Tuesday, March 18, 2008

ഹെല്‍ത്ത് സപ്ലിമെന്റുകള്‍

പ്രിയ എം,
മറുകമന്റിട്ടാല്‍ താങ്കള്‍ കാണുമോ എന്നറിയില്ല, അതുകൊണ്ട് ഒരു പോസ്റ്റാക്കുന്നു.

ആയുരാരോഗ്യം സന്ദര്‍ശിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ്‌ ഈ ബ്ലോഗിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. തിരുത്താണിതിന്റെ കരുത്ത് എന്നു പറയാം. താങ്കളുടെ നിര്‍ദ്ദേശവും ഗൗരവമായി തന്നെ കാണുന്നു. ചില വിശദീകരണങ്ങള്‍ ആവശ്യമെന്ന് തോന്നിയതുകൊണ്ടാണ്‌ മറുകുറിപ്പ്.

1. ഈ ബ്ലോഗിന്റെ തീം ആരോഗ്യമാണ്‌. രോഗമില്ലാത്ത അവസ്ഥ, അതായത് ചികിത്സ വേണ്ടാത്ത ജീവിതത്തെപ്പറ്റി. അതിനാല്‍ ചികിത്സാരീതികള്‍ ഇതിന്റെ സ്കോപ്പിനും അപ്പുറമാണ്‌. ഞാന്‍ ചികിത്സിക്കാന്‍ യോഗ്യതയോ അറിവോ ലൈസന്‍സോ നേടിയ ആളല്ലാത്ത സ്ഥിതിക്ക് മരുന്നുകളെപ്പറ്റി പ്രിസ്ക്രിപ്റ്റീവ് ആയി ഒന്നുമെഴുതാറില്ല. എഴുതിയാല്‍ അത് വ്യാജവൈദ്യമായിപ്പോകുകയും ചെയ്യും.

2. വ്യക്തിപരമായി എനിക്ക് ആള്‍ട്ടര്‍നേറ്റ് മെഡിസിന്‍ എന്ന സങ്കല്പ്പത്തില്‍ വിശ്വാസമില്ല, ഒന്നുകില്‍ ഒരു വസ്തു മരുന്നാണ്‌, അല്ലെങ്കില്‍ മരുന്നല്ല. രോഗം ഭേദമാക്കുന്നതെല്ലാം എനിക്കു മരുന്നു തന്നെ.

3. മരുന്ന് വാങ്ങേണ്ടി വന്നാല്‍ അതു കൈകാര്യം ചെയ്യുന്ന വിദഗ്ദ്ധനെ സമീപിക്കുകയാണ്‌ ചെയ്യേണ്ടത്. ഒരാളില്‍ വിശ്വാസം വന്നല്ലെങ്കില്‍ അടുത്തയാളിനെ കാണും, അതും പോരെങ്കില്‍ വീണ്ടും കാണും, എന്നാല്‍ സ്വയം ഒരു മരുന്നും പരീക്ഷിക്കുകയോ മറ്റൊരാളിനു നിര്‍ദ്ദേശിക്കുകയോ ചെയ്യാറില്ല.

4. താങ്കള്‍ ഒരു സ്വാഭാവിക വസ്തു കഴിച്ച് കൊളസ്റ്റ്റോള്‍ ഭേദമാക്കിയെന്ന് എഴുതിക്കണ്ടു. എന്തു മരുന്നെന്ന് പറയാത്തതുകൊണ്ട് എന്തായിരുന്നു ചികിത്സ എന്നും എനിക്കു മനസ്സിലായില്ല. അഭിപ്രായം പറയാന്‍ ഞാനാളുമല്ല. എങ്കിലും കൊളസ്റ്റ്റോളുയര്‍ച്ചയ്ക്ക് സ്വാഭാവിക ചികിത്സാ എന്നു ഗൂഗിളില്‍ കൊടുത്തു നോക്കിയപ്പോള്‍ കിട്ടിയ "സപ്ലിമെന്റുകളില്‍" ഒന്ന് ഇതാണ്‌
http://www.nativeremedies.com/products/cholestrorite-healthy-cholesterol-levels.html

ബ്രോഷറില്‍ ഇങ്ങനെ പറയുന്നു " കൊളസ്റ്റോ റൈറ്റ്" നൂറു ശതമാനം സുരക്ഷിതവും സ്വാഭാവികവസ്തുവുമാണ്‌. ഗ്ലൂട്ടെനോ കൃതൃമ രുചി നിറവസ്തുക്കളോ ജന്തുജന്യമായ ചേരുവകകളോ ഇല്ല. രണ്ടു മൂന്നു പേരുടെ സാക്ഷിപത്രവുമുണ്ട്.

ആക്റ്റീവ് ഇന്‍‌ഗ്രീഡിയന്റുകള്‍
റെഡ് യീസ്റ്റ് റൈസ്, ഗുഗ്ഗുലു, റൂയിബോസ്.

തീര്‍ച്ചയായും ഈ മരുന്നു കഴിച്ചാല്‍ കൊളസ്റ്റ്റോള്‍ കുറയും. അതിലെ ഒരു വസ്തു- റെഡ് യീസ്റ്റ് റൈസ് എന്നത് ലോവസ്റ്റാറ്റിന്‍ എന്ന മരുന്ന്- മെവകോര്‍ എന്ന പേരില്‍ (നാട്ടിലെ ബ്രാന്‍ഡ് പേരുകള്‍ അറിയില്ല) കിട്ടുന്ന പ്രിസ്ക്രിപ്ഷന്‍ മെഡിസിന്‍ാണ്‌. നൂറുശതമാനം സുരക്ഷിത സ്വാഭാവിക മധുരമനോജ്ഞ അമൃതതുല്യമായ ഈ സപ്ലിമെന്റിനുള്ള വത്യാസം രോഗി അറിയാതെ സ്വയം ചികിത്സിക്കുന്നെന്നും ഗുണനിലവാരമോ ഡോസേജോ മനസ്സിലാക്കുന്നില്ലെന്നും വില കൂടുതല്‍ കൊടുക്കുന്നെന്നും യാതൊരു പാര്‍ശഫലവുമില്ലെന്ന് വിശ്വസിക്കുന്നെന്നും മറ്റു മരുന്നുകള്‍ തരുന്ന ഡോക്റ്റര്‍ ഇതറിയാതെ കോണ്ട്രാഇന്‍ഡിക്കേഷനുള്ള മരുന്നുകള്‍ തന്നേക്കാമെന്നും മാത്രം. ഒരായര്‌വേദമരുന്നായ ഗുഗ്ഗുലുവും പ്രിസ്ക്രിപ്ഷന്‍ മെഡിസിനായ ലോവസ്റ്റാറ്റിനും ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗത്തിന്റെ മരുന്നായറൂയിബോസും ഒരുമിച്ചു കഴിച്ചാല്‍ എന്തു സംഭവിക്കുമെന്ന് കുറഞ്ഞപക്ഷം ക്ലിനിക്കല്‍ ട്രയലുകളെങ്കിലുമില്ലെങ്കില്‍ സുരക്ഷിതമെന്ന് ആര്‍ക്കും അവകാശപ്പെടാനാവില്ല.

DDT എച്ച് ഡി എല്‍ കൂട്ടാന്‍ കഴിവുള്ള അപൂര്വ്വം വസ്തുക്കളില്‍ ഒന്നാണ്‌. കഞ്ചാവ് ശക്തമായൊരു വാസോഡയലേറ്ററും. ഇതു രണ്ടും റെഡ് റൈസ് യീസ്റ്റില്‍ ചേര്‍ത്ത് ഞാന്‍ ഒരു "കൊളസ്റ്റ്രോള്‍-രക്തസമ്മര്‍ദ്ദ" ഹെല്‍ത്ത് സപ്ലിമെന്റ് മാര്‍ക്കറ്റില്‍ ഇറക്കിയാല്‍ വൈറസ് മജീദിനെക്കാള്‍ കോടീശ്വരനാവും, ഒരു ഡ്രഗ് കണ്ട്റോളര്‍ക്കും ഞാന്‍ സമാധാനം പറയേണ്ട, ഒരു പ്രിസ്ക്രിപ്ഷനും വേണ്ട, ഒരു ഗവേഷണവും വേണ്ട ട്രയലും വേണ്ട ചിലവുമില്ല. നാലു പരസ്യം ടെലിവിഷനിലും പത്രത്തിലും കൊടുത്താല്‍ മതി.
ഹെല്‍ത്ത് സപ്ലിമെന്റ് എന്ന സങ്കല്പ്പത്തില്‍ എനിക്കു വിശ്വാസമില്ലാത്തതന്റ്റെ കാരണവും ഇതാണ്‌. ഒന്നുകില്‍ അംഗീകൃത ചികിത്സാ സം‌വിധാനങ്ങളുടെ ബൈപ്പാസ്, അല്ലെങ്കില്‍ വെറുതേ കാശുവാങ്ങുന്ന പ്രോഡക്റ്റ്.

ഓഫ്:
പ്രിയ സൂരജ്, കൂട്ടിച്ചേര്‍ക്കലുകള്‍ (തിരുത്തുകളും) ചുമ്മാ പോരട്ടെ. മിക്ക പോസ്റ്റുകളും റൗണ്ട് ഓടിയെത്തിയത് അങ്ങനെയുള്ള കമന്റുകള്‍ കയ്യയച്ച് സഹായിച്ചിട്ടാണ്‌.

2 comments:

Anonymous said...

…… ഞാ‍ൻ ഈ ബ്ലൊഗിങ് രങ്കത്ത് ഒരു ‘പൊടിക്കൊച്ചാണു‘ അധികം കാര്യങ്ങൾ എനിക്കു അറിയില്ല. എന്നേക്കാൾ സീനിയർ ബ്ലോഗന്മാരായ നിങൾ എന്റെ ബ്ലോഗ് വ്വായിച്ച്, മാറ്റങൽ നിർദെശിക്കണം………. പ്ലീ….സ്….. എറ്ന്റെ ബ്ലോഗ് അഡ്രസ് ഇതാനു… http://punarnavaayurveda.blogspot.com

Siji vyloppilly said...

Devettan,
pls Edakku blog onnu update cheyyuu..This is one of my favourite blog.. Edakkidakku vannu nokkum.. :)
Siji-