Sunday, June 11, 2006

ഗിനിപ്പന്നികളാകാതിരിക്കാന്‍

പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും, കേരളാ യൂണിവാഴ്സിറ്റി മുന്‍ വൈസ്‌ ചാന്‍സലറും ന്യൂറോസര്‍ജ്ജനുമായ ഡോ. ഇക്‌ബാല്‍ ഇത്തവണത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ വളരെ ആശങ്കാകുലനായി ലോകത്തിലെ എറ്റവും വലിയ പേഷ്യന്റ്‌ ഔട്ട്‌ സോഴ്സിംഗ്‌ കേന്ദ്രമായി ഇന്ത്യ മാറുന്നതിനെക്കുറിച്ച്‌ എഴുതിയിരുന്നു.

പൊളിച്ചെഴുത്തിലൂടെ കൂടുതല്‍ ദുര്‍ബ്ബലമാക്കപ്പെട്ട മരുന്നു നിയമം അനുശാസിക്കുന്ന സംരക്ഷണം പോലും ഇല്ലാതെയും "അറിഞ്ഞുകൊണ്ടുള്ള സമ്മതം" informed consent" എന്ന കരാര്‍ നിയമത്തിന്റെ അടിസ്ഥാന തത്വം പോലും ലംഘിക്കപ്പെട്ടും ആണ്‌ ഇന്ത്യക്കാരനെ ഗിനിപ്പന്നിയാക്കി പരീക്ഷണങ്ങള്‍ നടത്തുന്നതെന്നുമുള്ള വേദനാജനകമായ സത്യം ഡോ. ഇക്ബാല്‍ വെളിപ്പെടുത്തുമ്പോള്‍ ഒരു പുതിയ ആരിവാകുന്നില്ലെങ്കില്‍പ്പോലും പുനര്‍വിചിന്തനങ്ങള്‍ക്കു പ്രചോദനമാകുന്നു.

പരീക്ഷണത്തോത്‌ എത്രത്തോളം?
2010 ആണ്ടോടെ രണ്ടു മില്ല്യണ്‍ രോഗികളെങ്കിലും പരീഷണവിധേയരായി ഇന്ത്യയില്‍ ഉണ്ടാവുമെന്ന് ബി ബി സി വാര്‍ത്തയില്‍ പറയുന്നു. ഇതെന്താണെന്നു മനസ്സിലാക്കി സമ്മതമോ വിസമ്മതമോ പ്രകടിപ്പിക്കാനുള്ള അറിവും പരിജ്ഞാനവുമില്ല ഇന്ത്യയില്‍ രോഗികള്‍ക്കെന്നതും ഇതെന്തെന്നു മനസ്സിലാക്കിക്കൊടുക്കാനുള്ള ഉദ്ദേശം ആശുപത്രികള്‍ക്കില്ലാ എന്നതും പോകട്ടെ , എന്തു സംഭവിക്കുന്നെന്ന് ഡോക്റ്റര്‍മാര്‍ക്കു പോലും കൃത്യമായി അറിവില്ല (ഡോ
ഇക്ബാലിന്റെ ലേഖനപ്രകാരം ഇന്ത്യയില്‍ വൈദ്യവൃത്തി ചെയ്യുന്ന അഞ്ചു ലക്ഷം അലോപതി ഡോക്റ്റര്‍മാരില്‍ ഒരു ശതമാനം മാത്രമേ മരുന്നു ഗവേഷണ പരിശീലനം കിട്ടിയവര്‍ ഉള്ളൂ)

പരീക്ഷണം- നിയമവും സാമാന്യ നീതിയും മറികടന്ന്
മൃഗങ്ങളില്‍ പോലും പരീക്ഷിച്ചിട്ടില്ലാത്ത M4N ഇഞ്ജക്ഷന്‍ അസംഖ്യം മലയാളികളുടെ മ്മേല്‍ പ്രയോഗിച്ചത്‌ ഒരു സര്‍ക്കാര്‍ hospital ആയിരുന്നു (as told by Dr, NV Bhattathiri to BBC) അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നവജാത ശിശുക്കളില്‍ വയാഗ്ര പരീക്ഷിച്ചതും (ഇന്‍സ്റ്റിറ്റ്യൂട്ട്‌ വെബ്‌ സൈറ്റില്‍ തന്നെ ഉണ്ട്‌ ഈ വിവരം) പ്രസ്തുത ശിശുക്കളുടെ ഇന്‍ഫോംഡ്‌ കണ്‍സന്റോടെ ആയിരിക്കില്ലല്ലോ . ബീബീസി ഇന്റര്‍വ്യൂവുകളില്‍ ഒരൊറ്റ രോഗി പോലും താന്‍ പരീക്ഷണവസ്തുവാണെന്ന് അറിയാം എന്നു പറഞ്ഞില്ലയത്രേ.

Alden March Bioethics Institute ഡയറക്ടര്‍ ഗ്ലെന്‍ മാക്‌ ഗീ, സൈന്റിസ്റ്റ്‌ മാസികയില്‍ ഇങ്ങനെ എഴുതി " ഇന്നു മോഹന്‍ ദാസ്‌ ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം സ്ഥാപിച്ച സേവാശ്രം അടച്ചു പൂട്ടാന്‍ ജാഥകള്‍ സംഘടിപ്പിക്കുമായിരുന്നു" (ദയാരഹിതമായ വഞ്ചനകളാണ്ട്‌ നിരക്ഷരരായ പാവങ്ങളുടെ മേല്‍ ഗവേഷണമെന്നു പോലും അറിയിക്കാതെ മരുന്നുകള്‍ നല്‍കി സേവാശ്രമില്‍ ഇന്നു നടത്തുന്നതെന്നാണ്‌ ഈ ലേഖനത്തിന്റെ രത്നച്ചുരുക്കം)

എങ്ങനെ സ്വയമറിയാതെ ഗിനിപ്പന്നിയാകുന്നതിനെ തടുക്കാം?
1.ഒരാശുപത്രിയിലും മുഴുവനായി വായിച്ചു നോക്കാതെ ഒന്നും ഒപ്പിട്ടു നല്‍കരുത്‌ . മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ പേപ്പര്‍ പോലും.

2. ആശുപത്രിയില്‍ നിന്നും തരുന്ന മരുന്നുകള്‍, പ്രത്യേകിച്ച്‌ ലേബലുകള്‍ ഇല്ലാത്തവ, നമ്മള്‍ സ്വീകരിക്കാതിരിക്കുക.

3. എന്തു തരം മരുന്നു തന്നാലും അതിന്റെ ജെനറിക്ക്‌ നെയിം അതായത്‌ അതിലടങ്ങുന്ന രാസവസ്തുവിന്റെ പേര്‍ (ഉദാ. ബ്രൂഫന്‍ എന്ന മരുന്നിന്റെ ഗെനെരിക്‌ നെയിം ആണു ഐബുപ്രൂഫന്‍ - കവറില്‍ തന്നെ കാണാം, അതുപോല്‍ പ്ലാവിക്സ്‌ ആണ്‌ ക്ലോപ്പിഡോഗ്രല്‍ എന്നും കാണാം, ക്രെസ്റ്റര്‍ എന്ന മരുന്ന് റോസുവാസ്റ്റിന്‍ എന്ന രാസവസ്തുവാണ്‌) ഇന്റര്‍നെറ്റില്‍ ഒന്നു സേര്‍ച്ച്‌ ചെയ്യുക (ഗൂഗ്ഗിള്‍ സാധാരണയായി ഈ മരുന്നുകളുടെ വിശദമായ അനാലിസിസ്‌ തരും. കാണാത്തതെന്തും സംശയാസ്പദമായ മരുന്നാണ്‌, ഉദാഹരണത്തിന്‌ M4N എന്നു അന്വേഷിച്ചാല്‍ ഡ്രഗ്‌ ട്രയല്‍ റിപ്പോര്‍ട്ട്‌ മാത്രമേ കാണൂ, ഇതില്‍ നിന്നും മരുന്ന് പൊതു വിപണിയില്‍ വില്‍ക്കാന്‍ തുടങ്ങിയിട്ടില്ലെന്ന് മനസ്സിലാക്കാം. drugs.com എന്ന സൈറ്റ്‌ മിക്ക മരുന്നുകളെക്കുറിച്ചും ആധികാരികമായ വിവരങ്ങള്‍ തരും.

ബംഗാളില്‍ നിരോധിത മരുന്ന് വന്ധ്യംകരണത്തിന്‌ ഉപയോഗിക്കുന്നുണ്ടത്രേ. ആ സാധു സ്ത്രീകള്‍ക്ക്‌ quinacrine എന്ന് ഇന്റര്‍നെറ്റ്‌ സേര്‍ച്ച്‌ ചെയ്യാനാവുമായിരുന്നെങ്കില്‍ ഈ പാതകത്തിന്‌ ഒരു ഡോക്ടറും ധൈര്യപ്പെടുമായിരുന്നില്ല.


4. ഓരോ മരുന്നുകളും ശരീരത്തില്‍ രാസമാറ്റങ്ങള്‍ വരുത്തുന്നു എന്നതിനാല്‍ ഉറപ്പില്ലാതെ ഒന്നും കഴിക്കാനേ പാടില്ല. വഴിയില്‍ കിടക്കുന്ന ആകര്‍ഷകമായ ഒരു വസ്തു എടുത്തു തിന്നാന്‍ ഒരിക്കലും ധൈര്യപ്പെടാത്ത നമ്മള്‍ നേഴ്‌സ്‌ വായിലിട്ടു തരൂന്ന ഊരും പേരുമില്ലാത്ത ഗുളിക ധൈര്യ പൂര്‍വ്വം വിഴുങ്ങുന്നത്‌ വൈദ്യശാസ്ത്രത്തിന്റെ മര്യാദകളിലുള്ള വിശാസത്തിന്റെ ആഴക്കൂടുതല്‍ കൊണ്ടാണ്‌. ആ വിശ്വാസം ചൂഷണം ചെയ്യപ്പെടുന്ന ഇക്കാലത്ത്‌, ബോദ്ധ്യമാകുംവരെ അന്വേഷിച്ചശേഷം മാത്രം മരുന്നുകള്‍ സ്വീകരിക്കുന്നതാണ്‌ ഉത്തമം.

Saturday, June 03, 2006

ശോഭാഞ്ജനപത്രം


അടിമുടി അത്ഭുതങ്ങള്‍ കുടികൊള്ളുന്ന മുരിങ്ങമരത്തിന്റെ ഇല ഭക്ഷണമായും മരുന്നായും വളരെ പ്രാധാന്യമുള്ള ഒന്നാണ്‌. നൂറു ഗ്രാം മുരിങ്ങയിലയില്‍ നാനൂറ്റമ്പത്‌ മില്ലിഗ്രാം കാത്സ്യം, ഇരുനൂറ്റമ്പത്‌ മി. ഗ്രാ. വൈറ്റമിന്‍ സി, നല്ലതോതില്‍ ഇരുമ്പ്‌, ഫോസ്ഫറസ്‌ എന്നിവയും ചെറിയ തോതില്‍ മറ്റു കോമ്പ്ലക്സ്‌ വിറ്റാമിനുകളും ഉണ്ട്‌. നാരും പ്രോട്ടീനുകളും മറ്റും നിറഞ്ഞ ഈ ഇലയുടെ ഗുണങ്ങള്‍ ഏറെയാണ്‌.

മുരിങ്ങയില ചെഞ്ചീര പോലെ തോരന്‍ വച്ചും, ദാല്‍ പോലെ ചപ്പാത്തിയുടെ കൂട്ടാനായും, തേങ്ങാപ്പുളിശ്ശേരി വച്ചും രുചികരമായ കറികളുണ്ടാക്കാം. (ചില പാചകപ്പരീക്ഷണങ്ങള്‍ താഴെ ചിത്രങ്ങളില്‍ കാണാം)

അഷ്ടാംഗഹൃദയം മുരിങ്ങയിലക്കറികള്‍ സ്ത്രീകള്‍ക്ക്‌ സ്തനപുഷ്ടിയുണ്ടാക്കുമെന്നും, ഉപ്പു ചേര്‍ത്തു അല്‍പ്പം വേവിച്ച്‌ ഇത്തിരി പശുവിന്‍ നെയ്യു ചേര്‍ത്ത്‌ ഞെരടി കഴിക്കുന്നത്‌ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുമെന്നും ,ഭ്രാന്തും ഹിസ്റ്റീരിയയും മൂലം കാട്ടുന്ന അസ്വസ്ഥതകള്‍ കുറയാന്‍ മുരിങ്ങയില നീരു നല്ലതാണെന്നും പറഞ്ഞുതരുന്നു.

മുരിങ്ങയിലയുടെ നീര്‌ ശക്തമായൊരു ഔഷധമാണ്‌. തുണിയില്‍ അരിച്ച മുരിങ്ങയിലച്ചാര്‍ (അച്ചാറല്ല, ഇലയുടെ നീരാണേ ചാറെന്നാല്‍) ഭക്ഷണത്തിനു അരമണിക്കൂര്‍ മുന്നേ അര ഔണ്‍സ്‌ വീതം ഒരാഴ്ച്ച കുടിച്ചാല്‍ രക്താതിസമ്മര്‍ദ്ദം hypertension പമ്പകടക്കും.

2 വയസ്സുമുതല്‍ക്കുള്ള കുട്ടികള്‍ക്ക്‌ ഈ ചാറ്‌ ഉള്ളിലുള്ള പഴുപ്പുകള്‍ക്ക്‌ നല്ലതാണ്‌. ഇതിലെ കാത്സ്യവും ഇരുമ്പും വിറ്റാമിനുകളും കുഞ്ഞുങ്ങളുടെ അസ്തിവളര്‍ച്ചക്കു വലിയ ഗുണം ചെയ്യും. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഇത്‌ രക്തശുദ്ധിവര്‍ദ്ധിപ്പിക്കുന്നു.


മുരിങ്ങയില സൂപ്പ്‌ (ഇല വെള്ളത്തില്‍ തിളപ്പിച്ചു വേവിച്ച്‌ ഉപ്പും കുരുമുളകും ചേര്‍ത്തുണ്ടാക്കി വാങ്ങിയശേഷം നാരങ്ങ നീരു ചേര്‍ത്താല്‍ മാത്രം മതി) കഴിച്ചാല്‍ ശ്വാസകോശ രോഗങ്ങള്‍ക്ക്‌- ബ്രോങ്കൈറ്റിസും ആസ്ത്‌മയുമടക്കമുള്ള അസുഖങ്ങള്‍ക്കെല്ലാം- ആശ്വാസം കിട്ടും.

കാരറ്റും ചെറുവെള്ളരിക്കയും ജ്യൂസാക്കി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില നീര്‌ ചേര്‍ത്ത്‌ രാവിലേ ഭക്ഷണത്തിനു ഒരു മണിക്കൂര്‍ മുന്നേ കുടിച്ചാല്‍ മൂത്രമൊഴിക്കുമ്പോള്‍ ഉള്ള നീറ്റല്‍ (urine acidity), സ്ത്രീകളുടെ വെള്ളപോക്കിനും (leucorrhea) ഉടന്‍ ശമനം കിട്ടും.

ആഹാരവും മരുന്നും കഴിഞ്ഞു ഇനി മേക്കപ്പ്‌ ഇടാം? അസ്സല്‍ ഫേയ്സ്‌ പാക്ക്‌ ഇതാ: മുരിങ്ങയില അരച്ചു മുഖത്തു പുരട്ടിയാല്‍ -കരിക്കലം പോലെയുള്ള മുഖം കമലം പോലാകും!

മുരിങ്ങമരത്തിന്റെ മറ്റുപേരുകള്‍ . ദ്വിധനാമം moringa oleifera, ഇംഗ്ലീഷില്‍ moringa തമിഴ്‌- മുരിങ്ക , ഹിന്ദിയും തെലുങ്കും സജിന, സംസ്കൃതത്തിലെ പേരാണ്‌ പോസ്റ്റിന്റെ തലക്കെട്ട്‌. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നീ സ്ഥലങ്ങളില്‍ ധാരാളമായി വളരുന്നു. ഇംഗ്ലീഷില്‍ ഇവിടെ വിക്കാം http://en.wikipedia.org/wiki/Drumstick_Tree

(എനിക്കു മുരിങ്ങയില വലിയ ഇഷ്ടമാണെന്ന് എപ്പോഴോ കമന്റിലെഴുതിയതു വായിച്ച്‌ ഇക്കണ്ട മരുഭൂമിയെല്ലാം താണ്ടി ഈ മുരിങ്ങയിലയും കൊണ്ട്‌ ഇത്രടം വന്ന അനിലേട്ടന്‌ ഈ കുറിപ്പ്‌ സമര്‍പ്പിക്കുന്നു)


ഓ ടോ.

കിഴക്കിന്റെ നടുമ്പ്രദേശത്തെ മരുഭൂമികളില്‍ കൊടും ചൂടു തുടങ്ങി. അന്നാട്ടുകാരെല്ലാം പഴം-പച്ചക്കറികള്‍ ജ്യൂസടിച്ചു തോപ്പം തോപ്പം കുടി തുടങ്ങിക്കോ. ഇല്ലേല്‍ ചൂടു നമ്മളെക്കൊല്ലും.

(ഉഷ്ണം ഉഷ്ണേന ശാന്തി എന്നു ഡിസ്കോ ശാന്തി പറഞ്ഞിട്ടുള്ളതെനിക്കത്ര ബോദ്ധ്യമായില്ല)