"സ്റ്റാട്ട്യൂട്ടറി ആഡിറ്റ്, ഇന്റേര്‍ണല്‍ ആഡിറ്റ്, ബാങ്ക് ആഡിറ്റ്, ഇന്‍വെസ്റ്റിഗേഷന്‍, ടാക്സേഷന്‍ തുടങ്ങി എല്ലാ വിധ കണ്‍സള്‍ട്ടന്‍സിയും ഉത്തരവാദിത്തത്തോടെ സ്തുത്യര്‍ഹമായ രീതിയില്‍ ചെയ്തു കൊടുക്കപ്പെടുക്കും. സമീപിക്കുക ധര്മ്മജന് പട്ടേരി ആന്‍ഡ് കോ, ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ്സ്".. ഇങ്ങനെ ഒരു ബോര്‍ഡ് വച്ചാല്‍ എന്താ സംഭവിക്കുക? കൂടുതലൊന്നുമില്ല, പട്ടേരിച്ചന്റെ ലൈസന്‍സ് നാളെ കാണില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്ട്ടെര്ഡ് അക്കൌണ്ടന്റ്സിന്റെ കോഡ് ഓഫ് കോണ്‍ഡക്റ്റ് ഇമ്മാതിരി ചെറ്റവീമ്പിളക്കല് കര്‍ശ്ശനമായും നിരോധിച്ചിരിക്കുന്നു. ഇല്ലെങ്കില്‍ ആ തൊഴിലിനു പിന്നെ മാന്യതയും വിശ്വാസ്യതയും ഇല്ലാതെ പോകും. "കൊള്ള, കൊല ബലാത്സംഗം എന്തും ധൈര്യമായി നടത്തിക്കോ, മജമാടണ്ണാ ഞങ്ങളില്ലേ" എന്നൊക്കെ വക്കീലന്മാര് പത്രത്തേല്‍ കൊടുത്താലോ. അയ്യയ്യോ. നല്ല നിറമുള്ള ഒരു ബോര്‍ഡ് വയ്ക്കുന്നതു പോലും തെറ്റാണവര്ക്ക്.
ഈയടുത്ത സമയത്ത് പത്രത്തിലും റ്റീവിയിലുമൊക്കെ മുസ്ലി പവര്‍ എന്നൊരു മരുന്നിന്റെ പരസ്യം ധാരാളമായി വരുന്നു "ദി ഇന്ത്യന്‍ വയാഗ്ര" "ഡ്രഗ് കണ്ട്രോളര് അംഗീകരിച്ചത്" പരിപൂര്‍ണ്ണ സുരക്ഷിതം".. ഇതൊക്കെ കണ്ടാല്‍ എന്തോ മഹാകാര്യം കണ്ടു പിടിച്ചെന്നും മാനവരാശി രക്ഷപ്പെട്ടെന്നും ആര്‍ക്കെങ്കിലും തോന്നുന്നുണ്ടാവുമോ എന്തോ, "എതായാലും ഇതും കൂടി കഴിച്ചു നോക്കാം" എന്ന രീതിയില്‍ നല്ല കച്ചവടം നടക്കുമെന്ന് ഉറപ്പ്.
മുസ്ലി ഒരു യുനാനി മരുന്നാണ് ചേരുവ:- ശതാവരിയുടെ വേര് ഉണക്കി പൊടിച്ചത്. ആയിരക്കണക്കിനു വര്‍ഷങ്ങളായി യുനാനി വൈദ്യന്മാര് വാജീകരണത്തിന് ശതാവരി വേര് ഉപയോഗിച്ചു വരുന്നു. ഡ്രഗ് കണ്‍ട്രോളറുടെ അംഗീകാരത്തിന്റെ കളിയൊക്കെ അത്രേയുള്ളൂ. ആവശ്യമുള്ളവനു സ്വയം അങ്ങാടിക്കടയില്‍ നിന്നും വാങ്ങി ഉപയോഗിക്കാം, കൊള്ളവില കൊടുക്കാതെ.
ഈ നാട്ടുമരുന്നു വില്‍പ്പനക്കാരുടെ ഒരു കാര്യം, പണ്ട് പവര്‍ മാള്ട്ടെന്നൊക്കെ പറഞ്ഞു വെറും മാള്‍ട്ട് വിറ്റിരുന്നു എന്നൊക്കെ ആലോചിച്ച് റേഡിയോ വച്ചു . എപ്പോഴത്തെയും പോലെ പരസ്യം തന്നെ
"എന്താ ചേട്ടാ നാട്ടില്‍ പോകാന്‍ സമയമായിട്ടും ഒരു സന്തോഷം ഇല്ലാത്തത്?"
" എന്തു പറയാനാ, കുടുംബ ജീവിതം എനിക്കു ഭയമാണളിയാ.."
"ചേട്ടനൊരു കാര്യം ചെയ്യു, അബുദാബിയിലെ ..... ആശുപത്രിയില്‍ ഇന്നു തന്നെ ചെന്ന് യൂറോളജിസ്റ്റ് ഡോക്റ്റര്‍...... നെ കാണൂ. കേരളത്തിലെ ... മെഡിക്കല്‍ കോളേജില്‍ ദീര്‍ഘകാലം യൂറോളജി വിഭാഗം
തലവനായിരുന്ന അദ്ദേഹം .... , ....,.... എന്നീ ചികിത്സയിലും മറ്റും പ്രഗത്ഭനാണ്, മൂന്നു ചക്ക മുള്ളോടെ വിഴുങ്ങിയ കേമനാണ്. അവിടത്തെ ചികിത്സ കഴിഞ്ഞ് സന്തോഷമായി നാട്ടില്‍ പോയിക്കോളൂ.."
ഹരിശ്രീ അശോകന്റെ തുടക്ക സമയത്തെ സ്ഥിരം നമ്പര്‍ ആയിരുന്നു വഴിയോര വൈദ്യം, പക്ഷേ ഇത് അതിനെയും കടത്തി വെട്ടിയല്ലോ ഈശ്വരാ.
വിളിക്കാതെ ഇങ്ങോട്ടു വന്നു ചികിത്സിക്കാമെന്ന് പറയുന്നവന് സാക്ഷാല്‍ അശ്വിനീ ദേവകളെക്കാള്‍ കേമനായാലും ആട്ടിപ്പായിക്കണം എന്നാണ് അഷ്ടാംഗ ഹൃദയം പറയുന്നത്. നമ്മള് വൈദ്യന്റെ കീര്‍ത്തി കേട്ടറിഞ്ഞ് അവിടെയെത്തുന്നത് മാത്രമേ അദ്ദേഹത്തിനു പരസ്യമാകാവൂ..
ആശുപത്രികളെയും ഡോക്റ്റര്‍മാരെയും മെഡിക്കല്‍ കൌണ്‍സില്‍ നേര് വഴിക്ക് നടത്തിയില്ലെങ്കില്‍ നമുക്ക് ഗ്രേഡിംഗ് നടത്തേണ്ടി വരും. ഒരു പായ പേപ്പറെടുത്ത്, ഓരോ കോളമായി അറിവ്, പ്രവൃത്തി പരിചയം, സൌമ്യമായ പെരുമാറ്റം, ആര്ത്തിയില്ലാതെയിരിക്കല്, പരസ്യങ്ങളലില്ലാതിരിക്കല്, രോഗിയില്‍ ശ്രദ്ധ, പരിചയക്കാരുടെ അനുഭവം, നമുക്ക് നേരിട്ടുള്ള പരിചയം എന്നൊക്കെ കുറേ കോളമിട്ട് അറിയാവുന്ന ഡോക്റ്റര്‍മാരെയെല്ലാം ഓരോ വരിയായി എഴുതി ഒന്നു മുതല്‍ പത്തു വരെ മാര്‍ക്ക് ഓരോ കോളത്തിലുമിട്ട് എഴുതി കൂട്ടാം? ഇതിലെ മാര്‍ക്ക് കൂടിയവര്‍ ആവണം അറിയുന്ന ഡോക്റ്റര്‍. എന്തറിയാവുന്ന ഡോക്റ്റര്‍? രോഗത്തെ അറിയുന്ന, രോഗിയെ അറിയുന്ന, ചികിത്സയറിയുന്ന, പെരുമാറാന്‍ അറിയുന്ന, സദാചാര്യമെന്തെന്നറിയുന്ന ഡോക്റ്റര്‍.
*ഭാഗ്യദേവത നിങ്ങളെ മാടി മാടി വിളിക്കുന്നു എന്ന സി . വിദ്യാധരന് മഞ്ജുള ലോട്ടറീസിന്റെ പരസ്യത്തോട് കടപ്പാട്.
Friday, September 01, 2006
Subscribe to:
Posts (Atom)