
അവില്‍ എന്നു പറഞ്ഞാല്‍ ഇപ്പോഴത്തെയാള്‍ക്കാര്‍ അലര്‍ജിക് മാനിഫെസ്റ്റേഷനു ഡോക്റ്റര്‍ കുറിച്ചു തരുന്ന ഫെനിറാമൈന്‍ മാലിയേറ്റ് ആണെന്നു കരുതിയാലോ. സന്തോഷിന്റെ ബെര്‍ത്ത്‌ഡേ അവിലിന്റെ പടം ഇവിടെ പകര്‍ത്തി.
അവില്‍ ഏക് അത്ഭുത് ഭോജന്‍ ഹേ. നെല്ലു വറുത്ത് ഉരലില്‍ ഇടിച്ച് ഉമിയൊന്നു പാറ്റിയാല്‍ അവിലായി. ഉണ്ടാക്കാനെളുപ്പം. ഫൈബര്‍, മിനറലുകള്‍ പ്രോട്ടീനുകള്‍ എന്നിവയാല്‍ സമ്പുഷ്ടം.
വൈറ്റമിന്‍ ബി1 അഥവാ തയമിന്‍ തവിടില്‍ ധാരാളമായുണ്ട് (വെള്ളം തിളച്ച് അരി ചോറാകുമ്പോഴേക്ക് ഇത് നഷ്ടപ്പെട്ടുപോകും) തയമിന്റെ കുറവ് തളര്‍ച്ച, വിളര്‍ച്ച (ഹ ഹ.. വഴിയില്‍ മരുന്നു വില്‍ക്കുന്നവന്റെ ടേര്‍മിനോളജി) മലബന്ധം, ബ്രാഡി/ടാച്ചിക്കാര്‍ഡിയ (ഹൃദമിടിപ്പിന്റെ വേഗതാ വ്യതിയാനങ്ങള്‍) മാന്ദ്യം, ഓര്‍മ്മക്കുറവ്, ഭയം, വിഷാദരോഗം എന്നിവക്കും ഗുരുതരമായ ഡെഫിഷ്യന്‍സി ബെറി ബെറി എന്ന മാരകമായ രോഗത്തിനും കാരണമാകുന്നു. തയമിനെ ഇവിടെ വിക്കാം http://en.wikipedia.org/wiki/Thiamine എന്നതിനാല്‍ വിസ്തരിക്കുന്നില്ല.
പൂജിച്ച (ഈ പൂജയല്ലേ പ്ലാസിബോ എഫക്റ്റ്!!) അവില്‍ കഴിച്ച നങ്ങേമക്കു ഗന്ധര്‍വ്വന്‍ കൂടലും, നാണൂച്ചാര്‍ക്ക് പ്രേതഭയവും, കുഞ്ഞുണ്ണൂലിക്ക് ഗുന്മനും ഉമ്മിണിമോള്‍ക്ക് പഠിക്കാന്‍ ഉത്സാഹമില്ലാതെ പക്കിവാത പിടിച്ചിരിക്കലും ഒരുമിച്ച് മാറുന്നതിന്റെ പിന്നിലെ മന്ത്രം ഇത്രയേ ഉള്ളു.
അവിലെന്തിനു നമ്മള്‍ നിത്യഭക്ഷണമാക്കിയെന്നറിയാന്‍ അതിലെ ടോക്കോട്രൈനോള്‍: (വിക്കേണ്ടവര്‍ ഇങ്ങോട്ടു പോകാം;- (http://en.wikipedia.org/wiki/Tocotrienol) എന്ന വൈറ്റമിന്‍ E ഘടകത്തെ അറിഞ്ഞാല്‍ മതി. അവിലില്‍ ധാരാളമായി കാണുന്ന കാണുന്ന ടോക്കോട്രൈനോള്‍ നമ്മുടെ കോശങ്ങളെ ഫ്രീ റാഡിക്കത്സ് (ഓര്‍ക്കുന്നില്ലേ സ്നേഹക്കെണിയിലും മറ്റുമുണ്ടാകുന്ന ആ കൊലയാളിയായ അണ്ടിപോയ അണ്ണാനെ?) ഉണ്ടാകുന്നതിനെ തടുത്ത് നമുക്ക് ഹൃദ്രോഗം, എല്ലാത്തരം ക്യാസറുകള്‍, പ്രമേഹം, രക്തദൂഷ്യങ്ങള്‍ എന്നിവയില്‍ നിന്നും സംരക്ഷണം തരുന്നു.
അവിലെന്തിനു കുഴച്ചു കഴിക്കുന്നു?
ഇത്തിരി വെള്ളവും പഞ്ചസാരയും ചേര്‍ത്തോ കടലക്കറിയോ മീന്‍ ചാറോ ചേര്‍ത്തോ കഴിച്ചാല്‍ പോരേ എന്നാലോചിച്ചിട്ടുണ്ടോ? പോരല്ലോ. അവിലില്‍ ചേര്‍ക്കുന്ന പഴം വൈറ്റമിന്‍ എ, സി, ബി 6 എന്നിവയും ശര്‍ക്കര, ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം തുടങ്ങി ഒട്ടനവധി ധാതുക്കളും ലവണങ്ങളും തരുന്നു. തേങ്ങ അതിനെ ഫ്രഷ് പ്ലാന്റ് ഫാറ്റാലെ പുഷ്ടവും (right fat at right quantity is right)ഇത്തിരി നെയ്യ് മാംസഭക്ഷണത്തില്‍ നിന്നല്ലാതെ കിട്ടാന്‍ ബുദ്ധിമുട്ടുള്ള വൈറ്റമിന്‍ ബി പന്ത്രണ്ടും തരും. നെയ്യിന്റെ കൊളസ്റ്റ്രോള്‍ കെണി അതിശക്ത കീലേറ്റര്‍ ആയ ശര്‍ക്കര തടുക്കും ഫ്രീ റാദിക്കലെങ്ങാനുണ്ടായാല്‍ ടോക്കോട്രൈനോള്‍ തവിടിലുണ്ട്. ഇതു തന്നെ അമൃതെന്ന് എനിക്കു സംശയമില്ല.
ചോക്കിംഗ് ഹസാര്‍ഡ്
അവില്‍ ചെറിയ കുട്ടികള്‍ക്ക് തൊണ്ടയില്‍ കുടുങ്ങിപ്പോയേക്കാം, അണ്ണാക്കില്‍
ഒട്ടിപ്പിടിക്കാവുന്ന ആകൃതിയുമുള്ളതിനാല്‍ കൂടുതല്‍ അപകടകാരിയായേക്കാം കുട്ടികള്‍ക്ക് അവില്‍ നനച്ചത്.
നാട്ടറിവ്
അവിലിന്റെ വകയില്‍ ഒരു കസിന്‍ ആണ് മലര്‍ എന്ന നമ്മുടെ പോപ്പ് നെല്ല്. ഇതിയാനും അസ്സല്‍ ഭക്ഷണം, സായിപ്പിന്റെ ചോളപ്പൊരി പോലെ ഉപ്പും എണ്ണയും ചേര്‍ത്തല്ല, വെറുതേ വറുത്തു പൊട്ടിച്ചെടുക്കുകയാല്‍ ആരോഗ്യകരം, അവിലിന്റെ അടുത്തൊക്കെ വരുന്ന സമ്പുഷ്ടിയും. ഗ്യാസ് ട്രബിള്‍ പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്കും പുളിച്ചു തികട്ടല്‍ അഥവാ ആസിഡ് റിഫ്ലക്സ്- GERD (ദോ ലങ്ങോട്ട് വിക്കിക്കോ http://en.wikipedia.org/wiki/GERD) എന്നീ കാരണങ്ങളാല്‍ ഉണ്ടാകുന്ന വായുകോപം പിടിച്ച പിടിയാല്‍ നിറുത്താന്‍ ഒരെളുപ്പ വഴിയാണ് മലര്‍ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കല്‍ (ജീരകവെള്ളം ഇടുന്നതു പോലെ ഒരു പിടി മലര് വെള്ളത്തിലിട്ടു തിളപ്പിക്കുക അത്രയേ ഉള്ളു ഇതിന്റെ റെസിപ്പി}
ഈ പോസ്റ്റ് അവില്‍ക്കൊതിയന്‍ ഏവൂരാനും അവിലിയന്‍ നൊവാള്‍ജിയ പിടിച്ചിരിക്കുന്ന പ്രാപക്കും സമര്‍പ്പിതം;
(അല്‍ ടോ
1. പണിക്കൂടുതല്‍ കാരണം ഇരിക്കപ്പൊറുതിയില്ലാതായ ഡോക്റ്റര്‍മാര്‍ ഇന്നലത്തെ ഗള്‍ഫ് ന്യൂസ് ഫ്രൈഡേ മാസികയില്‍ UAE യില്‍ ഭയാനകമാം വിധം ഹൃദയ ധമനീരോഗങ്ങളും ക്യാന്‍സറുകളും മറ്റ് ജീവിതരീതീജന്യമായ അസുഖങ്ങളും വര്‍ദ്ധിക്കുന്നെന്ന് "കുറച്ച് മര്യാദക്ക് തിന്നിനെടാ ഹിമാറുകളേ"സൂചനയോടെ ഒരു ഉപന്യാസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ നിരത്തുന്ന സ്റ്റാറ്റിസ്റ്റിക്സ് കേട്ടാല്‍ മാത്രം മതി മനുഷ്യന്‍ അറ്റാക്ക് വന്നു തീര്‍ന്നു പോകാന്‍.
2. ധമനീരോഗം മാനസികമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സായ്പ്പന്മാര്‍ ഇപ്പോഴല്ലേ പ്രബന്ധമെഴുത്ത് തുടങ്ങിയത്, കവി ബിച്ചു തിരുമല ഇരുപത്തഞ്ച് വര്‍ഷം മുന്നേ "തെയ്യാട്ടം ധമനികളില്‍-മനസ്സില്‍ രഥോത്സവം" എന്ന് മനസ്സിലുണ്ടാവുന്ന പ്രശ്നങ്ങളും ധമനീ സങ്കോചവും തമ്മിലുള്ള ഈ പെയറിംഗ് വ്യക്തമായി വിശദീകരിച്ചിട്ടുള്ളതാ. അല്ലെങ്കിലും നമ്മള്‍ ഇന്ത്യക്കാരുടെ വാക്കിനു വിലയില്ലല്ലോ.)