Monday, June 15, 2009
ഭക്‌ഷ്യ സുരക്ഷ- അവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുതിര്‍ന്ന ആരോഗ്യവാനായ ഒരു മനുഷ്യനു അതിജീവിക്കാന്‍ പറ്റുന്നത്ര ലഘുവായ ഭക്‌ഷ്യ വിഷബാധ പോലും കുട്ടികള്‍ക്ക് മാരകമായി തീര്‍ന്നേക്കാം എന്നതാണ് മരണം കൂടുതലും കുട്ടികളില്‍ ആകാന്‍ കാരണം. ചൂടുകാലം ഭക്ഷണം വേഗം അണുബാധിതമാകുന്ന കാലമാണെന്നും സമ്മറില്‍ ശരാശരി പ്രതിദിനം അഞ്ചു ഭക്-ഷ്യ വിഷബാധ രോഗികളെ തങ്ങള്‍ക്ക് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരാറുണ്ടെന്നും ഒരു ആശുപത്രിയുടെ അധികാരി പറയുകയുണ്ടായി.
ഭക്ഷണം ഇരുന്നു ചീത്തയായാല്‍ പിന്നെ അതു കഴിക്കരുത് എന്നല്ലാതെ ഭക്‌ഷ്യസുരക്ഷയെപ്പറ്റി അധികമാരും ഒന്നും അറിഞ്ഞു വയ്ക്കാറില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം.
ഭക്ഷ്യ വിഷബാധ പ്രധാനമായും മൂന്നു തരത്തിലാണ് ഉണ്ടാകുക.
1. ഭക്ഷണത്തിലെ അണുക്കള്‍- രോഗമുളവാക്കുന്ന ബാക്റ്റീരിയകളും വൈറസുകളും ശരീരത്തില്‍ പ്രവേശിക്കുക വഴി (infection)
2. ഭക്ഷണത്തില്‍ പ്രവേശിച്ച സൂക്ഷ്മാണുക്കളും പൂപ്പലും ഉതിര്‍ക്കുന്ന വിഷവസ്തുക്കള്‍ ശരീരത്തില്‍ കടക്കുക (food intoxication)
3. വിഷമയമായ വസ്തുക്കള്‍- കീടനാശിനികള്‍, മറ്റു രാസവസ്തുക്കള്‍ എന്നിവ ഭക്ഷണത്തില്‍ അബദ്ധത്തില്‍ കലര്‍ന്നു പോകുക വഴി ( chemical contamination)
സര്‍വ്വസാധാരണമായ അണുബാധകള്‍ സാല്‍മൊണെല്ല, ലിസ്റ്റീരിയ തുടങ്ങിയവയും ട്രാവലേര്‍സ് ഡയറിയ തുടങ്ങി അമേദ്ധ്യവും ഭക്ഷണവും തമ്മില്‍ ബന്ധപ്പെട്ടു പോകല്‍ വഴി ഉണ്ടാവുന്ന രോഗവും ആണെങ്കിലും, വളരെയേറെ തരം അണു-വൈറസ് ബാധകള്‍ ഭക്ഷണജന്യമായി ഉണ്ടാകാറുണ്ട്.
യു ഏ ഈയില്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഭക്‌ഷ്യവിഷബാധകള്‍ ഏതാണ്ട് എല്ലാം തന്നെ റെസ്റ്റോറണ്ടുകളില്‍ - പ്രധാനമായും ചെറുകിട റെസ്റ്റോറന്റുകളില്‍ നിന്നും ഭക്ഷണം കഴിച്ചവരുടേതാണ് ."കഫെറ്റീരിയ ബാക്റ്റീരിയ" എന്ന് ഡോക്റ്റര്‍മാര്‍ ഇരട്ടപ്പേര്‍ വിളിക്കുന്ന clostridium perfringens സാധാരണയായി ഉണ്ടാകുന്നത്, പാചകം ചെയ്ത് വളരെ നേരം കഴിഞ്ഞ ഭക്ഷണം ഉള്ളില്‍ ചെന്നാണ്. ഒരു പക്ഷേ അതാവാം കാരണം. വൃത്തിഹീനമായ പാചകം, പാത്രങ്ങള്‍, വെള്ളം, സുരക്ഷിതമായി സൂക്ഷിക്കാത്ത അസംസ്കൃത പദാര്‍ത്ഥങ്ങള്‍ എന്നിവമൂലവും ആകാം.
ഭക്‌ഷ്യവിഷബാധ, അതേതു കാരണങ്ങള്‍ കൊണ്ടായാലും ഉണ്ടാകാതെ ഇരിക്കാന്‍ നമുക്ക് ചെയ്യാവുന്ന കാര്യങ്ങളില്‍ പ്രധാനമായത്:
പുറത്തെ ഭക്ഷണം
1. കഴിവതും ഭക്ഷണം പുറത്തു നിന്നും കഴിക്കാതെയിരിക്കുക- പ്രത്യേകിച്ച് ചൂടുകാലത്ത്. കുട്ടികളുടെ കാര്യത്തില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കുക.
2. കുട്ടികളുമൊത്ത് ഭക്ഷണം പുറത്തു നിന്നും കഴിക്കേണ്ടി വന്നാല്‍ വന്‍കിട ഹോട്ടലുകളില്‍ നിന്ന്, അപ്പോള്‍ പാചകം ചെയ്ത് അപ്പോള്‍ തന്നെ കഴിക്കാവുന്നവ തെരഞ്ഞെടുക്കുക. ഇത് അധികച്ചിലവ് ആണെന്ന് തോന്നേണ്ടതില്ല. കുട്ടികളുടെ മറ്റുചിലവുകള്‍ (താമസം, വസ്ത്രം, വിദ്യാഭ്യാസം, ചികിത്സ) അപേക്ഷിച്ച് ഇത് തീരെ ചെറുതാണ്. പുറത്തു നിന്നും കഴിക്കുന്നതിന്റെ ഇടവേള കൂട്ടി ചിലവു കുറയ്ക്കുകയാണ് ഉത്തമം. രണ്ടു രീതിയില്‍ ഇത് റിസ്ക് കുറയ്ക്കുന്നു.
3. ചെറുകിട കഫറ്റീരിയകള്‍- പ്രത്യേകിച്ച് പാചകം ചെയ്ത് കഴിക്കാന്‍ ആളെക്കാത്തിരിക്കേണ്ട വിധമുള്ള കാര്യങ്ങള്‍ (ഷവര്‍മ്മ, ഗ്രില്‍, ഫ്രൈ), ഫ്രോസണ്‍ ഭക്ഷണം ചൂടാക്കി തരുന്നവര്‍ (റെഡി റ്റു പിക്ക് ചൈനീസ്, ഹോട്ട് ഡോഗ്, സാന്‍ഡ്വിച്ച്) എന്നിവ ഒഴിവാക്കുക.
4. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെ മിക്കവയും സാലഡുകള്‍ ഉണ്ടാക്കുന്നത് ക്രോസ് കണ്ടാമിനേഷന്‍ ഒഴിവാക്കിയും, മാലിന്യങ്ങള്‍ വേണ്ടുന്നത്ര കഴുകിയും പീല്‍ ചെയ്തും അല്ലെന്ന് ഓര്‍മ്മിക്കുക. കഴിവതും സലാഡുകള്‍ വീട്ടിനു പുറത്ത് ഒഴിവാക്കുക- കുട്ടികള്‍ പ്രത്യേകിച്ചും.
5. പുറത്തു നിന്നും വെള്ളം കുടിക്കേണ്ടി വരുമ്പോള്‍ ഡ്രിങ്കിങ്ങ് വാട്ടര്‍ ക്വാളിറ്റിയുള്ളത് (മിനറല്‍ വാട്ടര്‍ ആകണമെന്നില്ല) മാത്രം സീല്‍ഡ് പരുവത്തില്‍ വാങ്ങുക.
പാചകം
1. പച്ചക്കറി, മാംസം, മത്സ്യം തുടങ്ങുന്നവ വാങ്ങുമ്പോള്‍ അത് വൃത്തിയായും സുരക്ഷിതമായും സൂക്ഷിച്ചവയാണെന്ന് ഉറപ്പു വരുത്തുക. പല ചെറു ഗ്രോസറികളും രാത്രി കടപൂട്ടുന്നതോടൊപ്പം ഫ്രീസറുകളും മറ്റും ഓഫ് ചെയ്ത് വൈദ്യുതി ലാഭിക്കാറുണ്ട്- ഇത് ഭക്ഷ്യവിഷബാധയുടെ സാദ്ധ്യത പലമടങ്ങ് കൂട്ടുന്നു.
2. മീന്‍ കഴിവതും ഫ്രഷ് ആയി വാങ്ങുക, വാങ്ങിയാല്‍ ഉന് പാചകം ചെയ്യുക. ഫ്രോസണ്‍ മീനുകള്‍ ഡെഫ്രീസ് ചെയ്താണ് ചിലര്‍ വില്‍ക്കുന്നത്. അങ്ങനെയുള്ളത് യാതൊരു കാരണവശാലും വാങ്ങി ഫ്രിഡ്ജില്‍ വീണ്ടും ഫ്രീസ് ചെയ്യാന്‍ വയ്ക്കരുത്.
3. സുരക്ഷിതമായ വെള്ളം മാത്രം പാചകത്തിന് ഉപയോഗിക്കുക. ദുബായിലെ ടാപ്പ് വെള്ളം പാനയോഗ്യമാണെന്ന് അധികാരികള്‍ ഉറപ്പു തരുന്നുണ്ട്, പക്ഷേ കെട്ടിടങ്ങളുടെ ടാങ്കുകള്‍ എത്രമാത്രം വൃത്തിയും സുരക്ഷിതത്വവും ഈ വെള്ളത്തിനു തരുമെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക.
4. മീന്‍, മുട്ട, ഫ്രിഡ്ജില്‍ വച്ചവ എന്നിവ ഷോപ്പിങ്ങിന്റെ അവസാനം മാത്രം വാങ്ങുക, വാങ്ങിയാല്‍ പിന്നെ നേരേ വീട്ടില്‍ പോകുക. പോയാല്‍ ഉടന്‍ ഇവ ഫ്രിഡ്ജില്‍ വേണ്ട സ്ഥാനത്ത് തന്നെ വയ്ക്കുക.
5. പാല്‍, മുട്ട, ഇറച്ചി, മീന്‍ എന്നിവ മറ്റു ഷോപ്പിങ്ങ് സാമഗ്രികളുമായി കൂട്ടിത്തൊടാതെ ശ്രദ്ധിക്കുക. ഇവ കൈകൊണ്ട് തൊട്ടാല്‍ കൈ സോപ്പിട്ട് കഴുകുക.
6. പൊട്ടിയതോ ലീക്ക് ചെയ്യുന്നതോ സെക്യൂരിറ്റി സീല്‍ പോയതോ ആയ യാതൊന്നും വാങ്ങാതെ ശ്രദ്ധിക്കുക.
7. കാഴ്ചക്ക് ഫ്രഷ് അല്ലെന്നു തോന്നുന്നവ, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞവ എന്നിവ വാങ്ങരുത്.
8. ചൂടുകാലത്തേക്ക് ഫ്രിഡ്ജ് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും- വര്‍ഷത്തില്‍ എല്ലാ കാലവും ഫ്രിഡ്ജ് 40 ഡിഗ്രീ എഫ്, ഫ്രീസര്‍ കമ്പാര്‍ട്ട്മെന്റ് 0 ഡിഫ്രീ എഫ് എന്ന താപനിലയില്‍ ആയിരിക്കണം.
9. അണ്‍ഫ്രീസ് ചെയ്യുന്നത് എന്തായാലും അപ്പോള്‍ തന്നെ പാചകം ചെയ്യണം
10. കട്ടിങ്ങ് ബോര്‍ഡുകള്‍, കത്തികള്‍ എന്നിവ ഇറച്ചി മുട്ട മീന്‍ എന്നിവ വെട്ടാന്‍ ഉപയോഗിച്ചാല്‍ അത് സോപ്പിട്ട് കഴികുക. ഇടയ്ക്കിടെ ചോപ്പിങ് ബോര്‍ഡ് ക്ലോറിന്‍ ഉപയോഗിച്ചു കഴുകുക.
11. ഇറച്ചിയും മീനും മുറിച്ചാല്‍ മറ്റെന്തെങ്കിലും എടുക്കും മുന്നേ കൈ സോപ്പിട്ട് കഴുകുക.
12.പാചകം ചെയ്തത് എന്തും രണ്ടു മണിക്കൂറിനുള്ളില്‍ തീര്‍ന്നില്ലെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
13. ഫ്രിഡ്ജിനുള്ളില്‍ പാചകം ചെയ്തതെന്തും ഭദ്രമായി മൂടി വയ്ക്കുക.
14. മൂന്നു ദിവസത്തിനപ്പുറം പാചകം ചെയ്ത യാതൊന്നും ഫ്രിഡ്ജില്‍ സൂക്ഷിക്കാതെയിരിക്കുക
15. ക്ലീനിങ്ങ് കെമിക്കലുകള്‍, ഡിഷ്‌വാഷ് ലിക്വിഡ് തുടങ്ങിയവയുടെ അംശങ്ങള്‍ പാത്രങ്ങളില്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക.
16. ഉപയോഗ ശേഷവും ഉപയോഗിക്കും മുന്നേയും എല്ലാ പാത്രങ്ങളും വൃത്തിയായി കഴുകി ഉണക്കി വയ്ക്കുക.
17. ഭക്ഷണത്തിനു മുന്നേയും ശേഷവും കൈ കഴുകുക, കുട്ടികളെ കൈ കഴുകിക്കുക.
18. ഐസ്ക്രീം, പച്ചക്ക് കഴിക്കുന്ന പാലുല്പ്പന്നങ്ങള്‍ എന്നിവ വാങ്ങുമ്പോള്‍ കഴിവതും അറിയപ്പെടുന്ന ബ്രാന്‍ഡുകളുടെ ഔദ്യോഗിക വില്പ്പനശാലകളില്‍ നിന്നും വാങ്ങുക.
19. വീട്ടില്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്ന ഭക്ഷ്യസാധനങ്ങള്‍ എക്സ്പയറി കഴിയുന്നോ എന്ന് ശ്രദ്ധിച്ചശേഷം മാത്രം ഉപയോഗിക്കുക.
20. സര്‍വോപരി- അടുക്കള എപ്പോഴും വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കുക.
വൈദ്യസഹായം തേടേണ്ട സാഹചര്യങ്ങള്‍:
1. പുറത്തു നിന്നും ഭക്ഷണം കഴിച്ച് വയറിളക്കം, ശര്‍ദ്ദി എന്നിവ ഉണ്ടായാല്‍
അങ്ങനെ അല്ലാത്തപ്പോള്‍ പോലും:
2. വയറിളക്കം നില്‍ക്കാതെ വരിക
3. വയറിളക്കത്തിനൊപ്പം ശര്‍ദ്ദി, ശ്വാസം മുട്ട്, പനി എന്നിവ ഉണ്ടാകുക
4. വയറു വേദനയും തലകറക്കവും ഉണ്ടാകുക
5. കുട്ടികളിലെ വയറിളക്കം
6. മൂത്രമൊഴിക്കാന്‍ പറ്റാതെ വരിക, അല്ലെങ്കില്‍ മൂത്രത്തിന്റെ നിറം മാറ്റം വയറിളക്കത്തിനൊപ്പം വരിക
ഡീഹൈഡ്രേഷന്‍ സാദ്ധ്യത
7. മലത്തില്‍ രക്തം
8. വയറിനോടൊപ്പം തക്കിലും സന്ധികളിലും അസുഖം
9. ഇതൊന്നുമല്ലാതെ തന്നെ ആശുപത്രിയില്‍ പോകേണ്ട ആവശ്യമുണ്ടെന്ന് തോന്നുക
എന്നിവ ഉണ്ടായാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തുക. ഒരു കണ്‍സള്‍ട്ടിങ്ങ് ഡോക്റ്ററെ വെയിറ്റ് ചെയ്യാന്‍ മിനക്കെടാതെ ഏതു സമയമായാലും അത്യാഹിത വിഭാഗത്തില്‍ അഡ്മിറ്റ് ആകുകയാണ് ഉചിതം.
(ഇതൊരു പൂര്‍ണ്ണവും ആധികാരികവും വ്യക്തവുമായ റെഫറന്‍സ് പ്രബന്ധമല്ല, എല്ലാദിവസവും നിരവധി ഭക്ഷ്യവിഷബാധകള്‍ ഉണ്ടാവുന്നു എന്ന് ദുബായിലെ ഒരാശുപത്രി വിശദീകരിച്ചതു കേട്ട്, അത്യാവശ്യം സൂക്ഷിക്കേണ്ട ചില കാര്യങ്ങള്‍ മാത്രം കുറിച്ചതാണ്)
Saturday, March 14, 2009
ആഹാരവും ആഹോരവവും-3
പ്രകൃതിചികിത്സ എന്ന രീതി എംപിരിക്കല്‍ ഗവേഷണത്തിനു വിധേയമായിട്ടില്ല എന്നതാണ് പ്രധാന അശാസ്ത്രീയത. രണ്ടാമത്തേത് അത് അംഗീകൃതമായ ഒരു വൈദ്യശാസ്ത്രരീതിയോടും യോജിച്ചു പോകുന്നില്ല എന്നത്. മൂന്നാമതായി ഓരോ നാട്ടിലും പ്രകൃതിചികിത്സകര്‍ ഓരോരോ സമ്പ്രദായമാണ് പിന്‍തുടരുന്നത്. കേരളത്തില്‍ അടുത്തിടെ പ്രചാരത്തിലായ രീതി ഞാന്‍ മനസ്സിലാക്കിയിടത്തോളം ഹൃദ്രോഗവിദഗ്ദ്ധന്‍ ഡോ. ഡീന്‍ ഓര്‍ണിഷിന്റെ റിവേര്‍സല്‍ പ്രോഗ്രാമിലെ ലോ ഫാറ്റ് ഡയറ്റിനെ അതിന്റെ കോണ്ടെക്സ്റ്റില്‍ നിന്നും അടര്‍ത്തി മാറ്റി അതില്‍ അന്ധവിശ്വാസങ്ങളും മറ്റും തിരുകി വ്യായാമം, പോഷണം, മരുന്ന് തുടങ്ങിയ അതിന്റെ ഇന്റഗ്രേറ്റഡ് അപ്പ്രോച്ചും നശിപ്പിച്ച ഒന്നാണ്. പ്രകൃതിചികിത്സകര്‍ പറയുന്ന നിരവധി കാര്യങ്ങള്‍ അംഗീകൃതമായ വിവരങ്ങള്‍ക്ക് കടകവിരുദ്ധമാണ്. ഒന്നാമതായി പരിസരത്ത് വിളയുന്നതെന്തും നിങ്ങള്‍ക്ക് യോജിച്ചതാണെന്ന വിശ്വാസം രാവിലേ രണ്ടു പച്ചത്തേങ്ങ കഴിച്ചാല്‍ ആവശ്യമുള്ളതെല്ലാം അതില്‍ നിന്നും ലഭിക്കും എന്ന രീതിയില്‍ പിന്‍തുടരുന്നവരുണ്ട്. ലോ ഫാറ്റ് ഡയറ്റ് തരുന്ന മെച്ചം ഇതില്‍ നഷ്ടമായിക്കിട്ടും. രണ്ടാമതായി നമ്പൂതിരിമാരുടെ ഭക്ഷണക്രമീകരണങ്ങള്‍ അന്ധമായി അനുകരിക്കുകയാണ് ഇവര്‍ ചെയ്യുന്നത് . ഹൃദ്രോഗിക്ക് വെളുത്തുള്ളി കഴിക്കാന്‍ പാടില്ലെന്ന് പറയുന്നവരോട് വെളുത്തുള്ളി എത്രമാത്രം സഹായഭക്ഷണമാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. പ്രകൃതിപാചകവിധിപ്രകാരം അവിയല്‍ എങ്ങനെ ഉണ്ടാക്കാം എന്നൊരു കുറിപ്പ് കാണാന്‍ വഴിയില്ല! (നമ്പൂതിരിമാര്‍ അവിയലിനെ ഉച്ഛിഷ്ടഭക്ഷണമായാണ് കാണുന്നത്). സസ്യാഹാരം പിന്‍തുടരുന്നവര്‍ വൈവിദ്ധ്യത്തിന്റെ അത്യാവശ്യം മനസ്സിലാക്കേണ്ടതുണ്ട്. ഇവര്‍ പോഷണം എന്ന ആംഗിളേ കാണുന്നില്ല. പോരാത്തതിനു ചേന പച്ചയ്ക്കു കഴിക്കാന്‍ കഴിയാത്തതുകൊണ്ട് പാചകം ചെയ്തും പാടില്ല, ഉള്ളി കഴിച്ചാല്‍ സ്വഭാവം മാറും എന്നൊക്കെയുള്ള വിശ്വാസങ്ങള്‍ ട്രേസ് മിനറലുകള്‍ പോലെ പലതും ഒരു വഴിക്കും ലഭ്യമാകാത്ത രീതിയിലും മറ്റും ഭക്ഷണത്തെ ശുഷ്കമാക്കിക്കളയുമെന്ന് തോന്നുന്നു.
ഭാരതീയ സസ്യാഹാരരീതിയെപറ്റി എന്താണ് അഭിപ്രായം?
മുസ്ലീങ്ങള്‍ പന്നിയിറച്ചി കഴിക്കില്ല, സിഖ് മതക്കാര്‍ തലമുടിയും താടിയും വളര്‍ത്തും എന്നൊക്കെയുള്ളതുപോലെ ഒരു സമ്പ്രദായം എന്നരീതിയിലേ ഞാന്‍ അതിനെ കാണുന്നുള്ളു. ഏതു വിശ്വാസവും ആര്‍ക്കും പിന്‍ തുടരാമല്ലോ. എന്തു കഴിക്കണം വേണ്ട എന്നത് ആര്‍ക്കും സ്വയം തീരുമാനിക്കാവുന്ന കാര്യമല്ലേ.
ഇത് മികച്ച ആരോഗ്യത്തിനുതകുന്ന ഭക്ഷണശൈലിയാണെന്ന് നിരവധിപേര്‍ അവകാശപ്പെടുന്നുണ്ടല്ലോ?
അത്തരം അവകാശവാദങ്ങളോട് യോജിക്കും മുന്നേ ആര്‍ക്ക് ആരോഗ്യത്തിനുതകുന്നത് എന്ന് ചിന്തിക്കേണ്ടിവരും.
മാംസജന്യാഹാരത്തിന്റെ ശക്തിയും ദൗര്‍ബല്യവും അതിന്റെ പോഷകസമൃദ്ധിതന്നെയാണ്. ഒരു കഷണം മീനില്‍ കിട്ടുന്നയത്ര അല്ലെങ്കില്‍ ഒരു തുണ്ട് ഇറച്ചിക്കഷണത്തില്‍ കിട്ടുന്നയത്ര പ്രോട്ടീനുകളും വൈറ്റമിനുകളും ധാതുക്കളും ലഭിക്കാന്‍ സസ്യാഹാരത്തില്‍ ഒട്ടേറെ ഇലക്കറികളും പഴങ്ങളും പയര്‍- അണ്ടി വര്‍ഗ്ഗത്തില്‍ പെടുന്ന ആഹാവും കഴിക്കേണ്ടിവരും. ചുരുക്കത്തില്‍ ആരോഗ്യപ്രദമായ സസ്യാഹാരം ചിലവേറിയതും അദ്ധ്വാനിച്ച് പാചകം ചെയ്യേണ്ടതുമായ ഒന്നാണ്. ഇന്ത്യന്‍ ഭക്ഷണരീതിയില്‍ പച്ചക്കറികള്‍, അണ്ടിപ്പരിപ്പുകള്‍ പഴങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് തീരെക്കുറവാണ് സാധാരണക്കാര്‍ക്കിടയില്‍. ചപ്പാത്തിയും പരിപ്പുകറിയും, വെങ്കായ സാമ്പാറും ചോറും രസവും എന്തെങ്കിലും ഒരു വറുവല്‍ (തോരന്‍) ഉം പപ്പടവും ഇങ്ങനെയൊക്കെ പോകുന്നുന്നു ദൈനം ദിന വെജിറ്റേറിയന്‍ ഭക്ഷണം. എണ്ണ ധാരാളം ചേര്‍ത്തുള്ള പാചകം, വറുക്കുക്കുക, ഉപ്പിലിടുക തുടങ്ങിയ രീതികളും ലൈഫ് സ്റ്റൈല്‍ ഗവേഷകര്‍ പറയുന്ന ഫലങ്ങള്‍ അപ്രാപ്യമാക്കിക്കളയും ഇന്ത്യന്‍ രീതിയില്‍.
പാലുല്പ്പന്നങ്ങള്‍, പ്രത്യേകിച്ച് നെയ്യ്, വെണ്ണ, പനീര്‍ തുടങ്ങിയവ ധാരാളമായി ചേരുന്നതും മറ്റൊരു പ്രശ്നമാണ്. കുറച്ചു ചോറും ഒഴിക്കാന്‍ ഇത്തിരി മീന്‍ കറിയുമായി ഭക്ഷണം കഴിക്കുന്ന സാധാരണ മലയാളി ഡയറ്റ് ഇതിനെ അപേക്ഷിച്ച് ഏറെ ആരോഗ്യപ്രദമെന്ന് പറയേണ്ടതില്ലല്ലോ.
പഞ്ചസാരയുടെ അമിതമായ ഉപയോഗവും മറ്റൊരു പ്രധാന പ്രശ്നമാണ്. ചുരുക്കത്തില്‍ ആചാരപരമായി പിന്‍തുടരുന്ന ഇത്തരം ലാക്റ്റോ വെജിറ്റേറിയനിസം ആരൊഗ്യപ്രദമെന്ന് പറയ വയ്യ. ഒരേ സമയം പോഷണക്കുറവും പാലിന്റെയും പഞ്ചസാരയുടെയും അമിതോപയോഗവും വൈവിദ്ധ്യമില്ലായ്മയും ചേരുന്ന ഒരസന്തുലില ഭക്ഷണരീതിയാണെന്നാണ് എന്റെ അഭിപ്രായം.
അതായത് ഇന്ത്യന്‍ ഭക്ഷണ രീതി ലോകത്തെ മികച്ച രീതി എന്ന പ്രചാരങ്ങള്‍ അസത്യമാണെന്നോ?
ഗോതമ്പിനോ അരിക്കോ കൂടെ വലിയ അളവില്‍ വൈവിദ്ധ്യമാര്‍ന്ന പച്ചക്കറികളും പഴങ്ങളും അണ്ടിപ്പരിപ്പുകളും മറ്റും കഴിക്കുന്ന സമ്പന്നനു ഈ ഭക്ഷണരീതികൊണ്ട് പ്രശ്നമില്ല.
ഇന്ത്യയിലെ ശിശുക്കളില്‍ നാല്പ്പത്തിരണ്ടര ശതമാനം പോഷണക്കുറവ് അനുഭവിക്കുന്നവരാണ്. രണ്ടില്‍ ഒരു കുട്ടിയോളം വിളര്‍ച്ചയും മാല്‍ നുട്രീഷനും കൊണ്ട് രോഗങ്ങള്‍ക്കടിപ്പെടുകയാണ്. ഈ തോത് ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗങ്ങളോളം ഭീകരമായ ചിത്രമാണ് വരച്ചു തരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പോഷണക്കുറവാല്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ഇന്ത്യയിലാണ്. ഇവരുടെ ഇടയില്‍ സസ്യാഹാരത്തെ വിശ്വാസത്തില്‍ കലര്ത്തിവയ്ക്കുന്നതിനോട് വലിയ വിയോജിപ്പുണ്ട്. പോഷണത്തിന്റെ അതിസമൃദ്ധിയാല്‍ വലയുന്നവര്‍ക്കുള്ള പരിഹാരങ്ങള്‍ അതിനു വേണ്ടി ആയുധമാക്കുന്നതില്‍ പ്രതിഷേധവുമുണ്ട്.
പാലുല്പ്പന്നങ്ങള്‍ മാംസാഹാരത്തിന്റെ ഗുണങ്ങളുള്ള ജന്തുജന്യഭക്ഷണവും അതേസമയം അഹിംസാതത്വത്തിനു യോജിക്കുന്നതുമല്ലേ?
എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പശുവിന്‍ പാലുല്പ്പാദനം ക്രൂരത നിറഞ്ഞ പ്രക്രിയ തന്നെയാണ്.
കോഴി രാവിലേ വന്ന് എന്നെ കൊന്നോ എന്നു പറഞ്ഞു കഴുത്തു നീട്ടാത്തതുപോലെ പശു രാവിലേ വീട്ടില്‍ കയറിവന്ന് നിങ്ങളുടെ കുഞ്ഞിനു മുലകൊടുക്കുന്നുമില്ല. അതിനെ കെട്ടിയിട്ടു വളര്‍ത്തി, അതിന്റെ സമ്മതമില്ലാതെ നിരന്തരം ഗര്‍ഭിണിയാക്കി, അതിന്റെ കുഞ്ഞിനെ വിട്ടി അകിടില്‍ മുട്ടിക്കുമ്പോല്‍ ചുരത്തുന്ന പാല്‍ കുട്ടിയെ കെട്ടിയിട്ടശേഷം മോഷ്ടിച്ചു മാറ്റുകയാണ് ചെയ്യുന്നത്. സ്വന്തമായി ഒരിണയെ തെരഞ്ഞെടുക്കാനോ എന്തിനു ലൈംഗികസുഖം പോലും അനുഭവിക്കാനോ മിക്ക പശുക്കള്‍ക്കും ജീവിതത്തിലൊരിക്കലും കഴിയാറില്ല. ഒരു കുട്ടിക്കും അതിന്റെ അമ്മയോടൊപ്പം മതിയാവും വരെ സമയം ചിലവിടാനും കഴിയാറില്ല. പശുവിന്റെ ആണ്‍കുട്ടികള്‍ എങ്ങോട്ടു പോകുന്നു എന്ന് ആരും ആലോചിക്കാറില്ല. പ്രസവശേഷി നഷ്ടപ്പെട്ട പശുവിനു വയറു നിറയെ ഭക്ഷണമുണ്ടോ എന്നും ആരും തിരക്കില്ല. ഇതില്‍ എന്ത് അഹിംസയെന്ന് എനിക്കറിയില്ല, വീക്ഷത്തിന്റെ വത്യാസമായിരിക്കാം.ഒരിക്കല്‍ കൂടി, വിശ്വാസങ്ങള്‍ വെറും വിശ്വാസങ്ങള്‍ മാത്രമല്ലേ.
Tuesday, March 10, 2009
ആഹാരവും ആഹോരവവും - 2
ഒറ്റ ഉത്തരം പറയുക ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ഓരോ വ്യക്തിയുടെ ആരോഗ്യനില, ജീവിതത്തിലെ ചുറ്റുപാടുകള്‍, ആവശ്യങ്ങള്‍ എന്നിവ അനുസരിച്ച് ഭക്ഷണത്തിന്റെ രീതി മാറുന്നതാണ് അഭികാമ്യം. അതില്‍
തന്നെ മാംസമാണോ സസ്യമാണോ കഴിക്കേണ്ടത് എന്നല്ല തീരുമാനിക്കേണ്ട ഒരേയൊരു കാര്യവും.
മാംസാഹാരം കഴിക്കുന്നവരെക്കാള്‍ സസ്യാഹാരം കഴിക്കുന്നവര്‍ ആരോഗ്യം കൂടിയവരാണെന്ന് ശാസ്ത്രീയമായി തെളിവുകളില്ലേ?
ലൈഫ്സ്റ്റൈലിന്റെ ഭാഗമായി സസ്യാഹാരഭക്ഷകരായി ജീവിക്കുന്നവര്‍ അരോഗാവസ്ഥയെ കൂടുതല്‍ പ്രാപിക്കുന്നതായി കണ്ടുവരുന്നു. ഒരു പൂര്‍ണ്ണ നിശ്ചയം നടത്താന്‍ മാത്രം ഒന്നോ രണ്ടോ ജെനറേഷന്‍ ആളുകളെ ഇതുവരെ പഠിച്ചിട്ടില്ല. മറ്റൊരു പ്രധാന കാര്യവും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ലൈഫ് സ്റ്റൈല്‍ വഴി ആരോഗ്യം നേടുന്നവര്‍ ജീവിക്കുന്നത് ഇന്നുവരെ വൈദ്യശാസ്ത്രം തെളയിച്ചതും
അവരുടെ സ്വന്തം നിരീക്ഷണം വഴി തീരുമാനിച്ചതുമായ സകലമാന കാര്യങ്ങള്‍ക്കും അനുസരിച്ചാണ്. അതില്‍ നിന്നും യാതൊന്നും ഒറ്റയ്ക്ക് തിരിച്ചു പഠിക്കുന്നത് ബുദ്ധിയായിരിക്കില്ല. ഭക്ഷണത്തിന്റെ അളവ്, പോഷണരീതി, വ്യായാമം, ചികിത്സാപരിശോധന, രോഗങ്ങളെ തിരിച്ചറിയാനും അവഡോക്ക്റ്ററോട് ചര്‍ച്ച ചെയ്ത് സ്വയം മനസ്സിലാക്കാനുമുള്ള അറിവുനേടല്‍,
അതത് മേഘലകളിലെ അവശ്യവിവരങ്ങള്‍, ശാസ്ത്രീയമായ കണ്ടെത്തലുകള്‍, വൈദ്യത്തിന്റെ വാണിജ്യമുഖത്തെ വേണ്ടതുപോലെ കൈകാര്യം ചെയ്യാനുള്ള ശേഷി എന്നിവ ലൈഫ്സ്റ്റൈല്‍ മോഡിഫിക്ക്കേഷന്റെ ഭാഗമാണ്. ഇതില്‍ മാംസാഹാരം ഉള്‍ക്കൊള്ളിക്കാത്തതിന്റെ സംഭാവന എത്ര എന്ന് അളക്കാനൊന്നുമാവില്ല.
ഇതൊരു ഒഴിവുകഴിവാണ് . പ്രമുഖ ലൈഫ്സ്റ്റൈല്‍ തെറാപ്പിസ്റ്റുകളെല്ലാം തന്നെ വെജിറ്റേറിയന്‍ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്.
വൈദ്യശാസ്ത്രം ലൈസന്‍സ് നല്‍കിയ ചികിത്സകരും അതോടൊപ്പം ലൈഫ്സ്റ്റൈലില്‍ ഗവേഷണം നടത്തുന്നവരും ഏതാണ്ട് മൊത്തത്തില്‍ അമേരിക്കയിലാണ്. അമേരിക്കന്‍ ജീവിതശൈലീരോഗികള്‍ നേരിടുന്ന പ്രധാന പ്രശ്നം പ്രോട്ടീന്‍ അതിസമൃദ്ധിയും
തദനുബന്ധിയായ കാര്യങ്ങളുമാണ്. പോഷകാഹാരക്കൂടുതല്‍ മൂലം പ്രശ്നങ്ങള്‍ നേരിടുന്നവര്‍, വൈവിദ്ധ്യമില്ലാത്ത ഭക്ഷണത്തിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്, എന്നിവര്‍ക്കുള്ള പരിഹാരം ഒന്നിന്റെയും ഒറ്റമൂലിയാണെന്ന് അവരവകാശപ്പെടില്ല. ശാസ്ത്രീയമായി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണവര്‍. ജീവിതചര്യമാറ്റത്തെ സസ്യാഹാരം മാത്രമായി കാണുന്നത് വീടിനുമുകളില്‍ ആന്റിന ഉറപ്പിച്ചാല്‍ സ്വീകരണമുറിയിലിരുന്ന് സിനിമ കാണാം എന്നു പറയുന്നതുപോലെ ആണ്. ആന്റിന വച്ചോ കേബിള്‍ വഴിയോ സിനിമ കാണാം, വേണ്ടത് ടെലിവിഷന്‍ ആണ് (ഉദാഹരണത്തിനു കടപ്പാട്: ഡോ. ചാള്‍സ് മാക്‍ ഗീ)
അതായത് മാംസാഹാരമാണൊ സസ്യാഹാരമാണോ മികച്ചത് എന്ന് ആര്‍ക്കും അറിയില്ല.
അറിയില്ല എന്നല്ല, ഒറ്റ ഉത്തരം ഇല്ല എന്നാണു പറഞ്നുവരുന്നത്. അതിഭയങ്കര പോഷണക്കുറവ് അനുഭവിക്കുന്ന സോമാലിയയിലെ കുട്ടിക്ക് അവശ്യ ഫാറ്റി ആസിഡുകള്‍ ലഭിക്കാന്‍ സസ്യ എണ്ണ വായിലൊഴിച്ചു കൊടുക്കുന്ന അതേ ഡോക്റ്റര്‍ തന്നെ
രണ്ടാം തരം പ്രമേഹം സുഖപ്പെടുത്താന്‍ എണ്ണ കഴിക്കരുതെന്ന് നിങ്ങളോട് പറയും.
വൈവിദ്ധ്യമാര്‍ന്ന മാംസാഹാരം നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചീനക്കാര്‍ക്ക് പാലൊഴികെ മറ്റ് മാംസാഹാരം കഴിക്കാത്ത നിരവധി ഇന്ത്യക്കാരെക്കാള്‍ ജീവിത ദൈര്‍ഘ്യം കൂടുതലാണെന്ന് ഓര്‍ക്കണം. ഇതൊരു ജനിതക പ്രത്യേകതയല്ലേ എന്ന് നിങ്ങള്‍ ചോദിക്കും മുന്നേ തന്നെ ഉത്തരം പറയാം. പരമ്പരാഗത ചൈനീസ് ഭക്ഷണത്തില്‍ നിന്നും ആധുനിയ ജീവിതരീതിയിലേക്ക്
മാറുന്ന ചീനക്കാരെക്കുറിച്ച് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ അവര്‍ക്ക് ഹൃദ്രോഗവും പ്രമേഹം രണ്ടും മറ്റും വരാനുള്ള സാദ്ധ്യത അമേരിക്കയിലെ തന്നെ ഏറ്റവും റിസ്കി സമൂഹമായ ആഫ്രിക്കന്‍ അമേരിക്കരുമായി വത്യാസമില്ലായിരുന്നു.
പൂര്‍ണ്ണമായും സസ്യാഹാരിയായതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? ബുദ്ധിവികാസം, പേശീബലം, സൗന്ദര്യം എന്നിവയ്ക്ക് "പാലും മുട്ടയും കഴിക്കണം" എന്നൊരു സങ്കല്പ്പം കേരളീയര്‍ക്കെങ്കിലും ഉണ്ടല്ലോ?
വൈറ്റമിന്‍ ബി പന്ത്രണ്ട് സപ്ലിമെന്റ് അവര്‍ക്ക് വേണ്ടിവരും എന്നതൊഴിച്ചാല്‍ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല. വെജിറ്റേറിയന്‍ ഭക്ഷണക്കാരായ ന്യൂട്ടണ്‍, ഐന്‍സ്റ്റീന്‍, കാള്‍ ലൂയിസ്, പമീല ആന്‍ഡേര്‍സന്‍ നടാഷ കിന്‍ക്സി, കാഫ്ക, എഡിസണ്‍, ടോം ക്രൂയിസ്, ബ്രൂക്ക് ഷീല്‍ഡ്സ് തുടങ്ങിയവരൊന്നും അവരവുടെ ബുദ്ധിക്കോ ശക്തിക്കോ
സൗന്ദര്യത്തിനോ പ്രശ്നമുള്ളതായി പരാതിപ്പെട്ടിട്ടില്ല. പ്രമുഖരെല്ലാം വെജിറ്റേറിയന്മാരാണ് എന്ന് ഞാന്‍ സമ്മതിച്ചു എന്ന് ഇതിനെ
വളച്ചൊടിക്കരുത്, മഹാഭൂരിപക്ഷം വരുന്നവര്‍ സസ്യേതരാഹാരികളാണ്. പ്രമുഖരില്‍ നിന്ന് ഉദാഹരണമായി കുറച്ചാളെ തെരെഞ്ഞെടുത്തതാണ്.
മാംസപ്രധാന ഭക്ഷണം കഴിക്കുന്ന പാശ്ചാത്യ നാടുകളെക്കാള്‍ സസ്യാഹാരപ്രേമികളായ ഇന്ത്യക്കാരുടെ ഇടയില്‍ ഹൃദ്ഗ്രോഹം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ കുറവാണ് എന്നത് ശാസ്ത്രീയമായിത്തന്നെ സസ്യാഹാരത്തിന്റെ ഗുണമേന്മയായി കാണാമല്ലോ?
രോഗങ്ങള്‍ക്ക് ഡെമോഗ്രഫിയുമായി അഭേദ്യ ബന്ധമുണ്ട്. വികസ്വരരാജ്യങ്ങളിലെ ജനങ്ങള്‍ അണുബാധ, പോഷകാഹാരക്കുറവ് എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കൂടുതലും അടിമപ്പെടുമ്പോള്‍ വികസിതരാജ്യങ്ങളിലെ ജനത അമിതപോഷണം, അലസജീവിതം എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളാണ് നേരിടുന്നത്. മൊത്തത്തിലെ ആയുര്‍ദൈര്‍ഖ്യത്തില്‍ അമേരിക്കയൊപ്പം എത്താന്‍ നമ്മള്‍ക്ക് കഴിയാത്തത് നിങ്ങള്‍ക്ക് വൈദ്യസഹായ ലഭ്യതയുടെ അടിസ്ഥാനത്തില്‍ തള്ളിക്കളയാം. പക്ഷേ അമേരിക്കപോലെയുള്ള ധനികരാഷ്ട്രങ്ങളും തായ്‌ലാന്‍ഡ്, ചൈന, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ സസ്യഭക്ഷണപ്രിയര്‍ ശതമാനക്കണക്കില്‍ കൂടുതലൊന്നുമില്ലാത്ത വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇതേ വത്യാസം കാണാം. വികസനവും രോഗങ്ങളുമായുള്ള ഈ ബന്ധത്തെ വെജിറ്റേറിയനിസവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല.
വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ മാംസാഹാരം ഭക്ഷിക്കുന്നവരെക്കാള്‍ ശാന്തപ്രകൃരല്ലേ?
അത്തരം യാതൊരു വിശ്വസനീയ ഗവേഷണവും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ശരീരം ദഹനക്രിയയിലൂടെ മാറ്റുന്നതിനെ അത്തരത്തില്‍ പിരിക്കാനാവുമെന്ന് തോന്നുന്നില്ല. ആഹാരവസ്തുക്കളിലടങ്ങിയ രാസവസ്തുക്കള്‍, ഹോര്‍മോണുകള്‍ എന്നിവ ആരോഗ്യത്തെ ബാധിച്ചേക്കാം. എന്നാല്‍ അവയിലും മാംസത്തിനൊരു വേര്‍തിരിവ് കാണുക പ്രയാസം.
അഹിംസയും ക്ഷമയും സഹനവും സ്വായത്തമാക്കുന്നതിനു മഹാത്മാഗാന്ധിയെ സസ്യാഹാരം സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറയുന്നില്ലേ?
ഗാന്ധിജി ഒരു വ്യക്തിയാണ്, തീര്‍ച്ചയായും അദ്ദേഹത്തിന് അങ്ങനെ വിശ്വസിക്കാം. ഹിറ്റ്ലര്‍ മറ്റൊരു വെജിറ്റേറിയന്‍ ആയിരുന്നു. അഹിംസയും ക്ഷമയും സഹനവും ഹിറ്റ്ലര്‍ക്ക് ഇല്ലാത്തതെന്തെന്ന് എനിക്കും ചോദിക്കാം. ഇതൊന്നും ഒരു കാര്യവും തീരുമാനിക്കാന്‍ പ്രാപ്തമായ കാര്യങ്ങളല്ല,മനുഷ്യര്‍ പലവിധമാണ്.
ലൈഫ്സ്റ്റൈല്‍ തെറാപ്പി പോലെ തന്നെ പ്രകൃതിജീവനവും സസ്യാഹാരവും ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് മുക്തി തരുന്നുണ്ടെന്നതില്‍ തര്‍ക്കമുണ്ടോ?
ലൈഫ്സ്റ്റൈല്‍ ഒരു തെറാപ്പിയല്ല, ജീവിതചര്യയാണ്. അത് പ്രകൃതിജീവനവുമല്ല, ആരോഗ്യപ്രദമായ ലൈഫ്സ്റ്റൈല്‍ നയിക്കുന്ന ഒരാളിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വൈദ്യ ചികിത്സയ്ക്ക് വിധേയമാകുകയാണ് ചെയ്യുന്നത്. ചികിത്സകന്‍ പറയുന്നതിനെ മനസ്സിലാക്കാനും അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സ്വന്തം ഉത്തരവാദിത്വത്തില്‍ തീരുമാനം എടുക്കാനും പ്രാപ്തനാകാന്‍ പരിശ്രമിക്കാറുണ്ടെന്ന് മാത്രം. പ്രകൃതിജീവനം എന്നത് ശാസ്ത്രീയമായി പരീക്ഷിക്കപ്പെട്ടിട്ടുള്ള ഒന്നല്ല എന്നതിനാല്‍
അതിനെക്കുറിച്ച് വ്യക്തമായ തീരുമാനവും എടുക്കാനാവില്ല. എന്നാല്‍ നിലവിലുള്ള അറിവിനു കടകവിരുദ്ധമായ പലകാര്യങ്ങളും പ്രകൃതിചികിത്സ പിന്‍തുടരുന്നവരില്‍ നിന്നും കേള്‍ക്കാറുണ്ട്. അവയെക്കുറിച്ച് വിശദമാക്കാം.
Sunday, March 08, 2009
ആഹാരവും ആഹോരവവും - 1
ഒരു പ്രാചീന ഗ്രീക്ക് തത്വചിന്തകന്റെ ഈ നിരീക്ഷണം ശരിയാണെന്ന് വിശ്വസിക്കും മുന്നേ പാമ്പിന്റെ നഖവും ഡോള്‍ഫിന്റെയും ചിമ്പാന്‍സിയുടെയും മറ്റും കോമ്പല്ലുകളും പരിശോധിക്കുക. പിന്നെ, ഈ വാദഗതിപ്രകാരം മനുഷ്യനു മൂക്കില്‍ നിന്നും തീ വരാത്തതുകാരണം ഭക്ഷണം പാചകം ചെയ്യാനും പാടില്ലല്ലോ? മനുഷ്യന്‍ മിശ്രാഹാരിയാണ്,ഉദാഹരണത്തിലെ ജന്തുക്കളെപ്പോലെ മാംസാഹാരം മാത്രം കഴിക്കുന്നവരല്ല . മാംസാഹാരികള്‍ തന്നെ ഒരേ ശാരീരികവിശേഷമുള്ളവയുമല്ല.
ശാസ്ത്രീയമായി മനുഷ്യന്‍ കുരങ്ങുവര്‍ഗ്ഗത്തില്‍ പെട്ട ജന്തുവല്ലേ, അപ്പോള്‍ സ്വാഭാവികമായും സസ്യാഹാരിയാണല്ലോ? (ചോദ്യം കേരളത്തില്‍ അലയടിച്ച പ്രകൃതിജീവന തരംഗത്തിന്റെ വക്താവിന്റേത്. ശിഷ്യര്‍ ഇതിപ്പോഴും ആവര്‍ത്തിക്കുന്നു.)
കുരങ്ങുവര്‍ഗ്ഗത്തെയും അതിന്റെ പരിണാമവൈവിദ്ധ്യത്തിനെയും അശേഷം അറിയാത്തയാളാകണം ഇങ്ങനെ നിരീക്ഷിച്ചത്. വന്‍കുരങ്ങുകള്‍ പ്രത്യേകിച്ച് മാന്‍ഡ്രില്ലുകള്‍, ബബൂണുകള്‍, ചിമ്പാന്‍സികള്‍ എന്നിവ മുട്ട, പക്ഷിമാംസം, ചെറുജന്തുക്കള്‍ എന്നിവയെ ഭക്ഷിക്കാറുണ്ട്. തീയുടെ ഉപയോഗം ആയുധമുപയോഗിച്ചുള്ള നായാടല്‍ എന്നിവ മനുഷ്യന്റെ കാര്യത്തില്‍ ഒട്ടേറെ വ്യതിയാനങ്ങളുമുണ്ടാക്കിയിട്ടുണ്ട്.
മനുഷ്യന്‍ സസ്യാഹാരിയല്ല എന്നതിനു ശാസ്ത്രീയമായ എന്തെങ്കിലും തെളിവുണ്ടോ?
കൊള്ളാം, ഇപ്പോ താങ്കളുടെ വാദത്തിനു ബര്‍ഡന്‍ ഓഫ് പ്രൂഫ് എനിക്കായോ? ശരി. കൊബലാമിന്‍ (ബി പന്ത്രണ്ട്) എന്ന വൈറ്റമിന്‍ പരിപൂര്‍ണ്ണ സസ്യാഹാരിയായ വന്‍ സസ്തനികളെല്ലാം ജീവികളെല്ലാം സ്വയം സൃഷ്ടിക്കുന്നുണ്ട്- കൃത്യമായി പറഞ്ഞാല്‍ ഗട്ട് ഫ്ലോറയില്‍ നിന്നും സ്വീകരിക്കാനാവുന്നുണ്ട്. എന്നാല്‍ മനുഷ്യനതിനു കഴിവില്ല. ബി പന്ത്രണ്ടിന്റെ അഭാവം രക്തകോശങ്ങളെയും നാഡീവ്യൂഹത്തെയും കരളിന്റെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. മാംസജന്യഭക്ഷണത്തില്‍ നിന്നല്ലാതെ മനുഷ്യനിത് സ്വീകരിക്കാനാവില്ല.
എങ്കില്‍ സസ്യാഹാരം മാത്രം കഴിക്കുന്നവരെല്ലാം എന്തുകൊണ്ട് ഈ പോഷണത്തിന്റെ അഭാവം കാണിക്കുന്നില്ല?വളരെ ചെറിയ അളവിലേ ബി പന്ത്രണ്ട് വേണ്ടൂ എന്നതിനാല്‍ വര്‍ഷങ്ങള്‍ക്ക് വേണ്ടത്ര സ്റ്റോക്ക് കരളിനു സൂക്ഷിക്കാനാവും. മൂന്നുനാലുവര്‍ഷങ്ങള്‍ക്കപ്പുറം പരിപൂര്‍ണ്ണ വെജിറ്റേറിയനായിരിക്കുന്നവര്‍ ഇതിന്റെ അഭാവം കാണിക്കാറുണ്ട്.
സ്പൈരുലിന, സോയ് തുടങ്ങിയവയില്‍ ബി പന്ത്രണ്ട് ഉണ്ടല്ലോ? (ചോദ്യം വെജന്‍ ശാസ്ത്രവാദികളുടേത്)
ഉണ്ടല്ലോ എന്നല്ല, ഉണ്ടാക്കാമല്ലോ എന്നു പറയേണ്ടിവരും. ഇത്തരം ഭക്ഷണം പുളിപ്പിച്ചാല്‍ ഇതില്‍ ബി പന്ത്രണ്ട് നല്‍കുന്ന ബാക്റ്റീരിയം വളര്‍ന്നു കയറും. പക്ഷേ ഇത് ബി പന്ത്രണ്ടായി സ്വീകരിക്കാനുള്ള കഴിവ് ശരീരത്തിനുണ്ടായിരുന്നെങ്കില്‍ സ്വന്തം വയറ്റിലുള്ള ബാക്റ്റീരിയയില്‍ നിന്നു തന്നെ സ്വീകരിക്കാമായിരുന്നല്ലോ. ബ്ലൂഗ്രീന്‍ ആല്‍ഗേയും സോയും ശരീരത്തിനുപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ഈ വസ്തു തരുന്നില്ല.
മനുഷ്യന്‍ സ്വാഭാവികമായി സസ്യാഹാരിയല്ലാത്തതുകൊണ്ട് അങ്ങനെ ജീവിക്കുന്നത് പ്രകൃതിവിരുദ്ധമല്ലേ?
മനുഷ്യന്റെ ഒട്ടേറെ പ്രവര്‍ത്തികള്‍ പ്രകൃതിവിരുദ്ധമാണ്, എന്നാലവയെല്ലാം നിഷ്ഫലമെന്ന് ആ ഒറ്റക്കാര്യം കൊണ്ട് പറയാമോ? ഉദാഹരണത്തിന് സ്വാഭാവികമായി ഏക ഇണാവ്രതക്കാരല്ലാത്ത മനുഷ്യന്‍ കുടുംബം എന്ന പ്രകൃതിവിരുദ്ധ നടപടിയിലൂടെ സ്വത്ത്, അറിവ്, പരിരക്ഷ എന്നിവ സന്താനങ്ങള്‍ക്ക് ഉറപ്പാക്കിയ നടപടി മനുഷ്യകുലത്തിന്റെ പുരോഗതിയില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചിട്ടുണ്ട്. മതവിശ്വാസപരമോ, ആരോഗ്യപരമോ ആയ കാരണങ്ങളാലോ പരിസ്ഥിതിനാശം ഒഴിവാക്കാന്‍ കന്നുകാലികളെ വളര്‍ത്തുന്നത് നിരുത്സാഹപ്പെടുത്താമെന്നു കരുതിയോ വര്‍ഷങ്ങളോളം സസ്യാഹാരിയാകാന്‍ തീരുമാനിക്കുന്നവര്‍ വൈറ്റമിന്‍ ബി 12 ഫോര്‍ട്ടിഫൈ ചെയ്ത ഭക്ഷണമോ സപ്ലിമെന്റോ കഴിക്കേണ്ടിവരുമെന്ന് മാത്രം.
ആഹാരവും ആഹോരവവും - ആമുഖം
എന്തിനാണ് ഈ പോസ്റ്റ്?
സ്ഥിരമായി ആഹാരത്തെപ്പറ്റിയുള്ള പല ആഹോവിളികളും പണ്ടുമുതലേ ചുറ്റും കേള്‍ക്കാറുണ്ടായിരുന്നു. ഈയിടെ അതിനൊക്കെ ആധികാരികതയുടെ നിറവും കലര്‍ത്തി പത്രങ്ങളിലും ഇന്റര്‍നെറ്റിലും അടിക്കടി കാണുന്നു. പലരും സംസാരിക്കുമ്പോള്‍ അവകാശപ്പെടുന്നത കാര്യങ്ങളും അവയോടുള്ള എന്റെ സാധാരണ പ്രതികരണങ്ങളുമാണ് ഈ പോസ്റ്റ്. ഇരുപതുവര്‍ഷം മുമ്പേ ഒറ്റപ്പെട്ട ശബ്ദങ്ങളായി വന്നവ ഇന്ന് ബിരുദങ്ങളും ചിത്രങ്ങളും ലിങ്കുകളും അകമ്പടിയാക്കി സംഘഗാനമാവുന്നു. എങ്കില്‍ പ്രതികരണവും അങ്ങനെ ആകട്ടെ എന്നു വച്ചു.
വളരെയേറെ നീളത്തില്‍ എഴുതേണ്ട കാര്യമായതുകൊണ്ട് സീരിയലൈസ് ചെയ്യേണ്ടിവന്നു. പോസ്റ്റ് വേഗത്തില്‍ തീര്‍ക്കാന്‍ വേണ്ടി ലിങ്കുകള്‍, റെഫറസ് എന്നിവ ഒഴിവാക്കുന്നു. അതാവശ്യപ്പെട്ടാല്‍ കമന്റ് ആയി കഴിവതും നല്‍കാം. (ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ പലപ്പോഴും ആധികാരികമല്ല എന്നും പറയേണ്ടതുണ്ട്.)
വിഷയം അദ്ധ്യായങ്ങളായി തിരിച്ചാല്‍ ഇങ്ങനെ വരുമെന്ന് പ്രതീക്ഷ:
1. മനുഷ്യന്‍ സ്വാഭാവിക സസ്യാഹാരിയല്ലേ?
2. സസ്യാഹാരമാണോ അഭികാമ്യം?
3. ഇന്ത്യന്‍ സസ്യാഹാര രീതി ആരോഗ്യദായകമാണോ?
4. സസ്യാഹാരിയായിരിക്കുന്നതുകൊണ്ട് എന്റെകിലും പ്രയോജനമുണ്ടോ?
5. മാംസാഹാരം കഴിക്കുന്നത് ഹാനികരമോ?
6. പൂര്‍ണ്ണമായും സസ്യാഹാരം കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?
7. പ്രകൃതിജീവനം ഗുണകരമോ?
8. എന്താണ് അഭികാമ്യമായ ഭക്ഷണരീതി?
9. ഭക്ഷണം വാണീജ്യവും രാഷ്ട്രീയവും
ആഹാരവും ആഹോരവവും - ഒന്നാം ഭാഗം ഇവിടെ
Tuesday, March 18, 2008
ഹെല്‍ത്ത് സപ്ലിമെന്റുകള്‍
മറുകമന്റിട്ടാല്‍ താങ്കള്‍ കാണുമോ എന്നറിയില്ല, അതുകൊണ്ട് ഒരു പോസ്റ്റാക്കുന്നു.
ആയുരാരോഗ്യം സന്ദര്‍ശിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ഈ ബ്ലോഗിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. തിരുത്താണിതിന്റെ കരുത്ത് എന്നു പറയാം. താങ്കളുടെ നിര്‍ദ്ദേശവും ഗൗരവമായി തന്നെ കാണുന്നു. ചില വിശദീകരണങ്ങള്‍ ആവശ്യമെന്ന് തോന്നിയതുകൊണ്ടാണ് മറുകുറിപ്പ്.
1. ഈ ബ്ലോഗിന്റെ തീം ആരോഗ്യമാണ്. രോഗമില്ലാത്ത അവസ്ഥ, അതായത് ചികിത്സ വേണ്ടാത്ത ജീവിതത്തെപ്പറ്റി. അതിനാല്‍ ചികിത്സാരീതികള്‍ ഇതിന്റെ സ്കോപ്പിനും അപ്പുറമാണ്. ഞാന്‍ ചികിത്സിക്കാന്‍ യോഗ്യതയോ അറിവോ ലൈസന്‍സോ നേടിയ ആളല്ലാത്ത സ്ഥിതിക്ക് മരുന്നുകളെപ്പറ്റി പ്രിസ്ക്രിപ്റ്റീവ് ആയി ഒന്നുമെഴുതാറില്ല. എഴുതിയാല്‍ അത് വ്യാജവൈദ്യമായിപ്പോകുകയും ചെയ്യും.
2. വ്യക്തിപരമായി എനിക്ക് ആള്‍ട്ടര്‍നേറ്റ് മെഡിസിന്‍ എന്ന സങ്കല്പ്പത്തില്‍ വിശ്വാസമില്ല, ഒന്നുകില്‍ ഒരു വസ്തു മരുന്നാണ്, അല്ലെങ്കില്‍ മരുന്നല്ല. രോഗം ഭേദമാക്കുന്നതെല്ലാം എനിക്കു മരുന്നു തന്നെ.
3. മരുന്ന് വാങ്ങേണ്ടി വന്നാല്‍ അതു കൈകാര്യം ചെയ്യുന്ന വിദഗ്ദ്ധനെ സമീപിക്കുകയാണ് ചെയ്യേണ്ടത്. ഒരാളില്‍ വിശ്വാസം വന്നല്ലെങ്കില്‍ അടുത്തയാളിനെ കാണും, അതും പോരെങ്കില്‍ വീണ്ടും കാണും, എന്നാല്‍ സ്വയം ഒരു മരുന്നും പരീക്ഷിക്കുകയോ മറ്റൊരാളിനു നിര്‍ദ്ദേശിക്കുകയോ ചെയ്യാറില്ല.
4. താങ്കള്‍ ഒരു സ്വാഭാവിക വസ്തു കഴിച്ച് കൊളസ്റ്റ്റോള്‍ ഭേദമാക്കിയെന്ന് എഴുതിക്കണ്ടു. എന്തു മരുന്നെന്ന് പറയാത്തതുകൊണ്ട് എന്തായിരുന്നു ചികിത്സ എന്നും എനിക്കു മനസ്സിലായില്ല. അഭിപ്രായം പറയാന്‍ ഞാനാളുമല്ല. എങ്കിലും കൊളസ്റ്റ്റോളുയര്‍ച്ചയ്ക്ക് സ്വാഭാവിക ചികിത്സാ എന്നു ഗൂഗിളില്‍ കൊടുത്തു നോക്കിയപ്പോള്‍ കിട്ടിയ "സപ്ലിമെന്റുകളില്‍" ഒന്ന് ഇതാണ്
http://www.nativeremedies.com/products/cholestrorite-healthy-cholesterol-levels.html
ബ്രോഷറില്‍ ഇങ്ങനെ പറയുന്നു " കൊളസ്റ്റോ റൈറ്റ്" നൂറു ശതമാനം സുരക്ഷിതവും സ്വാഭാവികവസ്തുവുമാണ്. ഗ്ലൂട്ടെനോ കൃതൃമ രുചി നിറവസ്തുക്കളോ ജന്തുജന്യമായ ചേരുവകകളോ ഇല്ല. രണ്ടു മൂന്നു പേരുടെ സാക്ഷിപത്രവുമുണ്ട്.
ആക്റ്റീവ് ഇന്‍ഗ്രീഡിയന്റുകള്‍
റെഡ് യീസ്റ്റ് റൈസ്, ഗുഗ്ഗുലു, റൂയിബോസ്.
തീര്‍ച്ചയായും ഈ മരുന്നു കഴിച്ചാല്‍ കൊളസ്റ്റ്റോള്‍ കുറയും. അതിലെ ഒരു വസ്തു- റെഡ് യീസ്റ്റ് റൈസ് എന്നത് ലോവസ്റ്റാറ്റിന്‍ എന്ന മരുന്ന്- മെവകോര്‍ എന്ന പേരില്‍ (നാട്ടിലെ ബ്രാന്‍ഡ് പേരുകള്‍ അറിയില്ല) കിട്ടുന്ന പ്രിസ്ക്രിപ്ഷന്‍ മെഡിസിന്‍ാണ്. നൂറുശതമാനം സുരക്ഷിത സ്വാഭാവിക മധുരമനോജ്ഞ അമൃതതുല്യമായ ഈ സപ്ലിമെന്റിനുള്ള വത്യാസം രോഗി അറിയാതെ സ്വയം ചികിത്സിക്കുന്നെന്നും ഗുണനിലവാരമോ ഡോസേജോ മനസ്സിലാക്കുന്നില്ലെന്നും വില കൂടുതല്‍ കൊടുക്കുന്നെന്നും യാതൊരു പാര്‍ശഫലവുമില്ലെന്ന് വിശ്വസിക്കുന്നെന്നും മറ്റു മരുന്നുകള്‍ തരുന്ന ഡോക്റ്റര്‍ ഇതറിയാതെ കോണ്ട്രാഇന്‍ഡിക്കേഷനുള്ള മരുന്നുകള്‍ തന്നേക്കാമെന്നും മാത്രം. ഒരായര്‌വേദമരുന്നായ ഗുഗ്ഗുലുവും പ്രിസ്ക്രിപ്ഷന്‍ മെഡിസിനായ ലോവസ്റ്റാറ്റിനും ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗത്തിന്റെ മരുന്നായറൂയിബോസും ഒരുമിച്ചു കഴിച്ചാല്‍ എന്തു സംഭവിക്കുമെന്ന് കുറഞ്ഞപക്ഷം ക്ലിനിക്കല്‍ ട്രയലുകളെങ്കിലുമില്ലെങ്കില്‍ സുരക്ഷിതമെന്ന് ആര്‍ക്കും അവകാശപ്പെടാനാവില്ല.
DDT എച്ച് ഡി എല്‍ കൂട്ടാന്‍ കഴിവുള്ള അപൂര്വ്വം വസ്തുക്കളില്‍ ഒന്നാണ്. കഞ്ചാവ് ശക്തമായൊരു വാസോഡയലേറ്ററും. ഇതു രണ്ടും റെഡ് റൈസ് യീസ്റ്റില്‍ ചേര്‍ത്ത് ഞാന്‍ ഒരു "കൊളസ്റ്റ്രോള്‍-രക്തസമ്മര്‍ദ്ദ" ഹെല്‍ത്ത് സപ്ലിമെന്റ് മാര്‍ക്കറ്റില്‍ ഇറക്കിയാല്‍ വൈറസ് മജീദിനെക്കാള്‍ കോടീശ്വരനാവും, ഒരു ഡ്രഗ് കണ്ട്റോളര്‍ക്കും ഞാന്‍ സമാധാനം പറയേണ്ട, ഒരു പ്രിസ്ക്രിപ്ഷനും വേണ്ട, ഒരു ഗവേഷണവും വേണ്ട ട്രയലും വേണ്ട ചിലവുമില്ല. നാലു പരസ്യം ടെലിവിഷനിലും പത്രത്തിലും കൊടുത്താല്‍ മതി.
ഹെല്‍ത്ത് സപ്ലിമെന്റ് എന്ന സങ്കല്പ്പത്തില്‍ എനിക്കു വിശ്വാസമില്ലാത്തതന്റ്റെ കാരണവും ഇതാണ്. ഒന്നുകില്‍ അംഗീകൃത ചികിത്സാ സംവിധാനങ്ങളുടെ ബൈപ്പാസ്, അല്ലെങ്കില്‍ വെറുതേ കാശുവാങ്ങുന്ന പ്രോഡക്റ്റ്.
ഓഫ്:
പ്രിയ സൂരജ്, കൂട്ടിച്ചേര്‍ക്കലുകള്‍ (തിരുത്തുകളും) ചുമ്മാ പോരട്ടെ. മിക്ക പോസ്റ്റുകളും റൗണ്ട് ഓടിയെത്തിയത് അങ്ങനെയുള്ള കമന്റുകള്‍ കയ്യയച്ച് സഹായിച്ചിട്ടാണ്.
Saturday, March 15, 2008
രക്താതിസമ്മര്‍ദ്ദം എങ്ങനെ ചെറുക്കാം- 4
ഒരു ജോഡി വൃക്കകള്‍ നമ്മള്‍ക്കുണ്ട്. അവയിലെ ദശലക്ഷക്കണക്കിനു ചെറു നെഫ്രോണുകള്‍ രക്തം അരിച്ച് അനാവശ്യവസ്തുക്കള്‍ പുറന്തള്ളിക്കൊണ്ടേയിരിക്കുന്നു. ചെറിയ ജോലിയൊന്നുമല്ല, ഒരു ദിവസം വെള്ളം കോരുന്ന തൊട്ടിയില്‍ ഇരുപത് അളക്കാവുന്നയത്ര രക്തം അരിച്ച് ഇവ മാലിന്യങ്ങള്‍ എടുത്തു കളയുന്നു. പ്രധാനമായും വെള്ളം, ഭക്ഷണത്തിലെ അനാവശ്യവസ്തുക്കള്‍, മൃതകോശങ്ങള്‍ എന്നിവയാണ് അവ അരിച്ചു മാറ്റുന്നത് (വൃക്ക മാത്രമല്ല കരളും ചര്‍മ്മവും മറ്റും പാഴ്വസ്തുക്കള്‍ കളയുന്നുണ്ട്). പുറമേ അവ ശരീരത്തിന്റെ പി എച്ച് ബാലന്‍സും വെള്ളം എത്രവേണമെന്നും രക്തസമ്മര്‍ദ്ദത്തോതും നിയന്ത്രിക്കുന്നുണ്ട്. വൃക്ക പോയാല്‍ ആളു പോയി.
അത്രയും ശാസ്ത്രം. ഇനി നമുക്ക് കണ്ടുപിടിക്കാം (പ്രയോഗത്തിനു ക്രെഡിറ്റ് റാംജി പാലിയത്തിന്). നല്ല പ്രോട്ടീന്‍ റിച്ച് ആയ ഭക്ഷണം (ബീഫ് ഫ്രൈ, മട്ടണ്‍ ബിരിയാണി) കഴിച്ചിട്ട് മുള്ളുമ്പോള്‍ മണം വത്യാസവും മൂത്രം കൂടുതല്‍ പതയുന്നതും ശ്രദ്ധിച്ചിട്ടുണ്ടോ? ശരീരത്തിനാവശ്യമായതില്‍ വളരെയധികം പ്രൊട്ടീനുകളെ വൃക്കകള്‍ പുറന്തള്ളുകയാണപ്പോള്‍ (മണം അസ്പരാജെന്‍ എന്ന പ്രോട്ടീനിന്റേതാവും സാധാരണ) അന്തരീക്ഷത്തിലെ പൊടി എത്രയുണ്ടെന്നനുസരിച്ച് ഏസി ഫില്‍ട്ടറുകള്‍ ചീത്തയാകുന്നതിന്റെ വേഗവും മാറും. അതെടുത്തു കഴുകി വയ്ക്കാം, പക്ഷേ വൃക്കയെ എന്തു ചെയ്യും? ആവശ്യമുള്ളതിലും വളരെയധികം നെഫ്രോണുകള്‍ ഉണ്ടായതുകൊണ്ട് പ്രോഗ്രസീവ് ആയി അവ നശിച്ചാലുംനമുക്ക് കുഴപ്പമില്ല. (സാധാരണ ഒരായുഷ്കാലത്തില്‍ വൃക്കയിലെ പത്തുമുപ്പതു ശതമാനം ഗ്ലോമെരുളി നശിക്കുന്നു, ഒരു ചുക്കും അതുകൊണ്ട് സംഭവിക്കാത്തത്ര സമൃദ്ധി വൃക്കയിലുണ്ട്) . എന്നാല്‍ പാഴ്വസ്തുക്കള്‍ അധികമാവുമ്പോള്‍ നെഫ്രോണുകള്‍ അവയുടെ ഉള്ളിലെ രക്തസമ്മര്‍ദ്ദം വല്ലാതെ ഉയര്‍ത്തിഅധിക ജോലിക്കു സന്നദ്ധരാകുന്നു. സ്ഥിരമായി ഇങ്ങനെ സമ്മര്‍ദ്ദത്തിലാണെങ്കില്‍ വൃക്കയിലെ കോശങ്ങള്‍ വളരെ വേഗം നശിക്കുകയോ ശരിയായല്ലാതെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയോ ചെയ്യുന്നു (Baldwin D. Chronic Glomerulonephritis) . ഫലം വൃക്കരോഗമാകാം, തെറ്റായി ഹോര്‍മോണുകള്‍ ഉണ്ടാക്കലാകാം, ഹൃദ്രോഗമാകാം, പക്ഷാഘാതമാകാം. വൃക്കകള്‍ തകരാറിലായാല്‍ അവസാനം വരെ ലക്ഷണം കാണിക്കാറില്ല, മാറ്റിവയ്ക്കലോ അതുപോലെ അത്യന്തം ഗൗരവമുള്ള നടപടികളോ ഒക്കെയേ ശരണമുള്ളു. അവ റെനിന്‍ ആഞ്ജിയോടെന്‍സിന്‍ തെറ്റിച്ചാല്‍ ACE ഇഹിബിറ്റര്‍ കൊണ്ട് തടുക്കാന്‍ ഡോക്റ്റര്‍ ശ്രമിക്കും.
"ഡയറ്റ് സൂക്ഷിക്കാന്‍ പറ്റുന്നില്ല എന്ന് ആരെങ്കിലും ദയനീയമായി പറഞ്ഞാല്‍ ഞാന്‍ അവരെ എന്റെ ഡയാലിസിസ് വാര്‍ഡ് ചുറ്റിക്കാണിക്കുകയാണ് ചെയ്യുക" ഡോ. മാക്‌ഡോഗള്‍ പറയുന്നു. അത്ര ഭീതിദമാണ് വൃക്കരോഗിയുടെ ഗുരുതരാവസ്ഥ. ഒരു മനുഷ്യന്റെ ഭക്ഷണത്തിലെ അഞ്ചു ശതമാനം വരെ പ്രോട്ടീനേ ശരീരത്തിനതിന്റെ കോശനിര്‍മ്മാണത്തിനു പരമാവധി ആവശ്യം വരൂ. ഭക്ഷണം അളവില്‍ നിയന്ത്രിക്കുന്നത് പ്രായോജികമോ ആശാസ്യമോ അല്ല. ട്രഡീഷണല്‍ ഏഷ്യന്‍ ഡയറ്റില്‍ പത്തു ശതമാനവും ട്രഡീഷണല്‍ അമേരിക്കന്‍ ഡയറ്റില്‍ മുപ്പതു ശതമാനവും ഫാസ്റ്റ് ഫുഡുകളില്‍ അതിലൊക്കെയേറെയും പ്രൊട്ടീനുകളാണ്. ഈ മാരകമായ ഓവര്‍ഡോസിനെയും പോരാഞ്ഞ് പ്രോട്ടീനെന്നാല്‍ നല്ലതാണ് അതുകൊണ്ട് എത്രയും അധികം പ്രോട്ടീന്‍ കഴിക്കുന്നോ അത്രയും നല്ലത് എന്ന രീതിയില്‍ മനുഷ്യനെ വിഢിയാക്കുന്ന ഹെല്‍ത്ത് ഡ്രിങ്കുകളും (അതേ, ഹോര്‍ളിക്സ് ശക്തി തരും, കോംപ്ലാന്‍ പരീക്ഷയില്‍ ജയിപ്പിക്കും, ബൂസ്റ്റ് ക്രിക്കലിറ്റില്‍ സെഞ്ച്വറി അടിപ്പിച്ചേ അടങ്ങൂ) കൂടിയാകുമ്പോള്‍ ദൈനം ദിനം ഇന്റ്റാ ഗ്ലോമെറുലര്‍ ഹൈപ്പര്‍ടെന്‍ഷന്‍ അനുഭവിക്കുകയാണ് സാധാരണ രക്തസമ്മര്‍ദ്ദമുള്ള ആരോഗ്യവാനും. ആര്‍ട്ടെറിയല്‍ സ്ക്ലീറോസിസ് ഡോക്റ്റര്‍ക്ക് ആഞ്ജിയോഗ്രാം ചെയ്തെങ്കിലും കാണാം ഗ്ലോമെറുലര്‍ സ്ക്ലീറോസിസ് അറിയാനുമാവില്ല, പരിഹരിക്കാന്‍ അദ്ദേഹത്തിനു മാജിക്കുമില്ല.
ഭക്ഷണത്തില്‍ പ്രോട്ടീനുകളില്ലെങ്കില്‍ കോശങ്ങള്‍ നാശകോശമാവും, പക്ഷേ അളവിലെത്രകൂട്ടിയാലും നല്ലതെന്ന ബോധം എങ്ങനെയോ ആളുകള്‍ക്കുണ്ടായി, പരസ്യങ്ങള്‍ അവയെ മുതലുമെടുക്കുന്നു. ഭക്ഷണത്തിലെന്തുവേണം എന്തു വേണ്ട എന്ന് അടുത്ത അദ്ധ്യായത്തില്‍ നോക്കാം.
(നല്ലൊരു ശതമാനം ഗവേഷണ വിവരങ്ങള്‍ക്കും (റെഫറന്‍സ് ആവശ്യപ്പെട്ടാല്‍ ഇടാം) ഡോ. മാക് ഡോഗളിന്റെ പുസ്തകങ്ങളോട് കടപ്പാട് )
Saturday, March 08, 2008
എങ്ങനെ രക്താതിസമ്മര്‍ദ്ദം ചെറുക്കാം- 3
പക്ഷേ നിങ്ങളാരാ വീരന്‍! അതിശക്തമായ ലോജിസ്റ്റിക്ക് സിസ്റ്റമുണ്ടാക്കിയും അസംസ്കൃതവസ്തുക്കളിന്മേല്‍ മറിമായം നടത്തിയും ഉയര്‍ന്ന കമ്മീഷന്‍ കിട്ടുന്ന സാധനങ്ങളുടെ നിരന്തരവും അനായാസവുമായ ലഭ്യത ഉറപ്പാക്കി നിങ്ങള്‍ കൂറ്റന്‍ കമ്മീഷന്‍ വാരിക്കോരി കൂട്ടുകയാണ്.
നല്ല ഇടപാട് ആണോ ഇത്? മാക്സിമം സ്റ്റോക്ക് ലെവല്‍ കഴിഞ്ഞും എത്തിയ ലോഡ് ഗോഡൗണില്‍ വയ്ക്കാന്‍ സ്ഥലമില്ലാതേ പണിക്കാര്‍ ഇടനാഴികളിലും കോണിച്ചുവട്ടിലും എം ഡിയുടെ മുറിയിലും കൊണ്ടിറക്കി വച്ചു. കമ്മീഷന്‍ കുറഞ്ഞ സാധനങ്ങള്‍ കിട്ടാനില്ലാതെ പ്ലാന്റ് മാനേജറന്മാര്‍ പച്ചത്തെറി പറഞ്ഞു. ഫലമില്ലാതെ വന്നപ്പോള്‍ കിട്ടിയ മണ്ണെണ്ണയും മഴവെള്ളവും കൊണ്ട് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് അതിനൊക്കെ കേടുവരുത്തി. അറ്റകുറ്റപണികള്‍ക്കുള്ള സാധനങ്ങള്‍ കമ്മീഷനില്ലാതെ വരവു നിലച്ചു. കൂനിന്റെ മോളില്‍ കുരുവെന്നു പറഞ്ഞതുപോലെ വിറ്റുവരവും കുറവായ കാലം വന്നു. ഓര്‍ക്കുക, ഫാക്റ്ററി അടച്ചു പൂട്ടിയാല്‍ പിന്നെ നിങ്ങള്‍ക്ക് ജോലിയുമില്ല കമ്മീഷനുമില്ല.
സ്വാദാണ് നിങ്ങളുടെ കമ്മീഷന്‍ എന്ന് പറയേണ്ടതില്ലല്ലോ. നല്ല കച്ചവടമുള്ള, ആക്റ്റീവ് ആയ ശരീരത്തിനു ധാരാളം ഊര്‍ജ്ജം വേണം (അത്ര ആക്റ്റീവ് അല്ലെങ്കിലും വേണം കേട്ടോ).
കൊഴുപ്പ്, അന്നജം, മധുരം തുടങ്ങിയ അസംസ്കൃതവസ്തുക്കള്‍ക്ക് നല്ല കമ്മീഷന്‍ കിട്ടുന്നതില്‍ അതിശയിക്കാനില്ല. പക്ഷേ ഇന്‍സന്റീവ് സ്കീം തുടങ്ങിയ കാലമല്ല ഇന്ന്. ഇന്ന് കൃഷിയുണ്ട്, കന്നുകാലി കോഴിവളര്‍ത്തലുണ്ട് അതിലെല്ലാം ഉപരിയായി കച്ചവടം ഉണ്ട്. പൈസ കൊടുത്താല്‍ വാങ്ങിത്തിന്നാന്‍ പറ്റാത്തതൊന്നുമില്ല. കോഴിയെത്തിന്നണമെങ്കില്‍ കുന്തവും കവണയുമായി ഒരു കാട്ടിലും ഓടണ്ടാ, നിരാശനായി മടങ്ങുകയും വേണ്ട. ആ ടീവി റിമോട്ട് താഴെ വച്ച് മൊബൈല്‍ ഫോണ്‍ എടുത്ത് കെ എഫ് സി നംബര്‍ ഞെക്കുകയേ വേണ്ടൂ. നാലോ നാല്പ്പതോ കോഴി വറുത്തും പൊരിച്ചും മടിയിലെത്തും, പണത്തിന്റെ ഒരു ശക്തിയേ.
കമ്മീഷന്‍ വേണം, എന്നാല്‍ ഫാക്റ്ററി അതിന്റെ പേരില്‍ പൂട്ടിയാല്‍ താന്‍ ചത്തു മീന്‍ പിടിക്കലാവും. അല്ലാ എന്താണ് നമ്മുടെ ഫാക്റ്ററി നടത്താന്‍ ദൈനം ദിനം വേണ്ടത്? കണ്‍സ്റ്റ്രക്ഷനൊക്കെ കഴിഞ്ഞ് ഫുള്‍ കമ്മീഷനിങ്ങ് നടത്തിയ ഫാക്റ്ററി ആണെങ്കില്‍?
കൊഴുപ്പ് പഞ്ചസാര അന്നജം ജലം മാംസ്യം ഒക്കെ വേണം. പിന്നെ മനസ്സില്‍ ഓടിവരിക വൈറ്റമിനാണ് (പരസ്യങ്ങളുടെ ഒരു ശക്തിയേ, സ്വാഭാവികമായി കിട്ടണം എന്നു കൂടി പരസ്യത്തിലുണ്ടായിരുന്നെങ്കില്‍)
daily requirement കണക്കുകള്‍ മൈക്രോ ഗ്രാമില്‍:
മുന്നറിയിപ്പ്: സ്വാഭാവികമായുള്ള രീതിയിലല്ലാതെ മരുന്നായോ സപ്പ്ലിമെന്റായോ ധാതുക്കളും വൈറ്റമിനുകളും ഉള്ളിലാക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിയല്ല,ഡോക്റ്റര്‍ ഇങ്ങോട്ടാവശ്യപ്പെട്ടാലല്ലാതെ ചെയ്യുകയും അരുത്.(എന്താണു വത്യാസമെന്ന് അടുത്ത അദ്ധ്യായത്തില്‍ പറയുന്നുണ്ട്) പല ധാതുക്കളും അസ്വാഭാവിക കോണ്‍സണ്ട്റേഷനില്‍ മരണകരിയായേക്കാം. വൈറ്റമിന്‍ ഓവര്‍ഡോസ് പോലും ആപത്കരമാണ്.
1.റെറ്റിനോള്‍ (ഏ) - 600
2. തയമിന്‍ (ബി ഒന്ന്) -1000+
3. റൈബോഫ്ലാവന് ( ബി രണ്ട്) -1200
4. നയസിന്‍ (ബി മൂന്ന്)- 1500
5. പാന്റോഥിനിക്ക് ആസിഡ് (ബി അഞ്ച്)-1000+
6. പൈറിഡോക്സിന്‍- (ബി ആറ്) -2000
7. ബയോട്ടിന്‍ (ബി എട്ട്) -100
8. ഫോളിക്ക് ആസിഡ് (ബി ഒമ്പത്)- 100+
9. കൊബളാമിന്‍ (ബി പന്ത്രണ്ട്) -1
10. കോളിന്‍-1000
11. ഇനോസിറ്റൊള്‍-1000
12. അസ്കോര്‍ബിക്ക് ആസിഡ് (സി) -4000+
13. വൈറ്റമിന്‍ ഡി- 10
14.ടോക്കഫെറോള്‍ (ഈ)- 1500
15. വൈറ്റമിന്‍ കെ- 75
ഒരു ശരാശരിക്കണക്കാണ്, വിട്ടുപോയതു മുതല്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്തതുവരെയുള്ള സംഭവങ്ങളുണ്ടാവും. നമുക്കറിയില്ലെങ്കിലും ശരീരത്തിനതൊക്കെയറിയാം. ആയിരക്കണക്കിനാണ് ഉപയോഗം ഇവയുടെ. എല്ലാം അറിയില്ല, അറിയുന്നതു പോലും എഴുതണമെങ്കില്‍ ഓരോന്നും ഓരോ അദ്ധ്യായമാക്കണം. നമ്മുടെ വിഷയം രക്തസമ്മര്‍ദ്ദമാണല്ലോ, അതിനാല്‍ അതുമായി ബന്ധപ്പെട്ട ചിലത് (എല്ലാമില്ല, മനസ്സില്‍ വരുന്നവ മാത്രം) സൂചിപ്പിച്ച് പോകാം വൈറ്റമിന്‍ ഏ- സിരകളുടെ കാപ്പിലറൈസേഷനും ഓക്സിജന്‍ സ്വീകരിക്കാനുള്ള മ്യൂക്കസ് ലൈനിങ്ങ് ഉണ്ടാക്കാനും, ബി ഒന്ന്-ഹൃദയത്തിന്റെ റിപ്പയറിന്, ബി രണ്ട്- അഡ്രിനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന്, ബി മൂന്ന്-സ്വസ്ഥത മുതല്‍ കൊളസ്റ്റ്റോള്‍ കൂടാതിരിക്കാന്‍ വരെ, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, ബി അഞ്ച്- അമിനോ ആസിഡുകള്‍ ആവശ്യത്തിനു കൊടുത്ത് പിറ്റ്യൂട്ടറി- അഡ്രിനലാദികളുടെ സ്രവങ്ങള്‍ നിയന്ത്രിക്കാന്‍, ബി ആറ് വിളര്‍ച്ച ചെറുക്കാന്‍, ബയോട്ടിന്‍ ഹൃദയവും ധമനികളിലും ടിഷ്യൂകള്‍ ആരോഗ്യത്തിലിരിക്കാന്‍, ഫോളിക്ക് ആസിഡ്, ആവശ്യത്തിനു ചുവന്ന രക്താണുക്കളും നല്ല കോശങ്ങളും ഉണ്ടാകാന്‍, ബി പന്ത്രണ്ട് ഏകദേശം ആറിന്റെ ജോലി, കോളിന്‍- കരളിന്റെ ആരോഗ്യം വഴി കൊളസ്റ്റ്റോള്‍ അടക്കം സ്രവങ്ങള്‍ ആവശ്യത്തിനു മാത്രം ഉണ്ടാക്കാന്‍, നിയന്ത്രിക്കാന്‍, ഇന്‍സോസിറ്റോള്‍ കരളില്‍ കൊഴുപ്പടിയാതിരിക്കാന്‍, സി- അഡ്രിനല്‍, തൈറോയിഡ് ഗ്രന്ഥികള്‍ നശിക്കാതിരിക്കാന്‍ മുതല്‍ ഒരുപാട്, ഡി രക്തത്തിലെ കാത്സ്യം തോത് നിയന്ത്രിക്കാന്‍, ഈ- ധമനികള്‍ കട്ടിപിടിക്കാതിരിക്കാന്‍, കെ- രക്തക്കട്ടകളുണ്ടായി ശരീരകോശങ്ങള്‍ മരിക്കാതിരിക്കാന്‍... ഈ ലിസ്റ്റിനു ഒരന്തവുമില്ല, വെറും ഉദാഹരണങ്ങളഅണ് നമ്മുടെ ഫാക്റ്ററിക്ക് ആവശ്യത്തിനു വൈറ്റമിനുകള്‍ കിട്ടിയില്ലെങ്കില്‍ രക്തസമ്മര്‍ദ്ദത്തിന് എന്തു സംഭവിക്കും എന്നതിന്.
അടുത്തത് മിനറലുകള്‍ (ധാതു എന്നു തന്നെയോ മലയാളം എന്ന് ഉറപ്പില്ല അറിയുന്നവര്‍ പറഞ്ഞു തരണേ)
മുഖ്യ മിനറലുകള്‍ ദൈനം ദിനാവശ്യത്തിന് മില്ലിഗ്രാമില്‍
1. ബോറോണ്‍- 2 - ശരീരം റ്റ്യൂമറുകളും സിസ്റ്റുകളും ഉണ്ടാക്കാതിരിക്കാന്‍
2.കാത്സ്യം- 400 - രക്തസ്രാവവും വിളര്‍ച്ചയും ഉണ്ടാകാതിരിക്കാന്‍
3.ക്ലോറിന്‍- 300 - കൊഴുപ്പടിയാതെ ഇരിക്കാന്‍
4.ക്രോമിയം 0.002 - മെറ്റബോളിസം നടക്കാന്‍
5.ചെമ്പ്- 200 - വൃക്കകളും കരളും ഹൃദയവും ആരോഗ്യത്തോടെ പ്രവര്‍ത്തിക്കാന്‍
6.അയഡിന്‍- 0.015 - ഹോര്‍മോണുകള്‍ രക്തത്തില്‍ നിയന്ത്രിക്കപ്പെടാന്‍
7.ഇരുമ്പ്- 200+ ചുവന്ന രക്താണുക്കള്‍ക്ക്
8.മഗ്നീഷ്യം- 350 കൊളസ്റ്റ്റോള്‍ നിയന്ത്രിക്കാനും ധമനീരോഗം ചെറുക്കാനും
9.മാംഗനീസ്- 2+ - മെറ്റബോളിസം നടക്കാന്‍
10. മോളിബ്ഡെനം 0.005- മെറ്റബോളിസം നടക്കാന്‍
11.ഫോസ്ഫറസ് - 800- ശരീര പി എച്ച് ബാലന്‍സിന്
12. പൊട്ടാസ്യം - 1 - ശരീര പി എച്ച് ബാലന്‍സിന്
13. സെലിനിയം - 0.005 - ഹൃദയാരോഗ്യത്തിന്
14.സിലിക്കോണ്‍- ട്രേസ്- ശരീരതാപനിയന്ത്രത്തിനായുള്ള ധമനീചുരുക്കവികാസത്തിന്
15.സോഡിയം 1000+- രക്തസമ്മര്‍ദ്ദ നിയന്ത്രണത്തിന്
16.ഗന്ധകം- ട്രേസ്- കരളിന്റെ പ്രവര്‍ത്തനത്തിന്
17.വനേഡിയം- ട്രേസ്- ഹൃദയാരോഗ്യത്തിന്
18.നാകം- ട്രേസ്- എന്‍സൈം നിയന്ത്രാത്തിന്
അമിനോ ആസിഡുകള്‍
1.അര്‍ജ്ജിനിന്‍- മെറ്റബോളിസത്തിന്, വൃക്കകളുടെ പ്രവര്‍ത്തനത്തിന്
2.ഹിസ്റ്റിഡിന്‍- കോശനിര്‍മ്മാണത്തിന്
3.ഐസോല്യൂസിന്‍- പിറ്റ്യൂട്ടറി ഗ്രന്ഥിക്ക്
4.ല്യൂസിന്‍-പ്രോട്ടീന്‍ നിര്‍മ്മാണം
5.ലൈസിന്‍-രോഗനിയന്ത്രണം
6.മെഥിയൊനിന്‍- കരളിന്റെ പ്രവര്‍ത്തനത്തിന്
7.ഫെനിലലനിന്‍- വൃക്കളുടെ പ്രവര്‍ത്തനത്തിന്
8.ത്രയോനിന്‍- കരളില്‍ കൊഴുപ്പടിയാതിരിക്കാന്‍
9.ട്രൈറ്റോഫന്‍- മെറ്റബോളിസത്തിന്
10.വാലിന്‍- നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തിന്
പ്രിയ പര്‍ച്ചേസര്‍, താങ്കള്‍ കമ്പനിയുടെ നല്ലതിനാണോ ശ്രമിക്കുന്നത് ? നമുക്ക് അടുത്ത ഭാഗത്തില്‍ നോക്കാം.
(അരമണിക്കൂറില്‍ പരമാവധി കാര്യം എഴുതുക എന്ന രീതിയില്‍ നിര്‍മ്മിക്കുന്ന പോസ്റ്റുകളാണ്, അതിനാല്‍ പുസ്തകങ്ങള്‍ നോക്കാതെ ഓര്‍മ്മയില്‍ നിന്നുമാണ് മിക്കതും . എഴുതുന്നയാള്‍ വിഷയത്തിലെ വിദഗ്ദ്ധനുമല്ല. വസ്തുതാപരമോ ആശയപരമോ ആയ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ദയവായി ചൂണ്ടിക്കാട്ടുക (അക്ഷര-വ്യാകരണത്തെറ്റുകളും :) )
Friday, March 07, 2008
രക്താതിസമ്മര്‍ദ്ദം എങ്ങനെ ചെറുക്കാം- 2
അടുത്ത രണ്ടു കാരണങ്ങള്‍ അഡ്രിനല്‍ ഹൈപ്പര്‍ടെന്‍ഷനും റെനല്‍ ഹൈപ്പര്‍ടെന്‍ഷനും തൊട്ടു ചേര്‍ന്ന് നില്‍ക്കുന്നു അഡ്രിനല്‍ എന്നാല്‍ തന്നെ റെനലിനൊപ്പം എന്നാണല്ലോ അര്‍ത്ഥം. അഡ്രിനല്‍ ഗ്രന്ഥിയുടെ കാമ്പ് (മെഡുല്ല) അഡ്രിനാലിന്‍ നോറഡ്രിനാലിന്‍ എന്ന രണ്ട് ഹോര്‍മോണുകള്‍ വഴി ശരീരത്തിന്റെ ഫൈറ്റ് & ഫ്ലൈറ്റ് സിസ്റ്റം നിയന്ത്രിക്കുന്നു. ഇതിലെ നോറഡ്രിനാലിന് ബാരോറിസപ്റ്ററുകളെ സ്വാധീനിക്കാനും രക്തസമ്മര്‍ദ്ദം കൂട്ടാനും കഴിയും. (വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ് അഡ്രിനാലിന്‍-നോറഡ്രിനാലിന്‍ പ്രവര്‍ത്തനം എന്നതിനാല്‍ വിശദീകരിക്കുന്നില്ല) അഡ്രിനല്‍ ഗ്രന്ഥിയുടെ പുറം ഭാഗ കോശങ്ങള്‍ കോര്‍ട്ടികോസ്റ്റീറോയിഡ്, പുരുഷഹോര്‍മോണുകള്‍ എന്നിവയാണ് ഉത്പാദിപ്പിക്കുന്നത്. ഇവ എത്രയളവില്‍ ഉത്പാദിപ്പിക്കണം എന്നത് ഗ്രന്ഥി മറ്റു ഗ്രന്ഥികളുടെ സ്രവങ്ങള്‍, റെനിന്‍ ആഞ്ജിയോടെന്‍സിന്‍ ( ഡോ. സൂരജിന്റെ പോസ്റ്റ് നോക്കുക) എന്നിവയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.
വൃക്കകള്‍ രക്തത്തിലെ അനാവശ്യവസ്തുക്കള്‍ പുറന്തള്ളുകയും മറ്റും ചെയ്യുന്നത് വിശദീകരിക്കേണ്ടതില്ലല്ലോ. റെനിന്‍ ആഞ്ജിയോടെന്‍സില്‍ഊത്പാദനം വഴി അവ ധമനികലെ ആവശ്യമുള്ളപ്പോള്‍ ചുരുക്കി രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നു, പിറ്റ്യൂട്ടറി ഗ്രന്ഥികളെ സ്വാധീനിച്ച് രക്തത്തിലെ വെള്ളം ബാലന്‍സ് ചെയ്ത് രക്തത്തിന്റെ മൊത്തം അളവ് നിയന്ത്രിക്കുന്നു.
ശരീരത്തിലെ അവയവങ്ങളെല്ലാം ഇങ്ങനെ ഒരു ഇന്റഗ്രേറ്റഡ് സിസ്റ്റമായി പരസ്പരം ആശയവിനിമയം നടത്തിയാണ് വര്‍ത്തിക്കുന്നത്. മിടുക്കന്മാരായ അഡ്രിനലിനു കണക്കു പിഴച്ചാല്‍ ബാരോറിസപ്റ്ററിനു പിഴയ്ക്കും. വൃക്കയ്ക്ക് കണക്കു തെറ്റിയാല്‍ പിറ്റ്യൂട്ടറിയ്ക്കും അഡ്രിനലിനും പിഴയ്ക്കും. സിരകള്‍ വൃക്കയുടെ പിഴച്ച റെനിന്‍ ആഞ്ജിയോടെന്‍സിന്‍ വിതരണം കാരണം ചുരുങ്ങുമ്പോള്‍ ബാരോറിസപ്റ്ററിനു വട്ടാകും അങ്ങനെ ഒരിടത്ത് സംഭവിക്കുന്നത് മാലപ്പടക്കത്തിന്റെ തിരി കത്തിയതുപോലെ ചെയിന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കളയും എന്നു പറയാനാണ് ഇത്രയും ചുരുക്കി, ലളിതമാക്കി, പലതും വിട്ടുകളഞ്ഞ് വിവരിച്ചത്.
അപൂര്വ്വമായി അഡ്രിനല്‍ ഗ്രന്ഥികള്‍ക്ക് വരുന്ന രോഗങ്ങളുണ്ട്, അവയൊഴിച്ചാല്‍ ഇവയെ പ്രതികൂലമായി ബാധിച്ച് ഹോര്‍മോണുകള്‍ തകരാറിലാക്കുകയും വൃക്കകളെക്കൊണ്ട് റെനിന്‍ ആഞ്ജിയോടെന്‍സിന്‍ അനാവശ്യതോതില്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളെയാണ് നമുക്ക് നേരിടാനാവുന്നത്.
(രണ്ടാം ഭാഗം കൊണ്ട് തീര്‍ക്കേണ്ടതിന്റെ പകുതിയേ ആകുന്നുള്ളു. ഒരു അനുബന്ധം വഴിയേ ചേര്‍ക്കാം)
കഴിഞ്ഞ ഭാഗത്തില്‍ ഞാന്‍ എഴുതി തെറ്റിച്ചത് പണിക്കര്‍ മാഷ് തിരുത്തിയിട്ടുണ്ട്, പോസ്റ്റ് വായിച്ചവര്‍ അദ്ദേഹത്തിന്റെ കമന്റും വായിച്ചു കാണുമല്ലോ. കഴിഞ്ഞ ഭാഗത്തില്‍ ഞാന്‍ എഴുതി തെറ്റിച്ചത് പണിക്കര്‍ മാഷ് തിരുത്തിയിട്ടുണ്ട്, പോസ്റ്റ് വായിച്ചവര്‍ അദ്ദേഹത്തിന്റെ കമന്റും വായിച്ചു കാണുമല്ലോ.
ആഹാരശീലങ്ങളില്‍ കൈ വയ്ക്കും മുന്നേ ശരീരത്തിന്റെ സന്തുലിതാവസ്ഥ ഭക്ഷണത്തിനെങ്ങനെ നാശമാക്കാം, സ്വാഭാവികമായുള്ള ശരീരത്തിന്റെ കറക്ഷന്‍ മെക്കാനിസം നിരന്തരമായ നാശപ്പെടുത്തല്‍ മൂലം എങ്ങനെ ഇല്ലാതാക്കാം എന്ന് വിവരിച്ചശേഷമേ വ്യക്തമാവൂ എന്നതിനാല്‍ കമന്റ് മറുപടികള്‍ മൂന്നാം ഭാഗത്തിനൊപ്പമാക്കി.
(അതുല്യാമ്മ വിഷമിക്കേണ്ട, ആരോഗ്യകരമായ ഭക്ഷണം എന്നാല്‍ രുചിയില്ലാത്ത ഭക്ഷണമല്ല, ഡയറ്റ് എന്നാല്‍ ഒരായുഷ്കാലത്തേക്കാണ്, അത് ആസാദ്വമല്ലെങ്കില്‍ ആളുകള്‍ താമസിയാതെ തന്നെ കോമ്പ്രമൈസ് തുടങ്ങും :) )
Sunday, March 02, 2008
രക്താതിസമ്മര്‍ദ്ദം എങ്ങനെ ചെറുക്കാം?
രക്താതിസമ്മര്‍ദ്ദത്തിന്റെ ചികിത്സ എന്തെന്ന് സൂരജിന്റെ വരും പോസ്റ്റില്‍ വിശദീകരിക്കുമെന്ന് കാണുന്നു. ആയുര്വ്വേദത്തിലും ചികിത്സകളുണ്ടെന്ന് കാണുന്നു. എങ്കില്‍ പിന്നെ പ്രകൃതിജീവനം (എപ്പോഴും എഴുതുന്ന മുന്നറിയിപ്പ്, പ്രകൃതിജീവനം എന്നാല്‍ ഒരു ചികിത്സാ സമ്പ്രദായമല്ല, സ്വയം ചികിത്സയോ ചികിത്സവേണ്ടുമ്പോള്‍ ചെയ്യാതിരിക്കലോ അല്ല. പ്രകൃതിജീവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാളിനു വൈദ്യസഹായം വേണ്ടിവന്നാല്‍ തേടുക തന്നെ വേണം) എന്ന മാര്‍ഗ്ഗത്തില്‍ വെറുതേ സമയം കളയേണ്ടതുണ്ടോ എന്ന് നിങ്ങള്‍ ചോദിക്കാന്‍ പോവുകയല്ലേ?
തീര്‍ച്ചയായും വേണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനു മരുന്നുകള്‍ കഴിച്ചാല്‍ അവ താഴ്ന്നു വരും. പക്ഷാഘാതത്തില്‍ നിന്നും നല്ലൊരളവും രക്തസമ്മര്‍ദ്ദജന്യഹൃദ്രോഗത്തില്‍ നിന്നും ചെറിയൊരളവും അത് നിങ്ങള്‍ക്ക് സംരക്ഷണവും തരും. എന്നാല്‍ സ്വാഭാവികമായി രക്തസമ്മര്‍ദ്ദം അനുയോജ്യമായി നില്‍ക്കുന്ന ഒരുവനോളം സംരക്ഷണം നിങ്ങള്‍ക്ക് തരാന്‍ മരുന്നുകളാലെ അതിനെ താഴ്ത്തിയാല്‍ കഴിയുമോ? തീര്‍ച്ചയായും ഇല്ല എന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്.
സനാതനരോഗമായതിനാല്‍ ദീര്‍ഘകാലം, ചിലപ്പോല്‍ ശിഷ്ടജീവിതം മുഴുവന്‍ മരുന്നു കഴിക്കേണ്ടിവരുമെന്നും മരുന്നുകളൊന്നും തന്നെ പൂര്‍ണ്ണമായും പാര്‍ശ്വഫലവിമുക്തമല്ലെന്നും ഞാന്‍ പറയേണ്ടതില്ലല്ലോ. ശരീരത്തിനു ഭേദമാക്കാന്‍ കഴിയാതെ വരുന്ന പിഴവുകള്‍ക്കാണ് മരുന്നുകളെ ആശ്രയിക്കേണ്ടിവരുന്നത്.
രക്തസമ്മര്‍ദ്ദം ഉയര്‍ന്നാല്‍ അതു താഴ്ത്തുന്നതെങ്ങനെ എന്നു പറയും മുന്നേ, അതിന്റെ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാകാതിരിക്കാന്‍ എന്തു ചെയ്യണം? ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രക്തക്കുഴലുകള്‍ പൊട്ടിയോ അടഞ്ഞോ പക്ഷാഘാതമുണ്ടാവാന്‍ കാരണമായേക്കാം എന്ന് സൂരജിന്റെ പോസ്റ്റില്‍ വായിച്ചല്ലോ. നമ്മുടെ ഒന്നാമത്തെ പ്രശ്നം അവിടെക്കിടക്കുന്നു. ഐസോമെട്രിക്സ് (ഭാരോദ്വഹനം പഞ്ചഗുസ്തി തുടങ്ങിയവ) ചെയ്യുമ്പോള്‍ കായികതാരത്തിന്റെ രക്തസമ്മര്‍ദ്ദം 500/400 വരെയൊക്കെ ദിവസേന ഉയരാറുണ്ട്. കുഞ്ചലറാണിക്കും ക്രിസ് ലീറോക്സിനും വരാത്ത പക്ഷാഘാതം സിസ്റ്റോളില്‍ മെര്‍ക്കുറി നൂറ്റമ്പതു വരെ പൊക്കുന്നതല്ലാതെ ജീവിതത്തില്‍ ഇന്നുവരെ ഒരു വെയിറ്റും പൊക്കാത്ത പാവം മത്തായിച്ചനെങ്ങനെ വരുന്നു? ആരോഗ്യമുള്ള രക്തക്കുഴലുകള്‍ വലിയ സമ്മര്‍ദ്ദം താങ്ങും, ഇലാസ്തികത കുറഞ്ഞവയും ഫാറ്റ് പാച്ച് വീണവയും വേഗം പൊട്ടുകയും അടയുകയും ചെയ്യും.
റൂള്‍ നമ്പര്‍ വണ്‍- രോഗിവര്യന്‍ നാഥന്‍ പ്രിട്ടിക്കിന്‍ പണ്ടേ പറഞ്ഞതുപോലെ "ഹാവ് ബേബി-ഫ്രെഷ് ആര്‍ട്ടറീസ് !
ഇനി രക്തസമ്മര്‍ദ്ദത്തിന്റെ കാരണങ്ങളിലേക്ക് പോകാം. ബാരോറിസപ്റ്ററുകള്‍ ഉയര്‍ന്ന സമ്മര്‍ദ്ദത്തെ സാധാരണയെന്ന് അംഗീകരിക്കുക, അഡ്രിനല്‍ ഗ്രന്ഥി തെറ്റായ അളവ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുക, വൃക്കകള്‍ വാട്ടര്‍ റിട്ടന്‍ഷനും മറ്റും നടത്തി രക്തത്തിന്റെ അളവു തെറ്റിക്കുക എന്നിവയാണ് മുഖ്യകാരണങ്ങളഅയി വരുന്നതെന്ന് സൂരജിന്റെ പോസ്റ്റും കമന്റുകളുമായി കണ്ടല്ലോ. ഇത് മൂന്നും എന്തുകൊണ്ട് സംഭവിക്കുന്നു എന്നു കണ്ടെത്തി പരിഹാരം കാണുകയാണ് നമ്മുടെ ലക്ഷ്യം.
ഓരോന്നായി എടുക്കാം: എന്തുകൊണ്ട് ബാരോറിസപ്റ്ററുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് അനുവദിക്കുന്നു?
ഒന്നുകില്‍ ശരീരത്തിനു സാധാരണ തോതില്‍ രക്തസമ്മര്‍ദ്ദം കൊണ്ട് രക്തത്തിന്റെ ചുമതലകള്‍ നിര്വ്വഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ അല്ലെങ്കില്‍ ബയോറിസപ്റ്ററുകള്‍ക്ക് കണക്കു പിഴച്ചിട്ട്. രക്തം സിരകളിലോടുന്നത് മുഖ്യമായും ഓക്സിജനും മറ്റ് ഇന്ധനങ്ങളും പേശികള്‍ക്ക് നല്‍കുവാനും കാര്‍ബണ്‍ ഡയോക്സൈഡും മറ്റു ചപ്പു ചവറുകളും നീക്കം ചെയ്യാനുനും ശരീരതാപനില ആവശ്യമുള്ളതുപോലെ നിലനിര്‍ത്താനും യുദ്ധോപകരണങ്ങള്‍ പട്രോള്‍ ചെയ്യിക്കാനും ആണ്(വിശദമായി ആരുടെയോ ബ്ലോഗില്‍ എഴുതിയെന്ന് ഓര്‍മ്മ) . ശരീരത്തിന് ആവശ്യമുള്ള ഓക്സിജന്‍ കിട്ടാനായി അത് രക്തസമ്മര്‍ദ്ദം ഉയര്‍ത്തും. (സാധാരണഗതിയില്‍ പമ്പിങ്ങ് റേറ്റ് കൂട്ടി) വ്യായാമം ചെയ്യുമ്പോള്‍ ബി പി ഉയരുന്നതിന്റെ (വെയി ലിഫ്റ്റ് ചെയ്യുമ്പോള്‍ അഞ്ചാറിരട്ടിയാകുന്നതിന്റെയും) കാരണം ഇതാണ്. ടെന്‍ഷന്‍ അടിച്ചാല്‍ ബി പി കൂടുന്നത് എന്തിനെന്നും ഇപ്പോള്‍ ഊഹിക്കാമല്ലോ. രക്തക്കുഴലുകള്‍ക്ക് ഇലാസ്തികത കുറഞ്ഞാല്‍ ഉയര്‍ന്ന വാസ്കുലര്‍ റെസിസ്റ്റന്‍സ് ആവശ്യമായി വരുന്നു. രക്തത്തിനു കട്ടി കൂടുതലാണെങ്കിലും അങ്ങനെ തന്നെ (Poiseiulle's law) . പരിഹാരം? ഒന്നാമത്തേത് പറഞ്ഞുകഴിഞ്ഞു, ഹാവ് ബേബി ഫ്രഷ് ബ്ലഡ് വെസല്‍സ്. പിന്നെ? രക്തം ഒട്ടല്‍ കൂടിയത് ആക്കാതെയിരിക്കുക.
ഇത്തരത്തിലുള്ള രക്തസമ്മര്‍ദ്ദത്തെ മരുന്നുകൊണ്ട് കുറച്ചാല്‍ അടിസ്ഥാന പ്രശ്നം പരിഹരിക്കുന്നതിനു പകരം സ്വാഭാവിക പരിഹാരത്തെയാണ് ഇല്ലാതെയാക്കുന്നത്.
ബാരോറിസ്പ്റ്ററുകള്‍ക്ക് കണക്കു തെറ്റി നൂറ്ററുപതിനെ നൂറെന്ന് വായിക്കുകയാണെങ്കിലോ? ആരോഗ്യമുള്ള ശരീരത്തില്‍ കൊള്ളാവുന്ന ടിഷ്യൂകള്‍ കാണും എന്ന് സമാധാനിക്കാം. തെറ്റിയവയ്ക്ക് മരുന്നു തന്നെ വേണ്ടിവരും. നല്ല ഇലാസ്തിക ധമനിയ്ക്കും അയവുള്ള രക്തത്തിനും പരിഹരിക്കാനാവാത്ത ബാരോ-സിമ്പതി ആണെങ്കില്‍ ആശുപത്രി ചലോ. മരുന്ന് ഖാവോ. (നിസ്സാരന്യൂനപക്ഷത്തിനേ ഈ കഷ്ടകാലം ഉണ്ടാവൂ)
ഇയാള്‍ കുറേ നേരമായി ഫ്രഷ് ബ്ലഡ്‌വെസ്സല്‍ എന്നു പറയുന്നല്ലോ ഇതെങ്ങനെ ഉണ്ടാക്കും എന്നല്ലേ? ആദ്യമായി, പുക വലിക്കരുത്. പുകവലി രക്തക്കുഴലുകളെ കട്ടിയുള്ളതാക്കും, രക്തത്തെ ഒട്ടല്‍ കൂടിയതും. പുകവലി രക്തത്തിലെ ഓക്സിജന്‍ അളവു കുറയ്ക്കും, ശ്വാസകോശത്തിന്റെ കപ്പാസിറ്റി കുറച്ച് ഓക്സിജന്‍ സ്വീകരണത്തോടും കുറയ്ക്കും. ഒരു ബി പി മോണിറ്റര്‍ കെട്ടിക്കൊണ്ട് പുകവലിച്ചാല്‍ തോത് ക്ഷണം പത്തിരുപത് പോയിന്റ് ഉയരുന്നത് കാണാം.
അടുത്തത് വ്യായാമം. ഏറോബിക്ക് എക്സര്‍സൈസ് (എങ്ങനെ എന്നതിന് പഴയ വ്യായാമം എന്ന പോസ്റ്റ് നോക്കുക) ശ്വാസകോശത്തിന്റെയും ഹൃദയപേശികളുടെയും ധമനികളുടെയും ആരോഗ്യം സ്ഥിരവ്യായാമം മൂലം കൂട്ടുന്നു, ഹാര്‍ട്ട് റേറ്റ് കുറച്ച് ആര്‍ട്ടറിയല്‍ റെസിസ്റ്റന്‍സ് താഴ്ത്തുന്നു. വ്യായാമം തുടങ്ങും മുന്നേ സമൂലം ചെക്ക് അപ്പ് നടത്തി എന്തൊക്കെ ചെയ്യാന്‍ പോകുന്നു എന്ന് ഡോക്ടറോട് ചര്‍ച്ച ചെയ്യുക. ഒറ്റ ദിവസം കൊണ്ട് എടുത്തു ചാടരുത്, പുകവലിയുണ്ടെങ്കില്‍ ഏറോബിക്സ് അരുത്, തുടങ്ങിയാല്‍ കുറഞ്ഞത് ആഴ്ച്ചയില്‍ അഞ്ചു ദിവസം ചെയ്യാന്‍ കഴിയണം. വ്യായാമം തുടങ്ങി രണ്ടുമാസം കൊണ്ട് പ്രകടമായും രക്തസമ്മര്‍ദ്ദ തോതില്‍ നോര്‍മലിലേക്കുള്ള യാത്ര പത്തു മുതല്‍ ഇരുപത് ശതമാനം വരെ കുറഞ്ഞു കണ്ടാല്‍ വര്‍ക്കൗട്ട് ഫലിക്കുന്നുണ്ട്. മൂന്നു നാലു വര്‍ഷം കൊണ്ട് സമ്മര്‍ദ്ദത്തിനെ ഒതുക്കാന്‍ കഴിയേണ്ടതാണ്.
ഇനിയും വഴികളുണ്ട്. ലളിതമയൊരു പ്രാണായാമം വഴി ശ്വാസകോശത്തെയും ധമനികളെയും എക്സര്‍സൈസ് ചെയ്യിക്കാം. കൈവിരല്‍ കൊണ്ട് ഒരു മൂക്ക് അടച്ചു പിടിച്ച് ശ്വാസം വലിക്കാവുന്നതിന്റെ പരമാവധി അകത്തേക്ക് വലിക്കുക. എന്നിട്ട് രണ്ടുമൂക്കും അടയ്ക്കുക. വിഷമതകളൊന്നുമില്ലാതെ ശ്വാസം ഉള്ളില്‍ നിര്‍ത്താവുന്നതിന്റെ പരമാവധി നിര്‍ത്തിയശേഷം മറു മൂക്ക് വഴി തുറന്നു വിടുക. ക്ലീവ്ലന്‍ഡ് ബ്രിഡ്ജ് ആശുപത്രി ഇതിനായി മാര്‍ക്കറ്റ് ചെയ്യുന്ന യന്ത്രം ഉപയോഗിക്കാവുന്നതാണ് (ഞാനിത് കണ്ടിട്ടുപോലുമില്ല, വായിച്ചതേയുള്ളു. പ്രാണായാമത്തിനു യന്ത്രത്തിന്റെ അത്യാവശ്യമൊന്നുമില്ല) . തായ്-ചി ആയോധനം പരിശീലിച്ചാലും പ്രാണായാമത്തോട് അടുത്തു നില്‍ക്കുന്ന ഫലം സിദ്ധിക്കുമെന്ന് അമേരിക്കന്‍ പഠനങ്ങള്‍ കാണിക്കുന്നു.
(സമയപരിമിതി മൂലം ബാക്കി ഭാഗങ്ങള്‍ അടുത്ത ലക്കത്തിലാക്കുന്നു. വരാന്‍ പോകുന്നത് റെനല്‍/ അഡ്രിനല്‍ ഹൈപ്പര്‍ടെന്‍ഷനുകള്‍ക്ക് പ്രകൃതിജീവനം കൊണ്ട് എന്തു ചെയ്യാനാകും, ഭക്ഷണത്തില്‍ എന്തെങ്കിലും ഉള്‍പ്പെടുത്തുന്നത് രക്താതിസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമോ എന്നീ കാര്യങ്ങള്‍)
Tuesday, June 12, 2007
കേരളത്തിനു ഭീഷണിയാകുന്ന കൊതുകുകള്‍
വാര്‍ത്തകള്‍ മുടങ്ങാതെ വരുന്നുണ്ട്. ഡെങ്കിപ്പനിയെക്കുറിച്ചും,
അതിനു മുന്നേ ജാപ്പനീസ് എന്‍സിഫാലിറ്റിസിനെക്കുറിച്ചും
വന്നുകൊണ്ടിരുന്ന സ്ഥിരം കോളത്തിലാണിതും ഇപ്പോള്‍ വരുന്നത്.
മന്തും മലേറിയയും ഇക്കാലത്ത് വാര്‍ത്തയാകാന്‍ പോലും
പ്രാധാന്യമില്ലാത്ത രോഗങ്ങളായി. വരും നാളുകളില്‍ റോസ് റിവര്‍,
ബര്‍മ്മാ ഫോറസ്റ്റ്, മുറേ വാലി, വെസ്റ്റ് നൈല്‍ തുടങ്ങി പലതരം
പനികളും മേല്‍പ്പറഞ്ഞവക്കൊപ്പം കേരളത്തില്‍ പ്രതീക്ഷിക്കാം,
കൊതുകുകള്‍ മിടുക്കികളായ കുടിയേറ്റക്കാരികളാണ്. കൊതുകുകളുടെ
എണ്ണം കൂടുന്നതനുസരിച്ച് പകര്‍ച്ചവ്യാധികളും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.
കൊതുകുളും അവ പരത്തുന്ന രോഗങ്ങളും
ആണും പെണ്ണും രണ്ടു തരം ഭക്ഷണം കഴിക്കുന്നുവെന്ന പ്രത്യേകത
കൊതുകുവര്‍ഗ്ഗത്തിനുണ്ട്. പതിമൂന്നു വര്‍ഗ്ഗങ്ങളിലായി
രണ്ടായിരത്തി അഞ്ഞൂറില്‍ പരം കൊതുകളുണ്ട്. അംഗസംഖ്യ എടുത്താല്‍
ഇതില്‍ ഭൂരിഭാഗവും ക്യൂലക്സ്, അനോഫിലിസ്, അഡെസ് എന്ന മൂന്നു വര്‍ഗ്ഗങ്ങളില്‍പ്പെടുന്നവയാകും.
ലോകത്തെ കീഴടക്കാനാഞ്ഞ അലക്സാണ്ടര്‍ മരിച്ചു വീണത് ഈ ചെറു
ഷഡ്പദം മൂലമാണ്. റോമാ സാമ്രാജ്യം തകര്‍ന്നതിലും മലേറിയ ഒരു
വലിയ പങ്കു വഹിച്ചു. രാഷ്ട്രങ്ങളെയും സംസ്കാരങ്ങളെയും കൂടി
ഇല്ലാതാക്കിയ ചരിത്രമുള്ള കൊതുകുവര്‍ഗ്ഗത്തോട് മുപ്പതിനായിരം
വര്‍ഷത്തെ മനുഷ്യന്റെ അറിയപ്പെടുന്ന ചരിത്രത്തില്‍ നടത്തിയ
യുദ്ധങ്ങള്‍ തോറ്റ കഥകളാണേറെയും.
വംശം | ക്യൂലക്സ് | അനോഫിലിസ് | അഡെസ് |
കൂടുതലായി പെരുകുന്ന സ്ഥലങ്ങള്‍ | മലിനമായ നഗരങ്ങള്‍, കെട്ടിക്കിടക്കുന്ന ഓടകള്‍, അഴുക്കു | ഗ്രാമപ്രദേശങ്ങള്‍, ചതുപ്പുകുളങ്ങള്‍ | കെട്ടിക്കിടക്കുന്ന ഓടകള്‍, അഴുക്കു കുളങ്ങള്‍, തുറന്ന |
പൊതുവില്‍ ആക്രമിക്കുന്ന സമയം | രാത്രി മുഴുവന്‍ | രാത്രി മുഴുവന്‍ | രാവിലേയും വൈകുന്നേരവും |
പരത്തുന്ന വൈറസുകള്‍* | വെസ്റ്റ് നൈല്‍ | ഓനിയോനിയൊങ്ങ് | ഡെങ്കിപ്പനി- |
പരത്തുന്ന വിരകള്‍ | മന്തും മറ്റു ഫൈലേറിയകളും, Dog Heartworm |
| Dog Heartworm |
പരത്തുന്ന പ്രോട്ടോ-സോവ |
| മലമ്പനി |
രാസവസ്തുക്കളുപയോഗിച്ച് കൊതുകിനെ വംശനാശം വരുത്താമെന്ന സ്വപ്നം
ഡി. ഡി. റ്റിക്കേറ്റ വന് തിരിച്ചടിയോടെ ഉപേക്ഷിക്കേണ്ടിവന്നു.
മലമ്പനി പൊട്ടിപ്പുറപ്പെടുമ്പോള്‍ ഇന്നും മലാത്തിയോണ്‍
ഉപയോഗിക്കാറുണ്ട്. അല്ലെത്രിന്‍ എന്ന കീടനാശിനിയാല്‍
നിര്‍മ്മിതമായ കൊതുകുതിരികള്‍ പുകക്കല്‍ (ആമ മാര്‍ക്ക്,
മാക്സോ മുതലായ ബ്രാന്റുകളില്‍ ലഭിക്കുന്നു), പല്ലെത്രിന്‍ എന്ന
കീടനാശിനി ഇലക്റ്റ്ട്രിക്ക് യന്ത്രത്തില്‍ വച്ച് ബാഷ്പമാക്കല്‍
(Good Knight, Liquidator, AllOut തുടങ്ങിയ ബ്രാന്റുകളില്‍
ലഭിക്കുന്നുണ്ട്), എന്നീ വ്യക്തിതല കൊതുകു നിയന്ത്രണമാണ് ഇന്ന്
രാസ നിയന്ത്രണത്തിനു ശ്രമിക്കുന്നവര്‍ ഉപയോഗിക്കുന്നത്.
കീടനാശിനികളുടെ പുകയും ബാഷ്പവും ഗുരുതരവും മാരകവുമായ
ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്ന് മാത്രമല്ല, കൊതുകളെ
കുറച്ചു നേരത്തേക്ക് മാറ്റി നിറുത്തുകയല്ലാതെ ഇല്ലാതാക്കുവാന്‍
ഇവയ്ക്ക് കഴിയുകയില്ല. പല്ലെത്രിന്‍ ജലജീവികള്‍ക്ക് വലിയ
ഭീഷണിയാണ്. ഉപയോഗിച്ചശേഷം ഓടയിലും മറ്റും ഉപേക്ഷിക്കുന്ന
പല്ലെത്രിന്‍ "mat" തവള, ആമ, മീനുകള്‍ എന്നിവയെ നശിപ്പിച്ച്
കൊതുകളുടെ എണ്ണം കൂട്ടുന്നു.
ഫെന്തിയോണ്‍ പോലെയുള്ള കീടനാശിനികള്‍ കോര്‍പ്പറേഷനുകളും
മറ്റും പരിപൂര്‍ണ്ണമായും ഉപയോഗശൂന്യമായ ഇടങ്ങളില്‍
തളിക്കുന്നത്, പരിസ്ഥിതി പ്രശ്നങ്ങള്‍ക്കു വിധേയമായെങ്കിലും
താല്ക്കാലിക ഫലം ചെയ്യാറുണ്ട്.
കൊതുകുകള്‍ മറ്റു ജീവികള്‍ പുറപ്പെടുവിക്കുന്ന കാര്‍ബണ്‍ ഡൈ
ഓക്സൈഡ് പോലെയുള്ള പല പദാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞും, ഇരകളെ
കണ്ണുകള്‍ കൊണ്ട് തിരഞ്ഞു പിടിച്ചും ചര്‍മ്മത്തിന്റെ ചൂട്
കണ്ടെത്തിയുമാണ് അറിയുന്നത്. ഇതിനാല് ഇലക്ട്രിക്ക്
റിപ്പല്ലന്റ് തുടങ്ങിയ യന്ത്രങ്ങള് ഫലപ്രദമല്ല. അവ
വളരെക്കുറച്ച് കൊതുകുകളെ മാത്രമേ ഇല്ലാതാക്കുന്നുള്ളു.
ഉറങ്ങുന്ന ഭരണകൂടം, ഇരുട്ടില് തപ്പുന്ന
മാദ്ധ്യമങ്ങളും.
ഒരു പമ്പും നല്കി ഓടകളില്‍ കീടനാശിനി തളിക്കാന്‍ ചില
കൂലിപ്പണിക്കാരെ കോര്‍പ്പറേഷനുകള്‍ തോട്ടികളോടൊപ്പം
നിയമിക്കുന്നതൊഴിച്ചാല്‍ ഒരു വെക്റ്റര്‍ കണ്ട്രോള്‍ നടപടിയും
സ്വീകരിച്ചതായി അറിവില്ല.
ചേര്‍ത്തലയിലെയും ആലപ്പുഴയിലേയും കൊതുകളെക്കുറിച്ച്
പഠിക്കാന്‍ കുറച്ചുവര്‍ഷം മുന്നേ സ്റ്റേറ്റ് വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിരുന്നു. പ്രസ്തുത
സ്ഥാപനം, ആലപ്പുഴയിലെ മെഡിക്കല് കോളേജില്‍ അനുവദിച്ചു കിട്ടിയ
മുറിക്കു പകരം സ്വന്തമായി ഒരോഫീസും ലാബും വേണമെന്ന്
ആവശ്യപ്പെട്ടതടക്കം തുടങ്ങിയതില്‍ ഇന്നുവരെയുള്ള ഒരു നിവേദനവും
പരിഗണിച്ചിട്ടില്ലെന്ന് പരാതിപ്പെടുന്നു.
പത്രമാദ്ധ്യമങ്ങളും കൃത്യമായ വിവരങ്ങള്‍ നല്കുന്നതിനു
ശ്രമിക്കാതെ മരണ വാര്‍ത്തകളില്‍ മാത്രം താല്പ്പര്യം
കാട്ടുന്നു. മുഖചിത്രമടക്കം "ചിക്കുന് ഗുനിയ സ്പെഷ്യല്‍"
പതിപ്പിറക്കിയ സമകാലിക മലയാളം വാരികയില്‍
പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ഒരു ന്യൂസ് റിപ്പോര്‍ട്ട്
ഒഴിച്ചാല്‍ ആകെ ഉണ്ടായിരുന്നത് ഡോ. സിദ്ധാര്‍ത്ഥന്‍ എഴുതിയ
വളരെ ചുരുങ്ങിയ ഒരു റിപ്പോര്‍ട്ട് മാത്രമാണ്. പ്രാഥമികമായ
വിവരങ്ങള്‍ മാത്രമടങ്ങുന്ന അതില്‍ രോഗനിര്‍ണ്ണയത്തിനാവശ്യമായ
ആര്‍ ടി - പീ സി ആര്‍ ടെസ്റ്റ് (ഒരു ആര്‍ എന്‍ ഏ മാപ്പിംഗ്
സംവിധാനം) നാട്ടില്‍ ഇല്ലാത്തനിനാല്‍ ഡെല്ഹിയിലോ പൂനയിലോ
സാമ്പിളുകള്‍ അയക്കുന്നെന്ന് പറയുന്നു. ക്രിയാത്മകമായ
ലേഖനങ്ങള്‍ ആകെ കണ്ടത് മലയാളം ബ്ലോഗ്ഗുകളിലെന്ന് പറയാതെ വയ്യ.
സമകാലികത്തിലും (ചിക്കനും
ചിക്കുന്‍ഗുന്യയും) മറ്റു ചില ബ്ലോഗ്ഗുകളിലും വിശദമായ
റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും പുരോഗമിക്കുന്നു. [ആര്‍ എന്‍ ഏ
മാപ്പിംഗ് കിറ്റ് എന്നത് വലിയ വിലപിടിപ്പുള്ള
സംവിധാനമല്ലെന്നും ചിക്കുന്‍ ഗുനിയ വൈറസിനു മ്യൂട്ടേഷന്‍
സംഭവിച്ചോയെന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമെന്നും
മറ്റുമടങ്ങുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളും ബ്ലോഗ്ഗുകളില്‍
മാത്രമൊതുങ്ങുന്നു.]
കൊതുകുകളെ ജയിക്കാന്‍
അഡെസ് കൊതുകുകള്‍ ഡെങ്കിപ്പനി കൊച്ചിയില്‍ പടര്‍ത്തിയ സമയത്ത്
നഗരത്തിലെ കൊതുകുകളെ നശിപ്പിക്കാനുള്ള വഴികളെപറ്റി പഠനം
നടത്തിയിരുന്നു. പഠനത്തില്‍ കൊച്ചിയിലെ എതാണ്ട് 90 ശതമാനം
കൊതുകുകളും ഓടകളില്‍ നിന്നും വരുന്നവയാണെന്നും, ബാക്കി പത്തു
ശതമാനം സെപ്റ്റിക്ക് ടാങ്കുകള്‍, വാട്ടര്‍ ടാങ്കുകള്‍,
വാട്ടര്‍ മീറ്റര്‍ ചേംബര്‍, പറമ്പിലും മറ്റും
ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, പൊട്ടക്കിണറുകള്‍ എന്നിവയിലാണു
വളരുന്നതെന്നും കണ്ടെത്തി.
- ഓടകളെ മൊത്തം മൂടുന്നതാണ് നഗരങ്ങളില്‍ കൊതുകിനെ
ഇല്ലാതാക്കാന്‍ ചെയ്യേണ്ട ആദ്യ പടി. വെള്ളം
കെട്ടിക്കിടക്കാതെ ഒഴുകാനുള്ള സംവിധാനവും വേണം. - പറമ്പില്‍ പാത്രങ്ങളും മറ്റും ഉപേക്ഷിക്കരുത്,
മഴവെള്ളം കെട്ടിക്കിടക്കുന്ന ചെളിക്കുണ്ടുകളും മലിന ജലം
കെട്ടിക്കിടക്കുന്ന ഓടകളുംവൃത്തിയാക്കുക. പൊതു ജനങ്ങളും
സംഘടനകളും, ക്ലബ്ബുകളും, സാമൂഹ്യപ്രവര്‍ത്തകരും,
സര്‍ക്കാരും ഇതിനു ഒരുമിച്ച് തുനിഞ്ഞിറങ്ങണം - കൂത്താടികള്‍ ഇല്ലാതെയാകാന്‍ വീട്ടുകുളങ്ങളിലും
കിണറുകളിലും (അവയുടെ വലിപ്പമനുസരിച്ച്) ഗംബൂസിയ, ഗപ്പി,
ചൈനീസ് കാര്‍പ്പ്, ഗൌരാമി എന്നീ മത്സ്യങ്ങളെ
വളര്‍ത്തിയാല്‍ മതിയാവും. - വലിയ കുളങ്ങളിലും വയലുകളിലും പ്രകൃതി തന്നെ നിയമിച്ച
വെക്റ്റര്‍ കണ്ട്രോളര്‍മാരായ മത്സ്യങ്ങളും തവളകളും ആമകളും
ഇല്ലാതെയായിപ്പോകാതിരിക്കാന്‍ ശ്രദ്ധിച്ചാല് മതിയാകും. - റബര്‍ തോട്ടങ്ങളില്‍ റബര്‍ പാലെടുക്കുന്ന ചിരട്ടകളും
മറ്റും മഴക്കാലത്ത് ഉപയോഗിക്കാതെയാകുമ്പോള്‍
എടുത്തുമാറ്റുക. - കക്കൂസുകളുടെ സെപ്റ്റിക്ക് ടാങ്ക് മാസ്റ്റിന്റെ മുകളില്‍
ഒരു ചെറു ഇരുമ്പു വലയോ പ്ലാസ്റ്റിക്ക് വലയോ കെട്ടേണ്ടത്
അത്യാവശ്യമാണ്. - കൊതുകുശല്യമുള്ള ഇടങ്ങളില്‍ വീടുകളുടെ ജനാലകളില്‍
നെറ്റ് അടിക്കുക. വാതിലുകള്‍ക്ക് എയര്‍ കര്‍ട്ടന്‍ വലിയ
ഗുണം ചെയ്യും. - ഉറങ്ങാന്‍ കൊതുകുവലകള്‍ ഉപയോഗിക്കുക. അഡെസ് കൊതുകു
പരത്തുന്ന അസുഖങ്ങള്‍ നിലവില്‍ നില്ക്കെ രാവിലെയും
വൈകുന്നേരവും കൊതുകടി ഏല്ക്കാതെ സൂക്ഷിക്കുക. - വീട്ടുപറമ്പില്‍ തുളസി, കാശിത്തുമ്പ, ജമന്തി, ലെമണ്‍
ഗ്രാസ്സ് എന്നീ ചെടികളും വേപ്പുമരവും വളര്‍ത്തുന്നത്
കൊതുകിന്റെ ശല്യം വളരെയേറെ കുറക്കും. - വളരെ കലശലായ ശല്യമുണ്ടെങ്കില്‍ വരാന്തകളിലും മറ്റും
പച്ച തുമ്പച്ചെടി കനലില് പുകച്ച പുക കൊള്ളിക്കുക.
ഉറക്കറകളില്‍ യാതൊരുവിധ പുകയും അരുത്. - ക്യാമ്പിംഗ്, ട്രെക്കിംഗ്, ബാര്‍ബെക്യൂ തുടങ്ങിയ
വേളകളില്‍ വേപ്പെണ്ണയോ യൂക്കാലിപ്റ്റസ് എണ്ണയോ
തേച്ചയിടങ്ങള്‍ ഏറെ നേരം കൊതുകുകടിയില്‍ നിന്നും
രക്ഷപ്പെടും. വേപ്പ് ചേര്‍ന്ന സോപ്പുകള്‍ കുറച്ചൊക്കെ
കൊതുകില്‍ നിന്നും സംരക്ഷണം തരുമെന്നും ചിലര്‍
പറയുന്നുണ്ട്.
വല്ലപ്പോഴും പൊട്ടിപ്പുറപ്പെടുന്ന കുറച്ച് അസുഖങ്ങള്‍
ഉണ്ടാകാനുള്ള കാരണം എന്നതിനെക്കാള്‍ കൊതുകുശല്യം കേരളത്തിന്റെ
ടൂറിസം, ഐ റ്റി മേഖലകളെ പ്രതികൂലമായി ബാധിക്കുകയും നാട്ടില്
സുരക്ഷിതമായ ജീവിതം അസാദ്ധ്യമാക്കുകയും ചെയ്യുന്ന ഒരു വന്‍
പ്രശ്നമായി മാറിക്കൊണ്ടേയിരിക്കുന്നു. സാധാരണഗതിയില്‍
മരണഹേതുവല്ലാത്ത ചിക്കുന്‍ ഗുനിയപോലെയുള്ള അസുഖങ്ങള്‍ കൂടി
വിനാശകാരികളാകുന്ന നമ്മുടെ നാട്ടിലേക്ക് ഒരു വിമാനത്തിലോ
കണ്ടെയിനറിലോ എത്തുന്ന വെസ്റ്റ് നൈല്‍ വൈറസ് പോലെ ഭീകരാണുവിനെ
വഹിക്കുന്ന ഒരു കൊതുക് ചിന്തിക്കാനാവാത്തവിധം ഭീകരമായ
കൂട്ടമരണങ്ങള്‍ക്ക് ഏതു നിമിഷവും തുടക്കമിട്ടേക്കാം.
കേരളത്തിലെ സര്‍ക്കാരും തദ്ദേശ ഭരണസ്ഥാപനങ്ങളും
നമ്മളോരോരുത്തരും അടിയന്തിരമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍
മലയാളിയെന്ന വംശം തന്നെ ഇല്ലാതെയായെന്നു വന്നുകൂടായ്കയില്ല.
ഒരതിശയോക്തിയെന്ന് തോന്നുന്നുണ്ടോ? ലോകം മുഴുവന്‍ കീഴടക്കാന്
ഒരുമ്പെട്ട അഥില്ലയുടെ ഹണ്‍ വംശം ഇല്ലാതായത് കൊതുകുമൂലമാണ്.
അക്കാലത്തെയപേക്ഷിച്ച് കൊതുകു പരത്തുന്ന ചികിത്സിക്കാനാവാത്ത
തരം രോഗങ്ങള്‍ ഇന്ന് വളരെ കൂടുതലുണ്ടുതാനും. കൊതുകുകളെ ഏറ്റവും
വലിയ ശത്രുവായി കണ്ട് ഒരിക്കല്‍ ന്യൂ ജേഴ്സിയും ബ്രസീലുമൊക്കെ
ചെയ്തതുപോലെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയേ കേരളത്തിനിനി
നിവൃത്തിയുള്ളു.
തര്‍ജ്ജനി മാസികയില്‍ കഴിഞ്ഞ വര്‍ഷം എഴുതിയ ലേഖനം. ശേഷം മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ ലേഖനങ്ങള്‍ എഴുതുകയുണ്ടായെങ്കിലും ഇതെഴുതുന്ന സമയം പെരിങ്ങോടന്റെ പോസ്റ്റ് അല്ലാതെ കൊതുകുകളെക്കുറിച്ച് ആരും മലയാളത്തിലെഴുതി കണ്ടിരുന്നില്ല.
Monday, March 12, 2007
ഗൌട്ട്- ഒരു ഡൌട്ട്
ഒറ്റക്കു ജീവിതം തുടങ്ങിയതില്‍ പിന്നെ "ലൈഫ് സ്റ്റൈല്‍" എന്ന് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത ദിവസങ്ങളിലൂടെ പോകുന്നു ഞാന്‍. ഈ പരിതസ്ഥിതിയില്‍ നിന്നു കരകയറാതെ ആയുരാരോഗ്യം ബ്ലോഗ് തുടരുന്നില്ലെന്നും ഉറച്ചതാണ്. താങ്കള്‍ അന്വേഷിച്ച കാര്യത്തില്‍ ഞാന്‍ എഴുതുന്നതിനു മീതേ പണിക്കര്‍ മാഷെ പോലെയുള്ളവരുടെ സെക്കന്‍ഡ് ഒപ്പീനിയന്‍ വേണം എന്നതിനാല്‍ ഇവിടെ പോസ്റ്റ് ചെയ്യാതെ മെയിലില്‍ അയക്കാന്‍ പറ്റുന്നുമില്ല.
"ഗൌട്ട്" എന്ന അസുഖത്തെ അലോപ്പതി ഒരു തരം വാതം ആയിട്ടാണ് കണക്കാക്കുന്നത്. രക്തത്തില്‍ ഉയര്‍ന്ന അളവില്‍ യൂറിക്ക് ആസിഡ് ഉണ്ടായി അത് സൂചി പോലെ കട്ടിയായി ശല്യം ചെയ്യുന്നതാണ് ഈ സംഭവം, നല്ല വേദന ഉണ്ടായിരിക്കും- കാലില്‍ ആണു സാധാരണ തുടക്കം( 4 മുതല്‍ 6 mg/dl വരെ ആണ് പൊതുവില്‍ യൂറിക്ക് ആസിഡ് നോര്‍മല്‍ ലെവല്‍.)സനാതന വ്യാധിയാണെങ്കിലും സ്പെല്ലുകള്‍ വന്നും പോയും ഇരിക്കും.
ഗൌട്ട് ബാധിച്ചാല്‍ അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങള്‍
1. ധാരാളം വെള്ളം കുടിക്കുക, യൂറിക്ക് ആസിഡ് കുറയും.
2. മദ്യം യൂറിക്ക് ആസിഡ് വല്ലാതെ കൂട്ടും.
3. അധികം ശരീരഭാരമുള്ളവരില്‍ ഗൌട്ട് അധികമായി കണ്ടുവരുന്നു. തടിയുണ്ടെങ്കില്‍ കുറയ്ക്കുക.
4. അണ്ടിപ്പരിപ്പുകള്‍ (കശു-കപ്പല്‍-ബദാം, വാള്‍നട്ട് ഒന്നും) ഒട്ടും കഴിക്കരുത്.
5. അയല പോലെ ഓയില്‍ നിറഞ്ഞ മീനുകള്‍, ബീഫ് (കഴിയുന്നതും ഇറച്ചികള്‍ ഒന്നും) കഴിക്കരുത്. കിഡ്നി, ബ്രെയിന്‍ ലിവര്‍, കക്ക, ഞണ്ട്, കൊഞ്ച് ഒട്ടും പാടില്ല. (ഹൈ പ്രോട്ടീന്‍ ഭക്ഷണങ്ങളെല്ലാം യൂറിക്ക് ആസിഡ് നില ഉയര്‍ത്തുന്നു).
6. ഇന്‍സുലിന്‍ പോലെയുള്ള ചില മരുന്നുകള്‍, വിറ്റാമിന്‍ സപ്ലിമെന്റുകള്‍ എന്നിവ യൂറിക്ക് ആസിഡ് കൂട്ടും. അങ്ങനെ എന്തെങ്കിലും കഴിക്കുന്നുണ്ടെങ്കില്‍ ഡോക്റ്ററോട് ചര്‍ച്ച ചെയ്യുക.
7. ഗൌട്ട് അറ്റാക്കിനു ഏറ്റവും ഫലപ്രദമായ മരുന്നാണ് ചെറി. ചെറിപ്പഴം ഒരു 5 മുതല്‍ 10 എണ്ണം വീതം ദിവസവും തിന്നാല്‍ ഒരാഴ്ചകൊണ്ട് വേദന പോയും യൂറിക്ക് ആസിഡ് കുറഞ്ഞും കിട്ടും.
8. നാരങ്ങാ വെള്ളം, ഓറഞ്ച് ജ്യൂസ് എന്നിവ നല്ലതാണ്.
9. ദിവസവും ഒരു ആപ്പിള്‍ അല്ലെങ്കില്‍ ഏത്തപ്പഴം (ഏത്തനില്ലെങ്കില്‍ പൊട്ടാസ്യം കൂടുതലുള്ള എന്തെങ്കിലും പഴം മതി ) കഴിക്കുക.
10. എപ്സം സാള്‍ട്ട് കലക്കിയ വെള്ളത്തില്‍ കാല്‍ മുക്കുന്നത് നല്ലതാണെന്ന് പ്രകൃതി ചികിത്സകര്‍ പറയുന്നു.
11. കിടക്കുമ്പോള്‍ തലയിണയാലെ കാലുയര്‍ത്തി വച്ച് കിടക്കുക.
12. ബീയര്‍, കാപ്പി, കോളകള്‍ കഫീന്‍ ചേര്‍ന്ന എല്ലാം (പറ്റുമെങ്കില്‍ ചായയും) ഒഴിവാക്കുക.
13. അപ്പവും മറ്റും ഉണ്ടാകുമ്പോള്‍ യീസ്റ്റിനു പകരം ബേക്കിംഗ് സോഡ ഉപയോഗിക്കുക (യീസ്റ്റ് ഗൌട്ടിനു വളരെ ചീത്തയും ബേക്കിംഗ് സോഡ വളരെ നല്ലതുമാണ്).
14. സ്ട്രെസ്സിനു ഗൌട്ട് സ്പെല്ലുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
15. ഇനി എല്ലാ അസുഖക്കാരോടും അസുഖമില്ലാത്തവരോടും പറയുന്ന കാര്യം- പ്രോസസ്സ് ചെയ്ത ഭക്ഷണം- പ്രധാനമായും മൈദ, പഞ്ചസാര മുതലായവ പരമാവധി കുറക്കുക.
തൈറോയിഡ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിക്കാണുമല്ലോ?
സസ്നേഹം,
ദേവന്‍
Wednesday, January 03, 2007
പള്‍സ് പോളിയോ പദ്ധതി ഫലപ്രദമോ?
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ എന്തുകൊണ്ട് പഠനവിധേയമാക്കേണ്ടതുണ്ട്?
മുന്നൂറു കോടി ഡോളര്‍ ചിലവില്‍ ഇരുപതു കോടി കുട്ടികള്‍ക്ക് ഓറല്‍ പോളിയോ വാക്സിന്‍ നല്‍കി ലോകത്തെ മൂന്നുവര്‍ഷം കൊണ്ട് പോളിയോ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടില്‍ ലോകാരോഗ്യ സംഘടന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിനു തുടക്കം കുറിച്ചു. രണ്ടായിരത്തിയാറിലും ഈ പ്രോജക്റ്റിനു അറുതിയായില്ല എന്നത് പദ്ധതി നടത്തിപ്പില്‍ പൊതുവിലുള്ള കെടുകാര്യസ്ഥത എന്നോ ഇത്ര വലിയ ഒരു സംരംഭമാകയാല്‍ സ്വാഭാവികമായി വരുന്ന കുഴപ്പങ്ങളാണെന്നോ എഴുതി തള്ളാനാവുന്നില്ല. രണ്ടായിരത്തി ഒന്നാമാണ്ടോടെ പോളിയോ ലോകത്തു നിന്നും തുടച്ചു മാറ്റുമെന്ന് അവകാശപ്പെട്ട ലോകാരോഗ്യ സംഘടനയുടെ വക്താവ് ഡോക്ടര്‍ ഡേവിഡ് ഹെയ്മന്‍ രണ്ടായിരത്തി നാലില്‍ പറഞ്ഞത് " പോളിയോ എന്ന മാരകരോഗം അടുത്തകാലത്തുണ്ടായതില്‍ എറ്റവും വന്‍ തോതില്‍ ഇപ്പോള്‍ വര്‍ദ്ധിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇമ്മ്യൂണൈസേഷനില്‍ കാണിക്കുന്ന അലംഭാവം ആകും കാരണം" എന്നാണ് [1] .ഇതിനാല്‍ പള്‍സ് പോളിയോ എന്ന പ്രോജക്റ്റ് ഫലപ്രദമായ ഒരു പരിപാടിയാണോ എന്ന ചോദ്യം ഉന്നയിക്കേണ്ടി വരുന്നു.
“പ്രതിരോധ കുത്തിവയ്പ്പുകള്‍- നൂറുവര്‍ഷത്തെ ഗവേഷണം” എന്ന തന്റെ പുസ്തകത്തിന്റെ ബ്രോഷറില്‍ (എനിക്ക് ഈ പുസ്തകം ഇനിയും വായിക്കാനായിട്ടില്ല)ആസ്ത്രേലിയയിലെ ശാസ്ത്ര-ഗവേഷണ വിഭാഗം മേധാവിയായിരുന്ന ഡോ. ഷീബ്‌നര്‍ [2] പറയുന്നു " പോളിയോ ഒരിക്കലും തനിയേ പൊട്ടിപ്പുറപ്പെടുന്നില്ല, മനുഷ്യന്‍ പലതരം വാക്സിനേഷനുകളും മറ്റും കൊണ്ട് അതിനെ പ്രകോപിച്ച് ഉയിര്‍ത്തുമ്പോള്‍ മാത്രം അതുണ്ടാവുന്നു.” ഗവേഷകരുടെ ഇത്തരം അഭിപ്രായങ്ങള്‍ പള്‍സ് പോളിയോ പരിപാടിയുടെ ആവശ്യകതയെപ്പറ്റി ചിന്തിക്കാന്‍ പ്രചോദനം ആകുന്നു.
രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും കൊടുക്കുന്ന മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചോ അത്യാഹിതമുണ്ടാകാനുള്ള സാദ്ധ്യതയെക്കുറിച്ചോ സര്‍ക്കാര്‍ പ്രചരണങ്ങളില്‍ ഒന്നും കാണാനാവാത്തത് ഈ പദ്ധതിക്ക് ആവശ്യമായ സുതാര്യത നിലവിലുണ്ടോ എന്നും അന്വേഷിക്കുന്നതിനു പ്രേരിപ്പിക്കുന്നു.
എന്താണ് പോളിയോ?
പോളിയോമിയെലിറ്റിസ് (ചുരുക്കത്തില്‍ പോളിയോ ) എന്ന പിള്ളവാതം (infantile paralysis) പോളിയോവൈറസ് എന്ന തരം RNA വൈറസിനാല്‍ ഉണ്ടാകുന്നു. ഈ സൂക്ഷ്മാണു മനുഷ്യനിലെ ഏ റ്റൈപ്പ് മഞ്ഞപ്പിത്തത്തിനും കന്നുകാലികളിലെ കുളമ്പു ദീനത്തിനും കോഴിവസന്തക്കും കാരണമാകുന്ന പിക്കോണാവിരിഡേ കുലത്തില്‍ പ്പെട്ടവയാകയാല്‍ പോളിയോ രോഗദാതാവിന്റെ മലത്തില്‍ നിന്നും രോഗം ബാധിക്കുന്നയാളിന്റെ വായിലേക്ക് കടന്നെത്തുന്ന തരം പകര്‍ച്ചവ്യാധിയാണ്
വിസര്‍ജ്ജ്യങ്ങളും മാലിന്യങ്ങളും കുടിവെള്ളത്തില്‍ കലരുമ്പോഴും, അതിനെക്കാളുപരി കീടനാശിനികളാലും മറ്റും പരിസരം വിഷലിപ്തമാകുമ്പോഴും പോളിയോ പൊട്ടിപ്പുറപ്പെടുന്നെന്നാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍ വസൂരി, പ്ലേഗ് എന്നിവപോലെ വന്‍തോതിലോ മുഖ്യമായൊരു മരണകാരിയായോ പോളിയോ ഒരുകാലത്തും മനുഷ്യന്റെ നിലനില്‍പ്പിനു നേരേ ഭീഷണി ഉയര്‍ത്തിയിട്ടില്ല വായിലൂടെ കടന്ന് കുടലിനേയും രക്തത്തിലെ R N A യെയും ബാധിക്കുന്ന പോളിയോവൈറസ്, അവിടെനിന്നും നാഡീവ്യൂഹത്തെ തളര്‍ത്തുകയും അതുവഴി പേശികളുടെ ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു. പലരിലും ഈ തളര്‍ച്ച പല തോതില്‍ ബാധിക്കുന്നു. ഹൃദയത്തെയോ ശ്വാസകോശത്തെയോ പേശീനാശം ബാധിച്ചാല്‍ രോഗി മരിക്കുന്നു. മൂന്നു തരം പോളിയോവൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പോളിയോ ചരിത്രമുണ്ടായ കാലത്തേയുണ്ടായിരുന്നുവെന്ന് ഗുഹാചിത്രങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ പൊതുവേ വിശ്വസിക്കപ്പെടുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ മാത്രമാണ് ഇതൊരു പരക്കെ പ്രത്യക്ഷമാകുന്ന അസുഖമായി നിരീക്ഷിക്കപ്പെടാന്‍ തുടങ്ങിയത്. ലോകത്തെല്ലായിടത്തും ഡി ഡി റ്റി ഉപയോഗത്തിനു ആനുപാതികമായി പോളിയോ പടരുന്നത് കൂടുകയും കുറയുകയും ചെയ്തിട്ടുണ്ടെന്നത് കോശങ്ങള്‍ക്ക് ഡി ഡി റ്റി സംഭരിക്കാനുള്ള കഴിവുമായി ചേര്‍ത്ത് പലതരം ഗവേഷണങ്ങള്‍ നടന്നുവന്നെങ്കിലും ഡി ഡി റ്റി നിരോധിച്ചതിനെ തുടര്‍ന്ന് അതിനു പ്രസക്തി നഷ്ടമാവുകയാണുണ്ടായത്.(അമേരിക്കയിലെ ഡി ഡി റ്റി ഉപയോഗവും പോളിയോ പൊട്ടിപ്പുറപ്പെടലും കൃത്യമായ അനുപാതത്തിലാണെന്ന് പലരും കണക്കുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നു.)
ചികിത്സയും പ്രതിരോധവും
പോളിയോയും മറ്റു വൈറസ് ബാധകളെപ്പോലെ ചികിത്സിച്ചു മാറ്റാന്‍ ഇന്നത്തെ വൈദ്യശാസ്ത്രത്തിനു കഴിവില്ല. എന്നാല്‍ ഒരിക്കല്‍ പോളിയോവൈറസിനെ നേരിടേണ്ടിവരുന്ന ശരീരം ആയുസ്സോളം നീളുന്ന പ്രതിരോധശേഷി നേടുമെന്ന തിരിച്ചറിവ് പോളിയോയെ തടുക്കാനുള്ള ശ്രമം വാക്സിന്‍ കണ്ടെത്താനുള്ള അന്വേഷണം മാത്രമായി ചുരുക്കി.
ആയിരത്തി തൊള്ളായിരത്തി അന്‍പത്തഞ്ച് മദ്ധ്യത്തോടെ ഡോ. സാള്‍ക്ക് എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ മൃതരൂപിയായ വൈറസുകളെ കുത്തി വച്ച് പോളിയോയെ ചെറുക്കുന്ന സാള്‍ക്ക് വാക്സിന്‍ കണ്ടെത്തി. ലോകരക്ഷകന്‍ അവതരിച്ചെന്ന മട്ടില്‍ പള്ളികള്‍ കൂട്ടമണിയടിച്ചും ആളുകള്‍ കൂട്ടത്തോടെ പ്രാര്‍ത്ഥിച്ചും അതുവരെ ആഘോഷിച്ചിട്ടില്ലാത്ത വിധത്തിലുള്ള കോലാഹലങ്ങളോടെ സാള്‍ക് വാക്സിനെ സ്വീകരിച്ചു. തുടര്‍ന്ന് അമേരിക്ക മുഴുവന്‍ പോളിയോ വാക്സിനേഷന്‍ നടത്താന്‍ തുടങ്ങി. എന്നാല്‍ അന്‍പത്തിരണ്ടില്‍ അനിയന്ത്രിതമായി പൊട്ടിപ്പുറപ്പെട്ട പോളിയോ പകര്‍ച്ചവ്യാധി ഏതാണ്ട് ഒടുങ്ങുന്നതിന്റെ അവസാന ഘട്ടത്തിലാണ് സാള്‍ക്ക് മരുന്ന് ഇറങ്ങുന്നതെന്ന കാര്യം പലപ്പോഴും മറികടന്ന് 52-ലെ കണക്കില്‍ നിന്നും 60 -ലെ കണക്കിലേക്കുള്ള കുറവ് പോളിയോ വാക്സിനേഷന്റെ ഫലമായിട്ടാണ് വ്യാഖ്യാനിച്ചു കാണുന്നത്. ഈ പദ്ധതിക്കു മദ്ധ്യേ കട്ടര്‍ ലാബറട്ടറിയില്‍ ജൈവരൂപത്തിലുള്ള പോളിയോ വൈറസ് കയ്യബദ്ധം മൂലം വാക്സിനില്‍ കടന്ന് പതിനായിരക്കണക്കിന് ആളുകളെ (പലയിടത്ത് കണക്കുകളില്‍ നാല്‍പ്പതിനായിരം മുതല്‍ രണ്ടു ലക്ഷം പേര്‍ വരെ കട്ടര്‍ അത്യാഹിതത്താല്‍ അണുബാധിതരായെന്ന് കാണുന്നു) രോഗബാധിതരാക്കി ലോകത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തങ്ങളില്‍ ഒന്നായി അമേരിക്കന്‍ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതിയെ മാറ്റുകയും ചെയ്തു.
നൂറ്റാണ്ടുകള്‍ക്കു മുന്നേ ഡോ. ജെന്നര്‍ വസൂരി നിര്‍മ്മര്‍ജ്ജനത്തിനായി കണ്ടുപിടിച്ച ഗോവസൂരി പ്രയോഗത്തിന്റെ അതേ തത്വം പിന്തുടര്‍ന്ന സാള്‍ക്കിന്റെ തന്ത്രത്തില്‍ നിന്നും വത്യസ്തമായി ക്ഷീണിത ജൈവ രൂപിയായ പോളിയോ വൈറസിനെ തുള്ളിമരുന്നാക്കി കൊടുത്ത് പ്രതിരോധ ശേഷി നേടിക്കൊടുക്കുന്ന പുതിയ രീതി ആയിരത്തി തൊള്ളായിരത്തി അറുപതില്‍ ഡോ. ആല്‍ബര്‍ട്ട് സാബിന്‍, കണ്ടുപിടിച്ചതിനെ തുടര്‍ന്ന് വന്‍ തോതിലുള്ള പ്രതിരോധ നടപടികള്‍ ലോകമെങ്ങും തുടങ്ങി. രസകരമായ കാര്യം സാള്‍ക്ക് സാബിന്റെ കണ്ടുപിടിത്തത്തേയും സാബിന്‍ മറിച്ചും ഒരിക്കലും അംഗീകരിച്ചില്ല എന്നതാണ്. ഇരുവരും പരസ്പരം "അടുക്കള ശാസ്ത്രജ്ഞന്‍, സ്വന്തമായി ഐഡിയ കൂടി ഇല്ലാത്തയാള്‍" എന്നൊക്കെ വിശേഷിപ്പിച്ച് പ്രസ്താവന ഇറക്കുക പതിവായിരുന്നു.
വാക്സിന്‍ജന്യ പോളിയോ
ഇന്ന് അമേരിക്കയില്‍ വൈല്‍ഡ് പോളിയോ കഴിഞ്ഞ പതിനേഴു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തിയിട്ടില്ല, എന്നാല്‍ വാക്സിനാന്‍ സംജാതമാവുന്ന പോളിയോ ഉണ്ടുതാനും. രണ്ടര മില്ല്യണില്‍ ഒരാളെന്ന തോതില്‍ ആളുകള്‍ മാത്രമേ മരുന്നിനാലെ പോളിയോ പിടിപ്പെട്ട് തളര്‍ന്നു വീഴുന്നുള്ളു എന്നാണ് ഓറല്‍ വാക്സിന്‍ നിര്‍മ്മാതാക്കളുടെ വാദം. എന്നാല്‍ ആരോഗ്യ സംഘടനകള്‍ പ്രസിദ്ധപ്പെടുത്തുന്ന കണക്കുകളില്‍ എല്ലാം പ്രതിരോധമരുന്നിലൂടെയല്ലാതെ സംജാതമാവുന്ന "വന്യ" പോളിയോ മാത്രമേ രേഖപ്പെടുത്താറുള്ളു എന്നത് പഠനങ്ങള്‍ ദുഷ്കരമാക്കുന്നു .
വാക്സിന്‍ നിര്‍മ്മാണവും പുതിയ രോഗനങ്ങളുടെ ജനനവും
ലോകത്തിലെ ഒട്ടുമിക്ക കുട്ടികള്‍ക്കും പോളിയോ പ്രതിരോധ മരുന്നു കൊടുക്കുന്നതിനാല്‍ വളരെ വലിയ തോതില്‍ പോളിയോ വൈറസുകളെ വളര്‍ത്തേണ്ടതുണ്ട്. ഡോ. സാള്‍ക്കും ഡോ. സാബിനും റീസസ് കുരങ്ങുകളൂടെ വൃക്ക ഉപയോഗിച്ചായിരുന്നു വാക്സിന്‍ നിര്‍മ്മാണത്തിനുള്ള വൈറസുകളെ കൃഷി ചെയ്തിരുന്നത്. ക്യാന്‍സറിനു ഹേതുവാകുന്ന സിമിയന്‍ വൈറസ് 40 എന്ന ഭയാനകമാം വിധം അപകടകാരിയായ കുരങ്ങു വൈറസ് പോളിയോ വാക്സിന്‍ വഴി മനുഷ്യനിലേക്കും പടര്‍ന്നു കയറാന്‍ പോളിയോ വാക്സിന്‍ അങ്ങനെ ഹേതുവായെന്ന കണ്ടെത്തല്‍ 1997 ജനുവരി 27നു FDA വിളിച്ചു ചേര്‍ത്ത 30 ശാസ്ത്രജ്ഞന്മാരുടെ യോഗം വഴി അമേരിക്ക ഔദ്യോഗികമായി അംഗീകരിച്ചു. [3] പോളിയോ വാക്സിന്‍ സിമിയന്‍ 40-നു കാരണമായെന്ന് അംഗീകരിക്കപ്പെട്ടതിനെതുടര്‍ന്ന് എയിഡ്‌സിനു ഹേതുവാകുന്ന എച്ച് ഐ വി യും ഇങ്ങനെ സൃഷ്ടമായതാണെന്നും അല്ലെന്നും പലതരം വാദങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്.
പോളിയോ ഇന്ത്യയില്‍ എത്രമാത്രം മാരകം?
സെന്‍സസ് കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ആറുവയസ്സിനു താഴെയുള്ള പതിനാറുകോടി മുപ്പത്തെട്ടു ലക്ഷം ആണ്. ആയിരത്തിന് അറുപത്തിരണ്ടു മരണം എന്ന കണക്കില്‍ ഇതു പെരുക്കിയാല്‍ ഇന്ത്യയില്‍ ശരാശരി പ്രതിവര്‍ഷം രണ്ടുകോടി തൊണ്ണൂറു ലക്ഷം കുട്ടികള്‍ ജനിക്കുന്നു, പതിനേഴു ലക്ഷത്തി തൊണ്ണൂറ്റേഴായിരം കുട്ടികള്‍ പ്രതിവര്‍ഷം മരിക്കുകയും ചെയ്യുന്നു. ജീവകാരുണ്യ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ എന്‍ ജി ഓ അവരുടെ വെബ് പേജില്‍ കൊടുത്തിരിക്കുന്ന മരണകാരണത്തെ [4] വിഭജിച്ചാല്‍ ശരാശരി രണ്ടര ലക്ഷം കുട്ടികള്‍ ന്യുമോണിയ ബാധിച്ചും അന്‍പത്തിരണ്ടായിരം കുട്ടികള്‍ വിളര്‍ച്ച മൂലവും മുപ്പത്തിനാലായിരം കുട്ടികള്‍ റ്റെറ്റനസ് രോഗത്താലെയും അന്‍പത്തിരണ്ടായിരത്തോളം അതിസാരം ബാധിച്ചും അത്രയും തന്നെ പ്രസവത്തിലും പതിനെണ്ണായിരം കുട്ടികള്‍ അവശ്യം ആഹാരമില്ലാതെയും മരിക്കുന്നു.
മാരകമായ തോതിലോ അല്ലാതെയോ പ്രതിവര്‍ഷം പോളിയോ ബാധിക്കുന്നവര്‍ രണ്ടായിരത്തില്‍ താഴെയാണ്. ഇന്ത്യയില്‍ കൊല്ലം തോറും മരിക്കുന്ന പതിനെട്ടു ലക്ഷത്തോളം കുട്ടികളില്‍ പട്ടിണിമരണത്തിനിരയാകുന്ന കുഞ്ഞുങ്ങളോട് തട്ടിച്ചാല്‍ പോലും ഇത് വളരെ ചെറിയ ഒരു സംഖ്യയാണ്. മുഖ്യമായ ശിശുമരണഹേതുക്കളില്‍ മിക്കതും ചികിത്സിക്കാനോ പ്രതിരോധിക്കാനോ പോളിയോയുടെയത്ര ബുദ്ധിമുട്ടോ ചെലവോ ഇല്ലയെന്നത് മറ്റുരാജ്യങ്ങളുടേതിനെക്കാള്‍ വത്യസ്തമായ നമ്മുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതിയെ പുനരവലോകനം ചെയ്യാന്‍ പ്രേരകമാകുന്നു.
പള്‍സ് പോളിയോ തുടരേണ്ടതുണ്ടോ?
എല്ലാ കുട്ടികള്‍ക്കും നിരന്തരം വാക്സിന്‍ കൊടുക്കാന്‍ മാത്രം അപകടകരമായ തോതില്‍ പോളിയോ നിലവിലുണ്ടോ? പള്‍സ് പോളിയോ പദ്ധതി പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനു ഉപകരിക്കുന്നുണ്ടോ? ബ്രിട്ടനില്‍ ശാസ്ത്രജ്ഞര്‍ അനുമാനിച്ചതുപോലെ ഇന്ത്യയിലും വാക്സിനേഷന്‍ കൊണ്ട് ഉണ്ടാകുന്ന പോളിയോ, വന്യ പോളിയോ ബാധയെക്കാള്‍ കൂടുതല്‍ ഉണ്ടോ? അമേരിക്കന്‍ കോടതി നിര്‍ദ്ദേശിച്ചതുപോലെ വാക്സിനേഷന്‍ കൊണ്ട് കുട്ടിക്കുണ്ടായേക്കാവുന്ന അപകടങ്ങളെപറ്റി മാതാപിതാക്കളെ ആരോഗ്യപ്രവര്‍ത്തകര്‍ ബോധവാന്മാരാക്കുന്നുണ്ടോ? ഇഞ്ചക്ഷന്‍ വാക്സിനും തുള്ളിമരുന്നും തമ്മിലുള്ള വ്യത്യാസങ്ങളറിഞ്ഞ് അവര്‍ വിവേകപൂര്‍വ്വമായ ഒരു തീരുമാനം ആണോ എടുക്കുക്കാറ്? ഇത്രയും ഭീമമായ തോതില്‍ വാക്സിനേഷന്‍ നടക്കുന്ന സമയത്ത് കട്ടര്‍ ലാബ് പോലെ ഒരു അത്യാഹിതമുണ്ടാവുകയാണെങ്കില്‍ അത് ഒരു വന്‍ ദുരന്തത്തിലേക്ക് നയിക്കും. മുഖ്യമായും വാക്സിന്‍ ഇന്തോനേഷ്യയില്‍ നിര്‍മ്മിച്ച് ഇന്ത്യയില്‍ ഉപയോഗത്തിനു തയ്യാറാക്കുകയാണ് ചെയ്യുന്നത്. അണുബാധയുണ്ടാകാനുള്ള സാദ്ധ്യതകള്‍ പരിശോധിക്കപ്പെടുന്നുണ്ടോ? അവ എത്രമാത്രം സുരക്ഷിതമാണ്? സിമിയന്‍ വൈറസ് പോലെ മരണഹേതുവാകാന്‍ കെല്‍പുള്ള വൈറസുകള്‍, തുള്ളിമരുന്ന് കുട്ടികളിലേക്ക് ഇപ്പോഴും പകരുന്നുണ്ടോ?വാക്സിന്‍ജന്യ പോളിയോയുടെയും മറ്റു മാരകമായ അസുഖങ്ങളുടേയും തോത് ശരിയായ രീതിയില്‍ പഠിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ടോ? തുള്ളിമരുന്നിന്റെ അപകടസാദ്ധ്യത കണക്കിലെടുത്ത് അമേരിക്കയും മറ്റു പല രാജ്യങ്ങളും സാള്‍ക്ക് ഐ പി വി എന്ന കുത്തിവയ്പ്പു സംവിധാനത്തിലേക്ക് തിരികെ പോയതുപോലെ ഇന്ത്യയും പോകേണ്ടതില്ലേ?
പള്‍സ് പോളിയോ പദ്ധതിക്കു നേരേ ഉയരേണ്ട ചോദ്യങ്ങള്‍ പലതാണ്. സങ്കീര്‍ണ്ണമായ ഈ പ്രശ്നങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ പലതും ആരുടേയും പക്കലില്ല താനും. ദില്ലിയിലെ മൌലാനാ ആസാദ് മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗത്തലവന്‍ ഡോ മിത്തല്‍ ഇന്ത്യന്‍ ജേണല്‍ ഒഫ് പീഡിയാട്രിക്സില്‍ ഇങ്ങനെ എഴുതി " ഇന്ത്യയില്‍ ഓറല്‍ പോളിയോ വാക്സിന്‍ മൂലം എത്രപേര്‍ക്ക് പോളിയോ ബാധിക്കുന്നുണ്ടെന്നതിനെക്കുറിച്ച് ഗൌരവമായ പഠനമൊന്നും നടന്നിട്ടില്ല. നാഷണല്‍ പോളിയോ സര്‍വെയിലന്‍സ് പ്രോജക്ട് കണക്കുകളില്‍ കാണുന്ന സംഖ്യകള്‍ അവിശ്വസനീയമാം വിധം കുറവാണ് - മരുന്നെന്ന പേരില്‍ നിര്‍വീര്യവും ഉപയോഗശൂന്യവുമായ എന്തെങ്കിലുമല്ല കുട്ടികള്‍ക്ക് കൊടുക്കുന്നതെങ്കില്‍.” [5]
-------------------------------------------------------------------------------
1. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ സയന്‍സസ്, വോളിയം 58, ഇഷ്യൂ 6, പേജ് 266
2. http://www.whale.to/vaccines/scheibner.html
3. http://www.fda.gov/cber/minutes/sv40012797-1.htm
4. http://www.indianngos.com/issue/health/statistics/infantandchilddeaths.htm
5. ഇന്ത്യന്‍ ജേണല്‍ ഓഫ് പീഡിയാട്രിക്സ് 2003 വോള്യം 70, ഇഷ്യൂ 7, പേജ് 573.
[തര്‍ജ്ജനി ജൂണ്‍ 2006 ലക്കത്തില്‍ പ്രസിദ്ധീകരിച്ച എന്റെ ലേഖനം]
Thursday, November 30, 2006
യോഗ: ചിത്തവൃത്തിനിരോധ:
"യോഗഃ ചിത്തവൃത്തിനിരോധഃ"
എന്ന യോഗസാരം ജ്യോതിടീച്ചര്‍ പറഞ്ഞു കേട്ടപ്പോള്‍ എന്റെ മനസ്സിനു ഇതെഴുതാനുള്ള പ്രലോഭനം സഹിക്കുന്നില്ല.
"മനസ്സ് നപുംസകമാണെന്ന് അമര്‍സിങ്ങിന്റെ കോശത്തില്‍ വായിച്ച് ഞാന്‍ അതിനെ അഴിച്ചു വിട്ടു. അതൊരു പെണ്ണിന്റെ പിറകേ പോയി, ഞാന്‍ കുടുക്കില്‍ പെട്ടു" എന്ന് അര്‍ത്ഥം വരുന്ന ഒരു ശ്ലോകമില്ലേ? അത് കോമഡി ആണെങ്കിലും റ്റീച്ചര്‍ പറഞ്ഞതുപോലെ മനസ്സിനെ അഴിച്ചു വിട്ടാല്‍ ചിന്തകള്‍ ഒരോന്നായി മനസ്സില്‍ ഉറുമ്പരിക്കാന്‍ തുടങ്ങും എന്നും അതില്‍ തന്നെയുണ്ട്! ചിന്തകള്‍ക്ക് രാഗദ്വേഷ വ്യസനാദികള്‍ മാത്രമേ തരാന്‍ കഴിയൂ. സന്തോഷം തരാന്‍ ഒരു ചിന്തക്കു കഴിയും എന്നാല്‍ ആനന്ദം തരാന്‍ കഴിയുകയുമില്ല. (ആനന്ദം എന്നാല്‍ ബ്രഹ്മ: ഗുണത്രയങ്ങളായ സച്ചിദാന്ദത്തിന്റെ ആനന്ദം)
ചിന്തകള്‍ ഇല്ലാത്ത അവസ്ഥയില്‍ അഹം മൂലാധാരത്തില്‍ മൂന്നര ചുരുളില്‍ ഉറങ്ങുന്ന കുണ്ഡലിനിയെ ഉണര്‍ത്തുന്നു എന്നതാണ് യോഗയുടെ ആധാരശില . ചാക്രിക പഥങ്ങളോന്നും രോഗാതുരപീഢകളില്‍ കുഴങ്ങുന്നില്ലെങ്കില്‍ അതുയര്‍ന്ന് പ്രപഞ്ച ചൈതന്യത്തോട് സംഗമിച്ചോളും. ഈ യോഗം- കൂടിച്ചേരലാണ് യോഗ. യോഗാസങ്ങളെല്ലാം തന്നെ ശരീരത്തിന്റെ ഏഴു പ്രവര്‍ത്തിചൈതന്യ ചക്രങ്ങളെ പീഡിതാവസ്ഥയില്‍ നിന്നും മോചിപ്പിച്ച് യോഗം സുഗമമാക്കാനുള്ള സ്റ്റെപ്പുകള്‍ മാത്രമെന്ന നിലക്ക് യോഗാസനം പഠിപ്പിക്കുന്നവരെല്ലാം ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയവരാണ്. അതില്‍ തെറ്റൊന്നുമില്ല, അവര്‍ക്ക് പൂര്‍ണ്ണഗുണം നല്‍കാന്‍ ആവുന്നില്ലെന്നു മാത്രം . ആരോ രവിശങ്കര്‍ ഒരു ഭാഗം അടര്‍ത്തി മാറ്റി എന്നാരോപിച്ചതുകൊണ്ട് പറഞ്ഞെന്നേയുള്ളു, മിക്കവരും അതു തന്നെയാണ് ചെയ്യുന്നതെന്ന്.
ചിന്തകള്‍ ഇല്ലാത്ത അവസ്ഥയിലെത്തുക തീരെ എളുപ്പമല്ല. എത്തിപ്പെട്ടിട്ട് അതില്‍ നിന്നും മാറാതെ മൂന്നോ അഞ്ചോ മിനുട്ട് ഇരിക്കുന്നത് അതിലും വിഷമവും സ്വസ്ഥമായി ഒരിടത്തിരുന്ന് കഴിയുമെങ്കില്‍ നട്ടെല്ലു നിവര്‍ന്ന് സുഖമായി ശ്വാസം പിടിക്കാവുന്ന ഒരു പൊസിഷനിലിരുന്ന് എന്തിനെങ്കിലും ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മനസ്സിലുള്ള ചിന്താ ഷാന്‍ഡ്ലിയറിനെ ഓരോ ബള്‍ബുകളായി ഓഫ് ചെയ്യുക. എന്തു ചിന്ത നിറുത്താന്‍ പറ്റുന്നില്ലെന്നു തോന്നിയാലും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വസ്തുവില്‍ (കഴിവതും വിളക്കിലും മെഴുകുതിരിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കരുത്, വെളിച്ചത്തിലേക്ക് അധികനേരം കണ്ണു വേദനിക്കാതെ നോക്കാന്‍ കഴിയില്ല) ചിന്തകള്‍ ഓരോന്നായി അണഞ്ഞണഞ്ഞ് അവസാനം നമ്മളുടെ ശ്രദ്ധ പറ്റി നില്‍ക്കുന്ന വസ്തു മാത്രമായി മാറും മനസ്സില്‍.
ഇനിയത്തെ പരിപാടി അല്‍പ്പം വിഷമമാണ് ആദ്യമൊക്കെ, പരീക്ഷിക്കും തോറും കൂടുതല്‍ എളുപ്പമാകും.
ഒറ്റ ചിന്ത മാത്രമായി മനസ്സില്‍ നില്‍ക്കുകയാണല്ലോ, മെല്ലെ കണ്ണടച്ച് നമ്മള്‍ നോക്കുന്ന വസ്തുവിനേയും മറക്കുക. ചിന്തയില്ലാത്ത അവസ്ഥ എത്തി. ഇവിടെ വരുമ്പോള്‍ സാധാരണ പറ്റാറുള്ള പറ്റാണ് ഒറ്റയാനെ മറക്കുമ്പോള്‍ അണഞ്ഞ ലൈറ്റുകളെല്ലാം ഒറ്റയടിക്ക് തെളിഞ്ഞു വരിക എന്നത്. അതു സംഭവിച്ചാല്‍ സാരമാക്കണ്ട, സുല്ലിട്ട് ഒന്നുകൂടെ തുടങ്ങുക, ആദ്യം എടുത്ത സമയം ഇത്തവണ വേണ്ടി വരില്ല.
ഈ യോഗാവസ്ഥയില്‍ ഏതു മനസ്സും പ്രപഞ്ച ശക്തിയില്‍ - ടീച്ചര്‍ പറയുന്ന വലിയ ഞാനോട് -കൈകോര്‍ത്തു നില്‍ക്കുന്നു. ചുരുളഴിച്ച് മെല്ലെ കുണ്ഡലിനീ ചക്രങ്ങളേഴും താണ്ടി വിശ്വം നിറയുന്ന അതിന്റെ സ്വത്വത്തിലേക്ക് ലയിക്കുന്നു. യോഗം വരിച്ചസമയമത്രയും മനസ്സിലൊന്നുമില്ല. മാനസികമായ എന്തു വൈഷ്യമവും ഈ ഒരു ബ്രേക്ക് സമയത്ത് മിന്നല്‍ വേഗത്തില്‍ മനസ്സ് അറ്റകുറ്റപ്പണി തീര്‍ത്തുകൊള്ളും. കുറ്റമറ്റ മനസ്സിന് ശരീരത്തെയും, ശരീരം തിരിച്ചു മനസ്സിന്റെയും കേടു തീര്‍ക്കുന്നു. അങ്ങനെ യോഗാസനങ്ങള്‍ മനസ്സിനെയും യോഗാവസ്ഥ (thoughtless awareness എന്ന് ശ്രീമാതാജി നിര്‍മ്മല ദേവിയുടെ പരിഭാഷ) ശരീരത്തെയും കൂടി സംരക്ഷിക്കുന്നു.
മേമ്പൊടി: ( പ്രയോഗത്തിനു കട: പണ്ട് കഷായം എന്ന തുടരന്‍ എഴുതിയിരുന്ന സുകുമാറിന്)
ദൈവം ആരാണ്, ദൈവമുണ്ടോ ഇല്ലയോ, എതു രൂപമാണ് ദൈവം എന്നൊക്കെ വാദിക്കാന്‍ എത്തുന്ന വിശ്വാസികളില്‍ നിന്നും യുക്തിയില്ലാവാദികളില്‍ നിന്നും ഞാന്‍ ഊരിപ്പോകുകയേയുള്ളു, ഇതെല്ലാം ഒരുതരം വിശ്വാസം മാത്രമല്ലേ, എന്തു
ശരി എന്തു തെറ്റ് അതില്‍. എന്നാല്‍ ചിലര്‍ വിടാതെ പിന്നാലേ കൂടും, അങ്ങനെ ഒരു ഉഗ്ര ദൈവരഹിതന്‍ നടത്തിയ വാദം
"ദേവനു തോന്നുന്നുണ്ടോ എനിക്ക് നല്ലതു വരണേ എന്നു പ്രാര്‍ത്ഥിച്ചാല്‍ ദൈവം എന്ന ആള്‍ ഉടന്‍ നല്ലത് വരാന്‍ ഉത്തരവിറക്കുമെന്ന്?"
"തോന്നുന്നില്ല"
"അപ്പോള്‍ ദിവസവും കിടന്ന് അലച്ചു പ്രാര്‍ത്ഥിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ ചിരി വരാറില്ലേ?"
"ഓരോ പ്രാര്‍ത്ഥനയും ചെറു ധ്യാനങ്ങളാണ്. ഓരോ പ്രാര്‍ത്ഥനയും ചെറു യോഗങ്ങളും. പ്രാര്‍ത്ഥിക്കുന്നവന്റെ മനസ്സ് ഒന്നില്‍ മാത്രം കേന്ദ്രീകരിക്കുന്നു. അത് എന്നും ചെയ്യുന്നവന്റെ അഹം പരത്തിലേക്ക് നേരിയ തോതിലെങ്കിലും ചലിക്കുന്നു. പരീക്ഷയില്‍ എന്നെ ജയിപ്പിക്കണേ എന്ന് മുട്ടുകാലില്‍ നിന്നോ ഭജന ചൊല്ലിയോ റമദാന്‍ വ്രതമെടുത്തോ ഒക്കെ പ്രാര്‍ത്ഥിക്കുന്ന കുട്ടി ഉണര്‍ന്ന സ്വവും ദൈവം രക്ഷിക്കുമെന്ന പ്രതീക്ഷയും നല്‍കുന്ന ആത്മവിശ്വാസം കൊണ്ട് പരീക്ഷ ജയിക്കുന്നു,. അങ്ങനെ അവനെ ദൈവം രക്ഷിക്കുകയും ചെയ്യുന്നു."
"കാര്യം ചോദിക്കുമ്പോള്‍ ഉരുണ്ടു കളിക്കുന്നത് നിങ്ങളുടെ സ്ഥിരം പരിപാടിയാണ്."
"കാര്യം പറയുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാക്കാനുള്ള ക്ഷമയോ ബോധമോ ഇല്ല. ഞാനെന്തു ചെയ്യാന്‍."
Friday, October 13, 2006
വാള്‍നട്ടും ചിക്കുന്‍ഗുന്യയും
“ഞാന്‍ ഇയിടെ ഇവിടത്തെ പല മാഗസിനുകളിലും (മെഡിക്കല്‍ അല്ല) വായിക്കുന്നുണ്ട് .... പണ്ട് മുട്ട, അണ്ടിപരിപ്പ് ഇതൊക്കെ കൊളസ്റ്റ്രോള്‍ കാര്‍ക്ക് നിഷിദ്ധമായിരുന്നല്ലോ? പക്ഷെ ഈയിടെയായി, അതിലൊക്കെ വൈറ്റമിന്‍ ഋ, ലു ഇതൊക്ക്യുണ്ട്, അതുകൊണ്ട് സാരമില്ല,അതൊക്കെ നെറ്യേ കഴിച്ചാല്‍ നല്ല കൊളസ്ട്രോള്‍ കൂടും എന്നൊക്കെ. (ഓട്ട്സ് -നെ ക്കുറിച്ചും ഉണ്ട്). പണ്ട് വൈറ്റമിന്‍ ഗുളിക കഴിക്കണമെന്നായിരുന്നു. പക്ഷെ ഇപ്പൊ വൈറ്റമിന്‍ ഗുളിക കഴിച്ചോണ്ട് കാര്യമില്ല...?”
പത്രവാര്‍ത്തകള്‍:
ഏതെങ്കിലും ഒരു കണ്‍ക്ലൂഷന്റെ പേരില്‍ പത്രങ്ങള്‍ പലപ്പോഴും വലിക കോലാഹലം സൃഷ്ടിക്കാറുണ്ട്. കച്ചവടക്കാര്‍ അതിന്റെ ലാഭവും കൊയ്യാറുണ്ട്. ഒരുദാഹരണത്തിന്, ആരോഗ്യമുള്ള മനുഷ്യ ഹൃദയത്തില്‍ കോ എന്‍സൈം ക്യു പത്ത് (CoQ10) എന്നൊരു എന്‍സൈം കൂടുതല്‍ ഉണ്ടെന്നും രോഗാതുരമായ ഹൃദയത്തില്‍ ഇതു കുറവാണെന്നും കണ്ടെത്തിയതും പത്രന്‍ വെണ്ടക്കാ നിരത്തി. തൊട്ടു പിറകേ ഈ എന്‍സൈം ഗുളികയായി വിപണിയില്‍ എത്തി. ഹാര്‍ട്ടിന്റെ കാര്യമല്ലേ, ഇന്ന് ഏത് പട്ടിക്കാട്ടിലെ മെഡിക്കല്‍ സ്റ്റോറില്‍ ചെന്നാലും ഇത് വില്‍ക്കാന്‍ വച്ചിരിക്കുന്നത് കാണാം. ഇതു ഭക്ഷണമായി കഴിച്ചാല്‍ ഹൃദയത്തില്‍ ഇതിന്റെ അളവു കൂടുമെന്ന് തെളിയിക്കാന്‍ നടത്തിയ പരീക്ഷണമൊന്നും വിജയിച്ചിട്ടില്ല, ഇനി ഹൃദയത്തിനു രോഗം വരുമ്പോള്‍ സംരക്ഷണത്തിനായി ശരീരം തനിയേ ഇതു കുറച്ചു കളയുന്നതാണോന്നും അറിയില്ല. ആളുകള്‍ വാങ്ങുന്നു തിന്നുന്നു. അതാണ് പത്രപ്പണി.
കൊളസ്റ്റ്രോള്‍ കുറക്കുന്ന എന്തും തിന്നേണ്ട കാര്യവുമില്ല:
DDT മനുഷ്യ ശരീരത്തില്‍ LDL കൂടാതെ HDL കൂട്ടാന്‍ കഴിവുള്ള അപൂര്വ്വം വസ്തുക്കളില്‍ ഒന്നാണ്. എന്നുവച്ച് ആരെങ്കിലും ഡി ഡി ടി കഴിക്കുമോ? ഒരു മുട്ടയില്‍ 300+ എം ജി കൊളസ്റ്റ്രോള്‍(ഫാറ്റും കൊളസ്റ്റ്രോളും രണ്ടാണേ, previous പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്) അടങ്ങിയിട്ടുണ്ട്. ഞങ്ങള്‍ മാക്ക് ഡോഗള്‍ പക്ഷക്കാരുടെ കണക്കനുസരിച്ച് അഭിലഷണീയമായ കൊളസ്റ്റ്രോള്‍ അകത്താക്കല്‍ പൂജ്യം എം ജിയും, ശത്രുപക്ഷമായ FDA കണക്കനുസരിച്ച് അഭിലഷണീയമായ പരമാവധി 200 എം ജിയും ആണ്. രണ്ടു കണക്കില്‍ തൂക്കിയാലും ഒരൊറ്റ മുട്ട തന്നെ ഒരു ദിവസത്തില്‍ കഴിക്കാവുന്നതിന്റെ അപ്പുറമാണ്. വല്ലപ്പോഴും സ്മാള്‍ അടിക്കും എന്നു പറയുന്നത് പോലെ വല്ലപ്പോഴും ആരോഗ്യത്തിനു ഒരു തകരാറുമില്ലാത്തവന്‍ ഒരു മുട്ട കഴിച്ചോട്ടെ. പക്ഷേ ആശാസ്യ ഭക്ഷണമായി ഞാനതിനെ കൂട്ടുന്നില്ല.
ഇനി വൈറ്റമിനിലേക്കു വരാം
ഇഞ്ചി പറഞ്ഞപോലെ കൊളസ്റ്റ്രോള്‍ കുറക്കാന്‍ കഴിവുള്ള ഒരൊറ്റ വൈറ്റമിനേയുള്ളു, നയസിന്‍ അഥവാ vitamin b3. അതു തന്നെ വളരെ വലിയ തോതില്‍ കഴിച്ചാലേ [3000mg വരെയൊക്കെ വേണം]പ്രയോജനമുള്ളു എന്നതിനാല്‍ ഒരു പ്രായോഗിക മാര്‍ഗ്ഗമായി കൂട്ടുന്നില്ല.
മുട്ടകഴിക്കൂ, മീന്‍ കഴിക്കൂ അണ്ടിപ്പരിപ്പു കഴിക്കൂ എന്നു പറയുന്നത് വൈറ്റമിനു വേണ്ടിയല്ല പ്രധാനമായും. വിശദീകരിക്കാം:
EFA അഥവാ എസ്സെന്‍ഷ്യന്‍ ഫാറ്റി ആസിഡുകള്‍:
നൂറുകണക്കിനു ധാതുക്കളും ലവണങ്ങളും അന്നജവും കൊഴുപ്പും വൈറ്റമിനുകളും മറ്റു പലതും (പറഞ്ഞാല്‍ തീരില്ല) ശരീരത്തിനാവശ്യമുണ്ട്. അതിലൊരുവക ആണ് ഫാറ്റി ആസിഡുകള്‍(പഴയ എണ്ണ പോസ്റ്റില്‍ അതെന്താണു സാധനമെന്ന് പറഞ്ഞിട്ടുണ്ട്). ഫാറ്റി ആസിഡുകള്‍ തന്നെ രണ്ടു തരമുണ്ട്, ജന്തുക്കള്‍ സൃഷ്ടിക്കുന്നവയും സസ്യങ്ങള്‍ സൃഷ്ടിക്കുന്നവയും. രണ്ടും നമുക്കു അത്യാവശ്യമാണ്. ഇതില്‍ ജന്തുജന്യമായവ നമ്മള്‍ തന്നെ ഉണ്ടാക്കിക്കോളും. സസ്യങ്ങളില്‍ ഉണ്ടാക്കുന്നവ ഭക്ഷണത്തിലൂടെ നമ്മള്‍ അകത്തു വിടണം. ഇവയില്‍ പ്രധാനം ഒമേഗ 3, ഒമേഗ 6 എന്ന രണ്ടു ഫാറ്റി ആസിഡുകളാണ്. ഇതു കഴിക്കേണ്ടത് അവശ്യമാകയാല്‍ ഇതിനെ എസ്സെന്‍ഷ്യല്‍ ഫാറ്റി ആസിഡെന്ന് പറയുന്നു.
EFA എന്തിന്?
1. ഇതില്ലെങ്കില്‍ cell membrane നിര്‍മ്മിക്കാന്‍ ശരീരം ബുദ്ധിമുട്ടും.
2. ഇതില്ലെങ്കില്‍ ശരീരത്തിലെ കൊളസ്റ്റ്രോള്‍ ഓക്സിഡൈസ് ചെയ്യാനും പുറന്തള്ളാനുമുള്ള കഴിവു കുറഞ്ഞ് കൊളസ്റ്റ്രോള്‍ കൂടും.
3. ഇതില്ലെങ്കില്‍ ഐക്കസനോയിഡ് എന്ന കുലത്തിലെ ഹോര്‍മോണുകള്‍ക്ക് സഞ്ചരിക്കാനാവാതെ ശരീരം തോന്ന്യാസം കാട്ടും.
ഒമേഗ 3 എന്നു കേള്‍ക്കുന്നതും നമുക്ക് മുട്ടയുടെയും മീനിന്റെയും പരസ്യവും പത്രവാര്‍ത്തയും മനസ്സില്‍ വരും അല്ലേ? അതാണു പത്രന്റെയും പൌള്‍ട്രിക്കാരന്റെയും വിജയം.
ഇത് സസ്യജന്യമാണ്. കോഴി വിത്തുകളും മറ്റും തിന്നും മീന്‍ പ്ലാങ്ക്ടന്‍ തിന്നുമാണ് ഉണ്ടാക്കുന്നത്. ആരെങ്കിലും ഇട്ട ചെരുപ്പ് വാങ്ങിയിടുന്നതിനെക്കാള്‍ നല്ലത് ചെരുപ്പുകടയില്‍ നിന്നും വാങ്ങുന്നതല്ലേ. നമ്മള്‍ ഇത് ചെടിയില്‍ നിന്നും തന്നെ വാങ്ങുന്നതാണു ബുദ്ധി. ഏറ്റവും കൂടുതല്‍ EFA അടങ്ങുന്ന സസ്യഭക്ഷണം അണ്ടിവര്‍ഗ്ഗങ്ങളാണ്. ഫ്ലാക്സ് സീഡും ഏറ്റവും നല്ല ഈ എഫ് ഏ സ്രോതസ്സാണ്. സെക്കന്‍ഡ് ആയി ഇലക്കറികളും.
പക്ഷേ അണ്ടിവര്‍ഗ്ഗങ്ങള്‍ 70%+ ഫാറ്റുമാണ് . ഇവ അകത്തു പോകുന്നത് വര്‍ദ്ധിച്ചാല്‍ എന്തു രോഗം ഒഴിവാക്കാന്‍ ഈ എഫ് ഏ കഴിച്ചോ അതെല്ലാം വീണ്ടും വരും (താഴെ വിവരിച്ചിട്ടുണ്ട്). അതിനാല്‍ നല്ല ആരോഗ്യമുള്ളയാള്‍ ഒരു സ്പൂണ്‍ ഫ്ലാക്സ് സീഡൊ 1/8 കപ്പോളം (പ്രിഫറന്‍ഷ്യല്‍ ഓര്‍ഡറില്‍)വാള്‍നട്ട്, സോയ, പെക്കന്‍ നട്ട്, ബദാം എന്നിവയില്‍ എന്തെങ്കിലും ഒന്നോ അല്ലെങ്കില്‍ മിശ്രിതമോ (മൊത്തം 1/8 cup) കഴിക്കാം.
യൂറിക്ക് ആസിഡ്, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം തുടങ്ങി എന്തെങ്കിലും ഉള്ളവര്‍ ഒട്ടും കഴിക്കേണ്ട. പകരം നല്ല ഇലക്കറികളോ, മത്തങ്ങയോ കുമ്പളങ്ങയോ വെള്ളരിക്കയോ കഴിച്ചാലും EFA കിട്ടും. ഇതൊന്നും തിന്നു ശീലമില്ലാത്ത സായ്പ്പ് അവന്റെ വാള്‍നട്ടു തിന്നോട്ടെ.
EFA കുറഞ്ഞാല്‍ :
ചര്‍മ്മരോഗങ്ങള്‍, ധമനീരോഗങ്ങള്‍, വൈറസ്, ബാക്റ്റീരിയ തുടങ്ങി കോശ ഭിത്തീല്‍ കേറി പിടിക്കുന്ന മോന്‍ മാരെ ചെറുക്കാനുള്ള കഴിവു കുറയല്‍ ( ചിക്കുന്‍ ഗുനിയ മുതല്‍ എയിഡ്‌സ് വരെ മത്തങ്ങയും ബദാമുമായി ബന്ധ്പ്പെടുത്തി!) വൃക്കരോഗം എന്നു വേണ്ട, സര്‍വ്വതും കിട്ടും
EFA കൂടിയാല്‍:
ഓക്സിഡേഷന്‍ ഇവന്റെ പണിയാണെന്ന് പറഞ്ഞല്ലോ, ഫ്രീ റാഡിക്കല്‍ (സ്നേഹോപദേശം എന്ന പോസ്റ്റ് നോക്കുക) കൂടി ഹൃദയ ധമനീരോഗം വന്നേക്കാം, പൊണ്ണത്തടി വന്നേക്കാം,
അണ്ടിപ്പരിപ്പുകള്‍ ആണു കൂടുതലായി കഴിക്കുന്നതെങ്കില്‍ യൂറിക്ക് ആസിഡ് ഉയര്‍ന്ന് കിഡ്‌ണിക്കുവരെ ഭീഷണിയാകാം, ഗൌട്ടും വരാം.
EFA എത്ര?
കഴിക്കുന്ന കലോറികളുടെ 0.1 % മുതല്‍ 0.5% വരെ എന്നു ഡോ. ജീന്‍ മാക് ഡോഗള്‍ ഉപദേശിക്കുന്നു. ഒരുമാതിരി തീറ്റ തിന്നുന്ന ഒരാളിന്റെ ഭക്ഷണക്കണക്കിലാണ് 1/8 കപ്പ് അണ്ടിപ്പരിപ്പെന്നു മേലേ കൂട്ടുന്നത്. മത്ത-കുമ്പള-ചീര-മുരിങ്ങ ഫാന്‍സിനു ഇതും ആവശ്യമില്ല.
ഓട്ട്‌സിന്റെ തന്ത്രം!
ഓട്ട്‌സ് സോള്യുബിള്‍ ഫൈബര്‍ കൂടുതല്‍ ഉള്ളതിനാല്‍ 5% വരെ ഒക്കെ കൊളസ്റ്റ്രോള്‍ കുറക്കുന്നുണ്ട്. അതും ഇതുമായി ബന്ധമില്ല ഇഞ്ചി. സോള്യുബിള്‍ ഫൈബറിനു ഓട്ട്സ് തന്നെ വേണമെന്നില്ല. തണ്ണിമത്തനോ ആപ്പിളോ റൈ ബ്രെഡോ, മാങ്ങായോ എന്തായാലും മതിയല്ലോ. ഈ ക്വാക്കറു കമ്പനി നമ്മളെ ജോക്കറാക്കുന്നതല്ലേ ഓട്ട്ശ് കഴിച്ചാല്‍ സോള്യുബില്‍ ഫൈബര്‍ കിട്ടുമെന്ന് പറയുമ്പോ നമ്മളറിയാതെ വേറൊന്നിലും ഇതില്ലെന്ന് ധരിച്ചു പോകും
[ഇതിലെ പലവിവരങ്ങള്‍ക്കും പല മെഡിക്കല്‍ ജേണലുകളെ ഉദ്ധരിച്ച് ഡോ. മാക്‌ഡോഗള്‍ എഴുതിയ ലേഖനനങളോട് കടപ്പെട്ടിരിക്കുന്നു. ലിങ്ക് കൊടുക്കാവുന്നതിലും കൂടുതലെണ്ണമുണ്ട്.]
Wednesday, October 11, 2006
ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക്, ഖേദപൂര്‍വ്വം.
നിരവധി തെറ്റുകള്‍ അടങ്ങുന്ന ഡോ. പുനത്തിലിന്റെ ലേഖനം അപകടകാരിയായ നിര്‍ദ്ദേശങ്ങളും വായനക്കാരനു തരുന്നു എന്നതിനാല്‍ പ്രതികരിക്കാതിരിക്കാനാവുന്നില്ല .
വസ്തുതാപരമായ തെറ്റുകള്‍
(അക്കമിട്ടു നിരത്തിയ വാചകങ്ങള്‍ ലേഖനത്തിലേത്)
1. “ബി കോമ്പ്ലക്സും ആന്റി ഓക്സിഡന്റുകളും ഫലവത്താണോ എന്ന് ഇതുവരെ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല“
തീര്‍ച്ചയായും ഓക്സിഡേറ്റീവ് സ്റ്റ്രെസ്സ് ഗവേഷണത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ആന്റി ഓക്സിഡന്റുകള്‍ ഗുളിക രൂപത്തില്‍ തന്നെ ഫലം ചെയ്യുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹെല്‍സിങ്കി പഠനത്തില്‍ നിന്നും തുടങ്ങി സ്റ്റീനര്‍ റിപ്പോര്‍ട്ട് വരെ ഇരുപത്തഞ്ചെണ്ണമെങ്കിലും അംഗീകരിക്കപ്പെട്ട നിര്‍ണ്ണയങ്ങളില്‍ എനിക്കറിവായുന്നവയായി ഉണ്ട്. വിസ്താരഭയത്താല്‍ പട്ടിക ഇവിടെ ചേര്‍ത്തിട്ടില്ല.
2. "രണ്ടു കാരറ്റും രണ്ടു കോവക്കയും രണ്ടു വെണ്ടക്കയും നന്നായി കഴുകി ശുദ്ധിയാക്കി വെറുതേ കടിച്ചു തിന്നാല്‍ മതി, ആന്റി ഓക്സിഡന്റ് കിട്ടും"
കിട്ടില്ലല്ലോ. ശരിയായ ഭക്ഷണം കഴിക്കുന്നവര്‍ക്ക് സപ്പ്ലിമന്റുകള്‍ ആവശ്യമില്ല.
പച്ചക്കറി പാചകം ചെയ്യാതെ തിന്നുന്നതിനു വളരേ ഗുണങ്ങളുണ്ട്, പക്ഷേ ഡോക്റ്റര്‍ പറയുന്നതുപോലെ രണ്ടു വീതം മൂന്നു പച്ചക്കറി ഏറെയൊന്നും സഹായിക്കില്ല. "ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റ്" - ബീറ്റകരോട്ടിനാണ് പ്രധാന ആന്റി ഓക്സിഡന്റ് എന്നു കരുതിയതില്‍ വന്ന തെറ്റായ തീരുമാനമാണ് ഇത്.
ഓക്സിഡേറ്റീവ് സ്റ്റ്രെസ്സ് കുറക്കാന്‍ വിറ്റാമിന്‍ E, വിറ്റമിന്‍ A, ഫ്ലാവനോയിഡുകള്‍, എന്നിവക്കാണ് പ്രാദ്ധാന്യം ബീറ്റാ കരോട്ടിന്‍, ആല്‍ഫാ കരോട്ടിന്‍ എന്നിവയെക്കാള്‍.
ഇപ്പറഞ്ഞ പച്ചക്കറികള്‍ കഴിക്കുന്നത് ആരോഗ്യത്തിനു നന്നെങ്കിലും ഇവ കഴിച്ചാല്‍ ബാക്കി എന്തും ചെയ്യാം എന്നര്‍ത്ഥമില്ല. മാത്രമല്ല ഡോക്റ്റര്‍ വിറ്റാമിന്‍ ബി കോമ്പ്ലക്സിനു പകരമായികൂടിയാണ് നിര്‍ദ്ദേശിക്കുന്നതെന്നോര്‍ക്കണം, ഇവയില്‍ ബി വര്‍ഗ്ഗങ്ങള്‍ തുലോം നിസ്സാരമായേ അടങ്ങിയിട്ടുള്ളു. എത്ര പച്ചക്കറി കഴിച്ചിട്ടും വിറ്റാമിന്‍ ബി 12 കിട്ടുകയുമില്ല. അത് ജന്തുജന്യമായ വസ്തുക്കളില്‍ മാത്രമടങ്ങിയിരിക്കുന്നു.
മുഖ്യ ഓക്സിഡന്റുകളെ - വിഷ വസ്തുക്കള്‍, മാലിന്യങ്ങള്‍ എന്നിവയെ കണ്ടെത്തി ഒഴിവാക്കല്‍ ഭക്ഷണത്തോളം വലിയ ആന്റി ഓക്സിഡേഷന്‍ പ്രക്രിയയുമാണ്.
3. "ബ്ലഡ് പ്രഷര്‍ 120/80 യില്‍ കൂടാന്‍ പാടില്ലെന്ന് വൈദ്യശാസ്ത്രം ശഠിച്ചു പറഞ്ഞു.. ഇപ്പോള്‍ പറയുന്നു 100/70 ഇല്‍ കൂടാന്‍ പാടില്ലെന്ന്"
ആരുപറയുന്നു? എവിടെപ്പറയുന്നു? അംഗീകൃത വൈദ്യശാസ്ത്രപ്രകാരം 120/80 ഇന്നും നോര്‍മല്‍ ബ്ലഡ് പ്രഷര്‍ തന്നെ. 115/75 നോര്‍മല്‍ ആണെന്ന് ചില ഡോക്റ്റര്‍മാര്‍ സ്വന്തം നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അഞ്ചു മില്ലിമീറ്റര്‍ മെര്‍ക്കുറി താഴാന്‍ ആരും മരുന്നു കൊടുത്തതായി കേട്ടിട്ടില്ല, വായിച്ചിട്ടുമില്ല. വളരെ താഴ്ന്ന രക്തസമ്മര്‍ദ്ദം അനോരോഗ്യമുള്ള ഹൃദയത്തിന്റെ വരെ ലക്ഷണമായേക്കാം.
4. ‘നല്ല കൊളസ്റ്റ്രോളും (HDL) ചീത്ത കൊളസ്റ്റ്രോളുമുണ്ട് (LDL). ബദാമിലും അണ്ടിപ്പരിപ്പിലും ആപ്രിക്കോട്ടിലും നല്ല കൊളസ്റ്റ്രോളാണുള്ളത്.“
ഒന്നാമതായി, ഒരു മനുഷ്യന്‍ കൊളസ്റ്റ്രോള്‍ എടുത്തു കഴിച്ച് അത് രക്തത്തില്‍ കലരുകയല്ല ചെയ്യുന്നത്. അയാളുടെ കരള്‍ ശരീരത്തിനാവശ്യമുള്ള കൊളസ്റ്റ്രോളിനെ ഉല്‍പ്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ഉല്‍പ്പാദനം കൂടുമ്പോഴാണ് കൊളസ്റ്റ്രോള്‍ നിരക്ക് അപകടകരമായി ഉയരുന്നത്. ഫാറ്റുകള്‍ കഴിക്കുന്നത് കൊളസ്റ്റ്രോള്‍ ഉല്‍പ്പാദനത്തെ കൂട്ടുന്നു. കൊളസ്റ്റ്രോള്‍ ഉല്‍പ്പാദനം കൂടുമ്പോഴെല്ലാം LDL & HDL ഉയരുന്നത് ഒരേ തോതില്‍ അല്ല. മോണോ-പോള്യ് അണ്‍സാച്ചുറേറ്റഡ് ഫാറ്റുകള്‍ (LDL-HDL)അനുപാതം കൂട്ടുന്നത് സാച്ച്ചുറേറ്റഡ് ഫാറ്റുകളെക്കാല്‍ ആശാസ്യമായ രീതികളിലാണെന്ന് വാദം ഉണ്ട്. സത്യത്തില്‍ ഒട്ടും ഫാറ്റ് കഴിക്കാതെ തന്നെ ഒരാള്‍ക്കു വേണ്ട കൊളസ്റ്റ്രോള്‍ ഉണ്ടാക്കാന്‍ അയാളുടെ കരളിനു കഴിയും,എന്നാല്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന മിക്ക ഭക്ഷണത്തിലുംഫാറ്റ് അംശം ഉള്ളതിനാല്‍ മൊത്തത്തില്‍ ഫാറ്റിനെ ഒഴിവാക്കാനാവുന്നില്ല.
കൊളസ്റ്റ്രോള്‍ ജന്തുക്കളുടെ കരളിന്റെ ഉല്‍പ്പന്നം ആണെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ കരളില്ലാത്ത കശുമാവിനും ബദാം മരത്തിനും കൊളസ്റ്റ്രോള്‍ നിര്‍മ്മിച്ച് വിത്തുകളില്‍ കൊണ്ടുവയ്ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ നല്ലതോ ചീത്തയോ ആയ ഒരു കൊളസ്റ്റ്രോളും ഇക്കണ്ട സാധനത്തിലൊന്നും ഇല്ലെന്നും മനസ്സിലാവും. ജന്തുജന്യഭക്ഷണങ്ങളില്‍ മാത്രമേ കൊളസ്റ്റ്രോള്‍ ഉള്ളു.
HDL-LDL എന്നു രണ്ടു തരം കൊളസ്റ്റ്രോള്‍ മാത്രമല്ല ട്രൈഗ്ലിസറൈഡ് എന്ന ന്യൂട്രല്‍ ഫാറ്റും LDLന്റെ തന്നെ ഭാഗമായ LP(a), VLDL എന്നിവയൊക്കെ കണക്കിലെടുത്താണ് ഒരാളിന്റെ ലിപ്പിഡ് മാനേജുമന്റ് നടത്തേണ്ടത്.
ദാര്‍ശനികമായ തെറ്റ്
പണ്ട് കൊളസ്റ്റ്രോള്‍ 180-250 ഇല്‍ നിര്‍ത്തണമെന്നായിരുന്നുനിയമം, പിന്നീടത് 150-200 ആയി. ഇപ്പോള്‍ പറയുന്നു 150-180 ഇല്‍ കൂടാന്‍ പാടില്ല എന്ന്..... സ്റ്റാറ്റിന്‍ ഗുളികകളുടെ വില്‍പ്പന താഴുന്നതനുസരിച്ച് ഗവേഷണങ്ങ്ഫലങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരിക്കും.
മിക്ക വൈദ്യ ഗവേഷണവും മരുന്നു കമ്പനിക്കാരുടെ അനുഗ്രഹദാങ്ങളോടെയാണ്. ഡോ. മാക്‌ഡോഗള്‍ നിരീക്ഷിച്ചതുപോലെ "ആദായം തരാത്ത സത്യത്തിനോട് ആര്‍ക്കും താല്‍പ്പര്യമില്ല എന്നതാണ് കഷ്ടം"
എന്നാല്‍ കൊളസ്റ്റ്രോള്‍ പഠനം തെറ്റില്‍ നിന്നും ശരിയിലേക്ക് നീങ്ങുന്നത് ഇങ്ങനെ ആയിരുന്നു. ശരാശരി അമേരിക്കന്‍ TC ലെവല്‍ ആണ് നോര്‍മല്‍ എന്നു ധരിച്ച കാലത്ത് 200+ നോര്‍മലെന്ന് ഡോക്റ്റര്‍മാര്‍ കരുതി. കാലക്രമേണ അതു മൊത്തില്‍ കൊളസ്റ്റ്രോള്‍ 150 ഇല്‍ താഴെയുള്ളവര്‍ക്ക് മറ്റു പ്രശ്നമൊന്നൊമില്ലെങ്കില്‍ ഹൃദയധമനീരോഗം വരാന്‍ സാദ്ധ്യത വളരെ വളരെ കുറവാണെന്ന തിരിച്ചറിവിലേക്ക് നീങ്ങി.
കൊല്ലുന്ന നിര്‍ദ്ദേശം!
ബദാമിലും അണ്ടിപ്പരിപ്പിലും അത്രൂട്ടിലും ആപ്രിക്കോട്ടിലും
നല്ല കൊളസ്റ്റ്രോളാണുള്ളത്. അതു വാരിവലിച്ചു തിന്നുക. അത് ചീത്ത കൊളസ്റ്റ്രോളിനെ താഴ്ത്തിക്കൊണ്ടുവരുമത്രേ.
[ബദാമിലും അണ്ടിപ്പരിപ്പിലും... പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ് എന്നു വായിക്കുന്നു, സസ്യജന്യമായ ഒന്നിലും കൊളസ്ട്രോളില്ല എന്നത് വിശദീകരിച്ചു കഴിഞ്ഞതാണ്]
പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റുകളും ഒമേഗ3 എണ്ണകളും എച്ച് ഡി എല്‍ കൂട്ടുമോ എന്നത് പ്രാരഭ ദിശകളില്‍ ചുറ്റി തിരിയുന്ന ഗവേഷണമാണ്. എന്നാല്‍ ആ കണക്കില്‍ പോലും വളരെ പരിമിതമായ രീതിയില്‍ അല്ലാതെ വാരിവലിച്ചു തിന്നുന്ന അണ്ടിവര്‍ഗ്ഗങ്ങള്‍ അപകടമേ ചെയ്യൂ. വ്യായാമമാണ് HDL കൂടാനേറ്റവും ആശാസ്യമായ വഴി.
പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റുകള്‍ സാച്ചുറേറ്റഡ് ഫാറ്റിന്റെ ചീത്തത്തരങ്ങളെ ചെറുക്കുമെന്ന വാദം ഉന്നയിക്കുന്നവര്‍ സാധാരണയായി പരമാവധി കാല്‍ കപ്പ് അണ്ടിപ്പരിപ്പുകള്‍ കഴിയുമെങ്കില്‍ വാള്‍നട്ട് മാത്രം കഴിക്കാനാണ് നിര്‍ദ്ദേശിക്കാറ്.
കൂടുതലായി അണ്ടിവര്‍ഗ്ഗങ്ങള്‍ പ്രത്യേകിച്ച് അണ്ടിപ്പരിപ്പ്, ബദാം, നിലക്കടല, മക്കാഡെമിയ നട്ട് തുടങ്ങിയാ കഴിക്കുന്നത് ശരീരത്തില്‍ യൂറിക്ക് ആസിഡ് വല്ലാതെ കൂട്ടി "ഗൌട്ട്" എന്ന വേദനാജനകമായ അസുഖം വരാനുള്ള സാദ്ധ്യത പരശ്ശതം മടങ്ങ് വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന യൂറിക്ക് ആസിഡിനു കിഡ്ണികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കാന്നും കഴിവുണ്ട്.
അണ്ടിപ്പരിപ്പുകള്‍ "വാരി വലിച്ചു തിന്നുന്നവര്‍" പുകവലിക്കാരെപ്പോലെ, ഫാസ്റ്റ് ഫൂഡ് പ്രേമിയെപ്പോലെ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു.
സന്ദേശത്തിലെ പാളിച്ച
ഡോ. പുനത്തില്‍ ലേഖനത്തിന്റെ പര്യവസാനത്തില്‍ മാത്രം വെളിപ്പെടുത്തുന്ന ആ രഹസ്യം ഇങ്ങനെ " രോഗങ്ങളില്‍ മിക്കതും തനിയെ ഭേദമാകുന്നു". തൊട്ടുമുന്നിലുള്ള എല്ലാ കാര്യങ്ങളും മരുന്നുകളുടെ അനാവശ്യകതയെക്കുറിച്ചാണ്.
രോഗങ്ങള്‍ മിക്കതും തനിയേ ഭേദമാകും, അല്ലാത്തവയെ ഭേദമാക്കാന്‍ മാത്രമേ ശരീരത്തിനു മരുന്നിന്റെ സഹായവും ആവശ്യമുള്ളു. അതൊരു പുതിയ അറിവുമല്ല. [ഇക്കാരണത്താലാണ് വ്യാജഡോക്റ്റര്‍മാര്‍ വിശ്വാസ്യത നേടുന്നതെന്ന് എം പി നാരായണപിള്ള പണ്ടൊരു ലേഖനത്തില്‍ പറഞ്ഞിരുന്നു] പക്ഷേ, ഒരു ഡോക്റ്റര്‍ മെഡിക്കല്‍ മാഗസീനിലെഴുതി ഇതു വായിക്കുന്ന ഒരു സാധാരണക്കാരന്‍ ചികിത്സകളെല്ലാം അനാവശ്യമാണും അസുഖത്തിന് കഴിവതുണ്ടെങ്കില്‍ ആശുപത്രികളില്‍ പോകരുതെന്നും അനുമാനിക്കുകയാണ് ചെയ്യാന്‍ സാദ്ധ്യത.
വൈദ്യം, വ്യോമയാനം, സൈന്യം തുടങ്ങി അപകടം പിടിച്ച മേഖലകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അറിയാവുന്നത് പറഞ്ഞുകൊടുക്കാനുള്ള ബാദ്ധ്യതെയെക്കാള്‍ പലമടങ്ങ് വലുതാണ് അറിയില്ലാത്ത കാര്യങ്ങളെക്കുറിച്ച് പറയാതിരിക്കുക എന്നത്. വൈദ്യന്റെ തെറ്റായ നിരീക്ഷണം രോഗിക്ക് ദോഷം ചെയ്യും. അത് പ്രസിദ്ധീകൃതമാണെങ്കിലോ, ആയിരക്കണക്കിന് ആള്‍ക്കാരെ ബാധിക്കും.രണ്ടു പേജില്‍ ഇത്രയും അബദ്ധങ്ങളടക്കി അലക്ഷ്യമായെഴുതിയ ഈ ലേഖനം വായിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു.