തിന്റെ മര്യാദകളിലുള്ള വിശാസത്തിന്റെ ആഴക്കൂടുതല്‍ കൊണ്ടാണ്‌. ആ വിശ്വാസം ചൂഷണം ചെയ്യപ്പെടുന്ന ഇക്കാലത്ത്‌, ബോദ്ധ്യമാകുംവരെ അന്വേഷിച്ചശേഷം മാത്രം മരുന്നുകള്‍ സ്വീകരിക്കുന്നതാണ്‌ ഉത്തമം.

Saturday, June 03, 2006

ശോഭാഞ്ജനപത്രം


അടിമുടി അത്ഭുതങ്ങള്‍ കുടികൊള്ളുന്ന മുരിങ്ങമരത്തിന്റെ ഇല ഭക്ഷണമായും മരുന്നായും വളരെ പ്രാധാന്യമുള്ള ഒന്നാണ്‌. നൂറു ഗ്രാം മുരിങ്ങയിലയില്‍ നാനൂറ്റമ്പത്‌ മില്ലിഗ്രാം കാത്സ്യം, ഇരുനൂറ്റമ്പത്‌ മി. ഗ്രാ. വൈറ്റമിന്‍ സി, നല്ലതോതില്‍ ഇരുമ്പ്‌, ഫോസ്ഫറസ്‌ എന്നിവയും ചെറിയ തോതില്‍ മറ്റു കോമ്പ്ലക്സ്‌ വിറ്റാമിനുകളും ഉണ്ട്‌. നാരും പ്രോട്ടീനുകളും മറ്റും നിറഞ്ഞ ഈ ഇലയുടെ ഗുണങ്ങള്‍ ഏറെയാണ്‌.

മുരിങ്ങയില ചെഞ്ചീര പോലെ തോരന്‍ വച്ചും, ദാല്‍ പോലെ ചപ്പാത്തിയുടെ കൂട്ടാനായും, തേങ്ങാപ്പുളിശ്ശേരി വച്ചും രുചികരമായ കറികളുണ്ടാക്കാം. (ചില പാചകപ്പരീക്ഷണങ്ങള്‍ താഴെ ചിത്രങ്ങളില്‍ കാണാം)

അഷ്ടാംഗഹൃദയം മുരിങ്ങയിലക്കറികള്‍ സ്ത്രീകള്‍ക്ക്‌ സ്തനപുഷ്ടിയുണ്ടാക്കുമെന്നും, ഉപ്പു ചേര്‍ത്തു അല്‍പ്പം വേവിച്ച്‌ ഇത്തിരി പശുവിന്‍ നെയ്യു ചേര്‍ത്ത്‌ ഞെരടി കഴിക്കുന്നത്‌ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുമെന്നും ,ഭ്രാന്തും ഹിസ്റ്റീരിയയും മൂലം കാട്ടുന്ന അസ്വസ്ഥതകള്‍ കുറയാന്‍ മുരിങ്ങയില നീരു നല്ലതാണെന്നും പറഞ്ഞുതരുന്നു.

മുരിങ്ങയിലയുടെ നീര്‌ ശക്തമായൊരു ഔഷധമാണ്‌. തുണിയില്‍ അരിച്ച മുരിങ്ങയിലച്ചാര്‍ (അച്ചാറല്ല, ഇലയുടെ നീരാണേ ചാറെന്നാല്‍) ഭക്ഷണത്തിനു അരമണിക്കൂര്‍ മുന്നേ അര ഔണ്‍സ്‌ വീതം ഒരാഴ്ച്ച കുടിച്ചാല്‍ രക്താതിസമ്മര്‍ദ്ദം hypertension പമ്പകടക്കും.

2 വയസ്സുമുതല്‍ക്കുള്ള കുട്ടികള്‍ക്ക്‌ ഈ ചാറ്‌ ഉള്ളിലുള്ള പഴുപ്പുകള്‍ക്ക്‌ നല്ലതാണ്‌. ഇതിലെ കാത്സ്യവും ഇരുമ്പും വിറ്റാമിനുകളും കുഞ്ഞുങ്ങളുടെ അസ്തിവളര്‍ച്ചക്കു വലിയ ഗുണം ചെയ്യും. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഇത്‌ രക്തശുദ്ധിവര്‍ദ്ധിപ്പിക്കുന്നു.


മുരിങ്ങയില സൂപ്പ്‌ (ഇല വെള്ളത്തില്‍ തിളപ്പിച്ചു വേവിച്ച്‌ ഉപ്പും കുരുമുളകും ചേര്‍ത്തുണ്ടാക്കി വാങ്ങിയശേഷം നാരങ്ങ നീരു ചേര്‍ത്താല്‍ മാത്രം മതി) കഴിച്ചാല്‍ ശ്വാസകോശ രോഗങ്ങള്‍ക്ക്‌- ബ്രോങ്കൈറ്റിസും ആസ്ത്‌മയുമടക്കമുള്ള അസുഖങ്ങള്‍ക്കെല്ലാം- ആശ്വാസം കിട്ടും.

കാരറ്റും ചെറുവെള്ളരിക്കയും ജ്യൂസാക്കി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില നീര്‌ ചേര്‍ത്ത്‌ രാവിലേ ഭക്ഷണത്തിനു ഒരു മണിക്കൂര്‍ മുന്നേ കുടിച്ചാല്‍ മൂത്രമൊഴിക്കുമ്പോള്‍ ഉള്ള നീറ്റല്‍ (urine acidity), സ്ത്രീകളുടെ വെള്ളപോക്കിനും (leucorrhea) ഉടന്‍ ശമനം കിട്ടും.

ആഹാരവും മരുന്നും കഴിഞ്ഞു ഇനി മേക്കപ്പ്‌ ഇടാം? അസ്സല്‍ ഫേയ്സ്‌ പാക്ക്‌ ഇതാ: മുരിങ്ങയില അരച്ചു മുഖത്തു പുരട്ടിയാല്‍ -കരിക്കലം പോലെയുള്ള മുഖം കമലം പോലാകും!

മുരിങ്ങമരത്തിന്റെ മറ്റുപേരുകള്‍ . ദ്വിധനാമം moringa oleifera, ഇംഗ്ലീഷില്‍ moringa തമിഴ്‌- മുരിങ്ക , ഹിന്ദിയും തെലുങ്കും സജിന, സംസ്കൃതത്തിലെ പേരാണ്‌ പോസ്റ്റിന്റെ തലക്കെട്ട്‌. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നീ സ്ഥലങ്ങളില്‍ ധാരാളമായി വളരുന്നു. ഇംഗ്ലീഷില്‍ ഇവിടെ വിക്കാം http://en.wikipedia.org/wiki/Drumstick_Tree

(എനിക്കു മുരിങ്ങയില വലിയ ഇഷ്ടമാണെന്ന് എപ്പോഴോ കമന്റിലെഴുതിയതു വായിച്ച്‌ ഇക്കണ്ട മരുഭൂമിയെല്ലാം താണ്ടി ഈ മുരിങ്ങയിലയും കൊണ്ട്‌ ഇത്രടം വന്ന അനിലേട്ടന്‌ ഈ കുറിപ്പ്‌ സമര്‍പ്പിക്കുന്നു)


ഓ ടോ.

കിഴക്കിന്റെ നടുമ്പ്രദേശത്തെ മരുഭൂമികളില്‍ കൊടും ചൂടു തുടങ്ങി. അന്നാട്ടുകാരെല്ലാം പഴം-പച്ചക്കറികള്‍ ജ്യൂസടിച്ചു തോപ്പം തോപ്പം കുടി തുടങ്ങിക്കോ. ഇല്ലേല്‍ ചൂടു നമ്മളെക്കൊല്ലും.

(ഉഷ്ണം ഉഷ്ണേന ശാന്തി എന്നു ഡിസ്കോ ശാന്തി പറഞ്ഞിട്ടുള്ളതെനിക്കത്ര ബോദ്ധ്യമായില്ല)









Saturday, May 20, 2006

അവിലും മലരും


അവില്‍ എന്നു പറഞ്ഞാല്‍ ഇപ്പോഴത്തെയാള്‍ക്കാര്‍ അലര്‍ജിക്‌ മാനിഫെസ്റ്റേഷനു ഡോക്റ്റര്‍ കുറിച്ചു തരുന്ന ഫെനിറാമൈന്‍ മാലിയേറ്റ്‌ ആണെന്നു കരുതിയാലോ. സന്തോഷിന്റെ ബെര്‍ത്ത്‌ഡേ അവിലിന്റെ പടം ഇവിടെ പകര്‍ത്തി.

അവില്‍ ഏക്‌ അത്ഭുത്‌ ഭോജന്‍ ഹേ. നെല്ലു വറുത്ത്‌ ഉരലില്‍ ഇടിച്ച്‌ ഉമിയൊന്നു പാറ്റിയാല്‍ അവിലായി. ഉണ്ടാക്കാനെളുപ്പം. ഫൈബര്‍, മിനറലുകള്‍ പ്രോട്ടീനുകള്‍ എന്നിവയാല്‍ സമ്പുഷ്ടം.

വൈറ്റമിന്‍ ബി1 അഥവാ തയമിന്‍ തവിടില്‍ ധാരാളമായുണ്ട്‌ (വെള്ളം തിളച്ച്‌ അരി ചോറാകുമ്പോഴേക്ക്‌ ഇത്‌ നഷ്ടപ്പെട്ടുപോകും) തയമിന്റെ കുറവ്‌ തളര്‍ച്ച, വിളര്‍ച്ച (ഹ ഹ.. വഴിയില്‍ മരുന്നു വില്‍ക്കുന്നവന്റെ ടേര്‍മിനോളജി) മലബന്ധം, ബ്രാഡി/ടാച്ചിക്കാര്‍ഡിയ (ഹൃദമിടിപ്പിന്റെ വേഗതാ വ്യതിയാനങ്ങള്‍) മാന്ദ്യം, ഓര്‍മ്മക്കുറവ്‌, ഭയം, വിഷാദരോഗം എന്നിവക്കും ഗുരുതരമായ ഡെഫിഷ്യന്‍സി ബെറി ബെറി എന്ന മാരകമായ രോഗത്തിനും കാരണമാകുന്നു. തയമിനെ ഇവിടെ വിക്കാം http://en.wikipedia.org/wiki/Thiamine എന്നതിനാല്‍ വിസ്തരിക്കുന്നില്ല.

പൂജിച്ച (ഈ പൂജയല്ലേ പ്ലാസിബോ എഫക്റ്റ്‌!!) അവില്‍ കഴിച്ച നങ്ങേമക്കു ഗന്ധര്‍വ്വന്‍ കൂടലും, നാണൂച്ചാര്‍ക്ക്‌ പ്രേതഭയവും, കുഞ്ഞുണ്ണൂലിക്ക്‌ ഗുന്മനും ഉമ്മിണിമോള്‍ക്ക്‌ പഠിക്കാന്‍ ഉത്സാഹമില്ലാതെ പക്കിവാത പിടിച്ചിരിക്കലും ഒരുമിച്ച്‌ മാറുന്നതിന്റെ പിന്നിലെ മന്ത്രം ഇത്രയേ ഉള്ളു.

അവിലെന്തിനു നമ്മള്‍ നിത്യഭക്ഷണമാക്കിയെന്നറിയാന്‍ അതിലെ ടോക്കോട്രൈനോള്‍: (വിക്കേണ്ടവര്‍ ഇങ്ങോട്ടു പോകാം;- (http://en.wikipedia.org/wiki/Tocotrienol) എന്ന വൈറ്റമിന്‍ E ഘടകത്തെ അറിഞ്ഞാല്‍ മതി. അവിലില്‍ ധാരാളമായി കാണുന്ന കാണുന്ന ടോക്കോട്രൈനോള്‍ നമ്മുടെ കോശങ്ങളെ ഫ്രീ റാഡിക്കത്സ്‌ (ഓര്‍ക്കുന്നില്ലേ സ്നേഹക്കെണിയിലും മറ്റുമുണ്ടാകുന്ന ആ കൊലയാളിയായ അണ്ടിപോയ അണ്ണാനെ?) ഉണ്ടാകുന്നതിനെ തടുത്ത്‌ നമുക്ക്‌ ഹൃദ്രോഗം, എല്ലാത്തരം ക്യാസറുകള്‍, പ്രമേഹം, രക്തദൂഷ്യങ്ങള്‍ എന്നിവയില്‍ നിന്നും സംരക്ഷണം തരുന്നു.

അവിലെന്തിനു കുഴച്ചു കഴിക്കുന്നു?
ഇത്തിരി വെള്ളവും പഞ്ചസാരയും ചേര്‍ത്തോ കടലക്കറിയോ മീന്‍ ചാറോ ചേര്‍ത്തോ കഴിച്ചാല്‍ പോരേ എന്നാലോചിച്ചിട്ടുണ്ടോ? പോരല്ലോ. അവിലില്‍ ചേര്‍ക്കുന്ന പഴം വൈറ്റമിന്‍ എ, സി, ബി 6 എന്നിവയും ശര്‍ക്കര, ഇരുമ്പ്‌, കാത്സ്യം, പൊട്ടാസ്യം തുടങ്ങി ഒട്ടനവധി ധാതുക്കളും ലവണങ്ങളും തരുന്നു. തേങ്ങ അതിനെ ഫ്രഷ്‌ പ്ലാന്റ്‌ ഫാറ്റാലെ പുഷ്ടവും (right fat at right quantity is right)ഇത്തിരി നെയ്യ്‌ മാംസഭക്ഷണത്തില്‍ നിന്നല്ലാതെ കിട്ടാന്‍ ബുദ്ധിമുട്ടുള്ള വൈറ്റമിന്‍ ബി പന്ത്രണ്ടും തരും. നെയ്യിന്റെ കൊളസ്റ്റ്രോള്‍ കെണി അതിശക്ത കീലേറ്റര്‍ ആയ ശര്‍ക്കര തടുക്കും ഫ്രീ റാദിക്കലെങ്ങാനുണ്ടായാല്‍ ടോക്കോട്രൈനോള്‍ തവിടിലുണ്ട്‌. ഇതു തന്നെ അമൃതെന്ന് എനിക്കു സംശയമില്ല.

ചോക്കിംഗ്‌ ഹസാര്‍ഡ്‌
അവില്‍ ചെറിയ കുട്ടികള്‍ക്ക്‌ തൊണ്ടയില്‍ കുടുങ്ങിപ്പോയേക്കാം, അണ്ണാക്കില്‍
ഒട്ടിപ്പിടിക്കാവുന്ന ആകൃതിയുമുള്ളതിനാല്‍ കൂടുതല്‍ അപകടകാരിയായേക്കാം കുട്ടികള്‍ക്ക്‌ അവില്‍ നനച്ചത്‌.

നാട്ടറിവ്‌
അവിലിന്റെ വകയില്‍ ഒരു കസിന്‍ ആണ്‌ മലര്‍ എന്ന നമ്മുടെ പോപ്പ്‌ നെല്ല്. ഇതിയാനും അസ്സല്‍ ഭക്ഷണം, സായിപ്പിന്റെ ചോളപ്പൊരി പോലെ ഉപ്പും എണ്ണയും ചേര്‍ത്തല്ല, വെറുതേ വറുത്തു പൊട്ടിച്ചെടുക്കുകയാല്‍ ആരോഗ്യകരം, അവിലിന്റെ അടുത്തൊക്കെ വരുന്ന സമ്പുഷ്ടിയും. ഗ്യാസ്‌ ട്രബിള്‍ പ്രത്യേകിച്ച്‌ ഗര്‍ഭിണികള്‍ക്കും പുളിച്ചു തികട്ടല്‍ അഥവാ ആസിഡ്‌ റിഫ്ലക്സ്‌- GERD (ദോ ലങ്ങോട്ട്‌ വിക്കിക്കോ http://en.wikipedia.org/wiki/GERD) എന്നീ കാരണങ്ങളാല്‍ ഉണ്ടാകുന്ന വായുകോപം പിടിച്ച പിടിയാല്‍ നിറുത്താന്‍ ഒരെളുപ്പ വഴിയാണ്‌ മലര്‍ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കല്‍ (ജീരകവെള്ളം ഇടുന്നതു പോലെ ഒരു പിടി മലര്‌ വെള്ളത്തിലിട്ടു തിളപ്പിക്കുക അത്രയേ ഉള്ളു ഇതിന്റെ റെസിപ്പി}

ഈ പോസ്റ്റ്‌ അവില്‍ക്കൊതിയന്‍ ഏവൂരാനും അവിലിയന്‍ നൊവാള്‍ജിയ പിടിച്ചിരിക്കുന്ന പ്രാപക്കും സമര്‍പ്പിതം;
(അല്‍ ടോ
1. പണിക്കൂടുതല്‍ കാരണം ഇരിക്കപ്പൊറുതിയില്ലാതായ ഡോക്റ്റര്‍മാര്‍ ഇന്നലത്തെ ഗള്‍ഫ്‌ ന്യൂസ്‌ ഫ്രൈഡേ മാസികയില്‍ UAE യില്‍ ഭയാനകമാം വിധം ഹൃദയ ധമനീരോഗങ്ങളും ക്യാന്‍സറുകളും മറ്റ്‌ ജീവിതരീതീജന്യമായ അസുഖങ്ങളും വര്‍ദ്ധിക്കുന്നെന്ന് "കുറച്ച്‌ മര്യാദക്ക്‌ തിന്നിനെടാ ഹിമാറുകളേ"സൂചനയോടെ ഒരു ഉപന്യാസം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അവര്‍ നിരത്തുന്ന സ്റ്റാറ്റിസ്റ്റിക്സ്‌ കേട്ടാല്‍ മാത്രം മതി മനുഷ്യന്‍ അറ്റാക്ക്‌ വന്നു തീര്‍ന്നു പോകാന്‍.

2. ധമനീരോഗം മാനസികമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സായ്പ്പന്മാര്‍ ഇപ്പോഴല്ലേ പ്രബന്ധമെഴുത്ത്‌ തുടങ്ങിയത്‌, കവി ബിച്ചു തിരുമല ഇരുപത്തഞ്ച്‌ വര്‍ഷം മുന്നേ "തെയ്യാട്ടം ധമനികളില്‍-മനസ്സില്‍ രഥോത്സവം" എന്ന് മനസ്സിലുണ്ടാവുന്ന പ്രശ്നങ്ങളും ധമനീ സങ്കോചവും തമ്മിലുള്ള ഈ പെയറിംഗ്‌ വ്യക്തമായി വിശദീകരിച്ചിട്ടുള്ളതാ. അല്ലെങ്കിലും നമ്മള്‍ ഇന്ത്യക്കാരുടെ വാക്കിനു വിലയില്ലല്ലോ.)

Tuesday, May 02, 2006

സ്നേഹോപദേശം

ഭക്ഷ്യ എണ്ണകളെക്കുറിച്ച്‌ പലതരം വാദവും വിവാദവും വെല്ലുവിളികളുമൊക്കെ എന്നും കാണാറുണ്ട്‌. എല്ലാം ഒരുതരം ആളെപ്പറ്റിക്കല്‍ എന്നു കാണുമ്പോള്‍ സ്ഥിരമായി തലയില്‍ കൈ വച്ചു പോകാറുമുണ്ട്‌.

എണ്ണയുടെ രസതന്ത്രം
ഭക്ഷ്യയെണ്ണകള്‍ ഫാറ്റി ആസിഡ്‌ എന്ന ഹൈഡ്രോകാര്‍ബണുകള്‍ ആണ്‌. രണ്ടു ഹൈഡ്രജനും ഒരു കാര്‍ബണും കൂടിയാലെണ്ണയായി. ദ്രവരൂപത്തിലെ കൊഴുപ്പുകള്‍ എന്നു മനസ്സിലോര്‍ത്താല്‍ എണ്ണയെ മനസ്സിലാക്കാനെളുപ്പമായി.

ഭക്ഷ്യ എണ്ണയെന്ന ഫാറ്റി ആസിഡില്‍ ഒരു കാര്‍ബണിനു രണ്ടു ഹൈഡ്രജനെ താങ്ങാവുന്ന രീതിയിലാണു ജോഡിക്കല്‍. ഒരോ കാര്‍ബണാറ്റത്തിനും രണ്ടു കെട്ടിയോന്‍ വീതമുള്ള തടിച്ചിക്കോതയെ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ എന്നും ഒരു പെയറിനു മാത്രം ഹൈഡ്രജന്‍ ബോണ്ടിംഗ്‌ ഇല്ലാത്ത ചേട്ടനെ മോണോ അണ്‍ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ എന്നും പല പെയറിലും ഹൈഡ്രജന്‍ തികയാത്ത ജോഡിക്കലിനെ പോളി അണ്‍സാചുറേറ്റഡ്‌ ഫാറ്റ്‌ എന്നും പറയും. എണ്ണകളെല്ലാം ഈ മൂന്നു തരം ഫാറ്റി ആസിഡുകളുടേയും ഒരു മിശ്രിതം ആണ്‌. ചേരുവകളുടേ ഏറ്റക്കുറച്ചിലുകള്‍ http://en.wikipedia.org/wiki/Cooking_oil എന്ന ഭാഗത്ത്‌ വിക്കിയിലുണ്ട്‌.

എന്താണു ഫാറ്റ്‌ ശരീരത്തില്‍ ചെയ്യുന്നതെന്ന് കാണുമ്പോള്‍ എണ്ണയെക്കുറിച്ചുള്ള ചിത്രം പൂര്‍ത്തിയാകുന്നു.സാച്ചുറേറ്റഡ്‌ ഫാറ്റുകളെ ഒറ്റയടിക്ക്‌ ശരീരം എല്‍ ഡി എല്‍ ആക്കുന്നു. മോണോ അണ്‍സാചുറേറ്റഡ്‌ ഫാറ്റിനെ കുറഞ്ഞ തോതിലും പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റ്‌ വളരെ നേരിയ തോതിലും എല്‍ ഡി എല്‍ നിര്‍മ്മാണത്തെ കൂട്ടുന്നു. കൊഴുപ്പധികമാകുമ്പോള്‍ ശരീരം ഐക്കസനോയിഡ്‌ മാക്രൊഫാഗസ്‌ എന്നിവയെ വിട്ട്‌ അതിനെ പിടിച്ചെടുക്കാന്മ്‌ ശ്രമിക്കുന്നു. മാരകമായ ധമനീരോഗമെന്ന (arteriosclerosis) എന്ന ഹൃദ്രോഗത്തിന്റെയും സ്ട്രോക്കിന്റെയുംപിതാവിനു ഐക്കസനോുയിടും മാക്രോഫാഗസും എങ്ങനെ കാരണമാകുന്നു എന്നറിയാല്‍ എന്താണു കൊളസ്റ്റ്രോള്‍ എന്ന അദ്ധ്യായത്തില്‍ വായിച്ചിരിക്കുമല്ലോ. അപ്പോള്‍ പോളി അണ്‍ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ ആണ്‌ എറ്റവും നല്ലതെന്ന് ന്യായമായും തോന്നും (അടുത്ത സമയം വരെ അലോപ്പതി ഈ വാദം ഉന്നയിച്ചിരുന്നു), വരട്ടെ.

ഹൈഡ്രജനില്ല്ലാതെ ആര്‍ത്തി മൂത്തു നടക്കുന്ന അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റ്‌ ആദ്യം കാണുന്ന ഓക്സിജനെ പകരം വലിച്ചു കേറ്റുന്നു. ഓക്സിഡേഷന്‍ എന്ന ഈ "റാണിയില്ലേല്‍ തോഴി" പരിപാടിയില്‍ അധികം വന്ന എലക്ര്ട്രോണുകളെ ഫാറ്റ്‌ പുറത്തു വിട്ടുകളയും. ഈ പൈശാച വിവാഹത്തിലെ അനാഥ ബാലന്മാരായ എലക്ട്രോണുകള്‍ - ഫ്രീ റാഡിക്കത്സ്‌- വലിയ അപകടകാരികളാണ്‌. പോകുന്ന വഴി എല്ലാം തകര്‍ത്ത്‌ തരിപ്പണമാക്കി സഞ്ചരിക്കുന്ന ഇവരെ നശിപ്പിച്ചില്ലെങ്കില്‍ മ്രണമുണ്ടാവുമെന്ന് ഭയന്ന് ശരീരം ഐക്കസനോിഡിനെയും മറ്റ്‌ ഇമ്മ്യൂണ്‍ സെല്ലുകളേയും യുദ്ധത്തിനയക്കാന്‍ വീണ്ടും നിര്‍ബന്ധിതമാകുന്നു.

ചുരുക്കി പറഞ്ഞാല്‍ തികച്ചും ഭിന്നമായ രണ്ടു രീതിയിലാണെങ്കിലും സാചുറേറ്റഡ്‌ ഫാറ്റും അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റും നമ്മേ രോഗിയാക്കിക്കളയുന്നു ഇമ്മ്യൂണ്‍ സെല്ലുകളുടെ ഇന്‍ഫ്ലമേറ്ററി റെസ്പോണ്‍സ്‌ ക്യാന്‍സര്‍ റ്റ്യൂമര്‍ മുതലായാ രോഗങ്ങള്‍ക്കും മൂലകാരണമാകുന്നു.ഇതാണ്‌ എണ്ണക്കെണി.

എണ്ണയുടെ ഓക്ഷിഡേഷന്‍ എന്ന എരിതീയില്‍ എണ്ണയൊഴിക്കലാണ്‌ എണ്ണ തിളപ്പിക്കല്‍ എന്നതിനാല്‍ തിളക്കുംതോറും എണ്ണ ല്‍കൂടുതല്‍ അപകടകാരിയാകുന്നു. വറുത്ത ഭക്ഷണം കൊലയാളിയാകുന്നത്‌ ഫ്രീ റാഡിക്കലും ഇമ്മ്യൂണ്‍ സെല്ലുകളും തമ്മിലുള്ള യുദ്ധം മൂലമാണെന്ന് വ്യക്തമായല്ലോ. smoke point വളരെ ഉയര്‍ന്ന എണ്ണകള്‍ തിള അധികം ആകാതെ ആഹാരം വേവിക്കുന്ന്നു എന്നതിനാല്‍ അഭികാമ്യം ആണ്‌.

വെളിച്ചെണ്ണ നല്ലതോ ചീത്തയോ?
ഏത്‌ എണ്ണയും നല്ലതെന്നും ചീത്തയെന്നും പറയുന്നത്‌ കത്തിക്കുത്തു വേണോ കൂമ്പിനിടി വേണോ എന്നു ഗൂണ്ട ചോദിക്കുമ്പോള്‍ നമ്മള്‍ സെലെക്റ്റ്‌ ചെയ്യുമ്പോലെയേ ഉള്ളു എന്നൂ ബോദ്ധ്യമായല്ലോ. എണ്ണ പരമാവധി ഒഴിവാക്കുക (ചില എണ്ണകള്‍ വിറ്റാമിന്‍ ഏയും ഡിയും തരുന്നുണ്ട്‌ എങ്കിലും അതിനു വളരെ നല്ല മറ്റു മാര്‍ഗ്ഗങ്ങളുമുണ്ട്‌)വെളിച്ചെണ്ണ നല്ലതെന്നും ചീത്തയെന്നും രണ്ട്‌ ഗവേഷണമുണ്ടായെന്നു പത്രങ്ങള്‍ വെണ്ടക്കാ നിരത്തിയത്‌ ഓര്‍മ്മയില്ലേ? വിക്കി റ്റേബീല്‍ ഒന്ന്നു കൂടി നോക്കാം. വെളിച്ചെണ്ണ 92% സാച്ചുറേറ്റഡ്‌ കലേഷ്‌, 6% മോണോ വിശാലന്‍ 2% പോളി ദേവന്‍. വളരെ വ്യക്തമായില്ലേ കാര്യം? എല്‍ ഡി എല്‍ തീയറിയില്‍ വെണ്ണയെക്കാള്‍ വെളിച്ചെണ്ണയാണു മാരകം കാരണം എതാണ്ട്‌ മൊത്തത്തില്‍ ഈ സംഭവം സാച്ചുറേറ്റഡ്‌ ഫാറ്റ്‌ ആണ്‌. എന്നാല്‍ ഓക്സിഡേഷന്‍ തീയറി അനുസരിച്ച്‌ പോളി അണ്‍ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ തീരെയില്ലാത്തതിനാല്‍ വെളിച്ചെണ്ണ നല്ലതും ആണ്‌.

എന്തു വേണം? സ്വയം തീരുമാനിക്കുക. രക്തത്തിലെ എറ്റവും വലിയ ഓക്സിഡേഷന്‍ പുകവലിക്കുമ്പോഴും പലതവണ തിളച്ച എണ്ണ കഴിക്കുമ്പോഴുമാണ്‌ സംഭവിക്കുക. പുകവലിക്കാരനും ബീഫുവറുത്തു തീറ്റിക്കാരനും വെളിച്ചെണ്ണ നല്ല നല്ല അസുഖങ്ങള്‍ തരുമെന്നതിനു രണ്ടു പക്ഷമില്ല. വളരെ മിതമായി കറിച്ചട്ടിയില്‍ ഒഴിക്കുന്ന വെളിച്ചെണ്ണ ഒരുപക്ഷേ ഓക്സിഡേഷനുണ്ടാക്കുന്ന ഭക്ഷണം കഴിക്കാത്തയാളിനു ഉപദ്രവം ഉണ്ടാക്കില്ലായിരിക്കാം.മാരകമായ എണ്ണകള്‍ട്രാന്‍സ്‌ ഫാറ്റ്‌, കനോല എന്നീ രണ്ടുതരം എണ്ണകള്‍ വളരെ മാരകവും നിരോധനം എതു നിമിഷവും സംഭവിക്കാവുന്നതുമാണ്‌.റേപ്പ്‌ സീഡ്‌ എന്ന കുരുവില്‍ നിന്നും എടുക്കുന്ന കനോല എണ്‍യില്‍ യൂറിക്ക്‌ ആസിഡ്‌ എന്ന ഹൃദയ പേശീനാശിനി ഉണ്ട്‌ (ഫാക്റ്ററിയില്‍ ഇതു നീക്കം ചെയ്യാറുണ്ടെങ്കിലും ഒരു ശതമാനത്തോളം ബാക്കിയാവുന്നുണ്ടെനാണ്‌ റിപ്പോര്‍ട്ട്‌)

ട്രാന്‍സ്‌ ഫാറ്റ്‌ അല്ലെങ്കില്‍ ഹൈഡ്രജനേറ്റഡ്‌ എണ്ണ.
ഒരു ഫാക്റ്ററി വഴി ഇറങ്ങി വന്ന എന്തും വാങ്ങുമ്പോള്‍ ട്രാന്‍സ്‌ ഫാറ്റ്‌ അല്ലെങ്കില്‍ ഹൈഡ്രജനേറ്റഡ്‌ ഓയില്‍ ഉണ്ടോ എന്നു നോക്കുക. പലതരം ഭക്ഷ്യവസ്തുക്കളേയും ചീത്തയാകാതെ നോക്കുന്ന ഈ ഹൈഡ്രജനേഷന്‍ ഹൃദയരോഗങ്ങളും ക്യാന്‍സറുമടക്കം പല മാരകമായ അസുഖങ്ങള്‍ക്കും മുഖ്യ കാരണമാകുന്നെന്‍ എഫ്‌ ഡി എ അടക്കം എല്ലാ ആരോഗ്യ നിയന്ത്രണ സ്ഥാപനങ്ങളും സമ്മതിച്ചെങ്കിലും ബില്യണുകള്‍ കരം കെട്ടുന്ന കൈക്കൂലിലുന്‍ നല്‍കുന്ന ഭക്ഷ്യക്കമ്പനികള്‍ക്ക്‌ ഷെല്‍ഫ്‌ ലൈഫ്‌ കൂട്ടുന്ന ഈ കൊടും വിഷമുപയോഗിക്കുന്നത്‌ നിരോധിക്കാനൊരു ഉത്തരവിറക്കാന്‍ ധൈര്യം ഇതുവരെ വന്നിട്ടില്ല (അമേരിക്കയില്‍ പലയിടത്തും ഇതു നിരോധിക്കാനുള്ള പൊതുജന താല്‍പര്യ കേസുകള്‍ നിലവില്‍ നടക്കുന്നുണ്ട്‌. മാക്‌ ഡോണള്‍ഡ്‌ അമേരിക്കയില്‍ ട്രാന്‍സ്‌ ഫാറ്റ്‌ പിന്‍ വലിച്ചെങ്കിലും മറ്റുള്ള സ്ഥലത്ത്‌ ഉപയോഗിക്കുന്നെന്ന് പത്രക്കുറിപ്പ്‌)സാധാരണയായി ഈ കൊലയാളി എണ്ണ സാധാരണയായി കൂക്കികള്‍ ,ബിസ്കറ്റുകള്, ‍ഇന്‍സ്റ്റന്റ്‌ ശാപ്പാട്, ‌ചിപ്സ്, ‌ഫ്രെഞ്ച്‌ ഫ്രൈ, പീനട്ട്‌ ബട്ട, ര്‍ഐസ്‌ ക്രീം, ബ്രെഡ്‌എന്നിവയില്‍ കാണുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരഞ്ചു മിനുട്ട്‌ അധികം എപ്പോഴുമെടുക്കുക ലേബല്‍ വായിക്കാന്‍.




ഞാനും എണ്ണയും
പരമാവധി എണ്ണ ഒഴിവാക്കുന്നു ഞാന്‍, എണ്ണ ഒരു പ്രയോജനവും തരാത്ത വസ്തു. ചട്ടി കരിയും, താളിക്കാന്‍ വയ്യാ എന്നൊക്കെ പറഞ്ഞ്‌ വിദ്യ കുറേശ്ശെ എണ്ണ എടുക്കും. അതിനാല്‍ വീട്ടില്‍ റെഫൈന്‍ഡ്‌ ഒലിവ്‌ എണ്ണ വാങ്ങുന്നു. എന്റെ കണക്കില്‍ എറ്റവും കുറച്ച്‌ ദോഷം ഒലിവെണ്ണ ചെയ്യുന്നു. ഒലിവെണ്ണയില്‍ കൂൊടുതലും മോണോ അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റ്‌ ആയതിനാല്‍ എറ്റവും കുറവ്‌ എല്‍ ഡി എല്‍ വര്‍ദ്ധനയും ഫ്രീ റാഡിക്കല്‍ നിര്‍മ്മാണവുമേ നടക്കുന്നുള്ളൂ. സ്മോക്ക്‌ പോയിന്റും തൃപ്തികരം. വില മാത്രം കടുപ്പം. അളവു കുറച്ചാല്‍ വിലയേയും ഒതുക്കാം!മൃഗജന്യമായ എണ്ണകള്‍ - വെണ്ണ/ നെയ്യ്‌ എന്ന പശുക്കൊഴുപ്പുകളും പന്നി നെയ്യും ഞാന്‍ ഉപയോഗിക്കാതിരിക്കുക.. മാംസം വറുത്ത്‌ ഉപയോഗിക്കാത്ത അതേ കാരണങ്ങള്‍ തന്നെ. (പ്രത്യേകിച്ച്‌ ഒരസുഖവുമില്ലാത്തവര്‍ക്ക്‌ ഇത്തിരി നെയ്യു കഴിക്കണമെന്നു തോന്നിയാല്‍ ചൂടു ചോറിലൊരു തുള്ളി ഇറ്റിച്ചാല്‍ മതി . എന്തിനു അതിന്റെ ചട്ടീല്‍ ഇട്ടു വറുക്കുന്നത്‌?)

ആന്റി ഓക്സിഡന്റ്‌
ഇന്നു വരെ കണ്ടുപിടിച്ചതില്‍ വച്ച്‌ ഏറ്റവും ശക്തവും ഫലപ്രദവും നിരുപദ്രവിയുമായ ആന്റി ഓക്സിഡന്റ്‌ ആണ്‌ വൈറ്റമിന്‍ സി. എല്ലാവരും പൊതുവില്‍ വൈറ്റമിന്‍ സി ആവശ്യത്തിനു കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എണ്ണ വറുത്തു കഴിക്കുന്നവര്‍ ശര്‍മ്മാജി, വള്ളുവനാടന്‍ തുടങ്ങി പുകവലിക്കാര്‍, ഞാന്‍, സിദ്ധാര്‍ത്ഥന്‍, കണ്ണൂസ്‌ തുടങ്ങി എക്സ്‌ പുകവലിക്കാര്‍, അതുല്യാദി പാസ്സീസ്‌ സ്മോക്കര്‍മാര്‍ എന്നിവര്‍ വിറ്റാമിന്‍ സി ഡയറ്ററി സപ്പ്ലിമന്റ്‌ കഴിക്കുന്നത്‌ വളരെ ചെറിയ ഒരംശം ആണെങ്കിലും ഓക്സിഡേഷനില്‍ നിന്നും സംരക്ഷണം തരുന്നു. ആ ചെറിയ മാര്‍ജ്ജിന്‍ പോലും വളരെ വിലപ്പെട്ടതല്ലേ? വിറ്റാമിന്‍ സിയും
അതിന്റെ മാന്ത്രികശക്തി കണ്ടു പിടിച്ച നോബല്‍ ലാവ്രേറ്റ്‌ ഡോ. ലീനസ്‌ പോളിങ്ങും നീണാള്‍ വാഴ്ക!


മറ്റ്‌ ആന്റി ഓക്സിഡന്റ്‌- ആന്റി ഇന്‍ഫ്ലമന്റുകള്‍

ഡോ ബാരി സീയേര്‍സ്‌ എന്ന ഇന്നിന്റെ ആന്റി ഇന്‍ഫ്ലമേഷന്‍ പുലിയുടെ നിരീക്ഷണത്തില്‍ ഓക്സിഡന്റ്‌-റാഡിക്കലാദി കാരണങ്ങളാലുണ്ടാകുന്ന ഇന്‍ഫ്ലമേഷനെ ഒലിവെണ്ണ, വൈന്‍, ഇഞ്ചി, കറ്റാര്‍വാഴ, മഞ്ഞള്‍ എന്നിവക്ക്‌ കുറേശ്ശെ തടുക്കാന്‍ കഴിയും.

ക്രിതൃമമായ ആന്റി ഇന്‍ഫ്ലമന്റുകള്‍ - വിറ്റാമിന്‍ ഈ , കോ എന്‍സൈം Q10 എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ പ്രാഥമിക ഘട്ടത്തിലെത്തി നില്‍ക്കുന്നതേയുള്ളു.

ഇതി ദേവരാഗ വിരചിത സ്നേഹസാരം സമ്പൂര്‍ണ്ണം.
എല്ലാവര്‍ക്കും സ്നേഹരഹിതമായ ഭക്ഷണം സ്നേഹത്തോടെ ആശംസിക്കുന്നു.
സസ്നേഹം, നിങ്ങളുടേ സ്നേഹദ്വേഷി.

Sunday, April 30, 2006

ശാസ്ത്രം, അറിവ്‌, തിരിച്ചറിവ്‌

ആരോഗ്യത്തെക്കുറിച്ച്‌ പ്രത്യേകമായിട്ടല്ലെങ്കിലും ബഹുവര്‍ണ്ണക്കുടയില്‍ സ്നേഹിതന്‍ നാട്ടറിവുകള്‍ ബ്ലോഗിലെത്തിക്കാന്‍ ആഹ്വാനം ചെയ്തതുമുതല്‍ ഞാന്‍ ചിന്തയിലാണ്‌. അതിന്റെ ആവശ്യകത എനിക്കും ബോദ്ധ്യമായതാണ്‌:

ആരോഗ്യം എന്ന വിഷയം കേന്ദ്രീകരിക്കുന്ന ഈ ബ്ലോഗ്‌ ഇതുവരെ പ്രഥാനമായും എഴുതിയത്‌ ആരോഗ്യസംബന്ധിയായ അറിവുകളെക്കുറിച്ചാണ്‌. മലയാളത്തിലല്ലെങ്കിലും ഇത്തരം basic information ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുമെന്ന് തോന്നുന്നു. അതിനാല്‍ വീണ്ടും അതെഴുതുന്നതൊരു പാഴ്പ്പരിശ്രമം അല്ലേയെന്ന് ആശങ്ക.

അതേസമയം ലോക്കലൈസ്ഡ്‌ അറിവുകള്‍ ഇന്റര്‍നെറ്റില്‍ തുലോം കുറവാണ്‌. വക്കാരി പറയുന്ന എന്നും കഴിക്കുന്ന ആ സദ്യ ആസിഡ്‌ റിഫ്ലക്സ്‌ ഉള്ള ഒരു വ്യക്തിക്ക്‌ എത്ര കണ്ട്‌ നല്ലതോ ചീത്തയോ ആണ്‌ എന്ന് മലയാലത്തിലോ മറ്റു ഭാഷകളിലോ ഇന്റര്‍നെറ്റിലോ പുസ്തകങ്ങളിലോ ഉണ്ടാവില്ല എന്നതിനാല്‍ അത്തരം കാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ എഴുതേണ്ടത്‌ അത്യാവശ്യം തന്നെ.

എന്നാല്‍ ഇത്തരം പ്രാദേശികമായ അറിവുകള്‍ പരിമിതവും അംഗീകൃത ശാസ്ത്രശാഖകള്‍ പലപ്പോഴും കൈകാര്യം ചെയ്തിട്ടില്ലാത്തതിനാല്‍ നമുക്ക്‌ ആധികാരികമായി നിര്‍ദ്ദേശിക്കാവുന്നതുമല്ല.


ഒരു സാമ്പിള്‍ ലേഖനം എഴുതി നോക്കി ഞാന്‍
------------------------------
മണ്ണുകൊണ്ട്‌ മുറിവു കെട്ടല്‍
വലിയ ആഴത്തില്‍ മുറിവുകള്‍ ഉണ്ടാകുമ്പോള്‍ മാടോടും (പുര മേച്ചില്‍ ഓട്‌ ചുട്ട്‌ പൊടിച്ച പൊടി) പഞ്ചസാരയും ചേര്‍ത്ത്‌ മുറിവു പൊതിഞ്ഞു കെട്ടുന്ന പതിവുണ്ടായിരുന്നു. ഇതിനാല്‍ വലിയ പ്രയോജനങ്ങളുണ്ടെന്നും മുറിവുകള്‍ അടയാളമില്ലാതെ കൂടുമെന്നും വയസ്സായവര്‍ പറഞ്ഞു തന്നത്‌ എന്റെ തലമുറ തള്ളിക്കളയുകയാണ്‌ ഉണ്ടായത്‌. മണ്ണില്‍ നിന്നും അണുബാധയല്ലാതെ മറ്റൊന്നും കിട്ടില്ല എന്ന അടിസ്ഥാന ശാസ്ത്രബോധവും ഞങ്ങള്‍ക്കുണ്ടായിരുന്നതിനാല്‍ മുറിവുകള്‍ വലുതാണെങ്കില്‍ ആശുപത്രിയില്‍ കൊണ്ട്‌ വച്ചു കെട്ടുവാനും ചെറുതാണെങ്കില്‍ സ്വയം വച്ചു കെട്ടുവാനും രക്തം വാര്‍ന്നുപോകുന്നെങ്കില്‍ ടൂര്‍ണികെറ്റ്‌ കെട്ടുവാനും ഞങ്ങള്‍ നാട്ടുകാര്‍ക്ക്‌ പറഞ്ഞുകൊടുത്തു. ഇന്നും ആ നിര്‍ദ്ദേശങ്ങള്‍ക്ക്‌ മാറ്റമൊന്നുമില്ലതാനും.

പക്ഷേ മാടോട്‌ മുറിവുകളെ കൂട്ടിച്ചേര്‍ക്കുന്നെന്ന അവരുടെ വാദം ഇന്നെനിക്കു തള്ളാനാവുന്നില്ല. മണ്ണില്‍, പ്രത്യേകിച്ച്‌ റെയര്‍ എര്‍ത്ത്‌ കൂടുതലായുള്ള കൊല്ലത്തിന്റെ മണ്ണില്‍ നിന്നും അണുബാധയല്ലാതെ അവര്‍ക്കൊന്നും കിട്ടാനില്ല എന്നത്‌ ശരിയാകണമെന്നില്ല .

സിറോലിമസ്‌ എന്നും റാപ്പാമൈസിന്‍ എന്നും ‍ അറിയപ്പെടുന്ന മരുന്ന് ഹൃദയം, കരള്‍ വൃക്ക മുതലായ അവയവങ്ങള്‍ മാറ്റിവയ്ക്കുമ്പോഴും ക്യാന്‍സര്‍ വന്ന ഭാഗങ്ങള്‍ മുറിച്ചതുണങ്ങാനും ധമനികള്‍ സ്റ്റെന്റ്‌ ചെയ്യുന്നത്‌ കൂട്ടിയൊട്ടാതേ സൂക്ഷിക്കാനും ഇന്ന് വലരെ ഭലപ്രദമായി ഉപയോഗിക്കുന്നു . ഈ മരുന്ന് ഈസ്റ്റര്‍ ദ്വീപസമൂഹത്തിലെ മണ്ണില്‍
നിന്നുമാണെടുക്കുന്നതെന്ന അറിവ്‌ മാടോടിനെ പുശ്ചിച്ച വെളിവുകേടില്‍ നാണം തോന്നിപ്പിക്കുന്നു ഇന്ന്.

നമ്മുടെ നാട്ടിലെ അല്ലെങ്കില്‍ എന്റെ പ്രദേശത്തു മാത്രമോ ഉള്ള മണ്ണില്‍ റാൂമൈസിനോ അതിനു തുല്യമായ എന്തെങ്കിലുമോ ഉണ്ടോ എന്ന് എനിക്കറിയില്ല. ആര്‍ക്കുമറിയില്ല. റേഡിയേഷന്‍ കൂടുതലായ ആ മണ്ണ്‍ മറ്റെന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നും അറിയില്ല. ഇത്തരം കാര്യങ്ങള്‍ വളരെ ശാസ്ത്രീയമായ പഠനം നടത്താത്തൈടത്തോളം കാലം അര്‍ത്ഥരഹിതമായും ഉപയോഗശൂന്യമായും തുടരും. നാട്ടറിവുകളെ ശാസ്ത്രീയമായി വിശകലനം ചെയ്ത്‌ വെറും വിശ്വാസങ്ങളുണ്ടെങ്കില്‍ അവയെ നീക്കം ചെയ്യുകയും കാലത്തിനൊത്ത്‌ മാറ്റേണ്ടവ മാറ്റുകയും ചെയ്യേണ്ടിയിരിക്കുന്നു.
------------------------
പത്തു മിനുട്ടില്‍ എഴുതി. മൂന്നു മിനുട്ടില്‍ നിങ്ങള്‍ വായിച്ചു തീര്‍ന്നു. ആരോഗ്യവും ഇതുമായി എന്തു ബന്ധം? മണ്ണുകൊണ്ട്‌ മുറിവു കെട്ടാന്‍ ഞാന്‍ പറയുന്നില്ല. റാപ്പമൈസിന്‍ രോഗിക്ക്ക്‌ സ്വയം ഉപയോഗിക്കാവുന്ന മരുന്നുമല്ല. സര്‍ജ്ജനു റാപ്പമൈസിന്‍ എവിടെന്നു വരുന്നു എന്നത്‌ വിഷയമല്ല. മണ്ണ്ണുവാരി മുറിവില്‍ കെട്ടാന്‍ അദ്ദേഹം സ്വപ്നത്തില്‍ പോലും ആഗ്രഹിക്കുകയുമില്ല. മൊത്തത്തില്‍ ഈ എഴുത്തില്‍ ആര്‍ക്ക്‌ എന്തു പ്രയോജനം? എനിക്കു തന്നെ പിടിയില്ല. എഴുതണോ എന്തെഴുതണോ എന്തിനു ഷീരബല പോലെ ബേസിക്ക്‌ ഇന്‍ഫോ 101 ആവര്‍ത്തിക്കുന്നു. എന്തിനു അപൂര്‍ണ്ണമായ അറിവുകള്‍ ബ്ലോഗ്ഗങ്ങാടീല്‍ ഇടണം? എന്താണു non fiction blogകളില്‍ നിന്നും വായനക്കാര്‍ പ്രതീക്ഷിക്കുന്നത്‌?

Monday, April 24, 2006

മദ്യസാരം

Image hosting by Photobucket
ഛീ മദ്യമോ? എന്നു ചോദിക്കാനാണാദ്യം തോന്നുന്നതല്ലേ? മലയാളി പുരുഷന്മാരില്‍ 60 ശതമാനത്തോളം [സ്ത്രീകളുടെ കണക്കുകള്‍ ശരിയാവില്ല!]‍മദ്യപിക്കുന്ന നാടാണു നമ്മുടേത്‌. മദ്യത്തെക്കുറിച്ച്‌ മിണ്ടരുത്‌ എന്നാല്‍ ആരും കാണാതെ വീശാം എന്നൊരു ട്രെന്‍ഡ്‌ ആപല്‍ക്കരമല്ലേ, ഞാന്‍ തന്നെ വിളിച്ചു കൂകാം മലയാളിരാജന്‍ ഉടുമുണ്ടില്ലാതെ ഓടയില്‍ ഇഴയുന്നേ എന്ന്‌.

വേദകാലം മുതല്‍ക്ക്‌ ബ്രാഹ്മണര്‍ ജൈന-ബുദ്ധ അചാരങ്ങളെ അനുകരിക്കുംവരെ സുരസോമാദികള്‍ വളരെ ആദരണീയമായ പാനീയങ്ങളായിരുന്നു. സാത്വികമല്ലാത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കിയ കൂട്ടത്തില്‍ നമുക്കു മദ്യപാനവും അധ:കൃതരുടെയും രാജാക്കന്മാരെപ്പോലെ സുഖലോലുപരുടെയും മാത്രം വിനോദമായി.കുറച്ചെങ്കിലും ഇതുമാറ്റാനായത്‌ വെള്ളയീച്ചരന്‍ മഞ്ഞുനാട്ടില്‍ നിന്നും എത്തിയപ്പോഴാണ്‌. (ഇപ്പോഴും സുഖം നമുക്കു പാപം തന്നെ. ഇതു രണ്ടും കൂടെ കൂടിക്കുഴഞ്ഞ്‌ രതിലീലയും പീഡിപ്പിക്കലും ഒന്നാണെന്നും കുടിച്ചാല്‍ മോഷണവും ആകാമെന്നും വരെയായിത്തുടങ്ങി)

കൃശസ്ഥൂലഹിതം രൂക്ഷം സൂക്ഷ്മം സ്രോതോവിശോധനം
വാതശ്ലേഴ്മഹരം യുക്ത്യാപീതം വിഷവദന്യഥാ (അഷ്ടാംഗഹൃദയം 5-68)

അഷ്ടാംഗഹൃദയത്തിന്‍പടി വിധിയാംവിധം പാനം ചെയ്താല്‍ മദ്യം എല്ലാവര്‍ക്കും നല്ലതാണ്‌. പക്ഷേ ചിട്ട തെറ്റിച്ചാല്‍ ആരോഗ്യനാശകാരിയും. എന്താണീ നല്ലതെന്നു വച്ചാല്‍?
1. മദ്യത്തിനു ഒരു റിലാക്സേഷന്‍ ഇഫക്റ്റ്‌ ഉണ്ടെന്നതിനു രണ്ടു പക്ഷമില്ല.
ഇതിനെ പലയിടത്തും പഴയ താടികള്‍ രാസമൂര്‍ച്ഛ chemical orgasm എന്നു വരെ വിശേഷിപ്പിച്ചിട്ടുണ്ട്‌ .
2. മദ്യത്തിനു എല്‍ ഡി എല്‍ കുറക്കാന്‍ കഴിയും. എച്ച്‌ ഡി എല്‍ കൂട്ടാന്‍ കഴിയുന്ന അപൂര്‍വ്വം വസ്തുക്കളില്‍ ഒന്നാണ്‌ മദ്യം. രക്തം നേര്‍പ്പിക്കാനും മദ്യത്തിനു കഴിയും. അങ്ങനെ മദ്യം ഹൃദയ-പക്ഷാഘാതങ്ങള്‍, ഡയബെറ്റിസ്‌ എന്നിവയില്‍ നിന്നും കുറെയൊക്കെ സംരക്ഷണം തരുന്നു.
3.ആര്‍ത്തവവിരാമമായ സ്ത്രീകളില്‍ മദ്യത്തിനു ഈസ്റ്റ്രജന്‍ നിരക്കു കൂട്ടാനും രക്തം കട്ടിപിടിക്കുന്നത്‌ തടയാനും സഹായകരമാണ്‌.
ഒന്നു മുതല്‍ രണ്ടു വരെ ഡ്രിങ്ക്‌ (എന്നു വച്ചാല്‍ രണ്ടു ഗ്ലാസ്‌ വിസ്കി ആണോ എന്നു ഒരു റ്റീം പണ്ട്‌ ചോദിച്ചു!)കഴിക്കുന്നവര്‍ മദ്യപിക്കാത്തവരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നു.

എന്നാല്‍ പിന്നെ ഡോക്റ്റര്‍മാരെല്ലാം നമ്മളോട്‌ പോയി അടിക്കടേ വെള്ളം എന്നു പറയാത്തതെന്തേ?

1. മദ്യാസക്തി മൂന്നു തരത്തില്‍ നമ്മളെ തട്ടിക്കളയും- ഒട്ടുമിക്ക ആന്തരികാവയവങ്ങളെയും നാഡീവ്യൂഹത്തേയും പേശികളേയും തകര്‍ക്കും. അപകടത്തില്‍ പെടുത്തും. ജീവിതത്തില്‍ നമ്മളെ ആരുമല്ലാതെയും ആക്കും.

2. 14 മില്ല്യണ്‍ അമേരിക്കക്കാര്‍ മദ്യപാനാസക്തിയെന്ന രോഗത്തിനടിമകളാണ്‌. പ്രതിവര്‍ഷം 100 ബില്ല്യണ്‍ ഡോളര്‍ മദ്യവുമായി ബന്ധപ്പെട്ട ചികിത്സക്ക്‌ അമേരിക്ക ചിലവിടുന്നു. 60% കൊലപാതകം, പീഡനം, മറ്റു കുറ്റകൃത്യങ്ങല്‍ എന്നിവ മദ്യലഹരിയില്‍ സംഭവിക്കുന്നു

മദ്യം ചെറു സുഖവും ചെറിയതോതില്‍ ആരോഗ്യപുഷ്ടിയും തരുന്നെങ്കിലും മദ്യത്തില്‍ പിഴച്ചാല്‍ ജീവിതം കുട്ടിച്ചോറാകുമെന്ന് ചുരുക്കം.

ഇതെല്ലാം അറിയുമെങ്കിലും മദ്യപിക്കാം കുഴപ്പമില്ല എന്ന ധൈര്യം തോന്നുന്നു എങ്കില്‍:
1. ഒരു ദിവസം രണ്ട്‌ ഡ്രിങ്കില്‍ കൂടുതല്‍ കഴിക്കാതെയിരിക്കുക (ഒരു കാരണവശാലും ബിഞ്ജ്‌ അഥവാ കുന്തം മറിയല്‍ എന്ന രീതിയില്‍(സാധാരണ ഗതിയില്‍ 4+ എണ്ണം) കഴിക്കാതെ ഇരിക്കുക

2. വ്യാജ മദ്യം സൂക്ഷിക്കുക. നമ്മൂറ്റെ തൊലിക്കകത്തുള്ളതെല്ലാം തകര്‍ക്കുന്ന വ്യാജന്‍ സിവില്‍ സപ്പ്ലൈസില്‍ വരെ സുലഭം-ഇതില്‍ മീഥെയില്‍ ആല്‍ക്കഹോള്‍ മുതല്‍ Govt India banned drug No. 43 under Section 26A of the Drugs & Cosmetics Act 1940 ആയ ആനമയക്കി അഥവാ ക്ലോറല്‍ ഹൈഡ്രേറ്റ്‌ വരെ ഉണ്ട്‌. ചെത്തുന്നതിന്റെ ഇരട്ടി കള്ള്‌ വില്‍ക്കുന്ന നാടാണു കേരളം!!
(ഞാന്‍ നാട്ടില്‍ ആണെങ്കില്‍ വൈനോ ക്യാനില്‍ കിട്ടുന്ന കിംഗ്‌ ഫിഷര്‍ ബീറോ മാത്രമേ കഴിക്കാറുള്ളു. അതൊന്നും പോരെങ്കില്‍ വിശ്വസ്ഥനായ ഒരു മിലിട്ടറിയെ കണ്ടു പിടിക്കുക (നമ്മുടെ അതുല്യ വരെ മായം ചേര്‍ത്തിട്ടുണ്ടത്രേ!!)

3. ഒരുകാരണവശാലും കുടിച്ച്‌ വാഹനം തൊടരുത്‌. മൊത്തം വാഹനാപകടങ്ങളുടെ പകുതിയിലും ഒരാള്‍ മദ്യപിച്ചിരുന്നതായി കാണുന്നുവെന്ന് കേരളത്തിലെ ഒരു പത്രവാര്‍ത്ത കണ്ടിരുന്നു.
മിക്കവാറും എല്ലാ രാജ്യത്തും വലിയ കുറ്റമാണിത്‌
4. വളരെ സാവധാനം കുടിക്കുക.
5. നിര്‍ബ്ബന്ധത്തിനു വഴങ്ങി കുടിക്കാതെയിരിക്കുക
6.മദ്യാസക്തിയിലെ പാരമ്പര്യത്തിന്റെ പങ്ക്‌ മാനസികമോ ശാരീരികമോ ആയ എന്തെങ്കിലും വിശേഷമാണോ എന്ന് വ്യക്തമായി അറിവില്ല എങ്കിലും കുടുംബത്തില്‍ മുതിര്‍ന്ന മദ്യപരുണ്ടെങ്കില്‍ നിങ്ങള്‍ വളരെയധികം സൂക്ഷിക്കുക.
7. പല മരുന്നുകള്‍ക്കൊപ്പവും [ഉദാ. ആന്റിബയോട്ടിക്കുകള്‍] മദ്യം അപകടകരം ആണ്‌. എന്തു മരുന്നു കഴിക്കുമ്പോഴും കുടിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഡോക്റ്ററോട്‌ അനുവാദം വാങ്ങുക. ആ മരുന്നുകമ്പനിയുടെ സൈറ്റിലും ഒന്നു കയറി നോക്കുക. കരള്‍ വൃക്ക ആമാശയ-കുടല്‍ നാഡീ ഹൃദ്‌ രോഗങ്ങളുള്ളവര്‍ പലതവണ ചോദിച്ച്‌ ഉറപ്പു വരുത്തിയശേഷം മാത്രം മദ്യപിക്കുക . ചില മരുന്നിനോടൊപ്പവും മദ്യം അകത്തു ചെന്നാല്‍ ക്ഷിപ്ര മരണമാണു ഫലം.
8. പലപ്പോഴും നമ്മള്‍ മദ്യത്തോറ്റൊപ്പം അപകടകരമായ ഭക്ഷണം കഴിക്കുന്നു. വറുത്ത കപ്പലണ്ടി, ഇറച്ചി എണ്ണയില്‍ വറുത്തത്‌, "ആറ്‌ മിച്ചര്‍".. മദ്യത്തോളം ദോഷം ഈ ഭക്ഷണവും ചെയ്യുന്നു.

അപായ സൂചനകള്‍:
1.മദ്യം വീട്ടില്‍ ഒരു തര്‍ക്ക വിഷയമാകുന്നെങ്കില്‍
2. മദ്യപിക്കാനായി നിങ്ങള്‍ സാമൂഹ്യമോ മറ്റേതെങ്കിലുമോ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയുന്നെങ്കില്‍
3. മദ്യത്തെക്കുറിച്ച്‌-എണ്ണത്തെയോ തവണകളെയോ
കുറിച്ച്‌ ഭാര്യയോടോ മക്കളോടോ നുണ പറയേണ്ടി വരുന്നെങ്കില്‍
4. മദ്യപാനത്തോത്‌ കൂടുതല്‍ എന്നു നിങ്ങള്‍ക്ക്‌ തോന്നാറുണ്ടെങ്കില്‍
5. സ്വഭാവ വൈകല്യങ്ങള്‍ ഒഴിവാക്കാന്‍ മദ്യം വേണ്ടി വന്നാല്‍
6. സങ്കടം മറക്കാന്‍ കുടിക്കണമെങ്കില്‍
7. എന്നും കുടിക്കാന്‍ തോന്നുന്നെങ്കില്‍
8. കുടി കാരണം വഴക്കുകൂടലോ വാഹനാപകടമോ കുട്ടികളെ തല്ലലോ ഉണ്ടാകുന്നെങ്കില്‍
9. അസുഖമെന്തെങ്കിലും മദ്യം കൊണ്ടുണ്ടായാല്‍
10. മദ്യപിക്കരുതെന്ന് ഡോക്റ്റര്‍ പറഞ്ഞിട്ടും കുടിച്ചാല്‍:
മദ്യപാനാസക്തിയുടെ പടിവാതിലില്‍ ആയിരിക്കാം താങ്കള്‍. നിറുത്തുക മദ്യപാനം. കഴിയുന്നില്ലെങ്കില്‍ ഉടന്‍ വൈദ്യ സഹായം ആവശ്യപ്പെടാന്‍ മടിക്കേണ്ട. നാട്ടില്‍ എമ്പാടും നല്ല ലഹരി വിമോചന ചികിത്സയുണ്ട്‌. മടിയും നാണവും മരണകാരണമാകാം. cheers!

Sunday, April 23, 2006

വ്യായാമം

സാക്ഷിമാസ്റ്റര്‍ കോഴിയെപ്പോലെ കഴുത്തു തിരിക്കണ്ടാ, വക്കാരിയപ്പന്‍ കളസോം അണിയണ്ടാ.

സായിപ്പിനു ഒരു ഊണു കഴിക്കണേല്‍ ടക്സഡോയും അരക്കു ചുറ്റിപ്പിടിച്ച ഒരു ഗൌണ്‍ ധാരിണിയിയും മെഴുകുതിരിയും പൂവും വൈന്‍ ഗ്ലാസ്സും നാപ്കിനും മെഴുകുതിരിയും ക്വാര്‍ട്ടര്‍ പ്ലേറ്റും ഡിന്നര്‍പ്ലേറ്റും കോര്‍ണര്‍പ്ലേറ്റും തുടങ്ങി ഫിംഗര്‍ ബൌള്‍ വരെ വേണമെന്നുള്‍ലതുകൊണ്ടാണു ഈ സുനാപ്പിയെല്ലാം വാങ്ങുന്നതു വക്കാരിയേ. (നാട്ടില്‍ പോയപ്പോ കണ്ട ഒരു മാറ്റം മിക്ക വീട്ടിലും ഒരു ട്രെഡ്‌ മില്ല് ഇരുന്നു തുരുമ്പെടുക്കുന്നതാണ്‌!) ഇതിരി അയഞ്ഞ ഒരു വേഷവും തെന്നി വീഴാതിരിക്കാന്‍ പാകതിലൊരു ഷൂസും (പഴേ സ്നീക്കറോ മറ്റോ) തണുപ്പുണ്ടേലൊരു തലേക്കെട്ടും മതിയല്ലോ വ്യായാമത്തിന്‌.

എങ്ങനെ വ്യായാമം?
സിമ്പിള്‍ ആയിട്ടു പറഞ്ഞാല്‍പ്രത്യേകിച്ച്‌ ഷേപ്പില്‍ പ്രശ്നമൊന്നുമില്ലാത്തവര്‍ക്ക്‌ ശ്വാസം ദ്രുത ഗതിയിലാകുന്ന രീതിയില്‍ 30-45 മിനുട്ട്‌ വ്യായാമം . ഉത്തമം സ്പീഡില്‍ നടത്തം/ഓട്ടം മദ്ധ്യമം സൈക്കിള്‍, സ്കിപ്പിംഗ്‌, അധമം ടെന്നിസ്‌,ജിം നിന്ദ്യം വെയിറ്റുപൊക്കല്‍.ഇതിന്റെ കാരണം ചോദിച്ചാല്‍ ഉത്തരം കോമ്പ്ലക്സ്‌ ആയിപ്പോകും:

1. അടുത്ത 20 വര്‍ഷം ആഴചയില്‍ 5-6 ദിവസം ചെയ്യാമെന്ന് ഉറപ്പില്ലാത്ത എക്സര്‍സൈസുകള്‍ തുടങ്ങുന്നത്‌ ദോഷമേ ചെയ്യൂ എന്നതില്‍ നിന്നും വെയിറ്റ്‌ ട്രെയിനിംഗ്‌ നടത്തിയാല്‍ ആര്‍നോള്‍ഡ്‌ ശിവശങ്കരന്‍ സാറിന്റെ ഗതി ആകുമെന്ന് മനസ്സിലാക്ക.

2. പരമാവധി ഹൃദയമിടിപ്പിന്റെ 50 ശതമാനത്തിനു മുകളിലും 75 ശതമാനത്തില്‍ താഴെയുമുള്ള വ്യായാമമേ പ്രതീക്ഷിക്കുന്ന ഗുണം തരൂ. പരമാവധി ഹൃദയമിടിപ്പെന്നാല്‍ 220 ഇല്‍ നിന്നും നിങ്ങളുടേ വയസ്സു കുറക്കുന്നതാണ്‌. ഉദാഹരണത്തിനു എനിക്ക്‌ 36 വയസ്സായി. എന്റെ പരമാവധി ഹാര്‍ട്ട്‌ റേറ്റ്‌ 220-36 = 184 . അപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യുമ്പോള്‍ പീക്‌ സമയത്ത്‌ 30 മിനുട്ടോളം സമയം 92 മുതല്‍ 138 വരെ തവണ എന്റെ ഹൃദയം ഒരു മിനുട്ടില്‍ ഇടിക്കണം. എന്തൊരു കുരിശ്ശ്‌. അതാണു സിമ്പിള്‍ ആയി "കുറച്ച്‌ ശ്വാസം സ്പീഡിലാകുന്ന രീതി എന്നു പറയാറ്‌"

ഹൃദയമിടിപ്പ്‌ ഒരു നഴ്സിന്റെ രീതിയില്‍ അളക്കുകയാണെങ്കില്‍ താഴെ ചിത്രത്തില്‍ കാണുമ്പോലെ കൈത്തണ്ടയില്‍ തെളിയുന്ന റേഡിയല്‍ ആര്‍ട്ടറിയില്‍ രണ്ടു വിരല്‍ വച്ച്‌ 10 സെക്കന്റ്‌ പള്‍സ്‌ എണ്ണുക അതിന്റെ ആറിരട്ടി ആണു ഹൃദയമിടിപ്‌/മിനുട്ട്‌.

കുറച്ചുകൂടെ കൃത്യമായി ഇതറിയാന്‍ ഒരു ബി പി മോണിറ്റര്‍ അഥവാ സിഗ്മോമാനോമീറ്റര്‍ -ഹോം എഡിഷന്‍ വാങ്ങിയാല്‍ മതി- അങ്കവും കാണാം താളീം ഒടിക്കാം. താഴത്തെ ചിത്രത്തില്‍ ഹാര്‍ട്ട്‌ റേറ്റ്‌ 65.


വ്യായാമയന്ത്രം.
ഹാര്‍റ്റ്‌ റേറ്റ്‌ അഡ്ജസ്റ്റ്‌ ചെയ്തു ഓടാനുള്ള യന്ത്രമാണ്‌ ഞാന്‍ വാങ്ങിയ ഒരേ ഒരു വ്യായാമ ഉപകരണം. ഈ കുന്തത്തിന്റെ പടം താഴെ കൊടുത്തിരിക്കുന്നു (പേന വ്യായാമത്തിനുള്ളതല്ല, വലിപ്പമറിയാന്‍ വച്ചതാണ്‌).വ്യായാമം ചെയ്യാന്‍ നേരം ഇതു ചെവിയില്‍ വയ്ക്കുക..

തുടക്കത്തില്‍ 60 മുതല്‍ 80 വരെ റേറ്റ്‌. ഇതില്‍ കാവാലം ചുണ്ടന്‍ വള്ളം അണിഞ്ഞൊരുങ്ങി, സ്വര്‍ണ്ണ മുകിലേ ഒക്കെ പാടിക്കുക

80- 100പള്‍സ്‌ റൌണ്ട്‌- വയ്ക്കു സുറുമാ, നല്ല സുറുമാ
100-120 - ശ്രീ ലതികകള്‍ തളിരണിഞ്ഞുലയവേ
120-135 ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ..
പെട്ടെന്ന് ഓടി പബ്ലിക്‌ വണ്ടിയില്‍ ചെന്നു കേറണോ ടോപ്‌ ഗീയര്‍ പാട്ടിടും "നീയെന്‍ കിനാവോ പൂവോ നിലാവോ"
അത്യാവശ്യം ആത്മരക്ഷക്ക്‌ "നെഞ്ചു തുടിക്കുത്‌ ജെമിനി ജെമിനി - ഓ പോട്‌ എന്ന പാട്ടിട്ടാല്‍ പോലീസ്‌ ജീപ്പും കള്ളന്റെ കാറും പോലും നമ്മുടേ കൂടെ എത്തുകയില്ല.

അപ്പോ ഹാപ്പി എക്സര്‍സൈസിംഗ്‌. അര മണിക്കൂര്‍ എന്നത്‌ ഒറ്റ ദിവസം കൊണ്ടല്ല . ഒരു മാസം കൊണ്ട്‌ ബില്‍ഡ്‌ ചെയ്യുക. നടക്കും മുന്നേ ഒന്നു സ്റ്റ്രെച്ച്‌ ചെയ്യുക. ഭക്ഷണം കഴിച്ചാല്‍ 2 മണിക്കൂര്‍ വ്യായാമമരുത്‌. വ്യായാമത്തിനു അര മനിക്കൂര്‍ മുന്‍പും ശേഷവും കുളിക്കരുത്‌, ഈ സമയത്ത്‌ പുകവലി കര്‍ശ്ശനമയും അരുത്‌. ആദ്യം 15 മിനുട്ട്‌ പതുക്കെ വാം അപ്പ്‌ പിന്നെ മേല്‍ പറഞ്ഞ 30 മിനുട്ട്‌ വേഗം അവസാനം പതിനഞ്ചു മിനുട്ട്‌ കൂള്‍ ഡൌണ്‍. മോട്ടിവേഷന്‍ വേണോ? നടക്കാന്‍ പോയാല്‍ ഇഷ്ടമ്പോലെ പാട്ടു കേള്‍ക്കം. ജോഗ്‌ ചെയ്യുന്ന പയ്യന്മാരെ ജോഗ്ഗിണിപ്പെണ്ണുങ്ങള്‍ക്ക്‌- കതിരു പോലെ മെലിഞ്ഞ സുന്ദരികള്‍ക്ക്‌ ഭയങ്കര സ്നേഹമാണ്‌. ഞാന്‍ അനുഭവസ്ഥന്‍.

രോഗങ്ങളുടെ സാമ്പത്തികശാസ്ത്രം

അയ്യായിരം വര്‍ഷം മുന്നേ ദന്തക്ഷയമില്ലായിരുന്നു. ആയിരം വര്‍ഷം മുന്നേ ചിലപ്പോള്‍ രക്താതിസമ്മര്‍ദ്ദവും ഇല്ലാതെ ഇരുന്നിരിക്കണം. ഇരുനൂറു കൊല്ലത്തോളം മുന്‍പു വരെ ഹൃദ്രോഗം ഈ ഭൂമുഖത്തില്ലായിരുന്നു. ഇതൊക്കെ എവിടെനിന്നും വന്നെന്നു ചിന്തിച്ചാല്‍ പുരോഗതിയില്‍ നിന്നും എന്ന ഒരുത്തരത്തിലെത്തിച്ചേരുന്നു നാം.

പാലിയോലിത്തിക്‌ മനുഷ്യനു മിക്കവാറും അസുഖങ്ങളൊന്നുമില്ലായിരുന്നു. (ഈ പാപി ഇടിവെട്ടിയും പാമ്പു കടിച്ചും അയലോക്കക്കാരന്‍ പാറക്കിടിച്ചുമൊക്കെ ആയുസ്സാകാതെ മരിക്കുകയായിരുന്നു പതിവത്രേ) പ്രകൃതിയില്‍ നിന്നും കിട്ടുന്നതൊക്കെ വേട്ടയാടിയും ശേഖരിച്ചും ഭക്ഷിച്ചിരുന്ന നായാടികള്‍ (hunter-gatherers) ഒരിടത്തു താമസിച്ചു കൃഷി തുടങ്ങിയതോടെ ആദ്യ രോഗലക്ഷണങ്ങള്‍ കണ്ടെന്നും കാലിവളര്‍ത്തല്‍, കച്ചവടം, ഭക്ഷ്യസംസ്കരണം, രാസവസ്തു നിര്‍മ്മാണം എന്നിങ്ങനെ പുരോഗതിയുടെ ഓരോപാതയിലും അസുഖങ്ങള്‍ ഓരോന്നായി രൂപം മാറിയെന്നുമാണ്‌ിന്‍ഫ്ലമേഷന്‍ വാദം അനുസരിച്ചുള്ള താത്വിക വ്യാഖ്യാനം. ഇതില്‍ ഏറെ ശരിയുണ്ടെന്ന് താഴത്തെ ചിത്രത്തില്‍ നിന്നും മനസ്സിലാക്കാം.



(വെള്ളെഴുത്തുള്ളവര്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക)

ആഫ്രിക്കന്‍ മസായി വര്‍ഗ്ഗക്കാരിലും മറ്റും പ്രമേഹം രക്ത സമ്മര്‍ദ്ദം ഹൃദ്രോഗം എന്നിവ കേള്‍ക്കാനേയില്ല. എന്നാല്‍
പലതരം പകര്‍ച്ചവ്യാധികളും മരുന്നുകള്‍ മുതലായവയുടെ ദൌര്‍ലഭ്യവും പരിഷ്കൃതലോകത്തില്‍ നിന്നും വളരെക്കൂടുതലാണ്‌. ഇംഗ്ലണ്ടിനെ ഒരുകാലത്ത്‌ ഭയപ്പെടുത്തിയിരുന്നത്‌ സ്കര്‍വി പോലെയുള്ള രോഗങ്ങളാനെന്നും പകര്‍ച്ചവ്യാധികളും അണുബാധകളും മൂലമാണ്‌ ഒരു കാലത്ത്‌ മിക്ക പാശ്ചാത്യരും മരിച്ചിരുന്നതെന്നും വ്യവസായിക വിപ്ലവത്തോടെ അതു നേരെ തിരിഞ്ഞ്‌ ഒന്നാം നമ്പര്‍ മരണ കാരണം ഹൃദ്രോഗം ഒന്നാം നമ്പര്‍ മരണകാരണവും ക്യാന്‍സറാദികള്‍ തൊട്ടടുത്ത്ത കാരണങ്ങളായെന്നതും ഈ വാദത്തിനെ അടിവരയിയിട്ട്‌ ഉറപ്പിക്കുന്നു. വിഖ്യാതമായ ചൈനാ സ്റ്റഡിയില്‍ കണ്ടെത്തിയ ഒന്ന് ക്ലോറിന്‍ കലര്‍ന്ന വെള്ളവും ഫ്രിഡ്ജും മൈക്രോവേവിക്കലും കീടനാശിനിയുമില്ലാത്തവനു ആകെ ജീവിതത്തില്‍ അല്‍പ്പം വ്യായാമം കൂടെ മാത്രം മതിയെന്നാണ്‌. ഭക്ഷണ ക്രമീകരണമെന്നത്‌ ഗ്രാമീണ ചീനനു കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായിരുന്നു പക്ഷേ അവന്‍ ആടിനെ വാങ്ങി വീട്ടില്‍ വെട്ടി അപ്പോ തന്നെ കറി വച്ചു. ബക്കറ്റില്‍ വെള്ളവുമായി പോയി മീനിനെ കടക്കാരന്റെ ടാങ്കില്‍ നിന്നും വെള്ളത്തിലാക്കി വീട്ടില്‍ കൊണ്ടു പോരുന്നു ഫാമില്‍ പോയി.. ഈ കുല വെട്ടു ആ മത്തങ്ങ അറുത്തു തരൂ എന്നാണു പച്ചക്കറി വാങ്ങല്‍. ഐസിലിട്ട മീനെന്നു കേട്ടപ്പോ ഒരു കിഴവന്‍ "പട്ടിക്കു കൊടുക്കാനാണോ മക്കളേ എന്ന് ചോദിച്ചത്രേ." എണ്ണയില്‍
വറുക്കുന്ന പരിപാടിയേയില്ല അവര്‍ക്ക്‌. ഫലം - ശരാശരി ജീവിതത്തിനു നീളം 92 വയസ്സ്‌ (നമ്മുടെ ഒന്നര ഇരട്ടി) എന്നു മത്രമല്ല ഈ വയസ്സുകാലത്തു കുങ്ങ്‌ ഫൂ കുമിന്താങ്ങ്ഫൂ ഫൂ പോ ഒക്കെ വിനോദമാക്കി വയസ്സരു വിലസുന്നു അവിടെ. ഈ പാപികളില്‍ ബീജിങ്ങിലും ന്യൂ യോര്‍ക്കിലും ലണ്ടനിലുമൊക്കെ ചേക്കേറുന്ന പഹയരുടെ ജീവിത ദൈര്‍ഘ്യം 65 ഒക്കെയാകുകയും ചെയ്യുന്നു.

പറഞ്ഞുവരുന്നത്‌ ഇരു ലോകങ്ങളിലേയും നല്ലത്‌ സ്വീകരിച്ച്‌ നടുമുറ്റത്ത്‌ ഇരിക്കുന്നതാണു ബുദ്ധി എന്നാണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ? നന്ദി.

Wednesday, April 19, 2006

കൊളസ്റ്റ്രോള്‍ എന്നാലെന്ത്‌?

വക്കാരി എന്റെ ഫോട്ടോയുടെ താഴെ കമന്റി "ഇത്ര മെലിഞ്ഞ കൊളത്തില്‍ എങ്ങനെ സ്റ്റ്രോള്‍ ഉണ്ടായി?"

എന്നെ കൊലക്കു കൊടുത്ത ഒരന്ധവിശ്വാസമായിരുന്നു മെലിഞ്ഞിരുന്നാല്‍ വ്യാധികളൊന്നും ഇല്ലെന്ന്. പലപ്പോഴും ഡോക്റ്റര്‍മാരും പറഞ്ഞിട്ടുമുണ്ട്‌- എന്തൊരു ഭാഗ്യം തടിയില്ലല്ലോ, എന്തും കഴിക്കാം. ഈ ഭാഗ്യം ഞാന്‍ അനുഭവിച്ചു കുറേ.. തടി കൂട്ടാന്‍ വേണ്ടി ബട്ടറും മുട്ടയും തീറ്റി ഓരോരുത്തര്‍. ജീവിതത്തിലാദ്യമായി ഒരു ബ്ല്ഡ്‌ ടെസ്റ്റ്‌ കൊടുത്തത്‌ 35 വയസ്സില്‍ . അന്നത്തെ മൊത്തം സ്കോര്‍ 311. ഒരു പത്തു വര്‍ഷമെങ്കില്‍ ഈ ലെവെല്‍ ആയിരുന്നു കാണണം. ഫ്യൂസ്‌ അടിച്ചു പോകാഞ്ഞത്‌ ഭാഗ്യം.

എന്താണീ കൊളസ്റ്റ്രോള്‍?
കൊളസ്റ്റ്രോള്‍ രക്തത്തിലെ ലിപ്പിഡ്‌ എന്ന ഒരു തരം കൊഴുപ്പാണ്‌ വെണ്ണക്കട്ടി പോലെ ഒരു മെഴുമെഴുപ്പന്‍ സാധനം. സ്റ്റീറോള്‍ എന്ന വിഭാഗത്തില്‍ വരുന്ന ഇവനില്‍ നിന്നുമാണ്‌ ശരീരം സ്റ്റീറോയിഡ്‌ ഉണ്ടാക്കുന്നത്‌. ഇവന്‍ രക്തത്തില്‍ കലര്‍ന്ന് സഞ്ചരിക്കേണ്ട വസ്തുവാണെന്ന് അറിയുമല്ലോ. കൊളസ്റ്റ്രോള്‍ ഒരു തരം സ്നേഹ ദ്രവ്യയും രക്തം ജലത്തിന്റെ മിശ്രിതവും ആകയാല്‍ ഇതു രണ്ടും കൂടിക്കലരില്ല -ജലത്തില്‍ മെഴുകുരുകി വീണപോലെ തെളിയുകയേയുള്ളു. അതിനാലെ കൊളസ്റ്റ്രോളിനെ നമ്മുടെ കരള്‍ ട്രൈ ഗ്ലിസറൈഡ്‌ (3 തരം ഫാറ്റും ഗ്ലൈസറോള്‍ എന്ന മദ്യവും ചേര്‍ന്ന ഒരു വസ്തു) വില്‍ കുഴച്ച്‌ ഒരു പ്രോട്ടീന്‍ പൊതിയിലടച്ച്‌ രക്തത്തില്‍ ഒഴുക്കി വിടുന്നു. ഈ പ്രോട്ടീന്‍ -അപ്പോലിപ്പോപ്പ്രോട്ടീന്‍ പൊതിഞ്ഞ കൊളസ്റ്റ്രോള്‍-ട്രിഗ്‌ പൊതികള്‍ (കീമയും ഉള്ളിയും ചേര്‍ത്തു മാവില്‍ പൊതിഞ്ഞ്‌ സമോസയാക്കുന്നതുപോലെ) ലിപ്പോ പ്രോട്ടീന്‍ എന്നറിയപ്പെടുന്നു.

രണ്ടു തരം ലിപ്പോപ്രോട്ടീന്
‍ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍- LDL എന്നാല്‍ ഒരുപാടു കൊഴുപ്പും കുറച്ചു പ്രോട്ടീനും ചേര്‍ന്ന പൊതി. ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍- HDL നേരെ വിപരീതമായി കുറച്ചു ഫാറ്റും കൂടുതല്‍ പ്രോട്ടീനും ചേര്‍ന്ന പൊതി. മിക്കവരിലും എല്‍ ഡി എല്‍ എന്ന അഴുക്കു പൊതി കൂടിയും എച്‌ ഡി എല്‍ എന്ന നല്ല പാക്കറ്റ്‌ കുറഞ്ഞും കാണുന്നു.

എന്തിനാണു ലിപ്പിഡ്‌?
ഇതങ്ങു രക്തത്തില്‍ നിന്നു പോയാല്‍ മനോ നിമ്മിതിയായേനെ എന്നു തോന്നാറുണ്ടോ? ലിപ്പിഡ്‌ പൂജ്യത്തിലേക്കടുത്താല്‍ മരണം നിശ്ചയം; ലിപ്പോ പ്രോട്ടീന്‍ ആണു ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നത്‌.

ലിപ്പിഡ്‌ കെണി
എങ്ങനെ ലിപ്പിഡ്‌ ചതിക്കും എന്നറിയാന്‍ എങ്ങനെ ഹൃദയധമനീരോഗവും (Coronary Artery Disease )വിദൂര ധമനീ രോഗവും peripheral artery disease ഊണ്ടാകുന്നെന്നറിയണം.
സ്റ്റെപ്പ്‌ 1
രക്തക്കുഴലുകള്‍ക്കുള്ളില്‍ ഒരവരി സെല്ലുകള്‍കൊണ്ട്‌ ഒരു മിനുത്ത പാളിയുണ്ട്‌ എതാണ്ട്‌ തെര്‍മോക്കോള്‍ കപ്പിനകത്തെ മെഴുകു ലൈനിംഗ്‌ പോലെ. ഈ മിനുസമുള്ള പാളിക്ക്‌ എന്തെനെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍- കൊഴുപ്പുകൊണ്ടോ ചീത്ത രാസവസ്തുക്കള്‍ കൊണ്ടോ പുകവലി എണ്ണ മുതലായവ ഉണ്ടാക്കുന്ന ഓക്സിഡേഷന്‍ കൊണ്ടോ മറ്റോ ഈ ഗട്ടറുണ്ടാകല്‍ സംഭവിക്കാം- മാക്രോഫാഗസ്‌ എന്ന ഇമ്യൂണ്‍ സെല്ലുകള്‍ അവിടെ ഓടിയെത്തി ഈ വിള്ളല്‍കാത്തു സൂക്ഷിക്കുന്നു.

സ്റ്റെപ്പ്‌ 2
ഈ കുഴിയിലേക്ക്‌ ഒഴുകിയെത്തുന്ന എല്‍ ഡി ഏല്‍ പാര്‍ട്ടിക്കിളിനെ മാക്രോഫാഗസ്‌ പിടിച്ചെടുത്ത്‌ ധമനീഭിത്തിക്കുള്ളിലൂടെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നു. എല്‍ ഡി എല്‍ ഒഴുകി വരവ്‌ വളരെ കൂടുതല്‍ ആണെങ്കില്‍ മാക്രോഫാഗസിനു പിടിച്ച എല്‍ ഡി എലും മറ്റു മൃതകോശങ്ങളും എല്ലാം ചേര്‍ന്ന് ഇതറോമ എന്ന അഴുക്കു കൂമ്പാരം ധമനിക്കുള്ളില്‍ വരുന്നു. മൃദുവും കുഴമ്പു പരുവവുമായ ഇതിന്റെ ധമനികള്‍ ഒരു കട്ടിയുള്ള ആവരണം കൊണ്ട്‌ പൊതിഞ്ഞു മുട്ട പോലെ അകത്ത്‌ ദ്രവവും പുറത്ത്‌ തോടുമുള്ള കട്ടിയുള്ള പ്ലാക്‌ രൂപത്തെടുത്തുന്നു

സ്റ്റെപ്പ്‌ 3
പ്ലാക്കിനകത്തെ ലിപ്പിഡ്‌ കുളം പൊട്ടി രക്തത്തിലേക്കൊഴുകിയാല്‍ രക്തം കട്ടപിടിച്ച്‌ ധമനി മൊത്തമായി അടഞ്ഞു പോകുന്നു. ഇത്‌ ഹൃദയ ധമനികളിലാണെങ്കില്‍ ഹൃദയാഘാതവും മസ്തിഷ്ക ധമനികളിലാണെങ്കില്‍ സ്റ്റ്രോക്കും (പക്ഷാഘാതം) ഉണ്ടാക്കുന്നു.അപ്പോ HDL എന്താ ചെയ്യുന്നത്‌? ധമനികളില്‍ കുടുങ്ങുന്ന LDL കണികകളെ ഊരി പുറത്തു കളയുന്ന മുള്ളൂകുത്തികളാണു HDL എന്നാണു പരക്കെ വിശ്വാസം. എതായാലും LDL ചെയ്യുന്ന ദ്രോഹങ്ങളില്‍ നിന്നും നമുക്കു സംരക്ഷണം തരുന്നത്‌ HDL ആണെന്നു തെളിഞ്ഞിട്ടുണ്ട്‌.


(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക)

എങ്ങനെ കൊളസ്റ്റ്രോള്‍ കൂടുന്നു?കോളസ്റ്റ്രോള്‍ എങ്ങനെ ചിലരില്‍ കൂടുന്നു എന്നതിനു അടുത്ത സമയം വരെ ഫാറ്റ്‌ ഇന്‍ ഫാറ്റ്‌ ഔട്ട്‌ അഥവാ ഭക്ഷണത്തിലെ കൊഴുപ്പ്‌ രക്തത്തിലടിയുന്നു എന്ന ഒരു സിദ്ധാന്തമായിരുന്നു വൈദ്യശാസ്ത്രം കൈക്കൊണ്ടു പോന്നത്‌. അങ്ങനെയെങ്കില്‍ കടല്‍പ്പന്നിയുടെ കൊഴുപ്പ്‌ കട്ടയായി തിന്നുന്ന എസ്കിമോകള്‍ക്കും പന്നിയേയും സീഫൂഡും തിന്നുന്ന ഗ്രാമീണ ചീനര്‍ക്കും കോളസ്റ്റ്രോല്‍ വളരെ താണ്‌ ഹൃദ്രോഗമേ ഇല്ലാത്തതെന്താണെന്ന ചോദ്യത്തിനു ജനിതകമായ കാരണങ്ങളാണെന്ന ഉത്തരവും നിരത്തി. ഇതേ ചീനരും എസ്കിമോകളും നഗരങ്ങളിലേക്ക്‌ മാറുമ്പോള്‍ വളരെ വേഗം ഹൃദ്രോഗികള്‍ ആകുന്നതെന്താണെന്ന ചോദ്യത്തിനു മുന്നില്‍ മൌനവും ആയിരുന്നു മറുപടി. എന്നാല്‍ ഇന്ന് കൊഴുപ്പുദീനത്തെക്കുറിച്ച്‌ കൂടുതല്‍ വ്യക്തമായ ധാരണകള്‍ ഉണ്ട്‌.നിലവില്‍ നാലു തരം തീയറികള്‍ കൊളസ്റ്റ്രോളിനുണ്ട്‌.ഫാറ്റ്‌ തീയറിഓക്സിഡേഷന്‍ തീയറിനുട്രീഷന്‍ തീയറിപൊല്ല്യൂഷന്‍ തീയറി.തീയറി നാലെങ്കിലും പ്രാക്റ്റികല്‍ ഒന്നേയുള്ളൂ എന്നതാണ്‌ എറ്റവും രസകരം.

വക്കാരി ചോദിച്ച ചോദ്യത്തിലേക്ക്‌ മടങ്ങാം. ലണ്ടനിലെ ബ്രുണല്‍ യൂണിവാഴ്സിറ്റി ഡോ. ഗാരി ഓഡോണോവന്‍ എന്ന വ്യായാമ വിശാരദന്റെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വ്യായാമം ചെയ്യുന്ന മെലിഞ്ഞവര്‍ തടിയുള്ളവരെക്കാല്‍ കൊളസ്റ്റ്രോള്‍ നിരക്കിലും ഹൃദയരോഗത്തിലും വളരെ താഴെയാണെന്നാലും വ്യായാമമില്ലാത്ത മെലിഞ്ഞവരും വ്യായാമമില്ലാത്ത തടിച്ചവരും തമ്മില്‍ കൊളസ്ട്രോള്‍ നിരക്കിലോ ഹൃദ്രോഗനിരക്കിലോ വത്യാസമൊന്നുമില്ലെന്ന് കണ്ടെത്തുകയുണ്ടായി.
ഡോണോവന്‍ പഠനത്തിനു കടപ്പാട്‌
http://www.manchesteronline.co.uk/healthandbeauty/news/s/
207/207194_cholesterol_warning_for_complacent_nonexercisers.html എന്ന ലേഖനത്തോട്‌


അടുത്ത അദ്ധ്യായം കൊളസ്റ്റ്രോള്‍ തീയറികളെക്കുറിച്ച്‌. നന്ദി.

Monday, April 10, 2006

കുട്ടപ്പന്റെ മരണം ഒരു ഫ്ലാഷ് ബാക്ക്

ഈമെയിലില്‍ എനിക്കൊരു സുഹൃത്ത്‌ എഴുതി(മലയാളം പരിഭാഷ ഞാന്‍ ചെയ്തത്‌)
"പുകവലിയും മദ്യപാനവുമൊന്നുമില്ലാതിരുന്ന കോളേജില്‍ കരാട്ടെ ച്യാമ്പ്യന്‍ പോലുമായിരുന്ന ഒരു പരിചയക്കാരന്‍ 45 വയസ്സില്‍ ഹൃദ്രോഗത്താലെ മരിച്ചുപോയി -ഇതിലൊന്നും ഒരു കഥയുമില്ല."

ഇതിലെ കഥ ഊഹിക്കാവുന്നതേയുള്ളു സഹോദരാ, ഞാന്‍ അതൊന്നു വരച്ചു നോക്കട്ടേ? എനിക്കറിയാത്ത ആ പരിചയക്കാരനെ ഞാന്‍ കുട്ടപ്പനെന്നു വിളിക്കാം.


എന്റെ ഭാവനയിലെ കുട്ടപ്പന്‍ അങ്ങനെ 45 വയസ്സില്‍ എം ഐ വന്നു മരിച്ചു.
(പാവം, ഒരു സെക്കന്‍ഡ്‌ ചാന്‍സ്‌ കൊടുത്തില്ല ദൈവം)

അമ്മ വെണ്ണ കൊടുത്ത്‌ അമുല്‍ ബേബിയാക്കാന്‍ നോക്കുന്നതിനു പകരം ചോറും മീന്‍ കറിയും കൊടുത്തിരുന്നെങ്കില്‍

കോളേജില്‍ വെയിറ്റെടുക്കാതെ മര്യാദക്കു ചില്ലറ ക്രികറ്റും ഉണക്ക ചമ്മന്തീടെ ചോറുപൊതിയുമായിരുന്നെങ്കില്‍

മദ്ധ്യവയസ്സില്‍ കെന്റക്കി ലഞ്ചുമായി ഓഫീസില്‍ ചടഞ്ഞിരിക്കാതെ എന്തെങ്കിലും വ്യായാമം തുടര്‍ന്നിരുന്നെങ്കില്‍..

ഇതെല്ലാം ചെയ്താല്‍ കുട്ടപ്പന്‍ തേങ്ങാ തലയില്‍ വീണു മരിച്ചേനെ എന്നാണോ? സാദ്ധ്യത തീരെ ചെറുത്‌. കേരളത്തിലെ പുരുഷന്മാരില്‍ മൂന്നിലൊരാള്‍ കുട്ടപ്പനെപ്പോലെ മരിക്കുന്നു. തലയില്‍ തേങ്ങാ വീണ്‌ എത്രപേര്‍ ചാകും? 50 കോടിയില്‍ ഒരാളോ? അതോ 10 കോടിയിലൊന്നോ?

Saturday, March 25, 2006

ഇഷ്ടവൈദ്യന്‍

രോഗം അഗ്നിപരീക്ഷയാണ്‌ രോഗത്തെ കീഴ്പ്പെടുത്തല്‍ മൃത്യുഞ്ജയവും.

രോഗങ്ങള്‍ മൂര്‍ദ്ധന്യാവസ്ഥയിലും അജ്ഞതയും അതുളവാക്കുന്ന നൈരാശ്യവും പരമകോടിയിലുമായിരിക്കുന്നയവസ്ഥയിലാണ്‌ ഞാന്‍ ഡോ. അനിലിനെ കാണുന്നത്‌. അരോഗാവസ്ഥയിലേക്കുള്ള വൈഷമ്യം നിറഞ്ഞ പാതയില്‍ ഞാന്‍ വഴിച്ചൂട്ടായി പിടിച്ചത്‌ രോഗത്തേയും വൈദ്യത്തെയും കുറിച്ചുള്ള അറിവുകളുമായിരുന്നു. പരിമിതികള്‍ക്കുള്ളിലെങ്കിലും എന്റെയറിവുകള്‍ വര്‍ദ്ധിക്കുന്നതനുസരിച്ച്‌ ഞാന്‍ ഡോ. അനില്‍ എന്ന വൈദ്യനെയും കൂടുതലറിഞ്ഞു.

ഡോ. അനില്‍ കുമാറിന്‌ എന്റെയീ കൊച്ചു ആരോഗ്യ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം!! താങ്കളുടെ സാന്നിദ്ധ്യം എന്നെ കൂടുതല്‍ ഉതരവാദിത്തമുള്ള ഒരു ലേഖകനാക്കട്ടെ..

How to evaluate your doctor:
Apart from the Thridoshas, Chapter 1 of ashtamga hridaya mainly speaks of the four alterable variables of any medical treatment – the doctor, the nurse/bystander, the patient and the medicine. Next four posts are humble attempts to interpret each of these with an example each.
Chararaka states that a doctor shall have the following basic qualities:
1. Years of hands-on experience on surgical (Salya) & other (Vamanam, Vasti etc.) procedures under a venerable senior.
2. Cleanliness of body and mind
3. Skills and competence
4. Belongingness (accreditation?) to an accepted school of medical science
5. Experience as a teacher of medicine

Charaka also has made code of ethics as follows:
He shall not append knowledge from books without logical evaluation and analytical review as well as discussions (seminars?) with his counterparts.
He shall never behave rude, especially to patients who deserve respect as people who fights bravely to protect flickering flame of their lives.
He should never advertise his achievements nor solicit patients - his goodwill should act as his advertisement and patients should seek and find him.
He shall be entrepreneurial, assertive, humble enough to accept he cannot grant lives or extend them.
He can belong to any of the four castes or outside but should lead a respectable life.
He shall be assertive and sure footed.
He shall be kind, generous, master of medical science (all 8 branches & heart ) and possess good knowledge of other sciences as well as possess a great deal of knowledge of general knowledge.
His mode of education shall be to read, understand, evaluate, discuss, practice, revise, modernize and teach.
He shall be of a personality remembered fondly by teachers, classmates, patients and general public.


Did I promise an example?
Here is an exemplary cardiologist who is at top ranks according to my evaluations using Charaka’s attribute based acceptance policy.

(Photo credit : dubaiphotomedia.com)

Here is what I could gather about him through the wonder crawler google spider. Dr. Anil Kumar was the professor of Cardiology at Jawaharlal Institute of Post-Graduate Medical Education & Research ,Directorate General of Health Services, Pondicherry (Dept of Cardiology of JIPMER was attending upto 10,000 cases during his tenure according to published statistics) In 1996, Dr Anil received the Commonwealth Scholarship award, and then went on to become a Member of the Royal College of Physicians in 1997. On July 28, 2005 he became a fellow of the prestigious Royal College of Physicians of Edinburgh UK. On July 28 2005 , Dr Anil was awarded a scroll of the Fellow of the College by President Professor Neil J Douglas, for his eight years of work work the Freeman Hospital UK and his expertise in cardiac electrophysiology. At present, he is practicing interventional cardiology at Belhoul Speciality Hospital, Dubai. IMHO, he possesses the attributes charaka prescribed ai/a.

In his presence I transformed myself from a patient to a healthy man. Under his advice I took ownership of my problems and resolved them.

Tuesday, January 10, 2006

ഗ്രൂമിങ്ങ് ഗ്രൂമിങ്ങ്

പേര്‌ : മിസ്റ്റർ കെ കെ , ഉം അൽ കുവൈൻ (ആളെ നിങ്ങളറിയുമോ എന്നു ചോദിച്ചാൽ.....)
വയസ്സ്‌ : ചോദിക്കല്ലേ, പ്ലീസ്‌
‍പ്രശ്നം : തടി കൂടുന്നു
പ്രശ്നകാരണം : തീറ്റ കൂടുന്നു
പ്രശ്ന നിവാരണം : തീറ്റ കുറക്കലൊഴിച്ച്‌ എന്തും സമ്മതം

ഞാൻ വിധിച്ച ചികിത്സ:
പഥ്യമാണല്ലോ അത്യാവശ്യം വേണ്ടത്‌. പഥ്യമുണ്ടെങ്കില്‍ മരുന്നെന്തിന്‌, പഥ്യമില്ലെങ്കില്‍ മരുന്നെന്തിന്‌ എന്നു കേശവീയം (ഒക്കെ തികഞ്ഞ കെ സി ക്ക്‌ കോമഡിയും തികഞ്ഞിരുന്നു)ശരി. തീറ്റ കുറക്കണ്ടാ. കോംമ്പോസിഷന്‍ മാറ്റാമല്ലോ. കാളയിറച്ചി കഴിച്ചേ തീരുവെങ്കില്‍ കറിയായി ഭക്ഷിക്കൂ. നിര്‍ബ്ബന്ധമില്ലെങ്കില്‍ ഇക്ഷിതിയില്‍ പല കുക്കുടമുണ്ടതു ഭക്ഷിച്ചാലും. സോസേജ്‌ എന്ന കുടലിന്നുള്ളില്‍പ്പുട്ട്‌, ബര്‍ഗര്‍ ചീസ്‌, ബട്ടര്‍ ഒക്കെ നിര്‍ത്താമെങ്കില്‍ കൊള്ളാം.ബട്ടര്‍, നെയ്യ്‌, സ്കിം ചെയ്യാത്ത പാല്‍- ഒട്ടും പാടില്ല (പാല്‍ ഇറച്ചിയെക്കാളും ചീത്തയാണെന്നാണെന്റെ പക്ഷം. ഒരു ഗ്ലാസ്‌ കുമ്പളങ്ങാ നീര്‌ (ചാരത്തിലെ പീച്ചിങ്ങാ എന്നു സായിപ്പ്‌) രാവിലെ അത്ര തന്നെ പച്ചവെള്ളവും ചെര്‍ത്ത്‌ എഴുന്നേറ്റാലുടനേ ഒരൊറ്റ വലി അങ്ങടു വലിക്ക്‌. എന്നിട്ടു ഒരു മണിക്കൂര്‍ നേരം കഴിഞ്ഞേ ചായ/കാപ്പി/ഭക്ഷണാദികള്‍ പാടുള്ളൂ. ദുര്‍മ്മേദസ്സ്‌ പോകും. ഓട്ടം നടത്താദികള്‍ പതിവുണ്ടെങ്കില്‍ ഗംഭീരമായി.ഒരുമാസം മുടങ്ങാതെ കുമ്പളങ്ങായടിച്ച്‌ തടി 10 കിലോ കുറഞ്ഞാല്‍ എനിക്കു ഒരു എം ഡി കണ്‍ഫര്‍ ചെയ്തു തരാന്‍ ശുപാര്‍ശ ചെയ്യുക. അസിഡിറ്റി, കൊളസ്റ്റ്രോള്‍ എന്നിവയുണ്ടെങ്കിലും നല്ല കുറവു കുമ്പളങ്ങാനീരു തരും(സഖാവിനു ലോ ബ്ലഡ്‌ പ്രഷര്‍ ഇല്ലെന്നു കരുതുന്നു. കുമ്പളങ്ങ പ്രഷര്‍ ഇത്തിരി കുറക്കുമെന്നാണ്‌ വയ്പ്പ്‌)

കൂട്ടുകാരേ, ഈ ഉരുപ്പടിയെ കതിർ പരുവലാക്കിയിട്ടുവേണം നമുക്ക് കതിർമണ്ഡപത്തിലോട്ട് കയറ്റിവിടാൻ, ഒറ്റമൂലികളോ ഇരട്ടമൂലികളോ വശമുള്ളവർ ഒരു കൈ സഹായിക്കണേ, കൊച്ചൻ പുരനിറഞ്ഞു നിൽക്കുകയാ!!!!

Monday, January 09, 2006

ഹൃദയം, ധമനികൾ 2a- ഒരുമുഴം മുന്നേയറിയൽ എന്നാലെന്ത്?

ഓരോ ഹൃദയയാഘാതവും പലയളവില്‍ ഇന്‍ഫ്രാര്‍ക്ഷന്‍ അഥവ പേശീനാശം ഉണ്ടാക്കുന്നവയാണെന്ന് കണ്ടല്ലോ. മയോകാര്‍ഡിയമെന്ന ഹൃദയഭിത്തി നശിക്കുംതോറും ഹൃദയത്തിനു സങ്കോചിക്കാനുള്ള ശക്തി ക്ഷയിച്ചു വരുന്നു അങ്ങനെ ബലഹീനമാകുംതോറും ഹൃദയം കൂടുതല്‍ ദുര്‍ബ്ബലമായിക്കോണ്ടെയിരിക്കുന്നു. അങ്ങനെ നശിച്ചുകൊണ്ടിരിക്കുന്ന ഹൃദയം പെട്ടെന്ന് ഇലക്രിക്കല്‍ സിസ്റ്റോള്‍ നിലച്ചോ തെറ്റിയോ സ്തംഭിച്ചേക്കാം. ഇതാണ്‌ സഡന്‍ കാര്‍ഡിയക്‌ ഡെത്ത്‌ അഥവാ ഹൃദയ സ്തംഭനം. സ്പാര്‍ക്ക്‌ പ്ലഗ്ഗ്‌ നിലച്ച ഒരു കാര്‍ നിന്നുപോകുമ്പോലെ ഇലക്റ്റ്രിക്കല്‍ സിസ്റ്റോള്‍ ഇല്ലാത ഹൃദയം നിലക്കുന്നു. ഹൃദയസ്തംഭനം ഒരിക്കലുണ്ടായാല്‍ രക്ഷപ്പെടുന്നത്‌ പ്രയാസമാണെന്നും പറയേണ്ടതില്ലല്ലോ.

സ്റ്റ്ട്രെസ്സ്‌ ടെസ്റ്റ്‌
ഹൃദയാഘാതമോ നെഞ്ചുവേദന (ആഞ്ജിന പെക്റ്റോറിസ്‌) അനുഭവിക്കുന്നവരിലുള്ള ഈ സീ ജി വ്യതിയാനവും രക്തത്തിലെ എന്‍സൈമുകളും നോക്കിയാല്‍ ഹൃദ്രോഗമെന്ന് തിരിച്ചറിയാം, പക്ഷേ ഇന്‍ഫാര്‍ക്ഷനുണ്ടായ പേശികള്‍ പുനര്‍ നിര്‍മ്മിക്കാനാവില്ലല്ലോ. ആ നിലക്ക്‌ ഒരു അറ്റാക്കോ നെഞ്ചുവേദനയോ ഉണ്ടാകും മുന്നേ തന്നെ രോഗം തിരിച്ചറിയുക എന്നതാണ്‌ ഏറ്റവും വലിയ ആവശ്യം എന്ന തിരിച്ചറിയല്‍ ഇത്ര രൂക്ഷമാകും മുന്നേതന്നെ ഹൃദയം ശാരീരികായാസ സമയത്ത്‌ ഈ സീ ജി വ്യതിയാനങ്ങള്‍ കാണിക്കുമെന്നും അതു തിരിച്ചറിയാന്‍ പറ്റിയാല്‍ ഒരു മുഴം മുന്നേ ഹൃദ്രോഗത്തെയറിഞ്ഞ്‌ ഒഴിവാക്കാമെന്നും കണ്ടെത്തലായി. 60കലൂറ്റെ മദ്ധ്യകാലത്ത്‌ റോബര്‍ട്ട്‌ ആര്‍തര്‍ ബ്രൂസ്‌ എന്ന ഹൃദ്രോഗ വിദഗ്ദ്ധന്‍ ഈ സീ ജി ഘടിപ്പിച്ച രോഗിയെ എക്സര്‍സൈസ്‌ ട്രെഡ്മില്ലില്‍ (ജിമ്നേഷ്യങ്ങളിലും മറ്റും കാണുന്ന ഓടാനുള്ള യന്ത്രം) നടത്തി ഹൃദ്രോഗത്തെ തിരിച്ചറിയുന്ന സംവിധാനം കണ്ടെത്തി. രോഗിയെ ആയാസപ്പെടുത്തലെന്നത്‌ അപകടമുള്ള കാര്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കക്ഷത്തിരിക്കുന്നത്‌ വീഴാതെ ഉത്തരത്തിലേതെടുക്കാനുള്ള പെരുമാറ്റ ചട്ടം -എത്ര നേരം ആര്‍ എങ്ങനെ ട്രെഡ്‌ മില്ലില്‍ നടക്കാമെന്നത്‌- ബ്രൂസ്‌ കണ്ടുപിടിച്ചതാകയാല്‍ ബ്രൂസ്‌ പ്രോട്ട്കോള്‍ എന്നു പേര്‍ വിളിക്കുന്നു.

ടി എം ടി – ഡോക്റ്റർ പറയാൻ ഇടയില്ലാത്തതും രോഗി അറിയേണ്ടതുമായ കാര്യങ്ങൾ
ബ്രൂസ്‌ കണ്ടുപിടിച്ച ട്രെഡ്‌ മില്ല് ടെസ്റ്റിനു ഭൂരിപക്ഷം രോഗികളിലേയും 80 ശതമാനത്തിനും പുറത്തുള്ള ബ്ലോക്കുകളെ തിരിച്ചറിയാനാവും. 10 ശതമാനം മുതല്‍ 20 ശതമാനം വരെ രോഗ്ഗികള്‍ല്‍ അതു ബ്ലോക്കുകള്‍ ഉണ്ടെന്ന് വ്യാജമായി സൂചിപ്പിച്ചേക്കാം. ഇതിലെല്ലാമുപരിയായി 80 ശതമാനത്തില്‍ താഴെയുള്ള ബ്ലോക്കുകള്‍ ഏതാണ്ട്‌ മുഴുവനായും ഈ ടെസ്റ്റില്‍ വിട്ടുപോകും, 80 ശതമാനത്തില്‍ കൂടുതലുള്ള ബ്ലോക്കുകളില്‍ നല്ലൊരു ശതമാനത്തിനെയും ഈ ടെസ്റ്റിനു കണ്ടെത്താനാവില്ല. ട്രെഡ്‌ മില്ലില്‍ നിന്നിറങ്ങിവരുന്ന നിങ്ങളോട്‌ "നിങ്ങളൊരു കുതിരയപ്പോലെ കരുത്തന്‍" എന്നോ മറ്റോ ഡോക്റ്റര്‍ പറയുമ്പ്പോള്‍ ടെസ്റ്റിന്റെ പരിമിതികള്‍ അറിയുക – 80 ശതമാനത്തിൽ മുകളിൽ നിങ്ങൾക്ക് ബ്ലോക്ക് ഉണ്ടാകാൻ സാദ്ധ്യത കുറവെന്നു മാത്രമേ അതിനർത്ഥമുള്ളു. 90 ശതമാനം അടഞ്ഞ ധമനിയുള്ള വ്യക്തിക്കും 10 ശതമാനം അടഞ്ഞ ധമനിയുള്ള വ്യക്തിക്കും ഹൃദയാഘാതമുണ്ടാവാനുള്ള സാധ്യതയിൽ വലിയ വത്യാസമില്ല.

സ്റ്റ്ട്രെസ്സ് താലിയം ടെസ്റ്റ്
ഈ സീ ജീ വ്യതിയാനങ്ങള്‍ കൃത്യമായി ഒന്നിനെയും സമർത്ഥിക്കാൻ കഴിവില്ലാത്തവയാണെന്നതിനാല്‍ ടി എം ടി പരിശോധന വളരെ ശാസ്ത്രീയമല്ലെന്ന അസംതൃപ്തി സ്റ്റ്രെസ്സ്‌ താലിയം ടെസ്റ്റിനു കാരണമായി. ട്രെഡ്‌ മില്ലില്‍ മുകളില്‍ പറഞ്ഞതുപോലെ നടത്തുന്ന വ്യായാമത്തിന്റെ പരമകോടിയില്‍ രോഗിക്ക്‌ താലിയ ഡൈ കുത്തിവച്ച്‌ ഹൃദയത്തിന്റെ 64 സ്ലൈസ്‌ സ്കാന്‍ ചിത്രമെടുപ്പു നടത്തുകയാണ്‌ താലിയം ടെസ്റ്റില്‍ ചെയ്യുന്നത്‌.ഉജ്ജ്വല വര്‍ണ്ണത്തില്‍ താലിയം ഡൈ ഓടിയെത്താത്ത സ്ഥലങ്ങള്‍ സ്കാനില്‍ ഇരുണ്ട ഭാഗ്ങ്ങ്നളായി കാണുകയും അവയെ രക്തമെത്തായിടങ്ങള്‍ (ഇസ്കിമിക്‌ കോള്‍ഡ്‌ സ്പോട്ട്‌) എന്നു തിരിച്ചറിയുകയും താലിയം സ്കാന്‍ കൊണ്ട്‌ കഴിയും. ഇസ്കീമിയ രക്തലഭ്യതയുടെ കുറവ്‌ വളരെ ഗുരുതരമായ ബ്ലോക്കുകള്‍ കൊണ്ടേ ഉണ്ടാവൂ എന്നത്‌ ഈ ടെസ്റ്റിനും നേരത്തേ ഈറ്റപേടാണുള്ള കഴിവിനെ ബാധിക്കുന്നു, എന്നാല്‍ ഇസ്കീമിയ ഉണ്ടാക്കാന്‍ വ്യായാമത്തിനു കഴിയുന്നുണ്ടെങ്കിലത്‌ ധമനീരോഗത്തിലേക്ക്‌ നിസ്സംശയം വിര്‍ല്‍ ചൂണ്ടുന്നെന്ന് പറയാന്‍ കഴിയും.

സ്റ്റ്രെസ്സ്‌ താലിയം ടെസ്റ്റ്‌- ഡോക്റ്റര്‍ പറയാനിടയില്ലാത്ത എന്നാൽ രോഗി അറിയേണ്ട കാര്യങ്ങൾ.
പ്രശസ്ത ഡോക്റ്റര്‍ വില്യം ഡേവിസിന്റെ അഭിപ്രായത്തില്‍ ഇതറോമാറ്റ ഒരു വര്‍ഷം 33 ശതമാനം വരെ വളരാം. ആ നിലക്ക്‌ കോള്‍ഡ്‌ സ്പോട്ടുകള്‍ ഇല്ലായെന്നതിനും പ്രത്യേകിച്ച്‌ അര്‍ത്ഥമൊന്നും ഇല്ല. സാധാരണ ഗതിയില്‍ വെറുതേയൊരു രോഗിക്ക്‌ സ്റ്റ്രെസ്സ്‌ താലിയം എന്ന ചിലവു കൂടിയ ടെസ്റ്റ്‌ പറയാറുമില്ല. സാധാരണ ടി എം ടി ക്ക്‌ ഉള്ള പരിമിതികളെല്ലാം ബാധകമാണ്‌- ഇസ്കീമിയയെ കൃത്യമായി കാണാമെന്നതൊഴിച്ചാല്‍.ശതമാനത്തിനു മുകളിലുല്ല ബ്ലോക്കുകളല്ല മറിച്ച്‌ ചെറു തടസ്സങ്ങള്‍ പൊട്ടിയൊഴുകിയാണ്‌ ഹൃദയാഘാതം സാധാരണ ഉണ്ടാവുകയെന്നും.
ട്രെഡ്മില്ല് ടെസ്റ്റ്‌ വളരെയൊന്നും പ്രയോജനം ചെയ്യുന്നില്ല എന്നറിഞ്ഞല്ലോ. ബൈപ്പാസ്‌, ആഞ്ജിയോപ്ലാസ്റ്റി തുടങ്ങിയവക്കു പാകമായ രോഗികളെ തിരിച്ചറിയല്‍ മാത്രമാണു ട്രെഡ്‌ മില്ല് ടെസ്റ്റ്‌ ചെയ്യുന്നത്‌. അല്ലാതെ ഒരു തരം രോഗനിര്‍ണ്ണയത്തിനും അത്‌ അളവുകോള്‍ ആകുന്നില്ല.ട്രെഡ്‌ മില്ല് ടെസ്റ്റ്‌ കൊടുക്കാൻ തീരുമാനിച്ചാൽ അടിയന്തിരഘട്ടങ്ങളിൽ ബൈപ്പാസ്‌ നടത്താന്‍ സംവിധാനമുള്ളയിടങ്ങളിൽ (ഉദാഹരണം തിരുവനന്തപുരം ശ്രീ ചിത്രാ) മാത്രമെ അതു ചെയ്യാവൂ, നമ്മല്‍ പ്രതീക്ഷിക്കുന്നതിനെക്കാള്‍ ദുര്‍ബ്ബലമാണ്‌ ഹൃദയമെങ്കില്‍ ടെസ്റ്റിനിടയില്‍ ഹൃദയാഘാതമുണ്ടായേക്കാമെന്നതാണു കാരണം. അങ്ങനെ സംഭവിക്കുന്നത്‌ അപൂർവ്വമൊന്നുമല്ല.

ട്രെഡ്മിൽ‍ ടെസ്റ്റിൽ തെളിയുക പ്രൊവോക്കബിൾ ഇസ്കീമിയ അഥവാ ആയാസത്താലുണർത്താവുന്ന രക്തയോട്ട ദൌർലഭ്യമാണ്. അതിനാൽ തന്നെ, ടി എം ടി പോസിറ്റീവ് റിസൽറ്റ് കാണിച്ച രോഗിയെ ഡോക്റ്റർ സാധാരണയായി ആന്ഞിയോപ്ലാസ്റ്റി എന്ന അതിക്രമിച്ചു കടന്ന് പരിശോധനക്ക് (invasive investigation) വിധേയനാക്കാൻ ശ്രമിക്കുന്നു

അടുത്തത് – ഹൃധയം, ധമനികൾ 2bആഞ്ജിയോഗ്രാം, ആഞ്ജിയോപ്ലാസ്റ്റി

Monday, January 02, 2006

ഹൃദയം, ധമനികൾ - അനുബന്ധം 1,ഹൃദ്യമായ പാചകം

ഈ ഒരനുബന്ധമുണ്ടാകാൻ ബ്ലോഗ്ഗർമാരുടെ സഹായമഭ്യർത്ഥിക്കുന്നു, പാചകം എനിക്കു ഒട്ടും വശമില്ലാത്ത പണിയാണ്. പൈപ്പുകളിൽ ചപ്പ് ചവറ് എന്നിവയില്ലാതിരിക്കാൻ ചപ്പും ചവറും കഴിക്കുന്നതും ഒഴിവാക്കുക എന്നതാണു ഈ പരിപാടിയുടെ ഗുട്ടൻബെർഗ്.

ഹ്രൃദ്സൌഹ്രൃദപാചകത്തിന്റെ പ്രാഥമിക തത്വങ്ങൾ ഇവയാണ്.
1. പരമാവധി അനുവദനീയ ഫാറ്റ് തോത് 10 ശതമാനമാണ്. എന്നു വച്ചാൽ ഫാറ്റ് ഫ്രീ മിൽക്ക്, മുട്ടയുടെ വെള്ള എന്നിവയൊഴിച്ചാൽ ജന്തുക്കളുമായി പുലബന്ധമുള്ള യാതൊന്നും ദൈനം ദിന ഭക്ഷണത്തിൽ വരാൻ പാടില്ല

2. എല്ലാ തരം എണ്ണയും ദ്രവരൂപത്തിലെ കൊഴുപ്പാണെന്നതിനാൽ മാംസത്തെക്കാളും വർജ്ജ്യം

3. പ്രോസസ്സ്ഡ് ഫൂഡ് അതായത് അസ്വാഭാവിക ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗം പരമാവധി കുറക്കുക. ഇതേ കാരണത്താൾ പഞ്ചസാര, മൈദാ, ഇൻസ്റ്റന്റ്/ക്യാൻഡ്/ ബോക്സ്ഡ് ഭക്ഷണങ്ങൾ MSG തുടങ്ങിയവ ഒഴിവാക്കുക . (തള്ളവിരലിന്റെ നിയമം - ബ്രാൻഡ് പേരുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളതെല്ലാം വർജ്ജ്യം അമ്മിഞ്ഞപ്പാലും പുഴയിലെ മീനിനുമൊന്നും മാക് ഡോണാൾഡ് പോലെ M ഇല്ല, പതിനായിരക്കണക്കിനു വർഷമായി അതു മനുഷ്യനിൽ പരീക്ഷിച്ചു വിജയിച്ചവയാണ്. ഫാസ്റ്റ് ഫൂഡ് ഉപയോഗം, എണ്ണ ഉപയോഗം, വറുക്കൽ എന്നിവക്കു ആനുപാതികമായി ഹൃദ്രോഗം ജനങ്ങളിൽ കാണപ്പെടുകയും ചെയ്യുന്നു)

നേരിട്ടും ഫോണിലും മറ്റും കിട്ടിയ സംഭാവനകൾ താഴെക്കൊടുക്കുന്നു:

1. അൾട്രാ ലോ ഫാറ്റ് രീതിയിൽ ഒട്ടുമിക്ക കറികളുമുണ്ടാക്കാം.
എണ്ണയിൽ വഴറ്റുന്നതിനു പകരം പച്ചക്കറികളെല്ലാംതന്നെ ആവിയിൽ വേവിച്ചെടുക്കാം (ഇഡ്ഡലിത്തട്ടിൽ ചെയ്യാവുന്നതേയ്യുള്ളേൻകിലും ആവിയിൽ വേവിക്കാനുള്ള നോൺ സ്റ്റിക് പാത്രങ്ങളാണ് കൂടുതൽ സൌകര്യം. കടുകുവറുക്കുന്നതിനു പകരം ഒരു ചെറിയ ചട്ടിയിൽട്ട് ചൂടാക്കി പാത്രം കൊണ്ടടച്ച് പൊട്ടിച്ചെടുക്കാവുന്നതേയുള്ളു. തേങ്ങക്കു പകരം പുട്ടിലും ഇടിയപ്പത്തിലും ക്യാബേജ്, കാരറ്റ് എന്നിവ ഉപയോഗിക്കാം. നോൺ സ്റ്റിക്ക് തവയിൽ ദോശ അപ്പം മുതലായവ ഒട്ടും എണ്ണയില്ലാതെ ചുട്ടെടുക്കാം.
കടപ്പാട് : എന്റെ ഭാര്യ


2. ദാൽ ബാത്ത്
തലേന്നേ കുതിർത്ത മുതിര ഒരു കപ്പ് കഴുകിയത്
ചോറ് (മോട്ട ചാവൽ) ഒരു കപ്പ്

ഉപ്പ് ആവശ്യത്തിനിട്ട വെള്ളത്തിൽ മുതിര 40 മിനുട്ട് വേവിക്കുക. വെള്ളം വറ്റി മുതിര മൃദുവാകും. കടുകും ജീരകവും ഒരു നോൺ സ്റ്റിക്ക് പാത്രത്തിലിട്ട് പൊട്ടിക്കുക്ക (എണ്ണയൊഴിക്കാതെ കടുകുവറുക്കുകയാണു നമ്മൾ) കുറച്ച് വെള്ളമൊഴിച്ച് വെളുത്തുള്ളി തക്കാളി എന്നുവ വഴറ്റി, മുതിരയുടെ കൂടെ ഇട്ട് രണ്ടു മിനുട്ട് ഇളക്കി വേകിക്കുക. ചോറിനു മീതേ വിളമ്പാം- പുതിനച്ചട്ട്ണിക്കൊപ്പം.
കലോറി 268 കൊഴുപ്പ് 5% പ്രോട്ടീൻ 14%
കടപ്പാട് : ഡോ. നീൽ പിൻകിനി, ഹൃദ്രോഗപ്രതിരോധവിദഗ്ദ്ധൻ, ഹവായി ദ്വീപ്.

3. ചന്നാബാത്ത്
ഗോതമ്പ് ഒരു കപ്പ് വേവിച്ചത്
ചന്ന (കാബൂളിയോ നാടനോ) വേവിച്ചത് ഒരു കപ്പ്
വെളുത്തുള്ളി 3 അല്ലി
മഞ്ഞൾ ഒരു റ്റീസ്പൂൺ
തക്കാളി ചെറുതായി നുറുക്കിയത് ഒന്ന്
മല്ലിയില, കടുക്, ജീരകം
ഉപ്പ് ആവശ്യത്തിനിട്ട കുറച്ചു വെള്ളത്തിൽ ഗോതമ്പും കടലയും ഒന്നിച്ചിട്ട് വേവിക്കുക

മുകളിലെപ്പോലെ കടുക്-ഇഞ്ചി തക്കാളി എന്നിവ ചട്ടിയിൽ റോസ്റ്റ് ചെയ്ത് ക്രീം നിറമാകുംപ്പോൾ മുളകുപൊടി (കുരുമുളകുമാകാം) ചേർത്ത് ധാന്യങ്ങൾ പുഴുങ്ങിയതിൽ ഇട്ട് ഇളക്കിയെടുക്കുക. കടലക്കു പകരം പുഴുങ്ങിയ കൂസാ (അറബിക് പച്ചക്ക്കറി ഉപയഓഗിക്കാം)
കടപ്പാട് : അതുല്യ, മലയാളം ബ്ലോഗ്ഗർ, ദുബായി.