Tuesday, January 10, 2006

ഗ്രൂമിങ്ങ് ഗ്രൂമിങ്ങ്

പേര്‌ : മിസ്റ്റർ കെ കെ , ഉം അൽ കുവൈൻ (ആളെ നിങ്ങളറിയുമോ എന്നു ചോദിച്ചാൽ.....)
വയസ്സ്‌ : ചോദിക്കല്ലേ, പ്ലീസ്‌
‍പ്രശ്നം : തടി കൂടുന്നു
പ്രശ്നകാരണം : തീറ്റ കൂടുന്നു
പ്രശ്ന നിവാരണം : തീറ്റ കുറക്കലൊഴിച്ച്‌ എന്തും സമ്മതം

ഞാൻ വിധിച്ച ചികിത്സ:
പഥ്യമാണല്ലോ അത്യാവശ്യം വേണ്ടത്‌. പഥ്യമുണ്ടെങ്കില്‍ മരുന്നെന്തിന്‌, പഥ്യമില്ലെങ്കില്‍ മരുന്നെന്തിന്‌ എന്നു കേശവീയം (ഒക്കെ തികഞ്ഞ കെ സി ക്ക്‌ കോമഡിയും തികഞ്ഞിരുന്നു)ശരി. തീറ്റ കുറക്കണ്ടാ. കോംമ്പോസിഷന്‍ മാറ്റാമല്ലോ. കാളയിറച്ചി കഴിച്ചേ തീരുവെങ്കില്‍ കറിയായി ഭക്ഷിക്കൂ. നിര്‍ബ്ബന്ധമില്ലെങ്കില്‍ ഇക്ഷിതിയില്‍ പല കുക്കുടമുണ്ടതു ഭക്ഷിച്ചാലും. സോസേജ്‌ എന്ന കുടലിന്നുള്ളില്‍പ്പുട്ട്‌, ബര്‍ഗര്‍ ചീസ്‌, ബട്ടര്‍ ഒക്കെ നിര്‍ത്താമെങ്കില്‍ കൊള്ളാം.ബട്ടര്‍, നെയ്യ്‌, സ്കിം ചെയ്യാത്ത പാല്‍- ഒട്ടും പാടില്ല (പാല്‍ ഇറച്ചിയെക്കാളും ചീത്തയാണെന്നാണെന്റെ പക്ഷം. ഒരു ഗ്ലാസ്‌ കുമ്പളങ്ങാ നീര്‌ (ചാരത്തിലെ പീച്ചിങ്ങാ എന്നു സായിപ്പ്‌) രാവിലെ അത്ര തന്നെ പച്ചവെള്ളവും ചെര്‍ത്ത്‌ എഴുന്നേറ്റാലുടനേ ഒരൊറ്റ വലി അങ്ങടു വലിക്ക്‌. എന്നിട്ടു ഒരു മണിക്കൂര്‍ നേരം കഴിഞ്ഞേ ചായ/കാപ്പി/ഭക്ഷണാദികള്‍ പാടുള്ളൂ. ദുര്‍മ്മേദസ്സ്‌ പോകും. ഓട്ടം നടത്താദികള്‍ പതിവുണ്ടെങ്കില്‍ ഗംഭീരമായി.ഒരുമാസം മുടങ്ങാതെ കുമ്പളങ്ങായടിച്ച്‌ തടി 10 കിലോ കുറഞ്ഞാല്‍ എനിക്കു ഒരു എം ഡി കണ്‍ഫര്‍ ചെയ്തു തരാന്‍ ശുപാര്‍ശ ചെയ്യുക. അസിഡിറ്റി, കൊളസ്റ്റ്രോള്‍ എന്നിവയുണ്ടെങ്കിലും നല്ല കുറവു കുമ്പളങ്ങാനീരു തരും(സഖാവിനു ലോ ബ്ലഡ്‌ പ്രഷര്‍ ഇല്ലെന്നു കരുതുന്നു. കുമ്പളങ്ങ പ്രഷര്‍ ഇത്തിരി കുറക്കുമെന്നാണ്‌ വയ്പ്പ്‌)

കൂട്ടുകാരേ, ഈ ഉരുപ്പടിയെ കതിർ പരുവലാക്കിയിട്ടുവേണം നമുക്ക് കതിർമണ്ഡപത്തിലോട്ട് കയറ്റിവിടാൻ, ഒറ്റമൂലികളോ ഇരട്ടമൂലികളോ വശമുള്ളവർ ഒരു കൈ സഹായിക്കണേ, കൊച്ചൻ പുരനിറഞ്ഞു നിൽക്കുകയാ!!!!

14 comments:

viswaprabha വിശ്വപ്രഭ said...

ച്ചാല്‍, ഡോക്റ്റരാഗം ഓണ്‍ലൈനില്‍ ചികിത്സ തുടങ്ങീന്നര്‍ത്ഥം!

ഭേഷായി.

ഉടനെ ഒരു കല്യാണസദ്യ തരാവൂല്ലോന്ന് ഭക്‌ഷ്യത്തിലൊരാശങ്ക!

കൊച്ചനേ, തരപ്പെട്ടാല്‍ വിദ്യയെടുത്ത് ഹോട്ടലിലെ മെനുവില്‍ ചേര്‍ക്കുകയുമാവാം!

Kalesh Kumar said...

രോഗി ഞാനാണേ.... എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.
സന്തോഷം!
ഞാൻ ഏതായാലും ദുക്തോർ പറഞ്ഞത് അനുസരിക്കാൻ പോകുകയാ. മിക്സി ഒരെണ്ണം മേടിക്കണം. കുറേ കുമ്പളങ്ങയും!
ഈശ്വരന്മാരേ കാത്തോണേ.....

SEEYES said...

ദേവരാഗം പറയുന്നതു കേട്ടാൾ മെലിയുമെന്നുള്ളത് ഉറപ്പാണ്.

തൂക്കം കൂടുന്ന കാര്യത്തിൽ രണ്ടു ഘടകങ്ങളെ പറ്റി ആലോചിച്ചാൽ മതി- കാലറി അകത്തോട്ട്, കാലറി പുറത്തോട്ട്. കാലറി അകത്തോട്ടു കൂടിയാൽ തൂക്കം കൂടും. പുറത്തോട്ടു കൂടിയാൽ തൂക്കം കുറയും.

ഇവൻ അകത്തോട്ടു വരുന്നത് ഭക്ഷണത്തിലൂടെ. പുറത്തോട്ടു പോകുന്നത് വ്യായാമത്തിലൂടെ. ഭക്ഷണം കുറച്ചോ വ്യായാമം കൂട്ടിയോ മെലിയാൻ പറ്റും. രണ്ടും കൂടി ആയാൽ പെട്ടെന്നു മെലിയാം.

ചില അന്നജ ഭക്ഷണങ്ങൾ നമ്മളെ കൂടുതൽ കഴിക്കാൻ പ്രേരിപ്പിക്കും. ഉദാ: ഉരുളക്കിഴങ്ങ് ചിപ്സ്. ഇവൻ അകത്തേക്കു ചെന്നാൽ രക്തത്തിൽ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് പെട്ടെന്നു കൂടും. അതു കുറക്കാൻ ശരീരം ഉടനെ ഇൻസുലിൻ ചാമ്പിച്ചു വിടും. ഗ്ലുക്കോസ് പെട്ടെന്നു കുറയും. വിശക്കുന്നതു പോലെ തോന്നും. അങ്ങനെ തീറ്റ തുടർന്നു കൊണ്ടെ ഇരിക്കും.

കഴിവതും പൂർണ്ണ ധാന്യങ്ങൾ (whole grain) കഴിക്കുക. ഉദാ: അധികം തവിടു കളയാത്ത ഗോതമ്പു പൊടി. മൈദ ഉപയോഗിക്കുകയേ അരുത്. വെളുത്ത ബ്രെഡ്ഡും ഉപേക്ഷിക്കുക.

വയർ നിറഞ്ഞാലും തലച്ചോർ അതറിയാൻ കുറച്ചു സമയം എടുക്കും. അതിനാൽ സാവധാനത്തിൽ കഴിക്കുക.

ഒരു വാഴപ്പഴമോ ഓറഞ്ചോ കഴിച്ചിട്ട് പ്രധാന ഭക്ഷണത്തിലേക്കു കടക്കുക. ഭക്ഷണത്തിന്റെ അളവു കുറക്കൻ സഹായിക്കും. ചോറിനു പകരം കഞ്ഞി ആക്കുക. വയറു പെട്ടെന്നു നിറയുകയും കാലറി അകത്തേക്കു കുറയുകയും ചെയ്യും.

കുടമ്പുളിയുടെ അകത്തുള്ള hydroxy citric acid കൊഴുപ്പിനെ പ്രതിരോധിക്കുമെന്നു പറയുന്നു. കുടമ്പുളി കഴിച്ചാൽ മെലിയുമോ എന്നറിയില്ല.

പതിവായ വ്യായാമം പ്രധാനം. കാലറി കത്തിച്ചു കളയുന്നതിനു പുറമേ ഭക്ഷണത്തോടുള്ള ആഗ്രഹത്തെ പ്രധിരോധിക്കുവാനുള്ള മനശ്ശക്തിയും നൽകും. സൂര്യനമസ്കാരം ഏതു കാലാവസ്ഥയിലും വീട്ടിനകത്തു വച്ചു ചെയ്യാവുന്ന ഒന്നാണ്.

കണക്കൻ said...

കുമ്പളങ്ങയ്ക്ക് ആംഗലമെന്താണാവോ. നിക്ക് ഇപ്പൊ തടി കുറയ്ക്കേണ്ടതില്ല. ന്നാലും ഭാവിയിൽ വേണ്ടി വന്നാലോ?

ദേവന്‍ said...

സീയെസ്സ്, നന്ദി ( സംഗതി ഏട്ടാല്‍ കലേഷ് കല്യാണക്കുറി അയക്കും കേട്ടോ)

ഗണകരേ,
കുമ്പളങ്ങായെന്നാല്‍ ചാരത്തിലെ പീച്ചിങ്ങാ ആഷില്‍ ഗോഡ്- Ash gourd (Benincasa hispida)
http://www.pref.kyoto.jp/plant/migoro/1709/170902/kikaku/ki08.jpg

കുമ്പളത്തു ശങ്കുപ്പിള്ളയുടെ നാട്ടുകാരന്‍,
Divine Love(ദേവ രാഗമെന്നതും ഇംഗ്ലീഷിലാക്കി)

myexperimentsandme said...

കലേഷേ, അപ്പോ ടെക്നിക്ക് പിടികിട്ടിയല്ലോ.. രാവിലെ സെബാന്റെ സെബാന്റെ അമ്മിണിയുടെ കൂടെ പറമ്പിലേക്കിറങ്ങുക. അമ്മിണി തിന്നുന്നതൊക്കെ തിന്നുക. ദാഹിക്കുമ്പോൾ സെബ്ബോ എന്നുറക്കെ വിളിക്കുക. സെബാനോ അമ്മയോ നല്ല കാടിവെള്ളം കൊണ്ടുവന്നു തരും. അതങ്ങ് വലിച്ചു കുടിക്കുക. നല്ല ഒരു ഏമ്പക്കവും അടിച്ച് എവിടെയെങ്കിലും കിടന്നുറങ്ങുക. അയവിറക്കാൻ മറക്കരുതേ. അമ്മിണി ഇത്ര സ്മാർട്ടായിട്ടിരിക്കാൻ കാരണം അതാ..

ദേവേട്ടോ, അപ്പോ രണ്ടോ മൂന്നോ സദ്യയൊക്കെ ആവാമല്ലേ.

സംശയങ്ങൾ: ഈ ഇടക്കാലാശ്വാസ ഭക്ഷണങ്ങളായ നട്ട്സ്, വാൽ‌നട്ട്, ബിസ്ക്കറ്റ് എന്നിവയെപ്പറ്റി എന്താണഭിപ്രായം? അതുപോലെതന്നെ കട്ടൻ ചായ? നട്ട്/വാലിനെട്ട്, കട്ടൻ ചായ (ദിവസവും മൂന്നുപ്രാവശ്യമെങ്കിലും മിനിമം) അടിക്കാതെ വൈകുന്നേരമെത്തിക്കാൻ വലിയ പാട്).

ജീൻസിലും കുറച്ചു കാര്യമുണ്ടോ? ഇവിടുത്തുകാർ ഇറച്ചിയും മീനും നല്ലപോലെ അടിച്ചുകയറ്റുന്നുണ്ട്. എന്നാലും ജീവിതദൈർഘ്യം ഏറ്റവും കൂടുതൽ ഇവിടുത്തെ അമ്മൂമ്മപ്പൂപ്പന്മാർക്ക്. സോയാകൊണ്ടുള്ള കലാപരിപാടികൾ കുറെ ഉണ്ടിവിടെ. അതിനെന്തെക്നിലും ഇഫക്ട് ഉണ്ടോ? ഇവരുടെ എണ്ണടെക്നോളജിയെപ്പറ്റി അറിയാൻ വയ്യ. ആറിനെയും അറുപതിനെയും തിരിച്ചറിയാൻ‌മേലാ എന്നുമാത്രം. ഒരു ചെറിയ കയറ്റം പോലും കിതച്ച് വലിച്ച് ജിടൻഷാ തള്ളിക്കൊണ്ട് പോകുമ്പോൾ അമ്മൂമ്മമാരൊക്കെ കൂളായിട്ട് ജിടൻഷായും ചവുട്ടിക്കൊണ്ട് പായുന്നു. അതിനിടയ്ക്കും നമ്മളെ കാണുമ്പോൾ കുനിയാനും നിവരാനും അവർക്കൊന്നും ഒരു ബുദ്ധിമുട്ടുമില്ല.

myexperimentsandme said...

ഡബിൾ സെബാനെ സിംഗിൾ സെബാനായി വായിപ്പാനപേക്ഷ. പ്രത്യേകിച്ചും, സിംഗിളായ കലേഷ്.

വര്‍ണ്ണമേഘങ്ങള്‍ said...

എന്റെ ഒരു മെലിഞ്ഞ്‌ ഉണങ്ങി കറുത്ത്‌ വെളുത്ത്‌ തടിച്ച കൂട്ടുകാരൻ തടി കുറയ്ക്കാൻ വേണ്ടി ഡയറ്റ്‌ തുടങ്ങി..
ദിവസങ്ങളും ഡയറ്റും അനസ്യൂതം മുന്നോട്ട്‌ പോയി..
തടി കൂടുന്നതല്ലാതെ കുറയുന്നില്ല..
ഡോ യുടെ അടുത്തെത്തി..
എങ്ങനെയാ നിന്റെ ഡയറ്റ്‌?? ഡോ ആരാഞ്ഞു..
വളരെ ചിട്ടയോടെ,
രാവിലെ ലഖു ഭക്ഷണം
4 ഏത്തയ്യ്ക്കയും,ഒരു മുട്ടയും പാലും.
ഉച്ചയ്ക്ക്‌ രണ്ട്‌ മുട്ട മാത്രം
മറ്റൊന്നുമില്ല
വൈകിട്ട്‌ അതിന്റെ ക്ഷീണം തീർക്കാൻ വല്ലതും ഇത്തിരി കഴിയ്ക്കും
എന്താ ആ ഇത്തിരി??
ഒരു 8 പൊറോട്ടയും രണ്ട്‌ ബീഫ്‌ കറിയും... പിന്നെ എളുപ്പം ദഹിയ്ക്കാൻ ഒരു ഗ്ലാസ്‌ പാലും..!!!

ഡോ എഴുതി..
തടീ കുറയ്ക്കാൻ ഡയറ്റ്‌ ആദ്യം നിർത്തുക...!

ദേവന്‍ said...

സെബോന്റെ അമ്മിണിയെപ്പോലെ ഭക്ഷണം കഴിക്കേണ്ട കാര്യമില്ല വക്കാര്‍ജീ, പക്ഷേ വിശക്കുമ്പോളെല്ലാം അമ്മിണീനെ തല്ലിക്കൊന്ന് ആറുമാസം ഐസിലിട്ടു ചീയിച്ച് പിന്നെ പുഴുങ്ങി പിന്നെ കറിയിലിട്ട് പിന്നെ അരച്ച് പാറ്റിയാക്കി ബണ്ണില്‍ വച്ചു തിന്നണമെന്ന് വാശി പിടിക്കാന്‍ നമ്മളുടെ വയര്‍ ബ്ലാക്കിമോളുടെ മോഡല്‍ അല്ലന്നുകൂടെ ഓര്‍ക്കേണ്‍ജതുണ്ടെന്നേ പറഞുള്ളു. നിഹോണ്‍കാര്‍, എസ്കിമോകള്‍ ഒക്കെ ഇറച്ചി തീറ്റയുടെ ഉസ്താദ്മാരായിട്ടും ഹൃദ്രോഗം ഏഴയലത്തു പോകാത്തതിന്റെ രഹസ്യം ചീഞ്ഞതില്‍ താല്‍പ്പര്യമില്ലാത്തതും എണ്ണ തിളപ്പിച്ച് ഫ്രൈ ചെയ്യാത്തതും മാത്രമാണ്‍്. വിശദമായി ഇന്‍ഫ്ലമേഷന്‍ സിന്‍ഡ്രോം എന്ന അദ്ധ്യായം എഴുതുമ്പോള്‍. ജീന്‍സ് ഒരു ഘടകം ആണ് പക്ഷേ നമ്മള്‍ പലപ്പോഴും ഫാമിലി ട്രെഡിഷനുകള്‍ കൊണ്ടുണ്ടാവുന്ന രോഗങ്ങളെ (ഉദാഹരണം അപ്പന്‍ ബട്ടരും ബ്രെഡും തിന്നും എന്നും മോനും, രണ്ടും സ്റ്റ്രോക്ക് വന്നു തീരുന്നതിനു പാവം ജീനെന്തു പിഴച്ചു?) ലൈഫ് സ്റ്റൈല്‍ എന്നതിനു പ്രാധാന്യം വന്നപ്പോഴാണു ആളുകള്‍ ജീനിനു കൊടുത്ത അമിത പ്രാധാന്യം മനസ്സിലാക്കിയത്

സിദ്ധാര്‍ത്ഥന്‍ said...

സീയെസിന്റെ അന്നജപ്രേരിതവിശപ്പു് പുതിയ അറിവായി. പ്രകൃതി ജീവനമുപദേശിക്കുന്നവർ അതല്ല വിശപ്പു്, അതല്ല വിശപ്പു് എന്നു കൂടെ കൂടെ പറയുമ്പോൾ നേതി നേതി എന്നതു പോലെയേ തോന്നിയിരുന്നുള്ളൂ.


ദേവാ, ബ്ലാക്കി മോളെ കാണണമെങ്കിൽ അടയാളവാക്യം വേണമെന്നു് ബക്കറ്റ് പറയുന്നു. divinelove എന്നടിക്കട്ടോ?

വേറൊരു വഴി പണ്ടെപ്പോഴോ കേട്ടിട്ടുണ്ടു കലേഷേ. വളരെ നിസ്സാരമായി ചെയ്യവുന്നതാണത്രേ. അതിനു വ്യായാമം തേവയില്ലൈ കൂശനിക്കായും തേവയില്ലൈ, തല ഇങനെ വിലങ്ങനെ ആട്ടിയാൽ മാത്രം മതി. അതും എപ്പോഴും വേണ്ട. കാലത്തു്, വൈകീട്ടു്, നേരം പരപരാ വെളുക്കുമ്പോൾ, സൂര്യൻ കുന്തത്തോളം പൊങ്ങുമ്പോൾ, അന്തപ്പനന്തിയടിക്കാൻ പോകുമ്പോൾ എന്നിങ്ങനെ സമയനിഷ്ക്കർഷയുമില്ല. ആരെങ്കിലും ഭക്ഷണം വേണോ എന്നു ചോദിക്കുമ്പം മാത്രം അപ്രകാരം ചെയ്താൽ മതിയത്രേ :)

ദേവന്‍ said...

ബ്ലാക്കിയെന്നു കരുതി ചങ്ങലയിട്ടത് ഫോട്ടോബക്കറ്റിന്റെ പിടലിക്കായിരുന്നു സിദ്ധാർത്ഥാ അതാ തിരിച്ചറിയൽ കാർഡ് ചോദിച്ചത്
ബ്ലാക്കി ഗേൾ ഇവിടെ കിടപ്പുണ്ട്

ദേവന്‍ said...

testodu test

Adithyan said...

ആങ്ങനെ തന്നെ ടെസ്റ്റു ചെയ്തു കളിക്കാമെന്നു ആരും കരുതണ്ട... ഞാനുമുണ്ടു ടെസ്റ്റു ചെയ്യാൻ....രാവിലെ വക്കാരി ടെസ്റ്റുമ്പോ കൂടെ ടെസ്റ്റാൻ പറ്റാത്തതിന്റെ വിഷമം ഒന്നു തീർത്തോട്ടെ...

ടെസ്റ്റോട്‌ ടെസ്റ്റ്‌...

BTW, നമ്മളെന്താ ടെസ്റ്റു ചെയ്യുന്നെ?

ദേവന്‍ said...

ആദിത്യോ,
ബ്ലോഗ്ഗ് സെന്റും കമന്റുസെന്റും pinmozhikal@ജീമെയിൽ ആക്കിയശേഷം ഞാൻ ബ്ലോഗ്ഗിയത് പൊന്തിയില്ല. കമന്റെൻകിലും വരുന്നോന്നു നോക്കിയതാ. എന്റെ രണ്ടു ബ്ലോഗ്ഗുകളും മിണ്ടുന്നുണ്ട്.. മൂന്നമതതേത് ഊമയായി..