Saturday, June 03, 2006

ശോഭാഞ്ജനപത്രം


അടിമുടി അത്ഭുതങ്ങള്‍ കുടികൊള്ളുന്ന മുരിങ്ങമരത്തിന്റെ ഇല ഭക്ഷണമായും മരുന്നായും വളരെ പ്രാധാന്യമുള്ള ഒന്നാണ്‌. നൂറു ഗ്രാം മുരിങ്ങയിലയില്‍ നാനൂറ്റമ്പത്‌ മില്ലിഗ്രാം കാത്സ്യം, ഇരുനൂറ്റമ്പത്‌ മി. ഗ്രാ. വൈറ്റമിന്‍ സി, നല്ലതോതില്‍ ഇരുമ്പ്‌, ഫോസ്ഫറസ്‌ എന്നിവയും ചെറിയ തോതില്‍ മറ്റു കോമ്പ്ലക്സ്‌ വിറ്റാമിനുകളും ഉണ്ട്‌. നാരും പ്രോട്ടീനുകളും മറ്റും നിറഞ്ഞ ഈ ഇലയുടെ ഗുണങ്ങള്‍ ഏറെയാണ്‌.

മുരിങ്ങയില ചെഞ്ചീര പോലെ തോരന്‍ വച്ചും, ദാല്‍ പോലെ ചപ്പാത്തിയുടെ കൂട്ടാനായും, തേങ്ങാപ്പുളിശ്ശേരി വച്ചും രുചികരമായ കറികളുണ്ടാക്കാം. (ചില പാചകപ്പരീക്ഷണങ്ങള്‍ താഴെ ചിത്രങ്ങളില്‍ കാണാം)

അഷ്ടാംഗഹൃദയം മുരിങ്ങയിലക്കറികള്‍ സ്ത്രീകള്‍ക്ക്‌ സ്തനപുഷ്ടിയുണ്ടാക്കുമെന്നും, ഉപ്പു ചേര്‍ത്തു അല്‍പ്പം വേവിച്ച്‌ ഇത്തിരി പശുവിന്‍ നെയ്യു ചേര്‍ത്ത്‌ ഞെരടി കഴിക്കുന്നത്‌ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുമെന്നും ,ഭ്രാന്തും ഹിസ്റ്റീരിയയും മൂലം കാട്ടുന്ന അസ്വസ്ഥതകള്‍ കുറയാന്‍ മുരിങ്ങയില നീരു നല്ലതാണെന്നും പറഞ്ഞുതരുന്നു.

മുരിങ്ങയിലയുടെ നീര്‌ ശക്തമായൊരു ഔഷധമാണ്‌. തുണിയില്‍ അരിച്ച മുരിങ്ങയിലച്ചാര്‍ (അച്ചാറല്ല, ഇലയുടെ നീരാണേ ചാറെന്നാല്‍) ഭക്ഷണത്തിനു അരമണിക്കൂര്‍ മുന്നേ അര ഔണ്‍സ്‌ വീതം ഒരാഴ്ച്ച കുടിച്ചാല്‍ രക്താതിസമ്മര്‍ദ്ദം hypertension പമ്പകടക്കും.

2 വയസ്സുമുതല്‍ക്കുള്ള കുട്ടികള്‍ക്ക്‌ ഈ ചാറ്‌ ഉള്ളിലുള്ള പഴുപ്പുകള്‍ക്ക്‌ നല്ലതാണ്‌. ഇതിലെ കാത്സ്യവും ഇരുമ്പും വിറ്റാമിനുകളും കുഞ്ഞുങ്ങളുടെ അസ്തിവളര്‍ച്ചക്കു വലിയ ഗുണം ചെയ്യും. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഇത്‌ രക്തശുദ്ധിവര്‍ദ്ധിപ്പിക്കുന്നു.


മുരിങ്ങയില സൂപ്പ്‌ (ഇല വെള്ളത്തില്‍ തിളപ്പിച്ചു വേവിച്ച്‌ ഉപ്പും കുരുമുളകും ചേര്‍ത്തുണ്ടാക്കി വാങ്ങിയശേഷം നാരങ്ങ നീരു ചേര്‍ത്താല്‍ മാത്രം മതി) കഴിച്ചാല്‍ ശ്വാസകോശ രോഗങ്ങള്‍ക്ക്‌- ബ്രോങ്കൈറ്റിസും ആസ്ത്‌മയുമടക്കമുള്ള അസുഖങ്ങള്‍ക്കെല്ലാം- ആശ്വാസം കിട്ടും.

കാരറ്റും ചെറുവെള്ളരിക്കയും ജ്യൂസാക്കി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില നീര്‌ ചേര്‍ത്ത്‌ രാവിലേ ഭക്ഷണത്തിനു ഒരു മണിക്കൂര്‍ മുന്നേ കുടിച്ചാല്‍ മൂത്രമൊഴിക്കുമ്പോള്‍ ഉള്ള നീറ്റല്‍ (urine acidity), സ്ത്രീകളുടെ വെള്ളപോക്കിനും (leucorrhea) ഉടന്‍ ശമനം കിട്ടും.

ആഹാരവും മരുന്നും കഴിഞ്ഞു ഇനി മേക്കപ്പ്‌ ഇടാം? അസ്സല്‍ ഫേയ്സ്‌ പാക്ക്‌ ഇതാ: മുരിങ്ങയില അരച്ചു മുഖത്തു പുരട്ടിയാല്‍ -കരിക്കലം പോലെയുള്ള മുഖം കമലം പോലാകും!

മുരിങ്ങമരത്തിന്റെ മറ്റുപേരുകള്‍ . ദ്വിധനാമം moringa oleifera, ഇംഗ്ലീഷില്‍ moringa തമിഴ്‌- മുരിങ്ക , ഹിന്ദിയും തെലുങ്കും സജിന, സംസ്കൃതത്തിലെ പേരാണ്‌ പോസ്റ്റിന്റെ തലക്കെട്ട്‌. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നീ സ്ഥലങ്ങളില്‍ ധാരാളമായി വളരുന്നു. ഇംഗ്ലീഷില്‍ ഇവിടെ വിക്കാം http://en.wikipedia.org/wiki/Drumstick_Tree

(എനിക്കു മുരിങ്ങയില വലിയ ഇഷ്ടമാണെന്ന് എപ്പോഴോ കമന്റിലെഴുതിയതു വായിച്ച്‌ ഇക്കണ്ട മരുഭൂമിയെല്ലാം താണ്ടി ഈ മുരിങ്ങയിലയും കൊണ്ട്‌ ഇത്രടം വന്ന അനിലേട്ടന്‌ ഈ കുറിപ്പ്‌ സമര്‍പ്പിക്കുന്നു)


ഓ ടോ.

കിഴക്കിന്റെ നടുമ്പ്രദേശത്തെ മരുഭൂമികളില്‍ കൊടും ചൂടു തുടങ്ങി. അന്നാട്ടുകാരെല്ലാം പഴം-പച്ചക്കറികള്‍ ജ്യൂസടിച്ചു തോപ്പം തോപ്പം കുടി തുടങ്ങിക്കോ. ഇല്ലേല്‍ ചൂടു നമ്മളെക്കൊല്ലും.

(ഉഷ്ണം ഉഷ്ണേന ശാന്തി എന്നു ഡിസ്കോ ശാന്തി പറഞ്ഞിട്ടുള്ളതെനിക്കത്ര ബോദ്ധ്യമായില്ല)

42 comments:

ബിന്ദു said...

മുരിങ്ങയില കിട്ടില്ലാത്ത നാട്ടില്‍ കിടക്കുന്ന ഞങ്ങളെ വെറുതേ.......

reshma said...

എനിക്കു മുരിങ്ങയില തിന്നാനാ ഇഷ്ടം.കൂടെ ചക്കകുരു വന്നാല്‍ പ്രോബ്ലംസ്? മുരിങ്ങയില-ചക്കകുരു കോമ്പോ കറിയും അരി അരച്ച് ചുട്ടെടുക്കുന്ന പത്തിരിയും, തീര്‍ന്നു.
lg-ടെ മുറ്റത്ത് ഇതും കാണും ബിന്ദു.

കുറുമാന്‍ said...

അല്ല ദേവേട്ടാ, ഇവിടെ മുരിങ്ങയില കിട്ടാതേയാണോ, പാവം അനിലേട്ടന്‍ മരുഭൂമികള്‍ താണ്ടി മുരിങ്ങയില കൊണ്ടു വന്നത്?

എന്തായാലും, മുരിങ്ങയില എന്റേയും ഫേവറിറ്റാ.
മുരിങ്ങപ്പൂവു കൊണ്ട് വെക്കുന്ന തോരന്‍, ഹാവൂ.....വായില്‍ കപ്പലോടിക്കാം.

സ്നേഹിതന്‍ said...

മുരിങ്ങയില തുവരപരിപ്പും കൂട്ടിയുള്ള തോരന്‍ നാട്ടില്‍ വെച്ച് കഴിയ്ക്കാറുള്ളത് ഓര്‍ക്കുന്നു. മുരിങ്ങമരത്തിന്റെ തൊലിയും ഇഞ്ചിയും കൂട്ടിയിടിച്ച് പിഴിഞ്ഞുണ്ടാക്കുന്ന ചാറ് വയറു വേദനയ്ക്ക് ഉത്തമ ഔഷധമാണെന്ന് കേട്ടിട്ടുണ്ട്. മുരിങ്ങ മറ്റൊരു കല്പകവൃക്ഷമാണെന്ന് തോന്നുന്നു.

സു | Su said...

മുരിങ്ങയില കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

മുരിങ്ങയില+ പരിപ്പ്

മുരിങ്ങയില + ചക്കക്കുരു

മുരിങ്ങയില + വെള്ളരിക്ക

ഒക്കെ എരിശ്ശേരി വെച്ചും മുരിങ്ങയില മാത്രം തോരന്‍ വെച്ചും കഴിക്കുന്നത് നല്ലതാണ്.

മുരിങ്ങയില തണ്ടോടെ ഒടിച്ച് അതൊന്നു വെള്ളം കാണിച്ചാല്‍ മതി. മഴ പെയ്യുന്ന കാലത്ത് അതും ആവശ്യമില്ല. അല്ലാതെ സോപ്പ് കൂട്ടി കഴുകേണ്ട കാര്യമില്ല എന്നര്‍ത്ഥം ;)

മുരിങ്ങയില ഓരോന്നായിട്ട് നുള്ളിയെടുക്കുമ്പോള്‍ ഇലയ്ക്കടിയിലും, തണ്ടിലും പുഴുക്കള്‍ ഉണ്ടോന്ന് നോക്കണം.

മുരിങ്ങയില ‘തോരണം’ വെക്കുമ്പോള്‍ അതില്‍ ഉഴുന്നുപരിപ്പ്, കടുക്, മുളക് തുടങ്ങിയവയുടെ കൂടെ കുറച്ച് അരിമണിയും ഇടുന്നത് നല്ലതാണ്. അതുപോലെ തന്നെ കറികള്‍ക്ക് തേങ്ങയരയ്ക്കുമ്പോള്‍ അതിന്റെ കൂടെയും അരിമണികള്‍ ഇടാം.

പിന്നെ --“മുരിങ്ങയില അരച്ചു മുഖത്തു പുരട്ടിയാല്‍ -കരിക്കലം പോലെയുള്ള മുഖം കമലം പോലാകും!“ എന്നത് കലം പോലെയാവും എന്ന് തിരുത്തിവായിക്കാന്‍ അപേക്ഷ.

(ഓ...ടോ.. അനിലേട്ടന് ഞാന്‍ വെച്ചിട്ടുണ്ട്.)

പാപ്പാന്‍‌/mahout said...

മുരിങ്ങയില ഞാന്‍ തിന്നിട്ടില്ല. അതിനു സ്വല്പം കയ്പില്ലേ? അതോ പഞ്ചസാരേടെ കയ്പു പോലെയാണോ?

ഓടോ: എന്റെ ഒരു പഴയ സഹമുറിയന്‍ സ്വയം നന്നാവാന്‍ തീരുമാനിച്ചു. ഇലക്കറി, പുഴുങ്ങിയ പച്ചക്കറികള്‍ ഇവ എങ്ങനെയെങ്കിലും കഴിക്കണമെന്നു തീരുമാനിച്ചു. അവന്റെ തവണ കുക്കിങ്ങ് വന്നപ്പോള്‍ പുതിനച്ചട്ണിയില്‍ തുടങ്ങി. 2-3 കെട്ട് പുതിനയില കൊണ്ടുവന്ന് ആഘോഷമായി അരച്ചു. എല്ലാവര്‍ക്കും വിളമ്പി. തിന്നവരൊക്കെ അവനെ തെറിപറഞ്ഞുകൊണ്ട് വാഷ്‌ബേസിനടുത്തേക്കോടി. അവന്‍ വാങ്ങിക്കൊണ്ടുവന്നത് ഉലുവായിലയായിരുന്നുവെന്ന് പിന്നീടാണ്‍ അവനു മനസ്സിലായത് :)

ദേവന്‍ said...

ബിന്ദുവേ,
ഉഷ്ണവും നീരോട്ടവുമുള്ള എതു നാട്ടിലും മുരിങ്ങ വളരും (ഇനി നിങ്ങടെ നാട്ടില്‍ ഇതു രണ്ടുമുണ്ടോന്ന് എനിക്കറിഞ്ഞൂടാ)

രേഷ്മാ,
ചക്കക്കുരുവും വിറ്റാമിനുകളും കാത്സ്യവും നാകവും മറ്റും നിറഞ്ഞ ഒരൊന്നാന്തരം ശാപ്പാടാണു രേഷ്മാ. കുടലിലെ അസുഖങ്ങള്‍ക്കെല്ലാം നല്ലതും ആണ്‌. രണ്ടും കയ്യോട്‌ കൈ കോര്‍ത്തു പോകും. മുരിങ്ങക്കായും ചക്കക്കുരുവും കൂടി ഒരു തോരനും വയ്ക്കാറുണ്ട്‌ തേങ്ങ ചേര്‍ത്ത്‌. ഒരൊറ്റ പ്രശ്നമേയുള്ളു ചക്കക്കുരിവിന്‌, ചിലര്‍ക്ക്‌ ഭയങ്കരമായി വായു കോപിക്കും. ഗ്യാസ്‌ ട്രബിള്‍ വന്നാല്‍ എന്തു വേണം? ജെലൂസിലാദി വടകം? അല്ല. മലര്‍ ഇട്ടു വെള്ളം തിളപ്പിച്ചു കുടിക്കുക. (അരിപ്പത്തിരിക്കു പകരം വാള്‍പ്പോസ്റ്റര്‍ മാവ്‌ അടിച്ചു പഞ്ചറാക്കിയ വീശു പൊറോട്ട ആക്കരുതു കേട്ടോ. ഞാന്‍ ആന്റി പൊറോട്ടാ സ്ക്വാഡ്‌ മെംബറാ).

കുറുമാനേ,
ഇവിടെ മുരിങ്ങയില വാങ്ങാന്‍ കിട്ടുമോ? ലുലു, വെറും ലൂ, സണ്‍ റൈസ്‌, ബസ്മതി റൈസ്‌, തലാല്‍, അല്‍ മയ ലാല്‍, സിദ്ധിക്ക്‌ ലാല്‍, മോഹന്‍ ലാല്‍ ഒക്കെ കയറി ഇറങ്ങി നോക്കി. ഫലം നാസ്തി. അല്ലല്ല പത്രം നാസ്തി.

മുരിങ്ങ അങ്ങോട്ട്‌ നിറയേ പൂക്കുമ്പോള്‍ പൂവു കൊഴിച്ച്‌ തോര്‍ത്തിലിട്ടു കഴുകി തോരന്‍. അത്‌ നോവാള്‍ജിക്ക്‌ തോരന്‍ കുറുമാനേ!
(എരിവ്‌ പുളി കയ്പ്പ്‌ ചവര്‍പ്പ്‌ ഒക്കെ കറിയിലുണ്ടാക്കാന്‍ എതു ആപ്പയൂപ്പ പച്ചക്കറിക്കും കഴിയും. എന്നാല്‍ എം എസ്‌ ജിയും കൂണും മുളങ്കൂമ്പും തരുന്ന ആ
അഞ്ചാം രുചി ഉണ്ടല്ലോം, ഉമാമി. അതു തരാന്‍ മുരിങ്ങപ്പൂവിനു കഴിയും. അതാണ്‌ മുരിങ്ങപ്പൂവിന്റെ വായ്ക്കപ്പല്‍ കണക്ഷന്‍- അപൂര്‍വ്വ രുചി.)

ഓ ടോ . ഉമാമി രുചി എല്ലാവര്‍ക്കും ഇത്ര ഹൃദ്യമായി തോന്നുന്നതിന്റെ ഗുട്ടന്‍സ്‌ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? അമ്മിഞ്ഞപ്പാലിന്റെ രുചി ഉമാമിയാണ്‌!. അതായത്‌ എരിവും മധുരവും കയ്പ്പ്പും പുളിയും അരിയും മുന്നേ, ഈ അപൂര്‍വ്വ സ്വാദ്‌ നമ്മളറിയുന്നു.

മുരിങ്ങപ്പൂവ്‌ പാലില്‍ പുഴുങ്ങി കഴിച്ചാല്‍ വാജീകരണത്തിന്‌ നായ്ക്കുരണപ്പരിപ്പിനോളം നല്ല ഒരു മരുന്നത്രേ. (ലോകത്ത്‌ എറ്റവും കൂടുതല്‍ നിയമവിരുദ്ധമായി വില്‍ക്കുന്ന വ്യാജ മരുന്ന് വയാഗ്രയെന്ന് പത്രത്തില്‍ കണ്ടുതുകൊണ്ട്‌ എഴുതിയെന്നേയുള്ളൂ )

ഇവിടെ ഇല കിട്ടുന്ന സ്ഥലം ഉണ്ടേല്‍ പറ മാഷേ.


സ്നേഹിതാ
തോരാദികളുടെ ടെക്നോലജി സൂ താഴെ കൊടുത്തിട്ടുണ്ട്‌.

മുരിങ്ങ മരത്തിന്റെ വേരിലെ തൊലി, മരത്തൊലി, ഇല, പൂവ്‌, കായ്‌ എന്നിവ ഭഷണവും മരുന്നുമാക്കാം. അതായത്‌ തടിയൊഴികെ എല്ലാം തിന്നാം. തടി വിറകാക്കാം, വേര്‌ ഗ്രൌണ്ട്‌ വാട്ടര്‍ ശുദ്ധീകരിക്കുകയും ചെയ്യും. മൊത്തത്തില്‍ ഒരു പുലിമരം തന്നെ ഇത്‌.

മുരിങ്ങത്തൊലിയും ഇഞ്ചിയും വയറിലെ അസുഖങ്ങള്‍ക്ക്‌ ഉത്തമം തന്നെ, സംശയം വേണ്ടാ. മുരിങ്ങത്തൊലി ഉണക്കിപ്പൊടിച്ചത്‌ മറ്റു ചില കൂട്ടുകളും ചേര്‍ത്താല്‍ ബീജങ്ങളുടെ ചലനശേഷി കൂട്ടാനൂം
ഉല്‍പ്പാദനത്തോത്‌ വര്‍ദ്ധിക്കാനും മരുന്നായി. ( വേരിിലെ തൊലി ഗര്‍ഭശ്ചിദ്രത്തിനും മറ്റും കാരണമാകുമെന്നതിനാല്‍ ഗര്‍ഭിണികള്‍ ഉപയോഗിക്കാനേ പാടില്ല, മറ്റു സ്ത്രീകള്‍ വൈദ്യര്‍ പറഞ്ഞാല്‍ മാത്രം കഴിക്കുക)


സൂ,
വിശദമായ റെസിപ്പികള്‍ ഓരോന്നായി ഇടണേ (ഞാന്‍ ഈയിടെയായി പാചകപാതകം കുറേശ്ശെ തുടങ്ങിയിട്ടുണ്ട്‌!)

അനിലേട്ടനു വച്ചതെന്താണെന്നു മനസ്സിലായില്ല, എന്തായാലും എണ്ണയും മധുരവും കൂടാതെ നോക്കണേ, മൂപ്പര്‍ക്ക്‌ ഇതു രണ്ടും ഇഷ്ടമല്ലെന്നു പറഞ്ഞിരുന്നു. (നെയ്യും എണ്ണയും ഇല്ലാത്തതാണേല്‍ ഒരു പൊതി എനിക്കൂടെ കൊടുത്തു വിട്ടേക്കണേ)

പാപ്പാനേ,
പാച്ചുവും കോവാലനും കൂടെ സോഡാക്കാരം ചേര്‍ക്കാന്‍ പറഞ്ഞപ്പോ പകരം കറിയില്‍ നവസാരം ചേര്‍ത്ത ഒരു കഥയുണ്ടേ, ഉലുവായില ചട്‌ണി അതുപോലായി. മുരിങ്ങയിലക്ക്‌ കയ്പ്പെന്നു പറഞ്ഞുകൂടാ, ചെടിച്ചീരയില പോലത്തെ ഒരു രുചി, അതിലെല്ലാം ഉണ്ട്‌.

myexperimentsandme said...

ദേവേട്ടാ ഉഗ്രന്‍ മുരിങ്ങൂര്‍ വിവരങ്ങള്‍. മുരിങ്ങക്കായില എന്റേയും അത്ര വലുതായിട്ടൊന്നുമല്ലെങ്കിലും ഇഷ്ടക്കേടൊന്നുമില്ലാത്ത ഒരു വിഭവമായിരുന്നു. പക്ഷേ ലെവനിത്രേം ഗുണങ്ങളൊക്കെയുണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്. ദേവേട്ടന്റെ ആയുറാറോഗ്യയേഴോഗ്യക്രിയകളൊക്കെ ഒണ്‍ ബൈ ഒണ്‍ പ്രയോഗിക്കണം, അടുത്ത നാട്ടില്‍ പോക്കിന്!

ഞാനും ഒരു പറുവട്ടാ വിരോധി. ഈ സാധനം എങ്ങിനെ നമ്മുടെ ഹോട്ടലുകളെ കീഴടക്കി എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല (ഇതിനെപ്പറ്റി നാപ്പത്തേഴുകളിലോ അമ്പത്തിമൂന്നുകളിലോ ഒരു ചര്‍ച്ച വന്നിരുന്നു- പറുവട്ട നമ്മുടെ ദേശീയ ഭക്ഷണമാണെന്ന് പറഞ്ഞപ്പോള്‍). ചക്കക്കുരു-മുരിങ്ങയില-മുരിങ്ങക്ക തിരിച്ചും മറിച്ചും ഒന്നിച്ചുമൊക്കെ വീട്ടിലും വെയ്ക്കുമായിരുന്നു.

പേഴ്‌സണലായിട്ടു പറയുവാ, ഗ്യാസുവരാന്‍ ചക്കക്കുരുവൊന്നും വേണ്ടെന്ന്... ഇവിടെയെവിടെയാ അതിന് ചക്കക്കുരു !!!!

കുറുമാന്‍ said...

ദേവേട്ടാ, ഞാന്‍ ഇടക്കിടക്ക്, അതിലേം, ഇതിലേം പോകുമ്പോള്‍, മുരിങ്ങമരങ്ങള്‍ അനവധി കാണാറുണ്ട് (നിറയെ ഉണങ്ങിയ മുരിങ്ങക്കായകളുമായ്), അപ്പോള്‍ വണ്ടി നിറുത്തി ഞാന്‍ പറിക്കാറാണ് പതിവ്.

എന്റെ ഫ്ലാറ്റിന്നടുത്തുള്ള ദുബായ് മുനിസിപ്പാലിറ്റി ബില്‍ഡിങ്ങില്‍ അഞ്ചാറു കിടിലന്‍ മുരിങ്ങമരമുണ്ട്.
റോഡ് ക്രോസ്സ് ചെയ്താല്‍, കാണുന്ന വലിയ പള്ളിക്കപ്പുറമുള്ള കോളനിയില്‍ മുന്നാലു മുരിങ്ങയുണ്ട്. അവിടെ പോയി ഞാന്‍ ഇടക്കിടെ പറിക്കാറുണ്ട്.

ഇനി വേണമെന്ന് തോന്നുമ്പോള്‍ ഒന്നു ഫോണിയാല്‍ പറിച്ച് വെയ്ക്കാം.

സു | Su said...

പൊറോട്ടാ, പറോട്ടാ എന്ന് പറയുമ്പോള്‍ ആരും ഓടേണ്ട കാര്യം ഇല്ല. നമ്മുടെ നാട്ടില്‍ കിട്ടുന്ന ആ അലുക്കലുക്കായിട്ടുള്ള അലുക്കുലുത്ത് സാധനമല്ല ഈ പറോട്ടാസ്. അത് വേറെ വേറെ ഉണ്ട്.

ഗോതമ്പ് മാവ് കുറച്ച് പാലും ഉപ്പും ഇട്ട് കുഴയ്ക്കുന്നത്

പിന്നെ അതില്‍ ചേര്‍ത്ത് നിരവധി ടൈപ്പ് പൊറോട്ട ചുടാം. ഓണ്‍ലി ചുട‌ല്‍‌സ്, ഇഷ്ടമില്ലെങ്കില്‍ നോ എണ്ണയൊഴിക്കല്‍‌സ്, നോ നെയ്യൊലിക്കല്‍‌സ്.

ആദ്യം ഉലുവച്ചീരപ്പൊറോട്ട ആണെന്ന് വിചാരിയ്ക്കൂ. അത് കഴുകി കൊത്തിയരിഞ്ഞ് കുറച്ച് പഞ്ചസാര കൂട്ടി ആദ്യം പറഞ്ഞ ഗോതമ്പ് കൂട്ടില്‍ യോജിപ്പിച്ച് ഉരുളയാക്കിയെടുത്ത് പരത്തി (കുറച്ച് വട്ടം മതി) ദോശക്കല്ലില്‍ ഇട്ട് നല്ലപോലെ ചുട്ടെടുത്ത് അച്ചാറോ ജാമോ ഇനി എന്തെങ്കിലും ഒരു കറിയോ കൂട്ടിത്തിന്നു നോക്കൂ.
അതുപോലെ ഇനിയെന്തൊക്കെ പൊറോട്ടാസ്.അതൊക്കെ സമയാസമയങ്ങളില്‍ വരും.
സെയിം സെയിം മുരിങ്ങയില പൊറോട്ടാസ് ചുട്ടു നോക്കൂ. വായിനു നന്നില്ലെങ്കിലും വയറിനു നല്ലത്.

(അനിലേട്ടന് കൊടുക്കാന്‍ വെച്ചത് ഷെയര്‍ വേണോ ;) ആയ്ക്കോട്ടെ. വിധിയെ തടുക്കാന്‍ ആര്‍ക്കു പറ്റും.... ;) )

aneel kumar said...

ജീവിതത്തിലാദ്യമായാണ് ആരെങ്കിലും ഒരു പോസ്റ്റ് എനിക്കിട്ട് വെടിക്കെട്ടു ചെയ്യുന്നത്. ദേവനു നന്ദി :) - വേഡ് വെരിഫിക്കേഷം വേണ്ടാന്നാണോ ഇവിടെ? -
മുരിങ്ങേന്റെ ഇല, പൂവ്, കായ്, തടി, തോട്, വേര് എന്നിവയുടെ ലിമിറ്റഡ് സ്റ്റാക്ക് ഉണ്ട്. (പടങ്ങളായി അയച്ചുതരാം)
ഇവിടുള്ള മുരിങ്ങകളെ നിരീക്ഷിച്ചതില്‍ നിന്നും മനസിലായ ഒരു കാര്യം, ഈര്‍പ്പ സ്രോതസുകള്‍ക്കടുത്തു വേരോടുന്നവ (ഇവറ്റയുടെയും വേപ്പിന്റെയും വേരുകള്‍ വളരെ ദൂരം വരെ പോകാറുണ്ട്. മരുഭൂവില്‍ മരുവുന്നതിനും കാരണം അതാവും) നന്നായി തഴച്ചുവളരുകയും കായ്കള്‍ ഭീമന്മാരായിരിക്കുകയുമൊക്കെ ചെയ്യുമെങ്കിലും സ്വാദില്‍ തീരെ മോശക്കാരായിരിക്കും.
ഞങ്ങളുടെ മുറ്റത്തുള്ള ഒറ്റയാന്‍ പക്ഷേ അടുക്കളയുടെ മാന്‍‌ഹോളില്‍ നിന്ന് കിട്ടുന്ന ഡയറ്റിനെ മാത്രം ചെറുതായി ആശ്രയിക്കുന്നതുകൊണ്ടാവും സ്ലിം & റ്റേസ്റ്റി ആണ്.

സുവിന്റെ നാട്ടില്‍ മുരിങ്ങ ഇല്ലാത്തതും ഞാന്‍ ദേവന് മുരിങ്ങ കൊടുത്തതും മറ്റും ആവും സുപ്രകോപനത്തിനു കാരണം. അതിനും മുരിങ്ങ നന്നല്ലേ ദേവാ?

Satheesh said...

മുരിങ്ങയില കിട്ടാത്ത നാടുണ്ടോ? എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല.. ഈ നാലു ചാണ്‍ കൂടുതല്‍ നടന്നാല്‍ കടലില്‍ പോയി വീഴും എന്ന സ്ഥിതിയിലുള്ള സിംഗപ്പൂരില്‍ പോലും ഉണ്ടല്ലോ മുരിങ്ങയില!
എന്തായാലും വെരി ഇന്‍ഫര്‍മേറ്റീവ് ആയ പോസ്റ്റ്!

aneel kumar said...

ഗെറ്റ് മുരിങ്ങ പ്രോഡക്റ്റ്സ് ഫ്രീ. ഓണ്‍‌ലൈന്‍!

Kalesh Kumar said...

ഇമാറാത്തില്‍ മുരിങ്ങയില ആവശ്യമുള്ളവര്‍ ഉം അല്‍ കുവൈനിലേക്ക് വരൂ....
അല്ലേല്‍ അനിലേട്ടന്റെ ഫുജൈറയിലേക്ക് പോകൂ...

Unknown said...

മുരിങ്ങയില, മുരിങ്ങപ്പൂ തോരന്‍സ് ഞമ്മക്കും പെരുത്തിഷ്ടാണെന്റിഷ്ടാ..

JK Vijayakumar said...

ഒരു ചെറിയ നിര്‍ദ്ദേശം കൂടി. കര്‍ക്കിടക മാസത്തില്‍ മുരിങ്ങയില ഉപയോഗിക്കരുത്‌ എന്നു കേള്‍ക്കുന്നത്‌ ശരിയാണോ, ദേവന്‍?.

മുരിങ്ങയില പറിച്ച ശേഷം 24 മണിക്കൂറില്‍ കൂടുതല്‍ വച്ചിരിക്കരുതെന്നും പറയാറുണ്ട്‌.

prapra said...

മുരിങ്ങയില കണ്ട ഒരാളേ കണ്ടിട്ട്‌ രണ്ട്‌ വര്‍ഷം ആയി. ഈ അടുത്ത കാലത്തായി ഫ്രോസണ്‍ മുരിങ്ങ കിട്ടി തുടങ്ങി. അല്ലെങ്കില്‍ ഓണത്തിന്‌ സ്പെഷ്യല്‍ ഓര്‍ഡര്‍ ആയി കിട്ടുമ്പോള്‍, $4.99/lb (0.5 kg) വരേ കൊടുക്കേണ്ടി വന്നിട്ടുണ്ട്‌. വല്ലപ്പോഴും ഒക്കെ, കറുത്ത്‌ കരുവാളിച്ച്‌, മെലിഞ്ഞ്‌ ഉണങ്ങിയ 'fresh' മുരിങ്ങയും കിട്ടുന്നുണ്ട്‌.

പാപ്പാനെ, മുരിങ്ങയില നുള്ളിയിടുമ്പോള്‍ തണ്ട്‌ പരമാവധി ഒഴിവാക്കണം, അല്ലെങ്കില്‍ കയിപ്പുണ്ടാവും.
മുരിങ്ങയില പറിച്ച ശേഷം 3-4 മണിക്കൂറിനുള്ളില്‍ പാചകം ചെയ്യപ്പെടണം എന്ന് വീട്ടില്‍ പറഞ്ഞ്‌ കേട്ട ഓര്‍മ്മയുണ്ട്‌.

ദേവന്‍ said...

വക്കാരി,
അവിടത്തെ ഭക്ഷണത്തില്‍ കൊഞ്ചന്‍ അല്ലാതെ ഗ്യാസ്കാരികള്‍ ആരുണ്ട്‌?
(ഒരു സംഭവം തപ്പി തരാമോ ? എം എസ്‌ ജി അതായത്‌ അജീര്‍ണ്ണ മോട്ടോര്‍സ്‌ അവിടങ്ങളില്‍ നാചുറല്‍ സീ വീഡില്‍ നിന്ന്നും എടുക്കുന്ന സ്വാഭാവിക കുന്തം ആണെന്നും അതിനാല്‍ അത്യുത്തമന്‍ നായര്‍ ആണെന്നും വായിച്ചു. ശരി തന്നേ?)

പറട്ട ചര്‍ച്ച പുട്ടുഫാന്‍ ബ്ലോഗ്ഗില്‍ അല്ലാരുന്നോ?


കുറുമാനേ,
"പൂ പിച്ചുന്നവനെ കാലേല്‍ വാരി നിലത്തടിക്കും" എന്നൊക്കെ വഴി നീളെ ബോര്‍ഡ്‌ എഴുതി വയ്ക്കുന്ന മുനിസിപ്പാലിറ്റിക്കാരുടെ ആപ്പീസിനകത്തു കയറി മുരിങ്ങ ഒടിച്ചെന്നോ? ഇതിനാണു പുലിമുഖത്തുനിന്നു മീശ പിഴുതു എന്നു പറയുന്നത്‌. ഹമ്മോ. ഫോണാം ഫോണാം. അങ്ങു ഉം അല്‍ ക്വയിനിലോ ഫ്യുജൈറയിലോ വരെ പോകുന്നതിലും എളുപ്പമല്ലേ കുറുമാനെ തിരക്കി വരുന്നത്‌. ലോ ലവിടെ വരെ വന്നാല്‍ പോരേ.

ലത്‌ ഹിന്ദിക്കാരുടെ പറാന്ഥാ അല്ലേ സൂ. നമ്മടെ പറട്ട ഇങ്ങനെ ഉണ്ടാക്കാം.

റോഡ്‌ സൈഡില്‍ വര്‍ഷാ വര്‍ഷമായി മനുഷ്യര്‍ കോഴിക്കാല്‍ കടിച്ചു തുപ്പിയ ഡെസ്ക്‌ കാക്ക തൂറിയതു പോലും കഴുകിക്കളയാത്തതില്‍ ഒരു കുട്ടിച്ചാക്ക്‌ മൈദ മാവ്‌ അങ്ങോട്ട്‌ തട്ടുക. പാമോയില്‍ ഒരാഴ്ച്ച പഴം പൊരി വറുത്തതശേഷം കരി ഓയില്‍ കളര്‍ ആയത്‌ കോരി ഒഴിക്കുക. ഒരു കുപ്പി ഉപ്പും തട്ടുക. വെന്നിട്ട്‌ വര്‍ഷങ്ങളായി കുളിച്ചിട്ടില്ലാത്ത ഒരു തമിഴന്‍ ചെറുക്കനെക്കൊണ്ട്‌ മാവില്‍ കാളിയ
മര്‍ദ്ദനം നടത്തിക്കുക. കുട്ടികള്‍ തുപ്പിയ ബബിള്‍ഗം പോലെ ആയ ഈ മാവ്‌ അലുക്കലുക്കായി വട്ടം ചുറ്റി താറമ്പാട്ട കട്ട്‌ ചെയ്ത്‌ എടുത്ത തുരുമ്പിച്ച ഇരുമ്പു കല്ലേല്‍ ബാക്കി വന്ന കരിയോയില്‍ എടുത്തൊഴിച്ച്‌ ബൊറടിക്കും വരെ മറിച്ചും തിരിച്ചും ഇടുക. സ്വാദിഷ്ടമായ വീശുപറോട്ട റെഡി. ഇതു കഴിച്ചാല്‍ കുടലിലെ കൃമി. "എന്റച്ചോ കൊല്ലാന്‍ വരുന്നേ" എന്ന അലര്‍ച്ചയോടെ ശരീരത്തില്‍ നിന്നും ഇറങ്ങി ഓടിപ്പോകും..

അനിലേട്ടാ,
എന്നും പൂക്കുന്ന ഒരാണ്ടന്‍ മുരിങ്ങ എന്ന ഇനത്തിനു സ്വാദ്‌ കുറവാണ്‌ പക്ഷെ 24x7 കായ കിട്ടും. ഇനി ലത്‌ അതാണോ? അല്ലെങ്കില്‍ ഈ മണ്ണില്‍ വളക്കൂറില്ലാഞ്ഞിട്ടാവും.

പ്രകോപനര്‍ത്തിനു മുരിങ്ങ അസ്സലാണ്‌ . വൈദ്യന്മാര്‍ മുരിങ്ങയില കൊണ്ട്‌ ഹിസ്റ്റീരിയ ചികിത്സിക്കും!!

സതീഷേ,
വടക്കന്‍ അമേരിക്കയിലും യൂറോപ്പിന്റെ മിക്ക ഭാഗങ്ങളിലും മുരിങ്ങ ഇല്ലയെന്ന് വിക്കിയില്‍ കാണുന്നു (ദേ താഴെ പ്രബേഷ്‌ മുരിങ്ങയില്ലാണ്ട്‌ വിഷമിക്കുന്നതു കണ്ടില്ലേ.

കലേഷേ,
ക്വൈനിലേക്കു വരുന്നുണ്ട്‌. ലതും വാങ്ങാം ഇതും ഒടിക്കാം!!

ലവിടെ മുരിങ്ങ ഉണ്ടോ യാത്രാമൊഴീ? (ചൂടും വെള്ളവും ഉണ്ടേല്‍ കൃഷി നടത്താം. (മിനു ഒരുമാതിരി നാട്ടിലെ മരം എല്ലാം അവിടെ കടത്തിയിട്ടുണ്ട്‌, ഈട്ടി, തേക്ക്‌, തേന്‍പാവ്‌ ഒക്കെ ഇനി ലവിടെ ഒടന്‍ കാണാം!)

കുഞ്ചുവേ
കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് ഞാന്‍ (കൊല്ലത്ത്‌ മാത്രം)
കേട്ടിട്ടുണ്ട്‌. ഒരുമാതിരി മണ്ണിലെ വിഷം മുരിങ്ങക്ക്‌ ഏശില്ല എന്നാണ്‌ അറിവ്‌. അപ്പോല്‍ പിന്നെ മഴയത്ത്‌ പുഴു ഇലകളില്‍ കൂടും എന്നല്ലാതെ മറ്റൊരു ന്യായീകരണം കാണുന്നില്ല. ബാക്കി നാടുകളിലൊന്നും ഇത്‌ ആരും പറഞ്ഞു കേട്ടിട്ടുമില്ല. ഒരു പിടീം ഇല്ല മാഷേ. (കരീബിയന്‍ ദ്വീപുകളില്‍ മുരിങ്ങ ഉറപ്പായും കാണും!)

ഒരു ദിവസത്തില്‍ കൂടുതല്‍ ഒരു ഇലക്കറിയും വയ്ക്കാന്‍ പാടില്ല (അത്യാവശ്യം വയ്ക്കുന്നെങ്കില്‍ നല്ല തണുത്ത ഫ്രിഡ്ജില്‍)

പ്രബേഷേ,
ഒരു വാക്കു പറഞ്ഞിട്ട്‌ ഒരു ഡീ ഡി എടുത്തയച്ചാല്‍ മതി മുരിങ്ങക്കാ ഉം അല്‍ ക്വൈയിനില്‍ നിന്നോ ഫ്യുജൈറയില്‍ നിന്നോ എത്തും.
ഈ ബ്ലോഗില്‍ ആദ്യ സ്പാമരന്‍ എത്തുന്നതിന്റെ അടുത്ത ദിവസം രാവിലെ വേഡ്‌ വേരിഫിക്കേഷം ഇടും. അതുവരെ അച്ചരം അടിക്കാതെ സമാധാനമായി കമന്റ്‌ ഇടാം.

രാജ് said...

Moringa oleifera, commonly referred to simply as Moringa, is the most widely cultivated variety of the genus Moringa. It is of the family Moringaceae.

മലയാളത്തിലാക്കിയാല്‍ നല്ല രസം: മുരിങ്ങ ഒലീഫെറ, സാധാരണയായി മുരിങ്ങ എന്നറിയപ്പെടുന്നു. മുരിങ്ങ ജനുസ്സിലെ ചെടികളില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപ്പെടുന്ന ചെടിയാണു ഇതു്. ഇറ്റ് ഈസ് ഓഫ് ദി ഫാമിലി മുരിങ്ങയ്ക്കാ. (തര്‍ജ്ജമ ചെയ്യുവാന്‍ തന്നെ എന്തോരം പാട്)

ഈ oleifera എന്ന വാക്കിനെന്താ അര്‍ത്ഥം?

[[ഈ അനിലേട്ടനോടു ഞാനൊരു നൂറു പ്രാവശ്യം പറഞ്ഞുകാണുമല്ലോ “മുരിങ്ങ എനിക്കിഷ്ടമാണെന്നു്” എന്തോരം പാര്‍ഷ്യാലിറ്റിയാണീ ബൂലോഗത്തില്‍. സമരം ചെയ്യും സമരം ചെയ്യും...]]

ദേവന്‍ said...

ഓലിഫെറാ = സ്നേഹഭരിത
എണ്ണ തരുന്നത്‌ എന്ന് ലാട്രിന്‍ ഭാഷയിലെ അര്‍ത്ഥം ലങ്ങനെ തര്‍ജ്ജിമച്ചതാ. (മുരിങ്ങക്കുരു അപ്പിടി എണ്ണയായതിനാലെ ലങ്ങനെ പേരിട്ടു.)

ദേവന്‍ said...

ങേ? ഒലിഭരത്തെ എന്തരിനു മലയാളം ആക്കി?
ദ്വിധ നാമങ്ങള്‍ തര്‍ജ്ജിമ ചെയ്യാന്‍ പാടില്ല. ലത്‌ എല്ലാ ഭാഷയിലും ഒരേപോലെ വേണം.

രാജ് said...

തര്‍ജ്ജമ ചെയ്യുവാന്‍ ചോദിച്ചതല്ല, വെറുതെ അര്‍ത്ഥം അറിയുവാന്‍. ലാറ്റിന്‍-അംഗ്രേസി ഡിക്ഷ്ണറി എവിടെ കിട്ടും?

ദേവന്‍ said...

ഓണ്‍ലൈന്‍ ലാറ്റിന്‍ ഡിക്ഷ്ണറി നാലഞ്ചെണ്ണം ഗൂഗ്ലിക്കിട്ടി ലതിലൊന്നും ഓലഭരിതനെ കാണാനില്ലല്ലോ.

ഞാന്‍ ചെയ്യുന്ന പരിപാടി ഇതാണ്‌
ഓലിഫെറാ. ഓലി എന്നാല്‍ എണ്ണയല്ലേ അപ്പോ ബാക്കി തപ്പാം
ഗൂഗിള്‍ തുറക്കുന്നു latin oleifera english oil
അടിച്ചു
പത്തിരുപത്‌ റിസല്‍റ്റ്‌ ചത്തു പൊന്തി. രണ്ടെണ്ണം ലതിന്റെ അര്‍ത്ഥം തന്നു . ഒന്നില്‍ കൂടുതല്‍ വന്നാല്‍ ശരി ആകാനാണു സാദ്ധ്യത.
(ഒരു മൂല മാത്രം മതി ഐസ്‌ ബെര്‍ഗ്‌ ഗൂഗിള്‍ ഉയര്‍ത്തി തരും. ചിലപ്പോ മൂലേം വേണ്ടാ)

bodhappayi said...

എന്താണെന്നറിയില്ല, മുരിങ്ങയിലത്തൊരന്‍ തിന്നാല്‍, പിറ്റേ ദിവസം തന്നെ അതു അതെ പടി പോകും. മേല്‍പ്പറഞ്ഞ മേന്മകളൊന്നും അനുഭവിക്കന്‍ യോഗമില്ല എനിക്കു.

ഇതു ഒരു അസുഖമാണോ ഡോക്ടര്‍? ഞാന്‍ മനസികമായും ശാരീരികമായും തളര്‍ന്നിരിക്കുവാണ്‌. ഉത്തരം നല്‍കി എന്റെ പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയോടെ...

സ്വന്തം
കു, ബാഗ്ലൂര്‍

ദേവന്‍ said...

മിസ്റ്റര്‍ കെ, ബാംഗളൂര്‍,
പയപ്പെടാതിങ്ക സാര്‍. ദഹിക്കാതെ പോകുന്നതല്ല. അങ്ങനെ ചുമ്മാ കയറി വന്നു അതേ പടി ഇറങ്ങിപ്പോകാന്‍ നമ്മുടെ ദഹനേന്ദ്രിയങ്ങള്‍ സര്‍ക്കാര്‍ സത്രമല്ലല്ലോ. ഒരരുക്കാക്കിയ ഭക്ഷണമേ നമ്മള്‍ കളയൂ.

ഇരുമ്പു കൂടുതലായുള്ള ഇലക്കറികളും അയണ്‍ ടാബ്ലറ്റും ഒക്കെ കഴിച്ചാല്‍ ഒരു നല്ല ശതമാനം ആള്‍ക്കാരും പച്ച നിറത്തില്‍ ഷിറ്റടിക്കും. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല . അവര്‍ക്ക്‌ ബിലിറുബിന്‍ http://en.wikipedia.org/wiki/Bilirubin എന്ന അമേദ്ധ്യത്തിനു മഞ്ഞ നിറം കൊടുക്കുന്ന എന്‍സൈം ഉല്‍പ്പാദനം അല്‍പ്പം കുറവായിരിക്കാന്‍ ആണു സാദ്ധ്യത. (ഇതു കൂടുന്നത്‌ കാമില, ആലില, മഹോദരം, സഹോദരം, മഞ്ഞപ്പിത്തം തുടങ്ങിയ അസുഖത്തിന്റെ ലക്ഷണം ആവാമെന്നേയുള്ളു എത്ര കുറഞ്ഞെന്നു വച്ചും പ്രത്യേകിച്ച്‌ പ്രശ്നമില്ല)

ധൈര്യമായിട്ടു മുരിങ്ങയില കഴിക്കു കുട്ടപ്പായി, ഒരു കുഴപ്പോമില്ല..

aneel kumar said...

‘പുട്ടു തിന്നാല്‍ അപ്പം പോവും
ദോശ തിന്നാലും അപ്പം പോവും‘
എന്നൊരു രോഗി ഡോക്റ്റനോടു പറഞ്ഞപ്പോള്‍
എന്നാല്‍ ‘അപ്പം തിന്നു നോക്ക്’ എന്നു പറഞ്ഞതാണ് ഈ മി.ക യുടെ ചോദ്യം കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്.

പാപ്പാന്‍‌/mahout said...

"ഇരുമ്പു കൂടുതലായുള്ള ഇലക്കറികളും അയണ്‍ ടാബ്ലറ്റും ഒക്കെ കഴിച്ചാല്‍ ഒരു നല്ല ശതമാനം ആള്‍ക്കാരും പച്ച നിറത്തില്‍ ഷിറ്റടിക്കും." -- ദേവന്റെ കമന്റ്.

ഇന്‍ അദര്‍ വേഡ്‌സ്, ചാണകം?

ഉമേഷ്::Umesh said...

ആടലോടകം എന്നു നാം വിളിക്കുന്ന ചെടിയുടെ ശാസ്ത്രീയനാമം “ആടലോടകാ മലബാറിക്കാ” എന്നാണെന്നു് ആരോ പറഞ്ഞു കേട്ടിട്ടുണ്ടു്. ശരിയാണോ?

ഉമേഷ്::Umesh said...

ചാണകമല്ല പാപ്പാനേ, ആനപ്പിണ്ടം!

മഞ്ഞപ്പിത്തക്കാരന്റെ കാഴ്ചശക്തിയെപ്പറ്റിയും ക്ഷീരമുള്ളിടുത്തു ഫീഡു ചെയ്യുന്ന കൊതുകിനെപ്പറ്റിയും പഴമക്കാര്‍ പറയുന്നതു് ഓര്‍മ്മവരുന്നു...

ഉമേഷ്::Umesh said...

കുറേ ദിവസമായി ചോദിക്കണമെന്നു വിചാരിക്കുന്നു. ഈ “ദ്വിധാ നാമം” എന്ന പ്രയോഗം ശരിയാണോ? “രണ്ടുവിധത്തിലും” എന്നല്ലേ “ദ്വിധാ”യുടെ അര്‍ത്ഥം?

പിന്നെ എന്താണു നല്ല പദം എന്നു ചോദിച്ചാല്‍ അതൊട്ടു് അറിയാനും വയ്യാ...

ഉമേഷ്::Umesh said...

“ശബ്ദതാരാവലി” നോക്കി. “ദ്വിധാ” എന്നതിനു “രണ്ടു ഭാഗമായി” എന്നും അര്‍ത്ഥമുണ്ടു്. അപ്പോള്‍ ദേവന്റെ പദം ശരിയാണെന്നു തോന്നുന്നു.

Anonymous said...

ദേവേട്ടാ

ഞാന്‍ ഫ്ലൊറിഡ്ഡായില്‍ ആണു. ഇവിടെ എല്ലാ മലയാളികളുടെ വീട്ടിലും (ബാക്കി ഇണ്ട്യാക്കരുമായി പരിചയമില്ല) നല്ല ഒന്നാംതരം മുരിങ്ങകള്‍ ഉണ്ടു. അതുകണ്ടു ഞാനും വെച്ചു ഒരു മുരിങ്ങ. പക്ഷെ ഒരു വള കൊതിയനാണീ മുരിങ്ങ.ഇവിടത്തെ മണ്ണിനൊന്നും ഒരു വളവുമില്ല. കാശു കൊടുത്തു വളം മേടിക്കണം,അതു മേടിച്ചു മുരിങ്ങക്കിട്ട കാശ് ഉണ്ടായിരുന്നെങ്കില്‍ എനിക്കു ഒരു പത്തു കൊല്ലത്തിനു മുരിങ്ങക്കോല്‍ മേടിക്കമായിരുന്നു. വളം ഇട്ടു അങ്ങോട്ടൊന്നു തിരിയുംബോഴേക്കും അതിന്റെ താഴെ ഉള്ള ഇലകള്‍ മഞ്ഞച്ചു തുടങ്ങും.
എന്താണും മുരിങ്ങേടെ കൃത്യം വേണ്ട വളം,വെള്ളം എന്നുള്ളതും കൂടി ഒന്നു പറഞ്ഞു തരൊ?പ്ലീസ്

ബിന്ദു said...

അങ്ങനെ വരട്ടെ.. വര്‍ഷത്തില്‍ 8 മാസവും തണുപ്പുള്ള കാനഡയില്‍ എങ്ങനെ മുരിങ്ങയില(കായ്‌ കിട്ടും) കിട്ടാനാണ്‌. ഞാനും ഒന്നു സംശയിച്ചു ഇനി ഞാന്‍ കാണാത്തതാവുമോ എന്നു.

ദേവന്‍ said...

അനിലേട്ടാ
രോഗി "എനിക്കു വിമ്മിഷ്ടമാ" എന്നു പറയുമ്പോ ഡോക്റ്റന്‍ "'വിം' ഇഷ്ടമാണെകിലും കഴിക്കാന്‍ പാടില്ല, വയറിളകും" എന്നു പറയുന്ന രംഗം അതിലെ ?
പാപ്പാനേ, ചാണകമാണോ എന്നു ചോദിച്ചാല്‍ ഞാന്‍ സുരേഷേട്ടന്‍ പറയുന്നതു പോലെ "ദിസ്‌ ഇസ്‌ ഷിറ്റ്‌, ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌" എന്നു പറയും!

ഗുരുക്കളേ
Adhatoda vasica -(http://www.naturemagics.com/ayurveda/atalotakam.shtm)
"അടതൊടാ വസിക്ക" ഒരു രസമുള്ള പേര്‍ ആണ്‌ ആടെതൊടാ എന്നാല്‍ ആടലോടകത്തിന്റെ തമിഴ്‌ പേര്‍ (ആടു തിന്നാത്ത ചെടി എന്നര്‍ത്ഥം. വസിക ഇതിന്റെ ഹിന്ദിപ്പേര്‍) ഇതു രണ്ടൂടെ ചേരുന്നത്‌ ആടലോടകത്തിന്റെദ്വിധനാമം.റോഡ്‌ സൈഡ്‌ നിറക്കാന്‍ സോഷ്യല്‍ ഫൊറസ്റ്റ്‌ ഡിപ്റ്റ്‌. വളര്‍ത്തുന്ന "അക്കേഷ്യ" എന്ന വാറ്റില്‍ ചെടിയുടെ ബൊ. നെയിം "റോഡാലം സൈഡാലം" എന്നാണെന്നു പറഞ്ഞതുപോലെ ആരാണ്ടും പറ്റിച്ചതാണല്ലൊ ഗുരുക്കളെ.
binomial nomenclature എന്നതിനെ ദ്വിധ നാമാവലി എന്നു മലയാളീകരിച്ച സ്ഥലത്ത്‌ ഗുരുക്കളുടെ അഭിപ്രായം ചോദിച്ചിരുന്നു. ങേ ഹേ.. മൈന്‍ഡ്‌ ഇല്ലാത്തതു "നിന്‍ മൌനം സമ്മതമല്ലയോ നിന്‍ മന്ദഹാസം മറുപടി അല്ലയോ" എന്ന പൂവാല ഞായം പറഞ്ഞ്‌ ഇതിനെ ബൂലോഗം അങ്ങു അംഗീകരിക്കുകയായിരുന്നു "ഇരട്ട ഭാഗങ്ങളോടു കൂടിയ പേര്‍" എന്നാണു ഞാനുദ്ദേശിച്ച അര്‍ത്ഥം.
എല്‍ ജിയേ.

ലവനെ വളമിട്ടു വളര്‍ത്തുന്ന ടെക്നോളജി അനിലേട്ടനേ അറിയൂ. നാട്ടിലൊക്കെ "കൊളത്തുക്കു താമരപ്പൂ, വീട്ടുക്കു മുരിങ്ക മരം വെളിയിക്കു വേപ്പു മരം" ഒക്കെ വെറുതേ വളര്‍ന്നു വരികയാണു പതിവ്‌. മുരിങ്ങ വളര്‍ത്തോളജിസ്റ്റ്‌ അനിലേട്ടനും അറിയില്ലെങ്കില്‍ പിന്നെ ചന്ദ്രേട്ടനോടു ചോദിക്കാം എന്തു ചെയ്യണമെന്ന്. ഒന്നു മാത്രം പറയാം, വീട്ടില്‍ നിന്നും ഇത്തിരി അകലത്തില്‍ ലവനെ നടണം, ചെറിയ പുഴുക്കല്‍ ഇതില്‍ വരും, പാറി വീട്ടിലോട്ടത്‌ കയറണ്ടാ.

ബിന്ദുവേ
ഇന്തോ-കനേഡിയന്‍ മുരിങ്ങ എക്സിം കമ്പനി എന്നൊരു മുരിങ്ങക്കാ എക്സ്പോര്‍ട്ട്‌ ഇമ്പോര്‍ട്ട്‌ കമ്പനി തുടങ്ങിയാലോ നമുക്ക്‌ (സീരിയസ്സായി ആലോചിക്കുമ്പോള്‍ ബൂലോകര്‍ എല്ലാ രാജ്യത്തും ഉണ്ട്‌, എന്തെങ്കിലും ഏജന്‍സിയോ റെപ്പായിപ്പണിയോ തുടങ്ങിയാലോ?)

പാപ്പാന്‍‌/mahout said...

[എച്ചൂസ് മി, ഉമേഷേ, “ചോരയുള്ളോരകിടിന്‍ ചുവട്ടിലും” എന്നല്ലേ ഉദ്ദേശിച്ചെ? അല്ലേ സന്തോഷേ :)]

Santhosh said...

അതെ, പപ്പാനെ, അതെ!

Anonymous said...

ദേവേട്ടാ
ഈ ബ്രഹ്മി എന്ന് പറയുന്ന ചെടി watercress ആണൊ? ഒന്ന് പറഞ്ഞ് തരാമൊ?

ദേവന്‍ said...

എല്‍ജീസേ,

വാട്ടര്‍ക്രെസ്‌ നാട്ടില്‍ ഉപയോഗത്തിലില്ല, അതിനാല്‍ മലയാളത്തില്‍ പേരില്ലെന്നാണ്‌ തോന്നുന്നത്‌ . ഹിന്ദിക്കാര്‍ ഹലീം എന്നും അറബിയില്‍ റഷാദ്‌ എന്നും പറയുന്ന ഗാര്‍ഡന്‍ ക്രെസ്‌ അവിടെയൊക്കെ കിട്ടുമോ എന്തോ, എന്തായാലും അതിന്റെയും മലയാളം പേര്‍ അറിയില്ല.

ബ്രഹ്മി (bacopa monnieri) ഇന്തോ ചൈനയിലല്ലാതെ ഒരിടത്തും സ്വാഭാവികമായി വളരുന്നില്ല. എന്നാലും ഒട്ടു മിക്ക നാട്ടിലും ഈ ചെടിയുടെ സത്ത്‌ പൊടിരൂപത്തില്‍ വില്‍ക്കുന്നുണ്ട്‌ (കൊള്ളാമോ മായമാണോ എന്നൊന്നും അറിയില്ല കേട്ടോ)

ബ്രഹ്മി ആയുര്‍വേദപ്രകാരം കുട്ടികളുടെ കാകദൃഷ്ടി-ബകധ്യാനങ്ങള്‍ വര്‍ദ്ധിക്കാനും (ക്രെഡിറ്റ്‌ എലന്തൂര്‍ ഗുരുക്കള്‍ക്ക്‌) ഓര്‍മ്മ- ബുദ്ധിശക്തി വര്‍ദ്ധനവിനും നല്ലതാണ്‌. ചൈനീസ്‌ മെഡിസിനും, ഇന്ത്യന്‍ ചികിത്സാരീതിയും മുതിര്‍ന്നവരില്‍ ബ്രഹ്മ്നി വാതം, എക്സിമ, ഉറക്കമില്ലായ്ക, മറവി, ഹിസ്റ്റീരിയ, പുനരുല്‍പ്പാദനപരമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക്‌ പ്രയോഗിച്ചു വരുന്നു .

പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്തതും മറ്റെതു മരുന്നിനോടും ചേര്‍ന്നു പോകുന്നതും എന്നാണ്‌ ബ്രഹ്മിയെക്കുറിച്ച്‌ പൊതുവേ പറയാറെങ്കിലും, ഒരു മരുന്നെന്ന നിലക്ക്‌ ഡോക്റ്ററുടെ അഭിപ്രായപ്രകാരം മാത്രം കഴിക്കേണ്ടതാണ്‌.

Anonymous said...

ദേവേട്ടാ

ഒരു ലിങ്ക് എന്റെ ബ്ലോഗില്‍ നിന്ന് ഇവിടെക്ക് കൊടുത്തിട്ടുണ്ടെ..പറയാന്‍ മറന്ന് പോയി.

qw_er_ty for pinmozhi blocking

Anonymous said...

ദേവേട്ടാ.. യൂറിക് ആസിഡിന്റെ പ്രശ്നം മാറ്റാനുള്ള ഡയറ്റ് ഒന്നു പറഞ്ഞു തരാമൊ ?

ദേവന്‍ said...

അനോണിമാഷേ
ഈ കമന്റ്‌ ഇപ്പോഴാ കണ്ടത്‌. യൂറിക്ക്‌ ആസിഡ്‌ രക്തത്തില്‍ കൂടിയാല്‍ ( hyperuricemia പിടിപെട്ടാല്‍)

1. ധാരാളം വെള്ളം കുടിക്കുക
2. അണ്ടിപ്പരിപ്പ്‌, നിലക്കടല, ഡ്രൈ ഫ്രൂട്ടുകള്‍ ഒക്കെ മുഴുവന്‍ ഉപേക്ഷിക്കുക
3. ബീയര്‍ കര്‍ശ്ശനമായും മറ്റു മദ്യങ്ങള്‍ ആവുന്നിടത്തോളവും നിറുത്തുക.

4. വറുത്തും പൊരിച്ചും നാശമാക്കാത്ത ഭക്ഷണം കഴിക്കുക

5. ഓര്‍ഗന്‍ മീറ്റ്‌ (ജീവികളുടെ ബ്രെയിന്‍' ലിവര്‍, മുതലായവ കൊണ്ടുള്ള കറികള്‍) സീഫൂഡ്‌ വളരെ വലിയ പയറുകള്‍ എന്നിവ ഒഴിവാക്കുക

യൂറിക്ക്‌ ആസിഡ്‌ ലെവല്‍ കൂടുന്നത്‌ വളരെ വര്‍ഷങ്ങള്‍ കൊണ്ടാണ്‌ അതിനാല്‍ മുകളില്‍ പറഞ്ഞ മാറ്റം ഒരു ദിവസത്തേക്കല്ല, ഒരായുഷ്കാലത്തേക്കാണ്‌.

രക്താതിസമ്മര്‍ദ്ദം, കൊളസ്റ്റ്രോള്‍ കൂടുതല്‍, പ്രമേഹം ഒന്നും ഇല്ലെന്ന് ഒന്നുറപ്പുവരുത്തിക്കോളൂ, ഒന്നുമുണ്ടായിട്ടല്ല, ഒരു മനസ്സമാധാനത്തിന്‌.

Unknown said...

മുരിങ്ങയഇല ഗര്‍ഭിണികള്‍ക്ക് കൊടുക്കാന്‍ പാടിലെന്നു ചിലര്‍ പറയുനത് കേള്‍ക്കുന്നുണ്ട്.ഇതില്‍ എന്തെങ്കിലും കാര്യം ഉണ്ടോ?