Saturday, March 08, 2008

എങ്ങനെ രക്താതിസമ്മര്‍ദ്ദം ചെറുക്കാം- 3

നിങ്ങള്‍ ഒരു ഫാക്റ്ററിയുടെ പര്‍ച്ചേസര്‍ ആണെന്ന് വയ്ക്കുക. ആ ഫാക്റ്ററിക്ക് വേണ്ട അസംസ്കൃത വസ്തുക്കള്‍ നിങ്ങളെത്തിച്ചാലേ അത് നടക്കൂ. മെയിന്റനന്‍സ് സാമഗ്രികല് നിങ്ങളെത്തിച്ചാലേ അറ്റകുറ്റപ്പണികള്‍ ചെയ്യാനാവൂ. കമ്പനിയുടെ പ്രമോട്ടര്‍ ആളു പുലിയായിരുന്നു, അദ്ദേഹം വസ്തുക്കള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടിനനുസരിച്ച് ഓരോ വസ്തുവിന്മേലും നിങ്ങള്‍ക്ക് കമ്മീഷന്‍ വച്ചിരിക്കുന്നു. അനാവശ്യമായതിനു കമ്മീഷനില്ല, അത്യാവശ്യമുള്ളതും ദുര്‍ലഭമായതിനും നല്ല പണം തരും.

പക്ഷേ നിങ്ങളാരാ വീരന്‍! അതിശക്തമായ ലോജിസ്റ്റിക്ക് സിസ്റ്റമുണ്ടാക്കിയും അസംസ്കൃതവസ്തുക്കളിന്മേല്‍ മറിമായം നടത്തിയും ഉയര്‍ന്ന കമ്മീഷന്‍ കിട്ടുന്ന സാധനങ്ങളുടെ നിരന്തരവും അനായാസവുമായ ലഭ്യത ഉറപ്പാക്കി നിങ്ങള്‍ കൂറ്റന്‍ കമ്മീഷന്‍ വാരിക്കോരി കൂട്ടുകയാണ്‌.

നല്ല ഇടപാട് ആണോ ഇത്? മാക്സിമം സ്റ്റോക്ക് ലെവല്‍ കഴിഞ്ഞും എത്തിയ ലോഡ് ഗോഡൗണില്‍ വയ്ക്കാന്‍ സ്ഥലമില്ലാതേ പണിക്കാര്‍ ഇടനാഴികളിലും കോണിച്ചുവട്ടിലും എം ഡിയുടെ മുറിയിലും കൊണ്ടിറക്കി വച്ചു. കമ്മീഷന്‍ കുറഞ്ഞ സാധനങ്ങള്‍ കിട്ടാനില്ലാതെ പ്ലാന്റ് മാനേജറന്മാര്‍ പച്ചത്തെറി പറഞ്ഞു. ഫലമില്ലാതെ വന്നപ്പോള്‍ കിട്ടിയ മണ്ണെണ്ണയും മഴവെള്ളവും കൊണ്ട് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് അതിനൊക്കെ കേടുവരുത്തി. അറ്റകുറ്റപണികള്‍ക്കുള്ള സാധനങ്ങള്‍ കമ്മീഷനില്ലാതെ വരവു നിലച്ചു. കൂനിന്റെ മോളില്‍ കുരുവെന്നു പറഞ്ഞതുപോലെ വിറ്റുവരവും കുറവായ കാലം വന്നു. ഓര്‍ക്കുക, ഫാക്റ്ററി അടച്ചു പൂട്ടിയാല്‍ പിന്നെ നിങ്ങള്‍ക്ക് ജോലിയുമില്ല കമ്മീഷനുമില്ല.

സ്വാദാണ്‌ നിങ്ങളുടെ കമ്മീഷന്‍ എന്ന് പറയേണ്ടതില്ലല്ലോ. നല്ല കച്ചവടമുള്ള, ആക്റ്റീവ് ആയ ശരീരത്തിനു ധാരാളം ഊര്‍ജ്ജം വേണം (അത്ര ആക്റ്റീവ് അല്ലെങ്കിലും വേണം കേട്ടോ).
കൊഴുപ്പ്, അന്നജം, മധുരം തുടങ്ങിയ അസംസ്കൃതവസ്തുക്കള്‍ക്ക് നല്ല കമ്മീഷന്‍ കിട്ടുന്നതില്‍ അതിശയിക്കാനില്ല. പക്ഷേ ഇന്‍സന്റീവ് സ്കീം തുടങ്ങിയ കാലമല്ല ഇന്ന്. ഇന്ന് കൃഷിയുണ്ട്, കന്നുകാലി കോഴിവളര്‍ത്തലുണ്ട് അതിലെല്ലാം ഉപരിയായി കച്ചവടം ഉണ്ട്. പൈസ കൊടുത്താല്‍ വാങ്ങിത്തിന്നാന്‍ പറ്റാത്തതൊന്നുമില്ല. കോഴിയെത്തിന്നണമെങ്കില്‍ കുന്തവും കവണയുമായി ഒരു കാട്ടിലും ഓടണ്ടാ, നിരാശനായി മടങ്ങുകയും വേണ്ട. ആ ടീവി റിമോട്ട് താഴെ വച്ച് മൊബൈല്‍ ഫോണ്‍ എടുത്ത് കെ എഫ് സി നംബര്‍ ഞെക്കുകയേ വേണ്ടൂ. നാലോ നാല്പ്പതോ കോഴി വറുത്തും പൊരിച്ചും മടിയിലെത്തും, പണത്തിന്റെ ഒരു ശക്തിയേ.

കമ്മീഷന്‍ വേണം, എന്നാല്‍ ഫാക്റ്ററി അതിന്റെ പേരില്‍ പൂട്ടിയാല്‍ താന്‍ ചത്തു മീന്‍ പിടിക്കലാവും. അല്ലാ എന്താണ്‌ നമ്മുടെ ഫാക്റ്ററി നടത്താന്‍ ദൈനം ദിനം വേണ്ടത്? കണ്‍സ്റ്റ്രക്ഷനൊക്കെ കഴിഞ്ഞ് ഫുള്‍ കമ്മീഷനിങ്ങ് നടത്തിയ ഫാക്റ്ററി ആണെങ്കില്‍?

കൊഴുപ്പ് പഞ്ചസാര അന്നജം ജലം മാംസ്യം ഒക്കെ വേണം. പിന്നെ മനസ്സില്‍ ഓടിവരിക വൈറ്റമിനാണ്‌ (പരസ്യങ്ങളുടെ ഒരു ശക്തിയേ, സ്വാഭാവികമായി കിട്ടണം എന്നു കൂടി പരസ്യത്തിലുണ്ടായിരുന്നെങ്കില്‍)
daily requirement കണക്കുകള്‍ മൈക്രോ ഗ്രാമില്‍:
മുന്നറിയിപ്പ്: സ്വാഭാവികമായുള്ള രീതിയിലല്ലാതെ മരുന്നായോ സപ്പ്ലിമെന്റായോ ധാതുക്കളും വൈറ്റമിനുകളും ഉള്ളിലാക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിയല്ല,ഡോക്റ്റര്‍ ഇങ്ങോട്ടാവശ്യപ്പെട്ടാലല്ലാതെ ചെയ്യുകയും അരുത്.(എന്താണു വത്യാസമെന്ന് അടുത്ത അദ്ധ്യായത്തില്‍ പറയുന്നുണ്ട്) പല ധാതുക്കളും അസ്വാഭാവിക കോണ്‍സണ്ട്റേഷനില്‍ മരണകരിയായേക്കാം. വൈറ്റമിന്‍ ഓവര്‍ഡോസ് പോലും ആപത്കരമാണ്‌.
1.റെറ്റിനോള്‍ (ഏ) - 600
2. തയമിന്‍ (ബി ഒന്ന്) -1000+
3. റൈബോ‌ഫ്ലാവന് ( ബി രണ്ട്) -1200
4. നയസിന്‍ (ബി മൂന്ന്)- 1500
5. പാന്റോഥിനിക്ക് ആസിഡ് (ബി അഞ്ച്)-1000+
6. പൈറിഡോക്സിന്‍- (ബി ആറ്‌) -2000
7. ബയോട്ടിന്‍ (ബി എട്ട്) -100
8. ഫോളിക്ക് ആസിഡ് (ബി ഒമ്പത്)- 100+
9. കൊബളാമിന്‍ (ബി പന്ത്രണ്ട്) -1
10. കോളിന്‍-1000
11. ഇനോസിറ്റൊള്‍-1000
12. അസ്കോര്‍ബിക്ക് ആസിഡ് (സി) -4000+
13. വൈറ്റമിന്‍ ഡി- 10
14.ടോക്കഫെറോള്‍ (ഈ)- 1500
15. വൈറ്റമിന്‍ കെ- 75

ഒരു ശരാശരിക്കണക്കാണ്‌, വിട്ടുപോയതു മുതല്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്തതുവരെയുള്ള സംഭവങ്ങളുണ്ടാവും. നമുക്കറിയില്ലെങ്കിലും ശരീരത്തിനതൊക്കെയറിയാം. ആയിരക്കണക്കിനാണ്‌ ഉപയോഗം ഇവയുടെ. എല്ലാം അറിയില്ല, അറിയുന്നതു പോലും എഴുതണമെങ്കില്‍ ഓരോന്നും ഓരോ അദ്ധ്യായമാക്കണം. നമ്മുടെ വിഷയം രക്തസമ്മര്‍ദ്ദമാണല്ലോ, അതിനാല്‍ അതുമായി ബന്ധപ്പെട്ട ചിലത് (എല്ലാമില്ല, മനസ്സില്‍ വരുന്നവ മാത്രം) സൂചിപ്പിച്ച് പോകാം വൈറ്റമിന്‍ ഏ- സിരകളുടെ കാപ്പിലറൈസേഷനും ഓക്സിജന്‍ സ്വീകരിക്കാനുള്ള മ്യൂക്കസ് ലൈനിങ്ങ് ഉണ്ടാക്കാനും, ബി ഒന്ന്-ഹൃദയത്തിന്റെ റിപ്പയറിന്‌, ബി രണ്ട്- അഡ്രിനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന്‌, ബി മൂന്ന്-സ്വസ്ഥത മുതല്‍ കൊളസ്റ്റ്റോള്‍ കൂടാതിരിക്കാന്‍ വരെ, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, ബി അഞ്ച്- അമിനോ ആസിഡുകള്‍ ആവശ്യത്തിനു കൊടുത്ത് പിറ്റ്യൂട്ടറി- അഡ്രിനലാദികളുടെ സ്രവങ്ങള്‍ നിയന്ത്രിക്കാന്‍, ബി ആറ്‌ വിളര്‍ച്ച ചെറുക്കാന്‍, ബയോട്ടിന്‍ ഹൃദയവും ധമനികളിലും ടിഷ്യൂകള്‍ ആരോഗ്യത്തിലിരിക്കാന്‍, ഫോളിക്ക് ആസിഡ്, ആവശ്യത്തിനു ചുവന്ന രക്താണുക്കളും നല്ല കോശങ്ങളും ഉണ്ടാകാന്‍, ബി പന്ത്രണ്ട് ഏകദേശം ആറിന്റെ ജോലി, കോളിന്‍- കരളിന്റെ ആരോഗ്യം വഴി കൊളസ്റ്റ്റോള്‍ അടക്കം സ്രവങ്ങള്‍ ആവശ്യത്തിനു മാത്രം ഉണ്ടാക്കാന്‍, നിയന്ത്രിക്കാന്‍, ഇന്‍സോസിറ്റോള്‍ കരളില്‍ കൊഴുപ്പടിയാതിരിക്കാന്‍, സി- അഡ്രിനല്‍, തൈറോയിഡ് ഗ്രന്ഥികള്‍ നശിക്കാതിരിക്കാന്‍ മുതല്‍ ഒരുപാട്, ഡി രക്തത്തിലെ കാത്സ്യം തോത് നിയന്ത്രിക്കാന്‍, ഈ- ധമനികള്‍ കട്ടിപിടിക്കാതിരിക്കാന്‍, കെ- രക്തക്കട്ടകളുണ്ടായി ശരീരകോശങ്ങള്‍ മരിക്കാതിരിക്കാന്‍... ഈ ലിസ്റ്റിനു ഒരന്തവുമില്ല, വെറും ഉദാഹരണങ്ങളഅണ്‌ നമ്മുടെ ഫാക്റ്ററിക്ക് ആവശ്യത്തിനു വൈറ്റമിനുകള്‍ കിട്ടിയില്ലെങ്കില്‍ രക്തസമ്മര്‍ദ്ദത്തിന്‌ എന്തു സംഭവിക്കും എന്നതിന്‌.

അടുത്തത് മിനറലുകള്‍ (ധാതു എന്നു തന്നെയോ മലയാളം എന്ന് ഉറപ്പില്ല അറിയുന്നവര്‍ പറഞ്ഞു തരണേ)
മുഖ്യ മിനറലുകള്‍ ദൈനം ദിനാവശ്യത്തിന്‌ മില്ലിഗ്രാമില്‍
1. ബോറോണ്‍- 2 - ശരീരം റ്റ്യൂമറുകളും സിസ്റ്റുകളും ഉണ്ടാക്കാതിരിക്കാന്‍
2.കാത്സ്യം- 400 - രക്തസ്രാവവും വിളര്‍ച്ചയും ഉണ്ടാകാതിരിക്കാന്‍
3.ക്ലോറിന്‍- 300 - കൊഴുപ്പടിയാതെ ഇരിക്കാന്‍
4.ക്രോമിയം 0.002 - മെറ്റബോളിസം നടക്കാന്‍
5.ചെമ്പ്- 200 - വൃക്കകളും കരളും ഹൃദയവും ആരോഗ്യത്തോടെ പ്രവര്‍ത്തിക്കാന്‍
6.അയഡിന്‍- 0.015 - ഹോര്‍മോണുകള്‍ രക്തത്തില്‍ നിയന്ത്രിക്കപ്പെടാന്‍
7.ഇരുമ്പ്- 200+ ചുവന്ന രക്താണുക്കള്‍ക്ക്
8.മഗ്നീഷ്യം- 350 കൊളസ്റ്റ്റോള്‍ നിയന്ത്രിക്കാനും ധമനീരോഗം ചെറുക്കാനും
9.മാംഗനീസ്- 2+ - മെറ്റബോളിസം നടക്കാന്‍
10. മോളിബ്ഡെനം 0.005- മെറ്റബോളിസം നടക്കാന്‍
11.ഫോസ്ഫറസ് - 800- ശരീര പി എച്ച് ബാലന്‍സിന്‌
12. പൊട്ടാസ്യം - 1 - ശരീര പി എച്ച് ബാലന്‍സിന്‌
13. സെലിനിയം - 0.005 - ഹൃദയാരോഗ്യത്തിന്‌
14.സിലിക്കോണ്‍- ട്രേസ്- ശരീരതാപനിയന്ത്രത്തിനായുള്ള ധമനീചുരുക്കവികാസത്തിന്‌
15.സോഡിയം 1000+- രക്തസമ്മര്‍ദ്ദ നിയന്ത്രണത്തിന്‌
16.ഗന്ധകം- ട്രേസ്- കരളിന്റെ പ്രവര്‍ത്തനത്തിന്‌
17.വനേഡിയം- ട്രേസ്- ഹൃദയാരോഗ്യത്തിന്‌
18.നാകം- ട്രേസ്- എന്‍സൈം നിയന്ത്രാത്തിന്‌

അമിനോ ആസിഡുകള്‍
1.അര്‍ജ്ജിനിന്‍- മെറ്റബോളിസത്തിന്‌, വൃക്കകളുടെ പ്രവര്‍ത്തനത്തിന്‌
2.ഹിസ്റ്റിഡിന്‍- കോശനിര്‍മ്മാണത്തിന്‌
3.ഐസോല്യൂസിന്‍- പിറ്റ്യൂട്ടറി ഗ്രന്ഥിക്ക്
4.ല്യൂസിന്‍-പ്രോട്ടീന്‍ നിര്‍മ്മാണം
5.ലൈസിന്‍-രോഗനിയന്ത്രണം
6.മെഥിയൊനിന്‍- കരളിന്റെ പ്രവര്‍ത്തനത്തിന്‌
7.ഫെനിലലനിന്‍- വൃക്കളുടെ പ്രവര്‍ത്തനത്തിന്‌
8.ത്രയോനിന്‍- കരളില്‍ കൊഴുപ്പടിയാതിരിക്കാന്‍
9.ട്രൈറ്റോഫന്‍- മെറ്റബോളിസത്തിന്‌
10.വാലിന്‍- നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തിന്‌

പ്രിയ പര്‍ച്ചേസര്‍, താങ്കള്‍ കമ്പനിയുടെ നല്ലതിനാണോ ശ്രമിക്കുന്നത് ? നമുക്ക് അടുത്ത ഭാഗത്തില്‍ നോക്കാം.
(അരമണിക്കൂറില്‍ പരമാവധി കാര്യം എഴുതുക എന്ന രീതിയില്‍ നിര്‍മ്മിക്കുന്ന പോസ്റ്റുകളാണ്‌, അതിനാല്‍ പുസ്തകങ്ങള്‍ നോക്കാതെ ഓര്‍മ്മയില്‍ നിന്നുമാണ്‌ മിക്കതും . എഴുതുന്നയാള്‍ വിഷയത്തിലെ വിദഗ്ദ്ധനുമല്ല. വസ്തുതാപരമോ ആശയപരമോ ആയ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ദയവായി ചൂണ്ടിക്കാട്ടുക (അക്ഷര-വ്യാകരണത്തെറ്റുകളും :) )

2 comments:

ഹരിത് said...

ചുമ്മാ പേടിപ്പിക്കാതെ ദേവാ....
ഇന്‍ഫൊര്‍മേറ്റിവ് പോസ്റ്റ്:)

അപ്പു ആദ്യാക്ഷരി said...

ദേവേട്ടാ, ഇതൊക്കെ വായിച്ചു ആകെ തലകറങ്ങുന്നു (പ്രഷറ് ഒന്നു നോക്കണോ...?) തമാശനിലക്കട്ടെ. ചുരുക്കത്തില്‍ വാരിവലിച്ചു തിന്നാതെ സമീകൃതാഹാരം കഴിക്കുന്നതു നല്ലതാണെന്നു സാരം. ഒരു സമീകൃതാഹരക്രമം ഈ പോസ്റ്റുകള്‍ക്കൊടുവില്‍ പ്രതീക്ഷിക്കാമല്ലോ അല്ലേ.