വാര്‍ത്തകള്‍ മുടങ്ങാതെ വരുന്നുണ്ട്. ഡെങ്കിപ്പനിയെക്കുറിച്ചും,
അതിനു മുന്നേ ജാപ്പനീസ് എന്‍സിഫാലിറ്റിസിനെക്കുറിച്ചും
വന്നുകൊണ്ടിരുന്ന സ്ഥിരം കോളത്തിലാണിതും ഇപ്പോള്‍ വരുന്നത്.
മന്തും മലേറിയയും ഇക്കാലത്ത് വാര്‍ത്തയാകാന്‍ പോലും
പ്രാധാന്യമില്ലാത്ത രോഗങ്ങളായി. വരും നാളുകളില്‍ റോസ് റിവര്‍,
ബര്‍മ്മാ ഫോറസ്റ്റ്, മുറേ വാലി, വെസ്റ്റ് നൈല്‍ തുടങ്ങി പലതരം
പനികളും മേല്‍പ്പറഞ്ഞവക്കൊപ്പം കേരളത്തില്‍ പ്രതീക്ഷിക്കാം,
കൊതുകുകള്‍ മിടുക്കികളായ കുടിയേറ്റക്കാരികളാണ്. കൊതുകുകളുടെ
എണ്ണം കൂടുന്നതനുസരിച്ച് പകര്‍ച്ചവ്യാധികളും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.
കൊതുകുളും അവ പരത്തുന്ന രോഗങ്ങളും
ആണും പെണ്ണും രണ്ടു തരം ഭക്ഷണം കഴിക്കുന്നുവെന്ന പ്രത്യേകത
കൊതുകുവര്‍ഗ്ഗത്തിനുണ്ട്. പതിമൂന്നു വര്‍ഗ്ഗങ്ങളിലായി
രണ്ടായിരത്തി അഞ്ഞൂറില്‍ പരം കൊതുകളുണ്ട്. അംഗസംഖ്യ എടുത്താല്‍
ഇതില്‍ ഭൂരിഭാഗവും ക്യൂലക്സ്, അനോഫിലിസ്, അഡെസ് എന്ന മൂന്നു വര്‍ഗ്ഗങ്ങളില്‍പ്പെടുന്നവയാകും.
ലോകത്തെ കീഴടക്കാനാഞ്ഞ അലക്സാണ്ടര്‍ മരിച്ചു വീണത് ഈ ചെറു
ഷഡ്പദം മൂലമാണ്. റോമാ സാമ്രാജ്യം തകര്‍ന്നതിലും മലേറിയ ഒരു
വലിയ പങ്കു വഹിച്ചു. രാഷ്ട്രങ്ങളെയും സംസ്കാരങ്ങളെയും കൂടി
ഇല്ലാതാക്കിയ ചരിത്രമുള്ള കൊതുകുവര്‍ഗ്ഗത്തോട് മുപ്പതിനായിരം
വര്‍ഷത്തെ മനുഷ്യന്റെ അറിയപ്പെടുന്ന ചരിത്രത്തില്‍ നടത്തിയ
യുദ്ധങ്ങള്‍ തോറ്റ കഥകളാണേറെയും.
വംശം | ക്യൂലക്സ് | അനോഫിലിസ് | അഡെസ് |
കൂടുതലായി പെരുകുന്ന സ്ഥലങ്ങള്‍ | മലിനമായ നഗരങ്ങള്‍, കെട്ടിക്കിടക്കുന്ന ഓടകള്‍, അഴുക്കു | ഗ്രാമപ്രദേശങ്ങള്‍, ചതുപ്പുകുളങ്ങള്‍ | കെട്ടിക്കിടക്കുന്ന ഓടകള്‍, അഴുക്കു കുളങ്ങള്‍, തുറന്ന |
പൊതുവില്‍ ആക്രമിക്കുന്ന സമയം | രാത്രി മുഴുവന്‍ | രാത്രി മുഴുവന്‍ | രാവിലേയും വൈകുന്നേരവും |
പരത്തുന്ന വൈറസുകള്‍* | വെസ്റ്റ് നൈല്‍ | ഓനിയോനിയൊങ്ങ് | ഡെങ്കിപ്പനി- |
പരത്തുന്ന വിരകള്‍ | മന്തും മറ്റു ഫൈലേറിയകളും, Dog Heartworm |
| Dog Heartworm |
പരത്തുന്ന പ്രോട്ടോ-സോവ |
| മലമ്പനി |
രാസവസ്തുക്കളുപയോഗിച്ച് കൊതുകിനെ വംശനാശം വരുത്താമെന്ന സ്വപ്നം
ഡി. ഡി. റ്റിക്കേറ്റ വന് തിരിച്ചടിയോടെ ഉപേക്ഷിക്കേണ്ടിവന്നു.
മലമ്പനി പൊട്ടിപ്പുറപ്പെടുമ്പോള്‍ ഇന്നും മലാത്തിയോണ്‍
ഉപയോഗിക്കാറുണ്ട്. അല്ലെത്രിന്‍ എന്ന കീടനാശിനിയാല്‍
നിര്‍മ്മിതമായ കൊതുകുതിരികള്‍ പുകക്കല്‍ (ആമ മാര്‍ക്ക്,
മാക്സോ മുതലായ ബ്രാന്റുകളില്‍ ലഭിക്കുന്നു), പല്ലെത്രിന്‍ എന്ന
കീടനാശിനി ഇലക്റ്റ്ട്രിക്ക് യന്ത്രത്തില്‍ വച്ച് ബാഷ്പമാക്കല്‍
(Good Knight, Liquidator, AllOut തുടങ്ങിയ ബ്രാന്റുകളില്‍
ലഭിക്കുന്നുണ്ട്), എന്നീ വ്യക്തിതല കൊതുകു നിയന്ത്രണമാണ് ഇന്ന്
രാസ നിയന്ത്രണത്തിനു ശ്രമിക്കുന്നവര്‍ ഉപയോഗിക്കുന്നത്.
കീടനാശിനികളുടെ പുകയും ബാഷ്പവും ഗുരുതരവും മാരകവുമായ
ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്ന് മാത്രമല്ല, കൊതുകളെ
കുറച്ചു നേരത്തേക്ക് മാറ്റി നിറുത്തുകയല്ലാതെ ഇല്ലാതാക്കുവാന്‍
ഇവയ്ക്ക് കഴിയുകയില്ല. പല്ലെത്രിന്‍ ജലജീവികള്‍ക്ക് വലിയ
ഭീഷണിയാണ്. ഉപയോഗിച്ചശേഷം ഓടയിലും മറ്റും ഉപേക്ഷിക്കുന്ന
പല്ലെത്രിന്‍ "mat" തവള, ആമ, മീനുകള്‍ എന്നിവയെ നശിപ്പിച്ച്
കൊതുകളുടെ എണ്ണം കൂട്ടുന്നു.
ഫെന്തിയോണ്‍ പോലെയുള്ള കീടനാശിനികള്‍ കോര്‍പ്പറേഷനുകളും
മറ്റും പരിപൂര്‍ണ്ണമായും ഉപയോഗശൂന്യമായ ഇടങ്ങളില്‍
തളിക്കുന്നത്, പരിസ്ഥിതി പ്രശ്നങ്ങള്‍ക്കു വിധേയമായെങ്കിലും
താല്ക്കാലിക ഫലം ചെയ്യാറുണ്ട്.
കൊതുകുകള്‍ മറ്റു ജീവികള്‍ പുറപ്പെടുവിക്കുന്ന കാര്‍ബണ്‍ ഡൈ
ഓക്സൈഡ് പോലെയുള്ള പല പദാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞും, ഇരകളെ
കണ്ണുകള്‍ കൊണ്ട് തിരഞ്ഞു പിടിച്ചും ചര്‍മ്മത്തിന്റെ ചൂട്
കണ്ടെത്തിയുമാണ് അറിയുന്നത്. ഇതിനാല് ഇലക്ട്രിക്ക്
റിപ്പല്ലന്റ് തുടങ്ങിയ യന്ത്രങ്ങള് ഫലപ്രദമല്ല. അവ
വളരെക്കുറച്ച് കൊതുകുകളെ മാത്രമേ ഇല്ലാതാക്കുന്നുള്ളു.
ഉറങ്ങുന്ന ഭരണകൂടം, ഇരുട്ടില് തപ്പുന്ന
മാദ്ധ്യമങ്ങളും.
ഒരു പമ്പും നല്കി ഓടകളില്‍ കീടനാശിനി തളിക്കാന്‍ ചില
കൂലിപ്പണിക്കാരെ കോര്‍പ്പറേഷനുകള്‍ തോട്ടികളോടൊപ്പം
നിയമിക്കുന്നതൊഴിച്ചാല്‍ ഒരു വെക്റ്റര്‍ കണ്ട്രോള്‍ നടപടിയും
സ്വീകരിച്ചതായി അറിവില്ല.
ചേര്‍ത്തലയിലെയും ആലപ്പുഴയിലേയും കൊതുകളെക്കുറിച്ച്
പഠിക്കാന്‍ കുറച്ചുവര്‍ഷം മുന്നേ സ്റ്റേറ്റ് വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിരുന്നു. പ്രസ്തുത
സ്ഥാപനം, ആലപ്പുഴയിലെ മെഡിക്കല് കോളേജില്‍ അനുവദിച്ചു കിട്ടിയ
മുറിക്കു പകരം സ്വന്തമായി ഒരോഫീസും ലാബും വേണമെന്ന്
ആവശ്യപ്പെട്ടതടക്കം തുടങ്ങിയതില്‍ ഇന്നുവരെയുള്ള ഒരു നിവേദനവും
പരിഗണിച്ചിട്ടില്ലെന്ന് പരാതിപ്പെടുന്നു.
പത്രമാദ്ധ്യമങ്ങളും കൃത്യമായ വിവരങ്ങള്‍ നല്കുന്നതിനു
ശ്രമിക്കാതെ മരണ വാര്‍ത്തകളില്‍ മാത്രം താല്പ്പര്യം
കാട്ടുന്നു. മുഖചിത്രമടക്കം "ചിക്കുന് ഗുനിയ സ്പെഷ്യല്‍"
പതിപ്പിറക്കിയ സമകാലിക മലയാളം വാരികയില്‍
പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ഒരു ന്യൂസ് റിപ്പോര്‍ട്ട്
ഒഴിച്ചാല്‍ ആകെ ഉണ്ടായിരുന്നത് ഡോ. സിദ്ധാര്‍ത്ഥന്‍ എഴുതിയ
വളരെ ചുരുങ്ങിയ ഒരു റിപ്പോര്‍ട്ട് മാത്രമാണ്. പ്രാഥമികമായ
വിവരങ്ങള്‍ മാത്രമടങ്ങുന്ന അതില്‍ രോഗനിര്‍ണ്ണയത്തിനാവശ്യമായ
ആര്‍ ടി - പീ സി ആര്‍ ടെസ്റ്റ് (ഒരു ആര്‍ എന്‍ ഏ മാപ്പിംഗ്
സംവിധാനം) നാട്ടില്‍ ഇല്ലാത്തനിനാല്‍ ഡെല്ഹിയിലോ പൂനയിലോ
സാമ്പിളുകള്‍ അയക്കുന്നെന്ന് പറയുന്നു. ക്രിയാത്മകമായ
ലേഖനങ്ങള്‍ ആകെ കണ്ടത് മലയാളം ബ്ലോഗ്ഗുകളിലെന്ന് പറയാതെ വയ്യ.
സമകാലികത്തിലും (ചിക്കനും
ചിക്കുന്‍ഗുന്യയും) മറ്റു ചില ബ്ലോഗ്ഗുകളിലും വിശദമായ
റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും പുരോഗമിക്കുന്നു. [ആര്‍ എന്‍ ഏ
മാപ്പിംഗ് കിറ്റ് എന്നത് വലിയ വിലപിടിപ്പുള്ള
സംവിധാനമല്ലെന്നും ചിക്കുന്‍ ഗുനിയ വൈറസിനു മ്യൂട്ടേഷന്‍
സംഭവിച്ചോയെന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമെന്നും
മറ്റുമടങ്ങുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളും ബ്ലോഗ്ഗുകളില്‍
മാത്രമൊതുങ്ങുന്നു.]
കൊതുകുകളെ ജയിക്കാന്‍
അഡെസ് കൊതുകുകള്‍ ഡെങ്കിപ്പനി കൊച്ചിയില്‍ പടര്‍ത്തിയ സമയത്ത്
നഗരത്തിലെ കൊതുകുകളെ നശിപ്പിക്കാനുള്ള വഴികളെപറ്റി പഠനം
നടത്തിയിരുന്നു. പഠനത്തില്‍ കൊച്ചിയിലെ എതാണ്ട് 90 ശതമാനം
കൊതുകുകളും ഓടകളില്‍ നിന്നും വരുന്നവയാണെന്നും, ബാക്കി പത്തു
ശതമാനം സെപ്റ്റിക്ക് ടാങ്കുകള്‍, വാട്ടര്‍ ടാങ്കുകള്‍,
വാട്ടര്‍ മീറ്റര്‍ ചേംബര്‍, പറമ്പിലും മറ്റും
ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, പൊട്ടക്കിണറുകള്‍ എന്നിവയിലാണു
വളരുന്നതെന്നും കണ്ടെത്തി.
- ഓടകളെ മൊത്തം മൂടുന്നതാണ് നഗരങ്ങളില്‍ കൊതുകിനെ
ഇല്ലാതാക്കാന്‍ ചെയ്യേണ്ട ആദ്യ പടി. വെള്ളം
കെട്ടിക്കിടക്കാതെ ഒഴുകാനുള്ള സംവിധാനവും വേണം. - പറമ്പില്‍ പാത്രങ്ങളും മറ്റും ഉപേക്ഷിക്കരുത്,
മഴവെള്ളം കെട്ടിക്കിടക്കുന്ന ചെളിക്കുണ്ടുകളും മലിന ജലം
കെട്ടിക്കിടക്കുന്ന ഓടകളുംവൃത്തിയാക്കുക. പൊതു ജനങ്ങളും
സംഘടനകളും, ക്ലബ്ബുകളും, സാമൂഹ്യപ്രവര്‍ത്തകരും,
സര്‍ക്കാരും ഇതിനു ഒരുമിച്ച് തുനിഞ്ഞിറങ്ങണം - കൂത്താടികള്‍ ഇല്ലാതെയാകാന്‍ വീട്ടുകുളങ്ങളിലും
കിണറുകളിലും (അവയുടെ വലിപ്പമനുസരിച്ച്) ഗംബൂസിയ, ഗപ്പി,
ചൈനീസ് കാര്‍പ്പ്, ഗൌരാമി എന്നീ മത്സ്യങ്ങളെ
വളര്‍ത്തിയാല്‍ മതിയാവും. - വലിയ കുളങ്ങളിലും വയലുകളിലും പ്രകൃതി തന്നെ നിയമിച്ച
വെക്റ്റര്‍ കണ്ട്രോളര്‍മാരായ മത്സ്യങ്ങളും തവളകളും ആമകളും
ഇല്ലാതെയായിപ്പോകാതിരിക്കാന്‍ ശ്രദ്ധിച്ചാല് മതിയാകും. - റബര്‍ തോട്ടങ്ങളില്‍ റബര്‍ പാലെടുക്കുന്ന ചിരട്ടകളും
മറ്റും മഴക്കാലത്ത് ഉപയോഗിക്കാതെയാകുമ്പോള്‍
എടുത്തുമാറ്റുക. - കക്കൂസുകളുടെ സെപ്റ്റിക്ക് ടാങ്ക് മാസ്റ്റിന്റെ മുകളില്‍
ഒരു ചെറു ഇരുമ്പു വലയോ പ്ലാസ്റ്റിക്ക് വലയോ കെട്ടേണ്ടത്
അത്യാവശ്യമാണ്. - കൊതുകുശല്യമുള്ള ഇടങ്ങളില്‍ വീടുകളുടെ ജനാലകളില്‍
നെറ്റ് അടിക്കുക. വാതിലുകള്‍ക്ക് എയര്‍ കര്‍ട്ടന്‍ വലിയ
ഗുണം ചെയ്യും. - ഉറങ്ങാന്‍ കൊതുകുവലകള്‍ ഉപയോഗിക്കുക. അഡെസ് കൊതുകു
പരത്തുന്ന അസുഖങ്ങള്‍ നിലവില്‍ നില്ക്കെ രാവിലെയും
വൈകുന്നേരവും കൊതുകടി ഏല്ക്കാതെ സൂക്ഷിക്കുക. - വീട്ടുപറമ്പില്‍ തുളസി, കാശിത്തുമ്പ, ജമന്തി, ലെമണ്‍
ഗ്രാസ്സ് എന്നീ ചെടികളും വേപ്പുമരവും വളര്‍ത്തുന്നത്
കൊതുകിന്റെ ശല്യം വളരെയേറെ കുറക്കും. - വളരെ കലശലായ ശല്യമുണ്ടെങ്കില്‍ വരാന്തകളിലും മറ്റും
പച്ച തുമ്പച്ചെടി കനലില് പുകച്ച പുക കൊള്ളിക്കുക.
ഉറക്കറകളില്‍ യാതൊരുവിധ പുകയും അരുത്. - ക്യാമ്പിംഗ്, ട്രെക്കിംഗ്, ബാര്‍ബെക്യൂ തുടങ്ങിയ
വേളകളില്‍ വേപ്പെണ്ണയോ യൂക്കാലിപ്റ്റസ് എണ്ണയോ
തേച്ചയിടങ്ങള്‍ ഏറെ നേരം കൊതുകുകടിയില്‍ നിന്നും
രക്ഷപ്പെടും. വേപ്പ് ചേര്‍ന്ന സോപ്പുകള്‍ കുറച്ചൊക്കെ
കൊതുകില്‍ നിന്നും സംരക്ഷണം തരുമെന്നും ചിലര്‍
പറയുന്നുണ്ട്.
വല്ലപ്പോഴും പൊട്ടിപ്പുറപ്പെടുന്ന കുറച്ച് അസുഖങ്ങള്‍
ഉണ്ടാകാനുള്ള കാരണം എന്നതിനെക്കാള്‍ കൊതുകുശല്യം കേരളത്തിന്റെ
ടൂറിസം, ഐ റ്റി മേഖലകളെ പ്രതികൂലമായി ബാധിക്കുകയും നാട്ടില്
സുരക്ഷിതമായ ജീവിതം അസാദ്ധ്യമാക്കുകയും ചെയ്യുന്ന ഒരു വന്‍
പ്രശ്നമായി മാറിക്കൊണ്ടേയിരിക്കുന്നു. സാധാരണഗതിയില്‍
മരണഹേതുവല്ലാത്ത ചിക്കുന്‍ ഗുനിയപോലെയുള്ള അസുഖങ്ങള്‍ കൂടി
വിനാശകാരികളാകുന്ന നമ്മുടെ നാട്ടിലേക്ക് ഒരു വിമാനത്തിലോ
കണ്ടെയിനറിലോ എത്തുന്ന വെസ്റ്റ് നൈല്‍ വൈറസ് പോലെ ഭീകരാണുവിനെ
വഹിക്കുന്ന ഒരു കൊതുക് ചിന്തിക്കാനാവാത്തവിധം ഭീകരമായ
കൂട്ടമരണങ്ങള്‍ക്ക് ഏതു നിമിഷവും തുടക്കമിട്ടേക്കാം.
കേരളത്തിലെ സര്‍ക്കാരും തദ്ദേശ ഭരണസ്ഥാപനങ്ങളും
നമ്മളോരോരുത്തരും അടിയന്തിരമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍
മലയാളിയെന്ന വംശം തന്നെ ഇല്ലാതെയായെന്നു വന്നുകൂടായ്കയില്ല.
ഒരതിശയോക്തിയെന്ന് തോന്നുന്നുണ്ടോ? ലോകം മുഴുവന്‍ കീഴടക്കാന്
ഒരുമ്പെട്ട അഥില്ലയുടെ ഹണ്‍ വംശം ഇല്ലാതായത് കൊതുകുമൂലമാണ്.
അക്കാലത്തെയപേക്ഷിച്ച് കൊതുകു പരത്തുന്ന ചികിത്സിക്കാനാവാത്ത
തരം രോഗങ്ങള്‍ ഇന്ന് വളരെ കൂടുതലുണ്ടുതാനും. കൊതുകുകളെ ഏറ്റവും
വലിയ ശത്രുവായി കണ്ട് ഒരിക്കല്‍ ന്യൂ ജേഴ്സിയും ബ്രസീലുമൊക്കെ
ചെയ്തതുപോലെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയേ കേരളത്തിനിനി
നിവൃത്തിയുള്ളു.
തര്‍ജ്ജനി മാസികയില്‍ കഴിഞ്ഞ വര്‍ഷം എഴുതിയ ലേഖനം. ശേഷം മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ ലേഖനങ്ങള്‍ എഴുതുകയുണ്ടായെങ്കിലും ഇതെഴുതുന്ന സമയം പെരിങ്ങോടന്റെ പോസ്റ്റ് അല്ലാതെ കൊതുകുകളെക്കുറിച്ച് ആരും മലയാളത്തിലെഴുതി കണ്ടിരുന്നില്ല.
2 comments:
തര്‍ജ്ജനി മാസികയില്‍ കഴിഞ്ഞ വര്‍ഷം എഴുതിയ ലേഖനം. ശേഷം മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ ലേഖനങ്ങള്‍ എഴുതുകയുണ്ടായെങ്കിലും ഇതെഴുതുന്ന സമയം പെരിങ്ങോടന്റെ പോസ്റ്റ് അല്ലാതെ കൊതുകുകളെക്കുറിച്ച് ആരും മലയാളത്തിലെഴുതി കണ്ടിരുന്നില്ല.
വളരെ നല്ല ലേഖനം ദേവേട്ടാ,
ഈയിടെ നടത്തിയ ഒരു പഠനത്തില്‍ കൊതുകുകളില്‍ വന്ന ജനിതക വ്യതിയാനങ്ങളെപ്പറ്റി പറഞ്ഞിരുന്നു, ഒരുപക്ഷെ സമീപ ഭാവിയില്‍ എയിഡ്സ് പരത്തുവാന്‍ പോലും കൊതുകുകള്‍ക്ക് കഴിഞ്ഞെന്നിരിക്കും എന്നത് ഒരു ഭ്രാന്തന്‍ ചിന്തയായിരിക്കുമൊ? എങ്കില്‍പ്പിന്നെ മനുഷ്യവര്‍ഗ്ഗത്തിന്റെ നാശം അത്ര വിദൂരത്തൊന്നും ആയിരിക്കില്ല.
Post a Comment