Friday, March 07, 2008

രക്താതിസമ്മര്‍ദ്ദം എങ്ങനെ ചെറുക്കാം- 2

ധമനികളില്‍ എങ്ങനെ തെയ്യാട്ടം നടത്താം എന്ന് നമ്മള്‍ കഴിഞ്ഞ പോസ്റ്റില്‍ കണ്ടു. അവിടെ പ്രധാനമായ ഒരു കാര്യം വിട്ടു പോയി. ധമനികളുടെ ഇലാസ്തികത നിലനിര്‍ത്താന്‍ ശരീരത്തിന്‌ ആവശ്യമുള്ളയത്ര ഒമേഗ 3 കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ഒമേഗ മൂന്നെന്നും ആറെന്നും ഒക്കെ കേള്‍ക്കുമ്പോള്‍ കോഡ് ലിവര്‍ ഓയില്‍ മനസ്സില്‍ വന്നാല്‍ പരസ്യം ജയിച്ചു നിങ്ങള്‍ തോറ്റു. എന്താണീ ഒമേഗര്‍ എന്നറിയാന്‍ "വാള്‍നട്ടും ചികുന്‍ ഗുന്യയും" എന്ന എസ്സന്‍ഷ്യല്‍ ഫാറ്റി ആസിഡുകളെക്കുറിച്ചുള്ള പഴയ പോസ്റ്റ് വായിക്കുക.

അടുത്ത രണ്ടു കാരണങ്ങള്‍ അഡ്രിനല്‍ ഹൈപ്പര്‍ടെന്‍ഷനും റെനല്‍ ഹൈപ്പര്‍ടെന്‍ഷനും തൊട്ടു ചേര്‍ന്ന് നില്‍ക്കുന്നു അഡ്രിനല്‍ എന്നാല്‍ തന്നെ റെനലിനൊപ്പം എന്നാണല്ലോ അര്‍ത്ഥം. അഡ്രിനല്‍ ഗ്രന്ഥിയുടെ കാമ്പ് (മെഡുല്ല) അഡ്രിനാലിന്‍ നോറഡ്രിനാലിന്‍ എന്ന രണ്ട് ഹോര്‍മോണുകള്‍ വഴി ശരീരത്തിന്റെ ഫൈറ്റ് & ഫ്ലൈറ്റ് സിസ്റ്റം നിയന്ത്രിക്കുന്നു. ഇതിലെ നോറഡ്രിനാലിന്‌ ബാരോറിസപ്റ്ററുകളെ സ്വാധീനിക്കാനും രക്തസമ്മര്‍ദ്ദം കൂട്ടാനും കഴിയും. (വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്‌ അഡ്രിനാലിന്‍-നോറഡ്രിനാലിന്‍ പ്രവര്‍ത്തനം എന്നതിനാല്‍ വിശദീകരിക്കുന്നില്ല) അഡ്രിനല്‍ ഗ്രന്ഥിയുടെ പുറം ഭാഗ കോശങ്ങള്‍ കോര്‍ട്ടികോസ്റ്റീറോയിഡ്, പുരുഷഹോര്‍മോണുകള്‍ എന്നിവയാണ്‌ ഉത്പാദിപ്പിക്കുന്നത്. ഇവ എത്രയളവില്‍ ഉത്പാദിപ്പിക്കണം എന്നത് ഗ്രന്ഥി മറ്റു ഗ്രന്ഥികളുടെ സ്രവങ്ങള്‍, റെനിന്‍ ആഞ്ജിയോടെന്‍സിന്‍ ( ഡോ. സൂരജിന്റെ പോസ്റ്റ് നോക്കുക) എന്നിവയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.

വൃക്കകള്‍ രക്തത്തിലെ അനാവശ്യവസ്തുക്കള്‍ പുറന്തള്ളുകയും മറ്റും ചെയ്യുന്നത് വിശദീകരിക്കേണ്ടതില്ലല്ലോ. റെനിന്‍ ആഞ്ജിയോടെന്‍സില്‍ഊത്പാദനം വഴി അവ ധമനികലെ ആവശ്യമുള്ളപ്പോള്‍ ചുരുക്കി രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നു, പിറ്റ്യൂട്ടറി ഗ്രന്ഥികളെ സ്വാധീനിച്ച് രക്തത്തിലെ വെള്ളം ബാലന്‍സ് ചെയ്ത് രക്തത്തിന്റെ മൊത്തം അളവ് നിയന്ത്രിക്കുന്നു.


ശരീരത്തിലെ അവയവങ്ങളെല്ലാം ഇങ്ങനെ ഒരു ഇന്റഗ്രേറ്റഡ് സിസ്റ്റമായി പരസ്പരം ആശയവിനിമയം നടത്തിയാണ്‌ വര്‍ത്തിക്കുന്നത്. മിടുക്കന്മാരായ അഡ്രിനലിനു കണക്കു പിഴച്ചാല്‍ ബാരോറിസപ്റ്ററിനു പിഴയ്ക്കും. വൃക്കയ്ക്ക് കണക്കു തെറ്റിയാല്‍ പിറ്റ്യൂട്ടറിയ്ക്കും അഡ്രിനലിനും പിഴയ്ക്കും. സിരകള്‍ വൃക്കയുടെ പിഴച്ച റെനിന്‍ ആഞ്ജിയോടെന്‍സിന്‍ വിതരണം കാരണം ചുരുങ്ങുമ്പോള്‍ ബാരോറിസപ്റ്ററിനു വട്ടാകും അങ്ങനെ ഒരിടത്ത് സംഭവിക്കുന്നത് മാലപ്പടക്കത്തിന്റെ തിരി കത്തിയതുപോലെ ചെയിന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കളയും എന്നു പറയാനാണ്‌ ഇത്രയും ചുരുക്കി, ലളിതമാക്കി, പലതും വിട്ടുകളഞ്ഞ് വിവരിച്ചത്.


അപൂര്വ്വമായി അഡ്രിനല്‍ ഗ്രന്ഥികള്‍ക്ക് വരുന്ന രോഗങ്ങളുണ്ട്, അവയൊഴിച്ചാല്‍ ഇവയെ പ്രതികൂലമായി ബാധിച്ച് ഹോര്‍മോണുകള്‍ തകരാറിലാക്കുകയും വൃക്കകളെക്കൊണ്ട് റെനിന്‍ ആഞ്ജിയോടെന്‍സിന്‍ അനാവശ്യതോതില്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളെയാണ്‌ നമുക്ക് നേരിടാനാവുന്നത്.

(രണ്ടാം ഭാഗം കൊണ്ട് തീര്‍ക്കേണ്ടതിന്റെ പകുതിയേ ആകുന്നുള്ളു. ഒരു അനുബന്ധം വഴിയേ ചേര്‍ക്കാം)

കഴിഞ്ഞ ഭാഗത്തില്‍ ഞാന്‍ എഴുതി തെറ്റിച്ചത്‌ പണിക്കര്‍ മാഷ്‌ തിരുത്തിയിട്ടുണ്ട്‌, പോസ്റ്റ്‌ വായിച്ചവര്‍ അദ്ദേഹത്തിന്റെ കമന്റും വായിച്ചു കാണുമല്ലോ. കഴിഞ്ഞ ഭാഗത്തില്‍ ഞാന്‍ എഴുതി തെറ്റിച്ചത്‌ പണിക്കര്‍ മാഷ്‌ തിരുത്തിയിട്ടുണ്ട്‌, പോസ്റ്റ്‌ വായിച്ചവര്‍ അദ്ദേഹത്തിന്റെ കമന്റും വായിച്ചു കാണുമല്ലോ.

ആഹാരശീലങ്ങളില്‍ കൈ വയ്ക്കും മുന്നേ ശരീരത്തിന്റെ സന്തുലിതാവസ്ഥ ഭക്ഷണത്തിനെങ്ങനെ നാശമാക്കാം, സ്വാഭാവികമായുള്ള ശരീരത്തിന്റെ കറക്ഷന്‍ മെക്കാനിസം നിരന്തരമായ നാശപ്പെടുത്തല്‍ മൂലം എങ്ങനെ ഇല്ലാതാക്കാം എന്ന് വിവരിച്ചശേഷമേ വ്യക്തമാവൂ എന്നതിനാല്‍ കമന്റ്‌ മറുപടികള്‍ മൂന്നാം ഭാഗത്തിനൊപ്പമാക്കി.

(അതുല്യാമ്മ വിഷമിക്കേണ്ട, ആരോഗ്യകരമായ ഭക്ഷണം എന്നാല്‍ രുചിയില്ലാത്ത ഭക്ഷണമല്ല, ഡയറ്റ്‌ എന്നാല്‍ ഒരായുഷ്കാലത്തേക്കാണ്‌, അത്‌ ആസാദ്വമല്ലെങ്കില്‍ ആളുകള്‍ താമസിയാതെ തന്നെ കോമ്പ്രമൈസ്‌ തുടങ്ങും :) )

4 comments:

Suraj said...

ഡാഷ് ഡയറ്റും പ്രകൃതി ജീവനവും പ്രയോഗിച്ച്, പാലിച്ച് പരീക്ഷിക്കുന്ന ഒരാളില്‍ നിന്നു തന്നെ സയന്റിഫിക് ആറ്റിറ്റ്യൂ‍ഡ് കണിക പോലും ചോര്‍ന്നു പോകാതെ ഇതൊക്കെ കേള്‍ക്കുന്നതില്‍ അനല്പമായ സന്തോഷം ദേവേട്ടാ...

പ്ലീസ് കീപ് ഓണ്‍ ദ സ്പിരിട്ട്!

ദിലീപ് വിശ്വനാഥ് said...

ദേവേട്ടാ, വളരെ വിജ്ഞാനപ്രദം. അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും അറിയില്ലായിരുന്നു എന്നു മനസ്സിലായി.

Kalesh Kumar said...

സൂപ്പര്‍ പോസ്റ്റ് ദേവേട്ടാ

Vempally|വെമ്പള്ളി said...

നല്ല ലേഖനം ദേവാ, നല്ല “മെഡിക്കല്‍ ലൈനാണല്ലൊ” സീയെക്കാരന് ഇതും നന്നായി അറിയും ല്ലെ. അന്വേഷണങ്ങള്‍