Sunday, April 30, 2006

ശാസ്ത്രം, അറിവ്‌, തിരിച്ചറിവ്‌

ആരോഗ്യത്തെക്കുറിച്ച്‌ പ്രത്യേകമായിട്ടല്ലെങ്കിലും ബഹുവര്‍ണ്ണക്കുടയില്‍ സ്നേഹിതന്‍ നാട്ടറിവുകള്‍ ബ്ലോഗിലെത്തിക്കാന്‍ ആഹ്വാനം ചെയ്തതുമുതല്‍ ഞാന്‍ ചിന്തയിലാണ്‌. അതിന്റെ ആവശ്യകത എനിക്കും ബോദ്ധ്യമായതാണ്‌:

ആരോഗ്യം എന്ന വിഷയം കേന്ദ്രീകരിക്കുന്ന ഈ ബ്ലോഗ്‌ ഇതുവരെ പ്രഥാനമായും എഴുതിയത്‌ ആരോഗ്യസംബന്ധിയായ അറിവുകളെക്കുറിച്ചാണ്‌. മലയാളത്തിലല്ലെങ്കിലും ഇത്തരം basic information ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുമെന്ന് തോന്നുന്നു. അതിനാല്‍ വീണ്ടും അതെഴുതുന്നതൊരു പാഴ്പ്പരിശ്രമം അല്ലേയെന്ന് ആശങ്ക.

അതേസമയം ലോക്കലൈസ്ഡ്‌ അറിവുകള്‍ ഇന്റര്‍നെറ്റില്‍ തുലോം കുറവാണ്‌. വക്കാരി പറയുന്ന എന്നും കഴിക്കുന്ന ആ സദ്യ ആസിഡ്‌ റിഫ്ലക്സ്‌ ഉള്ള ഒരു വ്യക്തിക്ക്‌ എത്ര കണ്ട്‌ നല്ലതോ ചീത്തയോ ആണ്‌ എന്ന് മലയാലത്തിലോ മറ്റു ഭാഷകളിലോ ഇന്റര്‍നെറ്റിലോ പുസ്തകങ്ങളിലോ ഉണ്ടാവില്ല എന്നതിനാല്‍ അത്തരം കാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ എഴുതേണ്ടത്‌ അത്യാവശ്യം തന്നെ.

എന്നാല്‍ ഇത്തരം പ്രാദേശികമായ അറിവുകള്‍ പരിമിതവും അംഗീകൃത ശാസ്ത്രശാഖകള്‍ പലപ്പോഴും കൈകാര്യം ചെയ്തിട്ടില്ലാത്തതിനാല്‍ നമുക്ക്‌ ആധികാരികമായി നിര്‍ദ്ദേശിക്കാവുന്നതുമല്ല.


ഒരു സാമ്പിള്‍ ലേഖനം എഴുതി നോക്കി ഞാന്‍
------------------------------
മണ്ണുകൊണ്ട്‌ മുറിവു കെട്ടല്‍
വലിയ ആഴത്തില്‍ മുറിവുകള്‍ ഉണ്ടാകുമ്പോള്‍ മാടോടും (പുര മേച്ചില്‍ ഓട്‌ ചുട്ട്‌ പൊടിച്ച പൊടി) പഞ്ചസാരയും ചേര്‍ത്ത്‌ മുറിവു പൊതിഞ്ഞു കെട്ടുന്ന പതിവുണ്ടായിരുന്നു. ഇതിനാല്‍ വലിയ പ്രയോജനങ്ങളുണ്ടെന്നും മുറിവുകള്‍ അടയാളമില്ലാതെ കൂടുമെന്നും വയസ്സായവര്‍ പറഞ്ഞു തന്നത്‌ എന്റെ തലമുറ തള്ളിക്കളയുകയാണ്‌ ഉണ്ടായത്‌. മണ്ണില്‍ നിന്നും അണുബാധയല്ലാതെ മറ്റൊന്നും കിട്ടില്ല എന്ന അടിസ്ഥാന ശാസ്ത്രബോധവും ഞങ്ങള്‍ക്കുണ്ടായിരുന്നതിനാല്‍ മുറിവുകള്‍ വലുതാണെങ്കില്‍ ആശുപത്രിയില്‍ കൊണ്ട്‌ വച്ചു കെട്ടുവാനും ചെറുതാണെങ്കില്‍ സ്വയം വച്ചു കെട്ടുവാനും രക്തം വാര്‍ന്നുപോകുന്നെങ്കില്‍ ടൂര്‍ണികെറ്റ്‌ കെട്ടുവാനും ഞങ്ങള്‍ നാട്ടുകാര്‍ക്ക്‌ പറഞ്ഞുകൊടുത്തു. ഇന്നും ആ നിര്‍ദ്ദേശങ്ങള്‍ക്ക്‌ മാറ്റമൊന്നുമില്ലതാനും.

പക്ഷേ മാടോട്‌ മുറിവുകളെ കൂട്ടിച്ചേര്‍ക്കുന്നെന്ന അവരുടെ വാദം ഇന്നെനിക്കു തള്ളാനാവുന്നില്ല. മണ്ണില്‍, പ്രത്യേകിച്ച്‌ റെയര്‍ എര്‍ത്ത്‌ കൂടുതലായുള്ള കൊല്ലത്തിന്റെ മണ്ണില്‍ നിന്നും അണുബാധയല്ലാതെ അവര്‍ക്കൊന്നും കിട്ടാനില്ല എന്നത്‌ ശരിയാകണമെന്നില്ല .

സിറോലിമസ്‌ എന്നും റാപ്പാമൈസിന്‍ എന്നും ‍ അറിയപ്പെടുന്ന മരുന്ന് ഹൃദയം, കരള്‍ വൃക്ക മുതലായ അവയവങ്ങള്‍ മാറ്റിവയ്ക്കുമ്പോഴും ക്യാന്‍സര്‍ വന്ന ഭാഗങ്ങള്‍ മുറിച്ചതുണങ്ങാനും ധമനികള്‍ സ്റ്റെന്റ്‌ ചെയ്യുന്നത്‌ കൂട്ടിയൊട്ടാതേ സൂക്ഷിക്കാനും ഇന്ന് വലരെ ഭലപ്രദമായി ഉപയോഗിക്കുന്നു . ഈ മരുന്ന് ഈസ്റ്റര്‍ ദ്വീപസമൂഹത്തിലെ മണ്ണില്‍
നിന്നുമാണെടുക്കുന്നതെന്ന അറിവ്‌ മാടോടിനെ പുശ്ചിച്ച വെളിവുകേടില്‍ നാണം തോന്നിപ്പിക്കുന്നു ഇന്ന്.

നമ്മുടെ നാട്ടിലെ അല്ലെങ്കില്‍ എന്റെ പ്രദേശത്തു മാത്രമോ ഉള്ള മണ്ണില്‍ റാൂമൈസിനോ അതിനു തുല്യമായ എന്തെങ്കിലുമോ ഉണ്ടോ എന്ന് എനിക്കറിയില്ല. ആര്‍ക്കുമറിയില്ല. റേഡിയേഷന്‍ കൂടുതലായ ആ മണ്ണ്‍ മറ്റെന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നും അറിയില്ല. ഇത്തരം കാര്യങ്ങള്‍ വളരെ ശാസ്ത്രീയമായ പഠനം നടത്താത്തൈടത്തോളം കാലം അര്‍ത്ഥരഹിതമായും ഉപയോഗശൂന്യമായും തുടരും. നാട്ടറിവുകളെ ശാസ്ത്രീയമായി വിശകലനം ചെയ്ത്‌ വെറും വിശ്വാസങ്ങളുണ്ടെങ്കില്‍ അവയെ നീക്കം ചെയ്യുകയും കാലത്തിനൊത്ത്‌ മാറ്റേണ്ടവ മാറ്റുകയും ചെയ്യേണ്ടിയിരിക്കുന്നു.
------------------------
പത്തു മിനുട്ടില്‍ എഴുതി. മൂന്നു മിനുട്ടില്‍ നിങ്ങള്‍ വായിച്ചു തീര്‍ന്നു. ആരോഗ്യവും ഇതുമായി എന്തു ബന്ധം? മണ്ണുകൊണ്ട്‌ മുറിവു കെട്ടാന്‍ ഞാന്‍ പറയുന്നില്ല. റാപ്പമൈസിന്‍ രോഗിക്ക്ക്‌ സ്വയം ഉപയോഗിക്കാവുന്ന മരുന്നുമല്ല. സര്‍ജ്ജനു റാപ്പമൈസിന്‍ എവിടെന്നു വരുന്നു എന്നത്‌ വിഷയമല്ല. മണ്ണ്ണുവാരി മുറിവില്‍ കെട്ടാന്‍ അദ്ദേഹം സ്വപ്നത്തില്‍ പോലും ആഗ്രഹിക്കുകയുമില്ല. മൊത്തത്തില്‍ ഈ എഴുത്തില്‍ ആര്‍ക്ക്‌ എന്തു പ്രയോജനം? എനിക്കു തന്നെ പിടിയില്ല. എഴുതണോ എന്തെഴുതണോ എന്തിനു ഷീരബല പോലെ ബേസിക്ക്‌ ഇന്‍ഫോ 101 ആവര്‍ത്തിക്കുന്നു. എന്തിനു അപൂര്‍ണ്ണമായ അറിവുകള്‍ ബ്ലോഗ്ഗങ്ങാടീല്‍ ഇടണം? എന്താണു non fiction blogകളില്‍ നിന്നും വായനക്കാര്‍ പ്രതീക്ഷിക്കുന്നത്‌?

Monday, April 24, 2006

മദ്യസാരം

Image hosting by Photobucket
ഛീ മദ്യമോ? എന്നു ചോദിക്കാനാണാദ്യം തോന്നുന്നതല്ലേ? മലയാളി പുരുഷന്മാരില്‍ 60 ശതമാനത്തോളം [സ്ത്രീകളുടെ കണക്കുകള്‍ ശരിയാവില്ല!]‍മദ്യപിക്കുന്ന നാടാണു നമ്മുടേത്‌. മദ്യത്തെക്കുറിച്ച്‌ മിണ്ടരുത്‌ എന്നാല്‍ ആരും കാണാതെ വീശാം എന്നൊരു ട്രെന്‍ഡ്‌ ആപല്‍ക്കരമല്ലേ, ഞാന്‍ തന്നെ വിളിച്ചു കൂകാം മലയാളിരാജന്‍ ഉടുമുണ്ടില്ലാതെ ഓടയില്‍ ഇഴയുന്നേ എന്ന്‌.

വേദകാലം മുതല്‍ക്ക്‌ ബ്രാഹ്മണര്‍ ജൈന-ബുദ്ധ അചാരങ്ങളെ അനുകരിക്കുംവരെ സുരസോമാദികള്‍ വളരെ ആദരണീയമായ പാനീയങ്ങളായിരുന്നു. സാത്വികമല്ലാത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കിയ കൂട്ടത്തില്‍ നമുക്കു മദ്യപാനവും അധ:കൃതരുടെയും രാജാക്കന്മാരെപ്പോലെ സുഖലോലുപരുടെയും മാത്രം വിനോദമായി.കുറച്ചെങ്കിലും ഇതുമാറ്റാനായത്‌ വെള്ളയീച്ചരന്‍ മഞ്ഞുനാട്ടില്‍ നിന്നും എത്തിയപ്പോഴാണ്‌. (ഇപ്പോഴും സുഖം നമുക്കു പാപം തന്നെ. ഇതു രണ്ടും കൂടെ കൂടിക്കുഴഞ്ഞ്‌ രതിലീലയും പീഡിപ്പിക്കലും ഒന്നാണെന്നും കുടിച്ചാല്‍ മോഷണവും ആകാമെന്നും വരെയായിത്തുടങ്ങി)

കൃശസ്ഥൂലഹിതം രൂക്ഷം സൂക്ഷ്മം സ്രോതോവിശോധനം
വാതശ്ലേഴ്മഹരം യുക്ത്യാപീതം വിഷവദന്യഥാ (അഷ്ടാംഗഹൃദയം 5-68)

അഷ്ടാംഗഹൃദയത്തിന്‍പടി വിധിയാംവിധം പാനം ചെയ്താല്‍ മദ്യം എല്ലാവര്‍ക്കും നല്ലതാണ്‌. പക്ഷേ ചിട്ട തെറ്റിച്ചാല്‍ ആരോഗ്യനാശകാരിയും. എന്താണീ നല്ലതെന്നു വച്ചാല്‍?
1. മദ്യത്തിനു ഒരു റിലാക്സേഷന്‍ ഇഫക്റ്റ്‌ ഉണ്ടെന്നതിനു രണ്ടു പക്ഷമില്ല.
ഇതിനെ പലയിടത്തും പഴയ താടികള്‍ രാസമൂര്‍ച്ഛ chemical orgasm എന്നു വരെ വിശേഷിപ്പിച്ചിട്ടുണ്ട്‌ .
2. മദ്യത്തിനു എല്‍ ഡി എല്‍ കുറക്കാന്‍ കഴിയും. എച്ച്‌ ഡി എല്‍ കൂട്ടാന്‍ കഴിയുന്ന അപൂര്‍വ്വം വസ്തുക്കളില്‍ ഒന്നാണ്‌ മദ്യം. രക്തം നേര്‍പ്പിക്കാനും മദ്യത്തിനു കഴിയും. അങ്ങനെ മദ്യം ഹൃദയ-പക്ഷാഘാതങ്ങള്‍, ഡയബെറ്റിസ്‌ എന്നിവയില്‍ നിന്നും കുറെയൊക്കെ സംരക്ഷണം തരുന്നു.
3.ആര്‍ത്തവവിരാമമായ സ്ത്രീകളില്‍ മദ്യത്തിനു ഈസ്റ്റ്രജന്‍ നിരക്കു കൂട്ടാനും രക്തം കട്ടിപിടിക്കുന്നത്‌ തടയാനും സഹായകരമാണ്‌.
ഒന്നു മുതല്‍ രണ്ടു വരെ ഡ്രിങ്ക്‌ (എന്നു വച്ചാല്‍ രണ്ടു ഗ്ലാസ്‌ വിസ്കി ആണോ എന്നു ഒരു റ്റീം പണ്ട്‌ ചോദിച്ചു!)കഴിക്കുന്നവര്‍ മദ്യപിക്കാത്തവരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നു.

എന്നാല്‍ പിന്നെ ഡോക്റ്റര്‍മാരെല്ലാം നമ്മളോട്‌ പോയി അടിക്കടേ വെള്ളം എന്നു പറയാത്തതെന്തേ?

1. മദ്യാസക്തി മൂന്നു തരത്തില്‍ നമ്മളെ തട്ടിക്കളയും- ഒട്ടുമിക്ക ആന്തരികാവയവങ്ങളെയും നാഡീവ്യൂഹത്തേയും പേശികളേയും തകര്‍ക്കും. അപകടത്തില്‍ പെടുത്തും. ജീവിതത്തില്‍ നമ്മളെ ആരുമല്ലാതെയും ആക്കും.

2. 14 മില്ല്യണ്‍ അമേരിക്കക്കാര്‍ മദ്യപാനാസക്തിയെന്ന രോഗത്തിനടിമകളാണ്‌. പ്രതിവര്‍ഷം 100 ബില്ല്യണ്‍ ഡോളര്‍ മദ്യവുമായി ബന്ധപ്പെട്ട ചികിത്സക്ക്‌ അമേരിക്ക ചിലവിടുന്നു. 60% കൊലപാതകം, പീഡനം, മറ്റു കുറ്റകൃത്യങ്ങല്‍ എന്നിവ മദ്യലഹരിയില്‍ സംഭവിക്കുന്നു

മദ്യം ചെറു സുഖവും ചെറിയതോതില്‍ ആരോഗ്യപുഷ്ടിയും തരുന്നെങ്കിലും മദ്യത്തില്‍ പിഴച്ചാല്‍ ജീവിതം കുട്ടിച്ചോറാകുമെന്ന് ചുരുക്കം.

ഇതെല്ലാം അറിയുമെങ്കിലും മദ്യപിക്കാം കുഴപ്പമില്ല എന്ന ധൈര്യം തോന്നുന്നു എങ്കില്‍:
1. ഒരു ദിവസം രണ്ട്‌ ഡ്രിങ്കില്‍ കൂടുതല്‍ കഴിക്കാതെയിരിക്കുക (ഒരു കാരണവശാലും ബിഞ്ജ്‌ അഥവാ കുന്തം മറിയല്‍ എന്ന രീതിയില്‍(സാധാരണ ഗതിയില്‍ 4+ എണ്ണം) കഴിക്കാതെ ഇരിക്കുക

2. വ്യാജ മദ്യം സൂക്ഷിക്കുക. നമ്മൂറ്റെ തൊലിക്കകത്തുള്ളതെല്ലാം തകര്‍ക്കുന്ന വ്യാജന്‍ സിവില്‍ സപ്പ്ലൈസില്‍ വരെ സുലഭം-ഇതില്‍ മീഥെയില്‍ ആല്‍ക്കഹോള്‍ മുതല്‍ Govt India banned drug No. 43 under Section 26A of the Drugs & Cosmetics Act 1940 ആയ ആനമയക്കി അഥവാ ക്ലോറല്‍ ഹൈഡ്രേറ്റ്‌ വരെ ഉണ്ട്‌. ചെത്തുന്നതിന്റെ ഇരട്ടി കള്ള്‌ വില്‍ക്കുന്ന നാടാണു കേരളം!!
(ഞാന്‍ നാട്ടില്‍ ആണെങ്കില്‍ വൈനോ ക്യാനില്‍ കിട്ടുന്ന കിംഗ്‌ ഫിഷര്‍ ബീറോ മാത്രമേ കഴിക്കാറുള്ളു. അതൊന്നും പോരെങ്കില്‍ വിശ്വസ്ഥനായ ഒരു മിലിട്ടറിയെ കണ്ടു പിടിക്കുക (നമ്മുടെ അതുല്യ വരെ മായം ചേര്‍ത്തിട്ടുണ്ടത്രേ!!)

3. ഒരുകാരണവശാലും കുടിച്ച്‌ വാഹനം തൊടരുത്‌. മൊത്തം വാഹനാപകടങ്ങളുടെ പകുതിയിലും ഒരാള്‍ മദ്യപിച്ചിരുന്നതായി കാണുന്നുവെന്ന് കേരളത്തിലെ ഒരു പത്രവാര്‍ത്ത കണ്ടിരുന്നു.
മിക്കവാറും എല്ലാ രാജ്യത്തും വലിയ കുറ്റമാണിത്‌
4. വളരെ സാവധാനം കുടിക്കുക.
5. നിര്‍ബ്ബന്ധത്തിനു വഴങ്ങി കുടിക്കാതെയിരിക്കുക
6.മദ്യാസക്തിയിലെ പാരമ്പര്യത്തിന്റെ പങ്ക്‌ മാനസികമോ ശാരീരികമോ ആയ എന്തെങ്കിലും വിശേഷമാണോ എന്ന് വ്യക്തമായി അറിവില്ല എങ്കിലും കുടുംബത്തില്‍ മുതിര്‍ന്ന മദ്യപരുണ്ടെങ്കില്‍ നിങ്ങള്‍ വളരെയധികം സൂക്ഷിക്കുക.
7. പല മരുന്നുകള്‍ക്കൊപ്പവും [ഉദാ. ആന്റിബയോട്ടിക്കുകള്‍] മദ്യം അപകടകരം ആണ്‌. എന്തു മരുന്നു കഴിക്കുമ്പോഴും കുടിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഡോക്റ്ററോട്‌ അനുവാദം വാങ്ങുക. ആ മരുന്നുകമ്പനിയുടെ സൈറ്റിലും ഒന്നു കയറി നോക്കുക. കരള്‍ വൃക്ക ആമാശയ-കുടല്‍ നാഡീ ഹൃദ്‌ രോഗങ്ങളുള്ളവര്‍ പലതവണ ചോദിച്ച്‌ ഉറപ്പു വരുത്തിയശേഷം മാത്രം മദ്യപിക്കുക . ചില മരുന്നിനോടൊപ്പവും മദ്യം അകത്തു ചെന്നാല്‍ ക്ഷിപ്ര മരണമാണു ഫലം.
8. പലപ്പോഴും നമ്മള്‍ മദ്യത്തോറ്റൊപ്പം അപകടകരമായ ഭക്ഷണം കഴിക്കുന്നു. വറുത്ത കപ്പലണ്ടി, ഇറച്ചി എണ്ണയില്‍ വറുത്തത്‌, "ആറ്‌ മിച്ചര്‍".. മദ്യത്തോളം ദോഷം ഈ ഭക്ഷണവും ചെയ്യുന്നു.

അപായ സൂചനകള്‍:
1.മദ്യം വീട്ടില്‍ ഒരു തര്‍ക്ക വിഷയമാകുന്നെങ്കില്‍
2. മദ്യപിക്കാനായി നിങ്ങള്‍ സാമൂഹ്യമോ മറ്റേതെങ്കിലുമോ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയുന്നെങ്കില്‍
3. മദ്യത്തെക്കുറിച്ച്‌-എണ്ണത്തെയോ തവണകളെയോ
കുറിച്ച്‌ ഭാര്യയോടോ മക്കളോടോ നുണ പറയേണ്ടി വരുന്നെങ്കില്‍
4. മദ്യപാനത്തോത്‌ കൂടുതല്‍ എന്നു നിങ്ങള്‍ക്ക്‌ തോന്നാറുണ്ടെങ്കില്‍
5. സ്വഭാവ വൈകല്യങ്ങള്‍ ഒഴിവാക്കാന്‍ മദ്യം വേണ്ടി വന്നാല്‍
6. സങ്കടം മറക്കാന്‍ കുടിക്കണമെങ്കില്‍
7. എന്നും കുടിക്കാന്‍ തോന്നുന്നെങ്കില്‍
8. കുടി കാരണം വഴക്കുകൂടലോ വാഹനാപകടമോ കുട്ടികളെ തല്ലലോ ഉണ്ടാകുന്നെങ്കില്‍
9. അസുഖമെന്തെങ്കിലും മദ്യം കൊണ്ടുണ്ടായാല്‍
10. മദ്യപിക്കരുതെന്ന് ഡോക്റ്റര്‍ പറഞ്ഞിട്ടും കുടിച്ചാല്‍:
മദ്യപാനാസക്തിയുടെ പടിവാതിലില്‍ ആയിരിക്കാം താങ്കള്‍. നിറുത്തുക മദ്യപാനം. കഴിയുന്നില്ലെങ്കില്‍ ഉടന്‍ വൈദ്യ സഹായം ആവശ്യപ്പെടാന്‍ മടിക്കേണ്ട. നാട്ടില്‍ എമ്പാടും നല്ല ലഹരി വിമോചന ചികിത്സയുണ്ട്‌. മടിയും നാണവും മരണകാരണമാകാം. cheers!

Sunday, April 23, 2006

വ്യായാമം

സാക്ഷിമാസ്റ്റര്‍ കോഴിയെപ്പോലെ കഴുത്തു തിരിക്കണ്ടാ, വക്കാരിയപ്പന്‍ കളസോം അണിയണ്ടാ.

സായിപ്പിനു ഒരു ഊണു കഴിക്കണേല്‍ ടക്സഡോയും അരക്കു ചുറ്റിപ്പിടിച്ച ഒരു ഗൌണ്‍ ധാരിണിയിയും മെഴുകുതിരിയും പൂവും വൈന്‍ ഗ്ലാസ്സും നാപ്കിനും മെഴുകുതിരിയും ക്വാര്‍ട്ടര്‍ പ്ലേറ്റും ഡിന്നര്‍പ്ലേറ്റും കോര്‍ണര്‍പ്ലേറ്റും തുടങ്ങി ഫിംഗര്‍ ബൌള്‍ വരെ വേണമെന്നുള്‍ലതുകൊണ്ടാണു ഈ സുനാപ്പിയെല്ലാം വാങ്ങുന്നതു വക്കാരിയേ. (നാട്ടില്‍ പോയപ്പോ കണ്ട ഒരു മാറ്റം മിക്ക വീട്ടിലും ഒരു ട്രെഡ്‌ മില്ല് ഇരുന്നു തുരുമ്പെടുക്കുന്നതാണ്‌!) ഇതിരി അയഞ്ഞ ഒരു വേഷവും തെന്നി വീഴാതിരിക്കാന്‍ പാകതിലൊരു ഷൂസും (പഴേ സ്നീക്കറോ മറ്റോ) തണുപ്പുണ്ടേലൊരു തലേക്കെട്ടും മതിയല്ലോ വ്യായാമത്തിന്‌.

എങ്ങനെ വ്യായാമം?
സിമ്പിള്‍ ആയിട്ടു പറഞ്ഞാല്‍പ്രത്യേകിച്ച്‌ ഷേപ്പില്‍ പ്രശ്നമൊന്നുമില്ലാത്തവര്‍ക്ക്‌ ശ്വാസം ദ്രുത ഗതിയിലാകുന്ന രീതിയില്‍ 30-45 മിനുട്ട്‌ വ്യായാമം . ഉത്തമം സ്പീഡില്‍ നടത്തം/ഓട്ടം മദ്ധ്യമം സൈക്കിള്‍, സ്കിപ്പിംഗ്‌, അധമം ടെന്നിസ്‌,ജിം നിന്ദ്യം വെയിറ്റുപൊക്കല്‍.ഇതിന്റെ കാരണം ചോദിച്ചാല്‍ ഉത്തരം കോമ്പ്ലക്സ്‌ ആയിപ്പോകും:

1. അടുത്ത 20 വര്‍ഷം ആഴചയില്‍ 5-6 ദിവസം ചെയ്യാമെന്ന് ഉറപ്പില്ലാത്ത എക്സര്‍സൈസുകള്‍ തുടങ്ങുന്നത്‌ ദോഷമേ ചെയ്യൂ എന്നതില്‍ നിന്നും വെയിറ്റ്‌ ട്രെയിനിംഗ്‌ നടത്തിയാല്‍ ആര്‍നോള്‍ഡ്‌ ശിവശങ്കരന്‍ സാറിന്റെ ഗതി ആകുമെന്ന് മനസ്സിലാക്ക.

2. പരമാവധി ഹൃദയമിടിപ്പിന്റെ 50 ശതമാനത്തിനു മുകളിലും 75 ശതമാനത്തില്‍ താഴെയുമുള്ള വ്യായാമമേ പ്രതീക്ഷിക്കുന്ന ഗുണം തരൂ. പരമാവധി ഹൃദയമിടിപ്പെന്നാല്‍ 220 ഇല്‍ നിന്നും നിങ്ങളുടേ വയസ്സു കുറക്കുന്നതാണ്‌. ഉദാഹരണത്തിനു എനിക്ക്‌ 36 വയസ്സായി. എന്റെ പരമാവധി ഹാര്‍ട്ട്‌ റേറ്റ്‌ 220-36 = 184 . അപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യുമ്പോള്‍ പീക്‌ സമയത്ത്‌ 30 മിനുട്ടോളം സമയം 92 മുതല്‍ 138 വരെ തവണ എന്റെ ഹൃദയം ഒരു മിനുട്ടില്‍ ഇടിക്കണം. എന്തൊരു കുരിശ്ശ്‌. അതാണു സിമ്പിള്‍ ആയി "കുറച്ച്‌ ശ്വാസം സ്പീഡിലാകുന്ന രീതി എന്നു പറയാറ്‌"

ഹൃദയമിടിപ്പ്‌ ഒരു നഴ്സിന്റെ രീതിയില്‍ അളക്കുകയാണെങ്കില്‍ താഴെ ചിത്രത്തില്‍ കാണുമ്പോലെ കൈത്തണ്ടയില്‍ തെളിയുന്ന റേഡിയല്‍ ആര്‍ട്ടറിയില്‍ രണ്ടു വിരല്‍ വച്ച്‌ 10 സെക്കന്റ്‌ പള്‍സ്‌ എണ്ണുക അതിന്റെ ആറിരട്ടി ആണു ഹൃദയമിടിപ്‌/മിനുട്ട്‌.

കുറച്ചുകൂടെ കൃത്യമായി ഇതറിയാന്‍ ഒരു ബി പി മോണിറ്റര്‍ അഥവാ സിഗ്മോമാനോമീറ്റര്‍ -ഹോം എഡിഷന്‍ വാങ്ങിയാല്‍ മതി- അങ്കവും കാണാം താളീം ഒടിക്കാം. താഴത്തെ ചിത്രത്തില്‍ ഹാര്‍ട്ട്‌ റേറ്റ്‌ 65.


വ്യായാമയന്ത്രം.
ഹാര്‍റ്റ്‌ റേറ്റ്‌ അഡ്ജസ്റ്റ്‌ ചെയ്തു ഓടാനുള്ള യന്ത്രമാണ്‌ ഞാന്‍ വാങ്ങിയ ഒരേ ഒരു വ്യായാമ ഉപകരണം. ഈ കുന്തത്തിന്റെ പടം താഴെ കൊടുത്തിരിക്കുന്നു (പേന വ്യായാമത്തിനുള്ളതല്ല, വലിപ്പമറിയാന്‍ വച്ചതാണ്‌).വ്യായാമം ചെയ്യാന്‍ നേരം ഇതു ചെവിയില്‍ വയ്ക്കുക..

തുടക്കത്തില്‍ 60 മുതല്‍ 80 വരെ റേറ്റ്‌. ഇതില്‍ കാവാലം ചുണ്ടന്‍ വള്ളം അണിഞ്ഞൊരുങ്ങി, സ്വര്‍ണ്ണ മുകിലേ ഒക്കെ പാടിക്കുക

80- 100പള്‍സ്‌ റൌണ്ട്‌- വയ്ക്കു സുറുമാ, നല്ല സുറുമാ
100-120 - ശ്രീ ലതികകള്‍ തളിരണിഞ്ഞുലയവേ
120-135 ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ..
പെട്ടെന്ന് ഓടി പബ്ലിക്‌ വണ്ടിയില്‍ ചെന്നു കേറണോ ടോപ്‌ ഗീയര്‍ പാട്ടിടും "നീയെന്‍ കിനാവോ പൂവോ നിലാവോ"
അത്യാവശ്യം ആത്മരക്ഷക്ക്‌ "നെഞ്ചു തുടിക്കുത്‌ ജെമിനി ജെമിനി - ഓ പോട്‌ എന്ന പാട്ടിട്ടാല്‍ പോലീസ്‌ ജീപ്പും കള്ളന്റെ കാറും പോലും നമ്മുടേ കൂടെ എത്തുകയില്ല.

അപ്പോ ഹാപ്പി എക്സര്‍സൈസിംഗ്‌. അര മണിക്കൂര്‍ എന്നത്‌ ഒറ്റ ദിവസം കൊണ്ടല്ല . ഒരു മാസം കൊണ്ട്‌ ബില്‍ഡ്‌ ചെയ്യുക. നടക്കും മുന്നേ ഒന്നു സ്റ്റ്രെച്ച്‌ ചെയ്യുക. ഭക്ഷണം കഴിച്ചാല്‍ 2 മണിക്കൂര്‍ വ്യായാമമരുത്‌. വ്യായാമത്തിനു അര മനിക്കൂര്‍ മുന്‍പും ശേഷവും കുളിക്കരുത്‌, ഈ സമയത്ത്‌ പുകവലി കര്‍ശ്ശനമയും അരുത്‌. ആദ്യം 15 മിനുട്ട്‌ പതുക്കെ വാം അപ്പ്‌ പിന്നെ മേല്‍ പറഞ്ഞ 30 മിനുട്ട്‌ വേഗം അവസാനം പതിനഞ്ചു മിനുട്ട്‌ കൂള്‍ ഡൌണ്‍. മോട്ടിവേഷന്‍ വേണോ? നടക്കാന്‍ പോയാല്‍ ഇഷ്ടമ്പോലെ പാട്ടു കേള്‍ക്കം. ജോഗ്‌ ചെയ്യുന്ന പയ്യന്മാരെ ജോഗ്ഗിണിപ്പെണ്ണുങ്ങള്‍ക്ക്‌- കതിരു പോലെ മെലിഞ്ഞ സുന്ദരികള്‍ക്ക്‌ ഭയങ്കര സ്നേഹമാണ്‌. ഞാന്‍ അനുഭവസ്ഥന്‍.

രോഗങ്ങളുടെ സാമ്പത്തികശാസ്ത്രം

അയ്യായിരം വര്‍ഷം മുന്നേ ദന്തക്ഷയമില്ലായിരുന്നു. ആയിരം വര്‍ഷം മുന്നേ ചിലപ്പോള്‍ രക്താതിസമ്മര്‍ദ്ദവും ഇല്ലാതെ ഇരുന്നിരിക്കണം. ഇരുനൂറു കൊല്ലത്തോളം മുന്‍പു വരെ ഹൃദ്രോഗം ഈ ഭൂമുഖത്തില്ലായിരുന്നു. ഇതൊക്കെ എവിടെനിന്നും വന്നെന്നു ചിന്തിച്ചാല്‍ പുരോഗതിയില്‍ നിന്നും എന്ന ഒരുത്തരത്തിലെത്തിച്ചേരുന്നു നാം.

പാലിയോലിത്തിക്‌ മനുഷ്യനു മിക്കവാറും അസുഖങ്ങളൊന്നുമില്ലായിരുന്നു. (ഈ പാപി ഇടിവെട്ടിയും പാമ്പു കടിച്ചും അയലോക്കക്കാരന്‍ പാറക്കിടിച്ചുമൊക്കെ ആയുസ്സാകാതെ മരിക്കുകയായിരുന്നു പതിവത്രേ) പ്രകൃതിയില്‍ നിന്നും കിട്ടുന്നതൊക്കെ വേട്ടയാടിയും ശേഖരിച്ചും ഭക്ഷിച്ചിരുന്ന നായാടികള്‍ (hunter-gatherers) ഒരിടത്തു താമസിച്ചു കൃഷി തുടങ്ങിയതോടെ ആദ്യ രോഗലക്ഷണങ്ങള്‍ കണ്ടെന്നും കാലിവളര്‍ത്തല്‍, കച്ചവടം, ഭക്ഷ്യസംസ്കരണം, രാസവസ്തു നിര്‍മ്മാണം എന്നിങ്ങനെ പുരോഗതിയുടെ ഓരോപാതയിലും അസുഖങ്ങള്‍ ഓരോന്നായി രൂപം മാറിയെന്നുമാണ്‌ിന്‍ഫ്ലമേഷന്‍ വാദം അനുസരിച്ചുള്ള താത്വിക വ്യാഖ്യാനം. ഇതില്‍ ഏറെ ശരിയുണ്ടെന്ന് താഴത്തെ ചിത്രത്തില്‍ നിന്നും മനസ്സിലാക്കാം.



(വെള്ളെഴുത്തുള്ളവര്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക)

ആഫ്രിക്കന്‍ മസായി വര്‍ഗ്ഗക്കാരിലും മറ്റും പ്രമേഹം രക്ത സമ്മര്‍ദ്ദം ഹൃദ്രോഗം എന്നിവ കേള്‍ക്കാനേയില്ല. എന്നാല്‍
പലതരം പകര്‍ച്ചവ്യാധികളും മരുന്നുകള്‍ മുതലായവയുടെ ദൌര്‍ലഭ്യവും പരിഷ്കൃതലോകത്തില്‍ നിന്നും വളരെക്കൂടുതലാണ്‌. ഇംഗ്ലണ്ടിനെ ഒരുകാലത്ത്‌ ഭയപ്പെടുത്തിയിരുന്നത്‌ സ്കര്‍വി പോലെയുള്ള രോഗങ്ങളാനെന്നും പകര്‍ച്ചവ്യാധികളും അണുബാധകളും മൂലമാണ്‌ ഒരു കാലത്ത്‌ മിക്ക പാശ്ചാത്യരും മരിച്ചിരുന്നതെന്നും വ്യവസായിക വിപ്ലവത്തോടെ അതു നേരെ തിരിഞ്ഞ്‌ ഒന്നാം നമ്പര്‍ മരണ കാരണം ഹൃദ്രോഗം ഒന്നാം നമ്പര്‍ മരണകാരണവും ക്യാന്‍സറാദികള്‍ തൊട്ടടുത്ത്ത കാരണങ്ങളായെന്നതും ഈ വാദത്തിനെ അടിവരയിയിട്ട്‌ ഉറപ്പിക്കുന്നു. വിഖ്യാതമായ ചൈനാ സ്റ്റഡിയില്‍ കണ്ടെത്തിയ ഒന്ന് ക്ലോറിന്‍ കലര്‍ന്ന വെള്ളവും ഫ്രിഡ്ജും മൈക്രോവേവിക്കലും കീടനാശിനിയുമില്ലാത്തവനു ആകെ ജീവിതത്തില്‍ അല്‍പ്പം വ്യായാമം കൂടെ മാത്രം മതിയെന്നാണ്‌. ഭക്ഷണ ക്രമീകരണമെന്നത്‌ ഗ്രാമീണ ചീനനു കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായിരുന്നു പക്ഷേ അവന്‍ ആടിനെ വാങ്ങി വീട്ടില്‍ വെട്ടി അപ്പോ തന്നെ കറി വച്ചു. ബക്കറ്റില്‍ വെള്ളവുമായി പോയി മീനിനെ കടക്കാരന്റെ ടാങ്കില്‍ നിന്നും വെള്ളത്തിലാക്കി വീട്ടില്‍ കൊണ്ടു പോരുന്നു ഫാമില്‍ പോയി.. ഈ കുല വെട്ടു ആ മത്തങ്ങ അറുത്തു തരൂ എന്നാണു പച്ചക്കറി വാങ്ങല്‍. ഐസിലിട്ട മീനെന്നു കേട്ടപ്പോ ഒരു കിഴവന്‍ "പട്ടിക്കു കൊടുക്കാനാണോ മക്കളേ എന്ന് ചോദിച്ചത്രേ." എണ്ണയില്‍
വറുക്കുന്ന പരിപാടിയേയില്ല അവര്‍ക്ക്‌. ഫലം - ശരാശരി ജീവിതത്തിനു നീളം 92 വയസ്സ്‌ (നമ്മുടെ ഒന്നര ഇരട്ടി) എന്നു മത്രമല്ല ഈ വയസ്സുകാലത്തു കുങ്ങ്‌ ഫൂ കുമിന്താങ്ങ്ഫൂ ഫൂ പോ ഒക്കെ വിനോദമാക്കി വയസ്സരു വിലസുന്നു അവിടെ. ഈ പാപികളില്‍ ബീജിങ്ങിലും ന്യൂ യോര്‍ക്കിലും ലണ്ടനിലുമൊക്കെ ചേക്കേറുന്ന പഹയരുടെ ജീവിത ദൈര്‍ഘ്യം 65 ഒക്കെയാകുകയും ചെയ്യുന്നു.

പറഞ്ഞുവരുന്നത്‌ ഇരു ലോകങ്ങളിലേയും നല്ലത്‌ സ്വീകരിച്ച്‌ നടുമുറ്റത്ത്‌ ഇരിക്കുന്നതാണു ബുദ്ധി എന്നാണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ? നന്ദി.

Wednesday, April 19, 2006

കൊളസ്റ്റ്രോള്‍ എന്നാലെന്ത്‌?

വക്കാരി എന്റെ ഫോട്ടോയുടെ താഴെ കമന്റി "ഇത്ര മെലിഞ്ഞ കൊളത്തില്‍ എങ്ങനെ സ്റ്റ്രോള്‍ ഉണ്ടായി?"

എന്നെ കൊലക്കു കൊടുത്ത ഒരന്ധവിശ്വാസമായിരുന്നു മെലിഞ്ഞിരുന്നാല്‍ വ്യാധികളൊന്നും ഇല്ലെന്ന്. പലപ്പോഴും ഡോക്റ്റര്‍മാരും പറഞ്ഞിട്ടുമുണ്ട്‌- എന്തൊരു ഭാഗ്യം തടിയില്ലല്ലോ, എന്തും കഴിക്കാം. ഈ ഭാഗ്യം ഞാന്‍ അനുഭവിച്ചു കുറേ.. തടി കൂട്ടാന്‍ വേണ്ടി ബട്ടറും മുട്ടയും തീറ്റി ഓരോരുത്തര്‍. ജീവിതത്തിലാദ്യമായി ഒരു ബ്ല്ഡ്‌ ടെസ്റ്റ്‌ കൊടുത്തത്‌ 35 വയസ്സില്‍ . അന്നത്തെ മൊത്തം സ്കോര്‍ 311. ഒരു പത്തു വര്‍ഷമെങ്കില്‍ ഈ ലെവെല്‍ ആയിരുന്നു കാണണം. ഫ്യൂസ്‌ അടിച്ചു പോകാഞ്ഞത്‌ ഭാഗ്യം.

എന്താണീ കൊളസ്റ്റ്രോള്‍?
കൊളസ്റ്റ്രോള്‍ രക്തത്തിലെ ലിപ്പിഡ്‌ എന്ന ഒരു തരം കൊഴുപ്പാണ്‌ വെണ്ണക്കട്ടി പോലെ ഒരു മെഴുമെഴുപ്പന്‍ സാധനം. സ്റ്റീറോള്‍ എന്ന വിഭാഗത്തില്‍ വരുന്ന ഇവനില്‍ നിന്നുമാണ്‌ ശരീരം സ്റ്റീറോയിഡ്‌ ഉണ്ടാക്കുന്നത്‌. ഇവന്‍ രക്തത്തില്‍ കലര്‍ന്ന് സഞ്ചരിക്കേണ്ട വസ്തുവാണെന്ന് അറിയുമല്ലോ. കൊളസ്റ്റ്രോള്‍ ഒരു തരം സ്നേഹ ദ്രവ്യയും രക്തം ജലത്തിന്റെ മിശ്രിതവും ആകയാല്‍ ഇതു രണ്ടും കൂടിക്കലരില്ല -ജലത്തില്‍ മെഴുകുരുകി വീണപോലെ തെളിയുകയേയുള്ളു. അതിനാലെ കൊളസ്റ്റ്രോളിനെ നമ്മുടെ കരള്‍ ട്രൈ ഗ്ലിസറൈഡ്‌ (3 തരം ഫാറ്റും ഗ്ലൈസറോള്‍ എന്ന മദ്യവും ചേര്‍ന്ന ഒരു വസ്തു) വില്‍ കുഴച്ച്‌ ഒരു പ്രോട്ടീന്‍ പൊതിയിലടച്ച്‌ രക്തത്തില്‍ ഒഴുക്കി വിടുന്നു. ഈ പ്രോട്ടീന്‍ -അപ്പോലിപ്പോപ്പ്രോട്ടീന്‍ പൊതിഞ്ഞ കൊളസ്റ്റ്രോള്‍-ട്രിഗ്‌ പൊതികള്‍ (കീമയും ഉള്ളിയും ചേര്‍ത്തു മാവില്‍ പൊതിഞ്ഞ്‌ സമോസയാക്കുന്നതുപോലെ) ലിപ്പോ പ്രോട്ടീന്‍ എന്നറിയപ്പെടുന്നു.

രണ്ടു തരം ലിപ്പോപ്രോട്ടീന്
‍ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍- LDL എന്നാല്‍ ഒരുപാടു കൊഴുപ്പും കുറച്ചു പ്രോട്ടീനും ചേര്‍ന്ന പൊതി. ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍- HDL നേരെ വിപരീതമായി കുറച്ചു ഫാറ്റും കൂടുതല്‍ പ്രോട്ടീനും ചേര്‍ന്ന പൊതി. മിക്കവരിലും എല്‍ ഡി എല്‍ എന്ന അഴുക്കു പൊതി കൂടിയും എച്‌ ഡി എല്‍ എന്ന നല്ല പാക്കറ്റ്‌ കുറഞ്ഞും കാണുന്നു.

എന്തിനാണു ലിപ്പിഡ്‌?
ഇതങ്ങു രക്തത്തില്‍ നിന്നു പോയാല്‍ മനോ നിമ്മിതിയായേനെ എന്നു തോന്നാറുണ്ടോ? ലിപ്പിഡ്‌ പൂജ്യത്തിലേക്കടുത്താല്‍ മരണം നിശ്ചയം; ലിപ്പോ പ്രോട്ടീന്‍ ആണു ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നത്‌.

ലിപ്പിഡ്‌ കെണി
എങ്ങനെ ലിപ്പിഡ്‌ ചതിക്കും എന്നറിയാന്‍ എങ്ങനെ ഹൃദയധമനീരോഗവും (Coronary Artery Disease )വിദൂര ധമനീ രോഗവും peripheral artery disease ഊണ്ടാകുന്നെന്നറിയണം.
സ്റ്റെപ്പ്‌ 1
രക്തക്കുഴലുകള്‍ക്കുള്ളില്‍ ഒരവരി സെല്ലുകള്‍കൊണ്ട്‌ ഒരു മിനുത്ത പാളിയുണ്ട്‌ എതാണ്ട്‌ തെര്‍മോക്കോള്‍ കപ്പിനകത്തെ മെഴുകു ലൈനിംഗ്‌ പോലെ. ഈ മിനുസമുള്ള പാളിക്ക്‌ എന്തെനെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍- കൊഴുപ്പുകൊണ്ടോ ചീത്ത രാസവസ്തുക്കള്‍ കൊണ്ടോ പുകവലി എണ്ണ മുതലായവ ഉണ്ടാക്കുന്ന ഓക്സിഡേഷന്‍ കൊണ്ടോ മറ്റോ ഈ ഗട്ടറുണ്ടാകല്‍ സംഭവിക്കാം- മാക്രോഫാഗസ്‌ എന്ന ഇമ്യൂണ്‍ സെല്ലുകള്‍ അവിടെ ഓടിയെത്തി ഈ വിള്ളല്‍കാത്തു സൂക്ഷിക്കുന്നു.

സ്റ്റെപ്പ്‌ 2
ഈ കുഴിയിലേക്ക്‌ ഒഴുകിയെത്തുന്ന എല്‍ ഡി ഏല്‍ പാര്‍ട്ടിക്കിളിനെ മാക്രോഫാഗസ്‌ പിടിച്ചെടുത്ത്‌ ധമനീഭിത്തിക്കുള്ളിലൂടെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നു. എല്‍ ഡി എല്‍ ഒഴുകി വരവ്‌ വളരെ കൂടുതല്‍ ആണെങ്കില്‍ മാക്രോഫാഗസിനു പിടിച്ച എല്‍ ഡി എലും മറ്റു മൃതകോശങ്ങളും എല്ലാം ചേര്‍ന്ന് ഇതറോമ എന്ന അഴുക്കു കൂമ്പാരം ധമനിക്കുള്ളില്‍ വരുന്നു. മൃദുവും കുഴമ്പു പരുവവുമായ ഇതിന്റെ ധമനികള്‍ ഒരു കട്ടിയുള്ള ആവരണം കൊണ്ട്‌ പൊതിഞ്ഞു മുട്ട പോലെ അകത്ത്‌ ദ്രവവും പുറത്ത്‌ തോടുമുള്ള കട്ടിയുള്ള പ്ലാക്‌ രൂപത്തെടുത്തുന്നു

സ്റ്റെപ്പ്‌ 3
പ്ലാക്കിനകത്തെ ലിപ്പിഡ്‌ കുളം പൊട്ടി രക്തത്തിലേക്കൊഴുകിയാല്‍ രക്തം കട്ടപിടിച്ച്‌ ധമനി മൊത്തമായി അടഞ്ഞു പോകുന്നു. ഇത്‌ ഹൃദയ ധമനികളിലാണെങ്കില്‍ ഹൃദയാഘാതവും മസ്തിഷ്ക ധമനികളിലാണെങ്കില്‍ സ്റ്റ്രോക്കും (പക്ഷാഘാതം) ഉണ്ടാക്കുന്നു.അപ്പോ HDL എന്താ ചെയ്യുന്നത്‌? ധമനികളില്‍ കുടുങ്ങുന്ന LDL കണികകളെ ഊരി പുറത്തു കളയുന്ന മുള്ളൂകുത്തികളാണു HDL എന്നാണു പരക്കെ വിശ്വാസം. എതായാലും LDL ചെയ്യുന്ന ദ്രോഹങ്ങളില്‍ നിന്നും നമുക്കു സംരക്ഷണം തരുന്നത്‌ HDL ആണെന്നു തെളിഞ്ഞിട്ടുണ്ട്‌.


(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക)

എങ്ങനെ കൊളസ്റ്റ്രോള്‍ കൂടുന്നു?കോളസ്റ്റ്രോള്‍ എങ്ങനെ ചിലരില്‍ കൂടുന്നു എന്നതിനു അടുത്ത സമയം വരെ ഫാറ്റ്‌ ഇന്‍ ഫാറ്റ്‌ ഔട്ട്‌ അഥവാ ഭക്ഷണത്തിലെ കൊഴുപ്പ്‌ രക്തത്തിലടിയുന്നു എന്ന ഒരു സിദ്ധാന്തമായിരുന്നു വൈദ്യശാസ്ത്രം കൈക്കൊണ്ടു പോന്നത്‌. അങ്ങനെയെങ്കില്‍ കടല്‍പ്പന്നിയുടെ കൊഴുപ്പ്‌ കട്ടയായി തിന്നുന്ന എസ്കിമോകള്‍ക്കും പന്നിയേയും സീഫൂഡും തിന്നുന്ന ഗ്രാമീണ ചീനര്‍ക്കും കോളസ്റ്റ്രോല്‍ വളരെ താണ്‌ ഹൃദ്രോഗമേ ഇല്ലാത്തതെന്താണെന്ന ചോദ്യത്തിനു ജനിതകമായ കാരണങ്ങളാണെന്ന ഉത്തരവും നിരത്തി. ഇതേ ചീനരും എസ്കിമോകളും നഗരങ്ങളിലേക്ക്‌ മാറുമ്പോള്‍ വളരെ വേഗം ഹൃദ്രോഗികള്‍ ആകുന്നതെന്താണെന്ന ചോദ്യത്തിനു മുന്നില്‍ മൌനവും ആയിരുന്നു മറുപടി. എന്നാല്‍ ഇന്ന് കൊഴുപ്പുദീനത്തെക്കുറിച്ച്‌ കൂടുതല്‍ വ്യക്തമായ ധാരണകള്‍ ഉണ്ട്‌.നിലവില്‍ നാലു തരം തീയറികള്‍ കൊളസ്റ്റ്രോളിനുണ്ട്‌.ഫാറ്റ്‌ തീയറിഓക്സിഡേഷന്‍ തീയറിനുട്രീഷന്‍ തീയറിപൊല്ല്യൂഷന്‍ തീയറി.തീയറി നാലെങ്കിലും പ്രാക്റ്റികല്‍ ഒന്നേയുള്ളൂ എന്നതാണ്‌ എറ്റവും രസകരം.

വക്കാരി ചോദിച്ച ചോദ്യത്തിലേക്ക്‌ മടങ്ങാം. ലണ്ടനിലെ ബ്രുണല്‍ യൂണിവാഴ്സിറ്റി ഡോ. ഗാരി ഓഡോണോവന്‍ എന്ന വ്യായാമ വിശാരദന്റെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വ്യായാമം ചെയ്യുന്ന മെലിഞ്ഞവര്‍ തടിയുള്ളവരെക്കാല്‍ കൊളസ്റ്റ്രോള്‍ നിരക്കിലും ഹൃദയരോഗത്തിലും വളരെ താഴെയാണെന്നാലും വ്യായാമമില്ലാത്ത മെലിഞ്ഞവരും വ്യായാമമില്ലാത്ത തടിച്ചവരും തമ്മില്‍ കൊളസ്ട്രോള്‍ നിരക്കിലോ ഹൃദ്രോഗനിരക്കിലോ വത്യാസമൊന്നുമില്ലെന്ന് കണ്ടെത്തുകയുണ്ടായി.
ഡോണോവന്‍ പഠനത്തിനു കടപ്പാട്‌
http://www.manchesteronline.co.uk/healthandbeauty/news/s/
207/207194_cholesterol_warning_for_complacent_nonexercisers.html എന്ന ലേഖനത്തോട്‌


അടുത്ത അദ്ധ്യായം കൊളസ്റ്റ്രോള്‍ തീയറികളെക്കുറിച്ച്‌. നന്ദി.

Monday, April 10, 2006

കുട്ടപ്പന്റെ മരണം ഒരു ഫ്ലാഷ് ബാക്ക്

ഈമെയിലില്‍ എനിക്കൊരു സുഹൃത്ത്‌ എഴുതി(മലയാളം പരിഭാഷ ഞാന്‍ ചെയ്തത്‌)
"പുകവലിയും മദ്യപാനവുമൊന്നുമില്ലാതിരുന്ന കോളേജില്‍ കരാട്ടെ ച്യാമ്പ്യന്‍ പോലുമായിരുന്ന ഒരു പരിചയക്കാരന്‍ 45 വയസ്സില്‍ ഹൃദ്രോഗത്താലെ മരിച്ചുപോയി -ഇതിലൊന്നും ഒരു കഥയുമില്ല."

ഇതിലെ കഥ ഊഹിക്കാവുന്നതേയുള്ളു സഹോദരാ, ഞാന്‍ അതൊന്നു വരച്ചു നോക്കട്ടേ? എനിക്കറിയാത്ത ആ പരിചയക്കാരനെ ഞാന്‍ കുട്ടപ്പനെന്നു വിളിക്കാം.


എന്റെ ഭാവനയിലെ കുട്ടപ്പന്‍ അങ്ങനെ 45 വയസ്സില്‍ എം ഐ വന്നു മരിച്ചു.
(പാവം, ഒരു സെക്കന്‍ഡ്‌ ചാന്‍സ്‌ കൊടുത്തില്ല ദൈവം)

അമ്മ വെണ്ണ കൊടുത്ത്‌ അമുല്‍ ബേബിയാക്കാന്‍ നോക്കുന്നതിനു പകരം ചോറും മീന്‍ കറിയും കൊടുത്തിരുന്നെങ്കില്‍

കോളേജില്‍ വെയിറ്റെടുക്കാതെ മര്യാദക്കു ചില്ലറ ക്രികറ്റും ഉണക്ക ചമ്മന്തീടെ ചോറുപൊതിയുമായിരുന്നെങ്കില്‍

മദ്ധ്യവയസ്സില്‍ കെന്റക്കി ലഞ്ചുമായി ഓഫീസില്‍ ചടഞ്ഞിരിക്കാതെ എന്തെങ്കിലും വ്യായാമം തുടര്‍ന്നിരുന്നെങ്കില്‍..

ഇതെല്ലാം ചെയ്താല്‍ കുട്ടപ്പന്‍ തേങ്ങാ തലയില്‍ വീണു മരിച്ചേനെ എന്നാണോ? സാദ്ധ്യത തീരെ ചെറുത്‌. കേരളത്തിലെ പുരുഷന്മാരില്‍ മൂന്നിലൊരാള്‍ കുട്ടപ്പനെപ്പോലെ മരിക്കുന്നു. തലയില്‍ തേങ്ങാ വീണ്‌ എത്രപേര്‍ ചാകും? 50 കോടിയില്‍ ഒരാളോ? അതോ 10 കോടിയിലൊന്നോ?