Monday, June 15, 2009

ഭക്‌ഷ്യ സുരക്ഷ- അവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേനല്‍ക്കാലം ഗള്‍ഫില്‍ ഭക്‌ഷ്യവിഷബാധയുടെ കാലമാണ്‌. ഇടവിട്ട് വിഷബാധ മൂലം ആളുകള്‍- മിക്കവാറും പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മരിച്ച വാര്‍ത്ത നമ്മള്‍ വായിക്കാറുണ്ട്. ഇന്ന് ഒരു ഇന്തോ-ഫ്രഞ്ച് ദമ്പതികളുടെ രണ്ടു കുട്ടികളും മരിച്ചു പോയ സംഭവമാണ്‌ വായിച്ചത്. ഇവര്‍ ദുബായിലെ ഒരു ചൈനീസ് റെസ്റ്റോറണ്ടില്‍ നിന്നും ഭക്ഷണം വാങ്ങിക്കൊണ്ടുപോയി കഴിച്ച ശേഷമാണ്‌ മരണം സം‌ഭവിച്ചത് എന്ന് ഗള്‍ഫ് ന്യൂസ് പത്രം പറയുന്നു.

മുതിര്‍ന്ന ആരോഗ്യവാനായ ഒരു മനുഷ്യനു അതിജീവിക്കാന്‍ പറ്റുന്നത്ര ലഘുവായ ഭക്‌ഷ്യ വിഷബാധ പോലും കുട്ടികള്‍ക്ക് മാരകമായി തീര്‍ന്നേക്കാം എന്നതാണ്‌ മരണം കൂടുതലും കുട്ടികളില്‍ ആകാന്‍ കാരണം. ചൂടുകാലം ഭക്ഷണം വേഗം അണുബാധിതമാകുന്ന കാലമാണെന്നും സമ്മറില്‍ ശരാശരി പ്രതിദിനം അഞ്ചു ഭക്-ഷ്യ വിഷബാധ രോഗികളെ ‍ തങ്ങള്‍ക്ക് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരാറുണ്ടെന്നും ഒരു ആശുപത്രിയുടെ അധികാരി പറയുകയുണ്ടായി.

ഭക്ഷണം ഇരുന്നു ചീത്തയായാല്‍ പിന്നെ അതു കഴിക്കരുത് എന്നല്ലാതെ ഭക്‌ഷ്യസുരക്ഷയെപ്പറ്റി അധികമാരും ഒന്നും അറിഞ്ഞു വയ്ക്കാറില്ല എന്നതാണ്‌ ഏറ്റവും വലിയ പ്രശ്നം.


ഭക്ഷ്യ വിഷബാധ പ്രധാനമായും മൂന്നു തരത്തിലാണ്‌ ഉണ്ടാകുക.

1. ഭക്ഷണത്തിലെ അണുക്കള്‍- രോഗമുളവാക്കുന്ന ബാക്റ്റീരിയകളും വൈറസുകളും ശരീരത്തില്‍ പ്രവേശിക്കുക വഴി (infection)

2. ഭക്ഷണത്തില്‍ പ്രവേശിച്ച സൂക്ഷ്മാണുക്കളും പൂപ്പലും ഉതിര്‍ക്കുന്ന വിഷവസ്തുക്കള്‍ ശരീരത്തില്‍ കടക്കുക (food intoxication)

3. വിഷമയമായ വസ്തുക്കള്‍- കീടനാശിനികള്‍, മറ്റു രാസവസ്തുക്കള്‍ എന്നിവ ഭക്ഷണത്തില്‍ അബദ്ധത്തില്‍ കലര്‍ന്നു പോകുക വഴി ( chemical contamination)


സര്‍‌വ്വസാധാരണമായ അണുബാധകള്‍ സാല്‍മൊണെല്ല, ലിസ്റ്റീരിയ തുടങ്ങിയവയും ട്രാവലേര്‍സ് ഡയറിയ തുടങ്ങി അമേദ്ധ്യവും ഭക്ഷണവും തമ്മില്‍ ബന്ധപ്പെട്ടു പോകല്‍ വഴി ഉണ്ടാവുന്ന രോഗവും ആണെങ്കിലും, വളരെയേറെ തരം അണു-വൈറസ് ബാധകള്‍ ഭക്ഷണജന്യമായി ഉണ്ടാകാറുണ്ട്.


യു ഏ ഈയില്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഭക്‌ഷ്യവിഷബാധകള്‍ ഏതാണ്ട് എല്ലാം തന്നെ റെസ്റ്റോറണ്ടുകളില്‍ - പ്രധാനമായും ചെറുകിട റെസ്റ്റോറന്റുകളില്‍ നിന്നും ഭക്ഷണം കഴിച്ചവരുടേതാണ്‌ ."കഫെറ്റീരിയ ബാക്റ്റീരിയ" എന്ന് ഡോക്റ്റര്‍മാര്‍ ഇരട്ടപ്പേര്‍ വിളിക്കുന്ന clostridium perfringens സാധാരണയായി ഉണ്ടാകുന്നത്, പാചകം ചെയ്ത് വളരെ നേരം കഴിഞ്ഞ ഭക്ഷണം ഉള്ളില്‍ ചെന്നാണ്‌. ഒരു പക്ഷേ അതാവാം കാരണം. വൃത്തിഹീനമായ പാചകം, പാത്രങ്ങള്‍, വെള്ളം, സുരക്ഷിതമായി സൂക്ഷിക്കാത്ത അസംസ്കൃത പദാര്‍ത്ഥങ്ങള്‍ എന്നിവമൂലവും ആകാം.


ഭക്‌ഷ്യവിഷബാധ, അതേതു കാരണങ്ങള്‍ കൊണ്ടായാലും ഉണ്ടാകാതെ ഇരിക്കാന്‍ നമുക്ക് ചെയ്യാവുന്ന കാര്യങ്ങളില്‍ പ്രധാനമായത്:

പുറത്തെ ഭക്ഷണം


1. കഴിവതും ഭക്ഷണം പുറത്തു നിന്നും കഴിക്കാതെയിരിക്കുക- പ്രത്യേകിച്ച് ചൂടുകാലത്ത്. കുട്ടികളുടെ കാര്യത്തില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കുക.

2. കുട്ടികളുമൊത്ത് ഭക്ഷണം പുറത്തു നിന്നും കഴിക്കേണ്ടി വന്നാല്‍ വന്‍‌കിട ഹോട്ടലുകളില്‍ നിന്ന്, അപ്പോള്‍ പാചകം ചെയ്ത് അപ്പോള്‍ തന്നെ കഴിക്കാവുന്നവ തെരഞ്ഞെടുക്കുക. ഇത് അധികച്ചിലവ് ആണെന്ന് തോന്നേണ്ടതില്ല. കുട്ടികളുടെ മറ്റുചിലവുകള്‍ (താമസം, വസ്ത്രം, വിദ്യാഭ്യാസം, ചികിത്സ) അപേക്ഷിച്ച് ഇത് തീരെ ചെറുതാണ്‌. പുറത്തു നിന്നും കഴിക്കുന്നതിന്റെ ഇടവേള കൂട്ടി ചിലവു കുറയ്ക്കുകയാണ്‌ ഉത്തമം. രണ്ടു രീതിയില്‍ ഇത് റിസ്ക് കുറയ്ക്കുന്നു.

3. ചെറുകിട കഫറ്റീരിയകള്‍- പ്രത്യേകിച്ച് പാചകം ചെയ്ത് കഴിക്കാന്‍ ആളെക്കാത്തിരിക്കേണ്ട വിധമുള്ള കാര്യങ്ങള്‍ (ഷവര്‍മ്മ, ഗ്രില്‍, ഫ്രൈ), ഫ്രോസണ്‍ ഭക്ഷണം ചൂടാക്കി തരുന്നവര്‍ (റെഡി റ്റു പിക്ക് ചൈനീസ്, ഹോട്ട് ഡോഗ്, സാന്‍ഡ്വിച്ച്) എന്നിവ ഒഴിവാക്കുക.

4. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെ മിക്കവയും സാലഡുകള്‍ ഉണ്ടാക്കുന്നത് ക്രോസ് കണ്ടാമിനേഷന്‍ ഒഴിവാക്കിയും, മാലിന്യങ്ങള്‍ വേണ്ടുന്നത്ര കഴുകിയും പീല്‍ ചെയ്തും അല്ലെന്ന് ഓര്‍മ്മിക്കുക. കഴിവതും സലാഡുകള്‍ വീട്ടിനു പുറത്ത് ഒഴിവാക്കുക- കുട്ടികള്‍ പ്രത്യേകിച്ചും.

5. പുറത്തു നിന്നും വെള്ളം കുടിക്കേണ്ടി വരുമ്പോള്‍ ഡ്രിങ്കിങ്ങ് വാട്ടര്‍ ക്വാളിറ്റിയുള്ളത് (മിനറല്‍ വാട്ടര്‍ ആകണമെന്നില്ല) മാത്രം സീല്‍ഡ് പരുവത്തില്‍ വാങ്ങുക.

പാചകം
1. പച്ചക്കറി, മാംസം, മത്സ്യം തുടങ്ങുന്നവ വാങ്ങുമ്പോള്‍ അത് വൃത്തിയായും സുരക്ഷിതമായും സൂക്ഷിച്ചവയാണെന്ന് ഉറപ്പു വരുത്തുക. പല ചെറു ഗ്രോസറികളും രാത്രി കടപൂട്ടുന്നതോടൊപ്പം ഫ്രീസറുകളും മറ്റും ഓഫ് ചെയ്ത് വൈദ്യുതി ലാഭിക്കാറുണ്ട്- ഇത് ഭക്ഷ്യവിഷബാധയുടെ സാദ്ധ്യത പലമടങ്ങ് കൂട്ടുന്നു.

2. മീന്‍ കഴിവതും ഫ്രഷ് ആയി വാങ്ങുക, വാങ്ങിയാല്‍ ഉന് പാചകം ചെയ്യുക. ഫ്രോസണ്‍ മീനുകള്‍ ഡെഫ്രീസ് ചെയ്താണ്‌ ചിലര്‍ വില്‍ക്കുന്നത്. അങ്ങനെയുള്ളത് യാതൊരു കാരണവശാലും വാങ്ങി ഫ്രിഡ്ജില്‍ വീണ്ടും ഫ്രീസ് ചെയ്യാന്‍ വയ്ക്കരുത്.

3. സുരക്ഷിതമായ വെള്ളം മാത്രം പാചകത്തിന്‌ ഉപയോഗിക്കുക. ദുബായിലെ ടാപ്പ് വെള്ളം പാനയോഗ്യമാണെന്ന് അധികാരികള്‍ ഉറപ്പു തരുന്നുണ്ട്, പക്ഷേ കെട്ടിടങ്ങളുടെ ടാങ്കുകള്‍ എത്രമാത്രം വൃത്തിയും സുരക്ഷിതത്വവും ഈ വെള്ളത്തിനു തരുമെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക.

4. മീന്‍, മുട്ട, ഫ്രിഡ്ജില്‍ വച്ചവ എന്നിവ ഷോപ്പിങ്ങിന്റെ അവസാനം മാത്രം വാങ്ങുക, വാങ്ങിയാല്‍ പിന്നെ നേരേ വീട്ടില്‍ പോകുക. പോയാല്‍ ഉടന്‍ ഇവ ഫ്രിഡ്ജില്‍ വേണ്ട സ്ഥാനത്ത് തന്നെ വയ്ക്കുക.

5. പാല്‍, മുട്ട, ഇറച്ചി, മീന്‍ എന്നിവ മറ്റു ഷോപ്പിങ്ങ് സാമഗ്രികളുമായി കൂട്ടിത്തൊടാതെ ശ്രദ്ധിക്കുക. ഇവ കൈകൊണ്ട് തൊട്ടാല്‍ കൈ സോപ്പിട്ട് കഴുകുക.

6. പൊട്ടിയതോ ലീക്ക് ചെയ്യുന്നതോ സെക്യൂരിറ്റി സീല്‍ പോയതോ ആയ യാതൊന്നും വാങ്ങാതെ ശ്രദ്ധിക്കുക.

7. കാഴ്ചക്ക് ഫ്രഷ് അല്ലെന്നു തോന്നുന്നവ, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞവ എന്നിവ വാങ്ങരുത്.

8. ചൂടുകാലത്തേക്ക് ഫ്രിഡ്ജ് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും- വര്‍ഷത്തില്‍ എല്ലാ കാലവും ഫ്രിഡ്ജ് 40 ഡിഗ്രീ എഫ്, ഫ്രീസര്‍ കമ്പാര്‍ട്ട്മെന്റ് 0 ഡിഫ്രീ എഫ് എന്ന താപനിലയില്‍ ആയിരിക്കണം.

9. അണ്‍ഫ്രീസ് ചെയ്യുന്നത് എന്തായാലും അപ്പോള്‍ തന്നെ പാചകം ചെയ്യണം

10. കട്ടിങ്ങ് ബോര്‍ഡുകള്‍, കത്തികള്‍ എന്നിവ ഇറച്ചി മുട്ട മീന്‍ എന്നിവ വെട്ടാന്‍ ഉപയോഗിച്ചാല്‍ അത് സോപ്പിട്ട് കഴികുക. ഇടയ്ക്കിടെ ചോപ്പിങ് ബോര്‍ഡ് ക്ലോറിന്‍ ഉപയോഗിച്ചു കഴുകുക.

11. ഇറച്ചിയും മീനും മുറിച്ചാല്‍ മറ്റെന്തെങ്കിലും എടുക്കും മുന്നേ കൈ സോപ്പിട്ട് കഴുകുക.


12.പാചകം ചെയ്തത് എന്തും രണ്ടു മണിക്കൂറിനുള്ളില്‍ തീര്‍ന്നില്ലെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

13. ഫ്രിഡ്ജിനുള്ളില്‍ പാചകം ചെയ്തതെന്തും ഭദ്രമായി മൂടി വയ്ക്കുക.

14. മൂന്നു ദിവസത്തിനപ്പുറം പാചകം ചെയ്ത യാതൊന്നും ഫ്രിഡ്ജില്‍ സൂക്ഷിക്കാതെയിരിക്കുക

15. ക്ലീനിങ്ങ് കെമിക്കലുകള്‍, ഡിഷ്‌വാഷ് ലിക്വിഡ് തുടങ്ങിയവയുടെ അംശങ്ങള്‍ പാത്രങ്ങളില്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക.

16. ഉപയോഗ ശേഷവും ഉപയോഗിക്കും മുന്നേയും എല്ലാ പാത്രങ്ങളും വൃത്തിയായി കഴുകി ഉണക്കി വയ്ക്കുക.

17. ഭക്ഷണത്തിനു മുന്നേയും ശേഷവും കൈ കഴുകുക, കുട്ടികളെ കൈ കഴുകിക്കുക.
18. ഐസ്ക്രീം, പച്ചക്ക് കഴിക്കുന്ന പാലുല്പ്പന്നങ്ങള്‍ എന്നിവ വാങ്ങുമ്പോള്‍ കഴിവതും അറിയപ്പെടുന്ന ബ്രാന്‍ഡുകളുടെ ഔദ്യോഗിക വില്പ്പനശാലകളില്‍ നിന്നും വാങ്ങുക.

19. വീട്ടില്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്ന ഭക്ഷ്യസാധനങ്ങള്‍ എക്സ്പയറി കഴിയുന്നോ എന്ന് ശ്രദ്ധിച്ചശേഷം മാത്രം ഉപയോഗിക്കുക.

20. സര്‍‌വോപരി- അടുക്കള എപ്പോഴും വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കുക.

വൈദ്യസഹായം തേടേണ്ട സാഹചര്യങ്ങള്‍:

1. പുറത്തു നിന്നും ഭക്ഷണം കഴിച്ച് വയറിളക്കം, ശര്‍ദ്ദി എന്നിവ ഉണ്ടായാല്‍

അങ്ങനെ അല്ലാത്തപ്പോള്‍ പോലും:
2. വയറിളക്കം നില്‍ക്കാതെ വരിക
3. വയറിളക്കത്തിനൊപ്പം ശര്‍ദ്ദി, ശ്വാസം മുട്ട്, പനി എന്നിവ ഉണ്ടാകുക
4. വയറു വേദനയും തലകറക്കവും ഉണ്ടാകുക
5. കുട്ടികളിലെ വയറിളക്കം
6. മൂത്രമൊഴിക്കാന്‍ പറ്റാതെ വരിക, അല്ലെങ്കില്‍ മൂത്രത്തിന്റെ നിറം മാറ്റം വയറിളക്കത്തിനൊപ്പം വരിക
ഡീഹൈഡ്രേഷന്‍ സാദ്ധ്യത
7. മലത്തില്‍ രക്തം
8. വയറിനോടൊപ്പം തക്കിലും സന്ധികളിലും അസുഖം
9. ഇതൊന്നുമല്ലാതെ തന്നെ ആശുപത്രിയില്‍ പോകേണ്ട ആവശ്യമുണ്ടെന്ന് തോന്നുക
എന്നിവ ഉണ്ടായാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തുക. ഒരു കണ്‍സള്‍ട്ടിങ്ങ് ഡോക്റ്ററെ വെയിറ്റ് ചെയ്യാന്‍ മിനക്കെടാതെ ഏതു സമയമായാലും അത്യാഹിത വിഭാഗത്തില്‍ അഡ്മിറ്റ് ആകുകയാണ്‌ ഉചിതം.

(ഇതൊരു പൂര്‍ണ്ണവും ആധികാരികവും വ്യക്തവുമായ റെഫറന്‍സ് പ്രബന്ധമല്ല, എല്ലാദിവസവും നിരവധി ഭക്ഷ്യവിഷബാധകള്‍ ഉണ്ടാവുന്നു എന്ന് ദുബായിലെ ഒരാശുപത്രി വിശദീകരിച്ചതു കേട്ട്, അത്യാവശ്യം സൂക്ഷിക്കേണ്ട ചില കാര്യങ്ങള്‍ മാത്രം കുറിച്ചതാണ്‌)

Saturday, March 14, 2009

ആഹാരവും ആഹോരവവും-3

പ്രകൃതിചികിത്സാ സമ്പ്രദായത്തെ പറ്റി വിശദീകരിക്കാമോ?
പ്രകൃതിചികിത്സ എന്ന രീതി എം‌പിരിക്കല്‍ ഗവേഷണത്തിനു വിധേയമായിട്ടില്ല എന്നതാണ്‌ പ്രധാന അശാസ്ത്രീയത. രണ്ടാമത്തേത് അത് അംഗീകൃതമായ ഒരു വൈദ്യശാസ്ത്രരീതിയോടും യോജിച്ചു പോകുന്നില്ല എന്നത്. മൂന്നാമതായി ഓരോ നാട്ടിലും പ്രകൃതിചികിത്സകര്‍ ഓരോരോ സമ്പ്രദായമാണ്‌ പിന്‍‌തുടരുന്നത്. കേരളത്തില്‍ അടുത്തിടെ പ്രചാരത്തിലായ രീതി ഞാന്‍ മനസ്സിലാക്കിയിടത്തോളം ഹൃദ്രോഗവിദഗ്ദ്ധന്‍ ഡോ. ഡീന്‍ ഓര്‍ണിഷിന്റെ റിവേര്‍സല്‍ പ്രോഗ്രാമിലെ ലോ ഫാറ്റ് ഡയറ്റിനെ അതിന്റെ കോണ്ടെക്സ്റ്റില്‍ നിന്നും അടര്‍ത്തി മാറ്റി അതില്‍ അന്ധവിശ്വാസങ്ങളും മറ്റും തിരുകി വ്യായാമം, പോഷണം, മരുന്ന് തുടങ്ങിയ അതിന്റെ ഇന്റഗ്രേറ്റഡ് അപ്പ്രോച്ചും നശിപ്പിച്ച ഒന്നാണ്‌. പ്രകൃതിചികിത്സകര്‍ പറയുന്ന നിരവധി കാര്യങ്ങള്‍ അംഗീകൃതമായ വിവരങ്ങള്‍ക്ക് കടകവിരുദ്ധമാണ്‌. ഒന്നാമതായി പരിസരത്ത് വിളയുന്നതെന്തും നിങ്ങള്‍ക്ക് യോജിച്ചതാണെന്ന വിശ്വാസം രാവിലേ രണ്ടു പച്ചത്തേങ്ങ കഴിച്ചാല്‍ ആവശ്യമുള്ളതെല്ലാം അതില്‍ നിന്നും ലഭിക്കും എന്ന രീതിയില്‍ പിന്‍‌തുടരുന്നവരുണ്ട്. ലോ ഫാറ്റ് ഡയറ്റ് തരുന്ന മെച്ചം ഇതില്‍ നഷ്ടമായിക്കിട്ടും. രണ്ടാമതായി നമ്പൂതിരിമാരുടെ ഭക്ഷണക്രമീകരണങ്ങള്‍ അന്ധമായി അനുകരിക്കുകയാണ്‌ ഇവര്‍ ചെയ്യുന്നത് . ഹൃദ്രോഗിക്ക് വെളുത്തുള്ളി കഴിക്കാന്‍ പാടില്ലെന്ന് പറയുന്നവരോട് വെളുത്തുള്ളി എത്രമാത്രം സഹായഭക്ഷണമാണ്‌ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. പ്രകൃതിപാചകവിധിപ്രകാരം അവിയല്‍ എങ്ങനെ ഉണ്ടാക്കാം എന്നൊരു കുറിപ്പ് കാണാന്‍ വഴിയില്ല! (നമ്പൂതിരിമാര്‍ അവിയലിനെ ഉച്ഛിഷ്ടഭക്ഷണമായാണ്‌ കാണുന്നത്). സസ്യാഹാരം പിന്‍‌തുടരുന്നവര്‍ വൈവിദ്ധ്യത്തിന്റെ അത്യാവശ്യം മനസ്സിലാക്കേണ്ടതുണ്ട്. ഇവര്‍ പോഷണം എന്ന ആംഗിളേ കാണുന്നില്ല. പോരാത്തതിനു ചേന പച്ചയ്ക്കു കഴിക്കാന്‍ കഴിയാത്തതുകൊണ്ട് പാചകം ചെയ്തും പാടില്ല, ഉള്ളി കഴിച്ചാല്‍ സ്വഭാവം മാറും എന്നൊക്കെയുള്ള വിശ്വാസങ്ങള്‍ ട്രേസ് മിനറലുകള്‍ പോലെ പലതും ഒരു വഴിക്കും ലഭ്യമാകാത്ത രീതിയിലും മറ്റും ഭക്ഷണത്തെ ശുഷ്കമാക്കിക്കളയുമെന്ന് തോന്നുന്നു.


ഭാരതീയ സസ്യാഹാരരീതിയെപറ്റി എന്താണ്‌ അഭിപ്രായം?
മുസ്ലീങ്ങള്‍ പന്നിയിറച്ചി കഴിക്കില്ല, സിഖ് മതക്കാര്‍ തലമുടിയും താടിയും വളര്‍ത്തും എന്നൊക്കെയുള്ളതുപോലെ ഒരു സമ്പ്രദായം എന്നരീതിയിലേ ഞാന്‍ അതിനെ കാണുന്നുള്ളു. ഏതു വിശ്വാസവും ആര്‍ക്കും പിന്‍ തുടരാമല്ലോ. എന്തു കഴിക്കണം വേണ്ട എന്നത് ആര്‍ക്കും സ്വയം തീരുമാനിക്കാവുന്ന കാര്യമല്ലേ.

ഇത് മികച്ച ആരോഗ്യത്തിനുതകുന്ന ഭക്ഷണശൈലിയാണെന്ന് നിരവധിപേര്‍ അവകാശപ്പെടുന്നുണ്ടല്ലോ?
അത്തരം അവകാശവാദങ്ങളോട് യോജിക്കും മുന്നേ ആര്‍ക്ക് ആരോഗ്യത്തിനുതകുന്നത് എന്ന് ചിന്തിക്കേണ്ടിവരും.

മാംസജന്യാഹാരത്തിന്റെ ശക്തിയും ദൗര്‍ബല്യവും അതിന്റെ പോഷകസമൃദ്ധിതന്നെയാണ്‌. ഒരു കഷണം മീനില്‍ കിട്ടുന്നയത്ര അല്ലെങ്കില്‍ ഒരു തുണ്ട് ഇറച്ചിക്കഷണത്തില്‍ കിട്ടുന്നയത്ര പ്രോട്ടീനുകളും വൈറ്റമിനുകളും ധാതുക്കളും ലഭിക്കാന്‍ സസ്യാഹാരത്തില്‍ ഒട്ടേറെ ഇലക്കറികളും പഴങ്ങളും പയര്‍- അണ്ടി വര്‍ഗ്ഗത്തില്‍ പെടുന്ന ആഹാവും കഴിക്കേണ്ടിവരും. ചുരുക്കത്തില്‍ ആരോഗ്യപ്രദമായ സസ്യാഹാരം ചിലവേറിയതും അദ്ധ്വാനിച്ച് പാചകം ചെയ്യേണ്ടതുമായ ഒന്നാണ്‌. ഇന്ത്യന്‍ ഭക്ഷണരീതിയില്‍ പച്ചക്കറികള്‍, അണ്ടിപ്പരിപ്പുകള്‍ പഴങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് തീരെക്കുറവാണ്‌ സാധാരണക്കാര്‍ക്കിടയില്‍. ചപ്പാത്തിയും പരിപ്പുകറിയും, വെങ്കായ സാമ്പാറും ചോറും രസവും എന്തെങ്കിലും ഒരു വറുവല്‍ (തോരന്‍) ഉം പപ്പടവും ഇങ്ങനെയൊക്കെ പോകുന്നുന്നു ദൈനം ദിന വെജിറ്റേറിയന്‍ ഭക്ഷണം. എണ്ണ ധാരാളം ചേര്‍ത്തുള്ള പാചകം, വറുക്കുക്കുക, ഉപ്പിലിടുക തുടങ്ങിയ രീതികളും ലൈഫ് സ്റ്റൈല്‍ ഗവേഷകര്‍ പറയുന്ന ഫലങ്ങള്‍ അപ്രാപ്യമാക്കിക്കളയും ഇന്ത്യന്‍ രീതിയില്‍.

പാലുല്പ്പന്നങ്ങള്‍, പ്രത്യേകിച്ച് നെയ്യ്, വെണ്ണ, പനീര്‍ തുടങ്ങിയവ ധാരാളമായി ചേരുന്നതും മറ്റൊരു പ്രശ്നമാണ്‌. കുറച്ചു ചോറും ഒഴിക്കാന്‍ ഇത്തിരി മീന്‍ കറിയുമായി ഭക്ഷണം കഴിക്കുന്ന സാധാരണ മലയാളി ഡയറ്റ് ഇതിനെ അപേക്ഷിച്ച് ഏറെ ആരോഗ്യപ്രദമെന്ന് പറയേണ്ടതില്ലല്ലോ.

പഞ്ചസാരയുടെ അമിതമായ ഉപയോഗവും മറ്റൊരു പ്രധാന പ്രശ്നമാണ്‌. ചുരുക്കത്തില്‍ ആചാരപരമായി പിന്‍‌തുടരുന്ന ഇത്തരം ലാക്റ്റോ വെജിറ്റേറിയനിസം ആരൊഗ്യപ്രദമെന്ന് പറയ വയ്യ. ഒരേ സമയം പോഷണക്കുറവും പാലിന്റെയും പഞ്ചസാരയുടെയും അമിതോപയോഗവും വൈവിദ്ധ്യമില്ലായ്മയും ചേരുന്ന ഒരസന്തുലില ഭക്ഷണരീതിയാണെന്നാണ്‌ എന്റെ അഭിപ്രായം.

അതായത് ഇന്ത്യന്‍ ഭക്ഷണ രീതി ലോകത്തെ മികച്ച രീതി എന്ന പ്രചാരങ്ങള്‍ അസത്യമാണെന്നോ?
ഗോതമ്പിനോ അരിക്കോ കൂടെ വലിയ അളവില്‍ വൈവിദ്ധ്യമാര്‍ന്ന പച്ചക്കറികളും പഴങ്ങളും അണ്ടിപ്പരിപ്പുകളും മറ്റും കഴിക്കുന്ന സമ്പന്നനു ഈ ഭക്ഷണരീതികൊണ്ട് പ്രശ്നമില്ല.

ഇന്ത്യയിലെ ശിശുക്കളില്‍ നാല്പ്പത്തിരണ്ടര ശതമാനം പോഷണക്കുറവ് അനുഭവിക്കുന്നവരാണ്‌. രണ്ടില്‍ ഒരു കുട്ടിയോളം വിളര്‍ച്ചയും മാല്‍ നുട്രീഷനും കൊണ്ട് രോഗങ്ങള്‍ക്കടിപ്പെടുകയാണ്‌. ഈ തോത് ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗങ്ങളോളം ഭീകരമായ ചിത്രമാണ്‌ വരച്ചു തരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പോഷണക്കുറവാല്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ഇന്ത്യയിലാണ്‌. ഇവരുടെ ഇടയില്‍ സസ്യാഹാരത്തെ വിശ്വാസത്തില്‍ കലര്ത്തിവയ്ക്കുന്നതിനോട് വലിയ വിയോജിപ്പുണ്ട്. പോഷണത്തിന്റെ അതിസമൃദ്ധിയാല്‍ വലയുന്നവര്‍ക്കുള്ള പരിഹാരങ്ങള്‍ അതിനു വേണ്ടി ആയുധമാക്കുന്നതില്‍ പ്രതിഷേധവുമുണ്ട്.

പാലുല്പ്പന്നങ്ങള്‍ മാംസാഹാരത്തിന്റെ ഗുണങ്ങളുള്ള ജന്തുജന്യഭക്ഷണവും അതേസമയം അഹിംസാതത്വത്തിനു യോജിക്കുന്നതുമല്ലേ?

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പശുവിന്‍ പാലുല്പ്പാദനം ക്രൂരത നിറഞ്ഞ പ്രക്രിയ തന്നെയാണ്‌.
കോഴി രാവിലേ വന്ന് എന്നെ കൊന്നോ എന്നു പറഞ്ഞു കഴുത്തു നീട്ടാത്തതുപോലെ പശു രാവിലേ വീട്ടില്‍ കയറിവന്ന് നിങ്ങളുടെ കുഞ്ഞിനു മുലകൊടുക്കുന്നുമില്ല. അതിനെ കെട്ടിയിട്ടു വളര്‍ത്തി, അതിന്റെ സമ്മതമില്ലാതെ നിരന്തരം ഗര്‍ഭിണിയാക്കി, അതിന്റെ കുഞ്ഞിനെ വിട്ടി അകിടില്‍ മുട്ടിക്കുമ്പോല്‍ ചുരത്തുന്ന പാല്‍ കുട്ടിയെ കെട്ടിയിട്ടശേഷം മോഷ്ടിച്ചു മാറ്റുകയാണ്‌ ചെയ്യുന്നത്. സ്വന്തമായി ഒരിണയെ തെരഞ്ഞെടുക്കാനോ എന്തിനു ലൈംഗികസുഖം പോലും അനുഭവിക്കാനോ മിക്ക പശുക്കള്‍ക്കും ജീവിതത്തിലൊരിക്കലും കഴിയാറില്ല. ഒരു കുട്ടിക്കും അതിന്റെ അമ്മയോടൊപ്പം മതിയാവും വരെ സമയം ചിലവിടാനും കഴിയാറില്ല. പശുവിന്റെ ആണ്‍കുട്ടികള്‍ എങ്ങോട്ടു പോകുന്നു എന്ന് ആരും ആലോചിക്കാറില്ല. പ്രസവശേഷി നഷ്ടപ്പെട്ട പശുവിനു വയറു നിറയെ ഭക്ഷണമുണ്ടോ എന്നും ആരും തിരക്കില്ല. ഇതില്‍ എന്ത് അഹിംസയെന്ന് എനിക്കറിയില്ല, വീക്ഷത്തിന്റെ വത്യാസമായിരിക്കാം.ഒരിക്കല്‍ കൂടി, വിശ്വാസങ്ങള്‍ വെറും വിശ്വാസങ്ങള്‍ മാത്രമല്ലേ.

Tuesday, March 10, 2009

ആഹാരവും ആഹോരവവും - 2

സസ്യാഹാരമാണോ അഭികാമ്യം?
ഒറ്റ ഉത്തരം പറയുക ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ഓരോ വ്യക്തിയുടെ ആരോഗ്യനില, ജീവിതത്തിലെ ചുറ്റുപാടുകള്‍, ആവശ്യങ്ങള്‍ എന്നിവ അനുസരിച്ച് ഭക്ഷണത്തിന്റെ രീതി മാറുന്നതാണ്‌ അഭികാമ്യം. അതില്‍
തന്നെ മാംസമാണോ സസ്യമാണോ കഴിക്കേണ്ടത് എന്നല്ല തീരുമാനിക്കേണ്ട ഒരേയൊരു കാര്യവും.

മാംസാഹാരം കഴിക്കുന്നവരെക്കാള്‍ സസ്യാഹാരം കഴിക്കുന്നവര്‍ ആരോഗ്യം കൂടിയവരാണെന്ന് ശാസ്ത്രീയമായി തെളിവുകളില്ലേ?
ലൈഫ്സ്റ്റൈലിന്റെ ഭാഗമായി സസ്യാഹാരഭക്ഷകരായി ജീവിക്കുന്നവര്‍ അരോഗാവസ്ഥയെ കൂടുതല്‍ പ്രാപിക്കുന്നതായി കണ്ടുവരുന്നു. ഒരു പൂര്‍ണ്ണ നിശ്ചയം നടത്താന്‍ മാത്രം ഒന്നോ രണ്ടോ ജെനറേഷന്‍ ആളുകളെ ഇതുവരെ പഠിച്ചിട്ടില്ല. മറ്റൊരു പ്രധാന കാര്യവും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ലൈഫ് സ്റ്റൈല്‍ വഴി ആരോഗ്യം നേടുന്നവര്‍ ജീവിക്കുന്നത് ഇന്നുവരെ വൈദ്യശാസ്ത്രം തെളയിച്ചതും
അവരുടെ സ്വന്തം നിരീക്ഷണം വഴി തീരുമാനിച്ചതുമായ സകലമാന കാര്യങ്ങള്‍ക്കും അനുസരിച്ചാണ്‌. അതില്‍ നിന്നും യാതൊന്നും ഒറ്റയ്ക്ക് തിരിച്ചു പഠിക്കുന്നത് ബുദ്ധിയായിരിക്കില്ല. ഭക്ഷണത്തിന്റെ അളവ്, പോഷണരീതി, വ്യായാമം, ചികിത്സാപരിശോധന, രോഗങ്ങളെ തിരിച്ചറിയാനും അവഡോക്ക്റ്ററോട് ചര്‍ച്ച ചെയ്ത് സ്വയം മനസ്സിലാക്കാനുമുള്ള അറിവുനേടല്‍,
അതത് മേഘലകളിലെ അവശ്യവിവരങ്ങള്‍, ശാസ്ത്രീയമായ കണ്ടെത്തലുകള്‍, വൈദ്യത്തിന്റെ വാണിജ്യമുഖത്തെ വേണ്ടതുപോലെ കൈകാര്യം ചെയ്യാനുള്ള ശേഷി എന്നിവ ലൈഫ്സ്റ്റൈല്‍ മോഡിഫിക്ക്കേഷന്റെ ഭാഗമാണ്‌. ഇതില്‍ മാംസാഹാരം ഉള്‍ക്കൊള്ളിക്കാത്തതിന്റെ സംഭാവന എത്ര എന്ന് അളക്കാനൊന്നുമാവില്ല.



ഇതൊരു ഒഴിവുകഴിവാണ്‌ . പ്രമുഖ ലൈഫ്സ്റ്റൈല്‍ തെറാപ്പിസ്റ്റുകളെല്ലാം തന്നെ വെജിറ്റേറിയന്‍ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്‌.
വൈദ്യശാസ്ത്രം ലൈസന്‍സ് നല്‍കിയ ചികിത്സകരും അതോടൊപ്പം ലൈഫ്സ്റ്റൈലില്‍ ഗവേഷണം നടത്തുന്നവരും ഏതാണ്ട് മൊത്തത്തില്‍ അമേരിക്കയിലാണ്‌. അമേരിക്കന്‍ ജീവിതശൈലീരോഗികള്‍ നേരിടുന്ന പ്രധാന പ്രശ്നം പ്രോട്ടീന്‍ അതിസമൃദ്ധിയും
തദനുബന്ധിയായ കാര്യങ്ങളുമാണ്‌. പോഷകാഹാരക്കൂടുതല്‍ മൂലം പ്രശ്നങ്ങള്‍ നേരിടുന്നവര്‍, വൈവിദ്ധ്യമില്ലാത്ത ഭക്ഷണത്തിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്, എന്നിവര്‍ക്കുള്ള പരിഹാരം ഒന്നിന്റെയും ഒറ്റമൂലിയാണെന്ന് അവരവകാശപ്പെടില്ല. ശാസ്ത്രീയമായി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണവര്‍. ജീവിതചര്യമാറ്റത്തെ സസ്യാഹാരം മാത്രമായി കാണുന്നത് വീടിനുമുകളില്‍ ആന്റിന ഉറപ്പിച്ചാല്‍ സ്വീകരണമുറിയിലിരുന്ന് സിനിമ കാണാം എന്നു പറയുന്നതുപോലെ ആണ്‌. ആന്റിന വച്ചോ കേബിള്‍ വഴിയോ സിനിമ കാണാം, വേണ്ടത് ടെലിവിഷന്‍ ആണ്‌ (ഉദാഹരണത്തിനു കടപ്പാട്: ഡോ. ചാള്‍സ് മാക്‍ ഗീ)


അതായത് മാംസാഹാരമാണൊ സസ്യാഹാരമാണോ മികച്ചത് എന്ന് ആര്‍ക്കും അറിയില്ല.
അറിയില്ല എന്നല്ല, ഒറ്റ ഉത്തരം ഇല്ല എന്നാണു പറഞ്നുവരുന്നത്. അതിഭയങ്കര പോഷണക്കുറവ് അനുഭവിക്കുന്ന സോമാലിയയിലെ കുട്ടിക്ക് അവശ്യ ഫാറ്റി ആസിഡുകള്‍ ലഭിക്കാന്‍ സസ്യ എണ്ണ വായിലൊഴിച്ചു കൊടുക്കുന്ന അതേ ഡോക്റ്റര്‍ തന്നെ
രണ്ടാം തരം പ്രമേഹം സുഖപ്പെടുത്താന്‍ എണ്ണ കഴിക്കരുതെന്ന് നിങ്ങളോട് പറയും.

വൈവിദ്ധ്യമാര്‍ന്ന മാംസാഹാരം നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചീനക്കാര്‍ക്ക് പാലൊഴികെ മറ്റ് മാംസാഹാരം കഴിക്കാത്ത നിരവധി ഇന്ത്യക്കാരെക്കാള്‍ ജീവിത ദൈര്‍ഘ്യം കൂടുതലാണെന്ന് ഓര്‍ക്കണം. ഇതൊരു ജനിതക പ്രത്യേകതയല്ലേ എന്ന് നിങ്ങള്‍ ചോദിക്കും മുന്നേ തന്നെ ഉത്തരം പറയാം. പരമ്പരാഗത ചൈനീസ് ഭക്ഷണത്തില്‍ നിന്നും ആധുനിയ ജീവിതരീതിയിലേക്ക്
മാറുന്ന ചീനക്കാരെക്കുറിച്ച് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ അവര്‍ക്ക് ഹൃദ്രോഗവും പ്രമേഹം രണ്ടും മറ്റും വരാനുള്ള സാദ്ധ്യത അമേരിക്കയിലെ തന്നെ ഏറ്റവും റിസ്കി സമൂഹമായ ആഫ്രിക്കന്‍ അമേരിക്കരുമായി വത്യാസമില്ലായിരുന്നു.

പൂര്‍ണ്ണമായും സസ്യാഹാരിയായതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? ബുദ്ധിവികാസം, പേശീബലം, സൗന്ദര്യം എന്നിവയ്ക്ക് "പാലും മുട്ടയും കഴിക്കണം" എന്നൊരു സങ്കല്പ്പം കേരളീയര്‍ക്കെങ്കിലും ഉണ്ടല്ലോ?

വൈറ്റമിന്‍ ബി പന്ത്രണ്ട് സപ്ലിമെന്റ് അവര്‍ക്ക് വേണ്ടിവരും എന്നതൊഴിച്ചാല്‍ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല. വെജിറ്റേറിയന്‍ ഭക്ഷണക്കാരായ ന്യൂട്ടണ്‍, ഐന്‍സ്റ്റീന്‍, കാള്‍ ലൂയിസ്, പമീല ആന്‍ഡേര്‍സന്‍ നടാഷ കിന്‍‌ക്സി, കാഫ്ക, എഡിസണ്‍, ടോം ക്രൂയിസ്, ബ്രൂക്ക് ഷീല്‍ഡ്സ് തുടങ്ങിയവരൊന്നും അവരവുടെ ബുദ്ധിക്കോ ശക്തിക്കോ
സൗന്ദര്യത്തിനോ പ്രശ്നമുള്ളതായി പരാതിപ്പെട്ടിട്ടില്ല. പ്രമുഖരെല്ലാം വെജിറ്റേറിയന്മാരാണ്‌ എന്ന് ഞാന്‍ സമ്മതിച്ചു എന്ന് ഇതിനെ
വളച്ചൊടിക്കരുത്, മഹാഭൂരിപക്ഷം വരുന്നവര്‍ സസ്യേതരാഹാരികളാണ്‌. പ്രമുഖരില്‍ നിന്ന് ഉദാഹരണമായി കുറച്ചാളെ തെരെഞ്ഞെടുത്തതാണ്‌.

മാംസപ്രധാന ഭക്ഷണം കഴിക്കുന്ന പാശ്ചാത്യ നാടുകളെക്കാള്‍ സസ്യാഹാരപ്രേമികളായ ഇന്ത്യക്കാരുടെ ഇടയില്‍ ഹൃദ്ഗ്രോഹം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ കുറവാണ്‌ എന്നത് ശാസ്ത്രീയമായിത്തന്നെ സസ്യാഹാരത്തിന്റെ ഗുണമേന്മയായി കാണാമല്ലോ?

രോഗങ്ങള്‍ക്ക് ഡെമോഗ്രഫിയുമായി അഭേദ്യ ബന്ധമുണ്ട്. വികസ്വരരാജ്യങ്ങളിലെ ജനങ്ങള്‍ അണുബാധ, പോഷകാഹാരക്കുറവ് എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കൂടുതലും അടിമപ്പെടുമ്പോള്‍ വികസിതരാജ്യങ്ങളിലെ ജനത അമിതപോഷണം, അലസജീവിതം എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളാണ്‌ നേരിടുന്നത്. മൊത്തത്തിലെ ആയുര്‍ദൈര്‍ഖ്യത്തില്‍ അമേരിക്കയൊപ്പം എത്താന്‍ നമ്മള്‍ക്ക് കഴിയാത്തത് നിങ്ങള്‍ക്ക് വൈദ്യസഹായ ലഭ്യതയുടെ അടിസ്ഥാനത്തില്‍ തള്ളിക്കളയാം. പക്ഷേ അമേരിക്കപോലെയുള്ള ധനികരാഷ്ട്രങ്ങളും തായ്‌ലാന്‍ഡ്, ചൈന, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ സസ്യഭക്ഷണപ്രിയര്‍ ശതമാനക്കണക്കില്‍ കൂടുതലൊന്നുമില്ലാത്ത വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇതേ വത്യാസം കാണാം. വികസനവും രോഗങ്ങളുമായുള്ള ഈ ബന്ധത്തെ വെജിറ്റേറിയനിസവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല.

വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ മാംസാഹാരം ഭക്ഷിക്കുന്നവരെക്കാള്‍ ശാന്തപ്രകൃരല്ലേ?
അത്തരം യാതൊരു വിശ്വസനീയ ഗവേഷണവും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ശരീരം ദഹനക്രിയയിലൂടെ മാറ്റുന്നതിനെ അത്തരത്തില്‍ പിരിക്കാനാവുമെന്ന് തോന്നുന്നില്ല. ആഹാരവസ്തുക്കളിലടങ്ങിയ രാസവസ്തുക്കള്‍, ഹോര്‍മോണുകള്‍ എന്നിവ ആരോഗ്യത്തെ ബാധിച്ചേക്കാം. എന്നാല്‍ അവയിലും മാംസത്തിനൊരു വേര്‍തിരിവ് കാണുക പ്രയാസം.

അഹിംസയും ക്ഷമയും സഹനവും സ്വായത്തമാക്കുന്നതിനു മഹാത്മാഗാന്ധിയെ സസ്യാഹാരം സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറയുന്നില്ലേ?
ഗാന്ധിജി ഒരു വ്യക്തിയാണ്‌, തീര്‍ച്ചയായും അദ്ദേഹത്തിന്‌ അങ്ങനെ വിശ്വസിക്കാം. ഹിറ്റ്ലര്‍ മറ്റൊരു വെജിറ്റേറിയന്‍ ആയിരുന്നു. അഹിംസയും ക്ഷമയും സഹനവും ഹിറ്റ്ലര്‍ക്ക് ഇല്ലാത്തതെന്തെന്ന് എനിക്കും ചോദിക്കാം. ഇതൊന്നും ഒരു കാര്യവും തീരുമാനിക്കാന്‍ പ്രാപ്തമായ കാര്യങ്ങളല്ല,മനുഷ്യര്‍ പലവിധമാണ്‌.


ലൈഫ്സ്റ്റൈല്‍ തെറാപ്പി പോലെ തന്നെ പ്രകൃതിജീവനവും സസ്യാഹാരവും ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് മുക്തി തരുന്നുണ്ടെന്നതില്‍ തര്‍ക്കമുണ്ടോ?
ലൈഫ്സ്റ്റൈല്‍ ഒരു തെറാപ്പിയല്ല, ജീവിതചര്യയാണ്‌. അത് പ്രകൃതിജീവനവുമല്ല, ആരോഗ്യപ്രദമായ ലൈഫ്സ്റ്റൈല്‍ നയിക്കുന്ന ഒരാളിന്‌ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വൈദ്യ ചികിത്സയ്ക്ക് വിധേയമാകുകയാണ്‌ ചെയ്യുന്നത്. ചികിത്സകന്‍ പറയുന്നതിനെ മനസ്സിലാക്കാനും അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സ്വന്തം ഉത്തരവാദിത്വത്തില്‍ തീരുമാനം എടുക്കാനും പ്രാപ്തനാകാന്‍ പരിശ്രമിക്കാറുണ്ടെന്ന് മാത്രം. പ്രകൃതിജീവനം എന്നത് ശാസ്ത്രീയമായി പരീക്ഷിക്കപ്പെട്ടിട്ടുള്ള ഒന്നല്ല എന്നതിനാല്‍
അതിനെക്കുറിച്ച് വ്യക്തമായ തീരുമാനവും എടുക്കാനാവില്ല. എന്നാല്‍ നിലവിലുള്ള അറിവിനു കടകവിരുദ്ധമായ പലകാര്യങ്ങളും പ്രകൃതിചികിത്സ പിന്‍‌തുടരുന്നവരില്‍ നിന്നും കേള്‍ക്കാറുണ്ട്. അവയെക്കുറിച്ച് വിശദമാക്കാം.

Sunday, March 08, 2009

ആഹാരവും ആഹോരവവും - 1

മാംസഭോജികളായ ജന്തുക്കള്‍ക്ക്‌ കൂത്ത നഖവും ശക്തിയുള്ള കടവായയും ആണിപോലെ മൂര്‍ച്ചയുള്ള കോമ്പല്ലുകളുമുണ്ട്‌. മനുഷ്യന്‍ സ്വാഭാവികമായി മാംസാഹാരിയാണെങ്കില്‍ അത്തരം ശാരീരിക പ്രത്യേകതകള്‍ ഉണ്ടാവേണ്ടതല്ലേ?
ഒരു പ്രാചീന ഗ്രീക്ക്‌ തത്വചിന്തകന്റെ ഈ നിരീക്ഷണം ശരിയാണെന്ന് വിശ്വസിക്കും മുന്നേ പാമ്പിന്റെ നഖവും ഡോള്‍ഫിന്റെയും ചിമ്പാന്‍സിയുടെയും മറ്റും കോമ്പല്ലുകളും പരിശോധിക്കുക. പിന്നെ, ഈ വാദഗതിപ്രകാരം മനുഷ്യനു മൂക്കില്‍ നിന്നും തീ വരാത്തതുകാരണം ഭക്ഷണം പാചകം ചെയ്യാനും പാടില്ലല്ലോ? മനുഷ്യന്‍ മിശ്രാഹാരിയാണ്‌,ഉദാഹരണത്തിലെ ജന്തുക്കളെപ്പോലെ മാംസാഹാരം മാത്രം കഴിക്കുന്നവരല്ല . മാംസാഹാരികള്‍ തന്നെ ഒരേ ശാരീരികവിശേഷമുള്ളവയുമല്ല.


ശാസ്ത്രീയമായി മനുഷ്യന്‍ കുരങ്ങുവര്‍ഗ്ഗത്തില്‍ പെട്ട ജന്തുവല്ലേ, അപ്പോള്‍ സ്വാഭാവികമായും സസ്യാഹാരിയാണല്ലോ? (ചോദ്യം കേരളത്തില്‍ അലയടിച്ച പ്രകൃതിജീവന തരംഗത്തിന്റെ വക്താവിന്റേത്‌. ശിഷ്യര്‍ ഇതിപ്പോഴും ആവര്‍ത്തിക്കുന്നു.)

കുരങ്ങുവര്‍ഗ്ഗത്തെയും അതിന്റെ പരിണാമവൈവിദ്ധ്യത്തിനെയും അശേഷം അറിയാത്തയാളാകണം ഇങ്ങനെ നിരീക്ഷിച്ചത്‌. വന്‍കുരങ്ങുകള്‍ പ്രത്യേകിച്ച്‌ മാന്‍ഡ്രില്ലുകള്‍, ബബൂണുകള്‍, ചിമ്പാന്‍സികള്‍ എന്നിവ മുട്ട, പക്ഷിമാംസം, ചെറുജന്തുക്കള്‍ എന്നിവയെ ഭക്ഷിക്കാറുണ്ട്‌. തീയുടെ ഉപയോഗം ആയുധമുപയോഗിച്ചുള്ള നായാടല്‍ എന്നിവ മനുഷ്യന്റെ കാര്യത്തില്‍ ഒട്ടേറെ വ്യതിയാനങ്ങളുമുണ്ടാക്കിയിട്ടുണ്ട്‌.

മനുഷ്യന്‍ സസ്യാഹാരിയല്ല എന്നതിനു ശാസ്ത്രീയമായ എന്തെങ്കിലും തെളിവുണ്ടോ?
കൊള്ളാം, ഇപ്പോ താങ്കളുടെ വാദത്തിനു ബര്‍ഡന്‍ ഓഫ്‌ പ്രൂഫ്‌ എനിക്കായോ? ശരി. കൊബലാമിന്‍ (ബി പന്ത്രണ്ട്‌) എന്ന വൈറ്റമിന്‍ പരിപൂര്‍ണ്ണ സസ്യാഹാരിയായ വന്‍ സസ്തനികളെല്ലാം ജീവികളെല്ലാം സ്വയം സൃഷ്ടിക്കുന്നുണ്ട്‌- കൃത്യമായി പറഞ്ഞാല്‍ ഗട്ട്‌ ഫ്ലോറയില്‍ നിന്നും സ്വീകരിക്കാനാവുന്നുണ്ട്‌. എന്നാല്‍ മനുഷ്യനതിനു കഴിവില്ല. ബി പന്ത്രണ്ടിന്റെ അഭാവം രക്തകോശങ്ങളെയും നാഡീവ്യൂഹത്തെയും കരളിന്റെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. മാംസജന്യഭക്ഷണത്തില്‍ നിന്നല്ലാതെ മനുഷ്യനിത്‌ സ്വീകരിക്കാനാവില്ല.

എങ്കില്‍ സസ്യാഹാരം മാത്രം കഴിക്കുന്നവരെല്ലാം എന്തുകൊണ്ട്‌ ഈ പോഷണത്തിന്റെ അഭാവം കാണിക്കുന്നില്ല?വളരെ ചെറിയ അളവിലേ ബി പന്ത്രണ്ട്‌ വേണ്ടൂ എന്നതിനാല്‍ വര്‍ഷങ്ങള്‍ക്ക്‌ വേണ്ടത്ര സ്റ്റോക്ക്‌ കരളിനു സൂക്ഷിക്കാനാവും. മൂന്നുനാലുവര്‍ഷങ്ങള്‍ക്കപ്പുറം പരിപൂര്‍ണ്ണ വെജിറ്റേറിയനായിരിക്കുന്നവര്‍ ഇതിന്റെ അഭാവം കാണിക്കാറുണ്ട്‌.

സ്പൈരുലിന, സോയ്‌ തുടങ്ങിയവയില്‍ ബി പന്ത്രണ്ട്‌ ഉണ്ടല്ലോ? (ചോദ്യം വെജന്‍ ശാസ്ത്രവാദികളുടേത്)
ഉണ്ടല്ലോ എന്നല്ല, ഉണ്ടാക്കാമല്ലോ എന്നു പറയേണ്ടിവരും. ഇത്തരം ഭക്ഷണം പുളിപ്പിച്ചാല്‍ ഇതില്‍ ബി പന്ത്രണ്ട്‌ നല്‍കുന്ന ബാക്റ്റീരിയം വളര്‍ന്നു കയറും. പക്ഷേ ഇത്‌ ബി പന്ത്രണ്ടായി സ്വീകരിക്കാനുള്ള കഴിവ്‌ ശരീരത്തിനുണ്ടായിരുന്നെങ്കില്‍ സ്വന്തം വയറ്റിലുള്ള ബാക്റ്റീരിയയില്‍ നിന്നു തന്നെ സ്വീകരിക്കാമായിരുന്നല്ലോ. ബ്ലൂഗ്രീന്‍ ആല്‍ഗേയും സോയും ശരീരത്തിനുപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ഈ വസ്തു തരുന്നില്ല.

മനുഷ്യന്‍ സ്വാഭാവികമായി സസ്യാഹാരിയല്ലാത്തതുകൊണ്ട്‌ അങ്ങനെ ജീവിക്കുന്നത്‌ പ്രകൃതിവിരുദ്ധമല്ലേ?

മനുഷ്യന്റെ ഒട്ടേറെ പ്രവര്‍ത്തികള്‍ പ്രകൃതിവിരുദ്ധമാണ്‌, എന്നാലവയെല്ലാം നിഷ്ഫലമെന്ന് ആ ഒറ്റക്കാര്യം കൊണ്ട്‌ പറയാമോ? ഉദാഹരണത്തിന്‌ സ്വാഭാവികമായി ഏക ഇണാവ്രതക്കാരല്ലാത്ത മനുഷ്യന്‍ കുടുംബം എന്ന പ്രകൃതിവിരുദ്ധ നടപടിയിലൂടെ സ്വത്ത്‌, അറിവ്‌, പരിരക്ഷ എന്നിവ സന്താനങ്ങള്‍ക്ക്‌ ഉറപ്പാക്കിയ നടപടി മനുഷ്യകുലത്തിന്റെ പുരോഗതിയില്‍ സ്തുത്യര്‍ഹമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. മതവിശ്വാസപരമോ, ആരോഗ്യപരമോ ആയ കാരണങ്ങളാലോ പരിസ്ഥിതിനാശം ഒഴിവാക്കാന്‍ കന്നുകാലികളെ വളര്‍ത്തുന്നത്‌ നിരുത്സാഹപ്പെടുത്താമെന്നു കരുതിയോ വര്‍ഷങ്ങളോളം സസ്യാഹാരിയാകാന്‍ തീരുമാനിക്കുന്നവര്‍ വൈറ്റമിന്‍ ബി 12 ഫോര്‍ട്ടിഫൈ ചെയ്ത ഭക്ഷണമോ സപ്ലിമെന്റോ കഴിക്കേണ്ടിവരുമെന്ന് മാത്രം.

ആഹാരവും ആഹോരവവും - ആമുഖം

വളരെക്കാലമായി ഒന്നുമെഴുതാതിരിക്കുന്ന സമയത്താണ്‌ ഡോ. സൂരജ്‌ എനിക്കു താല്‍പ്പര്യമുള്ള ഒരു വിഷയം എടുത്തിട്ടത്‌ . സമര്‍പ്പണം ഇവിടെ പോസ്റ്റില്ലല്ലോ എന്ന് ആരാഞ്ഞു പോയ സിജിക്ക്‌. വൈദ്യശാസ്ത്രത്തിലെ, പ്രത്യേകിച്ച്‌ പ്രൊഫഷണല്‍ അഡ്വൈസുകളേ തിരുത്താനോ അതില്‍ കൂട്ടിച്ചേര്‍ക്കാനോ അല്ല ഈ കുറിപ്പെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു ശരീരത്തിന്റെ ഓണറും മാനേജറും എന്ന രീതിയിലുള്ള താല്‍പ്പര്യവും അറിവുമേ ഈ വിഷയത്തില്‍ എനിക്കുള്ളു. വിയോജിപ്പുകള്‍ക്ക്‌ സ്വാഗതം.

എന്തിനാണ് ഈ പോസ്റ്റ്?
സ്ഥിരമായി ആഹാരത്തെപ്പറ്റിയുള്ള പല ആഹോവിളികളും പണ്ടുമുതലേ ചുറ്റും കേള്‍ക്കാറുണ്ടായിരുന്നു. ഈയിടെ അതിനൊക്കെ ആധികാരികതയുടെ നിറവും കലര്‍ത്തി പത്രങ്ങളിലും ഇന്റര്‍നെറ്റിലും അടിക്കടി കാണുന്നു. പലരും സംസാരിക്കുമ്പോള്‍ അവകാശപ്പെടുന്നത കാര്യങ്ങളും അവയോടുള്ള എന്റെ സാധാരണ പ്രതികരണങ്ങളുമാണ് ഈ പോസ്റ്റ്. ഇരുപതുവര്‍ഷം മുമ്പേ ഒറ്റപ്പെട്ട ശബ്ദങ്ങളായി വന്നവ ഇന്ന് ബിരുദങ്ങളും ചിത്രങ്ങളും ലിങ്കുകളും അകമ്പടിയാക്കി സംഘഗാനമാവുന്നു. എങ്കില്‍ പ്രതികരണവും അങ്ങനെ ആകട്ടെ എന്നു വച്ചു.


വളരെയേറെ നീളത്തില്‍ എഴുതേണ്ട കാര്യമായതുകൊണ്ട്‌ സീരിയലൈസ്‌ ചെയ്യേണ്ടിവന്നു. പോസ്റ്റ്‌ വേഗത്തില്‍ തീര്‍ക്കാന്‍ വേണ്ടി ലിങ്കുകള്‍, റെഫറസ്‌ എന്നിവ ഒഴിവാക്കുന്നു. അതാവശ്യപ്പെട്ടാല്‍ കമന്റ്‌ ആയി കഴിവതും നല്‍കാം. (ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ പലപ്പോഴും ആധികാരികമല്ല എന്നും പറയേണ്ടതുണ്ട്‌.)

വിഷയം അദ്ധ്യായങ്ങളായി തിരിച്ചാല്‍ ഇങ്ങനെ വരുമെന്ന് പ്രതീക്ഷ:

1. മനുഷ്യന്‍ സ്വാഭാവിക സസ്യാഹാരിയല്ലേ?
2. സസ്യാഹാരമാണോ അഭികാമ്യം?
3. ഇന്ത്യന്‍ സസ്യാഹാര രീതി ആരോഗ്യദായകമാണോ?
4. സസ്യാഹാരിയായിരിക്കുന്നതുകൊണ്ട്‌ എന്റെകിലും പ്രയോജനമുണ്ടോ?
5. മാംസാഹാരം കഴിക്കുന്നത്‌ ഹാനികരമോ?
6. പൂര്‍ണ്ണമായും സസ്യാഹാരം കഴിക്കുന്നതുകൊണ്ട്‌ എന്തെങ്കിലും പ്രശ്നമുണ്ടോ?
7. പ്രകൃതിജീവനം ഗുണകരമോ?
8. എന്താണ്‌ അഭികാമ്യമായ ഭക്ഷണരീതി?
9. ഭക്ഷണം വാണീജ്യവും രാഷ്ട്രീയവും
ആഹാരവും ആഹോരവവും - ഒന്നാം ഭാഗം ഇവിടെ