Monday, March 12, 2007

ഗൌട്ട്- ഒരു ഡൌട്ട്

പ്രിയ സുഹൃത്തേ,
ഒറ്റക്കു ജീവിതം തുടങ്ങിയതില്‍ പിന്നെ "ലൈഫ്‌ സ്റ്റൈല്‍" എന്ന് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത ദിവസങ്ങളിലൂടെ പോകുന്നു ഞാന്‍. ഈ പരിതസ്ഥിതിയില്‍ നിന്നു കരകയറാതെ ആയുരാരോഗ്യം ബ്ലോഗ് തുടരുന്നില്ലെന്നും ഉറച്ചതാണ്‌. താങ്കള്‍ അന്വേഷിച്ച കാര്യത്തില്‍ ഞാന്‍ എഴുതുന്നതിനു മീതേ പണിക്കര്‍ മാഷെ പോലെയുള്ളവരുടെ സെക്കന്‍ഡ്‌ ഒപ്പീനിയന്‍ വേണം എന്നതിനാല്‍ ഇവിടെ പോസ്റ്റ്‌ ചെയ്യാതെ മെയിലില്‍ അയക്കാന്‍ പറ്റുന്നുമില്ല.

"ഗൌട്ട്‌" എന്ന അസുഖത്തെ അലോപ്പതി ഒരു തരം വാതം ആയിട്ടാണ്‌ കണക്കാക്കുന്നത്‌. രക്തത്തില്‍ ഉയര്‍ന്ന അളവില്‍ യൂറിക്ക്‌ ആസിഡ്‌ ഉണ്ടായി അത് സൂചി പോലെ കട്ടിയായി ശല്യം ചെയ്യുന്നതാണ് ഈ സംഭവം, നല്ല വേദന ഉണ്ടായിരിക്കും- കാലില്‍ ആണു സാധാരണ തുടക്കം( 4 മുതല്‍ 6 mg/dl വരെ ആണ്‌ പൊതുവില്‍ യൂറിക്ക്‌ ആസിഡ്‌ നോര്‍മല്‍ ലെവല്‍.)സനാതന വ്യാധിയാണെങ്കിലും സ്പെല്ലുകള്‍ വന്നും പോയും ഇരിക്കും.

ഗൌട്ട്‌ ബാധിച്ചാല്‍ അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങള്‍
1. ധാരാളം വെള്ളം കുടിക്കുക, യൂറിക്ക്‌ ആസിഡ്‌ കുറയും.

2. മദ്യം യൂറിക്ക്‌ ആസിഡ്‌ വല്ലാതെ കൂട്ടും.

3. അധികം ശരീരഭാരമുള്ളവരില്‍ ഗൌട്ട്‌ അധികമായി കണ്ടുവരുന്നു. തടിയുണ്ടെങ്കില്‍ കുറയ്ക്കുക.

4. അണ്ടിപ്പരിപ്പുകള്‍ (കശു-കപ്പല്‍-ബദാം, വാള്‍നട്ട്‌ ഒന്നും) ഒട്ടും കഴിക്കരുത്‌.

5. അയല പോലെ ഓയില്‍ നിറഞ്ഞ മീനുകള്‍, ബീഫ്‌ (കഴിയുന്നതും ഇറച്ചികള്‍ ഒന്നും) കഴിക്കരുത്‌. കിഡ്നി, ബ്രെയിന്‍ ലിവര്‍, കക്ക, ഞണ്ട്‌, കൊഞ്ച്‌ ഒട്ടും പാടില്ല. (ഹൈ പ്രോട്ടീന്‍ ഭക്ഷണങ്ങളെല്ലാം യൂറിക്ക്‌ ആസിഡ്‌ നില ഉയര്‍ത്തുന്നു).

6. ഇന്‍സുലിന്‍ പോലെയുള്ള ചില മരുന്നുകള്‍, വിറ്റാമിന്‍ സപ്ലിമെന്റുകള്‍ എന്നിവ യൂറിക്ക്‌ ആസിഡ്‌ കൂട്ടും. അങ്ങനെ എന്തെങ്കിലും കഴിക്കുന്നുണ്ടെങ്കില്‍ ഡോക്റ്ററോട്‌ ചര്‍ച്ച ചെയ്യുക.

7. ഗൌട്ട്‌ അറ്റാക്കിനു ഏറ്റവും ഫലപ്രദമായ മരുന്നാണ്‌ ചെറി. ചെറിപ്പഴം ഒരു 5 മുതല്‍ 10 എണ്ണം വീതം ദിവസവും തിന്നാല്‍ ഒരാഴ്ചകൊണ്ട്‌ വേദന പോയും യൂറിക്ക്‌ ആസിഡ്‌ കുറഞ്ഞും കിട്ടും.

8. നാരങ്ങാ വെള്ളം, ഓറഞ്ച്‌ ജ്യൂസ്‌ എന്നിവ നല്ലതാണ്‌.

9. ദിവസവും ഒരു ആപ്പിള്‍ അല്ലെങ്കില്‍ ഏത്തപ്പഴം (ഏത്തനില്ലെങ്കില്‍ പൊട്ടാസ്യം കൂടുതലുള്ള എന്തെങ്കിലും പഴം മതി ) കഴിക്കുക.

10. എപ്സം സാള്‍ട്ട്‌ കലക്കിയ വെള്ളത്തില്‍ കാല്‍ മുക്കുന്നത്‌ നല്ലതാണെന്ന് പ്രകൃതി ചികിത്സകര്‍ പറയുന്നു.

11. കിടക്കുമ്പോള്‍ തലയിണയാലെ കാലുയര്‍ത്തി വച്ച്‌ കിടക്കുക.

12. ബീയര്‍, കാപ്പി, കോളകള്‍ കഫീന്‍ ചേര്‍ന്ന എല്ലാം (പറ്റുമെങ്കില്‍ ചായയും) ഒഴിവാക്കുക.

13. അപ്പവും മറ്റും ഉണ്ടാകുമ്പോള്‍ യീസ്റ്റിനു പകരം ബേക്കിംഗ്‌ സോഡ ഉപയോഗിക്കുക (യീസ്റ്റ്‌ ഗൌട്ടിനു വളരെ ചീത്തയും ബേക്കിംഗ്‌ സോഡ വളരെ നല്ലതുമാണ്‌).

14. സ്ട്രെസ്സിനു ഗൌട്ട്‌ സ്പെല്ലുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

15. ഇനി എല്ലാ അസുഖക്കാരോടും അസുഖമില്ലാത്തവരോടും പറയുന്ന കാര്യം- പ്രോസസ്സ്‌ ചെയ്ത ഭക്ഷണം- പ്രധാനമായും മൈദ, പഞ്ചസാര മുതലായവ പരമാവധി കുറക്കുക.

തൈറോയിഡ്‌ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിക്കാണുമല്ലോ?
സസ്നേഹം,
ദേവന്‍

19 comments:

ദേവന്‍ said...

ഒറ്റക്കു ജീവിതം തുടങ്ങിയതില്‍ പിന്നെ "ലൈഫ്‌ സ്റ്റൈല്‍" എന്ന് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത ദിവസങ്ങളിലൂടെ പോകുന്നു ഞാന്‍. ഈ പരിതസ്ഥിതിയില്‍ നിന്നു കരകയറാതെ ആയുരാരോഗ്യം ബ്ലോഗ് തുടരുന്നില്ലെന്നും ഉറച്ചതാണ്‌. താങ്കള്‍ അന്വേഷിച്ച കാര്യത്തില്‍ ഞാന്‍ എഴുതുന്നതിനു മീതേ പണിക്കര്‍ മാഷെ പോലെയുള്ളവരുടെ സെക്കന്‍ഡ്‌ ഒപ്പീനിയന്‍ വേണം എന്നതിനാല്‍ ഇവിടെ പോസ്റ്റ്‌ ചെയ്യാതെ മെയിലില്‍ അയക്കാന്‍ പറ്റുന്നുമില്ല.

asdfasdf asfdasdf said...

യൂറിക്ക് ആസിഡ് കൂടുതലുള്ളവര്‍ക്കു മുഴുവന്‍ ഗൌട്ട് വരണമെന്നുണ്ടോ ?

krish | കൃഷ് said...

ഗൌട്ട്‌ - ഗെറ്റൌട്ട്.
ഇത് ആര്‍ത്രൈറ്റിസുമായി ബന്ധമുള്ളതാണോ.

Anonymous said...

ദേവരാഗം, ഗൌട്ട് ഒരു രോഗമാണെന്ന് പറയാന്‍ കഴിയില്ല. അതൊരു രോഗലക്ഷണമാണെന്നു പറയാം. പിന്നെ, 3.6 to 7.2 mg/dL എന്നതാണ് സാധാരണ അളവെന്നാണ് എന്റെ ഓര്‍മ്മ. എല്ലാ High Protien food ലും യൂറിക്ക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുകയോ അല്ലെങ്കില്‍ അവ ഉല്പാദിപ്പിക്കുകയോ ചെയ്യുന്നുണ്ട്.അത്തരം ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക എന്നതാണ് ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള എളുപ്പമാര്‍ഗ്ഗം. ഗര്‍ഭിണികളിലും പ്രായം ചെന്നവരിലും യൂറിക്ക് ആസിഡിന്റെ തോത് താരതമ്മ്യേന കൂടുതലായിരിക്കു.

kalesh said...

ദേവേട്ടാ, ആയിരം നന്ദി!
തൈറോയിഡിന്റെ ടെസ്റ്റുകളും കുറേ ഹോര്‍മോണ്‍ ടെസ്റ്റുകളും ചെയ്യിക്കുന്നുണ്ട്.
അതിന്റെ റിസല്‍ട്ട് കിട്ടീട്ട് ബാക്കി നോക്കാം.
ഏതായാലും വെയ്റ്റ് നിര്‍ബ്ബന്ധമായും കുറയ്ക്കാന്‍ ഡോക്ടര്‍ പറഞ്ഞു.

kalesh said...

റെഗുലറായി പിരീഡ്സ് വരുന്ന പെണ്ണുങ്ങള്‍ക്ക് ഈ അസുഖം വരാ‍റില്ലന്ന് കേട്ടു - ഈസ്ട്രജന്‍ ഗൌട്ടിനെതിരെ പ്രൊട്ടക്ഷന്‍ കൊടുക്കുമത്രെ!
(അരുണാ സര്‍ക്കാരെഴുതിയത് ശരിയാണോ ദേവേട്ടാ?)

അംന said...

ദേവ:

പറഞ്ഞതത്രയും ശരിയെന്നു അനുഭവസാക്ഷ്യം.

അയലയ്ക്കു പുറമെ; മത്തി, വേളൂരി ( കുറുകെ - വെല്ലിവരയുള്ള നത്തല്‍ പോലെയുള്ള മത്സ്യം) ഉം ഒഴിവാക്കണം. കടല, പരിപ്പു, പയറു, ബീന്‍സ്‌, രെഡ്‌കിഡ്നിബീന്‍സ്‌, ബ്ലാക്ക്‌ ഐ ബീന്‍സ്‌, സോയബീന്‍സ്‌-(ടോഫു) അങ്ങിനെ കൂടുതല്‍ പ്രൊട്ടീനുള്ള എല്ലാം ഒഴിവാകണം, അണ്ടിപരിപ്പിന്റെ കൂട്ടത്തില്‍ പിസ്റ്റയേയും എണ്ണുക. ഓലീവു ഓയിലിലുള്ള പാചകം നന്നായിരിക്കും. പഞ്ചസാരയ്ക്കു പകരം rawsugar ഉപയോഗിക്കുക, കോഫി ഒഴിവാകാന്‍ പട്ടില്ലെങ്കില്‍ deacaffeinated coffee യില്‍ അഭയം തേടാം.

പുളി, പച്ചമാങ്ങ, സ്ട്രോബെറി യും ചെറി പഴത്തെ പോലെ തന്നെ ഗുണകരമായികാണുന്നു, പരിപ്പും പയറും ഒഴിവാക്കി കുംബളങ്ങ, വെള്ളരി എന്നിവ പച്ചമാങ്ങയിട്ടു കറിയാകിയാല്‍.. എന്താ കറിയുണ്ടാകേണ്ടേ എന്ന ആലോചന മാറിക്കിട്ടും. അധികം ആലോചിക്കുന്നതാ ഗൗട്ടിനു പ്രധാന കാരണം. ഭാര്യ കൂറ്റെയില്ലാത്തപ്പോഴാ ഗൗട്ട്‌ അറ്റാക്ക്‌ കൂടുന്നതു.
നിത്യവും രാവിലെയും വൈകീട്ടും ഒരോ ഗ്ലാസ്സ്‌ വീതം ഓറഞ്ചു ജ്യൂസ്‌ കുടിക്കുന്നതും - ക്രിത്യമായ ബ്രേക്‍ഫാസ്റ്റും നല്ല് ഗുണം ചെയ്തിട്ടുണ്ടു.

രാത്രി ഉറക്കമൊഴിച്ചു പകലുറങ്ങുന്നവരില്‍ യൂറിക്‌ ആസിഡ്‌ ടെണ്ടെന്‍സിയുണ്ടെങ്കില്‍ അതു പിന്നെ എളുപ്പം ഗൗട്ടായി വരും. വൈക്കീട്ടു എന്നും പുറത്തു പോയി ശീലിക്കുക. നല്ലവണ്ണം ശരീരം വിയര്‍പ്പിച്ചു കിഡ്നിയുടെ ജോലിഭാരം കുറക്കുക. വെള്ളമടിയും, നേരത്തിനും സമയത്തിനും ഉറങ്ങാതെ, കിട്ടുന്ന സമയം- സന്ധ്യയെന്നോ, മൂവന്തിയെന്നോ ഇല്ലാതെ ഉറങ്ങിയാല്‍ ഗൗട്ടല്ല അവന്റെ മറ്റവനും വരും. ഞാന്‍ കണ്ടിടത്തോളം യൂറിക്‌ ആസിഡ്‌ പ്രശ്നം പ്രത്യേകതരം ബുദ്ധിജീവികളില്‍ കൂടുതലായി കണ്ടു വരുന്നു.

ഓ: ടോ; ഇന്നു വായിച്ചതു; heart attack കൂടുതലും സംഭവിക്കുന്നതു രാവിലെ എട്ടിനും പത്തിനുമിടയിലാണു - പ്രധാന കാരണം - പ്രാതല്‍ സ്കിപ്‌ ചെയ്യുന്നതാണു - പ്രാതല്‍ ഒഴിവാകുമ്പോള്‍ രക്തത്തില്‍ plateletes കൂടുന്നതാണു പോലും കാരണം.

ദേവ: താങ്കള്‍ക്കു നന്ദി.

അംന said...

പിന്നെ കുഞ്ഞുകുട്ടികളുമായി അടിപൊളിയായി മലക്കംമറിഞ്ഞു ഒരു കുഞ്ഞായി ജീവിച്ചാല്‍ ഇടക്കിടെ പാത്തും പതുങ്ങിയും വന്നു കഴുത്തിനു പിടിക്കുന്ന ടെന്‍ഷന്‍ അലിഞ്ഞലിഞ്ഞല്ലാതാവും. കാര്യമായിട്ടു ചോദിക്കുവാ.. നിങ്ങള്‍ കുഞ്ഞുങ്ങാള്‍ക്കു കുറെ കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്തിട്ടുണ്ടായിരിക്കാം.. പക്ഷെ അവരോടുത്തിരുന്നു അവരിലൊരാളായി അവരോടൊപ്പം നിങ്ങള്‍ കളിച്ചിട്ടുണ്ടോ .. എങ്കില്‍ അവര്‍ നിങ്ങള്‍ക്കു വല്യ ഒരു ലോകം കാട്ടിത്തരും.

ദേവന്‍ said...

. മേനോനേ,
രക്തത്തില്‍ ഉയര്‍ന്ന യൂറിക്ക്‌ ആസിഡ്‌ നില- ഹൈപ്പര്‍യൂറിസീമിയ- ഉള്ളവര്‍ക്കെല്ലാം ഗൌട്ട്‌ വരണമെന്നില്ല. പക്ഷേ ഗൌട്ട്‌ ഉള്ളവരില്‍ വളരെ വളരെ ചെറിയ ഒരു ശതമാനമൊഴിച്ചാല്‍ എല്ലാവരും ഹൈപ്പര്‍യൂറിസീമിയക്കാരാണ്‌. ഗൌട്ട്‌ മാത്രമല്ല കിഡ്ണികളുടെ പ്രവര്‍ത്തനം തകരാറാക്കുന്നതടക്കം പല ഗുരുതരാവസ്ഥകള്‍ക്കും യൂറിക്കാസിഡ്‌ ഉയര്‍ന്നു നില്‍ക്കുന്നത്‌ കാരണമായേക്കാം.

2. കൃഷ്‌ മാഷേ,
ഇന്‍ഫ്ലമേഷന്‍ വഴിയുള്ള ആര്‍ത്രാള്‍ജിയ-സന്ധിവാതം മിക്കതും ആര്‍ത്രൈറ്റിസ്‌ വിഭാഗത്തിലാണ്‌ അലോപ്പതി കണക്കാക്കു കൊള്ളിക്കുന്നത്‌, റുമാറ്റോയ്ഡ്‌, ഗൌട്ട്‌, ലൂപസ്‌ തുടങ്ങിയവ അതില്‍ പെടുന്നു/

3. അരുണ സര്‍ക്കാര്‍,
ആയുരാരോഗ്യം സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. disease എന്നതിനു രോഗം എന്നും manifestation എന്നതിനു അസുഖം എന്നും മലയാളത്തില്‍ പറയാം എന്ന് ഞാന്‍ ധരിച്ചു വശായതാണ്‌, തെറ്റിപ്പോയെങ്കില്‍ തിരുത്താം.

ഗൌട്ട്‌ ഇല്ലെങ്കില്‍ 7.2 വരെ സേഫ്‌, ഗൌട്ട്‌ ഉള്ളയാള്‍ക്ക്‌ 6.00 സേഫ്‌ എന്ന അലോപ്പതി നയം (അതു പോലെയുള്ള മിക്കതും ഉദാ. ഹൃദയധമനീരോഗമില്ലാത്തയാള്‍ക്ക്‌ TC 200 വരെ സേഫ്‌, ഉള്ളവര്‍ക്ക്‌ 150 വരെ സേഫ്‌) എന്ന രീതി ലൈഫ്‌ സ്റ്റൈല്‍ തെറാപ്പിസ്റ്റുകള്‍ എല്ലാവര്‍ക്കും റിവേര്‍സല്‍ ലിമിറ്റ്‌ സേഫ്‌ എന്ന നയം കൊണ്ട്‌ എതിര്‍ക്കാറുണ്ട്‌. ഇവിടെയിപ്പോ ഗൌട്ട്‌ മാനിഫെസ്റ്റേഷന്‍ കാണിച്ചിരിക്കുന്നതുകൊണ്ട്‌ 6.00 എല്ലാവരും
അംഗീകരിക്കുമെന്നും കരുതി.

മലയാളി കഴിക്കാന്‍ സാദ്ധ്യതയുള്ള ഹായ്‌ പ്രോട്ടീന്‍ ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ്‌ ഞാന്‍ മുകളിലും അംന താഴെയുമായി നിരത്തിയിട്ടുണ്ട്‌. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പ്യൂറിന്‍ നിര്‍മ്മാണം കൂട്ടുന്നതും ചെറിയും ബ്ലാക്ക്‌ ബെറിയും അത്‌ കുറക്കുന്നതും എങ്ങനെയാണെന്ന് എനിക്ക്‌ പിടിയില്ല, പക്ഷേ ചെറി പ്രയോഗ്രം ഫലിക്കുമെന്ന് പലരും അനുഭവത്തില്‍ നിന്നും പറഞ്ഞിട്ടുണ്ട്‌. ഇനിയും വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

4. കലേഷേ:
ഹോര്‍മോണുകളെല്ലം കൃത്യമായി ഹാര്‍മ്മോണിയം വായിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്‌ വന്നു കാണുമെന്ന് വിചാരിക്കുന്നു.

അരുണ സര്‍ക്കാര്‍ പറഞ്ഞത്‌ ശരി തന്നെയാണ്‌. പിന്നെ, ഗൌട്ട്‌ വരുന്ന പത്തില്‍ ഒമ്പരുപേരും പുരുഷന്മാരാണെന്നതും ചെറുപ്പക്കാരികള്‍ക്ക്‌ വരാന്‍ സാദ്ധ്യത തീരെക്കുറവാണെന്നതും ശരി. എന്തു ചെയ്യാം, കലേഷിനു ചെറുപ്പക്കാരി ആകാന്‍ പറ്റൂല്ലല്ലോ (ഈസ്റ്റ്രജന്‍ ഇഞ്ജക്ഷന്‍ എടുക്കാനൊന്നും ശ്രമിക്കരുത്‌ കേട്ടോ :) )

ദമ്പിടീം പേടിക്കേണ്ട, ഗൌട്ട്‌ വില്‍ ഗെട്ടൌട്ട്‌ (ക്രെഡിറ്റ്‌ ക്മൃഷ്‌)

5. അംന: ഹാമിഡുവിന്റെ ഉമ്മ ആണല്ലേ? ബൂലോഗത്തേക്ക്‌ സ്വാഗം. വിട്ടുപോയ ഹൈ പ്രോട്ടീന്‍ ഭക്ഷണങ്ങളെയും കുഴഞ്ഞുപോയ ജീവിത രീതികളെയും എണ്ണിപ്പറഞ്ഞതിനു നന്ദി.

പ്രാതല്‍ കഴിക്കാതിരിക്കുമ്പോള്‍ പ്ലാറ്റെലെറ്റ്‌ കൌണ്ട്‌ കൂടുമെന്നത്‌ പുതിയൊരറിവാണു കേട്ടോ, സ്പെഷ്യല്‍ നന്ദി.

കുട്ടികള്‍ പുലിക്കുട്ടികള്‍
അല്ലേ, ഞാനെപ്പോഴും അവരുടെ കൂടെയാ. പക്ഷേ ഈ പഹയന്മാരു വേഗം വളര്‍ന്ന് വലുതായിക്കളയും- കൊലച്ചതി! :)

ഇമ്പോര്‍ട്ടന്റ്‌ വാണിംഗ്‌:
കലേഷ്‌ ഐ ടി കാരന്‍ ആണെന്ന് ഇപ്പോഴാ ഓര്‍ത്തത്‌. ബ്ലാക്ക്‌ ബെറി തിന്നാല്‍ യൂറിക്ക്‌ ആസിഡ്‌ കുറയും എന്ന് പറഞ്ഞത്‌ ആ പേരില്‍ ഉള്ള പഴം ഉദ്ദേശിച്ചാണ്‌ കേട്ടോ, അല്ലാതെ കമ്പ്യൂട്ടര്‍ എഞ്ചിനീറുമാര്‍ കൊണ്ടുന്നടക്കുന്ന പൊങ്ങച്ച ഫോണിനെ ഉദ്ദേശിച്ചല്ല. അബദ്ധം പറ്റരുത്‌!

Anonymous said...

ദേവ് സര്‍,

ഇതേക്കുറിച്ചൊക്കെ കേട്ടറിവെ എനിക്കുള്ളൂ. ഞാന്‍ ബ്ലോഗുകളില്‍ വരുന്നത് അറിവ് നേടാന്‍ മാത്രമാണ്., അല്ലാതെ അറിവ് വിളമ്പാനല്ല. സാന്ദര്‍ഭികമായി ഒരു കമന്റിട്ടുവെന്നുമാത്രം. പിന്നെ എന്റെ ധാരണ തെറ്റാണെങ്കില്‍ അതു തിരുത്തുകയുമാവാമല്ലോ എന്നും കരുതി അത്രേയുള്ളൂ.

പിന്നെ, എല്ലാ മത്സ്യങ്ങളും യൂറിക്ക് ആസിഡിനെ induce ചെയ്യുമെന്ന് പറയാന്‍ വയ്യ. നിങ്ങളും അംനയും പറഞ്ഞതൊക്കെ അതില്‍ പെടുമെങ്കിലും മൊത്തത്തില്‍ എല്ലാ shell fish കളും യൂറിക്ക് ആസിഡിനെ വര്‍ദ്ധിപ്പിക്കുമെന്നു പറയാം.അയലയേക്കാള്‍ അപകടകാരി ( ഭാഷ female gaze ആയിപ്പോയെങ്കില്‍ ക്ഷമിക്കുക- അപകടകാരന്‍ എന്നു പറയാന്‍ കഴിയാത്തതിനാലാണ്)മത്തിയാണ്.

മാംസത്തില്‍, എല്ലാ red meat കളും ഇതിനെ നന്നായി പ്രോത്സാഹിപ്പിക്കും.White meat അത്രതന്നെ അപകടകരമല്ല എന്നാണ് അറിവ്. അപ്പോള്‍ കോഴിയിറച്ചി അത്രമേല്‍ അപകടകാരിയായിരിക്കണമെന്നില്ല. ( കോഴിയുടെ കാല്‍ ഭാഗം ഒഴികെ )

ധാരാളം വെള്ളം കുടിക്കുക എന്നത് ഇതിനുള്ള നല്ലൊരു ചികിത്സയാണെങ്കിലും, സദാസമയവും വെള്ളം കുടിക്കുന്നത് acidity വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കാം. പ്രത്യേകിച്ച് ഭക്ഷണ ശേഷം ധാരാളമായുള്ള ജലപാനം. യൂറിക്ക് ആസിഡ് പ്രശ്നം അനുഭവിക്കുന്നവര്‍ intake കുറച്ചും ക്രമപ്രകാരമുള്ള പരിശോധനയാലും ഇതിനെ നിയന്ത്രിച്ചു നിര്‍ത്തുന്നതാവും നല്ലത്.

ഇടിവാള്‍ said...

ഓ ഇതാരുന്നോ ദേവേട്ടാ...

ഹെഡിങ്ങു വായിച്ചപ്പോ, പഴയ ഒരു സിനിമയിലെ ജഗതി ഡയലോഗാ ഓര്‍മ്മ വന്നത് .. “യൂ ഗെറ്റ് ഔട്ട് ഹൌസ്”... (ശ്രീനിവാസനോട്)

ദേവന്‍ said...

അരുണ,
താങ്കളുടെ നിര്‍ദ്ദേശങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു എന്നൊരു സന്ദേശമാണ്‌ ഞാന്‍ കമന്റുകൊണ്ട്‌ ഉദ്ദേശിച്ചത്‌. വിശദീകരണം കൊണ്ട്‌ ഉദ്ദേശിച്ചതും അതു തന്നെയാണ്‌. എനിക്കു തെറ്റിയെങ്കില്‍ തിരുത്താമെന്ന് പറഞ്ഞത്‌ ഗൌരവമായിട്ടാണ്‌ (എന്റെ പദസഞ്ചയം തീരെ ശുഷ്കമായതുകൊണ്ട്‌ രോഗവും വ്യാധിയും തമ്മിലുള്ള വത്യാസമെന്തെന്ന് ഉറപ്പില്ല, തെറ്റുകള്‍ തിരുത്താനാണല്ലോ കമന്റും ചര്‍ച്ചയുമൊക്കെ.) മറിച്ചൊരു സന്ദേശം എന്റെ കമന്റിലൂടെ കിട്ടിയെങ്കില്‍ അതെന്റെ ഭാഷാപരമായ കഴിവുകേടുകൊണ്ട്‌ സംഭവിച്ചതാണ്‌. (മാപ്പെന്ന വാക്ക്‌ ആവശ്യത്തിനും അനാവ്യശ്യത്തിനും ബൂലോഗത്ത്‌ ആളുകള്‍ എടുത്തു പെരുമാറി സ്പാമിന്റെ വിലപോലും അതിനില്ലാതെ പോയതിനാല്‍ പറയുന്നില്ല)

അറിവ്‌ വിളമ്പണം. കൈവശമുള്ളവരെല്ലാം. പല ഡോക്ടര്‍മാരും വൈദ്യശാസ്ത്രഗവേഷകരുമുള്ള ബൂലോഗത്ത്‌ ഞാന്‍ ഇങ്ങനെയൊരു ബ്ലോഗ്‌ കൊണ്ടുനടക്കുന്നതിന്റെ ലക്ഷ്യവും അതു തന്നെ.അതിന്റെ ഒഴുക്കിനു വരുന്ന തടകളെല്ലാം അറിവിന്റെ നാശമാണ്‌. ഒരു ശാസ്ത്രവും പൂര്‍ണ്ണമല്ല. ആളുകള്‍ അറിവിനെ പൊതുജനസമക്ഷം എത്തിക്കുന്നതിലാണ്‌ അറിവിന്റെ പുരോഗതി. സര്‍ക്കുലേറ്റ്‌ ചെയ്യാത്ത, ചര്‍ച്ച ചെയ്യാത്ത, പുന:പരിശോധിക്കപ്പെടാത്ത അറിവുകളെല്ലാം കാലഹരണപ്പെട്ടു പോകും.

ഓ.ടോ. അപകടകാരിയെ എനിക്കിഷ്ടപ്പെട്ടു. പണ്ട്‌ ഒരു സുഹൃത്ത്‌ "ജാമാതാവോ? എന്തൊരു
വൃത്തികെട്ട വാക്ക്‌, ജാപിതാവ്‌ എന്നല്ലേ വേണ്ടിയിരുന്നത്‌" എന്ന് ചോദിച്ചത്‌ ഓര്‍മ്മവന്നു.
[സര്‍ എന്നു വിളിച്ചത്‌ തമാശയായിട്ടാണല്ലോ, അല്ലേ? എനിക്ക് knighthood ഉടനേ തരാം എന്ന് British രാജ്ഞി പറഞെങ്കിലും ഇതുവരെ കിട്ടിയില്ല.]

അംന said...
This comment has been removed by the author.
അംന said...

പ്രാതല്‍ കഴിക്കാതിരിക്കുമ്പോല്‍ രക്തത്തില്‍ plateletes കൂതലാകും എന്നു പറഞ്ഞതു - കൂടുതല്‍ activated ആവും എന്നാണു ഉദ്ദേശിച്ചത്‌ അല്ലാതെ കൗണ്ടു കൂടും എന്നല്ല ; തെറ്റിപ്പോയതില്‍ ക്ഷമ ചോദിക്കുന്നു.

വിശദമായ ചിത്രങ്ങളൊക്കെ അടങ്ങിയ ഒരു പഠനമാണു വായിച്ചതു, പ്രസക്ത ഭാഗങ്ങള്‍ ഇവിടെ quote ചെയ്യുന്നു:
Platelet, tiny elements in the blood that keep us from bleeding to
Death if we get a cut, can clump together inside our arteries due to
cholesterol or laque buildup in the artery lining. It is in the
morning hours that platelets become the most activated and tend to
form these internal blood clots at the greatest frequency.

However, eating even a very light breakfast prevents the morning
platelet activation that is associated with heart attacks and
strokes. Studies performed at Memorial University in St.Johns,
Newfoundland found that eating a light breakfast will keep your platelets from sticking together, keep blood clots from forming, and perhaps head off a potential Heart Attack or stroke.
"unquote"

Sathees Makkoth | Asha Revamma said...

ദേവേട്ടാ,
വളരെയേറെ പ്രയോജനകരമായ നല്ലൊരെഴുത്ത്.

Anonymous said...

ഡിയര്‍,
ഞാന്‍ ബ്ലോഗില്‍ ആരോഗ്യ ലേഖനങ്ങള്‍ തിരയുകയായിരുന്നു. അങ്ങനെയണ് താങ്കളുടെ ലേഖനങ്ങള്‍ വായിക്കാനിടയായത്. ലേഖനങ്ങള്‍ വളരെ ഉപകാരപ്രദമായി തോന്നി.നന്ദി.
പിന്നെ എനിക്കു ‘എക്സിമ’(ആയുര്‍വേദത്തിലെ ‘കരപ്പന്‍’)എന്ന അസുഖത്തിനു എവിടെയാണ് നല്ല ചികിത്സ കിട്ടുക എന്നറിഞ്ഞാല്‍ കൊള്ളാം. അതോ ഇതിനു ചികിത്സയില്ലേ??

സ്നേഹപൂര്‍വ്വം,
മനാഫ്.

Raji Chandrasekhar said...

അറിവ് ആവശ്യമായി മാറുന്ന കാലമാണ്. താങ്കളോട് നന്ദിയുണ്ട്.

NAJIM said...

ഗൌട്ട് ഭേദമാക്കുവാന്‍ കഴിയുന്ന ഒരു സമാന്തര ചികിത്സാരീതി പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുന്നു... മോക്സിബഷന്‍ (Moxibusion Therapy) തെറാപ്പിയിലൂടെ 7 ദിവസം നീളുന്ന(10-15 മിനിറ്റ് വീതം) 3 സ്പെല്ലുകളിലൂടെ കാലിന്‍റെ പെരുവിരല്‍ സന്ധിയെ ബാധിക്കുന്ന ഗൌട്ട് പൂര്‍ണ്ണമായും മാറ്റാന്‍ സാധിക്കും... പുരാതന ചൈനയില്‍ നിലവിലുണ്ടായിരുന്ന ഒരു ചികിത്സാരീതിയാണ് ഇത്.. അലോപ്പതി, ആയുര്‍വേദം ഇവകൊണ്ട് ഭേദമാക്കാന്‍ കഴിയാതിരുന്ന ഒരു രോഗിയുടെ ഗൌട്ട് മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഈ ചികിത്സയിലൂടെ പൂര്‍ണ്ണമായും മാറ്റുവാന്‍ എന്‍റെഅനുഭവത്തിലൂടെ കഴിഞ്ഞിട്ടുണ്ട്... താല്പര്യമുള്ളവരുണ്ടെങ്കില്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്... (moxibusion) എന്ന കീ വേഡ് സെര്‍ച്ച് ചെയ്താല്‍ വിശദവിവരങ്ങള്‍ ലഭിക്കും..
നജിം. എ. എം(കായംകുളം)
9447358729

Shamsheeya said...

എനിക്ക് യൂറിക്ക് ആസിഡ് വളരെ കൂടുതലാണ്, ഡോക്ടർ ഒരു ടാബ്ലെട്സ് എഴുതി തന്നു അത് കഴിച്ചപ്പോൾ നല്ല തല കറക്കവും മറ്റും അത് മതിയാക്കി, കോഴി ഇറച്ചി കഴിക്കാറുണ്ട് അത് ഇതിനു ദോഷമാണോ ? പിന്നെ Orange, Apple, Isabgol, Oats ഇതൊക്കെ കഴിക്കാൻ പാടില്ലേ?