പെരിങ്ങോടന്റെ ചിക്കണും ചിക്കുന്‍ഗുന്യയും എന്ന ലേഖനവുമായി ഇതിനൊരു ബന്ധവുമില്ല. ഈ പോസ്റ്റ് ചിക്കുന്‍ഗുന്യയെക്കുറിച്ചുമല്ല. തൊട്ടുമുന്നേയുള്ള പോസ്റ്റില്‍ ഇഞ്ചിപ്പെണ്ണ് ചോദിച്ചു:
“ഞാന്‍ ഇയിടെ ഇവിടത്തെ പല മാഗസിനുകളിലും (മെഡിക്കല്‍ അല്ല) വായിക്കുന്നുണ്ട് .... പണ്ട് മുട്ട, അണ്ടിപരിപ്പ് ഇതൊക്കെ കൊളസ്റ്റ്രോള്‍ കാര്‍ക്ക് നിഷിദ്ധമായിരുന്നല്ലോ? പക്ഷെ ഈയിടെയായി, അതിലൊക്കെ വൈറ്റമിന്‍ ഋ, ലു ഇതൊക്ക്യുണ്ട്, അതുകൊണ്ട് സാരമില്ല,അതൊക്കെ നെറ്യേ കഴിച്ചാല്‍ നല്ല കൊളസ്ട്രോള്‍ കൂടും എന്നൊക്കെ. (ഓട്ട്സ് -നെ ക്കുറിച്ചും ഉണ്ട്). പണ്ട് വൈറ്റമിന്‍ ഗുളിക കഴിക്കണമെന്നായിരുന്നു. പക്ഷെ ഇപ്പൊ വൈറ്റമിന്‍ ഗുളിക കഴിച്ചോണ്ട് കാര്യമില്ല...?”
പത്രവാര്‍ത്തകള്‍:
ഏതെങ്കിലും ഒരു കണ്‍ക്ലൂഷന്റെ പേരില്‍ പത്രങ്ങള്‍ പലപ്പോഴും വലിക കോലാഹലം സൃഷ്ടിക്കാറുണ്ട്. കച്ചവടക്കാര്‍ അതിന്റെ ലാഭവും കൊയ്യാറുണ്ട്. ഒരുദാഹരണത്തിന്, ആരോഗ്യമുള്ള മനുഷ്യ ഹൃദയത്തില്‍ കോ എന്‍സൈം ക്യു പത്ത് (CoQ10) എന്നൊരു എന്‍സൈം കൂടുതല്‍ ഉണ്ടെന്നും രോഗാതുരമായ ഹൃദയത്തില്‍ ഇതു കുറവാണെന്നും കണ്ടെത്തിയതും പത്രന്‍ വെണ്ടക്കാ നിരത്തി. തൊട്ടു പിറകേ ഈ എന്‍സൈം ഗുളികയായി വിപണിയില്‍ എത്തി. ഹാര്‍ട്ടിന്റെ കാര്യമല്ലേ, ഇന്ന് ഏത് പട്ടിക്കാട്ടിലെ മെഡിക്കല്‍ സ്റ്റോറില്‍ ചെന്നാലും ഇത് വില്‍ക്കാന്‍ വച്ചിരിക്കുന്നത് കാണാം. ഇതു ഭക്ഷണമായി കഴിച്ചാല്‍ ഹൃദയത്തില്‍ ഇതിന്റെ അളവു കൂടുമെന്ന് തെളിയിക്കാന്‍ നടത്തിയ പരീക്ഷണമൊന്നും വിജയിച്ചിട്ടില്ല, ഇനി ഹൃദയത്തിനു രോഗം വരുമ്പോള്‍ സംരക്ഷണത്തിനായി ശരീരം തനിയേ ഇതു കുറച്ചു കളയുന്നതാണോന്നും അറിയില്ല. ആളുകള്‍ വാങ്ങുന്നു തിന്നുന്നു. അതാണ് പത്രപ്പണി.
കൊളസ്റ്റ്രോള്‍ കുറക്കുന്ന എന്തും തിന്നേണ്ട കാര്യവുമില്ല:
DDT മനുഷ്യ ശരീരത്തില്‍ LDL കൂടാതെ HDL കൂട്ടാന്‍ കഴിവുള്ള അപൂര്‍വ്വം വസ്തുക്കളില്‍ ഒന്നാണ്. എന്നുവച്ച് ആരെങ്കിലും ഡി ഡി ടി കഴിക്കുമോ? ഒരു മുട്ടയില്‍ 300+ എം ജി കൊളസ്റ്റ്രോള്‍(ഫാറ്റും കൊളസ്റ്റ്രോളും രണ്ടാണേ, previous പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്) അടങ്ങിയിട്ടുണ്ട്. ഞങ്ങള്‍ മാക്ക് ഡോഗള്‍ പക്ഷക്കാരുടെ കണക്കനുസരിച്ച് അഭിലഷണീയമായ കൊളസ്റ്റ്രോള്‍ അകത്താക്കല്‍ പൂജ്യം എം ജിയും, ശത്രുപക്ഷമായ FDA കണക്കനുസരിച്ച് അഭിലഷണീയമായ പരമാവധി 200 എം ജിയും ആണ്. രണ്ടു കണക്കില്‍ തൂക്കിയാലും ഒരൊറ്റ മുട്ട തന്നെ ഒരു ദിവസത്തില്‍ കഴിക്കാവുന്നതിന്റെ അപ്പുറമാണ്. വല്ലപ്പോഴും സ്മാള്‍ അടിക്കും എന്നു പറയുന്നത് പോലെ വല്ലപ്പോഴും ആരോഗ്യത്തിനു ഒരു തകരാറുമില്ലാത്തവന്‍ ഒരു മുട്ട കഴിച്ചോട്ടെ. പക്ഷേ ആശാസ്യ ഭക്ഷണമായി ഞാനതിനെ കൂട്ടുന്നില്ല.
ഇനി വൈറ്റമിനിലേക്കു വരാം
ഇഞ്ചി പറഞ്ഞപോലെ കൊളസ്റ്റ്രോള്‍ കുറക്കാന്‍ കഴിവുള്ള ഒരൊറ്റ വൈറ്റമിനേയുള്ളു, നയസിന്‍ അഥവാ vitamin b3. അതു തന്നെ വളരെ വലിയ തോതില്‍ കഴിച്ചാലേ [3000mg വരെയൊക്കെ വേണം]പ്രയോജനമുള്ളു എന്നതിനാല്‍ ഒരു പ്രായോഗിക മാര്‍ഗ്ഗമായി കൂട്ടുന്നില്ല.
മുട്ടകഴിക്കൂ, മീന്‍ കഴിക്കൂ അണ്ടിപ്പരിപ്പു കഴിക്കൂ എന്നു പറയുന്നത് വൈറ്റമിനു വേണ്ടിയല്ല പ്രധാനമായും. വിശദീകരിക്കാം:
EFA അഥവാ എസ്സെന്‍ഷ്യന്‍ ഫാറ്റി ആസിഡുകള്‍:
നൂറുകണക്കിനു ധാതുക്കളും ലവണങ്ങളും അന്നജവും കൊഴുപ്പും വൈറ്റമിനുകളും മറ്റു പലതും (പറഞ്ഞാല്‍ തീരില്ല) ശരീരത്തിനാവശ്യമുണ്ട്. അതിലൊരുവക ആണ് ഫാറ്റി ആസിഡുകള്‍(പഴയ എണ്ണ പോസ്റ്റില്‍ അതെന്താണു സാധനമെന്ന് പറഞ്ഞിട്ടുണ്ട്). ഫാറ്റി ആസിഡുകള്‍ തന്നെ രണ്ടു തരമുണ്ട്, ജന്തുക്കള്‍ സൃഷ്ടിക്കുന്നവയും സസ്യങ്ങള്‍ സൃഷ്ടിക്കുന്നവയും. രണ്ടും നമുക്കു അത്യാവശ്യമാണ്. ഇതില്‍ ജന്തുജന്യമായവ നമ്മള്‍ തന്നെ ഉണ്ടാക്കിക്കോളും. സസ്യങ്ങളില്‍ ഉണ്ടാക്കുന്നവ ഭക്ഷണത്തിലൂടെ നമ്മള്‍ അകത്തു വിടണം. ഇവയില്‍ പ്രധാനം ഒമേഗ 3, ഒമേഗ 6 എന്ന രണ്ടു ഫാറ്റി ആസിഡുകളാണ്. ഇതു കഴിക്കേണ്ടത് അവശ്യമാകയാല്‍ ഇതിനെ എസ്സെന്‍ഷ്യല്‍ ഫാറ്റി ആസിഡെന്ന് പറയുന്നു.
EFA എന്തിന്?
1. ഇതില്ലെങ്കില്‍ cell membrane നിര്‍മ്മിക്കാന്‍ ശരീരം ബുദ്ധിമുട്ടും.
2. ഇതില്ലെങ്കില്‍ ശരീരത്തിലെ കൊളസ്റ്റ്രോള്‍ ഓക്സിഡൈസ് ചെയ്യാനും പുറന്തള്ളാനുമുള്ള കഴിവു കുറഞ്ഞ് കൊളസ്റ്റ്രോള്‍ കൂടും.
3. ഇതില്ലെങ്കില്‍ ഐക്കസനോയിഡ് എന്ന കുലത്തിലെ ഹോര്‍മോണുകള്‍ക്ക് സഞ്ചരിക്കാനാവാതെ ശരീരം തോന്ന്യാസം കാട്ടും.
ഒമേഗ 3 എന്നു കേള്‍ക്കുന്നതും നമുക്ക് മുട്ടയുടെയും മീനിന്റെയും പരസ്യവും പത്രവാര്‍ത്തയും മനസ്സില്‍ വരും അല്ലേ? അതാണു പത്രന്റെയും പൌള്‍ട്രിക്കാരന്റെയും വിജയം.
ഇത് സസ്യജന്യമാണ്. കോഴി വിത്തുകളും മറ്റും തിന്നും മീന്‍ പ്ലാങ്ക്ടന്‍ തിന്നുമാണ് ഉണ്ടാക്കുന്നത്. ആരെങ്കിലും ഇട്ട ചെരുപ്പ് വാങ്ങിയിടുന്നതിനെക്കാള്‍ നല്ലത് ചെരുപ്പുകടയില്‍ നിന്നും വാങ്ങുന്നതല്ലേ. നമ്മള്‍ ഇത് ചെടിയില്‍ നിന്നും തന്നെ വാങ്ങുന്നതാണു ബുദ്ധി. ഏറ്റവും കൂടുതല്‍ EFA അടങ്ങുന്ന സസ്യഭക്ഷണം അണ്ടിവര്‍ഗ്ഗങ്ങളാണ്. ഫ്ലാക്സ് സീഡും ഏറ്റവും നല്ല ഈ എഫ് ഏ സ്രോതസ്സാണ്. സെക്കന്‍ഡ് ആയി ഇലക്കറികളും.
പക്ഷേ അണ്ടിവര്‍ഗ്ഗങ്ങള്‍ 70%+ ഫാറ്റുമാണ് . ഇവ അകത്തു പോകുന്നത് വര്‍ദ്ധിച്ചാല്‍ എന്തു രോഗം ഒഴിവാക്കാന്‍ ഈ എഫ് ഏ കഴിച്ചോ അതെല്ലാം വീണ്ടും വരും (താഴെ വിവരിച്ചിട്ടുണ്ട്). അതിനാല്‍ നല്ല ആരോഗ്യമുള്ളയാള്‍ ഒരു സ്പൂണ്‍ ഫ്ലാക്സ് സീഡൊ 1/8 കപ്പോളം (പ്രിഫറന്‍ഷ്യല്‍ ഓര്‍ഡറില്‍)വാള്‍നട്ട്, സോയ, പെക്കന്‍ നട്ട്, ബദാം എന്നിവയില്‍ എന്തെങ്കിലും ഒന്നോ അല്ലെങ്കില്‍ മിശ്രിതമോ (മൊത്തം 1/8 cup) കഴിക്കാം.
യൂറിക്ക് ആസിഡ്, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം തുടങ്ങി എന്തെങ്കിലും ഉള്ളവര്‍ ഒട്ടും കഴിക്കേണ്ട. പകരം നല്ല ഇലക്കറികളോ, മത്തങ്ങയോ കുമ്പളങ്ങയോ വെള്ളരിക്കയോ കഴിച്ചാലും EFA കിട്ടും. ഇതൊന്നും തിന്നു ശീലമില്ലാത്ത സായ്പ്പ് അവന്റെ വാള്‍നട്ടു തിന്നോട്ടെ.
EFA കുറഞ്ഞാല്‍ :
ചര്‍മ്മരോഗങ്ങള്‍, ധമനീരോഗങ്ങള്‍, വൈറസ്, ബാക്റ്റീരിയ തുടങ്ങി കോശ ഭിത്തീല്‍ കേറി പിടിക്കുന്ന മോന്‍ മാരെ ചെറുക്കാനുള്ള കഴിവു കുറയല്‍ ( ചിക്കുന്‍ ഗുനിയ മുതല്‍ എയിഡ്‌സ് വരെ മത്തങ്ങയും ബദാമുമായി ബന്ധ്പ്പെടുത്തി!) വൃക്കരോഗം എന്നു വേണ്ട, സര്‍വ്വതും കിട്ടും
EFA കൂടിയാല്‍:
ഓക്സിഡേഷന്‍ ഇവന്റെ പണിയാണെന്ന് പറഞ്ഞല്ലോ, ഫ്രീ റാഡിക്കല്‍ (സ്നേഹോപദേശം എന്ന പോസ്റ്റ് നോക്കുക) കൂടി ഹൃദയ ധമനീരോഗം വന്നേക്കാം, പൊണ്ണത്തടി വന്നേക്കാം,
അണ്ടിപ്പരിപ്പുകള്‍ ആണു കൂടുതലായി കഴിക്കുന്നതെങ്കില്‍ യൂറിക്ക് ആസിഡ് ഉയര്‍ന്ന് കിഡ്‌ണിക്കുവരെ ഭീഷണിയാകാം, ഗൌട്ടും വരാം.
EFA എത്ര?
കഴിക്കുന്ന കലോറികളുടെ 0.1 % മുതല്‍ 0.5% വരെ എന്നു ഡോ. ജീന്‍ മാക് ഡോഗള്‍ ഉപദേശിക്കുന്നു. ഒരുമാതിരി തീറ്റ തിന്നുന്ന ഒരാളിന്റെ ഭക്ഷണക്കണക്കിലാണ് 1/8 കപ്പ് അണ്ടിപ്പരിപ്പെന്നു മേലേ കൂട്ടുന്നത്. മത്ത-കുമ്പള-ചീര-മുരിങ്ങ ഫാന്‍സിനു ഇതും ആവശ്യമില്ല.
ഓട്ട്‌സിന്റെ തന്ത്രം!
ഓട്ട്‌സ് സോള്യുബിള്‍ ഫൈബര്‍ കൂടുതല്‍ ഉള്ളതിനാല്‍ 5% വരെ ഒക്കെ കൊളസ്റ്റ്രോള്‍ കുറക്കുന്നുണ്ട്. അതും ഇതുമായി ബന്ധമില്ല ഇഞ്ചി. സോള്യുബിള്‍ ഫൈബറിനു ഓട്ട്സ് തന്നെ വേണമെന്നില്ല. തണ്ണിമത്തനോ ആപ്പിളോ റൈ ബ്രെഡോ, മാങ്ങായോ എന്തായാലും മതിയല്ലോ. ഈ ക്വാക്കറു കമ്പനി നമ്മളെ ജോക്കറാക്കുന്നതല്ലേ ഓട്ട്ശ് കഴിച്ചാല്‍ സോള്യുബില്‍ ഫൈബര്‍ കിട്ടുമെന്ന് പറയുമ്പോ നമ്മളറിയാതെ വേറൊന്നിലും ഇതില്ലെന്ന് ധരിച്ചു പോകും
[ഇതിലെ പലവിവരങ്ങള്‍ക്കും പല മെഡിക്കല്‍ ജേണലുകളെ ഉദ്ധരിച്ച് ഡോ. മാക്‌ഡോഗള്‍ എഴുതിയ ലേഖനനങളോട് കടപ്പെട്ടിരിക്കുന്നു. ലിങ്ക് കൊടുക്കാവുന്നതിലും കൂടുതലെണ്ണമുണ്ട്.]
Friday, October 13, 2006
Subscribe to:
Post Comments (Atom)
1 comment:
മരുന്ന് കമ്പനികളും പല മാധ്യമങ്ങളും തമ്മില്‍ അവിഹിത ബന്ധമുള്ളതായി പണ്ടേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്..ഇവര്‍ വിളമ്പുന്നത് അതേപടി അങ്ങ് വിശ്വസിച്ച് കളയരുത്. എന്തിനേറെ, ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ “ലാന്‍സെറ്റ്” പോലും അടുത്ത കാലം വരെ മരുന്നു കമ്പനികളുടെ പിടിയിലായിരുന്നു.
Post a Comment