Saturday, May 20, 2006

അവിലും മലരും


അവില്‍ എന്നു പറഞ്ഞാല്‍ ഇപ്പോഴത്തെയാള്‍ക്കാര്‍ അലര്‍ജിക്‌ മാനിഫെസ്റ്റേഷനു ഡോക്റ്റര്‍ കുറിച്ചു തരുന്ന ഫെനിറാമൈന്‍ മാലിയേറ്റ്‌ ആണെന്നു കരുതിയാലോ. സന്തോഷിന്റെ ബെര്‍ത്ത്‌ഡേ അവിലിന്റെ പടം ഇവിടെ പകര്‍ത്തി.

അവില്‍ ഏക്‌ അത്ഭുത്‌ ഭോജന്‍ ഹേ. നെല്ലു വറുത്ത്‌ ഉരലില്‍ ഇടിച്ച്‌ ഉമിയൊന്നു പാറ്റിയാല്‍ അവിലായി. ഉണ്ടാക്കാനെളുപ്പം. ഫൈബര്‍, മിനറലുകള്‍ പ്രോട്ടീനുകള്‍ എന്നിവയാല്‍ സമ്പുഷ്ടം.

വൈറ്റമിന്‍ ബി1 അഥവാ തയമിന്‍ തവിടില്‍ ധാരാളമായുണ്ട്‌ (വെള്ളം തിളച്ച്‌ അരി ചോറാകുമ്പോഴേക്ക്‌ ഇത്‌ നഷ്ടപ്പെട്ടുപോകും) തയമിന്റെ കുറവ്‌ തളര്‍ച്ച, വിളര്‍ച്ച (ഹ ഹ.. വഴിയില്‍ മരുന്നു വില്‍ക്കുന്നവന്റെ ടേര്‍മിനോളജി) മലബന്ധം, ബ്രാഡി/ടാച്ചിക്കാര്‍ഡിയ (ഹൃദമിടിപ്പിന്റെ വേഗതാ വ്യതിയാനങ്ങള്‍) മാന്ദ്യം, ഓര്‍മ്മക്കുറവ്‌, ഭയം, വിഷാദരോഗം എന്നിവക്കും ഗുരുതരമായ ഡെഫിഷ്യന്‍സി ബെറി ബെറി എന്ന മാരകമായ രോഗത്തിനും കാരണമാകുന്നു. തയമിനെ ഇവിടെ വിക്കാം http://en.wikipedia.org/wiki/Thiamine എന്നതിനാല്‍ വിസ്തരിക്കുന്നില്ല.

പൂജിച്ച (ഈ പൂജയല്ലേ പ്ലാസിബോ എഫക്റ്റ്‌!!) അവില്‍ കഴിച്ച നങ്ങേമക്കു ഗന്ധര്‍വ്വന്‍ കൂടലും, നാണൂച്ചാര്‍ക്ക്‌ പ്രേതഭയവും, കുഞ്ഞുണ്ണൂലിക്ക്‌ ഗുന്മനും ഉമ്മിണിമോള്‍ക്ക്‌ പഠിക്കാന്‍ ഉത്സാഹമില്ലാതെ പക്കിവാത പിടിച്ചിരിക്കലും ഒരുമിച്ച്‌ മാറുന്നതിന്റെ പിന്നിലെ മന്ത്രം ഇത്രയേ ഉള്ളു.

അവിലെന്തിനു നമ്മള്‍ നിത്യഭക്ഷണമാക്കിയെന്നറിയാന്‍ അതിലെ ടോക്കോട്രൈനോള്‍: (വിക്കേണ്ടവര്‍ ഇങ്ങോട്ടു പോകാം;- (http://en.wikipedia.org/wiki/Tocotrienol) എന്ന വൈറ്റമിന്‍ E ഘടകത്തെ അറിഞ്ഞാല്‍ മതി. അവിലില്‍ ധാരാളമായി കാണുന്ന കാണുന്ന ടോക്കോട്രൈനോള്‍ നമ്മുടെ കോശങ്ങളെ ഫ്രീ റാഡിക്കത്സ്‌ (ഓര്‍ക്കുന്നില്ലേ സ്നേഹക്കെണിയിലും മറ്റുമുണ്ടാകുന്ന ആ കൊലയാളിയായ അണ്ടിപോയ അണ്ണാനെ?) ഉണ്ടാകുന്നതിനെ തടുത്ത്‌ നമുക്ക്‌ ഹൃദ്രോഗം, എല്ലാത്തരം ക്യാസറുകള്‍, പ്രമേഹം, രക്തദൂഷ്യങ്ങള്‍ എന്നിവയില്‍ നിന്നും സംരക്ഷണം തരുന്നു.

അവിലെന്തിനു കുഴച്ചു കഴിക്കുന്നു?
ഇത്തിരി വെള്ളവും പഞ്ചസാരയും ചേര്‍ത്തോ കടലക്കറിയോ മീന്‍ ചാറോ ചേര്‍ത്തോ കഴിച്ചാല്‍ പോരേ എന്നാലോചിച്ചിട്ടുണ്ടോ? പോരല്ലോ. അവിലില്‍ ചേര്‍ക്കുന്ന പഴം വൈറ്റമിന്‍ എ, സി, ബി 6 എന്നിവയും ശര്‍ക്കര, ഇരുമ്പ്‌, കാത്സ്യം, പൊട്ടാസ്യം തുടങ്ങി ഒട്ടനവധി ധാതുക്കളും ലവണങ്ങളും തരുന്നു. തേങ്ങ അതിനെ ഫ്രഷ്‌ പ്ലാന്റ്‌ ഫാറ്റാലെ പുഷ്ടവും (right fat at right quantity is right)ഇത്തിരി നെയ്യ്‌ മാംസഭക്ഷണത്തില്‍ നിന്നല്ലാതെ കിട്ടാന്‍ ബുദ്ധിമുട്ടുള്ള വൈറ്റമിന്‍ ബി പന്ത്രണ്ടും തരും. നെയ്യിന്റെ കൊളസ്റ്റ്രോള്‍ കെണി അതിശക്ത കീലേറ്റര്‍ ആയ ശര്‍ക്കര തടുക്കും ഫ്രീ റാദിക്കലെങ്ങാനുണ്ടായാല്‍ ടോക്കോട്രൈനോള്‍ തവിടിലുണ്ട്‌. ഇതു തന്നെ അമൃതെന്ന് എനിക്കു സംശയമില്ല.

ചോക്കിംഗ്‌ ഹസാര്‍ഡ്‌
അവില്‍ ചെറിയ കുട്ടികള്‍ക്ക്‌ തൊണ്ടയില്‍ കുടുങ്ങിപ്പോയേക്കാം, അണ്ണാക്കില്‍
ഒട്ടിപ്പിടിക്കാവുന്ന ആകൃതിയുമുള്ളതിനാല്‍ കൂടുതല്‍ അപകടകാരിയായേക്കാം കുട്ടികള്‍ക്ക്‌ അവില്‍ നനച്ചത്‌.

നാട്ടറിവ്‌
അവിലിന്റെ വകയില്‍ ഒരു കസിന്‍ ആണ്‌ മലര്‍ എന്ന നമ്മുടെ പോപ്പ്‌ നെല്ല്. ഇതിയാനും അസ്സല്‍ ഭക്ഷണം, സായിപ്പിന്റെ ചോളപ്പൊരി പോലെ ഉപ്പും എണ്ണയും ചേര്‍ത്തല്ല, വെറുതേ വറുത്തു പൊട്ടിച്ചെടുക്കുകയാല്‍ ആരോഗ്യകരം, അവിലിന്റെ അടുത്തൊക്കെ വരുന്ന സമ്പുഷ്ടിയും. ഗ്യാസ്‌ ട്രബിള്‍ പ്രത്യേകിച്ച്‌ ഗര്‍ഭിണികള്‍ക്കും പുളിച്ചു തികട്ടല്‍ അഥവാ ആസിഡ്‌ റിഫ്ലക്സ്‌- GERD (ദോ ലങ്ങോട്ട്‌ വിക്കിക്കോ http://en.wikipedia.org/wiki/GERD) എന്നീ കാരണങ്ങളാല്‍ ഉണ്ടാകുന്ന വായുകോപം പിടിച്ച പിടിയാല്‍ നിറുത്താന്‍ ഒരെളുപ്പ വഴിയാണ്‌ മലര്‍ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കല്‍ (ജീരകവെള്ളം ഇടുന്നതു പോലെ ഒരു പിടി മലര്‌ വെള്ളത്തിലിട്ടു തിളപ്പിക്കുക അത്രയേ ഉള്ളു ഇതിന്റെ റെസിപ്പി}

ഈ പോസ്റ്റ്‌ അവില്‍ക്കൊതിയന്‍ ഏവൂരാനും അവിലിയന്‍ നൊവാള്‍ജിയ പിടിച്ചിരിക്കുന്ന പ്രാപക്കും സമര്‍പ്പിതം;
(അല്‍ ടോ
1. പണിക്കൂടുതല്‍ കാരണം ഇരിക്കപ്പൊറുതിയില്ലാതായ ഡോക്റ്റര്‍മാര്‍ ഇന്നലത്തെ ഗള്‍ഫ്‌ ന്യൂസ്‌ ഫ്രൈഡേ മാസികയില്‍ UAE യില്‍ ഭയാനകമാം വിധം ഹൃദയ ധമനീരോഗങ്ങളും ക്യാന്‍സറുകളും മറ്റ്‌ ജീവിതരീതീജന്യമായ അസുഖങ്ങളും വര്‍ദ്ധിക്കുന്നെന്ന് "കുറച്ച്‌ മര്യാദക്ക്‌ തിന്നിനെടാ ഹിമാറുകളേ"സൂചനയോടെ ഒരു ഉപന്യാസം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അവര്‍ നിരത്തുന്ന സ്റ്റാറ്റിസ്റ്റിക്സ്‌ കേട്ടാല്‍ മാത്രം മതി മനുഷ്യന്‍ അറ്റാക്ക്‌ വന്നു തീര്‍ന്നു പോകാന്‍.

2. ധമനീരോഗം മാനസികമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സായ്പ്പന്മാര്‍ ഇപ്പോഴല്ലേ പ്രബന്ധമെഴുത്ത്‌ തുടങ്ങിയത്‌, കവി ബിച്ചു തിരുമല ഇരുപത്തഞ്ച്‌ വര്‍ഷം മുന്നേ "തെയ്യാട്ടം ധമനികളില്‍-മനസ്സില്‍ രഥോത്സവം" എന്ന് മനസ്സിലുണ്ടാവുന്ന പ്രശ്നങ്ങളും ധമനീ സങ്കോചവും തമ്മിലുള്ള ഈ പെയറിംഗ്‌ വ്യക്തമായി വിശദീകരിച്ചിട്ടുള്ളതാ. അല്ലെങ്കിലും നമ്മള്‍ ഇന്ത്യക്കാരുടെ വാക്കിനു വിലയില്ലല്ലോ.)

Tuesday, May 02, 2006

സ്നേഹോപദേശം

ഭക്ഷ്യ എണ്ണകളെക്കുറിച്ച്‌ പലതരം വാദവും വിവാദവും വെല്ലുവിളികളുമൊക്കെ എന്നും കാണാറുണ്ട്‌. എല്ലാം ഒരുതരം ആളെപ്പറ്റിക്കല്‍ എന്നു കാണുമ്പോള്‍ സ്ഥിരമായി തലയില്‍ കൈ വച്ചു പോകാറുമുണ്ട്‌.

എണ്ണയുടെ രസതന്ത്രം
ഭക്ഷ്യയെണ്ണകള്‍ ഫാറ്റി ആസിഡ്‌ എന്ന ഹൈഡ്രോകാര്‍ബണുകള്‍ ആണ്‌. രണ്ടു ഹൈഡ്രജനും ഒരു കാര്‍ബണും കൂടിയാലെണ്ണയായി. ദ്രവരൂപത്തിലെ കൊഴുപ്പുകള്‍ എന്നു മനസ്സിലോര്‍ത്താല്‍ എണ്ണയെ മനസ്സിലാക്കാനെളുപ്പമായി.

ഭക്ഷ്യ എണ്ണയെന്ന ഫാറ്റി ആസിഡില്‍ ഒരു കാര്‍ബണിനു രണ്ടു ഹൈഡ്രജനെ താങ്ങാവുന്ന രീതിയിലാണു ജോഡിക്കല്‍. ഒരോ കാര്‍ബണാറ്റത്തിനും രണ്ടു കെട്ടിയോന്‍ വീതമുള്ള തടിച്ചിക്കോതയെ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ എന്നും ഒരു പെയറിനു മാത്രം ഹൈഡ്രജന്‍ ബോണ്ടിംഗ്‌ ഇല്ലാത്ത ചേട്ടനെ മോണോ അണ്‍ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ എന്നും പല പെയറിലും ഹൈഡ്രജന്‍ തികയാത്ത ജോഡിക്കലിനെ പോളി അണ്‍സാചുറേറ്റഡ്‌ ഫാറ്റ്‌ എന്നും പറയും. എണ്ണകളെല്ലാം ഈ മൂന്നു തരം ഫാറ്റി ആസിഡുകളുടേയും ഒരു മിശ്രിതം ആണ്‌. ചേരുവകളുടേ ഏറ്റക്കുറച്ചിലുകള്‍ http://en.wikipedia.org/wiki/Cooking_oil എന്ന ഭാഗത്ത്‌ വിക്കിയിലുണ്ട്‌.

എന്താണു ഫാറ്റ്‌ ശരീരത്തില്‍ ചെയ്യുന്നതെന്ന് കാണുമ്പോള്‍ എണ്ണയെക്കുറിച്ചുള്ള ചിത്രം പൂര്‍ത്തിയാകുന്നു.സാച്ചുറേറ്റഡ്‌ ഫാറ്റുകളെ ഒറ്റയടിക്ക്‌ ശരീരം എല്‍ ഡി എല്‍ ആക്കുന്നു. മോണോ അണ്‍സാചുറേറ്റഡ്‌ ഫാറ്റിനെ കുറഞ്ഞ തോതിലും പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റ്‌ വളരെ നേരിയ തോതിലും എല്‍ ഡി എല്‍ നിര്‍മ്മാണത്തെ കൂട്ടുന്നു. കൊഴുപ്പധികമാകുമ്പോള്‍ ശരീരം ഐക്കസനോയിഡ്‌ മാക്രൊഫാഗസ്‌ എന്നിവയെ വിട്ട്‌ അതിനെ പിടിച്ചെടുക്കാന്മ്‌ ശ്രമിക്കുന്നു. മാരകമായ ധമനീരോഗമെന്ന (arteriosclerosis) എന്ന ഹൃദ്രോഗത്തിന്റെയും സ്ട്രോക്കിന്റെയുംപിതാവിനു ഐക്കസനോുയിടും മാക്രോഫാഗസും എങ്ങനെ കാരണമാകുന്നു എന്നറിയാല്‍ എന്താണു കൊളസ്റ്റ്രോള്‍ എന്ന അദ്ധ്യായത്തില്‍ വായിച്ചിരിക്കുമല്ലോ. അപ്പോള്‍ പോളി അണ്‍ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ ആണ്‌ എറ്റവും നല്ലതെന്ന് ന്യായമായും തോന്നും (അടുത്ത സമയം വരെ അലോപ്പതി ഈ വാദം ഉന്നയിച്ചിരുന്നു), വരട്ടെ.

ഹൈഡ്രജനില്ല്ലാതെ ആര്‍ത്തി മൂത്തു നടക്കുന്ന അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റ്‌ ആദ്യം കാണുന്ന ഓക്സിജനെ പകരം വലിച്ചു കേറ്റുന്നു. ഓക്സിഡേഷന്‍ എന്ന ഈ "റാണിയില്ലേല്‍ തോഴി" പരിപാടിയില്‍ അധികം വന്ന എലക്ര്ട്രോണുകളെ ഫാറ്റ്‌ പുറത്തു വിട്ടുകളയും. ഈ പൈശാച വിവാഹത്തിലെ അനാഥ ബാലന്മാരായ എലക്ട്രോണുകള്‍ - ഫ്രീ റാഡിക്കത്സ്‌- വലിയ അപകടകാരികളാണ്‌. പോകുന്ന വഴി എല്ലാം തകര്‍ത്ത്‌ തരിപ്പണമാക്കി സഞ്ചരിക്കുന്ന ഇവരെ നശിപ്പിച്ചില്ലെങ്കില്‍ മ്രണമുണ്ടാവുമെന്ന് ഭയന്ന് ശരീരം ഐക്കസനോിഡിനെയും മറ്റ്‌ ഇമ്മ്യൂണ്‍ സെല്ലുകളേയും യുദ്ധത്തിനയക്കാന്‍ വീണ്ടും നിര്‍ബന്ധിതമാകുന്നു.

ചുരുക്കി പറഞ്ഞാല്‍ തികച്ചും ഭിന്നമായ രണ്ടു രീതിയിലാണെങ്കിലും സാചുറേറ്റഡ്‌ ഫാറ്റും അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റും നമ്മേ രോഗിയാക്കിക്കളയുന്നു ഇമ്മ്യൂണ്‍ സെല്ലുകളുടെ ഇന്‍ഫ്ലമേറ്ററി റെസ്പോണ്‍സ്‌ ക്യാന്‍സര്‍ റ്റ്യൂമര്‍ മുതലായാ രോഗങ്ങള്‍ക്കും മൂലകാരണമാകുന്നു.ഇതാണ്‌ എണ്ണക്കെണി.

എണ്ണയുടെ ഓക്ഷിഡേഷന്‍ എന്ന എരിതീയില്‍ എണ്ണയൊഴിക്കലാണ്‌ എണ്ണ തിളപ്പിക്കല്‍ എന്നതിനാല്‍ തിളക്കുംതോറും എണ്ണ ല്‍കൂടുതല്‍ അപകടകാരിയാകുന്നു. വറുത്ത ഭക്ഷണം കൊലയാളിയാകുന്നത്‌ ഫ്രീ റാഡിക്കലും ഇമ്മ്യൂണ്‍ സെല്ലുകളും തമ്മിലുള്ള യുദ്ധം മൂലമാണെന്ന് വ്യക്തമായല്ലോ. smoke point വളരെ ഉയര്‍ന്ന എണ്ണകള്‍ തിള അധികം ആകാതെ ആഹാരം വേവിക്കുന്ന്നു എന്നതിനാല്‍ അഭികാമ്യം ആണ്‌.

വെളിച്ചെണ്ണ നല്ലതോ ചീത്തയോ?
ഏത്‌ എണ്ണയും നല്ലതെന്നും ചീത്തയെന്നും പറയുന്നത്‌ കത്തിക്കുത്തു വേണോ കൂമ്പിനിടി വേണോ എന്നു ഗൂണ്ട ചോദിക്കുമ്പോള്‍ നമ്മള്‍ സെലെക്റ്റ്‌ ചെയ്യുമ്പോലെയേ ഉള്ളു എന്നൂ ബോദ്ധ്യമായല്ലോ. എണ്ണ പരമാവധി ഒഴിവാക്കുക (ചില എണ്ണകള്‍ വിറ്റാമിന്‍ ഏയും ഡിയും തരുന്നുണ്ട്‌ എങ്കിലും അതിനു വളരെ നല്ല മറ്റു മാര്‍ഗ്ഗങ്ങളുമുണ്ട്‌)വെളിച്ചെണ്ണ നല്ലതെന്നും ചീത്തയെന്നും രണ്ട്‌ ഗവേഷണമുണ്ടായെന്നു പത്രങ്ങള്‍ വെണ്ടക്കാ നിരത്തിയത്‌ ഓര്‍മ്മയില്ലേ? വിക്കി റ്റേബീല്‍ ഒന്ന്നു കൂടി നോക്കാം. വെളിച്ചെണ്ണ 92% സാച്ചുറേറ്റഡ്‌ കലേഷ്‌, 6% മോണോ വിശാലന്‍ 2% പോളി ദേവന്‍. വളരെ വ്യക്തമായില്ലേ കാര്യം? എല്‍ ഡി എല്‍ തീയറിയില്‍ വെണ്ണയെക്കാള്‍ വെളിച്ചെണ്ണയാണു മാരകം കാരണം എതാണ്ട്‌ മൊത്തത്തില്‍ ഈ സംഭവം സാച്ചുറേറ്റഡ്‌ ഫാറ്റ്‌ ആണ്‌. എന്നാല്‍ ഓക്സിഡേഷന്‍ തീയറി അനുസരിച്ച്‌ പോളി അണ്‍ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ തീരെയില്ലാത്തതിനാല്‍ വെളിച്ചെണ്ണ നല്ലതും ആണ്‌.

എന്തു വേണം? സ്വയം തീരുമാനിക്കുക. രക്തത്തിലെ എറ്റവും വലിയ ഓക്സിഡേഷന്‍ പുകവലിക്കുമ്പോഴും പലതവണ തിളച്ച എണ്ണ കഴിക്കുമ്പോഴുമാണ്‌ സംഭവിക്കുക. പുകവലിക്കാരനും ബീഫുവറുത്തു തീറ്റിക്കാരനും വെളിച്ചെണ്ണ നല്ല നല്ല അസുഖങ്ങള്‍ തരുമെന്നതിനു രണ്ടു പക്ഷമില്ല. വളരെ മിതമായി കറിച്ചട്ടിയില്‍ ഒഴിക്കുന്ന വെളിച്ചെണ്ണ ഒരുപക്ഷേ ഓക്സിഡേഷനുണ്ടാക്കുന്ന ഭക്ഷണം കഴിക്കാത്തയാളിനു ഉപദ്രവം ഉണ്ടാക്കില്ലായിരിക്കാം.മാരകമായ എണ്ണകള്‍ട്രാന്‍സ്‌ ഫാറ്റ്‌, കനോല എന്നീ രണ്ടുതരം എണ്ണകള്‍ വളരെ മാരകവും നിരോധനം എതു നിമിഷവും സംഭവിക്കാവുന്നതുമാണ്‌.റേപ്പ്‌ സീഡ്‌ എന്ന കുരുവില്‍ നിന്നും എടുക്കുന്ന കനോല എണ്‍യില്‍ യൂറിക്ക്‌ ആസിഡ്‌ എന്ന ഹൃദയ പേശീനാശിനി ഉണ്ട്‌ (ഫാക്റ്ററിയില്‍ ഇതു നീക്കം ചെയ്യാറുണ്ടെങ്കിലും ഒരു ശതമാനത്തോളം ബാക്കിയാവുന്നുണ്ടെനാണ്‌ റിപ്പോര്‍ട്ട്‌)

ട്രാന്‍സ്‌ ഫാറ്റ്‌ അല്ലെങ്കില്‍ ഹൈഡ്രജനേറ്റഡ്‌ എണ്ണ.
ഒരു ഫാക്റ്ററി വഴി ഇറങ്ങി വന്ന എന്തും വാങ്ങുമ്പോള്‍ ട്രാന്‍സ്‌ ഫാറ്റ്‌ അല്ലെങ്കില്‍ ഹൈഡ്രജനേറ്റഡ്‌ ഓയില്‍ ഉണ്ടോ എന്നു നോക്കുക. പലതരം ഭക്ഷ്യവസ്തുക്കളേയും ചീത്തയാകാതെ നോക്കുന്ന ഈ ഹൈഡ്രജനേഷന്‍ ഹൃദയരോഗങ്ങളും ക്യാന്‍സറുമടക്കം പല മാരകമായ അസുഖങ്ങള്‍ക്കും മുഖ്യ കാരണമാകുന്നെന്‍ എഫ്‌ ഡി എ അടക്കം എല്ലാ ആരോഗ്യ നിയന്ത്രണ സ്ഥാപനങ്ങളും സമ്മതിച്ചെങ്കിലും ബില്യണുകള്‍ കരം കെട്ടുന്ന കൈക്കൂലിലുന്‍ നല്‍കുന്ന ഭക്ഷ്യക്കമ്പനികള്‍ക്ക്‌ ഷെല്‍ഫ്‌ ലൈഫ്‌ കൂട്ടുന്ന ഈ കൊടും വിഷമുപയോഗിക്കുന്നത്‌ നിരോധിക്കാനൊരു ഉത്തരവിറക്കാന്‍ ധൈര്യം ഇതുവരെ വന്നിട്ടില്ല (അമേരിക്കയില്‍ പലയിടത്തും ഇതു നിരോധിക്കാനുള്ള പൊതുജന താല്‍പര്യ കേസുകള്‍ നിലവില്‍ നടക്കുന്നുണ്ട്‌. മാക്‌ ഡോണള്‍ഡ്‌ അമേരിക്കയില്‍ ട്രാന്‍സ്‌ ഫാറ്റ്‌ പിന്‍ വലിച്ചെങ്കിലും മറ്റുള്ള സ്ഥലത്ത്‌ ഉപയോഗിക്കുന്നെന്ന് പത്രക്കുറിപ്പ്‌)സാധാരണയായി ഈ കൊലയാളി എണ്ണ സാധാരണയായി കൂക്കികള്‍ ,ബിസ്കറ്റുകള്, ‍ഇന്‍സ്റ്റന്റ്‌ ശാപ്പാട്, ‌ചിപ്സ്, ‌ഫ്രെഞ്ച്‌ ഫ്രൈ, പീനട്ട്‌ ബട്ട, ര്‍ഐസ്‌ ക്രീം, ബ്രെഡ്‌എന്നിവയില്‍ കാണുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരഞ്ചു മിനുട്ട്‌ അധികം എപ്പോഴുമെടുക്കുക ലേബല്‍ വായിക്കാന്‍.




ഞാനും എണ്ണയും
പരമാവധി എണ്ണ ഒഴിവാക്കുന്നു ഞാന്‍, എണ്ണ ഒരു പ്രയോജനവും തരാത്ത വസ്തു. ചട്ടി കരിയും, താളിക്കാന്‍ വയ്യാ എന്നൊക്കെ പറഞ്ഞ്‌ വിദ്യ കുറേശ്ശെ എണ്ണ എടുക്കും. അതിനാല്‍ വീട്ടില്‍ റെഫൈന്‍ഡ്‌ ഒലിവ്‌ എണ്ണ വാങ്ങുന്നു. എന്റെ കണക്കില്‍ എറ്റവും കുറച്ച്‌ ദോഷം ഒലിവെണ്ണ ചെയ്യുന്നു. ഒലിവെണ്ണയില്‍ കൂൊടുതലും മോണോ അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റ്‌ ആയതിനാല്‍ എറ്റവും കുറവ്‌ എല്‍ ഡി എല്‍ വര്‍ദ്ധനയും ഫ്രീ റാഡിക്കല്‍ നിര്‍മ്മാണവുമേ നടക്കുന്നുള്ളൂ. സ്മോക്ക്‌ പോയിന്റും തൃപ്തികരം. വില മാത്രം കടുപ്പം. അളവു കുറച്ചാല്‍ വിലയേയും ഒതുക്കാം!മൃഗജന്യമായ എണ്ണകള്‍ - വെണ്ണ/ നെയ്യ്‌ എന്ന പശുക്കൊഴുപ്പുകളും പന്നി നെയ്യും ഞാന്‍ ഉപയോഗിക്കാതിരിക്കുക.. മാംസം വറുത്ത്‌ ഉപയോഗിക്കാത്ത അതേ കാരണങ്ങള്‍ തന്നെ. (പ്രത്യേകിച്ച്‌ ഒരസുഖവുമില്ലാത്തവര്‍ക്ക്‌ ഇത്തിരി നെയ്യു കഴിക്കണമെന്നു തോന്നിയാല്‍ ചൂടു ചോറിലൊരു തുള്ളി ഇറ്റിച്ചാല്‍ മതി . എന്തിനു അതിന്റെ ചട്ടീല്‍ ഇട്ടു വറുക്കുന്നത്‌?)

ആന്റി ഓക്സിഡന്റ്‌
ഇന്നു വരെ കണ്ടുപിടിച്ചതില്‍ വച്ച്‌ ഏറ്റവും ശക്തവും ഫലപ്രദവും നിരുപദ്രവിയുമായ ആന്റി ഓക്സിഡന്റ്‌ ആണ്‌ വൈറ്റമിന്‍ സി. എല്ലാവരും പൊതുവില്‍ വൈറ്റമിന്‍ സി ആവശ്യത്തിനു കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എണ്ണ വറുത്തു കഴിക്കുന്നവര്‍ ശര്‍മ്മാജി, വള്ളുവനാടന്‍ തുടങ്ങി പുകവലിക്കാര്‍, ഞാന്‍, സിദ്ധാര്‍ത്ഥന്‍, കണ്ണൂസ്‌ തുടങ്ങി എക്സ്‌ പുകവലിക്കാര്‍, അതുല്യാദി പാസ്സീസ്‌ സ്മോക്കര്‍മാര്‍ എന്നിവര്‍ വിറ്റാമിന്‍ സി ഡയറ്ററി സപ്പ്ലിമന്റ്‌ കഴിക്കുന്നത്‌ വളരെ ചെറിയ ഒരംശം ആണെങ്കിലും ഓക്സിഡേഷനില്‍ നിന്നും സംരക്ഷണം തരുന്നു. ആ ചെറിയ മാര്‍ജ്ജിന്‍ പോലും വളരെ വിലപ്പെട്ടതല്ലേ? വിറ്റാമിന്‍ സിയും
അതിന്റെ മാന്ത്രികശക്തി കണ്ടു പിടിച്ച നോബല്‍ ലാവ്രേറ്റ്‌ ഡോ. ലീനസ്‌ പോളിങ്ങും നീണാള്‍ വാഴ്ക!


മറ്റ്‌ ആന്റി ഓക്സിഡന്റ്‌- ആന്റി ഇന്‍ഫ്ലമന്റുകള്‍

ഡോ ബാരി സീയേര്‍സ്‌ എന്ന ഇന്നിന്റെ ആന്റി ഇന്‍ഫ്ലമേഷന്‍ പുലിയുടെ നിരീക്ഷണത്തില്‍ ഓക്സിഡന്റ്‌-റാഡിക്കലാദി കാരണങ്ങളാലുണ്ടാകുന്ന ഇന്‍ഫ്ലമേഷനെ ഒലിവെണ്ണ, വൈന്‍, ഇഞ്ചി, കറ്റാര്‍വാഴ, മഞ്ഞള്‍ എന്നിവക്ക്‌ കുറേശ്ശെ തടുക്കാന്‍ കഴിയും.

ക്രിതൃമമായ ആന്റി ഇന്‍ഫ്ലമന്റുകള്‍ - വിറ്റാമിന്‍ ഈ , കോ എന്‍സൈം Q10 എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ പ്രാഥമിക ഘട്ടത്തിലെത്തി നില്‍ക്കുന്നതേയുള്ളു.

ഇതി ദേവരാഗ വിരചിത സ്നേഹസാരം സമ്പൂര്‍ണ്ണം.
എല്ലാവര്‍ക്കും സ്നേഹരഹിതമായ ഭക്ഷണം സ്നേഹത്തോടെ ആശംസിക്കുന്നു.
സസ്നേഹം, നിങ്ങളുടേ സ്നേഹദ്വേഷി.