Monday, August 07, 2006

ഗര്‍ഭരക്ഷ: സെര്‍ക്ലേജിംഗ്‌

അത്യാഹിതം സംഭവിച്ചശേഷം ചികിത്സിക്കല്‍ എന്നതില്‍ നിന്നും രോഗവും അപായവും ഒഴിവാക്കല്‍ ചികിത്സയിലേക്കുള്ള അലോപ്പതി സമ്പ്രദായത്തിന്റെ ആശാസ്യമായ മാറ്റത്തിന്റെ ഭാഗമാണ്‌ സെര്‍ക്ലേജിംഗ്‌ പോലെയുള്ള ഗര്‍ഭരക്ഷാനടപടികള്‍. cervical cerclage എന്നാല്‍ ഗര്‍ഭപാത്രത്തിന്റെ മുഖം (cervix) ചരടിട്ട്‌ മുറുക്കിക്കെട്ടല്‍ (cerclaging) എന്നാണ്‌ വാഗര്‍ത്ഥം.

1. സെര്‍ക്ലേജ്‌ എന്തിന്‌?
സ്വന്തം വളര്‍ച്ചക്കനുസരിച്ച്‌ ഭ്രൂണം ഗര്‍ഭപാത്രത്തിന്റെ ചുവരുകളില്‍ പുറത്തേക്ക്‌ മര്‍ദ്ദം ചെലുത്തുന്നു. ഈ മര്‍ദ്ദം മൂലം ശേഷി കുറഞ്ഞ ഗര്‍ഭപാത്രമുഖം (incompetent cervix) ഉള്ളവരില്‍ ഗര്‍ഭാശയം വളരെ നേരത്തേ തുറക്കുകയും 4 മുതല്‍ 7 വരെ മാസം ഗര്‍ഭിണീയായിരിക്കെ പൂര്‍ണ്ണവര്‍ച്ചയെത്താതെ പ്രസവിക്കുകയോ ഗര്‍ഭം അലസി പ്രസവിക്കുകയോ ചെയ്യാന്‍ സാദ്ധ്യത വളരെകൂടുതലാണ്‌. 100 ഗര്‍ഭങ്ങളില്‍ ഏകദേശം രണ്ടെണ്ണത്തില്‍ അ ഗര്‍ഭാശയ മുഖത്തിന്‌ ഇങ്ങനെ കണ്ടു വരുന്നു.

പ്രഥാനമായും നാലു കാരണങ്ങളാല്‍ ഗര്‍ഭാശയമുഖ ബലക്ഷയം സംഭവിക്കാം :
i. മുന്‍ പ്രസവങ്ങളില്‍ സംഭവിച്ച കേടുപാടുകള്‍
ii. ജന്മനാ ഉള്ള ഗര്‍ഭാശയ കേടുപാടുകള്‍
iii. നേരത്തേ നടത്തിയിട്ടുള്ള സേര്‍വിക്കല്‍ ശസ്ത്രക്രിയകള്‍ (ഉദാ: ഡി & സി അഥവാ ഡയലേഷന്‍ & ക്യൂററ്റേജ്‌)
iv. രണ്ടാം ലോക മഹായുദ്ധക്കാലത്ത്‌ ജനിച്ചയാളാണ്‌ ഗര്‍ഭിണിയെങ്കില്‍ അവര്‍ക്കു ചെറുപ്പത്തില്‍ ഉണ്ടായ ചില രാസവസ്തൂ സമ്പര്‍ക്കങ്ങള്‍ (ഇന്ത്യയില്‍ ഇത്‌ ഇല്ല)

ബലക്ഷയമുള്ള ഗര്‍ഭപാത്രങ്ങളെ സാധാരണ ഗതിയില്‍ തിരിച്ചറിയുക എളുപ്പമല്ല എങ്കിലും മൂന്നാം മാസത്തോടടുപ്പിച്ചുള്ള അള്‍ട്രാ സൌണ്ട്‌ സ്കാനില്‍ ഗര്‍ഭാശയത്തിന്റെ മുഖത്തിന്‌ നീളക്കൂടുതല്‍ ഉണ്ടോ എന്നളന്ന് ഏകദേശ കൃത്യതയോടെ അറിയാനാവും. മൂന്നു മാസം വളര്‍ച്ച കഴിഞ്ഞ ഭ്രൂണങ്ങളില്‍ 25% അപകടഛിദ്രങ്ങളും ബലക്ഷയമുള്ള സേര്‍വിക്സിനാലെ ഉണ്ടാകുന്നതാണെന്നതിനാല്‍ അതിനെ തിരിച്ചറിയലും ചികിത്സിക്കുന്നതും ഗര്‍ഭരക്ഷയില്‍ വളരെ വലിയ ഒരു പങ്ക്‌ വഹിക്കുന്നുണ്ട്‌. ഇന്ന് നിലവില്‍ ഉള്ളതില്‍ പ്രദ്ധാന ചികിത്സ സെര്‍വിക്കല്‍ സെര്‍ക്ലേജ്‌- (ലളിതമായ ഭാഷയില്‍) ഗര്‍ഭാശയമുഖം തുന്നിക്കെട്ടല്‍ -തന്നെയാണ്‌

2. സെര്‍ക്ലേജ്‌ ആര്‍ക്ക്‌, എപ്പോള്‍?
12 മുതല്‍ 15 ആഴ്ച്ച വരെയുള്ള ഗര്‍ഭകാലമാണ്‌ സെര്‍ക്ലേജിനു സാധാരണ തിരഞ്ഞെടുക്കാറ്‌. എന്നാല്‍ ഇതിനു ശേഷമുള്ള കാലത്ത്‌ ഗര്‍ഭാശയം തുറക്കുന്നതായി സംശയം തോന്നിയാലും അടിയന്തിര സെര്‍ക്ലേജ്‌ ചെയ്യാറുണ്ട്‌.

90 ശതമാനം ബലക്ഷയജന്യമായ അപകടങ്ങളും ഇല്ലാതാക്കാന്‍ സെര്‍ക്ലേജിനു സാധിക്കും. എന്നാല്‍ താഴെപ്പറയുന്നവരില്‍ സെര്‍ക്ലേജ്‌ നടത്താറില്ല.
i. 4 സെന്റിമീറ്ററില്‍ കൂടുതല്‍ ഗര്‍ഭാശയമുഖം തുറന്നു കഴിഞ്ഞവര്‍
ii. ഗര്‍ഭാശയമുഖത്ത്‌ ഇന്‍ഫ്കഷനുകളോ മറ്റ്‌ ക്ഷതങ്ങളോ സംഭവിച്ച്‌ ഇരിക്കുന്നവരില്‍
iii. ഗര്‍ഭം വളരെയേറെ പുരോഗമിച്ചു കഴിഞ്ഞശേഷം ബലക്ഷയം സംഭവിക്കുന്നവരില്‍
ഇങ്ങനെയുള്ളവര്‍ക്ക്‌ മുഴുനീള പരിപൂര്‍ണ്ണ വിശ്രമം മാത്രമേ നിവൃത്തിയുള്ളു.

3. പലതരം സെര്‍ക്ലേജുകള്‍
അഞ്ചുതരം സെക്ലേജുകള്‍ നിലവിലുണ്ട്‌. അതില്‍ പ്രധാനമായും മാക്‌ ഡൊണാള്‍ഡ്‌ സെര്‍ക്ലേജും ശിരോദ്കര്‍ സെര്‍ക്ലേജുമാണ്‌. മാക്‌ ഡൊണാല്‍ഡും ശിരോദ്കറും തമ്മിലുള്ള പ്രധാന വത്യാസം മാക്ക്‌ 37 ആഴ്ചയിലോ അല്ലെങ്കില്‍ പ്രസവലക്ഷണം തുടങ്ങുമ്പോഴോ ഊരി മാറ്റുകയും ശേഷം സാധാരണ ഗര്‍ഭമായി കണക്കാക്കുകയും ശിരോദ്കര്‍ രീതിയില്‍ തുന്നല്‍ ആജീവനാന്തം നിലനില്‍ക്കുകയും പ്രസവം സിസേറിയന്‍ വഴി മാത്രം സാദ്ധ്യമാവുകയും ചെയ്യുന്നു എന്നുള്ളതാണ്‌. മോഡിഫൈഡ്‌ ശിരോദ്കര്‍ എന്ന പുതിയ രീതിയിലും സ്റ്റിച്ചുകള്‍ ഗര്‍ഭാവസാനം ഊരിക്കളയാന്‍ സാദ്ധ്യമാണ്‌

പെര്‍മനെന്റ്‌ സ്റ്റിച്ച്‌ ആണോ താല്‍ക്കാലിക സ്റ്റിച്ച്‌ ആണോ എന്ന് ഡോക്റ്ററോട്‌ ചോദിച്ച്‌ മനസ്സിലാക്ക്കേണ്ടതുണ്ട്‌.

മൂന്നാമത്തെ രീതി ഹെഫ്നര്‍ മെതേഡ്‌ പ്രത്യേക തരം സ്റ്റിച്ചിനാലെ ഏറ്റവും കുറവ്‌ ബലക്ഷയമുള്ളവര്‍ക്ക്‌ ഏറ്റവും കുറഞ്ഞ തുന്നല്‍ നടത്താന്‍ ഉപയോഗിക്കുന്ന്നു

നാലാമത്തെ രീതിയായ യൂട്രോ കനാല്‍ ചികിത്സ മറ്റു രീതികള്‍ പരാജയപ്പെട്ടവര്‍ക്ക്‌ മിക്കവാറും ലാപ്പെറോസ്കോപ്പിക്ക്‌ ചികിത്സയായി നടത്തുന്നതും സിസേറിയന്‍ വഴി മാത്രം പ്രസവിക്കാനാകുന്നതുമാണ്‌.

അഞ്ചാം തരം സെര്‍ക്ലേജ്‌ - ലാഷ്‌ രീതി- ജന്മനാ സെര്‍വിക്സിനു തകരാറുള്ളവര്‍ക്ക്‌ മാത്രം ചെയ്യുന്നതാണ്‌.

4. ആശുപത്രിക്ക്‌ പോകാന്‍ തയ്യാറെടുപ്പ്‌
സ്റ്റിച്ചുകള്‍ ഇടുന്നതിനു തലേന്ന്
പാതിരാത്രിക്ക്‌ ശേഷം ഒന്നും കഴിക്കാന്‍ പാടില്ല, മിക്കവാറും വെള്ളം കുടിക്കാനും പാടില്ലെന്ന് നിര്‍ദ്ദേശമുണ്ടാവും.
ഡോക്റ്റര്‍ വജൈനല്‍ അള്‍ട്രാസ്കാന്‍ അടക്കം
പലതരം പരിശോധനകളും നടത്തും.

5. സെര്‍ക്ലേജ്‌ ചെയ്യുമ്പോള്‍
രാവിലെ മുതല്‍ IV ഡ്രിപ്പ്‌ കൊടുക്കാറുണ്ട്‌.

ഗര്‍ഭിണിയുടെ ആരോഗ്യവും സ്റ്റിച്ചിന്റെ രീതിയും മറ്റും കണക്കിലെടുത്ത്‌ ലോക്കലോ ജനറലോ അനസ്തീഷ്യ നല്‍കുന്നു
സ്റ്റിച്ച്‌ ഇടാന്‍ 15 മുതല്‍ 30 മിനുട്ട്‌ വേണ്ടിവരാറുണ്ട്‌
അതിനു ശേഷം 4 മുതല്‍ 12 മണിക്കൂര്‍ വരെ ആശുപത്രിയില്‍ കിടത്തുകയും സാധാരണമാണ്‌.
ചെറിയ ബ്ലീഡിങ്ങും ക്രാംപ്‌ അഥവാ കൊളുത്തിപ്പിടിക്കുനതുപോലെയുള്ള വേദനയും സാധാരണയാണെങ്കിലും ഡോക്റ്ററേ അറിയിക്കേണ്ടതുണ്ട്‌
ഡിസ്ച്ചാര്‍ജ്‌ ചെയ്തു കഴിഞ്ഞിട്ട്‌ കുറച്ചു ദിവസം പരിപൂര്‍ണ്ണ ബെഡ്‌ റെസ്റ്റും അതിനുശേഷം ഭാഗിക ബെഡ്‌ റെസ്റ്റും പറയുകയാണ്‌ ചെയ്യാറ്‌.

6. പ്രതിസന്ധികള്‍
അപൂര്‍വമായേ പ്രതിസന്ധികള്‍ ഉണ്ടാവാറുള്ളു. എങ്കിലും
i. കോണ്ട്രാക്ഷന്‍ അതായത്‌ പ്രസവം പോലെയുള്ള വേദന
ii. ഡോക്റ്റര്‍ പ്രതീക്ഷിക്കാന്‍ പറഞ്ഞതിലും കൂടുതല്‍ രക്തം പോക്ക്‌
iii. 100 ഡിഗ്രീയിലും കൂടുതല്‍ പനി
iv. ദുര്‍ഗന്ധമുള്ള വെള്ളപോക്ക്‌
v. ഗര്‍ഭസ്രാവങ്ങള്‍ ഒലിക്കല്‍
എന്നിവയുണ്ടായാല്‍ അടിയന്തിരമായി ഡോക്റ്റര്‍ക്ക്‌ ഫോണ്‍ ചെയ്യുക

സെര്‍ക്ലേജ്‌ നടത്തിയിട്ടുള്ള കാര്യം ഗര്‍ഭകാലം മുഴുവന്‍ ഓര്‍മ്മിക്കുകയും അഴിച്ചു
മാറ്റേണ്ട സമയത്ത്‌ കൃത്യമായി ആശുപത്രിയില്‍ എത്തുകയും അവശ്യം വേണ്ടതാണ്‌.

സ്റ്റിച്ച്‌ എടുക്കാന്‍ നിസ്സാരമായ സമയം മതി. എന്നാല്‍ എടുക്കാതെ പ്രസവത്തിലേക്ക്‌ നീങ്ങിപ്പോയാല്‍ ഗര്‍ഭപാത്രത്തിന്‌ കേടുപാടുകള്‍ സംഭവിച്ചേക്കാം എന്നതിനാല്‍ എല്ലാ ഡോക്റ്ററോടും ഓരോതവണയും സെര്‍ക്ലേജ്‌ ഉള്ള കാര്യം ഓരോ സന്ദര്‍ശനത്തിലും ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്‌.

7. ശേഷം ഗര്‍ഭകാലം
ഭാരം ഉയര്‍ത്താതെയും വളരെ ആയാസപ്പെടാതെയും നോക്കേണ്ടതുണ്ട്‌

ഡോക്റ്റര്‍ പറഞ്ഞ സമയത്തെല്ലാം ചെക്ക്‌ അപ്പ്‌ നടത്തേണ്ടതുണ്ട്‌
ചിലപ്പോള്‍ മരുന്നുകളും കഴിക്കാന്‍ പറഞ്ഞേക്കാം.

ലൈംഗികബന്ധം ഒഴിവാക്കാന്‍ സാധാരണ പറയാറുണ്ട്‌.

8. പ്രസവശേഷം
മിക്കവാറും ഒരിക്കല്‍ സെര്‍ക്ലേജ്‌ നടത്തിക്കഴിഞ്ഞാല്‍ ശേഷമുള്ള ഗര്‍ഭത്തില്‍ വീണ്ടും വേണ്ടിവരുന്നതായാണ്‌ കാണുന്നത്‌ .

6 comments:

ദേവന്‍ said...

പടയപ്പാ
ഒപ്പ്‌ നമ്പ്ര 2 ഓഫ്‌ 8 ഇവിടെ ഇട്ടേ. ഇത്‌ മറ്റൊരാള്‍ക്ക്‌ മറ്റൊരാവസരത്തില്‍ എഴുതിയ ഈമെയില്‍. ഒരു പോസ്റ്റ്‌ ആകാന്‍ സ്കോപ്പ്‌ ഇവിടെയിടുന്നു. നമോവാകം. ഇന്തിരലോഹത്തിന്‍ ചക്കരവാകം.

myexperimentsandme said...

ദേവേട്ടാ‍.. ആദ്യം വന്ന് പാര തിരിയാത്തതു കാരണം ഒരു പാരതപ്പി പോയതാ. എന്നാല്‍ പിന്നെ കോപ്പി ചെയ്‌ത് പാരയാക്കി പാരാമെന്ന് വിചാരിച്ചു. തിരിച്ചു വന്നപ്പോള്‍ ദേ പാരകളനവധി. വായിക്കട്ടെ.

ഓഫെടുത്തോ.. പക്ഷേ വരുന്ന ദിവസം അടിച്ച് പൊളിക്കൂന്ന്. എന്നൂല്ലല്ലോ

(എന്റെ ഊഹം ശരിയോ :))

Kalesh Kumar said...

ദേവേട്ടാ, ഇങ്ങനെ ആര്‍ക്കും വരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു!

Anonymous said...

ദേവേട്ടാ
ആദ്യം കുറേ വായിച്ചു..പിന്നെ പേടിയായി..ഞാന്‍ നിറുത്തി..

qw_er_ty

ദേവന്‍ said...

വക്കാരീ,
ടെമ്പ്ലേറ്റില്‍ എന്തോ സംഭവിച്ച്‌ ഓംപ്ലേറ്റ്‌ പരുവം ആയിരുന്നു ഒരിടക്ക്‌. വക്കാരി അപ്പോഴായിരിക്കും ആദ്യം വന്നത്‌. എന്താന്ന് എനിക്കു മനസ്സിലാകാഞ്ഞതുകൊണ്ട്‌ പഴേത്‌ കളഞ്ഞ്‌ വേറേ ഒരു കുപ്പായം ഇട്ടു, വക്കാരി ആസമയത്താകും രണ്ടാമത്‌ വന്നത്‌!

കലേഷേ, ജിഞ്ചറേ,
അനാരോഗ്യം നമുക്കു വരുത്തുന്ന വിഷമതകള്‍ വളരെ വലുതാണ്‌, പലപ്പോഴും ചിലവേറിയതും വേദനാജനകവും അപകടം നിറഞ്ഞതുമായ ചികിത്സ വേണ്ടിവരുമെന്നത്‌ പിന്നേയും സഹിക്കാം. ചിലതിനൊക്കെ "this can be effectively treated, but cannot be cured എന്നൊക്കെ മറുപടി കിട്ടും (ഉദാ: രക്തസമ്മര്‍ദ്ദം, പ്രമേഹം) അപ്പോഴാണ്‌ ആരോഗ്യത്തിന്റെ വില അറിയുക.ചില അസുഖങ്ങളൊക്കെ വന്നാല്‍ ശത്രുവിനു പോലും ഇതു വരുത്തരുതേ എന്ന് പ്രാര്‍ത്ഥിച്ചു പോകും. ആരോഗ്യം ഉള്ളകാലത്ത്‌ അതിനെ പരിരക്ഷിച്ചാല്‍ ഒരുപാട്‌ വിഷമതകള്‍ വരാനുള്ള സാദ്ധ്യത കുറക്കാനാവും..

താര, നന്ദി
രോഗങ്ങളുടെയും ചികിത്സാരീതികളുടെയും വിശദവിദരങ്ങള്‍ അറിയാതെ ഞാന്‍ ഒരിക്കല്‍ ഒരുപാട്‌ ബുദ്ധിമുട്ടിപ്പോയി. ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ കാരണവും ആ ബുദ്ധിമുട്ട്‌ വേറാരും അനുഭവിക്കരുതെന്ന ആഗ്രഹമാണേ.

ജെസ്സ് said...

മുന്‍പ് പലതവണ സേര്‍വിക്സിന്റെ പ്രശ്നത്താല്‍ അബോര്‍ഷന്‍ സംഭവിച്ചവരില് സര്‍ക്ലെജ് കഴിഞ്ഞു കമ്പ്ലീറ്റ്‌ ബെഡ് റസ്റ്റ്‌ ‌നിര്‍ദ്ദേശിച്ചു കാണാറുണ്ട്‌.
പലര്‍ക്കും കട്ടിലിന്റെ കാലിന്റെ ഭാഗത്ത് വെയിറ്റ് വച്ചു ഉയര്‍ത്തി ഏകദേശം പെര്പെന്ടിക്കുലര്‍് ആയ സ്ഥിതിയില്‍ കിടക്കേണ്ടി വരും . ഇങ്ങനെ വേണ്ടി വരുന്നവര്‍ മിക്കവാറും പ്രസവ സമയം വരെ ആശുപത്രിയില്‍ തന്നെ കഴിയേണ്ടി വരും.
എന്തെല്ലാം ബുദ്ധിമുട്ടുകള്‍ കടന്നാണ് ഒരമ്മയ്ക്ക് കുഞ്ഞിനെ കിട്ടുന്നത്.
ഇത്രേം ബുദ്ധിമുട്ടി കുഞ്ഞിനെ വേണോ എന്ന് ഒരു അല്ലലും അറിയാതെ കുഞ്ഞുങ്ങള്‍ ഉണ്ടായവര്‍ ചോദിച്ചേക്കാം. പക്ഷെ ഒരു കുഞ്ഞുണ്ടാവാന്‍ കാത്തിരിക്കുന്നവര്‍്ക്കല്ലേ അറിയൂ ഈ വേദനയുടെ ഒക്കം ഒടുവില്‍ ലഭിക്കുന്ന സന്തോഷത്തിന്റെ യഥാര്‍ത്ഥ വില.