Tuesday, March 10, 2009

ആഹാരവും ആഹോരവവും - 2

സസ്യാഹാരമാണോ അഭികാമ്യം?
ഒറ്റ ഉത്തരം പറയുക ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ഓരോ വ്യക്തിയുടെ ആരോഗ്യനില, ജീവിതത്തിലെ ചുറ്റുപാടുകള്‍, ആവശ്യങ്ങള്‍ എന്നിവ അനുസരിച്ച് ഭക്ഷണത്തിന്റെ രീതി മാറുന്നതാണ്‌ അഭികാമ്യം. അതില്‍
തന്നെ മാംസമാണോ സസ്യമാണോ കഴിക്കേണ്ടത് എന്നല്ല തീരുമാനിക്കേണ്ട ഒരേയൊരു കാര്യവും.

മാംസാഹാരം കഴിക്കുന്നവരെക്കാള്‍ സസ്യാഹാരം കഴിക്കുന്നവര്‍ ആരോഗ്യം കൂടിയവരാണെന്ന് ശാസ്ത്രീയമായി തെളിവുകളില്ലേ?
ലൈഫ്സ്റ്റൈലിന്റെ ഭാഗമായി സസ്യാഹാരഭക്ഷകരായി ജീവിക്കുന്നവര്‍ അരോഗാവസ്ഥയെ കൂടുതല്‍ പ്രാപിക്കുന്നതായി കണ്ടുവരുന്നു. ഒരു പൂര്‍ണ്ണ നിശ്ചയം നടത്താന്‍ മാത്രം ഒന്നോ രണ്ടോ ജെനറേഷന്‍ ആളുകളെ ഇതുവരെ പഠിച്ചിട്ടില്ല. മറ്റൊരു പ്രധാന കാര്യവും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ലൈഫ് സ്റ്റൈല്‍ വഴി ആരോഗ്യം നേടുന്നവര്‍ ജീവിക്കുന്നത് ഇന്നുവരെ വൈദ്യശാസ്ത്രം തെളയിച്ചതും
അവരുടെ സ്വന്തം നിരീക്ഷണം വഴി തീരുമാനിച്ചതുമായ സകലമാന കാര്യങ്ങള്‍ക്കും അനുസരിച്ചാണ്‌. അതില്‍ നിന്നും യാതൊന്നും ഒറ്റയ്ക്ക് തിരിച്ചു പഠിക്കുന്നത് ബുദ്ധിയായിരിക്കില്ല. ഭക്ഷണത്തിന്റെ അളവ്, പോഷണരീതി, വ്യായാമം, ചികിത്സാപരിശോധന, രോഗങ്ങളെ തിരിച്ചറിയാനും അവഡോക്ക്റ്ററോട് ചര്‍ച്ച ചെയ്ത് സ്വയം മനസ്സിലാക്കാനുമുള്ള അറിവുനേടല്‍,
അതത് മേഘലകളിലെ അവശ്യവിവരങ്ങള്‍, ശാസ്ത്രീയമായ കണ്ടെത്തലുകള്‍, വൈദ്യത്തിന്റെ വാണിജ്യമുഖത്തെ വേണ്ടതുപോലെ കൈകാര്യം ചെയ്യാനുള്ള ശേഷി എന്നിവ ലൈഫ്സ്റ്റൈല്‍ മോഡിഫിക്ക്കേഷന്റെ ഭാഗമാണ്‌. ഇതില്‍ മാംസാഹാരം ഉള്‍ക്കൊള്ളിക്കാത്തതിന്റെ സംഭാവന എത്ര എന്ന് അളക്കാനൊന്നുമാവില്ല.



ഇതൊരു ഒഴിവുകഴിവാണ്‌ . പ്രമുഖ ലൈഫ്സ്റ്റൈല്‍ തെറാപ്പിസ്റ്റുകളെല്ലാം തന്നെ വെജിറ്റേറിയന്‍ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്‌.
വൈദ്യശാസ്ത്രം ലൈസന്‍സ് നല്‍കിയ ചികിത്സകരും അതോടൊപ്പം ലൈഫ്സ്റ്റൈലില്‍ ഗവേഷണം നടത്തുന്നവരും ഏതാണ്ട് മൊത്തത്തില്‍ അമേരിക്കയിലാണ്‌. അമേരിക്കന്‍ ജീവിതശൈലീരോഗികള്‍ നേരിടുന്ന പ്രധാന പ്രശ്നം പ്രോട്ടീന്‍ അതിസമൃദ്ധിയും
തദനുബന്ധിയായ കാര്യങ്ങളുമാണ്‌. പോഷകാഹാരക്കൂടുതല്‍ മൂലം പ്രശ്നങ്ങള്‍ നേരിടുന്നവര്‍, വൈവിദ്ധ്യമില്ലാത്ത ഭക്ഷണത്തിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്, എന്നിവര്‍ക്കുള്ള പരിഹാരം ഒന്നിന്റെയും ഒറ്റമൂലിയാണെന്ന് അവരവകാശപ്പെടില്ല. ശാസ്ത്രീയമായി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണവര്‍. ജീവിതചര്യമാറ്റത്തെ സസ്യാഹാരം മാത്രമായി കാണുന്നത് വീടിനുമുകളില്‍ ആന്റിന ഉറപ്പിച്ചാല്‍ സ്വീകരണമുറിയിലിരുന്ന് സിനിമ കാണാം എന്നു പറയുന്നതുപോലെ ആണ്‌. ആന്റിന വച്ചോ കേബിള്‍ വഴിയോ സിനിമ കാണാം, വേണ്ടത് ടെലിവിഷന്‍ ആണ്‌ (ഉദാഹരണത്തിനു കടപ്പാട്: ഡോ. ചാള്‍സ് മാക്‍ ഗീ)


അതായത് മാംസാഹാരമാണൊ സസ്യാഹാരമാണോ മികച്ചത് എന്ന് ആര്‍ക്കും അറിയില്ല.
അറിയില്ല എന്നല്ല, ഒറ്റ ഉത്തരം ഇല്ല എന്നാണു പറഞ്നുവരുന്നത്. അതിഭയങ്കര പോഷണക്കുറവ് അനുഭവിക്കുന്ന സോമാലിയയിലെ കുട്ടിക്ക് അവശ്യ ഫാറ്റി ആസിഡുകള്‍ ലഭിക്കാന്‍ സസ്യ എണ്ണ വായിലൊഴിച്ചു കൊടുക്കുന്ന അതേ ഡോക്റ്റര്‍ തന്നെ
രണ്ടാം തരം പ്രമേഹം സുഖപ്പെടുത്താന്‍ എണ്ണ കഴിക്കരുതെന്ന് നിങ്ങളോട് പറയും.

വൈവിദ്ധ്യമാര്‍ന്ന മാംസാഹാരം നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചീനക്കാര്‍ക്ക് പാലൊഴികെ മറ്റ് മാംസാഹാരം കഴിക്കാത്ത നിരവധി ഇന്ത്യക്കാരെക്കാള്‍ ജീവിത ദൈര്‍ഘ്യം കൂടുതലാണെന്ന് ഓര്‍ക്കണം. ഇതൊരു ജനിതക പ്രത്യേകതയല്ലേ എന്ന് നിങ്ങള്‍ ചോദിക്കും മുന്നേ തന്നെ ഉത്തരം പറയാം. പരമ്പരാഗത ചൈനീസ് ഭക്ഷണത്തില്‍ നിന്നും ആധുനിയ ജീവിതരീതിയിലേക്ക്
മാറുന്ന ചീനക്കാരെക്കുറിച്ച് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ അവര്‍ക്ക് ഹൃദ്രോഗവും പ്രമേഹം രണ്ടും മറ്റും വരാനുള്ള സാദ്ധ്യത അമേരിക്കയിലെ തന്നെ ഏറ്റവും റിസ്കി സമൂഹമായ ആഫ്രിക്കന്‍ അമേരിക്കരുമായി വത്യാസമില്ലായിരുന്നു.

പൂര്‍ണ്ണമായും സസ്യാഹാരിയായതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? ബുദ്ധിവികാസം, പേശീബലം, സൗന്ദര്യം എന്നിവയ്ക്ക് "പാലും മുട്ടയും കഴിക്കണം" എന്നൊരു സങ്കല്പ്പം കേരളീയര്‍ക്കെങ്കിലും ഉണ്ടല്ലോ?

വൈറ്റമിന്‍ ബി പന്ത്രണ്ട് സപ്ലിമെന്റ് അവര്‍ക്ക് വേണ്ടിവരും എന്നതൊഴിച്ചാല്‍ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല. വെജിറ്റേറിയന്‍ ഭക്ഷണക്കാരായ ന്യൂട്ടണ്‍, ഐന്‍സ്റ്റീന്‍, കാള്‍ ലൂയിസ്, പമീല ആന്‍ഡേര്‍സന്‍ നടാഷ കിന്‍‌ക്സി, കാഫ്ക, എഡിസണ്‍, ടോം ക്രൂയിസ്, ബ്രൂക്ക് ഷീല്‍ഡ്സ് തുടങ്ങിയവരൊന്നും അവരവുടെ ബുദ്ധിക്കോ ശക്തിക്കോ
സൗന്ദര്യത്തിനോ പ്രശ്നമുള്ളതായി പരാതിപ്പെട്ടിട്ടില്ല. പ്രമുഖരെല്ലാം വെജിറ്റേറിയന്മാരാണ്‌ എന്ന് ഞാന്‍ സമ്മതിച്ചു എന്ന് ഇതിനെ
വളച്ചൊടിക്കരുത്, മഹാഭൂരിപക്ഷം വരുന്നവര്‍ സസ്യേതരാഹാരികളാണ്‌. പ്രമുഖരില്‍ നിന്ന് ഉദാഹരണമായി കുറച്ചാളെ തെരെഞ്ഞെടുത്തതാണ്‌.

മാംസപ്രധാന ഭക്ഷണം കഴിക്കുന്ന പാശ്ചാത്യ നാടുകളെക്കാള്‍ സസ്യാഹാരപ്രേമികളായ ഇന്ത്യക്കാരുടെ ഇടയില്‍ ഹൃദ്ഗ്രോഹം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ കുറവാണ്‌ എന്നത് ശാസ്ത്രീയമായിത്തന്നെ സസ്യാഹാരത്തിന്റെ ഗുണമേന്മയായി കാണാമല്ലോ?

രോഗങ്ങള്‍ക്ക് ഡെമോഗ്രഫിയുമായി അഭേദ്യ ബന്ധമുണ്ട്. വികസ്വരരാജ്യങ്ങളിലെ ജനങ്ങള്‍ അണുബാധ, പോഷകാഹാരക്കുറവ് എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കൂടുതലും അടിമപ്പെടുമ്പോള്‍ വികസിതരാജ്യങ്ങളിലെ ജനത അമിതപോഷണം, അലസജീവിതം എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളാണ്‌ നേരിടുന്നത്. മൊത്തത്തിലെ ആയുര്‍ദൈര്‍ഖ്യത്തില്‍ അമേരിക്കയൊപ്പം എത്താന്‍ നമ്മള്‍ക്ക് കഴിയാത്തത് നിങ്ങള്‍ക്ക് വൈദ്യസഹായ ലഭ്യതയുടെ അടിസ്ഥാനത്തില്‍ തള്ളിക്കളയാം. പക്ഷേ അമേരിക്കപോലെയുള്ള ധനികരാഷ്ട്രങ്ങളും തായ്‌ലാന്‍ഡ്, ചൈന, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ സസ്യഭക്ഷണപ്രിയര്‍ ശതമാനക്കണക്കില്‍ കൂടുതലൊന്നുമില്ലാത്ത വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇതേ വത്യാസം കാണാം. വികസനവും രോഗങ്ങളുമായുള്ള ഈ ബന്ധത്തെ വെജിറ്റേറിയനിസവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല.

വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ മാംസാഹാരം ഭക്ഷിക്കുന്നവരെക്കാള്‍ ശാന്തപ്രകൃരല്ലേ?
അത്തരം യാതൊരു വിശ്വസനീയ ഗവേഷണവും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ശരീരം ദഹനക്രിയയിലൂടെ മാറ്റുന്നതിനെ അത്തരത്തില്‍ പിരിക്കാനാവുമെന്ന് തോന്നുന്നില്ല. ആഹാരവസ്തുക്കളിലടങ്ങിയ രാസവസ്തുക്കള്‍, ഹോര്‍മോണുകള്‍ എന്നിവ ആരോഗ്യത്തെ ബാധിച്ചേക്കാം. എന്നാല്‍ അവയിലും മാംസത്തിനൊരു വേര്‍തിരിവ് കാണുക പ്രയാസം.

അഹിംസയും ക്ഷമയും സഹനവും സ്വായത്തമാക്കുന്നതിനു മഹാത്മാഗാന്ധിയെ സസ്യാഹാരം സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറയുന്നില്ലേ?
ഗാന്ധിജി ഒരു വ്യക്തിയാണ്‌, തീര്‍ച്ചയായും അദ്ദേഹത്തിന്‌ അങ്ങനെ വിശ്വസിക്കാം. ഹിറ്റ്ലര്‍ മറ്റൊരു വെജിറ്റേറിയന്‍ ആയിരുന്നു. അഹിംസയും ക്ഷമയും സഹനവും ഹിറ്റ്ലര്‍ക്ക് ഇല്ലാത്തതെന്തെന്ന് എനിക്കും ചോദിക്കാം. ഇതൊന്നും ഒരു കാര്യവും തീരുമാനിക്കാന്‍ പ്രാപ്തമായ കാര്യങ്ങളല്ല,മനുഷ്യര്‍ പലവിധമാണ്‌.


ലൈഫ്സ്റ്റൈല്‍ തെറാപ്പി പോലെ തന്നെ പ്രകൃതിജീവനവും സസ്യാഹാരവും ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് മുക്തി തരുന്നുണ്ടെന്നതില്‍ തര്‍ക്കമുണ്ടോ?
ലൈഫ്സ്റ്റൈല്‍ ഒരു തെറാപ്പിയല്ല, ജീവിതചര്യയാണ്‌. അത് പ്രകൃതിജീവനവുമല്ല, ആരോഗ്യപ്രദമായ ലൈഫ്സ്റ്റൈല്‍ നയിക്കുന്ന ഒരാളിന്‌ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വൈദ്യ ചികിത്സയ്ക്ക് വിധേയമാകുകയാണ്‌ ചെയ്യുന്നത്. ചികിത്സകന്‍ പറയുന്നതിനെ മനസ്സിലാക്കാനും അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സ്വന്തം ഉത്തരവാദിത്വത്തില്‍ തീരുമാനം എടുക്കാനും പ്രാപ്തനാകാന്‍ പരിശ്രമിക്കാറുണ്ടെന്ന് മാത്രം. പ്രകൃതിജീവനം എന്നത് ശാസ്ത്രീയമായി പരീക്ഷിക്കപ്പെട്ടിട്ടുള്ള ഒന്നല്ല എന്നതിനാല്‍
അതിനെക്കുറിച്ച് വ്യക്തമായ തീരുമാനവും എടുക്കാനാവില്ല. എന്നാല്‍ നിലവിലുള്ള അറിവിനു കടകവിരുദ്ധമായ പലകാര്യങ്ങളും പ്രകൃതിചികിത്സ പിന്‍‌തുടരുന്നവരില്‍ നിന്നും കേള്‍ക്കാറുണ്ട്. അവയെക്കുറിച്ച് വിശദമാക്കാം.

9 comments:

Haree said...

"വൈവിദ്ധ്യമാര്‍ന്ന മാംസാഹാരം നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചീനക്കാരെക്കാള്‍ പാലൊഴികെ മറ്റ് മാംസാഹാരം കഴിക്കാത്ത നിരവധി ഇന്ത്യക്കാരെക്കാള്‍ ജീവിത ദൈര്‍ഘ്യം കൂടുതലാണെന്ന് ഓര്‍ക്കണം. " - ഇതെന്തുവാ!

ഐശ്വര്യ റായുടെ കാര്യം പറഞ്ഞില്ല; വെജോ, നോണ്‍‌വെജോ? :-) ഓഫിനു സോറി.
--

ദേവന്‍ said...

ചീനക്കാര്‍ക്ക് എന്നടിച്ചപ്പോ തെറ്റിയതാ ഹരീ. സോറി. അത് തിരുത്തി.

ഐഷു എന്തു കിട്ടിയാലും കഴിക്കുമെന്നാണ്‌ പ്രൊഫൈലില്‍.(കല്യാണം വരെ കഴിക്കും)

Suraj said...

മാംസപ്രധാന ഭക്ഷണം കഴിക്കുന്ന പാശ്ചാത്യ നാടുകളെക്കാള്‍ സസ്യാഹാരപ്രേമികളായ ഇന്ത്യക്കാരുടെ ഇടയില്‍ ഹൃദ്ഗ്രോഹം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ കുറവാണ്‌ എന്നത് ശാസ്ത്രീയമായിത്തന്നെ സസ്യാഹാരത്തിന്റെ ഗുണമേന്മയായി കാണാമല്ലോ?

ജീവിത ശൈലിയിലെ മാറ്റങ്ങള്‍ ഈ വക രോഗങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടാകാം എന്നത് അനിഷേധ്യമായ ഒരു സാധ്യത തന്നെയാണ്. പക്ഷേ ഈ വിഷയത്തെ വേറൊരു രീതിയിലും സമീപിക്കേണ്ടതുണ്ട്. (നാം സ്ഥിരമായി കേള്‍ക്കുന്ന “പണ്ടുള്ളവര്‍ക്ക് ഈവിധ രോഗങ്ങളൊന്നും കേട്ടിട്ടില്ലല്ലോ, ഇന്ന് ഇതൊക്കെ കൂടുതലല്ലേ” എന്നുള്ള പല്ലവിയും ഇതോട് ചേര്‍ത്ത് ഉത്തരം തേടേണ്ട ഒന്നാണ്.)

ഹൃദ്രോഗം,പ്രമേഹം,കാന്‍സര്‍ രക്താതിസമ്മര്‍ദ്ദം തുടങ്ങിയവ Diseases of chronicity ആണ് എന്നത് വളരെ പ്രധാനമാണ്‍. അതായത് ഒരു ജനസമൂഹത്തിലെ ഭൂരിപക്ഷം രോഗികളിലും ഒരു പ്രായം കഴിയുമ്പോഴാണ് ഇവയുടെ ആവിര്‍ഭാവം എന്നത് പഠനങ്ങള്‍ നിരന്തരമായി ചൂണ്ടിക്കാട്ടുന്ന കാര്യം .

ഒരു ജനസമൂഹത്തിന്റെ ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് ഈ വക “ക്രോണിക്” രോഗങ്ങള്‍ കൂടുതലായി കണ്ടുതുടങ്ങുന്നു. 80 വയസ്സ് ശരാശരി ആയുര്‍ദൈര്‍ഘ്യമുള്ള ഒരു സമൂഹത്തില്‍ കാണുന്ന രോഗങ്ങള്‍ മുഖ്യമായും പ്രായത്തിന്റേതായി വരുന്ന സനാതന രോഗങ്ങളാവുന്നതില്‍ അതിശയമൊന്നുമില്ല. 60 വയസ്സ് ശരാശരി ആയുസ്സുള്ള ഒരു ജനസമൂഹത്തില്‍ കൂടുതല്‍ പ്രധാനപ്പെട്ട ഇഷ്യൂ ഇന്‍ഫക്ഷനുകളോ acute രോഗാവസ്ഥകളാവുന്നതും ഇതുപോലെ സ്വാഭാവികം. ഉദാഹരണത്തിന് അമേരിക്കയിലൊ ഫിന്‍ലന്റിലോ മുഖ്യമരണകാരണം ഹൃദ്രോഗമാണെങ്കില്‍ ഇന്ത്യയിലും സബ് സഹാറന്‍ ആഫ്രിക്കയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് വയറിളക്കങ്ങളും ടിബി പോലുള്ള ശ്വാസകോശ അണുബാധമൂലവും വഴിയുമൊക്കെയാണ്.

മറ്റൊരു പ്രധാന പ്രശ്നം early diagnosis-ന്റേതാണ്. ശരാശരി 30-ആം വയസ്സുമുതല്‍ ഗര്‍ഭാശയഗള കാന്‍സറിനായും 40-50 വയസ്സില്‍ ഹൈപ്പര്‍ ടെന്‍ഷന്‍, ഡയബീടിസ്, സ്തന കാന്‍സര്‍ കുടല്‍ കാന്‍സര്‍ എന്നിവയ്ക്കായും സ്ക്രീനിങ് പരിപാടികള്‍ ആരംഭിക്കുന്ന വികസിത ജന സമൂഹത്തില്‍ ഈ രോഗങ്ങള്‍ ആരംഭത്തിലേ കണ്ടെത്തപ്പെടുന്നു. സ്വാഭാവികമായും കണക്കുകള്‍ നോക്കുമ്പോള്‍ “രോഗി” എന്ന കാറ്റഗറിയില്‍പ്പെടുന്നവര്‍ കൂടുതല്‍ കാണുകയും ചെയ്യും. എന്നാല്‍ ഇന്ത്യയെപ്പോലെ ഒരു വികസ്വര രാജ്യത്തോ ? സനാതന രോഗങ്ങള്‍ക്കായി കൃത്യമായി സംഘടിപ്പിക്കപ്പെടുന്ന എന്ത് സ്ക്രീനിങ് പ്രോഗ്രാമാണുള്ളത് ? സ്ക്രീനിങ് ചെയ്യപ്പെടാത്ത സമൂഹത്തില്‍ രോഗികള്‍ എന്ന് ബ്രാന്റ് ചെയ്യപ്പെടുന്നവരും കുറവ്, മൊത്തം എണ്ണവും കുറവ് - എന്നുവച്ച് രോഗം ഇല്ല എന്ന് പറയാനാവുമോ ?

ഇന്ത്യയില്‍ ഏറ്റവുമധികം സ്ത്രീപീഡന കേസ് റെജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ് - എന്നുവച്ചാല്‍ ജനം കൂടുതല്‍ aware ആയതിനാല്‍ കേസുകള്‍ റെജിസ്റ്റര്‍ ചെയ്യുന്നു. എന്നുവച്ച് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങള്‍ നടക്കുന്നത് കേരളത്തിലാണെന്ന് പറയാനാവില്ലല്ലോ, അതുപോലെതന്നെയാണ് ഈ സ്ക്രീനിങ്ങിന്റെ കാര്യവും.

സു | Su said...

സസ്യാഹാരമായാലും മാംസാഹാരമായാലും അവനവനു ദഹിക്കുന്നതേ കഴിക്കാവൂ. ആരോഗ്യം നോക്കിയിട്ടേ വെട്ടിവിഴുങ്ങാവൂ. അല്ലെങ്കിൽ കുഴപ്പം തന്നെ. അല്ലാതെ സസ്യം നല്ലത് മാംസം നല്ലത് എന്നൊന്നും ഇല്ല.

Siju | സിജു said...

സസ്യാഹാരികളുടെ ക്ഷമാശീലത്തിനു ഉദാഹരണമായി കഴിഞ്ഞ വര്‍ഷം സെക്സി വെജിറ്റേറിയനായി പേട്ട തിരഞ്ഞെടുത്ത ശ്രീശാന്തിനേയും നോക്കാവുന്നതാണ്‌:-)

ജയരാജന്‍ said...

ഈ ലിങ്ക് ഒന്ന് നോക്കൂ; പിന്നെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന ജീവികളുടെ (കോഴി, പന്നി, മാട് etc.) ഇറച്ചി കഴിക്കുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കും :)

ദേവന്‍ said...

ജയരാജന്‍, സൂ, നന്ദി

സിജൂ. എന്താ ഈ പറയുന്നത്, ശ്രീശാന്ത് എന്ന പേരില്‍ തന്നെ ഒരു ശാന്തതയില്ലേ ?

സൂരജ്, വളരെ ശരിയാണ്‌. ശരാശരി മുപ്പതുകളില്‍ കിടന്നു കറങ്ങിയ കാലത്തെക്കുറിച്ചാണ്‌ "അന്നൊന്നും ഹൃദ്രോഗവും പ്രമേഹവും ഇല്ലായിരുന്നു" എനൊക്കെ ഗീര്വ്വാണങ്ങള്‍ ഇറക്കുന്നത്. പിന്നെ ഭക്ഷണമേ കിട്ടാന്‍ ഗതിയില്ലാത്തവരുടെ ഇടയില്‍ എന്തു സ്ക്രീനിങ്ങ്. "ഒരാഴ്ച കിടപ്പായിട്ടും, പെട്ടെന്നു കുഴഞ്ഞു വീണും, കുറച്ചു നാളത്തെ വയറുവേദനകൊണ്ടും" ഒക്കെ ഒരു ദിവസം അങ്ങു പോകും. അതുവരെ ഒരു രോഗവുമില്ല, ചെക്കപ്പുമില്ല, ചികിത്സയുമില്ല. രോഗിയോ ആരു രോഗി?

kaalidaasan said...

ജീവിത ശൈലിയിലെ മാറ്റങ്ങള്‍ ഈ വക രോഗങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടാകാം എന്നത് അനിഷേധ്യമായ ഒരു സാധ്യത തന്നെയാണ്.

അനിഷേധ്യമായ സാധ്യത എന്നൊക്കെ ആദ്യമായി കേള്‍ക്കുകയാണ്.

ജീവിത ശൈലിയിലെ മാറ്റങ്ങള്‍ ഈ വക രോഗങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടാകാം എന്ന നിലയിലേക്ക് വന്നത് നല്ല കാര്യമാണ്. അങ്ങനെ ഉണ്ടെന്നുള്ളതിനു തെളിവില്ല എന്നായിരുന്നല്ലോ താങ്കളുടെ പഴയ നിലപാട്.

60 വയസ്സ് ശരാശരി ആയുസ്സുള്ള ഒരു ജനസമൂഹത്തില്‍ കൂടുതല്‍ പ്രധാനപ്പെട്ട ഇഷ്യൂ ഇന്‍ഫക്ഷനുകളോ acute രോഗാവസ്ഥകളാവുന്നതും ഇതുപോലെ സ്വാഭാവികം.

ഇതു വളരെ വിചിത്രമയ ഒരു നിലപാടാണ്. ഒരു ഡോക്ടറില്‍ നിന്നും പ്രതീക്ഷിക്കാന്‍ പറ്റാത്ത ഒരു വാദമാണിത്. ഇന്‍ ഫെക്ഷനും acute രോഗാവസ്തകളും കൂടുതല്‍ പ്രാധാനപ്പെട്ട ഇഷ്യു ആകുന്നത് സമൂഹത്തിന്റെ ശരാശരി ആയുസ്സനുസരിച്ചാണെന്ന് പറയുന്ന ആള്‍ ഡോക്ടറാണെന്നത് തന്നെ അതിശയം . ഡോക്ടര്‍ക്ക് ശ്രദ്ധിക്കാന്‍ ഇതാ ഒരു റിപ്പോര്‍ട്ട്. അമേരിക്കയില്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്ന രോഗങ്ങളേക്കുറിച്ചാണിത്.

15 Most Common Causes of Death in the United States



15 Most Common Causes of Death in the United States
by the Editors of Publications International, Ltd.

Where you live has a good deal to do with how you will die. In the United States, the top two causes of death are responsible for more than 50 percent of the annual death toll. In the world at large, there's a lot more variety in how you meet your Maker. Here is our list of the 15 most common causes of death in the United States:


Cause Percent of Total
1. Diseases of the heart 28.5
2. Malignant tumors 22.8
3. Cerebrovascular diseases 6.7
4. Chronic lower respiratory diseases 5.1
5. Accidents (unintentional injuries) 4.4
6. Diabetes mellitus 3.0
7. Influenza and pneumonia 2.7
8. Alzheimer's disease 2.4
9. Nephritis, nephrotic syndrome, and nephrosis 1.7
10. Septicemia (blood poisoning) 1.4
11. Suicide 1.3
12. Chronic liver disease and cirrhosis 1.1
13. Primary hypertension and hypertensive renal disease 0.8
14. Parkinson's disease (tied) 0.7
15. Homicide (tied) 0.7

Suraj said...

ഇതു വളരെ വിചിത്രമയ ഒരു നിലപാടാണ്. ഒരു ഡോക്ടറില്‍ നിന്നും പ്രതീക്ഷിക്കാന്‍ പറ്റാത്ത ഒരു വാദമാണിത്. ഇന്‍ ഫെക്ഷനും acute രോഗാവസ്തകളും കൂടുതല്‍ പ്രാധാനപ്പെട്ട ഇഷ്യു ആകുന്നത് സമൂഹത്തിന്റെ ശരാശരി ആയുസ്സനുസരിച്ചാണെന്ന് പറയുന്ന ആള്‍ ഡോക്ടറാണെന്നത് തന്നെ അതിശയം

ഞാനെഴുതിയ വാചകത്തിന്റെ അര്‍ത്ഥം പോലും മനസിലാക്കിയിട്ടില്ല കാളിദാസന്‍ ജീ. എന്നാലെന്ത് ! തുള്ളലിനൊരു കുറവുമില്ല! ഹമ്പമ്പോ !!!!

ഞാനെഴുതിയത് ഇങ്ങനെ :

“ഒരു ജനസമൂഹത്തിന്റെ ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് ഈ വക “ക്രോണിക്” രോഗങ്ങള്‍ കൂടുതലായി കണ്ടുതുടങ്ങുന്നു. 80 വയസ്സ് ശരാശരി ആയുര്‍ദൈര്‍ഘ്യമുള്ള ഒരു സമൂഹത്തില്‍ കാണുന്ന രോഗങ്ങള്‍ മുഖ്യമായും പ്രായത്തിന്റേതായി വരുന്ന സനാതന രോഗങ്ങളാവുന്നതില്‍ അതിശയമൊന്നുമില്ല. 60 വയസ്സ് ശരാശരി ആയുസ്സുള്ള ഒരു ജനസമൂഹത്തില്‍ കൂടുതല്‍ പ്രധാനപ്പെട്ട ഇഷ്യൂ ഇന്‍ഫക്ഷനുകളോ acute രോഗാവസ്ഥകളാവുന്നതും ഇതുപോലെ സ്വാഭാവികം. ഉദാഹരണത്തിന് അമേരിക്കയിലൊ ഫിന്‍ലന്റിലോ മുഖ്യമരണകാരണം ഹൃദ്രോഗമാണെങ്കില്‍ ഇന്ത്യയിലും സബ് സഹാറന്‍ ആഫ്രിക്കയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് വയറിളക്കങ്ങളും ടിബി പോലുള്ള ശ്വാസകോശ അണുബാധമൂലവും വഴിയുമൊക്കെയാണ്.”


ഞാനെഴുതിയത് എതിര്‍ക്കാനെന്ന മട്ടില്‍ കാളിദാസണ്ണന്‍ ഇട്ട ലിസ്റ്റ് മുകളിലെ വാചകത്തെ ശരിവയ്ക്കുകയാണ് ചെയ്യുന്നത് എന്നു പോലും അണ്ണന്‍ ഓര്‍ത്തില്ലെന്ന് തോന്നുന്നു ;))))

കൂടെക്കൂടെ “ഇതെഴുതിയത് ഒരു ഡോക്ടറാണ്” എന്ന് പൊക്കിപ്പിടിക്കണമെന്നില്ല. കാളിദാസണ്ണന്‍ മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്സില്‍ ട്യൂഷനെടുക്കാന്‍ തുടങ്ങുമ്പം അറിയിച്ചാമതി വന്നിരുന്നുതരാം !