Monday, January 02, 2006

ഹൃദയം, ധമനികൾ - അനുബന്ധം 1,ഹൃദ്യമായ പാചകം

ഈ ഒരനുബന്ധമുണ്ടാകാൻ ബ്ലോഗ്ഗർമാരുടെ സഹായമഭ്യർത്ഥിക്കുന്നു, പാചകം എനിക്കു ഒട്ടും വശമില്ലാത്ത പണിയാണ്. പൈപ്പുകളിൽ ചപ്പ് ചവറ് എന്നിവയില്ലാതിരിക്കാൻ ചപ്പും ചവറും കഴിക്കുന്നതും ഒഴിവാക്കുക എന്നതാണു ഈ പരിപാടിയുടെ ഗുട്ടൻബെർഗ്.

ഹ്രൃദ്സൌഹ്രൃദപാചകത്തിന്റെ പ്രാഥമിക തത്വങ്ങൾ ഇവയാണ്.
1. പരമാവധി അനുവദനീയ ഫാറ്റ് തോത് 10 ശതമാനമാണ്. എന്നു വച്ചാൽ ഫാറ്റ് ഫ്രീ മിൽക്ക്, മുട്ടയുടെ വെള്ള എന്നിവയൊഴിച്ചാൽ ജന്തുക്കളുമായി പുലബന്ധമുള്ള യാതൊന്നും ദൈനം ദിന ഭക്ഷണത്തിൽ വരാൻ പാടില്ല

2. എല്ലാ തരം എണ്ണയും ദ്രവരൂപത്തിലെ കൊഴുപ്പാണെന്നതിനാൽ മാംസത്തെക്കാളും വർജ്ജ്യം

3. പ്രോസസ്സ്ഡ് ഫൂഡ് അതായത് അസ്വാഭാവിക ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗം പരമാവധി കുറക്കുക. ഇതേ കാരണത്താൾ പഞ്ചസാര, മൈദാ, ഇൻസ്റ്റന്റ്/ക്യാൻഡ്/ ബോക്സ്ഡ് ഭക്ഷണങ്ങൾ MSG തുടങ്ങിയവ ഒഴിവാക്കുക . (തള്ളവിരലിന്റെ നിയമം - ബ്രാൻഡ് പേരുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളതെല്ലാം വർജ്ജ്യം അമ്മിഞ്ഞപ്പാലും പുഴയിലെ മീനിനുമൊന്നും മാക് ഡോണാൾഡ് പോലെ M ഇല്ല, പതിനായിരക്കണക്കിനു വർഷമായി അതു മനുഷ്യനിൽ പരീക്ഷിച്ചു വിജയിച്ചവയാണ്. ഫാസ്റ്റ് ഫൂഡ് ഉപയോഗം, എണ്ണ ഉപയോഗം, വറുക്കൽ എന്നിവക്കു ആനുപാതികമായി ഹൃദ്രോഗം ജനങ്ങളിൽ കാണപ്പെടുകയും ചെയ്യുന്നു)

നേരിട്ടും ഫോണിലും മറ്റും കിട്ടിയ സംഭാവനകൾ താഴെക്കൊടുക്കുന്നു:

1. അൾട്രാ ലോ ഫാറ്റ് രീതിയിൽ ഒട്ടുമിക്ക കറികളുമുണ്ടാക്കാം.
എണ്ണയിൽ വഴറ്റുന്നതിനു പകരം പച്ചക്കറികളെല്ലാംതന്നെ ആവിയിൽ വേവിച്ചെടുക്കാം (ഇഡ്ഡലിത്തട്ടിൽ ചെയ്യാവുന്നതേയ്യുള്ളേൻകിലും ആവിയിൽ വേവിക്കാനുള്ള നോൺ സ്റ്റിക് പാത്രങ്ങളാണ് കൂടുതൽ സൌകര്യം. കടുകുവറുക്കുന്നതിനു പകരം ഒരു ചെറിയ ചട്ടിയിൽട്ട് ചൂടാക്കി പാത്രം കൊണ്ടടച്ച് പൊട്ടിച്ചെടുക്കാവുന്നതേയുള്ളു. തേങ്ങക്കു പകരം പുട്ടിലും ഇടിയപ്പത്തിലും ക്യാബേജ്, കാരറ്റ് എന്നിവ ഉപയോഗിക്കാം. നോൺ സ്റ്റിക്ക് തവയിൽ ദോശ അപ്പം മുതലായവ ഒട്ടും എണ്ണയില്ലാതെ ചുട്ടെടുക്കാം.
കടപ്പാട് : എന്റെ ഭാര്യ


2. ദാൽ ബാത്ത്
തലേന്നേ കുതിർത്ത മുതിര ഒരു കപ്പ് കഴുകിയത്
ചോറ് (മോട്ട ചാവൽ) ഒരു കപ്പ്

ഉപ്പ് ആവശ്യത്തിനിട്ട വെള്ളത്തിൽ മുതിര 40 മിനുട്ട് വേവിക്കുക. വെള്ളം വറ്റി മുതിര മൃദുവാകും. കടുകും ജീരകവും ഒരു നോൺ സ്റ്റിക്ക് പാത്രത്തിലിട്ട് പൊട്ടിക്കുക്ക (എണ്ണയൊഴിക്കാതെ കടുകുവറുക്കുകയാണു നമ്മൾ) കുറച്ച് വെള്ളമൊഴിച്ച് വെളുത്തുള്ളി തക്കാളി എന്നുവ വഴറ്റി, മുതിരയുടെ കൂടെ ഇട്ട് രണ്ടു മിനുട്ട് ഇളക്കി വേകിക്കുക. ചോറിനു മീതേ വിളമ്പാം- പുതിനച്ചട്ട്ണിക്കൊപ്പം.
കലോറി 268 കൊഴുപ്പ് 5% പ്രോട്ടീൻ 14%
കടപ്പാട് : ഡോ. നീൽ പിൻകിനി, ഹൃദ്രോഗപ്രതിരോധവിദഗ്ദ്ധൻ, ഹവായി ദ്വീപ്.

3. ചന്നാബാത്ത്
ഗോതമ്പ് ഒരു കപ്പ് വേവിച്ചത്
ചന്ന (കാബൂളിയോ നാടനോ) വേവിച്ചത് ഒരു കപ്പ്
വെളുത്തുള്ളി 3 അല്ലി
മഞ്ഞൾ ഒരു റ്റീസ്പൂൺ
തക്കാളി ചെറുതായി നുറുക്കിയത് ഒന്ന്
മല്ലിയില, കടുക്, ജീരകം
ഉപ്പ് ആവശ്യത്തിനിട്ട കുറച്ചു വെള്ളത്തിൽ ഗോതമ്പും കടലയും ഒന്നിച്ചിട്ട് വേവിക്കുക

മുകളിലെപ്പോലെ കടുക്-ഇഞ്ചി തക്കാളി എന്നിവ ചട്ടിയിൽ റോസ്റ്റ് ചെയ്ത് ക്രീം നിറമാകുംപ്പോൾ മുളകുപൊടി (കുരുമുളകുമാകാം) ചേർത്ത് ധാന്യങ്ങൾ പുഴുങ്ങിയതിൽ ഇട്ട് ഇളക്കിയെടുക്കുക. കടലക്കു പകരം പുഴുങ്ങിയ കൂസാ (അറബിക് പച്ചക്ക്കറി ഉപയഓഗിക്കാം)
കടപ്പാട് : അതുല്യ, മലയാളം ബ്ലോഗ്ഗർ, ദുബായി.

10 comments:

ദേവന്‍ said...

ബ്ലോഗ് സെന്റിങ് അഡ്രസ്സിലോട്ട് പോയില്ലേ? കമന്റെൻകിലും പോകുമോന്നു ടെസ്റ്റിങ്
ബൂലോഗ വൈ ഗൂണ്ടാ പുര വാസനേ..

സു | Su said...

ഇപ്പറഞ്ഞതൊക്കെ ഭക്ഷണത്തിന്റെ മുൻപാണോ അതോ ഭക്ഷണത്തിനു ശേഷമാണോ കഴിക്കേണ്ടതു? ;)

ദേവന്‍ said...

ചവറിനു മുന്നേയാണോ ശേഷമാണോ ഭക്ഷണം കഴിക്കേണ്ടത് എന്നല്ലേ സൂ ഉദ്ദേശിച്ചത് :)

ഉത്തരമായൊരു നളസൂക്തം :ചവർ ഈസ് റിലേറ്റീവ്
നമുക്കിഷ്ടമുള്ളത് തീർച്ചയായും കഴിക്കണം, ഇഷ്ടമെന്നത് വെറും പ്രലോഭനങ്ങളോ അതോ ലോജിക്കലായ തീരുമാനമോ എന്നതിനെക്കുറിച്ചേ പല അഭിപ്രായങ്ങളുള്ളൂ (ഡോ. മാക് ഡോഗൾ)

70 ശതമാനത്തോളം കുട്ടികൾ‍ക്ക് അഛനമ്മമാർ തെറ്റായ രീതിയിലുള്ള ഭക്ഷണം കൊടുക്കുന്നതിനാൽ പിൽക്കാല ജീവിതത്തിലെ 60 വർഷങ്ങൾക്കുള്ളിൽ അതി ഗുരുതരമായ രോഗങ്ഗളുണ്ടാവുന്നെന്ന് ലോക പ്രശസ്തനായിരുന്ന ശിശുരോഗ വിദഗ്ദ്ധൻ ഡോ. ആറ്റ്വൂഡ് വർഷങ്ങൾക്കു മുന്നേ കണ്ടെത്തിയതാണ് ഇന്നത്തെ മുൻ നിരക്കാരിലൊരാളായ . ഡോ. സ്പോക് അതു ശരിവച്ചതുമാണ്. നമുക്ക് ഇഷ്ടമുള്ള ചീഞ്ഞ ശവവും എണ്ണയിൽ കുഴഞ്ഞ ഭക്ഷണവും കഴിക്കാൻ നമുക്കവകാശമുണ്ട്, പക്ഷേ ശിശുവധമെൻകിലും ഒഴിവാക്കിക്കൂടേയെന്ന് എനിക്കൊരു സംശയം. പതിയിരിക്കുന്ന പീഡനക്കാരനെയോ കൊല്ലുന്ന മരുന്നു തരുന്ന വൈദ്യനെയോ അല്ല വിഷപ്പാലൂട്ടുന്ന അമ്മയായിരുന്നു താൻ ഒഴിവാക്കേണ്ടിയിരുന്നതെന്ന് ആസന്ന മരണനായ ഒരുവൻ ഖേദത്തോടെ ഓർക്കേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്. (ഇന്നൊരു വീട്ടിൽ പോയപ്പോൾ 2 വയസ്സുള്ള കുട്ടി സബ് വേ ചിക്കനും ഫ്രീഡം ഫ്രെയുമായി നിൽക്കുന്നതു കണ്ടു. നാട്ടിൽ സ്ഥിരമായി കാണുന്ന വെണ്ണ-ചോർ-പപ്പടം കുട്ടിയെക്കാൾ ഭീകരമായ കാഴ്ച)

reshma said...

ഇതൊക്കെ വായിച്ചിട്ടെങ്ങെനെ ബിരിയാണി&മുട്ടമാല കോംബൊ തിന്നും :(

Anonymous said...

ദേവേട്ടോ, അച്ചാറിനെ കുറിച്ചെന്താണ്‌ പറയാനുള്ളത്‌? കുട്ടികാലത്ത്‌ അച്ചാറു കൊണ്ട്‌ ചോറു ചുവന്നാലേ ഞാന്‍ ചോറുണ്ണുമായിരുന്നുള്ളു...ഇപ്പോഴും അച്ചാറിനോടുള്ള ഭ്രമം തീര്‍ന്നിട്ടില്ല.ഇങ്ങനെ അച്ചാറു കൂട്ടിയാല്‍ നീ ചോര വറ്റി ചത്തു പോകും ന്ന്‌ പറഞ്ഞ്‌ ഇപ്പൊ വീട്ടില്‍ അമ്മ അച്ചാറ്‌ ഉണ്ടാക്കുന്നില്ല...ഇവന്‍ അത്രയ്ക്ക്‌ ഭീകരനാണോ?

ദേവന്‍ said...

രേഷ്മ, തുളസീ
വലിയ പെരുന്നാളിനും കൊച്ചുപെരുന്നാളിനും പിന്നെ അപ്പുറത്തെ വീട്ടിലെ തൊമ്മിക്കുഞ്ഞിന്റെ മോളുടെ കല്യാണവിരുന്നിനും മൂക്കുമുട്ടെ ബിരിയാണി, ബാക്കി 362 ദിവസവും മറ്റുതരം ഭക്ഷണം, 365 ദിവസം നല്ല വ്യായാമം (പറമ്പില്‍ കിള മുതല്‍ 10 കി മീ സൈക്കില്‍ ചവിട്ടി പ്രവര്‍ത്യാരാപ്പീസില്‍ ഉദ്യോഗത്തിനുപോകല്‍...) ഈ രീതിയില്‍ അപ്പാപ്പന്മാര്‍ ഡയറ്ററി വൈസസിനെ നിലം പരിശാക്കി സുഖമായി ജീവിച്ചിരുന്നു. നമ്മളാകട്ടെ പ്രലോഭിതമായിട്ട്‌ മാസത്തില്‍ രണ്ടു തവണ വീട്ടില്‍ വറുത്ത കോഴി, ആഴ്ച്ചയില്‍ രണ്ടു തവണ കെണ്ടക്കിയില്‍ കഴിഞ്ഞാണ്ട്‌ വറുത്ത കോഴി, ഫ്രീസറീന്നെടുത്തുവറുത്ത ബര്‍ഗ്ഗര്‍, ആക്സിലറേറ്റഡ്‌ ഫ്രീസ്‌ ഡ്രൈഡ്‌ മാമ്പഴപ്പുളിശ്ശേരി, ആസാദ്‌ ഹോട്ടലിലെ ബിരിയാനി എന്നിങ്ങനെ ലിവറിന്റെ അപ്പന്‍ വിചാരിച്ചാലും ഒരു കണ്ട്രോളും ചെയ്യാന്‍ പറ്റാത്തരീതിയില്‍ അഴുക്കു കയറ്റി വിടുന്നു. അപ്പൂപ്പന്‍ സെഞ്ചുറിയടിച്ചിട്ടു പോയി, നമ്മളോ 40 വയസ്സില്‍ തീരാരോഗം, 50 വയസ്സിലൊരു സ്റ്റ്രോക്ക്‌ പിന്നെ റണ്ണറെ വച്ച്‌ ഒരു 15 കൂടി....

അച്ചാറിനു പ്രശ്നം നാല്‌
1. എണ്ണയൊരുപാട്‌
2. മുളകുപൊടിയൊരുപാട്‌
3. സോഡിയമൊരുപാട്‌ (ഉപ്പ്‌ ഹെന്റമ്മോ)
4. പഴക്കവും ഒരുപാട്‌
ഒരു പ്രശ്നമുണ്ടെങ്കില്‍ പരിഹാരവുമുണ്ട്‌ തുളസീ

1. എല്ലാം ഒരുപാടായ സ്ഥിതിക്ക്‌, അച്ചാറിന്റെ ക്വാണ്ടിറ്റി കുറക്കുക, ചോറെന്തിന്നാ ചുവന്നിരിക്കുന്നേ? റ്റേസ്റ്റിനു ഒരു
ഇങ്ക്രിയോളം തോണ്ടി നാക്കിന്റെ സ്റ്റ്രാറ്റെജിക്‌ പോയിന്റില്‍ തേച്ചാല്‍ മതിയല്ലോ.

2. എണ്ണയില്ലാതെയും അച്ചാറുണ്ടാക്കാം. നാരങ്ങാനീര്‌, ഉപ്പുനീര്‌ ഒക്കെ ഉപയോഗിച്ച്‌ (പ്രിയാ അച്ചാര്‍ കമ്പനി ഒട്ടും എന്‍ണയില്ലാത്ത നാരങ്ങ, വെളുത്തുള്ളി, പച്ചമുളക്‌ അച്ചാറുകള്‍ ഇറക്കുന്നുണ്ട്‌)

3. വെള്ള അച്ചാര്‍ - പച്ചമുളക്‌, ഗാന്ധാരി'സ്‌ മുളക്‌ എന്നിവ മുളകുപൊടിക്ക്‌ പക്രം ഉപയോഗിച്ചാല്‍ വയറിന്റെ ലൈനിംഗ്‌ എന്‍ എച്ച്‌ 47 പോലെ ഗട്ടറു നിറയാതെയും തൊലി പശുവിന്റെ നാക്കുപോലെ മിനുസമില്ലാതെയും ആയിപ്പോകില്ല. അസിഡിറ്റി, വായു കീയു എന്നൊക്കെ സ്ഥിരം ഇന്ത്യന്‍ അസുഖങ്ങള്‍ക്ക്‌ ഒരു പ്രഥാന കാരണം മുളകുപൊടി കോരിത്തൂകലാണ്‌.

4. പഴകാതെയും അച്ചാറുപയോഗിക്കാമല്ലോ, കടുമാങ്ങാ പോലത്തെ മാങ്ങാ നുറുക്ക്‌?
(എനിക്കേറ്റവും ഇഷ്ടം - നെയ്മീന്‍ അച്ചാര്‍. കഴിക്കുന്നത്‌ മാസത്തിലൊന്നോ രണ്ടോ തവണ. അതിന്റെ കൂട്ടത്തില്‍ തൈരും ചോറും മാത്രം മതിയല്ലോ)

Anonymous said...

ദേവേട്ടാ, അച്ചാറിന്റെ കാര്യം ഓക്കേ, അതുപൊലെ ഒഴിച്ചു കൂടാത്തവനാണ്‌ പറങ്കി കൊണ്ടാട്ടം(മുളക്‌ ?). ഞങ്ങള്‍ ഒരു വിള മാത്രേ കൃഷിയെടുക്കു, പിന്നെ പച്ചക്കറി കൃഷിയാണ്‌. ചീരയും,കൈപ്പക്കയും,വഴുതിനങ്ങയും,വെള്ളരിക്കയും ഒക്കെയുണ്ടാകുമെങ്കിലും പച്ച മുളകാണ്‌ പ്രധാനം. അതുകൊണ്ട്‌ കൊണ്ടാട്ടം എന്നും ഉണ്ടാകും ചോറിന്റെ കൂടെ.

ഇപ്പോഴല്ലേ ഈ ആസിഡിറ്റി അറ്റാക്കിന്റെ കാര്യം ബോദ്ധ്യായത്‌.ദേവേട്ടന്‌ നന്ദി.

ദേവന്‍ said...

മാഷേ,
പച്ചമുളക് വലിയ പ്രശ്നമുണ്ടാക്കില്ല, കാൻ‌താരി കൊളസ്റ്റ്രോൾ നാശിനിയും പൈൽ‍സ് വരാൻ നല്ലൊരു മാർഗ്ഗവുമാണ്. മുളകുപൊടിയാണ് അസിഡിറ്റിക്ക് ഒരു കാരണം.എണ്ണയിൽ വറുത്തവ മറ്റൊരു കാരണം, രാവിലെ ഒന്നും കഴിക്കാതെ ജോലിക്കു പോകുന്നവനു അസിഡിറ്റി ഗ്യാരണ്ടി. കാരറ്റ്, കുമ്പളം, വെള്ളരി തുടങ്ങി പച്ചക്കറികൽ സലാഡായോ ജ്യൂസായോ കഴിച്ചാൽ ഉടനടി നല്ല വത്യാസമുണ്ടാവും.. അന്റാസിഡുകൾ എല്ലാം തന്നെ ആശ്രയത്വം (ഡിപൻഡൻസി) ഉണ്ടാക്കുന്നവയാണെന്നതിനാൽ നാലാലൊരു നിവൃതിയുണ്ടെൻകിൽ കഴിക്കാതിരിക്കുക
വൈദ്യരത്നം ജൂഡോരത്തിനം ദേവരാഗം (ഒപ്പ്)

Jayarajan said...

പൈല്‍സ്‌ ഒരു രോഗമല്ലേ (ഇനിയിപ്പോ അല്ലാന്ന് വരുമോ? ഹേയ്‌...) ദേവേട്ടാ? അപ്പോ "പച്ചമുളക് വലിയ പ്രശ്നമുണ്ടാക്കില്ല, കാൻ‌താരി കൊളസ്റ്റ്രോൾ നാശിനിയും പൈൽ‍സ് വരാൻ നല്ലൊരു മാർഗ്ഗവുമാണ്" എന്നതില്‍ എന്തോ ഒരു പിശകില്ലേ? പൈല്‍സ്‌ വരാതിരിക്കാന്‍ എന്നാണോ ഉദ്ദേശിച്ചത്‌? [ഇവിടെ ആള്‍ത്താമസമുണ്ടാകും എന്ന് കരുതുന്നു :(]

Bethel Technology said...

thanks for sharing the information... well said ...
best digital marketing company in kochi
software development company in kochi